ന്ത്യയിൽ എറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ. ഏറ്റവും കൂടുതൽ നികുതി കൊടുക്കുന്നതും ഇതേ നടനാണ്. പരസ്യ ചിത്രത്തിലെ അഭിനയത്തിന് ഒറ്റ ദിവസം മൂന്ന് കോടിരൂപവരെ വാങ്ങുന്ന നടൻ. തികഞ്ഞ ദേശീയവാദി, ഒന്നാന്തരം മനുഷ്യസ്നേഹി. ഈ രീതിയിലുള്ള വിശേഷണങ്ങൾക്കൊക്കെ അർഹനാണ് ബോളിവുഡ് താരമായ അക്ഷയ് കുമാർ. പക്ഷേ അദ്ദേഹത്തിന്റെ എല്ലാ വിജയങ്ങൾക്കുംമേൽ കരിനിഴൽ വീഴുത്തുന്ന ഒരു ആരോപണം ഉണ്ടായിരുന്നു. അക്ഷയ്ക്ക് ഇന്ത്യൻ പൗരത്വം ഇല്ലെന്നും അയാൾ കനേഡിയൻ പൗരനാണെന്നതും! ഈ സ്വാതന്ത്ര്യ ദിനത്തിൽ ആ തെറ്റ് പരിഹരിച്ചുകൊണ്ട് അക്ഷയ് വീണ്ടും വാർത്തകളിൽ നിറയുകയാണ്.

ഇപ്പോൾ നടൻ അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വം ലഭിച്ചിരിക്കയാണ്. നടൻ തന്നെയാണ് ഈ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 'മനസ്സും പൗരത്വവും രണ്ടും ഹിന്ദുസ്ഥാനി' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കനേഡയൻ പൗരത്വത്തിന്റെ പേരിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് അക്ഷയ് കുമാർ. 2011 ൽ തന്റെ 44 ാം വയസ്സിലാണ് അക്ഷയ് കുമാർ കനേഡിയൻ പൗരത്വം സ്വീകരിക്കുന്നത്. കുടുംബത്തിനൊപ്പം കാനഡയിൽ താമസിച്ചുവരികയായിരുന്ന താരം ആ രാജ്യത്തെ പൗരത്വം സ്വീകരിക്കുകയായിരുന്നു. സാംസ്‌കാരിക, സിനിമ രംഗത്തെ ഇന്ത്യയുമായുള്ള ബന്ധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2011 ൽ കാനഡയിൽ അധികാരത്തിലെത്തിയ കൺസർവേറ്റീസ് ഗവൺമെന്റാണ് അക്ഷയ് കുമാറിന് കനേഡിയൻ പൗരത്വം സമ്മാനിച്ചത്. കനേഡിയൻ പൗരത്വം സ്വീകരിച്ചതോടെ അക്ഷയ് കുമാരിന്റെ ഇന്ത്യൻ പൗരത്വവും നഷ്ടമാകുകയായിരുന്നു. 12 വർഷങ്ങൾക്കു ശേഷമാണ് അദ്ദേഹത്തിന് ഇന്ത്യൻ പൗരത്വം വീണ്ടും ലഭിക്കുന്നത്.

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ട സമയത്താണ് അക്ഷയ് കുമാർ കാനഡയ്ക്കു പോകുന്നതും കനേഡിയൻ പൗരത്വത്തിന് അപേക്ഷിക്കുന്നതും. കഴിഞ്ഞ വർഷം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കനേഡിയൻ പൗരത്വം റദ്ദാക്കാനുള്ള അപേക്ഷ നൽകിയതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 2019ൽ ഇന്ത്യൻ പൗരത്വത്തിനായി നടൻ അപേക്ഷിച്ചിരുന്നുവെങ്കിലും കോവിഡ് സാഹചര്യങ്ങൾ കാരണം നടപടികൾ നീണ്ടുപോയി.

''ഇന്ത്യയാണ് എനിക്ക് എല്ലാം. ഞാൻ സമ്പാദിച്ചതെല്ലാം ഇവിടെ നിന്നാണ്. തിരികെ നൽകാനുള്ള അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. ആളുകൾ ഒന്നും അറിയാതെ കാര്യങ്ങൾ പറയുമ്പോൾ വിഷമം തോന്നും. 1990-കളിൽ കരിയർ മോശം അവസ്ഥയിലൂടെയാണ് പോയത്. 15 ഓളം സിനിമകളാണ് ആ കാലയളവിൽ തിയറ്ററുകളിൽ പരാജയം നേരിട്ടത്.''അക്ഷയ് കുമാർ ഒരഭിമുഖത്തിൽ പറഞ്ഞു.

സിനിമകളുടെ മോശം ബോക്‌സ് ഓഫിസ് പ്രകടനമാണ് കനേഡിയൻ പൗരത്വത്തിനായി അപേക്ഷിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ''എന്റെ സിനിമകൾ വർക്ക് ചെയ്യുന്നില്ല, എന്തെങ്കിലുമൊന്ന് വർക്ക് ചെയ്യണമല്ലോ എന്ന് ഞാൻ കരുതി. പലരും വിദേശത്ത് ജോലി തേടി പോകുന്നുണ്ട്. അങ്ങനെ ജോലിക്കായി കാനഡയിൽ പോകാൻ തീരുമാനിച്ചു. എന്റെ സുഹൃത്ത് കാനഡയിലാണ്. അങ്ങനെ ഞാൻ കാനഡയിലേക്ക് പോകുകയായിരുന്നു.

പിന്നാലെ എന്റെ രണ്ട് ചിത്രങ്ങൾ സൂപ്പർഹിറ്റായി. എന്റെ സുഹൃത്ത് പറഞ്ഞു, ''തിരിച്ചു പോകൂ, വീണ്ടും ജോലി ആരംഭിക്കൂ'' എന്ന്. എനിക്ക് കുറച്ച് സിനിമകൾ ലഭിച്ചു. അപ്പോൾ കനേഡിയൻ പാസ്പോർട്ട് ഉണ്ടെന്ന കാര്യം പോലും ഞാൻ മറന്നു. ഈ പാസ്പോർട്ട് മാറ്റണമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല.'' അക്ഷയ് കുമാർ പറഞ്ഞു. നിലവിലെ ഇന്ത്യൻ നിയമ പ്രകാരം ഇരട്ട പൗരത്വം അനുവദിക്കില്ല. അതിനാൽ മറ്റൊരു രാജ്യത്ത് പൗരത്വം കിട്ടിയാൽ ഇന്ത്യൻ പൗരത്വം റദ്ദാവും. എന്നാൽ ഇപ്പോൾ വിമർശകരുടെ വായടപ്പിച്ചുകൊണ്ട് അക്ഷയ് കനേഡിയൻ പൗരത്വം റദ്ദാക്കിയിരിക്കയാണ്.

അസാധാരണമായ ഒരു ജീവിതവുമാണ് അക്ഷയ് കുമാറിന്റെത്്. ഹോട്ടലിൽ വെയിറ്ററായിവരെ ജോലിചെയ്താണ് അദ്ദേഹം ഈ താര സിംഹാസനത്തിലേക്ക് എത്തിപ്പെട്ടത്.

ഹോട്ടൽ വെയിറ്ററിൽനിന്ന് നടനിലേക്ക്

രാജീവ് ഹരി ഓം ഭാട്ടിയ എന്ന പേരിൽ പഞ്ചാബിലെ ഒരു ചെറിയ ഗ്രാമത്തിൽ 1967 സെപ്റ്റമ്പർ 9നാണ് അക്ഷയ് ജനിച്ചത്. അദേഹത്തിന്റെ പിതാവ് ഒരുെൈ സനിക ഉദ്യോഗസ്ഥനായിരുന്നു. പക്ഷേ പിതാവിന്റെ പട്ടാളച്ചിട്ടയൊന്നും മകന്റെ എടുത്ത് ചെലവായില്ല എന്ന് മാത്രം. പഠനത്തിൽ താൽപ്പര്യമില്ലാതിരുന്ന ഈ പയ്യൻ് ചെറുപ്പത്തിലേ മാർഷ്യൽ ആർടസിലായിരുന്നു താൽപ്പര്യം. അയൽപക്കത്തുള്ള ഒരു പെൺകുട്ടിയെ ഇംപ്രസ് ചെയ്യിക്കാനാണ് താൻ കരാട്ടെ അടക്കം പഠിച്ചതെന്ന് ഒരു അഭിമുഖത്തിൽ അക്ഷയ് പറഞ്ഞിരുന്നു. പക്ഷേ ആ പ്രണയം തകർന്നത് വലിയ വേദനയായി.

ചെറുപ്പ കാലത്തിലേ നൃത്തത്തിലും വളരെയധികം താൽപ്പര്യമുള്ള ഒരു വ്യക്തിയായിരുന്നു അക്ഷയ്. ഡൽഹിയിൽ ജനിച്ച അക്ഷയ് തന്റെ കുടുംബത്തോടൊപ്പം മുംബൈയിലേക്ക് താമസം മാറി. മുംബൈയിൽ കോലിവാല എന്ന പഞ്ചാബികൾ താമസിക്കുന്ന സ്ഥലത്തായിരുന്നു ഇവർ താമസിച്ചിരുന്നത്.

മകന് പഠനത്തിൽ വലിയ താൽപ്പര്യം ഇല്ല എന്നുവന്നതോടെ അവന്റെ ആഗ്രഹപ്രകാരം മാർഷ്യൽ ആർട്സ് പഠിച്ചോട്ടെ എന്നായി പിതാവ്. അങ്ങനെയാണ് അക്ഷയ് ചെറുപ്രായത്തിൽ തന്നെ തായ്ലൻഡിൽ എത്തുന്നത്. ബാങ്കോക്കിൽ 5 വർഷമാണ് അയാൾ തായ്ബോക്സിങ് പഠിച്ചത്. ജപ്പാനിലെ പ്രശസ്തമായ സിക്ത്ത് ഗ്രേഡ് കരാട്ടെ ബ്ലാക്ക് ബെൽറ്റും നേടി. ഈ സമയം ഉപജീവനത്തിനായി അദ്ദേഹം പലതരം ജോലികൾ ചെയ്തുകൊണ്ടിരുന്നു. വെയിറ്ററായി പല ഹോട്ടലുകളിലും ജോലി ചെയ്ത കഥ അക്ഷയ് തന്നെ പറഞ്ഞിട്ടുണ്ട്.

നാട്ടിലെത്തിയ അദ്ദേഹം മാർഷ്യൽ ആർടസ് അദ്ധ്യാപകന്റെ തടക്കമുള്ള വിവിധ ജോലികൾ നോക്കി. തന്റെടത്തു കരാട്ടെ പഠിക്കാൻ വന്ന ഒരു കുട്ടിയുടെ പിതാവാണ് മോഡലിങ്ങിലേക്ക് ക്ഷണിക്കുന്നത്. അത് നല്ല കാശുണ്ടാക്കൻ പറ്റിയ മേഖലയാണെന്ന് കണ്ട് താൻ അത് തൊഴിലായി എടുക്കാമെന്ന് തീരുമാനിക്കയായിരുന്നു എന്നാണ് അക്ഷയ് പകുതി തമാശയായി പിന്നീട് പറഞ്ഞത്.

പിന്നെ മോഡൽ എന്ന നിലിയിൽ പേരെടുക്കാനായിരുന്നു ശ്രമം. പക്ഷേ എവിടെയും അവസരം കിട്ടിയില്ല. ബാംഗ്ലൂരിൽ ഒരു ആഡ് ഷൂട്ടിങിന് ആറ്റുനോറ്റ് അവസരം കിട്ടിയപ്പോൾ ഫ്ളൈറ്റ് മിസ്സായി അതും നഷ്ടമായി. തന്റെ ഒരു പോർട്ട്ഫോളിയോ ഉണ്ടാക്കാനായി രണ്ടുവർഷമാണ് അയാൾ ഒരു ഫോട്ടോഗ്രാഫർക്ക് പിന്നാലെ നടത്തത്. എന്നിട്ടും അവസരം കിട്ടിയില്ല.

ഖിലാഡിയോം കാ ഖിലാഡി!

പക്ഷേ ഒടുവിൽ അയാളുടെ മാവും പൂത്തു. ദീദർ എന്ന ചിത്രത്തിൽ നായകനായി അരേങ്ങറ്റം. പക്ഷേ ചിത്രം ആവറേജിൽ ഒതുങ്ങി. പിന്നെയും കാത്തിരുപ്പ്്. ചെറിയ ചെറിയ റോളുകൾ മാത്രമാണ് കിട്ടിയത്. അതും ആക്ഷൻ വേഷങ്ങൾ. അങ്ങനെ പത്തുവർഷം കഴിഞ്ഞു. ഈ സമയത്താണ് കാനഡയിലേക്ക് കുടിയേറിയാലോ എന്നൊക്കെ ആലോചിച്ചത് എന്ന് അക്ഷയ് പിന്നീട് പറയുന്നുണ്ട്. അങ്ങനെയിരിക്കെ വീണ്ടും ഒരു സിനിമയിൽ വീണ്ടും നായകനായി. അത് സൂപ്പർ ഹിറ്റായി. അതാണ് 92ൽ ഇറങ്ങിയ ഖിലാഡി. ആ പേര് പിന്നെ അക്ഷയിന്റെ കുടെപ്പിറപ്പായി. ഡ്യൂപ്പില്ലാതെ തീപാറുന്ന ആക്ഷൻ ചെയ്യുന്ന ആ നടൻ വളെര പെട്ടുന്ന് തരംഗമായി. പിന്നെ കില്ലാഡ് സീരീസ് എഴൂസിനിമകൾ ചെയ്തു. എല്ലാം വമ്പൻ ഹിറ്റുകൾ. ഈ സിനിമകളുടെ വിജയത്തിന് ശേഷമാണ് അക്ഷയ്ക്ക് 'ഖിലാഡി കുമാർ' എന്ന പേര് ലഭിച്ചത്. പിന്നീട് ഹാസ്യരംഗങ്ങളിലും അദ്ദേഹം തിളങ്ങി.

മെം ഖിലാഡി തൂ അനാഡി, മോഹറ, സബ്സെ ബഡാ ഖിലാഡി, ഖിലാഡിയൊം ക ഖിലാഡി, ദിൽ തൊ പാഗൽ ഹെ, മി. അന്റ് മിസ്സിസ്സ് ഖിലാഡി, ജാൻവർ, സംഘർഷ് തുടങ്ങിയ ചിത്രങ്ങൾ തുടർച്ചയായി ഹിറ്റായതോടെ 90കളുടെ അവസാനം എത്തുമ്പോഴേക്കും അക്ഷയ് സൂപ്പർ സ്റ്റാറായി മാറി.പിന്നീട് എയർലിഫ്റ്റ്, റുസ്തം എന്നീ സിനിമകൾക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടി. മികച്ച കൊമേഡിയനും വില്ലനുമുള്ള അവാർഡുകൾ അദ്ദേഹത്തെ തേടിതെത്തിയിട്ടുണ്ട്.

തന്റെ സിനിമാ ജീവിതത്തിനിടക്ക് അക്ഷയ് ബോളിവുഡിലെ പല നടിമാരുമായി പ്രേമബന്ധത്തിലാവുകയും ചെയ്തിരുന്നു. രവീണ ടണ്ടൻ, രേഖ, ശില്പ ഷെട്ടി എന്നിവർ അവരിൽ ചിലരാണ്. ഒടുവിൽ ബോളിവുഡിലെ തന്നെ പ്രമുഖ നടൻ രാജേഷ് ഖന്നയുടെയും ഡിമ്പിൾ കബാഡിയയുടെയും മകളായ ട്വിംകിൾ ഖന്നയെ 2001 ജനുവരി 17 ന് വിവാഹം കഴിച്ചു. ആരവ്, നിതാര എന്നീ രണ്ടുകുട്ടികൾ ഉണ്ട് ഇവർക്ക്.

55-ാം വയസ്സിലും, ബോളിവുഡിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ എ-ലിസ്റ്റ് നടന്മാരിൽ ഒരാളാണ് അദ്ദേഹം. നിലവിൽ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനും ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നാലാമത്തെ നടനുമാണ്. 300 ദശലക്ഷം ഡോളർ ആസ്തിയുള്ള ഏറ്റവും കൂടുതൽ വരുമാനം നേടിയ നടന്മാരിൽ ഒരാളാണ് അദ്ദേഹം.

വിവിധ രാജ്യാന്തര പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. വിൻഡ്‌സർ സർവ്വകലാശാലയുടെ സിനിമയിലെ നേട്ടങ്ങൾക്ക് നിയമത്തിന്റെ ഓണററി ഡോക്ടറേറ്റും ലഭിച്ചു. 2008-ൽ പീപ്പിൾസ് മാഗസിൻ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും സെക്സിയായ പുരുഷനായി അദ്ദേഹത്തെ തിരഞ്ഞെടുത്തു.

വളർത്തിയത് പ്രിയദർശനും

അക്ഷൻ ഹീറോയിൽ മാത്രം ഒതുങ്ങുന്ന അക്ഷയ്കുമാറിൻെ കോമഡിയും വഴങ്ങുന്ന രീതിയിലേക്ക് മാറ്റി ഇന്ന് കാണുന്ന മെഗാതാരമാക്കി മാറ്റിയതിൽ നമ്മുടെ സംവിധായകൻ പ്രിയദർശനം അഭിമാനിക്കാം. പ്രിയദർശൻ മോഹൻലാലിനെ വെച്ച് എടുത്ത കിലുക്കും, വന്ദനം, വെള്ളാനകളുടെ നാട്, താളവട്ടം തുടങ്ങിയ ഒട്ടനവധി റീമേക്കുകളിലും ആ വേഷം ചെയ്തത് അക്ഷയ് ആയിരുന്നു. അത് അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നുമുണ്ട്. 'മലയാളത്തിൽ മോഹലാലിനെവെച്ച് പ്രിയദർശൻ ചെയ്ത മാജിക്ക് ഹിന്ദിയിൽ അദ്ദേഹം എന്നെ വെച്ച് ചെയ്തു'- അക്ഷയ് ഒരു അഭിമുഖത്തിൽ പറയുന്നു.

പ്രിയദർശന്റെ സംവിധാനത്തിൽ 2007ൽ പുറത്തെത്തിയ 'ഭൂൽ ഭുലയ്യ'യായിരുന്നു മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക്. ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം കാഴ്‌ച്ചവെച്ച ചിത്രത്തിൽ മോഹൻലാലിന്റെ 'ഡോ. സണ്ണി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അക്ഷയ് കുമാർ ആയിരുന്നു. മോഹൻലാലിനും അക്ഷയ് കുമാറും തമ്മിൽ നിരവധി സാദൃശ്യങ്ങൾ ഉണ്ടെന്നാണ് പ്രിയദർശൻ പറയുന്നത്. രണ്ടു പേരുടേയും അഭിനയ രീതികളിലെ സാമ്യതകളെക്കുറിച്ചെല്ലാം പ്രിയദർശൻ പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട്. 'ഒപ്പം' എന്ന ചിത്രം ഹിന്ദിയിൽ ഒരുക്കുകയാണെങ്കിൽ മോഹൻലാൽ അഭിനയിച്ച വേഷം കൈകാര്യം ചെയ്യുക അക്ഷയ് കുമാറായിരിക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഒമ്പതോളം മലയാളം ചിത്രങ്ങളുടെ ഹിന്ദി റീമേക്കുകളിൽ അക്ഷയ് കുമാർ നായകനായി എത്തിയിട്ടുണ്ട്. മലയാളത്തിൽ മോഹൻലാലോ മുകേഷോ ചെയ്ത വേഷങ്ങളാണ് ഹിന്ദിയിൽ മിക്കവാറും അക്ഷയ് കുമാർ ചെയ്യാറുള്ളത്. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ 1989ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം 'റാംജി റാവു സ്പീക്കിങ്ങി'ന്റെ ഹിന്ദി റീമേക്കായ 'ഹേരാ ഫേ'രിയിൽ അക്ഷയ് കുമാർ അവതരിപ്പിച്ചത് മുകേഷിന്റെ കഥാപാത്രമായിരുന്നു. പിന്നീട് 1990ൽ പുറത്തിറങ്ങിയ 'തൂവൽസ്പർശം' എന്ന ചിത്രം ഹിന്ദിയിൽ മൊഴിമാറ്റം ചെയ്തപ്പോഴും അക്ഷയ്കുമാർ ഉണ്ടായിരുന്നു.

മുകേഷ് മുഖ്യവേഷത്തിലെത്തിയ 'മാട്ടുപ്പെട്ടി മച്ചാൻ' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിലും അക്ഷയ് കുമാർ തന്നെയായിരുന്നു നായകൻ. പിന്നീട് മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'വെള്ളാനകളുടെ നാട്' എന്ന ചിത്രം 'ഖട്ടാ മീത്താ' എന്ന പേരിൽ ഹിന്ദിയിൽ പുറത്തിറങ്ങിയപ്പോൾ മോഹൻലാലിന്റെ കഥാപാത്രത്തെ കൈകാര്യം ചെയ്തത് അക്ഷയ് കുമാറായിരുന്നു. ഈ ചിത്രം തൃഷയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായിരുന്നു.

കേരളവും മലയാളവും മലയാള സിനിമയും പ്രേക്ഷകരുമൊക്കെയായി ഒട്ടും ചെറുതല്ലാത്ത ബന്ധമാണ് അക്ഷയ്കുമാറിനുള്ളത്. പ്രളയത്തിൽ വലയുന്ന സംസ്ഥാനത്തിന് താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംവിധായകൻ പ്രിയദർശൻ വഴി സംഭാവന നൽകിയതാണ് കേരളവുമായി ബന്ധപ്പെട്ടു ഏറ്റവുമടുത്ത് അദ്ദേഹം ചെയ്ത കാര്യം.

കഴിഞ്ഞ 25 വർഷമായി മുടങ്ങാതെ ആയുർവേദ ചികിത്സയ്ക്കായി കേരളത്തിൽ എത്താറുണ്ട് താരം. സ്വർഗീയമായ അനുഭവം എന്നാണ് കേരളത്തിലെ ആയുർവേദ ചികിത്സയെ അക്ഷയ് വിശേഷിപ്പിച്ചിട്ടുള്ളത്. തീർന്നില്ല അക്ഷയ് കുമാറിന്റെ കേരള ബന്ധം. മലയാള സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും, മലയാളത്തിന്റെ പ്രിയപ്പെട്ട ചിത്രങ്ങളുമായി അദ്ദേഹത്തിന് അടുപ്പമുണ്ട്.

366 കോടി പ്രതിഫലം വാങ്ങി റേക്കോർഡ്

ഇന്ന് ഇന്ത്യയുടെ എറ്റവും വലിയ ഫാഷൻ ബ്രാൻഡുമാണ് അക്ഷയ്. നിലവിൽ ഇന്ത്യയിൽ 30-ലധികം ബ്രാൻഡുകൾക്ക് അദ്ദേഹം പരസ്യം ചെയ്യുന്നു. ഒരു ദിവസത്തെ ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റ് ഷൂട്ടിന് 2-3 കോടിയിലധികം അദ്ദേഹം ഈടാക്കുന്നു. ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്ക് മാത്രമാണ് ഇന്ത്യയിൽ ഇപ്പോൾ ഇതുപോലെ പരസ്യമാർക്കറ്റ് ഉള്ളത്.

366 കോടി രൂപ ഒരു വർഷം പ്രതിഫലം വാങ്ങി സർവകലാ റെക്കോർഡിട്ട ഒരു നടൻ ഉണ്ട് ഇന്ത്യയിൽ. രജനീകാന്ത്, കമൽഹാസൻ, ഷാരൂഖ്ഖാൻ, ആമിർഖാൻ, സൽമാൻഖാൻ, ഋതിക്‌റോഷൻ, അഭിഷേക് ബച്ചൻ തുടങ്ങി നിരവധി പേരുകൾ ആയിരിക്കും ഒറ്റയടിക്ക് ഈ സ്ഥാനത്തിനായി സനിമാപ്രേമികളുടെ മനസ്സിലൂടെ കടന്നുപോവുക. പക്ഷേ അത് ഇവർ ആരുമല്ല.അത് അക്ഷയ്കുമാറാണ്. ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിൽ ഇടം നേടിയിരിക്കയാണ് ഈ ബോളിവുഡ് നടൻ. 2020-ൽ ഫോബ്സ് മാസിക പുറത്തിറക്കിയ പട്ടികയിലെ ഏക ഭാരതീയനും അക്ഷയ് കുമാറാണ്. നൂറു പേരുടെ പട്ടികയിൽ 52-ാം സ്ഥാനത്താണ് നടൻ. 366 കോടിയാണ് നടന്റെ പ്രതിഫലം.

ടിവി താരം കൈലി ജെന്നർ ആണ്പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 4461 കോടിയാണ് കൈലിയുടെ പ്രതിഫലം. സോഷ്യൽ മീഡിയയിലും വളരെയധികം ഫോളോവേഴ്സ് ഉള്ള താരമാണ് കൈലി. ടെന്നീസ് താരം റോജർ ഫെഡറർ ആണ് മൂന്നാം സ്ഥാനത്ത്. ഫുട്ബോൾ താരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്. ആമസോൺ ലൈവ് സ്ട്രീമിങ്ങിലൂടെയാണ് അക്ഷയ് കോടികൾ വാരുന്നത്.ഇന്ന് ചൈനയിലും മലേഷ്യയിലും റഷ്യയിലുമൊക്കെയായി ലോകമെമ്പാടും ആരാധകർ ഉള്ള താരമാണ് അക്ഷയ്. ആ അന്താരാഷ്ട്ര വിപണിമൂല്യം അദ്ദേഹത്തിന് ഓവർസീസ് റൈറ്റായി ലഭിക്കുന്നുണ്ട്. അതും കൂട്ടുമ്പോഴാണ് ഒരു ഇന്ത്യൻ താരത്തിന് ലഭിക്കാത്ത സ്വപ്നതുല്യമായ പ്രതിഫലം അദ്ദേഹത്തിന് കിട്ടുന്നത്. പക്ഷേ യാതൊരു അഹങ്കാരവുമില്ലാത്ത തികഞ്ഞ മനുഷ്യസ്‌നേഹിയാണ് അക്ഷയ്. ഈ കോവിഡ് അടക്കമുള്ള എത് ദുരിതകാലത്തും രാജ്യത്തെ കൈയയച്ച് സഹായിക്കാൻ അദ്ദേഹത്തിന് മടിയില്ല.

നിരവധി പേർക്ക് മാതൃകയാണ് അക്ഷയ് കുമാർ. ഫിറ്റ്നസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പുലർത്താറില്ല. ഈ 55ാം വയസ്സിലും തന്റെ പ്രായത്തിലുള്ള മിക്ക നടന്മാരേക്കാളും ഫിറ്റാണ്. നേരത്തെ എഴുന്നേറ്റ് വ്യായാമം ചെയ്യും. മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യില്ല. അതിസാഹസിക രംഗങ്ങളിൽ ഒഴികെ ഡ്യൂപ്പിനെ ഉപയോഗിക്കാറില്ല.പലപ്പോഴും വൈകിയുള്ള പാർട്ടികൾ ഒഴിവാക്കുന്ന ഏക ബോ്ളിവുഡ് നടനാണ് അക്ഷയ്. രാജ്യത്ത് ഏറ്റവും കൂടുതൽ നികുതി അടക്കുന്ന നടൻ കൂടിയാണ് അദ്ദേഹം.

മോദി ഫാൻ, കറകളഞ്ഞ ദേശീയവാദി

താൻ മോദിയുടെ വികസന നയത്തിന്റെ ആരാധകർ ആണെന്നും, തികഞ്ഞ ദേശീയവാദിയാണെന്നും അക്ഷയ് തുറന്ന് സമ്മതിക്കുന്നുണ്ട്. എന്നാൽ അദ്ദേഹം ഒരിക്കലും വർഗീയതയുടേയോ വെറുപ്പിന്റെയോ രാഷ്ട്രീയത്തിന്റെ വക്താവുമല്ല. മോദിയുടെ വികസനനയത്തോടും കഠിനാധ്വാനത്തോടുമാണ് തനിക്ക് യോജിപ്പെന്ന് ഈയിടെയും ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്.

അഭിമുഖം കൊടുക്കുന്നതിൽ അങ്ങേയറ്റം പിശുക്കനായ മോദി, 2019ൽ അക്ഷയ് കുമാറിന് മുന്നിൽ അഭിമുഖത്തിന് ഇരുന്നുകൊടുത്തതും വലിയ വാർത്തയായി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാൺ മാർഗിൽ വച്ചാണ് അഭിമുഖം നടന്നത്. രാഷ്ട്രീയം സംസാരിക്കാത്ത അഭിമുഖമാണ് മോദിയുമായി നടത്തിയത്. മോദി യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെ കണ്ടപ്പോൾ, ഇരു നേതാക്കളും തമ്മിലുള്ള സംഭാഷണത്തിലെ ആദ്യ വിഷയങ്ങളിലൊന്ന് ഉറക്ക രീതിയായിരുന്നു. എന്തുകൊണ്ടാണ് നിങ്ങൾ ഇത്ര കുറച്ച് മണിക്കൂറുകൾ മാത്രം ഉറങ്ങുന്നത്, എന്ന് ഒബാമ ചോദിച്ചിരുന്നുവെന്നൊക്കെ ഈ അഭിമുഖത്തിൽ മോദി പറഞ്ഞിരുന്നു.

ഈ അഭിമുഖം പുറത്തുവന്നതോടെ, നടൻ ബിജെപിയിൽ ചേരുമെന്നും, തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പ്രചാരണം വന്നിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നില്ലെന്ന് പിന്നീട് താരം തന്നെ ട്വീറ്റ് ചെയ്തിരുന്നു. ദേശീയത പ്രോത്സാഹിപ്പിക്കുന്ന സിനിമകളിലൂടെ ഈയടുത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്ത്രീകൾക്ക് സാനിറ്ററി പാഡുകൾ നിർമ്മിച്ച തമിഴ്‌നാട് സ്വദേശിയുടെ കഥ പറഞ്ഞ പാഡ്മാൻ, ശൗചാലയങ്ങളുടെ നിർമ്മാണത്തിന് പ്രോത്സാഹനം നൽകുന്ന ടോയ്ലറ്റ് ഏക് പ്രം കഥ എന്ന സിനിമയിലും അക്ഷയ് അഭിനയിച്ചിരുന്നു. ബേബി, എയർലിഫ്റ്റ്, ഗോൾഡ് തുടങ്ങി നിരവധി ദേശസ്‌നേഹ സിനിമകളും ഇതോടൊപ്പമുണ്ട്.

ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുകയും പ്രവർത്തിക്കുകയും ചെയ്യുന്നയാളാണ് അക്ഷയ്. പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്മാരുടെ ആശ്രിതർക്കായി അദ്ദേഹം 5 കോടി രൂപ നൽകിയിരുന്നു.

തല്ലുകയോ തുപ്പുകയോ ചെയ്യുന്നവർക്ക് 10ലക്ഷം

സംഘപരിവാർ സഹായാത്രികനാണെന്ന് നിരന്തരം വിമർശിക്കപ്പെടുമ്പോഴും പലപ്പോഴും തീവ്ര ഹിന്ദുത്വ സംഘടനകളുടെ നിശിത വിമർശനങ്ങൾക്കും അക്ഷയ് പാത്രമായിട്ടുണ്ട്. നേരത്തെ പ്രഥീരാജ് ചൗഹാൻ എന്ന അദ്ദേഹത്തിന്റെ സിനിമയും ഏറെ വിവാമായിരുന്നു. അതിനുനേരെയും ചില പരിവാർ സംഘടനകളും ജാതി സംഘടനകളും വാളെടുത്തിരുന്നു. ഏറ്റവും ഒടുവിലായി, അക്ഷയ് കുമാറിനെ തല്ലുകയോ അദ്ദേഹത്തിന്റെ മേൽ തുപ്പുകയോ ചെയ്യുന്നവർക്ക് 10 ലക്ഷം രൂപ സമ്മാന പ്രഖ്യാപിച്ചിരിക്കയാണ്, ആഗ്രയിലെ രാഷ്ട്രീയ ഹിന്ദു പരിഷത്ത് എന്ന സംഘടന. അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമായ 'ഓ മൈ ഗോഡ്-2' ഹൈന്ദവവിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ആഹ്വാനം.

രാഷ്ട്രീയ ബജ്റംഗ് ദൾ നേതാവ് ഗോവിന്ദ് പരാസർ താരത്തിനെതിരെ പരസ്യ ആഹ്വാനവുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം അക്ഷയ്കുമാറിന്റെ കോലവും സിനിമയുടെ പോസ്റ്ററുകളും കത്തിച്ചു. ചിത്രം നിരോധിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധമുയർത്തുമെന്നുമാണ് ഗോവിന്ദ് പരാസറിന്റെ ഭീഷണി. രാജ്യത്തെ വിവിധ നഗരങ്ങളിൽ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ ചിത്രത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ആത്മീയ നേതാവ് സാധ്വി ഋതംബര ചിത്രത്തിനെതിരെ നേരത്തേ തന്നെ പ്രതിഷേധവുമായി എത്തിയിരുന്നു. ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിലെ പൂജാരിമാരും ക്ഷേത്ര പരിസരത്തു സ്ഥാപിച്ച സിനിമയുടെ പോസ്റ്ററുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.

2012ൽ പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെയും പരേഷ് റാവലിന്റെയും ചിത്രമായ 'ഓ മൈ ഗോഡ്'ന്റെ തുടർച്ചയാണ് 'ഓ മൈ ഗോഡ് 2'. ആക്ഷേപ ഹാസ്യ വിഭാഗത്തിലുള്ളതാണ് സിനിമ. ശിവന്റെ പ്രതിനിധിയായാണ് അക്ഷയ് കുമാർ സിനിമയിൽ എത്തുന്നത്. സെക്സ് എഡ്യൂക്കേഷനെ കുറിച്ചാണ് സിനിമയിൽ സംസാരിക്കുന്നത്. സെൻസർ ബോർഡുമായുള്ള കടുത്ത പോരാട്ടത്തിന് ശേഷമാണ് ചിത്രം തീയേറ്ററിലെത്തിയത്. ടീസർ റിലീസ് ചെയ്തത് മുതൽ ചിത്രത്തെ കുറിച്ച് വിവാദങ്ങൾ ഉയർന്നിരുന്നു. സിനിമയിലെ ഇരുപതോളം രംഗങ്ങൾ കട്ട് ചെയ്യണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. സെക്‌സ് എഡ്യൂക്കേഷനും മതവും കൈകാര്യം ചെയ്യുന്ന സിനിമ മത വികാരങ്ങളെ വ്രണപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിർദ്ദേശം. ഒടുവിൽ സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു.

ചിത്രത്തിലെ അക്ഷയ് കുമാറിന്റെ കഥാപാത്രത്തിന്റെ പേര് തന്നെ സെൻസർ ബോർഡിന്റെ നിർദ്ദേശ പ്രകാരം മാറ്റിയിരുന്നു. ശിവന്റെ അവതാരമായാണ് അക്ഷയ് കുമാറിനെ ആദ്യം ചിത്രത്തിൽ അവതരിപ്പിച്ചത് . ഇപ്പോൾ ശിവൻ മാറ്റി മെസെഞ്ചർ ഓഫ് ഗോഡ് എന്ന പേരാണ് നൽകിയിരിക്കുന്നത്. ശിവന്റെ പ്രതിരൂപമായി എത്തുന്ന അക്ഷയ് കുമാർ ചിത്രത്തിൽ മദ്യപിക്കുന്ന രംഗങ്ങളും ഉണ്ട്. ലൈംഗിക വിദ്യാഭ്യാസത്തെയും സ്വയംഭോഗത്തെയും പറ്റി പരാമർശിക്കുന്ന ചിത്രത്തിൽ നിന്നും നിരവധി ദൃശ്യങ്ങളാണ് കട്ട് ചെയ്യേണ്ടി വന്നത്. മതവികാരം വ്രണപ്പെടുത്തുന്നതായി ആരോപണം ഉയർന്ന് എല്ലാ ദൃശ്യങ്ങളും സിനിമയിൽ നിന്ന് ഒഴിവാക്കാൻ സെൻസർബോർഡ് ആവശ്യപ്പെടുകയായിരുന്നു. മദ്യത്തെക്കുറിച്ചുള്ള പരാമർശങ്ങളും വെട്ടിമാറ്റി. ഒരു പരസ്യബോർഡിൽ നിന്ന് കോണ്ടത്തിന്റെ പോസ്റ്റർ നീക്കം ചെയ്തു.

സംഭാഷണങ്ങളിലെ ശിവലിംഗം, ഭഗവദ്ഗീത, ഉപനിഷത്ത്, അഥർവവേദം, ദ്രൗപദി, പാണ്ഡവൻ, കൃഷ്ണൻ എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കം ചെയ്തു. ആദ്യം ഉജ്ജയിനി കേന്ദ്രീകരിച്ച് ആരംഭിച്ച ചിത്രം ഇപ്പോൾ ഒരു സാങ്കൽപ്പിക സ്ഥലത്താണ് ഒരുക്കിയിരിക്കുന്നത്. മൊത്തത്തിൽ സിനിമയുടെ 13 മിനിറ്റ് ദൈർഘ്യമുള്ള രംഗങ്ങളാണ് സെൻസർ ബോർഡ് വെട്ടി മാറ്റിയത്. രണ്ട് മണിക്കൂറും മുപ്പത്തിയാറു മിനിറ്റുമാണ് ഇപ്പോൾ ചിത്രത്തിന്റെ ദൈർഘ്യം.

പക്ഷേ ഈ വിവാദങ്ങളൊന്നും സിനിമയുടെ കളക്ഷനെ ബാധിച്ചിട്ടില്ല. ആദ്യ ദിനത്തിൽ 10 കോടി നേടിയ ചിത്രം രണ്ടാം ദിവസം കളക്ഷൻ 14.5 കോടിയായി ഉയർത്തി. രണ്ട് ദിവസം കൊണ്ട് 24.76 കോടി രൂപയാണ് ചിത്രം ആകെ നേടിയത്. മതവും ദൈവങ്ങളും വിശ്വാസവുമൊക്കെ വിമർശന വിധേയമാണ് എന്നതിന്റെ തെളിവാണ് ചിത്രത്തിന്റെ വിജയം കാണിക്കുന്നതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അക്ഷയ്കുമാർ ആവട്ടെ ആവിഷ്‌ക്കാര സ്വതന്ത്ര്യത്തെ മതവുമായി കൂട്ടിക്കെട്ടരുത് എന്ന് നിരന്തരമായി ആവശ്യപ്പെടുന്ന നടനുമാണ്. ഇടതു പ്രൊഫൈലുകൾ നിരന്തരം സംഘിയെന്ന് വിളിച്ച് ആക്ഷേപിക്കുന്ന ഒരു നടനാണ് ഇതുപോലെ ഒരു ചിത്രം ചെയ്യുന്നത് എന്നോർക്കണം. ഇപ്പോഴിതാ പൗരത്വം തിരിച്ചുപിടിച്ചതിലൂടെ തന്റെ നേർക്ക് വന്ന നിരവധി വിമർശനങ്ങളെയും ഒറ്റയടിക്ക് മറികടക്കാൻ താരത്തിനായി.

വാൽക്കഷ്ണം: നമ്മുടെ നടന്മാരെപ്പോലെ അല്ല, രാജ്യത്തിന് നികുതി കൊടുക്കുന്ന കാര്യത്തിലും അക്ഷയ്കുമാർ മുന്നിലാണ്. നേരത്തെ രജനീകാന്തിനെയും അക്ഷയ്കുമാറിനെയും ആദരിച്ച് ആദായ നികുതി വകുപ്പ് രംഗത്തുവന്നിരുന്നു. കൃത്യമായി നികുതിയടക്കുന്നതിലൂടെ, രാഷ്ട്രനിർമ്മാണത്തിന് നൽകിയ സംഭാവനകൾ മാനിച്ചാണ് ആദരം. ഇന്ത്യയിലെ ഏറ്റവും ഉയർന്ന നികുതിദായകനായ അക്ഷയ് കുമാറിന് 'സമ്മാൻപത്ര'യും നൽകിയിരുന്നു.