പാരീസിലെ  ഒരു അപ്പാർട്ട്മെന്റിൽ ഭാര്യക്കൊപ്പം താമസിക്കുന്ന ഒരു വയോധികൻ. രാവിലെ അയാൾ അൽപ്പം നടക്കും, ടെന്നീസ് കളിക്കും. പിന്നെ ചിത്രംവരയും, പിയാനോ വായനയുമാണ്. ആർക്കും ഒരു ശല്യത്തിനും പോവാതെ ശാന്തമായി ജീവിക്കുന്ന ഈ മനുഷ്യനാണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ. ഇന്നും ആഗോള ഫാഷൻ ബ്രാൻഡുകളെ നിയന്ത്രിക്കുന്നത്, വിവാദങ്ങളിൽ വീഴാത്ത, മിതഭാഷിയായ, മോട്ടിവേഷൻ തള്ളുകളില്ലാത്ത ഈ 74കാരനാണ്. മലയാളിയുടെ പതിവായ ഏജ് ഷെയിമിങ്ങ് ഭാഷയിൽ പറഞ്ഞാൽ 'കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന' ഒരു മനുഷ്യനാണ് ആഗോള ഫാഷൻ വിപണി നിയന്ത്രിക്കുന്നത്.

പക്ഷേ ഈ പ്രായത്തിലും അയാൾ തന്റെ തലച്ചോർ നന്നായി ഉപയോഗിക്കുന്നു. പുതിയ ട്രെൻഡുകളെക്കുറിച്ചും, മാർക്കറ്റിങ്ങ് സ്ട്രാറ്റജിയെക്കുറിച്ചും തന്റെ വിവിധ കമ്പനികൾ നടത്തുന്ന അഞ്ചുമക്കൾക്കും നിർദ്ദേശം കൊടുക്കുന്നു, നിയന്ത്രിക്കുന്നു. ശരിക്കും വെയിലാറാത്ത ഒരു സയാഹ്നം. അതാണ് ഇലോൻ മസ്‌ക്കിനെ കടത്തിവെട്ടി, ലോകത്തിലെ ഏറ്റവും ധനികനായി മാറിയ, ബെർണാർഡ് ആർനോൾട്ട്! ആഡംബര ഉൽപ്പന്നകമ്പനിയായ ലൂയി വുട്ടോന്റെ (എൽവി എംഎച്ച്) സിഇഒയും ചെയർമാനും എന്നുപറഞ്ഞാൽ ലോകം അദ്ദേഹത്തെ പെട്ടന്ന് അറിയും.

ലൂയി വുട്ടോൺ, സെഫോറ, എന്നീ ആഡംബര ഉൽപ്പന്നങ്ങളുടെ നിർമ്മാതാക്കളായ ആർനോൾട്ടും കുടുംബവും ലോകത്തെ ഏറ്റവും സമ്പന്നരായെന്ന വാർത്ത ഫോബ്‌സ് ആണ് പുറത്തുവിട്ടത്. ഫ്രഞ്ച് ശതകോടീശ്വരന്റെയും കുടുംബത്തിന്റെയും സമ്പത്ത് 23.6 ബില്യൺ ഡോളർ വർധിച്ച്, 207.8 ബില്യൺ ഡോളറിലെത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. ( അഞ്ചു ബില്യൻ ഡോളറിന്റെ വായ്‌പ്പക്കയാണ് പാക്കിസ്ഥാനൊക്കെ ഓടി നടക്കുന്നത്) ഒരു ബില്യൺ എന്നാൽ നൂറുകോടിയാണ്. 200 ബില്യൺ എന്നാൽ 20,000 കോടിയും! അതിനെ ഇന്ത്യൻ മണിയിലേക്ക് മാറ്റുമ്പോൾ 16ലക്ഷം കോടിയിലേറെ രൂപവരും. നോക്കണം, ഒരു രാഷ്ട്രത്തിന്റെ ആസ്തിക്ക് മുകളിലാണ്, ഒരു വ്യക്തിയുടെ സമ്പത്ത്.

കുളപ്പുള്ളി അപ്പനും സുഭദ്രയും പോലെ!

കഴിഞ്ഞ കുറച്ചുകാലാമയി ഇലോൺ മസ്‌ക്കും, ആർനോൾട്ടും തമ്മിൽ ആരാണ് ലോകത്തിലെ ഏറ്റവും വലിയ ധനികൻ എന്ന രീതിയിൽ ഒരു മത്സരം നടക്കുന്നതായാണ് മാധ്യമങ്ങൾ എഴുതിയത്. 2018 ഏപ്രിലിൽ, സാറയുടെ അമാൻസിയോ ഒർട്ടേഗയെ മറികടന്ന് ഫാഷനിലെ ഏറ്റവും ധനികയായ വ്യക്തിയായി ആർനോൾട്ട് മാറി. 2019 ഡിസംബറിൽ ജെഫ് ബെസോസിനെ മറികടന്ന് അർനോൾട്ട് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി. 2020 ജനുവരിയിൽ ചുരുങ്ങിയ കാലത്തേക്ക് അദ്ദേഹം മസ്‌ക്കിനെ വെട്ടിച്ച് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി. 16 മാർച്ച് 2021 വരെ. അവിടെ നിന്ന് വീണ്ടും മസ്‌ക്ക് തന്റെ പദവി തിരിച്ചുപിടിച്ചു.

പക്ഷേ കഴിഞ്ഞ വ്യാഴാഴ്ച ഓഹരി വിപണിയിൽ ടെസ്ലയുടെ മൂല്യം 13 ശതമാനമാണ് ഇടിഞ്ഞത്. ഇതോടെ, മസ്‌കിന് ആകെ മൂല്യത്തിൽ 18 ബില്യൻ ഡോളറിന്റെ ഇടിവ് വന്നു. അതേസമയം, ലൂയി വുട്ടോന്റെ ഓഹരി വില വെള്ളിയാഴ്ച 13 ശതമാനം ഉയർന്നു. 2021 ൽ എൽവി എംഎച്ച് 16 ബില്യൻ ഡോളറിന് ആഡംബര ബ്രാൻഡായ ടിഫാനി ആൻഡ് കമ്പനിയെ ഏറ്റെടുത്തിരുന്നു. എക്കാലത്തെയും വലിയ ആഡംബര കമ്പനി ഏറ്റെടുക്കലായിരുന്നു അത്. ആർനോൾട്ടിന്റെ ഉപ സ്ഥാപനമായ അഗാഷെ വെൻച്വർ ക്യാപിറ്റൽ സ്ഥാപനമായ ആഗ്ലെ വെഞ്ച്വേഴ്‌സിൽ നിക്ഷേപം ഇറക്കിയിട്ടുണ്ട്. ആഗ്ലെയ്ക്ക് നെറ്റ് ഫ്‌ളിക്‌സ്, ടിക് ടോക്കിന്റെ മാതൃസ്ഥാപനമായ ബൈറ്റ് ഡാൻസ് എന്നിവയിലും നിക്ഷേപമുണ്ട്.

നാലാം പാദ വിൽപ്പനയിൽ എൽവി എംഎച്ച് 10 ശതമാനം കുതിപ്പ് നേടി. ലൂയി വുട്ടോൺ, ഡിയോർ, ടിഫാനി എന്നിവയാണ് കമ്പനിയുടെ അഭിമാന ബ്രാൻഡുകൾ. പെർഫ്യൂമുകൾ, കോസ്‌മെറ്റിക്‌സ്, വാച്ചുകൾ, ജൂവലറി, എന്നിവയിലും വിൽപ്പന വളർച്ച രേഖപ്പെടുത്തി. ആർനോൾട്ടിന്റെ അഞ്ച് മക്കളും എൽവി എംഎച്ചിലാണ് ജോലി ചെയ്യുന്നത്. മക്കളായ അലക്‌സാൻഡ്ര(31), ഫ്രഡറിക്(29) എന്നിവരെ കൂടി വാർഷിക പൊതുയോഗത്തിൽ 74 കാരനായ ആർണോൾട്ട് ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ കുടുംബത്തിന്റെ പൂർണ നിയന്ത്രണത്തിലാണ് കമ്പനി. കുളപ്പുള്ളി അപ്പനും സുഭദ്രയും എന്നു പറഞ്ഞതുപോലെയാണ് അദ്ദേഹത്തിന്റെ കമ്പനികൾ. തീർത്തും ഒരു ഇന്ത്യൻ കുടുംബ ബിസിനസ് പോലെ, മക്കളും മരുമക്കളും തമ്മിൽ ശക്തമായ ബന്ധമുണ്ടാക്കിയാണ് അർനോൾട്ട് മുന്നോട്ടുപോവുന്നത്. നേരത്തെ അൽപ്പം വളഞ്ഞ വഴികളിലുടെ പല കമ്പനികളും ആർനോൾട്ട് പിടിച്ചിരുന്നു. ആ അനുഭവം ആയിരിക്കണം അദ്ദേഹത്തിന് ഈ രീതിയിൽ ബിസിനസ് ഉണ്ടാക്കാൻ കാരണമായത്.

ഫോബ്സ് പട്ടികയിൽ തന്റെ തൊട്ടുതാഴെ നിൽക്കുന്ന ഇലോൺ മസ്‌ക്കുമായി വെച്ചുനോക്കുമ്പോൾ, നേർ വിപരീതമാണ് ആർനോൾട്ടിന്റെ ജീവിതം. മസ്‌ക്ക് വിവാദങ്ങളിൽനിന്ന് വിവാദങ്ങളിലേക്ക് ചാടി എന്നും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോൾ, അർനോൾട്ട് വിവാദങ്ങൾക്കോ, മാധ്യമങ്ങൾക്കോ പിടികൊടുക്കാറില്ല. ഒരു തരം മിസ്റ്റർ ക്ലീൻ ഇമേജ് അദ്ദേഹം എപ്പോഴും നിലനിർത്തുന്നു. ഒരു മോട്ടിവേഷൻ ക്ലാസുകാർക്കും ആർനോൾട്ടിന്റെ ജീവിതം അറിയില്ല. വിജയവഴികളെകുറിച്ച് അദ്ദേഹം പുസ്തകം എഴുതില്ല. ഉന്നതങ്ങളിൽനിൽക്കുമ്പോഴും വിനീതനാണ് ആർനോൾട്ട്. ഒരു ശരാശരി കുടുംബത്തിൽ ജനിച്ച് ശതകോടീശ്വരനിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ച കൗതുകകരമാണ്.

പിതാവിന്റെ പാത പിന്തുടർന്നു

ബെർണാഡ് ജീൻ എറ്റിയെൻ ആർനോൾട്ട് 5 മാർച്ച് 1949 ന് ഫ്രാൻസിലെ റൂബൈക്സിലാണ് ജനിച്ചു. പിതാവ്, നിജീൻ ലിയോൺ ആർനോൾട്ട്, സെൻട്രൽ പാരീസിലെ ബിരുദധാരിയായ ഒരു സിവിൽ എഞ്ചിനീയറിങ്-കൺസ്ട്രക്ഷൻകമ്പനി ഉടമായിരുന്നു. മേരി ജോസഫ് സാവിനൽ ആണ് അമ്മ. അവർ ഒരു പിയാനിറ്റായിരുന്നു.

ഭക്തയായ മുത്തശ്ശി കഠിനമായ കാത്തലിക് ചിട്ടയിൽ വളർത്തിയ ആർനോൾട്ട് കുട്ടിക്കാലത്ത് ക്ലാസിക്കൽ പിയാനോ പാഠങ്ങൾ പഠിക്കുകയും എലൈറ്റ് കത്തോലിക്കാ സ്‌കൂളുകളിൽ പഠിക്കുകയും ചെയ്തു. 1971ൽ അദ്ദേഹം ഫ്രാൻസിലെ പ്രമുഖ എഞ്ചിനീയറിങ് സ്‌കൂളായ എക്കോൾ പോളിടെക്നിക്കിൽ നിന്ന് ബിരുദം നേടി, പിതാവിന്റെ കമ്പനിയിൽ ജോലി ആരംഭിച്ചു. നിർണ്ണായക സമയത്ത് നിർണ്ണായക തീരുമാനം എടുക്കാനുള്ള കഴിവാണ് ആർനോൾട്ടിന്റെ ഏറ്റവും വലിയ ജീവിത വിജയം.

മൂന്ന് വർഷത്തിന് ശേഷം, കമ്പനിയുടെ ശ്രദ്ധ റിയൽ എസ്റ്റേറ്റിലേക്ക് മാറ്റാൻ പിതാവിനെ അദ്ദേഹം ബോധ്യപ്പെടുത്തി. അങ്ങനെ ആ കൺസ്ട്രക്ഷൻ കമ്പനി വിറ്റ് ഫെറിനൽ എന്ന് പുനർനാമകരണം ചെയ്ത് റിയൽ എസ്റ്റേറ്റിലേക്ക് മാറി. ഒരു മേഖലയിൽ ഒതുങ്ങി നിൽക്കാതെ ഒരേ സമയം വ്യത്യസ്തമേഖലകളിൽ ഇടപെടുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. ലാഭമില്ലെങ്കിൽ നിഷ്‌ക്കരണം വിറ്റ് ഒഴിയുക, ലാഭത്തിലുള്ള ബിസിസിലേക്ക് തിരിയുക ഇതായിരുന്നു അർനോൾട്ടിന്റെ രീതി.

9,000പേരെ പിരിച്ചുവിട്ട ടെർമിനേറ്റർ

റിയൽ എസ്റ്റേ് ബൂം നിലനിൽക്കുന്ന അക്കാലത്ത് കോടികളാണ് അർനോൾട്ട് സമ്പാദിച്ചത്. ഒപ്പം ഫ്രഞ്ച് ബാങ്കുകളും വലിയ രീതിയിൽ സഹായിച്ചു. പത്തുരുപ കൈയിലുണ്ടെങ്കിൽ പതിനായിരം രൂപയുടെ ബിസിനസ് ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. 1984-ൽ, ആർനോൾട്ട് ആഡംബര ഉൽപ്പന്ന കമ്പനിയായ ഫിനാൻഷ്യർ അഗാഷെ സ്വന്തമാക്കി. അദ്ദേഹം കമ്പനിയുടെ സിഇഒ ആയി. തുടർന്ന് താറുമാറായ ഒരു ടെക്സ്റ്റൈൽ കമ്പനിയായ ബൗസാക്ക് സെയന്റിന്റെ ക്രിസ്റ്റ്യൻ ഡിയർ ബ്രാൻഡും, ബോൺ മാർച്ചെ സ്റ്റോറും കൈവശം വച്ചുകൊണ്ട് കമ്പനിയുടെ മറ്റെല്ലാം ആസ്തികളും അർനോൾട്ട് വിറ്റു. രണ്ട് വർഷത്തിനുള്ളിൽ 9,000 തൊഴിലാളികളെ അദ്ദേഹം പിരിച്ചുവിട്ടു, 'ദി ടെർമിനേറ്റർ' എന്ന എന്നായിരുന്നു അക്കലത്തെ അദ്ദേഹത്തിന്റെ വിളിപ്പേര്. പക്ഷേ ആ ചെലവ് ചുരുക്കൽ ഫലിച്ചു. 1987 ആയപ്പോഴേക്കും കമ്പനി വീണ്ടും ലാഭത്തിലായി.

1988 ജൂലൈയിൽ, എൽവി എംഎച്ചിൽ 24% ഓഹരികൾ കൈവശമുള്ള ഗിന്നസുമായി ചേർന്ന് ഒരു ഹോൾഡിങ് കമ്പനി രൂപീകരിക്കാൻ എത്തിയ ആളാണ് ആർനോൾട്ട്. അതിന്റെ സാധ്യതകൾ അദ്ദേഹം നന്നായി തിരിച്ചറിഞ്ഞു. അങ്ങനെ ക്രമണേ ഓഹരികൾ വാങ്ങിക്കുട്ടി. അതിനായി 600 മില്യൺ ഡോളർ ചെലവഴിച്ചു. അതോടെ എൽവി എംഎച്ചിന്റെ ഏറ്റവും വലിയ ഓഹരി ഉടമയായി. 1989 ജനുവരിയിൽ, എൽവി എംഎച്ചിന്റെ 43,5% ഷെയറുകളുടെയും 35% വോട്ടിങ് അവകാശങ്ങളുടെയും നിയന്ത്രണം നേടാൻ അദ്ദേഹം 500 ദശലക്ഷം ഡോളർ കൂടി ചെലവഴിച്ചു. അതോടെ കമ്പനിനെ അദ്ദേഹത്തിന്റെ കൈവശമായി.

13 ജനുവരി 1989-ന് എക്‌സിക്യൂട്ടീവ് ബോർഡ് ചെയർമാനായി അദ്ദേഹം ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. ഫലത്തിൽ ഒട്ടകത്തിന് ഇടം കൊടുത്തതുപോലെ ഈ കമ്പനി പിടിക്കയാണ് അദ്ദേഹം ചെയ്തത്. പക്ഷേ കോർപ്പറേറ്റ് ലോകത്ത് അത്തരം ചെയ്തികൾ സാധാരണമായിരുന്നു. അതിൽ നിയമവിരുദ്ധമായി ഒന്നും ഉണ്ടായിരുന്നുമില്ല.

ആകാശം മുട്ടെ വളരുന്നു

അതിനുശേഷം, സ്വിസ് ആഡംബര ഭീമനായ റിച്ചമോണ്ട്, ഫ്രഞ്ച് ആസ്ഥാനമായുള്ള കെറിങ് എന്നിവയ്‌ക്കൊപ്പം എൽവി എംഎച്ചിനെ ലോകത്തിലെ ഏറ്റവും വലിയ ആഡംബര കമ്പനികളിലൊന്നായി മാറ്റി, പതിനൊന്ന് വർഷത്തിനുള്ളിൽ, വിൽപ്പനയും ലാഭവും 5 മടങ്ങ് വർദ്ധിച്ചു, എൽവി എംഎച്ചിന്റെ വിപണി മൂല്യം 15 മടങ്ങ് വർദ്ധിച്ചു. പിന്നീട് അങ്ങോട്ട് ഏറ്റുമുട്ടലുകളുടെ കളിയായിരുന്നു. ഉപ്പ് തൊട്ട് കർപ്പൂരംവരെ വിൽക്കുന്ന ലാഭമുള്ള ഏത് കമ്പനിയെയും അയാൾ ഏറ്റെടുത്തു. ഫ്രഞ്ച് ബിസിനസ്സ് പത്രമായ ലാ ട്രിബ്യൂൺ അടക്കം വങ്ങി. പക്ഷേ 150 മില്യൺ യൂറോ നിക്ഷേപം നടത്തിയിട്ടും കമ്പനി ഒരിക്കലും ആഗ്രഹിച്ച വിജയം നേടിയില്ല. പക്ഷേ അത് വിറ്റ് ഒഴിയാനും അദ്ദേഹത്തിന് കഴിഞ്ഞു. പത്രം തൊട്ട് നെറ്റ്ഫ്ലിക്സിൽ നിക്ഷേപം നടത്തി.

2007- കാലിഫോർണിയ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ കോളനി ക്യാപ്പിറ്റലുമായി സഹകരിച്ച്, ലോകത്തിലെ രണ്ടാമത്തെ വലിയ ഭക്ഷ്യ വിതരണക്കാരായ കാരിഫോറും ആർനോൾട്ട് നേടി. 2008-ൽ അദ്ദേഹം യാട്ട് ബിസിനസിൽ പ്രവേശിച്ചു, 253 ദശലക്ഷം യൂറോയ്ക്ക് രാജകുമാരി യാച്ച്‌സ് വാങ്ങി. പിന്നീട് ഏതാണ്ട് അതേ തുകയ്ക്ക് റോയൽ വാൻ ലെന്റിന്റെ നിയന്ത്രണവും ഏറ്റെടുത്തു.1998-ൽ അദ്ദേഹം വ്യവസായി ആൽബർട്ട് ഫ്രെറിനൊപ്പം ഷാറ്റോ ഷെവൽ ബ്ലാങ്ക് വ്യക്തിപരമായി വാങ്ങി. അങ്ങനെ എത്രയെത്ര കമ്പനികൾ. ആർട്ട് ലേല കമ്പനിയായ ഫിലിപ്സ് ഡി പുരി ആൻഡ് കമ്പനി ഏറ്റവും ഒടുവിൽ വാങ്ങിയത്. ലാഭമാണെങ്കിൽ നിലനിർത്തുക, അല്ലെങ്കിൽ വിറ്റ് ഒഴിയുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അങ്ങനെ വിവിധ കമ്പനികളിലൂടെ അയാൾ ആകാശം മുട്ടെ വളർന്നു.

ജൂവലറി മുതൽ ചെരിപ്പുവരെയുള്ള വിവിധ കമ്പനികൾ ഏറ്റെടുത്ത് ഒരു കുടക്കീഴിൽ മാർക്കറ്റ് ചെയ്തു. ഒരു ബ്രാൻഡ് വളർത്തിയെടുത്താൽ എന്തും വിറ്റുപോകുമെന്നാണ് അദ്ദേഹത്തിന്റെ നയം. ആർനോൾട്ടിന്റെ നേതൃത്വത്തിൽ, 2021 മെയ് വരെ 313 ബില്യൺ യൂറോയുടെ റെക്കോഡോടെ, യൂറോസോണിൽ എൽവി എംഎച്ച് ഏറ്റവും വലിയ കമ്പനിയായി വളർന്നു. ഒരു ബിസിനസ് തന്ത്രമെന്ന നിലയിൽ ഗ്രൂപ്പിന്റെ ബ്രാൻഡുകളെ വികേന്ദ്രീകരിക്കുന്നതിനുള്ള തീരുമാനങ്ങൾ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഈ നടപടികളുടെ ഫലമായി, ടിഫാനി പോലെയുള്ള എൽവി എംഎച്ചിന്റെകീഴിലുള്ള ബ്രാൻഡുകൾ ഇപ്പോഴും സ്വതന്ത്ര സ്ഥാപനങ്ങളായി കണക്കാക്കപ്പെടുന്നു.

എകപത്നീ വ്രതക്കാരൻ

പൊതുവേ ലോക കോടീശ്വരമ്മാർ സ്ത്രീ ലമ്പടത്തത്തിന്റപേരിലും, ലഹരി ഉപയോഗത്തിന്റെ പേരിലുമൊക്കെ കുപ്രസിദ്ധരാണെല്ലോ. എന്നാൽ അതിൽനിന്നെല്ലാം തീർത്തും ഭിന്നനാണ് ആർനോൾട്ട്. ഇന്ത്യൻ രീതിയിൽ ഏകപത്നീ വ്രതക്കാരൻ എന്നാണ് ഒരു മാഗസിൻ അദ്ദേഹത്തെക്കുറിച്ച് എഴുതിയത്. ഇന്നുവരെ ഗോസിപ്പ് മസാലക്കോളങ്ങിൽ അദ്ദേഹം സ്ഥാനം പിടിച്ചിട്ടില്ല. തികഞ്ഞ ഒരു ഫാമലി മാൻ ആയാണ് അദ്ദേഹം അറിയപ്പെടുന്നത്.

1973-ൽ അദ്ദേഹം ആനി ദേവാവിനെ വിവാഹം കഴിച്ചു. അവർക്ക് ഡെൽഫിൻ, ആന്റോയ്ൻ എന്നീ രണ്ട് കുട്ടികളുണ്ടായിരുന്നു. 1990-ൽ അവർ വേർപിരിഞ്ഞു. ഡിവോഴ്സ് കഴിഞ്ഞിട്ടും അവർ സുഹൃത്തുക്കൾ തന്നെയാണ്. 1991ൽ, കനേഡിയൻ കച്ചേരി പിയാനിസ്റ്റായ ഹെലീൻ മെർസിയറെ അദ്ദേഹം വിവാഹം കഴിച്ചു. അമ്മയിൽനിന്ന് കിട്ടിയതാണ് ആർനോട്ടിന് പിയാനോക്കമ്പം. മെർസിയറുടെ സൗന്ദര്യത്തേക്കാൾ പിയാനോവിലുള്ള മിടുക്കാണ് അദ്ദേഹത്തെ ആകർഷിച്ചതെന്നാണ് ഒരു ലേഖനത്തിൽ കാണുന്നത്. പക്ഷേ ഇതിനൊന്നും അവലംബങ്ങൾ ഇല്ല. പൊതുവെ മാധ്യമങ്ങളോട് അകലം പാലിക്കുന്ന വ്യക്തിയാണ് ആർനോൾട്ട്.

ഹെലീൻ മെർസിയറുമായുള്ള ബന്ധത്തിൽ അലക്സാണ്ടർ, ഫ്രെഡറിക്, ജീൻ എന്നിങ്ങനെ മൂന്ന് ആൺമക്കളുണ്ട്. അങ്ങനെ മൊത്തം നാല് ആൺമക്കളും ഒരു പെൺകുട്ടിയുമായി അഞ്ചുമക്കളുള്ള കുടുംബമാണ് അദ്ദേഹത്തിന്റെത്. നാല് പേരക്കുട്ടികളുമുണ്ട്. ഏറ്റവും നല്ലകാര്യം സാധാരണ ബിസിനസ് കുടുംബങ്ങളിൽ സംഭവിക്കുന്നതുപോലുള്ള യാതൊരു അസ്വാരസ്യവും ഇവിടെയില്ല എന്നാണ്. എല്ലാവരും ആർനോൾട്ട് നിയന്ത്രിക്കുന്ന കമ്പനിയിലെ വിവിധ ബ്രാൻഡുകളിൽ പ്രധാന തസ്തികളിൽ ജോലിചെയ്യുന്നു. അനന്തരവളും അവർക്കൊപ്പമുണ്ട്.

അലക്സാണ്ടർ, ടിഫാനി ആൻഡ് കമ്പനിയുടെ സിഇഒ ആണ്. ഫ്രെഡറിക് ടാഗ് ഹ്യൂയറിന്റെ സിഇഒ ആണ്, ജീൻ ലൂയി, വിറ്റണിലെ വാച്ച് മേക്കിങ് മാർക്കറ്റിങ് ആൻഡ് ഡെവലപ്‌മെന്റ് ഡയറക്ടറാണ്. ആർനോൾട്ടിന്റെ മകൾ ഡെൽഫിൻ ടെലികമ്മ്യൂണിക്കേഷൻ, ടെക്നോളജി വ്യവസായത്തിൽ സജീവമായ ഒരു ഫ്രഞ്ച് കോടീശ്വരനായ വ്യവസായി സേവ്യർ നീലിന്റെ പങ്കാളിയാണ്. 2023 ഫെബ്രുവരി 1 മുതൽ, ആഡംബര ബ്രാൻഡായ ഡിയോറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് ഡെൽഫിൻ. ഇങ്ങനെ ശക്തമായ ഒരു ബിസിനസ് കുടുംബമായി അവർ മുന്നോട്ടുപോവുന്നു.

ആർനോൾട്ടും മെർസിയറും പാരീസിലെ തങ്ങളുടെ അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത്. എല്ലാമാസവും ബിസിനസ് പുരോഗതി വിലയിരുത്തുന്നതിനായി ഇവിടെ യോഗം ഉണ്ടാവും. അതിൽ നിർദ്ദേശം നൽകുകയാണ് ആർനോൾട്ടിന്റെ പ്രധാന ജോലി. അല്ലാതെ അദ്ദേഹം ഇപ്പോൾ താൻ പടുത്തിയർത്തിയ ബിസിനസ് സാമ്രാജ്വത്തിന്റെ ദൈനം ദിന കാര്യങ്ങളിൽ ഇടപെടാറില്ല.

ഫ്രാൻസ് വിടാൻ ആലോചിച്ചപ്പോൾ വിവാദം

''ഫ്രഞ്ച് പൈതൃകത്തിന്റെയും സംസ്‌ക്കാരത്തിന്റെയും അംബാസഡറായാണ് ഞാൻ എന്നെ കാണുന്നത്.''- അധികം മോട്ടിവേഷൻ ക്വാട്ടുകളൊന്നും കൊടുക്കാത്ത പൊതുവേദികളിൽ ഏറെ ലജ്ജാലുവായി കാണപ്പെടുന്ന ബെർനാഡ് ആർനോൾട്ടിന്റെ ഒരു ക്വാട്ട് ഇതാണ്. അദ്ദേഹത്തിന് പറയാനുള്ളത് സ്വന്തം രാജ്യത്തെക്കുറിച്ച് മാത്രമാണ്. ഫ്രാൻസ് ആവട്ടെ എൽവി എംഎച്ച് അടക്കമുള്ളവയെ തങ്ങളുടെ അഭിമാനമായാണ് കണക്കാക്കിയിരുന്നതും. പക്ഷേ എന്നിട്ടും, 2013ൽ, അർനോൾട്ട് ബെൽജിയൻ പൗരത്വത്തിന് അപേക്ഷിക്കാൻ പദ്ധതിയിട്ടുവെന്ന് വാർത്ത പുറത്തുവന്നത് വൻ വിവാദമായി. ഫ്രാൻസിൽ നികുതി നിരക്കുകളിലുള്ള വൻ വർധനയാണ് അദ്ദേഹത്തെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ.

പക്ഷേ താൻ തെറ്റായി ഉദ്ധരിക്കപ്പെട്ടുവെന്നും ഒരിക്കലും ഫ്രാൻസ് വിടാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ആർനോൾട്ട് പറഞ്ഞു: 'ഞാൻ ഫ്രാൻസിൽ താമസക്കാരനായി തുടരുമെന്നും, നികുതി അടയ്ക്കുന്നതും തുടരുമെന്നും ഞാൻ ആവർത്തിച്ച് പറയുന്നു. ബെൽജിയൻ ദേശീയതയ്ക്കുള്ള എന്റെ അഭ്യർത്ഥന ഞാൻ പിൻവലിക്കുന്നു. ഞാൻ മരിക്കുകയാണെങ്കിൽ എൽവി എംഎച്ച് ഗ്രൂപ്പിന്റെ തുടർച്ചയും സമഗ്രതയും ഉറപ്പാക്കുക എന്ന ഏക ലക്ഷ്യത്തോടെയാണ് ബെൽജിയൻ പൗരത്വത്തിന് അപേക്ഷിച്ചത്''- ആർനോൾട്ട് വിശദീകരിച്ചു. കമ്പനി വിഭജനം, അനന്തരവകാശ നിയമങ്ങൾ, സ്വത്ത് കൈമാറ്റം തുടങ്ങിയ വിഷയങ്ങളിലൊക്കെ കാര്യമായ നൂലമാലകൾ ഇല്ലാത്ത രാജ്യമായിരുന്നു ബെൽജിയം. പക്ഷേ ഇസ്ലാമിക ഭീകരാക്രമണങ്ങളും മറ്റുമായി ഫ്രാൻസ് ഒരു പ്രത്യേകരീതിയിൽ മുദ്രകുത്തപ്പെട്ടു തുടങ്ങുന്ന ഒരു സമയത്ത്, ആ രാജ്യത്തിന്റെ ഐക്കൺ ആയ ഒരു വ്യവസായി രാജ്യം വിടുന്നത് തെറ്റായി ചിത്രീകരിക്കുമെന്ന് പൊതുവെ അഭിപ്രായം ഉയർന്നിരുന്നു.

2013 ഏപ്രിൽ 10-ന്, ബെൽജിയൻ പൗരത്വത്തിനായുള്ള തന്റെ അപേക്ഷ ഉപേക്ഷിക്കാൻ തീരുമാനിച്ചതായി ആർനോൾട്ട് പ്രഖ്യാപിച്ചു, ഫ്രാൻസ് സാമ്പത്തികവും സാമൂഹികവുമായ വെല്ലുവിളികളെ അഭിമുഖീകരിച്ച സമയത്ത് ഈ നീക്കത്തെ നികുതിവെട്ടിപ്പിന്റെ നടപടിയായി തെറ്റായി വ്യാഖ്യാനിക്കരുതെന്ന് പറഞ്ഞു.നികുതി ആവശ്യങ്ങൾക്കായി നിരവധി ജീവനക്കാർ ഫ്രാൻസ് വിടാൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും എന്നാൽ അവരുടെ അഭ്യർത്ഥനകൾ നിരസിച്ചുവെന്നും അദ്ദേഹം തുറന്നടിച്ചു. അതായത് തന്റെ ലാഭത്തേക്കാൾ വലുതാണ് രാജ്യം എന്ന സങ്കൽപ്പമാണ് അദ്ദേഹം ഉയർത്തിയത്.

ചിത്രകലയിലാണ് അർനോട്ടിന്റെ കമ്പം. അദ്ദേഹത്തിന്റെ ശേഖരത്തിൽ പിക്കാസോ, യെവ്സ് ക്ലീൻ, ഹെന്റി മൂർ, ആൻഡി വാർഹോൾ എന്നിവരുടെ വിലപിടിച്ച സൃഷടികൾ ഉൾപ്പെടുന്നു. ഫൈൻ ആർട്‌സ് സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായുള്ള അന്താരാഷ്ട്ര മത്സരമായാണ് എൽവി എംഎച്ച് യംഗ് ഫാഷൻ ഡിസൈനർ സൃഷ്ടിച്ചത്. എല്ലാ വർഷവും, വലിയ തോതിലാണ് ഈ മത്സരം നടക്കാറുള്ളത്. വിജയക്ക് പഠിക്കാനുള്ള ഗ്രാന്റും വൻ സമ്മാനത്തുകയും ലഭിക്കും.

കള്ളപ്പണം വെളുപ്പിക്കൽ കേസ്

ഒരുപാട് നിയമയുദ്ധങ്ങളിലുടെയും അതുസംബന്ധിച്ച സാമ്പത്തിക വിവാദങ്ങളിലുടെയും കടന്നുപോയ വ്യക്തിയാണ് ബെർണാഡ് ആർനോൾട്ട്. പക്ഷേ ഇന്നുവരെ ഒരു തട്ടിപ്പിന്റെയോ, വെട്ടിപ്പിന്റെയോ, നിയമവിരുദ്ധ പ്രവർത്തനത്തിന്റെയോ തെളിവുകൾ അദ്ദേഹത്തിന്റെ പേരിൽ പുറത്തുവന്നിട്ടില്ല. പക്ഷേ 2023ലെ കള്ളപ്പണം വെളുപ്പിക്കൽ ആരോപണമാണ് ഇതിന് ഒരു അപവാദം. ആർനോൾട്ടും റഷ്യൻ കോടീശ്വരൻ നിക്കോളായ് സർക്കിസോവും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ വിവാദമായത്. പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് ഇതിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചത് വലിയ വർത്തയായിരുന്നു. 2022 മുതൽ പ്രാഥമിക അന്വേഷണം നടക്കുന്നുണ്ടെന്നും ഒരു ഹോട്ടൽ വാങ്ങൽ ഇടപാടാണ് സംശയാസ്പദമെന്നുമാണ് ഫ്രഞ്ച് പത്രങ്ങൾ പുറത്തുവിട്ട വാർത്ത.

റഷ്യൻ ഇൻഷുറൻസ് കമ്പനിയായ റെസോ-ഗാരന്റിയയിലെ സീനിയർ എക്സിക്യൂട്ടീവാണ് സർക്കിസോവ്. എന്നാൽ ഇടപാടിൽ ഒരു തെറ്റും നടന്നിട്ടില്ലെന്നാണ് ആർനോൾട്ടിന്റെ അഭിഭാഷകർ പറയുന്നത്. '' ഹോട്ടൽ ഷെവൽ ബ്ലാങ്കിന്റെ വിപുലീകരണത്തിന് അനുവദിച്ച ഇടപാട് തികച്ചും നിയമാനുസൃതമാണ്. കൂടാതെ, കഴിഞ്ഞ 40 വർഷമായി മുൻനിര ഫ്രഞ്ച്, യൂറോപ്യൻ കമ്പനിയായി വികസിപ്പിച്ച ബെർണാഡ് അർനോൾട്ട് ഒരു ഹോട്ടൽ വികസിപ്പിക്കുന്നതിന് കള്ളപ്പണം വെളുപ്പിക്കുമെന്ന് ആർക്കാണ് ഗൗരവമായി സങ്കൽപ്പിക്കാൻ കഴിയുക? ഈ ആരോപണങ്ങളുടെ യുക്തിരഹിതമായ സ്വഭാവം എല്ലാവരും തിരിച്ചറിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.''- ആർനോട്ടിന്റെ അഭിഭാഷൻ പറയുന്നു.

ആർനോൾട്ടിന്റെ കമ്പനികളിലൊന്നിൽ നിന്നുള്ള ലോൺ ഉപയോഗിച്ചാണ് സർക്കിസോവ് ഫ്രഞ്ച് സ്‌കീ റിസോർട്ടായ കോർഷെവലിൽ സ്വത്ത് സമ്പാദിച്ചതെന്ന് ഫ്രഞ്ച് പത്രമായ ലെ മോണ്ടെ റിപ്പോർട്ട് ചെയ്തതോടെയാണ് വിവാദം തുടങ്ങുന്നത്. അവിടെയും ആർനോട്ടിന്റെ അഭിഭാഷൻ ചോദിച്ച ചോദ്യം പ്രസ്‌കതമാണ്. ശതകോടികൾ കൊണ്ട് കളിക്കുന്ന ലോകത്തിലെ നമ്പർ വൺ വ്യവസായിക്ക് ഇതുപോലെ ഒരു ഹോട്ടൽ ബിസിനസിലുടെ വേണമോ അയാളുടെ കള്ളപ്പണം വെളുപ്പിക്കാൻ. മാത്രമല്ല, നികുതി നിലവാരം ഏറെ കുടിയ ഫ്രാൻസിൽനിന്ന് തന്റെ കമ്പനികൾ പറിച്ചുനടാനുള്ള സമ്മർദമുണ്ടായിട്ടും ഇവിടെ നില നിന്ന വ്യക്തയാണ് അദ്ദേഹം. അന്വേഷണം പുരോഗമിച്ചപ്പോൾ സംഭവത്തിൽ കാര്യമായ തെളിവ് ഒന്നും കിട്ടിയതുമില്ല.

പൊളിറ്റിക്കലായും അദ്ദേഹം തീർത്തും നിഷ്പക്ഷതയാണ് പുലർത്താറ്.
2017ലെ ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ടിൽ, ആർനോൾട്ട് ഇമ്മാനുവൽ മാക്രോണിനെ പിന്തുണച്ചു. ആർനോൾട്ടിന്റെ മക്കളായ ഫ്രെഡറിക്, ജീൻ എന്നിവർ ലൈസി സെന്റ്-ലൂയിസ്-ഡി-ഗോൺസാഗിലെ വിദ്യാർത്ഥികളായിരിക്കുമ്പോൾ അവരുടെ ഫ്രഞ്ച് അദ്ധ്യാപികയായിരുന്നു മാക്രോണിന്റെ ഭാര്യ ബ്രിജിറ്റ് മാക്രോൺ. തന്റെ ടീച്ചറെയാണ് മാക്രോൺ പ്രണയിച്ച് വിവാഹം കഴിച്ചത്. പക്ഷേ മാക്രാൺ പ്രസിഡന്റായി ഇരിക്കുമ്പോൾ തന്നെ അദ്ദേഹത്തിനെതിരെ അന്വേഷണവും വന്നു.

പതിവുപോലെ ഇത്തരം ആരോപണങ്ങളിൽ ഒന്നിലും ആർനോൾട്ട് പ്രതികരിച്ചതുമില്ല. അഭിമുഖങ്ങൾ കൊടുക്കുന്നതിനും, തന്റെ ജീവിതാനുഭവവും വിജയ കഥയും മോട്ടിവേഷൻ ക്ലാസായി മാറുന്നതിനുമൊന്നും അദ്ദേഹത്തിന് താൽപ്പര്യവുമില്ല. ചിത്രം വരച്ചും, ടെന്നീസ് കളിച്ചും, പിയാനോ വായിച്ചും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ, തന്റെ ജീവിത സായാഹ്നം അതി ലളിതമായി മുന്നോട്ട് കൊണ്ടുപോവുകയാണ്!

വാൽക്കഷ്ണം: ബെർനാർഡ് ആർനോട്ടിന്റെ ജീവിതം കാണുമ്പോൾ നമ്മുടെ രത്തൻ ടാറ്റയെ ആണ് ഓർമ്മവരുന്നത്. ലളിതമായി ആർക്കും ഒരു ശല്യവുമില്ലാതെ, കോർപ്പറേറ്റ് യുദ്ധങ്ങളിലും കോലാഹലങ്ങളിലുമൊന്നും കരുവാകാതെ രത്തൻ ടാറ്റയും ജീവിത സായാഹ്നം ആസ്വദിക്കയാണെല്ലോ.