ഡോ ബി ആർ അംബേദ്ക്കർ! ആ പേര് കേൾക്കുമ്പോൾ തന്നെ ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പി എന്നാണ്, നമ്മുടെ മനസ്സിലേക്ക് വരുന്ന ചിത്രം. അത് വലിയ നേട്ടം തന്നെയാണ്. പക്ഷേ അതിൽ എത്രയോ അപ്പുറത്താണ് അംബേദ്ക്കറുടെ സാമൂഹിക സേവനങ്ങൾ. ഹിന്ദുസ്ത്രീക്ക് സ്വത്തവകാശം ഉറപ്പുവരുത്തിയ ഹിന്ദു കോഡ് ബിൽ എഴുതിയത്, ഇന്ത്യയിലുടനീളം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ സ്ഥാപിക്കുവാൻ മുൻകൈ എടുത്തത്്, തൊഴിൽ സമയം 14 മണിക്കൂറിൽ നിന്നും 8 ആകുവാനുള്ള തീരുമാനം എടുത്തത്, റിസർവ് ബാങ്കുവരെയുള്ള ആശയത്തിന് ബീജാവാപം ചെയ്തത്്.... അങ്ങനെ പോകുന്ന അംബേദ്ക്കറുടെ നേട്ടങ്ങൾ. ഒരു അംബേദ്ക്കർ ജയന്തി കൂടി കടന്നുപോവുമ്പോൾ, ഭരണഘടനാശിൽപ്പി എന്ന ഒറ്റ കള്ളിയിൽ ഒതുങ്ങിപ്പേയ, ആ മഹത്തായ ജീവിതവും ചർച്ചയാവുകയാണ്.

ഏഴാമത് ഇന്ത്യൻ തൊഴിലാളി സമ്മേളനത്തിൽ തൊഴിൽ സമയം 14 മണിക്കൂറിൽ നിന്നും 8 ആകുവാനുള്ള തീരുമാനം എടുപ്പിച്ചത് അംബേദ്കർ ആണ്. 'ദ പ്രോബ്ളം ഓഫ് റുപ്പി; ഇറ്റ്‌സ് ഒറിജൻ ആൻഡ് ആൻഡ് സൊലൂഷൻ', എന്ന അംബേദ്കറിന്റെ ബുക്കാണ് റിസർവ് ബാങ്കിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. ഇത് പിന്നീട് സാക്ഷാൽ നെഹറുതന്നെ അംഗീകരിച്ചതാണ്. ആഗോളതലത്തിൽ ഇത്രയധികം അംഗീകാരം കിട്ടിയ അക്കാദമീഷനും വേറെയുണ്ടാവില്ല. 'വെയിറ്റിങ്ങ് ഫോർ വിസ' എന്ന അദ്ദേഹത്തിന്റെ ബുക്ക് കൊളംബിയ യൂണിവേഴ്സിറ്റിയിലെ പാഠ പുസ്തത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷേ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തൊട്ട് റിസർവ് ബാങ്കുവരെയുള്ള രാജ്യത്തിന്റെ സാമ്പത്തിക നേട്ടങ്ങൾക്കു പിന്നിലും അംബേദ്ക്കർ അയിരുന്നെന്ന് പലരും മറച്ചുവെക്കയാണ്.

ഇന്ത്യ ഒരു പരമാധികാര റിപ്പബ്ലിക്ക് ആയി മാറുകയും ചെയ്തതിനു ശേഷം ഇന്ത്യൻ ഭരണാധികാരികളുടെ മുന്നിൽ വന്ന ഏറ്റവും വലിയ പ്രശ്നം പല മത, ജാതി, സംസ്‌കാരമായി വിഭജിച്ചു കിടക്കുന്ന ഇന്ത്യക്കാരുടെ സിവിൽ നിയമങ്ങൾ എങ്ങനെ ഒരു കുടക്കീഴിൽ കൊണ്ടുവരും എന്നതായിിരുന്നു. ക്രിമിനൽ നിയമങ്ങളെ ബ്രിട്ടീഷുകാർ ഒരേ നിയമത്തിൽ കീഴിൽ കൊണ്ടുവന്നിരുന്നു പക്ഷെ വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയ സിവിൽ കാര്യങ്ങളിൽ അവർ കൈകടത്തിയില്ല. പക്ഷേ അംബേദ്ക്കറുടെ ഹിന്ദുകോഡ് ബിൽ അതിനെല്ലാം പോംവഴി ഉണ്ടാക്കി. അംബേദ്ക്കർ കൊണ്ടുവന്ന ഹിന്ദു കോഡ് ബിൽ ഇല്ലായിരുന്നെങ്കിൽ ഇന്നും ഹിന്ദു മതം ,നൂറ്റാണ്ടുകൾ പിറകിൽ തന്നെ നിന്നേനെ. പേര് ഹിന്ദു കോഡ് ബിൽ എന്നായിരുന്നു എങ്കിലും ഇസ്ലാം, ക്രിസ്ത്യൻ മതങ്ങൾ ഒഴിച്ചുള്ള സിഖ്, ജെയിൻ മതങ്ങൾ എല്ലാം ഈ നിയമത്തിനകത്ത് വന്നിരുന്നു. മാത്രമല്ല, ലോകത്തിലെ ഏത് മോട്ടിവേഷൻ ക്ലാസിലും പഠിപ്പിക്കാവുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം. അത്രയും മോശമായ സാഹചര്യങ്ങളിൽ നിന്നാണ് അദ്ദേഹം ലോകത്തിന്റെ നെറുകയിലേക്ക് ഉയർന്നത്.

രക്ഷിച്ചത് ബ്രാഹ്‌മണനായ അദ്ധ്യാപകൻ

അംബേദ്ക്കറുടെ ബാല്യവും പിന്നോക്ക സമുദായത്തിൽ നിന്നുള്ള ഉയർത്തെഴുനേൽപ്പുമെല്ലാം ലോകം ഏറെ ചർച്ചചെയ്തതാണ്. നൂറ്റാണ്ടുകളായി മഹാരാഷ്ട്രയിൽ അധ:കൃതവിഭാഗമായി പരിഗണിക്കപ്പെട്ടിരുന്ന മഹർ സമുദായത്തിലായിരുന്നു ഭീം റാവു അംബേദ്കറുടെ ജനനം. രാംജിയുടെയും, ഭീമാബായിയുടെയും 14ാമത്തെ കുഞ്ഞായിരുന്നു അദ്ദേഹം. പട്ടിണിയും അനാരോഗ്യവും കാരണം ഈ 14ൽ വെറും അഞ്ചുകുട്ടികൾ മാത്രമാണ് ബാല്യം പിന്നിട്ടത്. ഭീം റാവു അംബവാഡേക്കർ എന്നാണ് അദ്ദേഹത്തിന്റെ ശരിയായ പേര്. ജനിച്ച സ്ഥലത്തിന്റെ പേര് പേരിനൊപ്പം ചേർക്കുക എന്ന പതിവ് നിലവിലുണ്ടായിരുന്നതു കൊണ്ട്, അംബാവാഡിയിൽ ജനിച്ച ഭീമിന്റെ പേരിനൊപ്പം അംബവാഡേക്കർ എന്ന് ചേർത്തു.

എത്ര ബുദ്ധിമുട്ടിയാലും മകനെ പഠിപ്പിച്ച് മിടുക്കനാക്കണമെന്ന വാശി ഭീമിന്റെ പിതാവ് രാംജിയിലുണ്ടായിരുന്നു. ഭാര്യയുടെ മരണശേഷം സത്താറയിലേക്ക് രാംജിയും കുടുംബവും താമസം മാറി. രാംജിയുടെ സഹോദരി മീരയായിരുന്നു ഇക്കാലത്ത് ഭീമിന്റെ കാര്യങ്ങൾ നോക്കിയിരുന്നത്. സത്താറയിലെ സ്‌കൂളിലായിരുന്നു ഭീമിന്റെ പഠനം. അന്ന് അയിത്തജാതിക്കാരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ദുഷ്‌ക്കരമായിരുന്നു. സ്‌കൂളിലേക്കു പോകുമ്പോൾ ഇരിക്കാനായി ചാക്കുകഷണം കൂടി കൊണ്ടുപോകണം. ക്ലാസ്സ് മുറിയുടെ ഒരറ്റത്ത് ചാക്കുവിരിച്ചാണ് അതിലാണ് ഇരിക്കുക. ബെഞ്ചും ഡസ്‌കും സവർണസമുദായത്തിലെ കുഞ്ഞുങ്ങൾക്ക്.

ഭീമിന്റെ ബാല്യത്തെ കുറിച്ച് പിന്നീട് ജീവചരിത്രകാരൻ ഏറെ എഴുതിയിട്ടുണ്ട്. വെള്ളം എടുക്കാൻ അനുവദിക്കാഞ്ഞതും കുമ്പിളിൽ ഒഴിച്ചുകൊടുത്തതുമെല്ലാം. ഭക്ഷണ സമയത്തുപോലും സഹവിദ്യാർത്ഥികൾ അവനെ ആട്ടിയോടിച്ചു. ഭീം പരാതിയുമായി എത്തിയത് അംബേദ്ക്കർ എന്ന ബ്രാഹ്‌മണനായ അദ്ധ്യാപകന്റെ മുന്നിലാണ്.

'അവരെല്ലാം എന്നെ ആട്ടിയോടിക്കുന്നു സാർ....., ഞാനെവിടെയിരുന്നാണ് ഭക്ഷണം കഴിക്കേണ്ടത്?' അദ്ധ്യാപകൻ ആ കുരുന്നു മുഖത്തേക്കു നോക്കി. അത് വാടിത്തളർന്നിരിക്കുന്നു. 'ഭീം... ഇവിടെ വരൂ...' ഹൃദയാലുവായ അദ്ധ്യാപകൻ അവനെ ക്ഷണിച്ചു. മടിച്ചു മടിച്ചു മുന്നോട്ടുനീങ്ങിയ ഭീമിനെ അംബേദ്കർ സ്വന്തം ശരീരത്തോടു ചേർത്തുനിർത്തി. ഭീം അമ്പരന്നുപോയി. അന്നുമുതൽ ഭീമിന്റെ ഉച്ചഭക്ഷണം അദ്ധ്യാപകന്റെ അടുത്തിരുന്നായി. താൻ കൊണ്ടുവരുന്ന ആഹാരത്തിൽ ഒരു പങ്ക് അദ്ദേഹം അവന് കൊടുക്കുമായിരുന്നു.

അയിത്തം മാറ്റാനായി ആ അദ്ധ്യാപകൻ ഭീമിന്റെ പേരും മാറ്റി. അംബവാഡേക്കർ എന്ന സ്ഥലപ്പേര് മാറ്റി, തന്റെ കുടുംബനാമമായ അംബേദ്ക്കർ എന്ന പേര് ആ അദ്ധ്യാപകൻ തന്റെ ശിഷ്യന്റെ പേരിനൊപ്പം എഴുതിച്ചേർത്തു. ഇത്കൊണ്ട് തന്നെയായിരിക്കണം, ബ്രാഹ്‌മണിസത്തെ ശക്തമായി എതിർക്കുമ്പോഴും അംബേദ്്ക്കർ ഒരുകാലത്തും അത് ഒരു ബ്രാഹ്‌മണ വെറിയനായി മാറ്റിയിരുന്നില്ല. ബ്രാഹ്‌മണൻ എങ്ങനെ ഒരു അന്ധവിശ്വാസം ആവുന്നുവോ അതുപോലെയാണ് ദലിതനും എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

ഗോഡ്ഫാദറായി ബറോഡാ രാജാവ്

മിടുക്കനായ വിദ്യാർത്ഥിയായിരുന്നു അംബേദ്കർ. ബറോഡാ രാജാവിന്റെ സ്‌കോളർഷിപ്പോടെ 1912 ൽ അംബേദ്കർ ബി എ ബിരുദം കരസ്ഥമാക്കി. മഹർ സമുദായത്തിൽനിന്ന് ആദ്യമായി ബി എ ബിരുദം വ്യക്തിയായി അതോടെ അംബേദ്കർ. എന്നാൽ ഒരു ജോലി നേടുക അത്ര എളുപ്പമായിരുന്നില്ല അദ്ദേഹത്തിന്. അയിത്തമുള്ളവന് ജോലി നൽകാൻ ആരും തയ്യാറാകാത്തതു തന്നെ കാരണം. ഒടുവിൽ തന്നെ പഠിക്കാൻ സ്‌കോളർഷിപ്പു തന്നു സഹായിച്ച ബറോഡ രാജാവിനെ അദ്ദേഹം ചെന്നു കണ്ടു.

ഹിന്ദു സമുദായം തന്നോടു കാണിക്കുന്ന അവഗണനയെ കുറിച്ച് തുറന്നു പറഞ്ഞു. അദ്ദേഹം അംബേദ്കർക്ക് ബറോഡാ സൈന്യത്തിൽ ലെഫ്റ്റനന്റായി ജോലി നൽകി. എന്നാൽ മകന് ആ ജോലി ലഭിച്ചതിൽ അദ്ദേഹത്തിന്റെ അച്ഛൻ ഒട്ടും തൃപ്തനായിരുന്നില്ല. അടുത്തു തന്നെ അദ്ദേഹത്തിന്റെ അച്ഛൻ മരിക്കുകയും ചെയ്തു. ഇഷ്ടമില്ലാത്ത ജോലി താൻ സ്വീകരിച്ചതാവുമോ അച്ഛനു രോഗം വരാൻ കാരണമായതെന്ന് അദ്ദേഹം സംശയിച്ചു. ആ വേദനയിൽ ലെഫ്റ്റനന്റ് ജോലി രാജിവച്ചു. തുടർന്ന് ബറോഡാ രാജാവിന്റെ സഹായത്തോടെ തന്നെ കൊളംബിയ സർവകലാശാലയുടെ സ്‌കോളർഷിപ്പ് നേടി ഉപരിപഠനത്തിന് പുറപ്പെട്ടു. ലോകത്തിൽ അഡ്‌മിഷൻ കിട്ടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള യൂണിവേഴ്സിറ്റികളിൽ ഒന്നാണ് ന്യൂ യോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റി. പ്രത്യേകിച്ച് നിയമം പഠിക്കാൻ. ബരാക് ഒബാമ മുതൽ വാറൻ ബഫറ്റ് വരെ ഇവിടെ പഠിച്ചവരാണ്. ഇതുപോലെ ഉള്ള ഇംഗ്ലണ്ടിലെ ഒരു യൂണിവേഴ്സിറ്റിയാണ് ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്സ്, ഇവിടെ രണ്ടിടത്തും പഠിച്ച് ഡോക്ടറേറ്റ് കിട്ടിയെങ്കിൽ അംബേദ്ക്കറുടെ പ്രതിഭ എന്തായിരിക്കും.

വിദേശ ജീവിതം പുത്തൻകാഴ്‌ച്ചപ്പാടുകൾ രൂപവത്കരിക്കാൻ അദ്ദേഹത്തെ സഹായിച്ചു. എബ്രഹാം ലിങ്കണിന്റെ ജീവിതവും ബുക്കർ ടി വാഷിങ്ണിന്റെ ജീവിതവും അദ്ദേഹത്തെ ഏറെ പ്രചോദിപ്പിച്ചു. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അംബേദകർ ബറോഡാ രാജാവിന്റെ മിലിട്ടറി സെക്രട്ടറിയായി സ്ഥാനമേറ്റു. എന്നാൽ അദ്ദേഹത്തെ മിലിട്ടറി സെക്രട്ടറിയായി കാണുന്നതിനേക്കാൾ ഒരു നീചജാതിക്കാരനായി കാണാനായിരുന്നു ഏവർക്കും താത്പര്യം. ഇത് അംബേദ്കറെ ഏറെ വിഷമിപ്പിച്ചു.ഒടുവിൽ അദ്ദേഹം ആ ജോലി രാജിവച്ചു. സിഡൻഹോം കോളേജിൽ അദ്ധ്യാപകനായി ചേർന്നു. ഒപ്പം തന്നെ ഉപരിപഠനത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയും ചെയ്തു. അധ:കൃതരെ ഉയർത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ബഹിഷ്‌കൃതഹിതകാരിണി സഭ രൂപവത്കരിച്ചത്. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം ചരിത്രമാണ്.

ഹിന്ദു സ്ത്രീക്ക് സ്വത്തവകാശം നൽകി

ഇന്ന് മുസ്ലിം സ്ത്രീയുടെ സ്വത്തവകാശം വലിയ ചർച്ചയാവുന്ന കാലമാണ്. മുസ്ലീ സ്ത്രീക്ക് പരുഷന്റെ പാതിസ്വത്ത് മാത്രമെ ലഭിക്കുവെന്ന വിവേചനത്തിനതിരെ സമരങ്ങളും കോടതി നടപടികളും നടക്കുന്നു. പക്ഷേ സ്വാതന്ത്ര്യത്തിന് മുമ്പ് സമാനമായിരുന്നു ഇന്ത്യയിലെ ഹിന്ദീ സ്ത്രീയുടെയും അവസ്ഥ. അവർക്ക് സ്വത്തവകാശം ഇല്ലായിരുന്നു. മകൻ ആയിരുന്നു എല്ലാം. അംബ്ദേ്ക്കർ കൊണ്ടുവന്ന ഹിന്ദുകോഡ് ബില്ലിലെ ആദ്യത്തെ കാര്യം, ഒസ്യത്ത് എഴുതി വയ്ക്കാതെ മരിച്ച വ്യക്തിയുടെ സ്വത്തിനു വിധവയ്ക്കും മകൾക്കും മകന് തുല്യമായ പങ്ക് നീക്കിവയ്ക്കണം എന്നതാണ്. വിധവയ്ക്കും മകൾക്കും, മകന് കിട്ടുന്ന അതെ സ്വത്തവകാശം കിട്ടണമെന്ന ആവശ്യം പ്രതീക്ഷിച്ച പോലെ മതവാദികളുടെ രോഷത്തിനിടയാക്കി. എന്തിന് കോൺഗ്രസിലെ തന്നെ വലിയൊരു വിഭാഗം ഈ മതസംരക്ഷകർക്ക് ഒപ്പമായിരുന്നു.

പുരുഷന്റെ പീഡനങ്ങളാൽ വിട്ടുകഴിയുന്ന ഭാര്യയ്ക്ക് ഭർത്താവ് ചെലവിനു കൊടുക്കണം എന്നും ഹിന്ദുകോഡ് ബിൽ നിർദ്ദേശിച്ചു. അന്നുവരെ ഹിന്ദു മതത്തിൽ കേട്ടിട്ടില്ലാത്ത ഒന്നായിരുന്നു ഇതും. നൂറ്റാണ്ടുകളായുള്ള ഹിന്ദു ആചാരങ്ങൾക്ക് മേലുള്ള അംബേദ്കറുടെ കുതിരകയറ്റമാണെന്നു 1949 ഡിസംബർ 11 നു രാംലീല മൈതാനിയിൽ വിളിച്ചു കൂട്ടിയ സമ്മേളനത്തിൽ ആർഎസ്എസ് പ്രഖ്യാപിച്ചു.വിവാഹം നടക്കുമ്പോൾ ജാതി , ഉപജാതി എന്നിവയുടെ നിയമങ്ങൾ റദ്ദാക്കണമെന്നായിരുന്നു ഹിന്ദുകോഡ് ബില്ലിലെ മറ്റൊരു കാര്യം. ഹിന്ദുക്കൾക്കിടയിൽ എല്ലാ വിവാഹവും ഒരേ തരം നിയമപദവി ആയിരിക്കും. വിജാതീയ വിവാഹം അനുവദനീയമാണ്. ഇതും വലിയ ഭൂകമ്പം സൃഷ്ടിച്ചു.

വിവാഹമോചനത്തിലും ഞെട്ടൽ

ഏതു പങ്കാളിക്കും ക്രൂരത, വിവാഹബാഹ്യബന്ധം, ഭേദമാക്കാനാവാത്ത രോഗം ഇത്യാദി കാരണങ്ങളാൽ വിവാഹമോചനം നടത്താമെന്ന് ഹിന്ദുകോഡ് ബിൽ പറയുന്നുണ്ട്. അന്നുവരെ ഹിന്ദു സമൂഹത്തിൽ വിവാഹ മോചനം എന്നൊരു സംഭവം കേട്ടിട്ട് കൂടിയില്ലായിരുന്നു. അത് നിയമപരം ആകുന്നത് തങ്ങളുടെ സംസ്‌കാരത്തിന്റെ നശിപ്പിക്കും എന്നവർ തീവ്ര വലതു പക്ഷ ഹിന്ദുക്കൾ ഉറച്ചു വിശ്വസിച്ചു. ഏകപത്നീ വ്രതം നിർബന്ധമാക്കുക എന്നതായിരുന്നു ഹിന്ദുകോഡിലെ മറ്റൊരു നിർദ്ദേശം. അന്നത്തെ കാലത്ത് മുസ്ലിങ്ങളെപ്പോലെ തന്നെ ബഹുഭാര്യത്വത്തെ ഉണ്ടായിരുന്ന മതം ആയിരുന്നു ഹിന്ദുമതം. അതുപോലെ ദത്തവകാശത്തിനും സ്വതന്ത്രവും ഹിന്ദു കോഡ് നൽകുന്നു. 'വ്യത്യസ്ത ജാതികളിലെ കുട്ടികളെ ദത്തെടുക്കാനുള്ള അവകാശം' എന്നണ് അംബേദ്ക്കർ കൃത്യംമായി എഴുതി.മേൽപ്പറഞ്ഞ എല്ലാം ഇന്ന് ഹിന്ദു മതത്തെ ആധുനിക മൂല്യങ്ങൾ പിന്തുടരുന്ന മതമായി കണക്കാക്കാനുള്ള അളവുകോലുകൾ ആണെങ്കിൽ, ഇതവതരിപ്പിച്ച സമയത്ത് അംബേദ്കറിന് ഹിന്ദു സമൂഹത്തിൽ നിന്ന് വളരെയധികം എതിർപ്പുകൾ നേരിടേണ്ടിവന്നു

സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റായ നാസർ ഹുസൈൻ കിഴക്കേടത്ത് തന്റെ ഫേസ്‌ബുക്ക് പോസ്റ്റി ഇങ്ങനെ എഴുതുന്നു. '' ഹിന്ദുകോഡ് ബില്ലിനെതിരെ ദ്വാരക ശങ്കരാചാര്യർ ലേഖനം എഴുതി. ഹിന്ദു ധര്മശാസ്ത്ര പ്രകാരം ഹിന്ദു സ്ത്രീക്ക് സ്വത്തിലെ എട്ടിൽ ഒന്നേ അവകാശമുള്ളൂ എന്ന് മറ്റു ചിലർ വാദിച്ചു. പ്രത്യക്ഷമായി എതിർത്തത് ആർഎസ്എസ് ആയിരുന്നെങ്കിൽ, ഉൾവെട്ടു വെട്ടിയത് കോൺഗ്രസ് തന്നെയായിരുന്നു. കോൺഗ്രസിലെ ഹിന്ദു തീവ്ര പക്ഷപാതികൾ പട്ടേലും രാജേന്ദ്ര പ്രസാദും ആയിരുന്നു. ഹിന്ദു ബിൽ വരാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ട് പട്ടേൽ രാജേന്ദ്രപ്രസാദിനോട്, തൽക്കാലം പബ്ലിക് ആയി ഒന്നും പറയരുതെന്ന് നിർദ്ദേശിച്ചു. അടുത്ത് നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ രാജേന്ദ്രപ്രസാദിന് അവസരം ഒരുക്കമായിരുന്നു അത്.

പാർലമെന്റിലും പുറത്തും ഈ ബില്ലിനെതിരെ ഇത്രയും ആക്രോശം ഉയരുമെന്ന് നെഹ്രുവും കരുതിക്കാണില്ല. നെഹ്രുവിന്റെ മെല്ലെപ്പോക്കിൽ പ്രതിഷേധിച്ചും മനം മടുത്തും അംബേദ്കർ രാജിവച്ചു. ബില് പാർലിമെന്റ് പാസ്സാക്കിയിരുന്നെങ്കിലും രാജേന്ദ്രപ്രസാദ് അത് തിരിച്ചയക്കാൻ ഒരു സാധ്യതയും ഉണ്ടായിരുന്നു.

1952ലെ തെരഞ്ഞെടുപ്പിന് ശേഷം വൻഭൂരിപക്ഷം കിട്ടിയ നെഹ്‌റു ഒരു കളി കളിച്ചു. അപ്പോഴേക്കും അദ്ദേഹം കോൺഗ്രസിലെ അനിഷ്യേധ്യ നേതാവായിക്കഴിഞ്ഞിരുന്നു. അംബേദ്കർ അവതരിപ്പിച്ച കാര്യങ്ങൾ ഒരു വലിയ ബില് ആയിട്ടല്ലാതെ ചെറിയ ചെറിയ ബില്ലുകളായി അദ്ദേഹം പാർലിമെന്റിൽ പാസ്സാക്കിയെടുത്തു. 1954 - 56 താൻ അവതരിപ്പിച്ച ബില്ലിലെ കാര്യങ്ങൾ എല്ലാം ഓരോന്നായി പാസ്സാവുന്നത് അംബേദ്കർ കണ്ടു. ഇത് കഴിഞ്ഞു കുറച്ചു മാസങ്ങൾക്ക് ശേഷം 1956 ഡിസംബറിൽ അംബേദ്കർ അന്തരിച്ചു. പക്ഷെ സ്വാതന്ത്ര്യം കിട്ടി ഇത്ര നാളായിട്ടും ഇന്ത്യൻ മുസ്ലിങ്ങളുടെ സിവിൽ നിയമങ്ങൾ ആധുനികവത്കരിച്ചിട്ടില്ല എന്നത് ഒട്ടും ആശാവഹമല്ല. മതമല്ല ആധുനിക മൂല്യങ്ങളാണ് ഒരു രാജ്യത്തെ പ്രജകളുടെ നിയമങ്ങളെ അടിസ്ഥാനം അയക്കേണ്ടത്. അതിന് ഇന്ത്യയിലെ മുസ്ലിങ്ങൾ തന്നെ മുന്നോട്ടു വരണം. ഇന്നത്തെ ഹിന്ദു അഭിമാനത്തോടെ തങ്ങളുടെ സിവിൽ നിയമങ്ങൾ ആധുനികമാണെന്ന് നെഞ്ചുനിവർത്തി പറയാൻ കടപ്പെട്ടിരിക്കുന്നത് അംബേദ്കറിനോടാണെങ്കിൽ, നാളത്തെ ഇന്ത്യൻ മുസ്ലിം അതുപോലെ ചെയ്യാൻ നമുക്ക് എന്താണ് ചെയ്യാൻ കഴിയുക എന്നാലോചിക്കണം.''- നാസർ ഹുസൈൻ ചൂണ്ടിക്കാട്ടുന്നു.

'ജാതിക്കൊപ്പം മതവും നശിക്കണം'

ഇന്ന് ജാതിവാദികളായ പലരും അംബേദ്ക്കറെ ഉയർത്തിപ്പിടിച്ച് നടക്കുന്നത് കാണാം. മതം മാറാൻ കഴിയും. പക്ഷേ ജാതി മാറാൻ കഴിയില്ല എന്നാണ് അവരുടെ നിലപാട്. പക്ഷേ ജാതിയെയും മതത്തെയും ഒരുപോലെ എതിർക്കുന്ന നിലപാടാണ് അംബേദ്ക്കർ സ്വീകരിച്ചത്. ജാതി ഉന്മൂലനം എന്ന നടക്കാതെ പോയ പ്രഭാഷണത്തിൽ ഉടനീളം അംബേദ്ക്കർ ഹിന്ദു മതത്തെ കടന്ന് ആക്രമിക്കുന്നുണ്ട്. ഇന്ത്യൻ ദൈനം ദിന ജീവിതത്തിൽ ജാതി എന്ന ദുരാചാരം എത്രത്തോളം അപകടകരമായി നിലകൊള്ളുന്നുവെന്നും , ജാതിക്ക് ഹിന്ദു മതത്തിൽ സൗദ്ധാന്തിക അടിത്തറയുണ്ടെന്നും അദ്ദേഹം തെളുവുകൾ നിരത്തി സമർത്ഥിക്കുന്നു.

എന്തുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗസ്, സോഷ്യലിസ്റ്റുകൾ, ബുദ്ധിജീവികൾ , സാമുദായിക നേതാക്കൾ തുടങ്ങി സമൂഹത്തിൽ സ്വാധീനം ഉള്ള പല ഉന്നതർക്കും ജാതിയെ ഉന്മൂലനം ചെയ്യാൻ കഴിയുന്നില്ല എന്ന് വിശദമായി പരിശോദിച്ച ശേഷം, ജാതി ഇല്ലാതാകണമെങ്കിൽ ഹിന്ദു മതം നശിക്കണം, അല്ലെങ്കിൽ, വലിയ തോതിലുള്ള പരിഷ്‌കരണത്തിലേക്ക് ഹിന്ദുമതം നീങ്ങണം എന്ന ഉത്തരത്തിലേക്ക് അംബേദ്കർ എത്തുന്നു.ഹിന്ദു മതത്തെ വിമർശിക്കുന്നു എന്നതുകൊണ്ട് തന്നെ അംബേദ്ക്കർക്ക് വേദിയിൽ തന്റെ പ്രഭാഷണം അവതരിപ്പിക്കാൻ കഴിഞ്ഞില്ല. സ്വന്തം ചെലവിൽ അദ്ദേഹം പ്രസംഗം പുസ്തകമായി പ്രസിദ്ധീകരിച്ചു. ഇന്ത്യയിലെ ജാതി വ്യവസ്ഥ അവസാനിപ്പിക്കാനുള്ള ഒരേ വഴി ജാതി മാറിയുള്ള വിവാഹമാണെന്ന് അദ്ദേഹം പറഞ്ഞുവയ്ക്കുന്നുണ്ട്.

പുനൈ കരാറിനു ശേഷം അംബേദ്ക്കർ എത്ര മാത്രം ഒറ്റപ്പെട്ടിരുന്നു എന്ന് വെളിവാക്കുന്നതാണ് പ്രസംഗത്തിന്റെ അവസാന ഭാഗം. 'അധികാരത്തിന്റെ ഒരു ഉപകരണവുമില്ലാത്ത , മഹത്ത്വ വാഴ്‌ത്തുകാരില്ലാത്ത ഒരു മനുഷ്യൻ. ദേശീയ പ്രസിദ്ധീകരണങ്ങളും , ദേശീയ നേതാക്കളുടെയും നിന്ദയും ദുരോരോപണങ്ങളും നേടിയ വ്യക്തി' എന്നാണ് അദേഹം സ്വയം വിശേഷിപിക്കുന്നത്. ഒടുവിൽ,' എന്നോട് ക്ഷമിക്കണം, തുടർന്നുള്ള പോരാട്ടത്തിന് ഞാൻ നിങ്ങളുടെ കൂടെ ഉണ്ടാവില്ല' എന്ന് പറഞ്ഞ് ഹിന്ദു മതത്തിൽ നിന്ന് പുറത്തു പോകുന്നതിന്റെ സൂചന നൽകിയാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിക്കുന്നത്.

അംബേദ്ക്കറിന്റെ ദീർഘമായ പ്രസംഗത്തിന് ഗാന്ധി ഹരിജൻ പത്രത്തിൽ മറുപടി എഴുതി. ഗാന്ധി എഴുതിയ രണ്ട് ലേഖനങ്ങളും, നിരാശകരമായിരുന്നു. അംബേദ്ക്കർ ഉണയിച്ച പ്രശ്നങ്ങളും പരിഹാരങ്ങളും വിശകലനം ചെയ്യുന്നതിന് പകരം ഹിന്ദു മതത്തിന് നേരെ വന്ന ആക്രമങ്ങളെ പ്രതിരോധിക്കാൻ ആണ് ഗാന്ധി ശ്രമിച്ചത്. ഗാന്ധിക്ക് ഹിന്ദു മതം അഹിംസയാണ്. ഏക ദൈവ വിശ്വാസമാണ്. ആര് എന്ത് എതിരെ വാദിച്ചാലും ഈ നിലപാടിൽ ഉറച്ചു നിൽക്കുമെന്നും ഗാന്ധി ഉറപ്പിച്ചു പറയുന്നു.

സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ അഭിലാഷ് കൃഷ്ണൻ ഇങ്ങനെ എഴുതുന്നു. 'കോടികണക്കിന് ആളുകൾ ഒരു ദുഷിച്ച അനാചാരം കാരണം അനുഭവിക്കുന്ന തിക്താനുഭവങ്ങൾ ഗാന്ധിക്ക് ഒരു പ്രശ്നമേ അല്ല. ഗാന്ധിയുടെ അഭിപ്രായത്തിൽ പ്രശ്നങ്ങൾ എല്ലാം ചുരുക്കം ചില വ്യക്തികളുടെ ദുഷ്പ്രവൃത്തികൾ. മതത്തിന് യാതൊരു പങ്കുമില്ല..സത്യത്തിന് നേരെ മുഖം തിരിച്ച് , ന്യായ വൈകല്യങ്ങളുമായി ഗാന്ധി വട്ടം തിരിയുന്നു. എന്നാൽ 'മഹാത്മക്കുള്ള മറുപടി ' എന്ന ലേഖനത്തിൽ അംബേദ്ക്കർ ശാസ്ത്രീയമായ ചിന്താരീതിയിലൂടെ ഗാന്ധിയുടെ വാദങ്ങളെ വീണ്ടും അവലോകനം ചെയ്യുന്നുണ്ട്. അദ്ദഹത്തിന്റെ ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ് ' ഹേ ഹിന്ദുക്കളെ, നിങ്ങളുടെ നേതാക്കൾ ഇങ്ങനെ ആയി പോയല്ലാ ' ഗാന്ധിക്കുണ്ടായിരുന്ന ജനപിന്തുണ അംബേദ്കറിനുണ്ടായിരുന്നെങ്കിൽ, അല്ലെങ്കിൽ അംബേദക്കറിനുണ്ടായിരുന്ന യുക്തിബോധം ഗാന്ധിക്കുണ്ടായിരുന്നെങ്കിൽ , ഒരു മെച്ചപ്പെട്ട ഇന്ത്യൻ സമൂഹം ഉടലെടുക്കുമായിരുന്നു.''- അഭിലാഷ് ചൂണ്ടിക്കാട്ടുന്നു

ഇസ്ലാമിനെയും ശക്തമായി എതിർത്തു

ഇന്ന് അംബ്ദേ്ക്കറൈറ്റുകൾ എന്ന് വിളിക്കുന്നവരിൽ ഒരു വിഭാഗം ശക്തമായ പ്രചരിപ്പിക്കുന്നത്, അബേദ്ക്കർ ഇസ്ലാമിക പക്ഷപാതിയെന്നാണ്. പക്ഷേ ഇസ്ലാമിനെ കൃത്യമായി പഠിച്ച അംബേദ്ക്കർ അതിനെ എതിർക്കുന്ന നിലപാടാണ് അവസാനകാലത്തടക്കം സ്വീകരിച്ചിരിക്കുന്നത്.

'പാക്കിസ്ഥാൻ ഓർ പാർട്ടീഷൻ ഓഫ് ഇന്ത്യ' എന്ന പേരിൽ അംബേദ്ക്കറുടെ എഴുത്തുകളും പ്രഭാഷണങ്ങളും സമാഹരിച്ച് ഇറക്കിയ പുസ്തകത്തിൽ ഇത് വ്യക്തമായി പറയുന്നുണ്ട്. അംബേദ്ക്കർ എഴുതുന്നു. 'ഹിന്ദുമതം ആളുകളെ ഭിന്നിപ്പിക്കുന്നു എന്ന് പറയപ്പെടുന്നു, അതിനു വിപരീതമായി ഇസ്ലാം ആളുകളെ ഒരുമിച്ച് ബന്ധിപ്പിക്കുന്നു എന്നും പറയപ്പെടുന്നു. ഇത് ഒരു അർദ്ധ സത്യം മാത്രമാണ്. എന്തെന്നാൽ, ഇസ്ലാം അത് ബന്ധിപ്പിക്കുന്നതുപോലെ അഭേദ്യമായി വിഭജിക്കുന്നു. ഇസ്ലാം ഒരു കൂട്ടമാണ് . ഇസ്ലാമിൽ മുസ്ലീങ്ങളും അമുസ്ലിങ്ങളും തമ്മിലുള്ള വേർതിരിവ് യാഥാർഥ്യമാണ് . ഇസ്ലാമിന്റെ സാഹോദര്യം മനുഷ്യന്റെ സാർവത്രിക സാഹോദര്യമല്ല. അത് മുസ്ലീങ്ങൾക്ക് മാത്രമുള്ള മുസ്ലീങ്ങളുടെ സാഹോദര്യമാണ്. ഒരു സാഹോദര്യമുണ്ട്, എന്നാൽ അതിന്റെ പ്രയോജനം ആ കൂട്ടത്തിലുള്ളവർക്ക് മാത്രമായി ഒതുങ്ങുന്നു. ഈ കൂട്ടത്തിനു പുറത്തുള്ളവരോട് അവജ്ഞയും വിദ്വേഷവുമല്ലാതെ മറ്റൊന്നുമില്ല. ഇസ്ലാമിന്റെ രണ്ടാമത്തെ പോരായ്മ, അത് ഒരു സാമൂഹിക സ്വയംഭരണ സംവിധാനമാണ്, അത് പ്രാദേശിക ഭരണവുമായി പൊരുത്തപ്പെടുന്നില്ല എന്നതാണ്, കാരണം ഒരു മുസ്ലിമിന്റെ വിധേയത്വം അവന്റെ രാജ്യത്തുള്ള അവന്റെ വാസസ്ഥലത്തോടല്ല, മറിച്ച് അവന്റെ വിശ്വാസത്തോടാണ് . ഇസ്ലാമിന്റെ ഭരണം എവിടെയുണ്ടോ അവിടെയാണ് അവന്റെ രാജ്യ . മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു യഥാർത്ഥ മുസ്ലീമിനെ ഇന്ത്യയെ മാതൃരാജ്യമായി സ്വീകരിക്കാനും ഒരു ഹിന്ദുവിനെ തന്റെ ബന്ധുവായി കണക്കാക്കാനും ഇസ്ലാം ഒരിക്കലും അനുവദിക്കില്ല.''- വളരെ വ്യക്തമായി അംബേദ്ക്കർ ഇസ്ലാമിനോടുള്ള നിലപാട് വ്യക്തമാക്കുന്നു.

മുസ്ലീങ്ങൾക്ക് മാത്രമുള്ള മുസ്ലീങ്ങളുടെ സാഹോദര്യമാണ് ഇസ്ലാമിലൂടെ നടക്കുന്നത് എന്നും, അതിന്റെ പ്രയോജനം ആ കൂട്ടത്തിലുള്ളവർക്ക് മാത്രമായി ഒതുങ്ങുന്നുവെന്നും അംബേദ്ക്കർ കൃത്യമായി നിരീക്ഷിക്കുന്നു. ഈ കൂട്ടത്തിനു പുറത്തുള്ളവരോട് അവർക്ക് അവജ്ഞയും വിദ്വേഷവുമല്ലാതെ മറ്റൊന്നുമില്ല എന്നും അംബേദ്ക്കർ നിരീക്ഷിക്കുന്നു. എന്നിട്ടാണ് ഇവിടെയുള്ള ജമാഅത്തെ ഇസ്ലാമിക്കാർ മുതൽ, ഇസ്ലാമോ ലെഫ്റ്റ് എന്ന് വിളിക്കുന്ന സാംസ്കാരിക നായകർ വരെ, അംബേദ്ക്കറെ ഇസ്ലാമിന്റെ സ്വന്തം ആളായി കൊണ്ടുനടക്കുന്നത്!

ബുദ്ധമതത്തിലേക്ക്

ഒരുപാട് മതങ്ങളെ പഠിച്ചശേഷമാണ് അംബേദ്ക്കർ ബുദ്ധനിലേക്ക് അടുക്കുന്നത്. സെമിറ്റിക്ക് മതങ്ങളുടെ ദൃഢത ഇല്ലാത്തതായിരുന്നു ആ മതം. ബുദ്ധനെ സാമൂഹ്യനീതിയുടെയും മോചനത്തിന്റെയും കർതൃത്വമായി അംബേദ്കർ ആവിഷ്‌കരിക്കുന്നുണ്ട്. മാത്രമല്ല 'പാപം' പരിധികൾ നിർണ്ണയിക്കുന്ന ക്രിസ്തീയ വഴിയും, 'ഭയം' ശക്തമായ സാന്നിധ്യമായ ഇസ്ലാമിക വഴികളും തന്നെ ആകർഷിക്കുവാനുള്ള സാധ്യത കുറവായിരുന്നു എന്ന് അംബേദ്ക്കർ എഴുതിയിട്ടുണ്ട്. ബുദ്ധദർശനങ്ങളിലെ പ്രകടഭാവമായ 'സ്‌നേഹ'ത്തെപ്പറ്റി അദ്ദേഹം വാചാനായി. ബുദ്ധമതത്തിന്റെ രണ്ടു മൗലിക അവസ്ഥകളായ ജ്ഞാനവും സ്‌നേഹവും, സാധാരണ മനുഷ്യന്റെ പച്ചമനസ്സുകൾക്ക് അതിവേഗം ഉൾക്കൊള്ളാൻ പറ്റും എന്ന് അംബേദ്കർ വിശ്വസിക്കുന്നുണ്ട്. (അംബേദ്കർ, 1972). പക്ഷേ അംബേദ്ക്കർക്ക് പറ്റിയ, ഏറ്റവും വലിയ അബദ്ധമായിരുന്നു ബുന്ധമതത്തിലേക്കുള്ള മാറ്റം എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. ആഴത്തിൽ പഠിച്ചാൽ മറ്റ് മതങ്ങളെപ്പോലെ തന്നെ ഒന്നാന്തരം വിഡ്ഡിത്തങ്ങളും, അന്ധവിശ്വാസങ്ങളും ആവശ്യത്തിന് ഉള്ളതാണ് ബുദ്ധമതം. ഇപ്പോൾ ബുദ്ധൻേറത് എന്ന് പ്രചരിക്കുന്ന പല ഉദ്ധരികണകൾ പോലും സാക്ഷാൽ അംബേദ്ക്കർ എഴുതിയതാണ്! പക്ഷേ അരുന്ധതി റോയി എഴുതിയതുപോലെ നീതിക്കായുള്ള വലിയ ഒരു നിലവിളി ആയിരുന്നു അംബേദ്ക്കറുടെ ജീവിതം.

അതുപോലെ കേരളത്തിലെ അംബേദ്ക്കറൈറ്റുകളിൽ ചിലർ പറയുന്നതുപോലെ, സംവരണം എന്നത് ലോകവസാനംവരെ നിലനിർത്തേണ്ട ഒരു സാധനമായി അദ്ദേഹം കണ്ടിരുന്നില്ല. ഏതാനും വർഷങ്ങൾ കൊണ്ട് അവസാനിപ്പേക്കണ്ട, സാമൂഹിക നീതിക്കായുള്ള ഒരു ഭരണഘടനാ ടൂൾ ആയാണ് അദ്ദേഹം അതിനെ കണ്ടത്. എന്നാൽ അതേ അംബേദ്ക്കറെ ഉദ്ധരിച്ചുകൊണ്ട് ഇപ്പോൾ, സംവരണ നിരക്ക് കൂടിക്കൂടി വരികയാണ്. ഇപ്പോൾ മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കും സംവരണം വന്നു. പക്ഷേ ആന്ത്യന്തികായി അംബേദ്്ക്കർ വിശ്വസിച്ചിരുന്നത് മെറിറ്റിൽ ആയിരുന്നു. വിദ്യകൊണ്ടും, വ്യവസായം കൊണ്ടും കരുത്തർ ആവാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അംബേദ്ക്കർ ഒരു ജാതിപ്പാർട്ടിയുടെയും ആളായിരുന്നില്ല. ജാതി നിലത്തരുത് എന്നും മതം തന്നൊണ് ജാതിയെ വളർത്തുന്നത് എന്നും ആനിഹിലേഷൻ ഓഫ് കാസ്റ്റ് എന്ന തന്റെ പുസ്തകത്തിൽ അംബേദ്ക്കർ പറയുന്നുണ്ട്. പക്ഷേ നമ്മുടെ നാട്ടിൽ ജാതി സംഘടനകളുടെ പരിപാടികളിലെപ്പോലും പ്രധാന ഐറ്റമാണ് അംബേദ്ക്കർ. പക്ഷേ വിഗ്രഹ പ്രതിഷ്ഠയെ എതിർത്ത ശ്രീനാരായണ ഗുരുവിനെ
സ്വയം ഒരു പ്രതിഷ്ഠയും വിഗ്രഹവുമാക്കിയതുപോലെ, അംബേദ്ക്കർ എന്ത് പറഞ്ഞോ, അതിന് വിപരീതം ചെയ്യുന്ന അംബേദ്ക്കറൈറ്റുകളുടെ നാടായും കേരളം മാറുകയാണ്

വാൽക്ക്ഷണം: ഡോ: ശാരദ എന്ന ബ്രാഹ്‌മണ കുടുംബത്തിൽ ജനിച്ച സ്ത്രീയ അംബേദ്ക്കർ വിവാഹം കഴിച്ചപ്പോഴും, പല മനുസ്മൃതി വിവാദം കൂത്തിപ്പൊക്കി. 'ബ്രാഹ്‌മണരെയല്ല ബ്രാഹ്‌മണിസത്തെയാണ് എതിർക്കുന്നത് എന്ന പ്രഖ്യാപനം' പ്രയോഗികമായല്ലോ എന്നായിരുന്നു ഈ സമയത്ത് അംബേദ്ക്കറുടെ തമാശ. ജാതി വെറി ഉയർത്തിയല്ല മിശ്രവിവാഹത്തിലൂടെയാണ്, ജാതിയെ തകർക്കേണ്ടത് എന്നാണ് അംബേദ്ക്കർ എപ്പോഴും പറയാറുള്ളത്.

വിവരങ്ങൾക്ക് കടപ്പാട്

ആനിഹിലേഷൻ ഓഫ് കാസ്റ്റ് - ഡോ ബി ആർ അംബേദ്ക്കർ

പാക്കിസ്ഥാൻ ഓർ പാർട്ടീഷൻ ഓഫ് ഇന്ത്യ-ഡോ ബി ആർ അംബേദ്ക്കർ

നാസർഹൂസൈൻ കിഴക്കേടത്ത്, അഭിലാഷ് കൃഷ്ണൻ- ഫേസ്‌ബുക്ക് പോസ്റ്റ്