പണ്ടൊക്കെ മോദിപ്പേടിയായിരുന്നു, പൊതുവെ ഇടതുപക്ഷ സർക്കിളികളിലൊക്കെ ഉയന്നുകേട്ടിരുന്നത്. മോദി അധികാരത്തിൽ വന്നാൽ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യും എന്നത് അടക്കമുള്ള ഘടാഘടിയൻ സാഹിത്യങ്ങൾ! എന്നാൽ ഇന്ന് അത് ഇ ഡിപ്പേടിയായി മാറിയിരിക്കും. ഇന്ന് തൂണിലും തുരുമ്പിലും വരെ ഇ ഡിയാണ്. സോണിയാഗാന്ധിയും, രാഹുലും, ഡൽഹിയിലെ ആംദ്മി നേതാക്കളും തൊട്ട് ബംഗാളിലെയു, തെലുങ്കാനയിലെയും, തമിഴ്‌നാട്ടിലെയുമൊക്കെ പ്രതിപക്ഷ നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് എന്ന ഇ ഡി എത്തുന്നു. ഇനി കേരളത്തിലേക്ക് വന്നാൽ നടി നവ്യാനായർ തൊട്ട് കരുവന്നുർബാങ്കുവരെ എത്തിനൽക്കുന്ന ഇ ഡിയുടെ പൂണ്ടുവിളയാട്ടം!

പ്രമാദമായ ഏത് കേസും അന്വേഷിക്കാൻ സിബിഐ വരണമെന്ന് മുറവിളി കൂട്ടിയിരുന്ന മലയാളികൾക്കിടയിൽ ഇന്ന് ഇ ഡിയുടെ പേരാണ് സുപരിചിതമായുള്ളത്. സ്വർണക്കടത്ത്, ഡോളർ കടത്ത് ലൈഫ് മിഷൻ കേസ്, സർവീസ് സഹകരണ ബാങ്കുകളിലെ തിരിമറി എന്നുവേണ്ട സ്‌കൂൾ നിയമനത്തിലെ കോഴ ആരോപണം വരെ ഏതു കേസിലും സാമ്പത്തിക വിഷയം വന്നാൽ അന്വേഷിക്കാൻ ക്ഷണിക്കാത്ത അതിഥിയായി ഇഡിയെത്തുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. മോദിയെത്തുന്നതിന് മുമ്പ ഇ ഡിഎത്തുമെന്നാണ് ഇന്ത്യയിലെ ഇപ്പോഴത്തെ ഒരു ചൊല്ല്!

പണ്ടൊക്കെ ഇന്ത്യയിലെ ഏറ്റവും ഗ്ലാമറുള്ള അന്വേഷണ ഏജൻസി സിബിഐ ആയിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നാട്ടിൽ നിറഞ്ഞു നിൽക്കുന്നത് ഇ ഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ്. ഇഡി എന്നു കേട്ടാലുടൻ ഭയന്നുവിറയ്ക്കുന്നവരുടെ എണ്ണം അടുത്തകാലത്തായി കൂടുകയാണ്. പത്തുവർഷം മുമ്പുവരെയും ആരും അറിയുകപോലുമില്ലാത്ത പേരായിരുന്നു ഇ ഡിയുടെത്. ഇപ്പോൾ ഇന്ത്യമുഴുവൻ ഇ ഡി മയമാണ്. ബിജെപിയെ എതിർക്കുന്ന പ്രതിപക്ഷ നേതാക്കളെ ഒതുക്കാനും, പാഠംപഠിപ്പിക്കാനുമൊക്കെയായുള്ള ചട്ടുകമാണ് ഇ ഡി എന്ന ആക്ഷേപവും അതിനിടയിൽ ശക്തമാണ്. ഈയിടെ ആം ആദ്മി നേതാവ് മനീഷ് സിസോദിയക്ക് എതിരെയുള്ള കേസിൽ കോടതി ഇ ഡിയോട് ചോദിക്കയുണ്ടായി വ്യക്തമായ തെളിവ് എവിടെ എന്ന്. അതുപോലെ ഇ ഡി പിടിക്കുന്ന കേസുകൾക്ക് ശിക്ഷാ നിരക്കും പൊതുവെ കുറവാണ്. അതുകൊണ്ടുതന്നെ മോദി സർക്കാറിന്റെ രാഷ്ട്രീയ പകപോക്കൽ ആയുധമാണ് ഇ ഡി എന്നും വിമർശനമുണ്ട്.

മറ്റൊരു അന്വേഷണ എജൻസികൾക്കും ഇല്ലാത്ത ഒരുപാട വിപലുമായ അധികാരങ്ങൾ ഉള്ള ഏജൻസിയാണ് ഇ ഡി. അതുതന്നെയാണ് അവരെ വേറിട്ടതാക്കുന്നും, പേടിപ്പെടുത്തുന്നതും.



വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം

ലോക്കൽ പൊലീസ് തൊട്ട് സിബിഐയെയും എൻഐഎയും വെച്ചുനോക്കുമ്പോൾ ഇന്ന് ഏറ്റവും കൂടുതൽ അധികാരങ്ങളുള്ള ഏജൻസിയാണ് ഇ ഡി.
പരാതിയില്ലാതെ ആർക്കെതിരെയും ഇ.ഡിക്കു അന്വേഷണം നടത്താം. കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യേണ്ടതില്ല. മറ്റൊരു അഥോറിറ്റിയുടെ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താം. എൻഫോഴ്‌സ്‌മെന്റ് ഓഫീസർ എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സിഐ.ആർ.) സമർപ്പിച്ചാൽ മതി. ഇതിന്റെ കോപ്പി കുറ്റാരോപിതർക്ക് നൽകണമെന്നില്ല.

വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരവുണ്ട്. കാരണം കാണിക്കാതെ തന്നെ ഇഡിക്കുമുന്നിൽ ഹാജരാകാൻ ആവശ്യപ്പെടാം. ഇഡി പിടിച്ചാൽ ജാമ്യം ലഭ്യമാകാൻ ഏറെ ബുദ്ധിമുട്ടാണ്. 2017 വരെ ഇ.ഡി. കേസിൽ ജാമ്യം ലഭിക്കുക ഏറെക്കുറെ അസാധ്യമായിരുന്നു. കോടതിക്ക് പ്രതി കുറ്റക്കാരനല്ലെന്ന് ബോധ്യപ്പെട്ടാൽ മാത്രമായിരുന്നു ജാമ്യം. അതുവരെ പ്രതിയെ ജയിലിലടക്കാം. എന്നാൽ 2017-ൽ കോടതി ഈ വ്യവസ്ഥ എടുത്തുകളഞ്ഞു.

പ്രതി ഇ.ഡിക്കു മുന്നിൽ നൽകുന്ന മൊഴി കോടതിയിൽ തെളിവായി സ്വീകരിക്കപ്പെടും. അതായത് പ്രതി സ്വയം കുറ്റം ഏറ്റുപറയുന്നത് തെളിവാകും എന്നു ചുരുക്കം. മന്ത്രിമാരെയോ സർക്കാർ ഉദ്യോഗസ്ഥരെയോ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിചേർക്കാനോ ഹാജരാകാൻ ആവശ്യപ്പെടാനോ ഇ.ഡിക്ക് സർക്കാരിൽനിന്നോ മറ്റേതെങ്കിലും അധികാരസ്ഥാപനത്തിൽനിന്നോ അനുമതിയുടെ ആവശ്യമില്ല. ഈ അധികാരമുള്ള രാജ്യത്തെ ഏക അന്വേഷണ ഏജൻസിയാണ് ഇ.ഡി.

കുറ്റകൃത്യത്തിലൂടെ ഉണ്ടാക്കിയതെന്ന് ഇ.ഡി. നിരീക്ഷിക്കുന്ന ഏത് ആസ്തിയും കണ്ടുകെട്ടാം. ആരിൽ നിന്നാണോ വസ്തുവകകളോ രേഖകളോ പിടിച്ചെടുക്കുന്നത് അവർ അതിന്റെ ഉടമയായി കണക്കാക്കപ്പെടും. ഒരാൾ ബിനാമിയെ ഉപയോഗിച്ച് ഇടപാടുകൾ നടത്തിയാൽ പിടിക്കപ്പെടുന്നത് ബിനാമികളാകുമെന്ന് ചുരുക്കം.

2019-ലെ ഭേദഗതിയിലൂടെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) ഒന്നുകൂടി ശക്തമാക്കപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കലിനെ സ്വതന്ത്ര കുറ്റകൃത്യമായി കണക്കാക്കാമെന്നും കേസെടുക്കാൻ മറ്റ് അഥോറിറ്റിയുടെ (പൊലീസ്, സിബിഐ., എൻ.ഐ.എ.) എഫ്.ഐ.ആറിനുവേണ്ടി കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും 2019 ഭേദഗതിയിൽ വ്യക്തമാക്കുന്നു.ഇപ്പോൾ രാജ്യത്തിന് പുറത്തുള്ള നിയമവിരുദ്ധ ആസ്തികളും കുറ്റകൃത്യത്തിലൂടെ സമ്പാദ്യമായി പരിഗണിക്കപ്പെടും.എല്ലാ പി.എംഎ‍ൽഎ. കുറ്റകൃത്യങ്ങളും ജാമ്യമില്ലാ കുറ്റങ്ങളായിരിക്കും. കുറ്റം മറച്ചുവയ്ക്കുന്നത് പ്രത്യേക കുറ്റമായി പരിഗണിക്കപ്പെടും. യഥാർത്ഥ പ്രതി ചെയ്യുന്ന കുറ്റകൃത്യത്തിന് സമാനമായിരിക്കും ഇത്. ഇ ഡി കേസുകളിൽ മറ്റ് കേസുകളിൽനിന്ന് ഭിന്നമായി ജാമ്യം കിട്ടാനും ബുദ്ധിമുട്ടാണ്. ഇതൊക്കെ കൊണ്ടുതന്നെയാവണം രാജ്യത്ത് ഇ ഡിപ്പേടി വർധിക്കുന്നതും.



പത്തുവർഷം മുമ്പുവരെ ആരും അറിയില്ല

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഒരു ലോ എൻഫോഴ്‌സ്‌മെന്റ് യൂണിറ്റായി 1956-ലാണ് ഇ ഡി നിലവിൽ വന്നത്. കള്ളപ്പണ നിരോധന നിയമം, വിദേശ പണമിടപാട് നിയമങ്ങൾ തുടങ്ങി രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് തന്നെ വിഘാതമാകുന്ന അതീവ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുകയായിരുന്നു ലക്ഷ്യം. എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് പിന്നീട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നറിയപ്പെട്ടുതുടങ്ങി. രാജ്യത്തിന്റെ ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ റവന്യൂ വകുപ്പിന്റെ ഭാഗമായാണ് നിലവിൽ ഇ ഡി പ്രവർത്തിക്കുന്നത്.

ഇ ഡിയുടെ പരിധിയിൽ വരുന്ന നിയമങ്ങൾ, കള്ളപ്പണ നിരോധന നിയമം 2002, ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് 1999, ഫ്യുജിറ്റിവ് ഇകണോമിക് ഒഫെൻസസ് ആക്ട് 2018 (വിജയ് മല്യയെ പോലുള്ള പ്രമുഖരായ പലരും രാജ്യത്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തി വിദേശരാജ്യങ്ങളിലേക്ക് കടന്ന് പിടികിട്ടാപ്പുള്ളികളായതിനു പിന്നാലെയാണ് സർക്കാർ ഈ നിയമം പാസ്സാക്കിയത്) ഫോറിൻ എക്‌സ്‌ചേഞ്ച് റഗുലേഷൻ ആക്ട് 1973,സ്‌പോൺസറിങ് ഏജൻസി അണ്ടർ കൊഫെപോസ എന്നിവയാണ്. ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട് പ്രതികളെ കരുതൽ തടങ്കലിൽ വയ്ക്കുന്ന കേസുകൾ സ്‌പോൺസർ ചെയ്യാനുള്ള അധികാരം ഇ.ഡിക്കുണ്ട്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും, കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച വരുമാനം കണ്ടുകെട്ടാനുള്ള അവകാശവും ഇ ഡിക്കുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ ശ്രദ്ധയിൽപ്പെട്ടാൽ അതുമായി ബന്ധപ്പെട്ട വ്യക്തികൾ, സ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നിവ ഇഡി പരിശോധിക്കും. നിയമവിരുദ്ധമായ പണം പിടിച്ചെടുക്കും.

വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട സിവിൽ കുറ്റകൃത്യങ്ങൾ മാത്രമായിരുന്നു നേരത്തേ ഇഡി കൈകാര്യം ചെയ്തിരുന്നത്. അതായത് ഫോറിൻ എക്‌സ്‌ചേഞ്ച് റഗുലേഷൻ ആക്ട് പ്രകാരം വിദേശ പണമിടപാടുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ മാത്രം. എന്നാൽ, 1947-ലെ ഫെറ നിയമങ്ങൾ 1973-ൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്തി. ഈ ഭേദഗതിയോടുകൂടി ഫോറെക്‌സ് കുറ്റകൃത്യങ്ങൾ അഥവാ വിദേശ പണമിടപാടുമായുള്ള കുറ്റകൃത്യങ്ങൾ ക്രിമിനൽ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വന്നു. ഒപ്പം എൻഫോഴ്‌സ്‌മെന്റ് ഓഫീസർക്കോ അസിസ്റ്റന്റ് എൻഫോഴ്‌സ്‌മെന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥർക്കോ വാറണ്ട് കൂടാതെ പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും ഈ ഭേദഗതി നൽകി. അതോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അധികാരപരിധി വർധിച്ചു തുടങ്ങി. എങ്കിൽപ്പോലും ഇഡി അന്വേഷണങ്ങളും കേസുകളും അന്ന് കോർപ്പറേറ്റ് കുറ്റകൃത്യങ്ങളിൽ ഒതുങ്ങിനിന്നു. പക്ഷേ, അധികാരപരിധി കൂടിയതോടെ ഇ.ഡി. അത് ദുർവിനിയോഗപ്പെടുത്തുകയാണെന്ന വിമർശനങ്ങൾ ഒരുവശത്തുണ്ടായിരുന്നു.

1970 മുതൽ 1990-കൾ വരെ കോർപ്പറേറ്റുകളെയായിരുന്നു ഇ.ഡി. പിടിമുറുക്കിയിരുന്നത്. 1991-നു ശേഷം ഇന്ത്യ ആഗോള സമ്പദ് വ്യവസ്ഥയുടെ ഭാഗമായതോടുകൂടി രാജ്യത്ത് വലിയ സാമ്പത്തിക കുറ്റകൃത്യങ്ങൾ നടക്കാൻ തുടങ്ങി. അപ്പോഴാണ് ഫെറ പോലുള്ള ഇ.ഡി. നിയമങ്ങൾ കാലഹരണപ്പെട്ടെതാണെന്ന് സർക്കാർ തിരിച്ചറിയുന്നത്. അങ്ങനെ ഫെറ നിയമങ്ങൾ എടുത്തുകളയുകയും 1999-ൽ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് അഥവാ ഫെമ നിയമങ്ങൾ നിലവിൽ വരികയും ചെയ്തു. ഇതൊരു സിവിൽ നിയമമമാണ്.

രണ്ടായിരത്തോടടുത്ത് രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ പെരുകിത്തുടങ്ങി. അതിനു മുമ്പ് 1989-ൽ ജി7 രാജ്യങ്ങൾ ചേർന്ന് കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിന്റെ ഭാഗമായി ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സസ് എന്ന രാജ്യാന്തര ഏജൻസി ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തിനകത്തുള്ള നിയമവിരുദ്ധ പണമിടപാടുകൾ തടയാനായി 2002-ൽ പ്രിവെൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട് അഥവാ പി.എംഎ‍ൽഎ. എന്ന നിയമം കൊണ്ടുവന്നു. 2001-ലെ 9/11 ഭീകരാക്രമണവും അതിനുണ്ടായ ഹവാല ബന്ധവും ആഗോള തലത്തിൽ കള്ളപ്പണവും ഭീകരപ്രവർത്തനവും തമ്മിലുള്ള ബന്ധം ചർച്ചയാക്കി. ഇതാണ് പിന്നീട് പി.എംഎ‍ൽഎ. നിയമ നിർമ്മാണത്തിന് കാരണമായത്. ഇ.ഡിയുടെ അധികാരങ്ങൾ ഒന്നുകൂടി ശക്തമായത് പി.എംഎ‍ൽഎയിലൂടെയാണ്. പി.എം.എൽ എ ക്രിമിനൽ നിയമമാണ്.

2005-ൽ പി.എം.എൽ. എ. നിലവിൽ വന്നു. അത് ഇ.ഡിയെ കൂടുതൽ ഉത്തരവാദിത്തമുള്ള കരുത്തുറ്റ ഏജൻസിയാക്കി മാറ്റി. 2009, 2013, 2019 വർഷങ്ങളിൽ പി.എംഎ‍ൽഎ. നിയമത്തിൽ ഭേദഗതികൾ വരുത്തി. ഈ ഭേദഗതികളിലൂടെ പി.എംഎ‍ൽഎ. കൂടുതൽ ശക്തമായ നിയമമായി മാറിക്കൊണ്ടിരുന്നു. ഇത് ഇ.ഡിയുടെ അധികാരങ്ങളെയും ശക്തമാക്കി. ഇന്ന് ഇഡിക്കെതിരേ ഉയരുന്ന വിമർശനങ്ങളുടെയും അടിസ്ഥാനം കാലാകാലങ്ങളിൽ വന്ന ഈ ഭേദഗതികളിലൂടെ ഇ.ഡി. അസാധാരണമാംവിധം ശക്തമായ ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസിയായി എന്നതാണ്. അടുത്ത കാലത്തായി സിബിഐ, എൻ.ഐ.എ. എന്നീ സുപ്രധാന ഏജൻസികളേക്കാൾ പ്രാധാന്യം ഇ ഡിക്ക് കൈവരുന്നു എന്ന വിമർശനവും ഉയരുന്നുണ്ട്.



ഇ ഡിയെ പുലിയാക്കിയ മിശ്ര

സത്യത്തിൽ അധികം ആക്റ്റീവിസം ഒന്നുമില്ലാതിരുന്നു ഇ ഡിയെ ഒരു കരുത്തുറ്റ അന്വേഷണ എജൻസിയാക്കിയത് സഞ്ജയ് കുമാർ മിശ്ര എന്ന മോദിയുടെ വിശ്വസ്ഥൻ ചുമതലയേറ്റതോടെയാണ്. കേവലം അഞ്ചു വർഷംകൊണ്ട് ഇ ഡി എന്ന പേര് രാജ്യമാകെ നിറച്ച ഉദ്യോഗസ്ഥനായിരുന്നു മിശ്ര ഈയിടെയാണ് വിരമിച്ചത്. രണ്ട് വർഷത്തെ കാലാവധിയിൽ 2018 ൽ ഇഡി തലപ്പത്ത് എത്തിയ മിശ്രയ്ക്ക് കേന്ദ്ര സർക്കാർ മൂന്നു വട്ടമാണ് കാലാവധി നീട്ടിക്കൊടുത്തത്. ഒടുവിൽ സുപ്രീംകോടതിയുടെ ഇടപെടലിലാണ് മിശ്രയ്ക്ക് സ്ഥാനം ഒഴിയേണ്ടി വന്നത്. എന്നിട്ടും അവസാനം വരെ മിശ്രയുടെ കാലാവധി നീട്ടാൻ കേന്ദ്രം ഇടപെടൽ നടത്തി. പക്ഷേ പ്രതിപക്ഷ പാർട്ടികളടക്കം ശക്തമായി എതിർക്കുകയായിരുന്നു.

സഞ്ജയ് കുമാർ മിശ്ര തലപ്പത്ത് എത്തിയതോടെ സിബിഐ, എൻഐഎ, ആദായ നികുതി വകുപ്പ്, വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവയിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ഇഡിയും അന്വേഷണം നടത്താൻ തുടങ്ങി. ഏത് കേസിലും സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് പരാമർശമുണ്ടെങ്കിൽ ഇ ഡി എത്തുമെന്ന സ്ഥിതിയായി. മിശ്രയുടെ അധികാരനാളുകളിൽ ഇ ഡി രാജ്യമെമ്പാടുമായി മൂവായിരത്തിലധികം റെയ്ഡുകൾ നടത്തിയെന്നാണ് കണക്ക്. 2022 ൽ ഇ ഡി സുപ്രീം കോടതിയിൽ സമർപ്പിച്ച രേഖ പ്രകാരം 98,000 കോടി രൂപയുടെ സ്വത്തുക്കൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കണ്ടുകെട്ടിയിട്ടുണ്ടെന്ന് പറയുന്നു. ഇടപെടലുകൾ കൂടിയതോടെ പുതിയ സിബിഐ എന്ന പേരുപോലും ഇഡി സ്വന്തമാക്കി.

ലക്നൗ സർവകലാശാലയിൽനിന്ന് ബയോകെമിസ്ട്രിയിൽ ബിരുദം നേടിയ മിശ്ര ശാസ്ത്ര വിഷയങ്ങളിൽ ഏറെ തൽപ്പരനായിരുന്നു. 1984 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനായ മിശ്ര ഉത്തർപ്രദേശ് സ്വദേശിയാണ്. നിരവധി സാമ്പത്തിക കേസുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചതോടെയാണ് മിശ്രയെ ഇ ഡിയുടെ തലപ്പത്തേക്ക് നിയമിക്കാൻ കേന്ദ്രം തീരുമാനിച്ചത്. ഇപ്പോൾ അറുപത്തിരണ്ടാമത്തെ വയസ്സിലാണ് മിശ്ര ഇഡിയുടെ തലപ്പത്തുനിന്ന് ഇറങ്ങുന്നത്.

അധികമാരും അറിയാതിരുന്ന കേന്ദ്ര ഏജൻസിയെ, ഒച്ചയും ബഹളവുമില്ലാതെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ മാത്രം രൂപീകരിച്ച ഇ ഡിയെ പൊതുജനമറിഞ്ഞത് മിശ്ര തലപ്പത്ത് എത്തിയതോടെയാണ്. സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസുകളിൽ അവസരം നോക്കി ഇടപെടാൻ മടികാട്ടാത്ത ഏജൻസിയായി ഇ ഡിയെ മിശ്ര വളർത്തി. ഇതിനായി ആദ്യം ചെയ്തത് തന്റെ ടീമിൽ അംഗങ്ങളായി പരിശീലനം നേടിയ ഉദ്യോഗസ്ഥരെ എത്തിക്കുക എന്നതായിരുന്നു. സിബിഐയുടെ മാതൃകയിൽ ഇതിനായുള്ള പരിഷ്‌ക്കാരങ്ങൾ അദ്ദേഹം വരുത്തി.

2018 ഒക്ടോബറിൽ ഇഡിയുടെ ഇടക്കാല തലവനായി മൂന്നു മാസത്തേക്കാണ് മിശ്രയെ കേന്ദ്രം നിയമിക്കുന്നത്. എന്നാൽ നവംബറിൽ, കേവലം ഒരു മാസത്തിനകം, അദ്ദേഹത്തെ ഇ ഡി തലവനായി 2 വർഷത്തേക്കു നിയമിച്ചു. ഇ ഡിയുടെ തലപ്പത്തേക്കുള്ള നിയമനം ലഭിക്കുമ്പോൾ ഡൽഹിയിലെ ആദായനികുതി വകുപ്പിൽ ചീഫ് കമ്മിഷണറായിരുന്നു മിശ്ര. ഉന്നതരുടെ ഇടപെടലുകളുള്ള ഒട്ടേറെ കേസുകൾ അദ്ദേഹം അന്വേഷിച്ചു. ഈ പദവിയിൽ തുടരവെയാണ് മിശ്ര നാഷനൽ ഹെറൾഡ് പത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം നടത്തിയത്. ഈ കേസിലെ അന്വേഷണത്തിനു ശേഷമാണ് ഇഡിയുടെ തലപ്പത്തേക്കുള്ള മിശ്രയുടെ സ്ഥാനക്കയറ്റം.
രണ്ടു വർഷത്തേക്കാണ് ഇ ഡി മേധാവിയായി സഞ്ജയ് കുമാർ മിശ്രയ്ക്കു നിയമനം ലഭിച്ചത് എന്നാൽ പിന്നീടത് പലവട്ടം നീട്ടി നൽകി.



ഇ ഡി, സിബിഐ തലവന്മാരുടെ കാലാവധി നീട്ടാനുള്ള കേന്ദ്ര ഓർഡിനൻസിനെ പ്രതിപക്ഷ പാർട്ടികളടക്കം സുപ്രീം കോടതിയിലൂടെ ചോദ്യം ചെയ്തു. എന്നാൽ ഇതിനെ നേരിടാൻ മിശ്രയുടെ കീഴിൽ ഇ ഡിയുടെ പ്രവർത്തന റിപ്പോർട്ടുകളാണ് കേന്ദ്രം ആയുധമാക്കിയത്. മിശ്രയുടെ നേതൃത്വത്തിൽ ഇഡി നടത്തുന്ന അന്വേഷണങ്ങൾ നിർണായക ഘട്ടത്തിലാണെന്നും കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥന്റെ തുടർച്ച ആവശ്യമാണെന്നും സർക്കാർ വാദിച്ചു. മിശ്രയുടെ കാലാവധി നീട്ടിയതിനു പിന്നിൽ ഈ പൊതുതാൽപര്യം മാത്രമാണെന്ന് അറിയിച്ചപ്പോൾ 2021 ൽ അദ്ദേഹത്തിന് കാലാവധി നീട്ടിനൽകാൻ കോടതി അനുവദിച്ചു. ഇതുപ്രകാരം 2022 നവംബർ 18 വരെ ഒരു വർഷത്തേക്ക് വീണ്ടും നീട്ടി. അതേസമയം ഇനിയും ഇത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

എന്നാൽ മിശ്രയുടെ കാലാവധി വീണ്ടും നീട്ടാനാണ് കേന്ദ്രം ശ്രമിച്ചത്. 2022 നവംബർ 18 ന്, കേന്ദ്രം വീണ്ടും മിശ്രയുടെ കാലാവധി 2023 നവംബർ 18 വരെ നീട്ടി. ഇക്കുറി സുപ്രീം കോടതി ശക്തമായ നിലപാടെടുത്തു. ഇതേതുടർന്നാണ് 2023 സെപ്റ്റംബർ 15 ന് മിശ്ര ഇഡിയുടെ തലപ്പത്തുനിന്ന് പടിയിറങ്ങിയത്.
പകരം 1993 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥൻ രാഹുൽ നവീനാണ് ചുമതല. പക്ഷേ മിശ്രയെ കൈവിടാൻ കേന്ദ്ര സർക്കാർ ഒരുക്കമല്ലെന്ന സൂചനയാണ് തലസ്ഥാനത്തുനിന്ന് ലഭിച്ചത്. അന്വേഷണ ഏജൻസികളായ സിബിഐ, ഇഡി എന്നിവയുടെ പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കാൻ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ (സിഐഒ) എന്ന പേരിൽ പുതിയ പദവി സൃഷ്ടിച്ച് മിശ്രയെ ഏൽപ്പിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. സിബിഐ, ഇഡി മേധാവികൾ സിഐഒയുടെ കീഴിലായിരിക്കും. ഇരട്ടി ശക്തിയിൽ മിശ്ര മടങ്ങിയെത്തിയാൽ പിന്നെ എന്താവും സംഭവിക്കുകയെന്ന് കാത്തിരുന്ന് കാണാം.



ഇ ഡിയിലുടെ പ്രതിപക്ഷ വേട്ട?

അതേസമയം മോദി-അമിത്ഷാ കൂട്ടുകെട്ടിന്റെ വെറും ആജ്ഞാനുവർത്തി മാത്രമാണ് ഇ ഡിയെന്നും പരക്കെ ആക്ഷേപമുണ്ട്. പ്രതിപക്ഷ വേട്ടയായിരുന്നു മിശ്രയുടെ തൊഴിൽ എന്ന് രാഹുൽ ഗാന്ധിയടക്കം തുറന്നടിക്കുന്നുണ്ട്.
ഇ ഡിയുടെ ചോദ്യം ചെയ്യാനുള്ള അറിയിപ്പ് ലഭിച്ചവരുടെ പട്ടികയിൽ രാജ്യത്തെ പ്രതിപക്ഷ നിരയിലെ ഒരുവിധപ്പെട്ട എല്ലാ നേതാക്കളും ഉണ്ടായിരുന്നു. മുന്മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, വ്യവസായ പ്രമുഖർ, മതനേതാക്കൾ എന്നുവേണ്ട ദേശീയതലത്തിലും, സംസ്ഥാന തലത്തിലുമുള്ള ഒട്ടേറെയാളുകൾ ഇഡി ഓഫീസിന്റെ പടി പലവട്ടം ചവിട്ടി, മണിക്കൂറുകൾ ചോദ്യം ചെയ്യലിനും മൊഴിയെടുക്കലിനും വിധേയരായി.

കള്ളപ്പണം വെളുപ്പിക്കൽ, അഴിമതിപ്പണം കൈപ്പറ്റൽ തുടങ്ങി നിരവധി കേസുകളിൽ ഇ ഡി വിളിച്ചവരിൽ മുൻ ധനമന്ത്രി പി ചിദംബരം, കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി, മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്, എൻസിപി നേതാവ് ശരദ് പവാർ, ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, തമിഴ്‌നാട്ടിലെ ശക്തനായ മന്ത്രി സെന്തിൽ ബാലാജി, തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കെ.കവിത തുടങ്ങി ഒട്ടേറെ പേരാണ് ഇടം പിടിച്ചത്.



സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസുകളിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര എന്നിവരുൾപ്പടെ ഇഡിയുടെ കേസുകളിൽ ഇടംപിടിച്ചു. നാഷനൽ ഹെറൾഡ് കേസിലാണ് സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും ഇഡിയുടെ ചോദ്യം ചെയ്യൽ മണിക്കൂറുകളോളം നേരിട്ടത്. അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട കേസിലാണ് പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി, അനന്തരവൻ ഭൂപീന്ദർ സിങ് ഹണി ഉൾപ്പടെ പ്രതികളായത്. റിക്രൂട്ട്‌മെന്റ് അഴിമതിക്കേസിലാണ് മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് പാർത്ഥ ചാറ്റർജി, സഹായി അർപിത മുഖർജി എന്നിവരെ ഇ ഡി നോട്ടമിട്ടത്. അതേസമയം എക്‌സൈസ് നയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇഡി വലയിലാക്കിയത്. ഈ കേസുമായുള്ള ബന്ധം തെലങ്കാന വരെയെത്തുന്നതായിരുന്നു. ശതകോടികൾ തട്ടി രാജ്യം വിട്ട വിവാദ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി തുടങ്ങിയവരെ തിരികെ എത്തിക്കുന്നതിനുള്ള കരുനീക്കങ്ങൾക്ക് പിന്നിലും ഇ ഡിയുണ്ട്.

പക്ഷേ കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നണ് പ്രതിപക്ഷം ആക്ഷേപിക്കുന്നത്. മുൻ യുപിഎ സർക്കാരിന്റെ കാലത്ത് സിബിഐ കൂട്ടിലടച്ച തത്ത എന്ന വിമർശനത്തിന് വിധേയമായെങ്കിൽ, മോദി സർക്കാരിന്റെ കാലത്ത് പഴിയേറെയും ഇഡിക്കു മേലാണ് പ്രതിപക്ഷം കെട്ടിവച്ചത്. പ്രത്യേകിച്ചും തിരഞ്ഞെടുപ്പുകൾക്ക് മുൻപും സംസ്ഥാനങ്ങളിൽ രാഷ്ട്രീയ അസ്ഥിരതയുണ്ടാവുന്ന അവസരങ്ങളിലും ഇ ഡി കളത്തിലിറങ്ങുന്നത് പതിവായിരുന്നു. 2019 ലെ പൊതു തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപായി യുപി മുൻ മുഖ്യമന്ത്രി മായാവതിയുമായി ബന്ധപ്പെട്ട 1400 കോടിയുടെ പ്രതിമ വിവാദ കേസിൽ അന്വേഷണവുമായി ഇ ഡിയിറങ്ങി. ഏഴിടങ്ങളിലാണ് ഇ ഡി റെയ്ഡ് നടത്തിയത്. അതേവർഷം ഹരിയാനയിലും തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായി ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയ്ക്കും മറ്റൊരു കോൺഗ്രസ് നേതാവ് മോത്തിലാൽ വോറയ്ക്കും ഇ ഡിയുടെ നടപടികൾ നേരിടേണ്ടി വന്നിരുന്നു. 2023ൽ കർണാടക തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനും സമാനമായ അനുഭവമാണ് ഉണ്ടായത്.



പ്രതിപക്ഷ നേതാക്കൾക്കെതിരെ പല്ലും നഖവും എടുക്കാൻ മടികാട്ടാത്ത ഇ ഡി, ഭരണപാർട്ടിയുടെ തണലിൽ കഴിയുന്നവരോട് മൃദുസമീപനം കാട്ടുന്നു എന്നും ആരോപണം ഉയർന്നിരുന്നു. ഒന്നാം മോദി സർക്കാരിന്റെ കാലം മുതൽ ഇ ഡി എടുത്ത കേസുകൾ പരിശോധിച്ചാൽ രാഷ്്ട്രീയ നേതാക്കൾ പ്രതികളായ കേസുകളിൽ 95 ശതമാനവും പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളായിരുന്നുവെന്നു കാണാം. ബംഗാളിലെയും അസമിലെയും നേതാക്കളായ മുകുൾ റോയിയും ഹിമന്ത ബിശ്വ ശർമയും പാർട്ടി മാറി ബിജെപി കൂടാരത്തിലെത്തിയതോടെ ഇ ഡി അന്വേഷണത്തിന്റെ ശൗര്യം കുറഞ്ഞതാണ് പ്രതിപക്ഷം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തിലുള്ള എത്രയോ ഉദാഹരണങ്ങൾ.

ഇനി കൺവിക്ഷൻ റേറ്റും ഇഡിക്ക് കുറവാണ്. ഇ. ഡി. അപ്രൈസൽ റിപ്പോർട്ട് പ്രകാരം 4964 എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടുകളിൽ ചാർജ്ജ് ഷീറ്റ് നൽകിയത് 993 കേസുകൾക്ക് മാത്രമാണ് ഇതിൽ വെറും 23 കേസുകളിൽ മാത്രമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കോടതിയിൽ മതിയായ തെളിവുകളില്ലാത്തതിനാലാണ് ചാർജ്ജ് ഷീറ്റ് ഫയൽ ചെയ്യപ്പെട്ട ആയിരത്തോളം കേസുകളിൽ വെറും 2.3 ശതമാനം കേസുകളിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നത് എന്നർഥം. ഭരിക്കുന്ന കക്ഷികളുടെ ചട്ടുകം ആവാതെ ഇഡി സ്വതന്ത്രമായി പ്രവർത്തികയാണെങ്കിൽ അത് ഇന്ത്യയുടെ ചരിത്രംതന്നെ മാറ്റുന്ന അന്വേഷണ എജൻസിയാവുമെന്ന് ഉറപ്പ്.

വാൽക്കഷ്ണം: ഇതുപോലെ തന്നെ എൻഐഎ കേസുകൾക്കും ശിക്ഷാനിരക്ക് കുറവാണ്. ഇ ഡിയും എൻഐഎയും കൊട്ടിഘോഷിച്ചുകൊണ്ടുവരുന്ന പല കേസുകളും, കോടതയിൽ ആവിയാവുകയാണ് പതിവ്.