റൊട്ടിയുടെയും ഗോതമ്പ്മാവിന്റെയും വണ്ടികൾക്കുചുറ്റം ഈച്ചയാർക്കുന്നപോലെ ഇരച്ചെത്തുന്ന ജനം! പട്ടിണിമൂലം അവർ കൊള്ളയിലേക്ക് നീങ്ങുകയാണ്. ഒരു പുതുവർഷം പിറക്കുമ്പോൾ പാക്കിസ്ഥാനിലെ ക്വറ്റയിൽനിന്ന് വന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലയായിരിക്കയാണ്. ചായ ഇറക്കുമതിചെയ്യാൻ പണം ഇല്ലാത്തതിനാൽ ജനം ചായകുടി നിർത്തണമെന്ന് പാക് മന്ത്രിതന്നെ ആഹ്വാനം ചെയ്ത കാലം. ഇത് പാക്കിസ്ഥാന്റെ മാത്രം അവസ്ഥയല്ല. ഇത്ര ഗുരുതരമല്ലെങ്കിലും താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനും, നേപ്പാളും, ബംഗ്ലാദേശും അടക്കമുള്ള ഇന്ത്യയുടെ അയൽ രാജ്യങ്ങളെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. എന്തിനധികം കരുത്തുറ്റ സമ്പദ്വ്യവസ്ഥ എന്ന് ഏവരും കരുതിയിരുന്ന, ചൈനയിൽപോലും സാമ്പത്തിക കൂഴപ്പങ്ങൾ തുടങ്ങിക്കഴിഞ്ഞു.

മൊത്തത്തിൽ ആഗോളവ്യാപകമായിതന്നെ സാമ്പത്തിക പ്രതിസന്ധിയുടെ സൂചനകൾ ഉണ്ട്. യൂക്രൈൻ യുദ്ധം സൃഷ്ടിച്ച എണ്ണ പ്രതിസന്ധിക്ക് പിന്നാലെയാണ്, ഹമാസ്- ഇസ്രയേൽ യുദ്ധം വരുന്നത്. ഹമാസിനെ അനുകൂലിച്ച് ഹൂതികൾ ചെങ്കടൽ ചോരക്കളമാക്കിയതോടെ ചരക്കുനീക്കം കുറഞ്ഞത്, ആഗോള പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്്. ഈ പ്രതികൂല കാലാവസ്ഥകൾക്കിടയിലാണ്, ഇന്ത്യ എന്ന 140 കോടി ജനങ്ങളെ തീറ്റിപ്പോറ്റാൻ വിധിക്കപ്പെട്ട ഒരു രാജ്യം പിടിച്ചു നിൽക്കുന്നത്.

എല്ലാവരും തളരുമ്പോഴും സാമ്പത്തികമായി വളരുന്ന ഇന്ത്യയെയാണ് 2023ൽ കാണാനായത്. ഇന്ത്യയുമായുള്ള ഇടപാടിൽ, എണ്ണക്കുള്ള പണം ഡോളർമാറ്റി യഎഇ രൂപയിലേക്കാക്കിയത് ഈയിടെയാണ്. ജിഡിപിയിൽ ബ്രിട്ടനെ വെട്ടിച്ച ഇന്ത്യ, ഇക്കണക്കിന് പോവുകയാണെങ്കിൽ വർഷങ്ങൾക്കുള്ളിൽ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാവുമെന്ന്, ന്യൂയോർക്ക് ടൈംസ്പോലും എഴുതിയ വർഷമാണ് കടന്നുപോവുന്നത്

ഇന്ത്യയുടെ എക്കാലത്തെയും വലിയ തലവേദനയായിരുന്നു കാശ്മീരിൽ ഇന്ന് നൂറോളം സിനിമകളുടെ ചിത്രീകരണം നടക്കുന്നു. ഭീകരവാദം കുറഞ്ഞതോടെ ആയിരിക്കണക്കിന് സഞ്ചാരികൾ ഈ സ്വപ്നഭൂമിയിലേക്ക് എത്തുന്നു. എന്നാൽ മണിപ്പുർ കലാപങ്ങൾ അടക്കമുള്ള സംഭവങ്ങൾ ഈ നാടിന് തീരാക്കളങ്കവുമായി. ഇന്ത്യയിൽ 2023 സംഭവിച്ച നേട്ടങ്ങളും കോട്ടങ്ങളും ഒറ്റനോട്ടത്തിൽ വിലയിരുത്താം.

മാൻ ഓഫ് ദി മാച്ച് മോദി തന്നെ

പൊളിറ്റിക്കൽ ഇന്ത്യയുടെ കളിക്കളം നോക്കുമ്പോൾ ഇപ്പോഴും മാൻഓഫ് ദി മാച്ച് നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന പ്രധാനമന്ത്രി തന്നെയാണ്. ഒമ്പത് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടന്ന വർഷമായിരുന്നു 2023. ഇതിൽ ആറിടത്തും ഭരണം പിടിക്കാനായത് എൻഡിഎ സഖ്യത്തിന്റെ നേട്ടമാണ്.

ത്രിപുര, മേഘാലയ, നാഗാലാൻഡ്, കർണാടക, തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ആദ്യം തിരഞ്ഞെടുപ്പ് നടന്ന ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിൽ ബിജെപിയും സഖ്യകക്ഷികളുമാണ് നേട്ടം കൊയ്തത്. എന്നാൽ കർണാടകയിൽ ബിജെപി സർക്കാരിനെ നിലംപരിശാക്കി കോൺഗ്രസ് ഭരണം പിടിച്ചെടുത്തു. തുടർന്ന് അഞ്ച് സംസ്ഥാനങ്ങളിലേക്ക് 2023 അവസാന മാസങ്ങളിൽ നടന്ന പൊരിഞ്ഞ പോരാട്ടത്തിൽ ബിജെപി മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ബിജെപി വലിയ ഭൂരിപക്ഷത്തോടെ ഭരണം നേടി. കോൺഗ്രസിന് ആശ്വസിക്കാൻ തെലങ്കാനയിൽ മാത്രമാണ് ജയം. അതേസമയം മിസോറമിൽ സോറംപീപ്പിൾസ് മൂവ്മെന്റ് അധികാരം പിടിച്ചെടുത്തു. ആംആദ്മി പാർട്ടിയുടെ മാതൃകയിൽ 2017 ൽ രൂപം കൊണ്ട പാർട്ടിയാണ് ഇത്.

എല്ലാവിധ നെഗറ്റീവ് പ്രചാരണങ്ങളെയും അതിജീവിച്ച്, രാജസ്ഥാനിലും, മധ്യപ്രദേശിലും, ഛത്തീസ്‌ഗഡിലും നേടിയ മിന്നുന്ന വിജയം, 2024ൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ സൂചകമാണ്. ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി അജയ്യരാണ്. ഇവിടെയൊക്കെ ബിജെപി ഒരു പ്രാദേശിക നേതാവിനെയും ഉയർത്തിക്കാട്ടിയിട്ടില്ല. മോദിയുടെ കൈകൾക്ക് ശക്തിപകരാൻ എന്നായിരുന്നു പ്രചാരണം. ഇന്ദിരാഗാന്ധിക്കുശേഷം ഇത്രയും കരുത്തായ ഒരു പ്രധാനമന്ത്രി ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്ന് വിദേശരാജ്യങ്ങൾവരെ എഴുതുന്നു. ഒരാളെയും കൂസാത്ത റഷ്യൻ പ്രസിഡന്റ് പുടിൻ പോലും ആദരിക്കുന്ന നേതാവായി മോദി വളരുന്നുവെന്നത്, കേരളത്തിന്റെ പൊതുബോധത്തിന് അംഗീകരിക്കാൻ കഴിയില്ലെങ്കിലും ഒരു യാഥാർത്ഥ്യമാണ്.

2016 നവംബർ എട്ടിന് മോദി നടപ്പാക്കിയ നോട്ട് നിരോധനം ആറു വർഷം കഴിഞ്ഞ് ഇപ്പോൾ സുപ്രീംകോടതി ശരിവെച്ചു. കാശമീരിൽ സമാധാനം കൊണ്ടുവന്നത്, ജി 20 ഉച്ചകോടി ഇന്ത്യയിൽ നടത്താനായത്, എന്നിവയെല്ലാം നേട്ടമാവുന്നു, ആദായനികുതി പരിധി 7 ലക്ഷമാക്കിയത്, വനിതാബിൽ പാസാക്കിയത്, പുതിയ പാർലിമെന്റ് മന്ദിരം തുറന്നത്, അങ്ങനെ ഒരുപാട് നേട്ടങ്ങൾ മോദി സർക്കാറിന് എടുത്തുപറയാനുണ്ട്. മറുഭാഗത്ത് 'ഇന്ത്യാ' സഖ്യം രൂപീകരിച്ചുവെങ്കിലും പ്രതിപക്ഷ സഖ്യം ദുർബലമാവുന്ന കാഴ്ചയാണ് കാണാൻ കഴിയുക.

ജോഡോയിൽ തിളങ്ങി രാഹുൽ പക്ഷേ...

ഒറ്റയാത്രകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഹീറോ ആയ വർഷമായിരുന്നു ഇത്. രാഹുലിന്റെ നേതൃത്വത്തിൽ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച 4,080 കിലോമീറ്റർ പിന്നിട്ട ഭാരത് ജോഡോയാത്ര ചരിത്രമായി. യാത്ര തുടങ്ങുമ്പോൾ കേരളത്തിലല്ലാതെ ഒരിടത്തും ആളുണ്ടാവില്ല എന്ന് പറഞ്ഞതൊക്കെ വെറുതെയായി. ജനം രാഹുലിനെ കാണാൻ നിറഞ്ഞു. യാത്ര വൻ ഹിറ്റായി. വെറുപ്പിന്റെ കാലത്ത് സ്നേഹത്തിന്റെ കട തുറന്നുവെന്ന അദ്ദേഹത്തിന്റെ സമാപന പ്രസംഗവും വൈറലായി. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കോൺഗ്രസ് ജയത്തിൽ ഭാരത് ജോഡോയാത്ര നിർണായക പങ്കു വഹിച്ചതായും വിലയിരുത്തലുണ്ടായി.

അതുപോലെ തന്റെ എംപി സ്ഥാനം നിയമപോരാട്ടത്തിലുടെ തിരിച്ചുവാങ്ങിയും രാഹുൽ ശ്രദ്ധേയനായി. മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ, സൂററ്റ് കോടതി രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവ് വിധിച്ചതോടെയാണ് എംപി സ്ഥാനം നഷ്ടമായതും ആറു വർഷത്തേക്ക് മത്സരിക്കാൻ അയോഗ്യതയും ലഭിച്ചത്. എന്നാൽ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ വയനാടിന് എംപിയെ തിരിച്ചു കിട്ടി. രാഹുലിന്റെ ആറു വർഷത്തെ അയോഗ്യതയും മാറി. പക്ഷേ കോൺഗ്രസിനെയും ഇന്ത്യാ സഖ്യത്തെയും സമചിത്തതയോടെ നയിക്കാൻ അദ്ദേഹത്തിന് ആവുന്നില്ല. ശശി തരൂരിനെപ്പോലെ ഒരു ഫയർബ്രാൻഡ് നേതാവിനെ പുറത്തിരുത്തി, മല്ലികാർജുൻ ഖാർഗെയെപ്പോലൊരു വെറ്ററനെ കോൺഗ്രസ് പ്രസിഡന്റായിടത്തുതന്നെയുണ്ട് ആ പാർട്ടിയുടെ ദൗർബല്യം. വിമതരെ ഒതുക്കാനും ഇടഞ്ഞുനിൽക്കുന്നവരെ, അനുനയിപ്പിക്കാനുമൊക്കെയുള്ള നയതന്ത്രത്തിൽ ഏറെ പിന്നിലാണ് രാഹുലും, കോൺഗ്രസ് നേതൃത്വവും.

2024- ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപിയെ പിടിച്ചുകെട്ടുക എന്ന ഉദ്ദേശത്തോടെ പതിനഞ്ച് പ്രതിപക്ഷ കക്ഷികൾ ഒന്നായി രൂപം കൊടുത്ത മുന്നണിയായ, ഇന്ത്യൻ നാഷനൽ ഡവലപ്മെന്റ് ഇൻക്ലുസീവ് അലയൻസ എന്ന 'ഇന്ത്യ'യുടെ ഭാവിയും ചർച്ചയിലാണ് . കോൺഗ്രസ് ഉൾപ്പെടെ പതിനഞ്ച് പ്രതിപക്ഷ കക്ഷികളാണ് ഇന്ത്യ മുന്നണി ആരംഭിച്ചത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പ്രതിപക്ഷ ഐക്യത്തിനായി മുൻകൈ എടുത്തത്. അതേസമയം പ്രതിപക്ഷ മുന്നണി 'ഇന്ത്യ' എന്ന ചുരുക്കപ്പേരിൽ അറിയപെടുന്നത് തുടക്കം മുതലേ ബിജെപിയെ അലോസരപെടുത്തുന്നുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ ഔദ്യോഗിക പരിപാടികളിലടക്കം ഇന്ത്യ എന്ന പേരിന് പകരം ഭാരത് എന്ന വാക്ക് ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ ശ്രദ്ധ നൽകിയതും വാർത്താപ്രധാന്യം നേടി. ഇന്ത്യ പേരു മാറ്റി 'ഭാരത്' ആക്കുകയാണെന്ന ചർച്ചയും ശക്തമാണ്. പക്ഷേ പരസ്പരം തമ്മിലടിക്കുന്ന, 'മുള്ള് മുരട് മൂർഖൻ പാമ്പ് ' സഖ്യമെന്ന് പറയുന്ന ഇന്ത്യാ മുന്നണിക്ക്, ഇനി എന്തുചെയ്യാൻ കഴിയുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

ഐസ്ആർഒയും 'നാട്ടു നാട്ടു'വും

2023ൽ ഭാരതത്തിന്റെ ഏറ്റവും പ്രധാന നേട്ടം നേടിത്തന്നത്, നമ്മുടെ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ തന്നെയാണ്. ചന്ദ്രയാൻ 3യുടെ വിജയം ലോകം ചർച്ചയാക്കി. ഒരു ഹോളിവുഡ് സിനിമക്ക വേണ്ട ബജറ്റിലാണ് ഇന്ത്യ ഈ നേട്ടങ്ങൾ കൈവരിച്ചത്. ഇതോടെ ആഗോള സ്പേസ് മാർക്കറ്റിലും ഇന്ത്യ കുതിക്കും. ചിലവു കുറഞ്ഞ വിക്ഷേപണങ്ങൾക്കായി, വിവിധ രാജ്യങ്ങൾക്ക് വിശ്വസിച്ച് ആശ്രയിക്കാവുന്ന രാജ്യമാവുകയാണ് ഇത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന ബഹുമതി ഇന്ത്യ സ്വന്തമാക്കി. ചന്ദ്രനിൽ സുരക്ഷിതമായി ഇറക്കിയ ലാൻഡറിനെ വീണ്ടും ഉയർത്തിയും ഇറക്കിയുമുള്ള ഐഎസ്ആർഒയുടെ പരീക്ഷണങ്ങൾ ഭാവിയെ മുൻകൂട്ടികണ്ടുകൊണ്ടായിരുന്നു.

ഐഎസ്ആർഒയുടെ അടുത്ത ലക്ഷ്യം സൂര്യനിലാണ്. സെപ്റ്റംബർ 2നാണ് ആദിത്യ എൽ- വൺ എന്ന ഇന്ത്യയുടെ ആദ്യ സൂര്യപര്യവേക്ഷണ പേടകം ശ്രീഹരിക്കോട്ടയിൽനിന്ന് കുതിച്ചുയർന്നത്. 4 മാസം നീളുന്ന യാത്രയാണ് ആദിത്യയ്ക്കുള്ളത്. അടുത്തവർഷം ആദ്യം ലക്ഷ്യസ്ഥാനത്തെത്തും. ഏഴ് ഉപകരണങ്ങളാണ് സൂര്യനെ നിരീക്ഷിക്കുന്നതിനായി ആദിത്യയിൽ ഘടിപ്പിച്ചിട്ടുള്ളത്. ശാസ്ത്ര- സാങ്കേതികമേഖലയിൽ പറികിലാണെന്ന ശരാശരി ഇന്ത്യക്കാരന്റെ അപകർഷതാ ബോധം, ഇതോടെ ഇല്ലാതാവുകയാണ്.

ഓസ്‌ക്കാർ പുരസ്‌ക്കാരം ഇന്ത്യയിലെത്തിയ വർഷമാണ് കടന്നുപോകുന്നത്. എസ്. എസ്. രാജമൗലി ഒരുക്കിയ ആർആർആർ എന്ന തെലുങ്ക് സിനിമയിലേതാണ് 'നാട്ടു നാട്ടു' എന്ന ഗാനം, മൗലിക ഗാനത്തിനുള്ള ഓസ്‌കർ പുരസ്‌കാരമാണ് സ്വന്തമാക്കിയത്. കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും ചേർന്നാണ് അവാർഡ് സ്വീകരിച്ചത്. 2008 ലാണ് ഇതിന് മുൻപ് ഇന്ത്യ 'സ്ലം ഡോഗ് മില്യനയറി'ലൂടെ ഓസ്‌കറിൽ തിളങ്ങിയത്.

വേൾഡ് കപ്പ് ക്രിക്കറ്റിന് ഇന്ത്യ ആതിഥേയരായ വർഷമായിരുന്നു 2023. അപരാജിതരായി മുന്നേറിയ ഇന്ത്യൻ ടീമിന് പക്ഷേ ഫൈനലിൽ കാലിടറി, കപ്പ് ഓസ്ട്രേലിയ കൊണ്ടുപായി. എന്നാലും വേൾഡ്കപ്പ് റണ്ണറപ്പ് എന്നതും അഭിമാനം തന്നെയാണ്. പായ്വഞ്ചിയിൽ എവിടെയും നിർത്താതെ ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമായി മലയാളി അഭിലാഷ് ടോമി. ഗോൾഡൻ ഗ്ലോബ് റേസ് പായ്വഞ്ചി ഓട്ടത്തിൽ രണ്ടാമനായി ഫിനിഷ് ചെയ്താണ് മലയാളി നാവികൻ ചരിത്രം കുറിച്ചത്. പക്ഷേ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടമായി വിലയിരുത്തപ്പെട്ടത്, . ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട 41 തൊഴിലാളികളെ 17 ദിവസങ്ങൾക്കുശേഷം പുറത്തെടുത്ത സംഭവമായിരുന്നു അത്. രാജ്യം കണ്ട ഏറ്റവും വലുതും ദൈർഘ്യവുമേറിയ രക്ഷാപ്രവർത്തനമായിരുന്നു അത്.

മണിപ്പൂരിലും ബാലേസോറിലും നടുക്കം

2023-ൽ ഇന്ത്യക്ക് ഏറ്റവും അപമാനകരമായ കാര്യങ്ങൾ നടന്നത് മണിപ്പൂരിൽ ആയിരുന്നു. മെയ്തേയ് ,കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ സംഘർഷത്തിൽ നൂറിലേറെ ആളുകൾക്ക് ജീവൻ നഷ്ടമായി. മെയ്മാസത്തിൽ തുടങ്ങിയ സംഘർഷത്തിന് ഇനിയും പൂർണ്ണമായും അയവ് വന്നിട്ടില്ല. അരലക്ഷത്തോളം ആളുകളാണ് പലായനം ചെയ്തത്. അനിഷ്ട സംഭവങ്ങളെ കുറിച്ച് പ്രതികരിക്കാതെ രണ്ട് മാസത്തോളം പ്രധാനമന്ത്രി മൗനം പാലിച്ചതും, വിവാദമായി. തോക്കേന്തിയ കലാപകാരികളുടെ ചിത്രങ്ങൾ പുറത്തു വന്നതും നഗ്നയായി യുവതിയെ നടത്തിച്ചതും രാജ്യത്തിന് ഞെട്ടലുണ്ടാക്കുന്ന സംഭവങ്ങളായിരുന്നു.

അതുപോലെ ഒഡീഷയിലെ ബാലസോറിലുണ്ടായ അപകടവും രാജ്യത്തെ നടുക്കി. ജൂൺ രണ്ടിന് നടന്ന ട്രെയിൻ കുട്ടിയിടിയിൽ പൊലിഞ്ഞത്, 296 ജീവനുകളാണ്. വന്ദേഭാരത് അടക്കമുള്ള സൗകര്യങ്ങൾ റെയിൽവേയ്ക്ക് ആധുനിക മുഖം നൽകുമ്പോഴും രണ്ടു വണ്ടികൾ കൂട്ടിയിടിച്ചത് ശരിക്കും രാജ്യത്തിന് തന്നെ നാണക്കേടായി. ഷാലിമാർ-ചെന്നൈ സെൻട്രൽ കൊറമാണ്ഡൽ എക്സ്‌പ്രസ്, ബഹനാഗ ബസാർ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു പാളത്തിലൂടെ എത്തിയ ബെംഗളൂരു-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസിലേക്കും കൊറമാണ്ഡൽ എക്സ്പ്രസിൽനിന്ന് പാളം തെറ്റിയ ബോഗികൾ ഇടിച്ചുകയറിയത് അപകടത്തിന്റെ ആഘാതം കൂട്ടി.

അതുപോലെ രാജ്യവ്യാപകമായി തന്നെ ചർച്ചയാ ഒരു സംഭവമായിരുന്നു, ഉത്തരാഖണ്ഡിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ജോഷിമഠിൽ ഭൂമി ഇടിഞ്ഞു താഴുന്ന സംഭവങ്ങൾ. 2023 ആദ്യ മാസങ്ങളിൽ ഇവിടെ കെട്ടിടങ്ങൾ ഇടിഞ്ഞു താഴുകയും, ഭിത്തികളിൽ വിള്ളൽ വീഴുകയുമുണ്ടായി. അതോടെ നൂറുകണക്കിന് വീടുകൾ ഇവിടെ വാസയോഗ്യമല്ലാതായി. സഞ്ചാരികളും തീർത്ഥാടകരും എത്തുന്ന ഇവിടെ അനിയന്ത്രിതമായി നടന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് സ്ഥിതി ഗുരുതരമാക്കിയത് എന്നാണ് പൊതു വിലയിരുത്തൽ.

ബിബിസിയും അദാനിയും

രാജ്യത്ത് അസഹിഷുണത വർധിക്കുന്നതിന്റെ പല സംഭവങ്ങളും ഉണ്ടായി. കേന്ദ്രസർക്കാറിനാലും- കേരള സർക്കാറിനാലും ഒരുപോലെ നിരവധി മാധ്യമ പ്രവർത്തകരും, എഴുത്തുകാരും പീഡിപ്പിക്കപ്പെട്ടു. ആൾട്ട് ന്യൂസ് എഡിറ്റർ സുബെർ അടക്കമുള്ളവർ അറസ്റ്റ് ചെയ്യപ്പെട്ടു. അതുപോലെ തന്നെ, 2002 ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി ഇന്ത്യാഗവണമെന്റ് വിലക്കിയതും വിവാദമായി. പക്ഷേ 'ഇന്ത്യ ദ് മോദി ക്വസ്റ്റ്' എന്ന പേരിൽ രണ്ട് ഭാഗങ്ങളായിട്ടാണ് ഡോക്യുമെന്ററി അതോടെ ഹിറ്റായി. അത് ലോകം മുഴവൻ ചർച്ചയായി. ഡോക്യുമെന്ററി വിലക്കിയതിന് തൊട്ടടുത്തമാസം ബിബിസിയുടെ ഇന്ത്യയിലെ മുംബൈ, ഡൽഹി ഓഫിസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയതും ഏറെ ചർച്ചയായി.

ബിബിസികൊണ്ട് മോദിക്കാണ് പരിക്കേറ്റതെങ്കിൽ, മോദിക്കൊപ്പം വളർന്നുവെന്ന് പൊതുവെ വിമർശിക്കപ്പെടുന്ന, വ്യവസായി ഗൗതം അദാനിക്ക്, ഹിൻഡൻബർഗ് എന്ന എക്കണോമിക്ക് റേറ്റിങ്ങ് ഏജൻസിയുടെ റിപ്പോർട്ടിലാണ് ക്ഷതമേറ്റത്. 2023 ആദ്യമാസം അപ്രതീക്ഷിതമായി പുറത്തുവന്ന ഹിൻഡൻബർഗ് റിപ്പോർട്ടിനു പിന്നാലെ, ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരുന്ന അദാനി ഗ്രൂപ്പിന്റെ ഏഴ് ലിസ്റ്റഡ് കമ്പനികളുടെ ഓഹരികളും കനത്ത ഇടിവാണ് നേരിട്ടത്. ഓഹരിവില പെരുപ്പിച്ച് കാട്ടി എന്നതടക്കം ഗുരുതരമായ ആരോപണങ്ങളാണ് അദാനിക്കുമേൽ ഹിൻഡൻബർഗ് പുറത്തുവിട്ട റിപ്പോർട്ടിലുണ്ടായിരുന്നത്.

ഹിൻഡൻബർഗ് റിപ്പോർട്ട് രാഷ്ട്രീയമായും ഏറെ ചലനങ്ങൾ രാജ്യത്തുണ്ടാക്കി. ഇപ്പോൾ ലോകത്തെ ഏറ്റവും വലിയ ധനികരുടെ പട്ടികയിൽ പതിനാറമത്തെ സ്ഥാനമാണ് ഗൗതം അദാനിക്കുള്ളത്. നേരത്തെ അത് മൂന്നാം സ്ഥാമായിരുന്നു. ഇപ്പോൾ ആ തിരിച്ചിടികളെയെല്ലാം അതിജീവിച്ച് അദാനി കരകയറുന്ന കാഴ്ചയും, വർഷാവസാനത്തിൽ കണ്ടു.

ഭീകരരെ കാലപുരിക്ക് അയക്കുന്നു

2023 എന്നത് ഇന്ത്യവിരുദ്ധരായ ഭീകർക്ക് കഷ്ടകാലമാണ്. പാക്കിസ്ഥാനിലും അഫ്ഗാനിലും കാനഡയിലൊമാക്കെയായി ലഷ്‌ക്കർ, ജയ്ഷേ, സിഖ് തീവ്രാവാദികളായ ഭീകരർ വെടിയേറ്റുവീണ് മരിച്ചു. പത്തുസെക്കൻഡ് കൊലപാതകികൾ എന്നാണ് ഇവർ അറിയപ്പെടുന്നത്. അതായത് ബൈക്കിലെത്തി വെടിയുതിർത്ത് വെറും പത്തുസെക്കൻഡിനുള്ളിൽ ഇവർ അപ്രത്യക്ഷരാവും.

ഈ വർഷം മാത്രം, 16 ഭീകരരാണ് പാക്കിസ്ഥാന്റെ മണ്ണിൽ വെടിയേറ്റുവീണത്. ആദ്യം എല്ലാവരും സംശയിച്ചിരുന്നത്, സിന്ധി തീവ്രവാദ സംഘടനയായ, സിന്ധുദേശ് ലിബറേഷൻ ആർമിയെ ആയിരുന്നു. എന്നാൽ അവർക്ക് ഇതുപോലെ ഒരു ആക്രമണം നടത്താനുള്ള കഴിവ് ഇല്ലെന്നും, ഇതിന് പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ, റോ തന്നെയാണെന്നുമാണ് പാക്ക് മാധ്യമങ്ങൾ വിലയിരുത്തുന്നത്. പാക്കിസ്ഥാനിലെ കറാച്ചി, സിയാൽകോട്ട്, പിഒകെയിലെ നീലം താഴ്‌വര, ഖൈബർ പഖ്തൂൺഖ, റാവൽകോട്ട്, റാവൽപിണ്ടി, ലാഹോർ എന്നിവിടങ്ങളിൽ സമീപകാലത്ത് അജ്ഞാതരായ തോക്കുധാരികൾ ഇത്തരം കൊലപാതകങ്ങൾ നടത്തിയിട്ടുണ്ട്. എല്ലായിടത്തും മോഡസ് ഓപ്പറൻഡി ഒന്നുതന്നെയാണ്. ബൈക്കിലെത്തി കൊല

കാനഡയിൽ ഖലിസ്ഥാൻ അനുകൂലികളുടെ നേതാവ് ഹർദീപ് സിങ് നിജ്ജാറും കൊല്ലപ്പെട്ടത് ഈ രീതിയിലാണ്. ഇതിന്റെ പേരിൽ ജി-20 ഉച്ചകോടിക്ക് ശേഷം ഇന്ത്യ-കാനഡ ബന്ധം വഷളാവുന്ന കാഴ്ചയാണുണ്ടായത്. ഇന്ത്യയുമായുള്ള വ്യാപാര പദ്ധതികൾ കാനഡ മരവിപ്പിച്ചിരുന്നു. കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് ഇന്ത്യയിലെ 21 നയതന്ത്ര പ്രതിനിധികൾ ഒഴികെയുള്ള 41 ഉദ്യോഗസ്ഥരെ കാനഡ തിരിച്ചുവിളിച്ചിരുന്നു. മൂന്ന് മാസത്തോളം കനേഡിയൻ പൗരന്മാർക്കുള്ള ഇ-വീസ സേവനങ്ങളും ഇന്ത്യ നിർത്തിവച്ചു.

അതുപോലെ വിഘടവാദി നേതാവ് അമൃത്പാൽ സിങിനെ പിടികൂടാനായതും ഇന്ത്യക്ക് നേട്ടമായി. പഞ്ചാബിലെ അജ്നാന പൊലീസ് സ്റ്റേഷനിൽ ഫെബ്രുവരി 23ന് നടന്ന ആക്രമണത്തിന് പിന്നാലെയാണ് അമൃത്പാലിനായി പൊലീസ് വലവിരിച്ചത്. തുടർന്ന് മാസങ്ങളായി വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിഞ്ഞ അമൃത്പാൽ പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. രണ്ടാം ഭ്രിന്ദൻവാല എന്നാണ് ഇയാൾ അറിയപ്പെട്ടത്. എന്നിരുന്നാലും ഭീകരതയെ ഇന്ത്യൻ മണ്ണിൽനിന്ന് തുറച്ചു നീക്കാൻ ആയിട്ടില്ല. വർഷാവസാനം മൂന്ന് തവണയായി കാശ്മീരിലുണ്ടായ ആക്രമണങ്ങൾ ഇക്കാര്യം അടിവരയിടുന്നു.

പാർലിമെന്റും രാമക്ഷേത്രവും

ജനാധിപത്യത്തിന്റെ പുതിയ ശ്രീകോവിലിൽ ഉയർന്ന വർഷമാണ് കടന്നുപോയത്. ബ്രിട്ടിഷുകാർ നിർമ്മിച്ച പാർലമെന്റ് മന്ദിരത്തിൽനിന്ന് ഇന്ത്യ പുതിയ ഹൈട്ടക്ക് പാർലമെന്റ് മന്ദിരത്തിലേക്ക് മാറിയപ്പോൾ വിവാദപ്പെരുമഴയായിരുന്നു. പ്രതിപക്ഷ പാർട്ടികൾ ബഹിഷ്‌കരിച്ച ഉദ്ഘാടന ചടങ്ങിൽ, ചെങ്കോലിനെ സംബന്ധിച്ചായിരുന്നു ഏറെ വിവാദം. തീർത്തും ഒരു മതരാഷ്ട്രമാക്കി ഇന്ത്യയെ മാറ്റുന്ന രീതിയിലുള്ള പുജയും, ഹോമവും, സന്യാസികളുടെ വരുമൊക്കെ, രാജ്യം കാലങ്ങളായി പിന്തുടരുന്ന മതേതര ബോധത്തിനും കാര്യമായ പരിക്കേൽപ്പിച്ചിട്ടുണ്ട്. വനിതാ സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിലെ ഇരുസഭകളും പാസ്സാക്കിയതാണ് 2023ലെ അഭിമാനകരമായ പ്രധാന നേട്ടം. ഭരണ പ്രതിപക്ഷ കക്ഷികൾ അനുകൂലിച്ചു വോട്ടു ചെയ്തതോടെയാണ് ബിൽ പാസായത്.

പുതിയ പാർലമെന്റിലെ സുരക്ഷാ വീഴ്ചയ്ക്കും 2023 സാക്ഷിയായി. 2001ലെ ഭീകരാക്രമണത്തിന്റെ ഓർമദിനത്തിലാണ് സന്ദർശക ഗാലറിയിൽനിന്ന് യുവാക്കൾ ലോക്സഭയിലെ നടുത്തളത്തിലേക്ക് ചാടിയിറങ്ങി പുക വമിക്കുന്ന കുറ്റികൾ തുറന്നു വിട്ടത്. പാർലമെന്റിനു പുറത്തും ഇതേസമയം രണ്ടുപേർ സമാനമായി പുകപരത്തി. പുതിയ പാർലമെന്റിൽ ഒരു അംഗത്തെ പുറത്താക്കിയ നടപടിയും വിവാദമായി. പാർലമെന്റിൽ ചോദ്യം ചോദിക്കാൻ പാരിതോഷികം കൈപ്പറ്റിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന കണ്ടത്തെലിനെ തുടർന്നാണ് തൃണമൂൽ കോൺഗ്രസ് അംഗം മഹുവ മൊയ്ത്രയെ ലോക്സഭയിൽനിന്നു പുറത്താക്കിയത്. ഇതിനെതിരെ അവർ സുപ്രീം കോടതിയെ സമീപിച്ചിരിക്കയാണ്. തീപ്പൊരി പ്രസംഗത്തിലുടെ മോദി സർക്കാറിനെ വെട്ടിലാക്കുന്ന മെഹ്വക്കെതിരെ, പ്രതികാര നടപടികളാണ് സ്വീകരിക്കുന്നത് എന്നാണ് പ്രതിപക്ഷം പറയുന്നത്.

വർഷാവസാനത്തിൽ എല്ലാകണ്ണുകളും ഫോക്കസ് ചെയ്യുന്നത് ഒരിടത്തേക്കാണ്. അയോധ്യയിലെ രാമക്ഷേത്രം. വെറുമൊരു അമ്പലം പണിക്ക് പകരം കോടികളുടെ വികസന പദ്ധതികളുമാണ് അവിടെ നടക്കുന്നത്. ഇന്ത്യയുടെ തീർത്ഥാടന ടൂറിസത്തിന്റെ ഹബ്ബായി ഇതോടെ അയോധ്യമാറുമെന്നാണ് വിലയിരുത്തൽ. ക്ഷേത്രം മാത്രമല്ല, അപ്പുറത്ത് ബാബറി മസ്ജിദിന് പകരം പള്ളിയും ഉയരുന്നുണ്ട്.

രാമക്ഷേത്രംപോലെ തന്നെ വലിയ രീതിയിലാണ്, അയോധ്യയിൽ നിന്ന് 22 കിലോമീറ്ററകലെയുള്ള രോണായി ഗ്രാമത്തിൽ പള്ളിയും ഒരുങ്ങുന്നത്. താജ്മഹലിലോട് കിടപിടിക്കുന്ന രീതിയിലാണ് പള്ളി ഡിസൈൻ ചെയ്തിരിക്കുന്നത് പള്ളിക്കൊപ്പം കാൻസർ ആശുപത്രിയും ചരിത്രമ്യൂസിയവുമടങ്ങുന്ന വിശാലസമുച്ചയത്തിന്റെ നിർമ്മാണത്തിന് മാസങ്ങൾക്കുള്ളിൽ തുടക്കമാകും.

ഇതോടെ അയോധ്യ ജില്ലയിൽതന്നെയുള്ള ധാനിപുരിലെ രോണായി ഗ്രാമം വിശ്വാസവും ചരിത്രവും സൗഹൃദവും വിളംബരം ചെയ്യുന്ന അടയാളമായിമാറും. രാമക്ഷേത്രത്തിലേക്ക് എന്നപോലെ നിരവധി ടൂറിസ്റ്റുകളും വിശ്വാസികളും ഇങ്ങോട്ടും വരുമെന്നും കരുതുന്നുണ്ട്. പക്ഷേ കാശി, മഥുര തുടങ്ങിയ സ്ഥലങ്ങളിലേക്ക് സമാനമായ സംഘർഷങ്ങൾ വ്യാപിക്കുമോ എന്ന ആശങ്കയും നിലനിൽക്കയാണ്.

വാൽക്ക്ഷണം: കേരളത്തെവെച്ചുനോക്കുമ്പോഴും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ വർഷമാണ് കടന്നുപോയത്. ശ്രീലങ്കൻ മോഡൽ കൂഴപ്പങ്ങൾ തുറിച്ചുനോക്കുന്നുവെന്ന് പലരും പ്രവചിക്കുമ്പോഴും ധുർത്തിന് യാതൊരു കുറവുമില്ല. 2023ലെ കേരളാ മോഡലും ഞെട്ടിക്കുന്നതാണ്!