ചെറുപ്പകാലത്ത് ഏറെ ദാരിദ്ര്യത്തിൽ കഴിഞ്ഞ പലരും, പിന്നീട് നല്ല സ്ഥിതിയിൽ എത്തുമ്പോൾ അവരുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നത് കണ്ടിട്ടില്ലേ. ചിലർ കാറുകൾ വാങ്ങിക്കൂട്ടും, കൊട്ടാരംപോലത്തെ വീട് നിർമ്മിക്കും, വിദേശ യാത്രകൾ പോകും.... അങ്ങനെ തന്റെ ദാരിദ്ര്യകാലത്ത് സ്വപ്നം കണ്ട ആഗ്രഹങ്ങൾ സാധിക്കും. പലർക്കും ഇങ്ങനെ ഒരു കഷ്ടത നിറഞ്ഞ ഭൂതകാലം ഉണ്ടായിരുന്നെന്ന് പറയാൻ പോലും മടിയാണ്. എന്നാൽ ഇവിടെ ഒരു മനുഷ്യൻ വേറിട്ട് നിൽക്കയാണ്.

ചോർന്നൊലിക്കുന്ന ഓലപ്പുരയിൽ ജനിച്ച, പുസ്തകം വാങ്ങാൻ പണം ഇല്ലാത്തിന്റെപേരിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന, മെലിഞ്ഞ് ശുഷ്‌ക്കിച്ച സ്വന്തം ശരീരത്തിന്റെ പേരിൽ ഒരുപാട് പരിഹാസങ്ങൾ നേരിട്ട അയാൾ, പടിപടിയായ ഉയർന്ന്, ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ നടനായി. ദേശീയ അവാർഡ് ജേതാവായി. നിരവധി വിദേശ ഫിലിംഫെസ്റ്റുവലുകളിൽ പങ്കെടുത്തുകൊണ്ട്, ലോക സിനിമയിൽ മലയാളത്തിന്റെ മുഖമായി. അങ്ങനെ പ്രശസ്തിയുടെ പരകോടിയിൽനിൽക്കുന്ന ഈ 67ാം വയസ്സിലും അയാളുടെ ആഗ്രഹം വിചിത്രമാണ്. 8ാം ക്ലാസിൽ മുടങ്ങിപ്പോയ പഠനം തുടരണം. അതിനുള്ള ശ്രമത്തിലാണ്, മലയാളത്തിന്റെ ചാർലിചാപ്ലിൻ എന്ന് വിളിക്കുന്ന, സുരേന്ദ്രൻ കൊച്ചുവേലു എന്ന് മുഴുവൻ പേരുള്ള നമ്മുടെ പ്രിയ നടൻ ഇന്ദ്രൻസ്!

''ഇപ്പോൾ എനിക്ക് പഠിക്കണമെന്ന് തോന്നി. അന്ന് പുസ്തകവും വസ്ത്രവും വാങ്ങാൻ കാശില്ല. പഠിത്തം ഇല്ലാത്തത് കാഴ്ച ഇല്ലാത്ത പോലെയാണ്. എനിക്ക് കാഴ്ച വേണം,'' - മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ ഇന്ദ്രൻസ് പറഞ്ഞത് ഇങ്ങനെയാണ്. തിരുവനന്തപുരം നഗരസഭയുടെ അക്ഷരശ്രീ പദ്ധതിയിൽ, പത്താം ക്ലാസ് പൂർത്തിയാക്കാനുള്ള അപേക്ഷ നൽകിയിരിക്കയാണ് ഇന്ദ്രൻസ്. നാലാം ക്ലാസ് വരെ വീടിനടുത്തുള്ള കുമാരപുരം യു പി സ്‌കൂളിലാണ് പഠിച്ചത്. അതിനു ശേഷം എട്ടാം ക്ലാസ്സിൽ ചേർന്നെങ്കിലും പഠനം പൂർത്തിയാക്കാനായില്ല.

''കോർപറേഷൻ പദ്ധതിയായ അക്ഷരശ്രീയെ കുറിച്ച് വാർഡ് മെമ്പർ ഡി ആർ അനിൽ ആണ് പറഞ്ഞത്. ഫോം വാങ്ങി പൂരിപ്പിച്ചു. ആഴ്ചയിൽ ഒരിക്കലാണ് ക്ലാസ്. ആഗ്രഹം തോന്നിയാണ് ചേർന്നത്. തിരക്കുകൾ കാരണം ക്ലാസ്സിൽ എത്താനാകുമോ എന്നറിയില്ല,''- ഇന്ദ്രൻസ് പറയുന്നു. പക്ഷേ ഇവിടെയും ഒരു പ്രശ്നം വന്നു. ഇന്ദ്രൻസ് ഏഴാം ക്ലാസ് വിജയിച്ചതിന്റെ രേഖ കിട്ടിയട്ടില്ല. ഏഴാം ക്ലാസിലെ പരീക്ഷയുടെ രേഖകൾ തേടി സാക്ഷരതാ മിഷൻ, ഇന്ദ്രൻസ് പഠിച്ച കുമാരപുരം ഗവ.മെഡിക്കൽ കോളജ് ഹയർ സെക്കൻഡറി സ്‌കൂളിനു കത്തെഴുതിയിയെങ്കിലും അവ കണ്ടെടുക്കാനിയട്ടില്ല. ഇതോടെ ആദ്യം ഏഴാം ക്ലാസ് തുല്യതാ പരീക്ഷയിൽ പങ്കെടുക്കുകയാണ് ഈ നടൻ ചെയ്യുന്നത്. തുടർന്ന് പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതും. ഇതിന് വേണ്ടി വരുന്നത് ഒന്നര വർഷം. ഇത്രയും കാലം ക്ലാസിലിരിക്കാനും പഠിക്കാനും തയാറാണെന്ന് ഇന്ദ്രൻസ് സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി.ഒലീനയെ അറിയിച്ചു. ഏഴിൽ ഇന്ദ്രൻസിനൊപ്പം പഠിച്ച ഒട്ടേറെ സഹപാഠികളെയും സാക്ഷരതാ മിഷൻ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ജയിച്ചതിന് രേഖയില്ല.

നോക്കണം, ഇത്രയേറെ പ്രശസ്തനായിട്ടും തനിക്ക് പ്രാഥമിക വിദ്യാഭ്യാസമേ ഉള്ളൂവെന്ന് പറയാൻ ഇന്ദ്രൻസിന് യാതൊരു മടിയുമില്ല. ഏത് പ്രായത്തിലും വിദ്യാഭ്യാസം നേടുക എന്നത് എത്ര പ്രധാന്യമുള്ളതാണെന്ന്, നിരവധിപേരെ പ്രചോദിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ആ നിലക്ക് കേരളത്തിന്റെ അടിസ്ഥാന വിദ്യാഭ്യാസ രംഗത്തിന്റെ ബ്രാൻഡ് അംബാസിഡറാണ് ഈ നടൻ. വി ടി ഭട്ടതിരിപ്പാടിന്റെ അക്ഷരവിപ്ലവത്തോട് ചേർത്താണ് ഇന്ദ്രൻസിന്റെ ഈ നിലപാടിനെ പലരും സോഷ്യൽ മീഡിയയിൽ വിശേഷിപ്പിക്കുന്നത്. പക്ഷേ ഈ ഒരുകാര്യം മാത്രമല്ല, എല്ലാ അർത്ഥത്തിലും പ്രകാശം പരത്തുന്ന മനുഷ്യൻ എന്ന് വിശേഷിപ്പിക്കാവുന്ന ജീവിതമാണ് ഈ അതുല്യ നടന്റെത്.

ചോരുന്ന കൂരയിലെ ബാല്യം

1956-ൽ പാലവില കൊച്ചുവേലുവിന്റെയും ഗോമതിയുടെയും ഏഴു മക്കളിൽ രണ്ടാമനായി തിരുവനന്തപുരം കുമാരപുരത്താണ് ജനനം. കുമാരപുരം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിച്ചു. തുടർന്ന് അമ്മാവനോടൊപ്പം തയ്യൽക്കാരനായി ജോലി ചെയ്തു. കൊടും ദാരിദ്രമായിരുന്നു അക്കാലത്ത്. മരപ്പണിക്കാരനായിരുന്നു അച്ഛൻ തന്റെ അത്മകഥയിൽ അച്ഛൻനെക്കുറിച്ച് ഇന്ദ്രൻസ് ഇങ്ങനെ അനുസ്മരിക്കുന്നു.

-'' നേരം പരപരാ വെളുക്കുമ്പം അച്ഛൻ ജോലിക്ക് പോകും. തടി അറുപ്പാണ് ജോലി. വീടിന്റെ അപ്പുറത്തുള്ള പൊന്നന്മുതലാളിയുടെ പറമ്പാണ് പണിസ്ഥലം. ആ ഭാഗത്ത് സ്വന്തമായി ലോറിയുള്ള ഒരേ ഒരാളാണ് പൊന്നന്മുതലാളി. മാത്രമല്ല ഞങ്ങൾ റേഷൻ വാങ്ങുന്ന കടയുൾപ്പെടെ കുമാരപുരത്തുള്ള വലിയ പലവ്യഞ്ജനക്കടയും മറ്റും മുതലാളിയുടെ വകയാണ്. ഈ കടകൾക്ക് പുറകിലുള്ള മട്ടുപ്പാവുള്ള വീട്ടിലാണ് മുതലാളിയുടെ താമസം.

മുതലാളി നല്ല വെളുത്ത നിറമാണ്. ഖദർ ജുബ്ബയും വെള്ള മുണ്ടും പിന്നൊരു ഷാളും എപ്പോഴും കാണും. ചിരിക്കുമ്പോൾ സ്വർണപ്പല്ല് എടുത്ത് കാണാം. പളപളാന്ന് തിളങ്ങും. വലിയ കോൺഗ്രസ് നേതാവാണ്; സർക്കാർ കോൺട്രാക്ടറും. അതുകൊണ്ടുതന്നെ മുതലാളിക്ക് ധാരാളം തടിയുരുപ്പടികൾ ആവശ്യമുണ്ട്. ജനലുകളും വാതിലുകളും മറ്റ് ഫർണിച്ചറുകളും ആ പുരയിടത്തിന്റെ ഒരു വശത്തുള്ള ഷെഡ്ഡിലിരുന്നാണ് ആശാരിമാർ തയ്യാറാക്കുന്നത്. മേസ്തിരിമാരുടെ ആവശ്യാനുസരണം തടിയറുത്ത് ഉരുപ്പടികൾ കൊടുക്കുന്നത് അച്ഛനായിരുന്നു. അച്ഛന് എന്നും പണിയുണ്ടാവും. വലിയ ഓലഷെഡ്ഡിലാണ് തടിയറുപ്പ്, അതുകൊണ്ടുതന്നെ മഴക്കാലമൊന്നും അച്ഛനെ ബാധിക്കാറില്ല. അവിടത്തെ എല്ലാ പണികളുടെയും ചുമതല അച്ഛനാണ്. പൊന്നന്മുതലാളിക്ക് അച്ഛനെ വലിയ കാര്യമായിരുന്നു. അച്ഛന് മുതലാളിയോട് വലിയ ബഹുമാനവും. നമ്മളിന്ന് കാണുന്നപോലുള്ള തടിമില്ലും മെഷ്യനുമൊന്നും അന്നില്ല. വളരെ വലിയ ശാരീരിക അധ്വാനം വേണ്ട ഒരു ജോലിയാണ് മരം അറുക്കൽ; എത്ര ചെറിയ മരമാണെങ്കിലും.

കരുത്തുള്ള മരങ്ങൾ മുറിച്ച് ഇഴയും കാലും നിർത്തും. അതായത് അറുക്കേണ്ട തടിയെ ഉയർത്തിക്കിടത്താനുള്ള ഒരു തട്ട്. അടിയിൽ ഒരാൾക്ക് മുട്ടുകുത്തിയിരുന്ന് കൈനിവർത്തി വാള് വലിക്കാനുള്ള പൊക്കത്തിലാണ് ഈ തട്ട് ഉണ്ടാക്കുന്നത്. കമ്പിപ്പാരയും മറ്റ് ബലമുള്ള നീളൻ തടികളും ഉപയോഗിച്ച് എത്ര വലിയ മരമാണെങ്കിലും ഉരുട്ടി മുകളിലേക്ക് കയറ്റും. അച്ഛൻ മാത്രമല്ല മരത്തെ തട്ടിൽ കേറ്റാൻ നാട്ടുകാരിൽ പലരും സഹായിക്കും. അപ്പോൾ ജോലിയുടെ ആയാസം കുറയ്ക്കാൻ അവർ താളത്തിൽ 'ഹൈലസ' വിളിക്കാറുണ്ട്.

ഇത് സത്യത്തിൽ തട്ടേൽ കയറ്റാൻ കൊണ്ടുപോകുന്ന തടിയെ താലോലിക്കലാണെന്നാണ് എനിക്ക് തോന്നീട്ടുള്ളത്. മരം തട്ടേൽ കേറിക്കഴിഞ്ഞാൽ പിന്നെ എല്ലാവരുംകൂടെ അല്പം വിശ്രമിച്ച് വിശാലമായ ഒരു വെള്ളംകുടിയുണ്ട്. വലിയ മൊന്തയിലെ വെള്ളം അച്ഛൻ കുടിക്കുമ്പോൾ കൊരവള്ളിയിലുടെ വെള്ളം ഇറങ്ങിപ്പോകുന്നതും അതിന്റെ ശബ്ദവും എല്ലാം ഞാൻ അതിശയത്തോടെ നോക്കിനിൽക്കും. പച്ചവെള്ളത്തിന് ഇത്രേം രുചിയോ എന്ന് കുടിച്ച് കഴിയുമ്പോഴുള്ള മുഖഭാവം കണ്ട് എനിക്ക് തോന്നീട്ടുണ്ട്. പിന്നെ മുറുക്കാൻ പൊതി അഴിച്ച് വിസ്തരിച്ചൊരു മുറുക്കൽ.

വീടിനടുത്തായതുകൊണ്ട് സ്‌കൂളില്ലാത്തപ്പോഴൊക്കെ ഞാൻ അച്ഛൻ ജോലിചെയ്യുന്ന സ്ഥലത്ത് പോയിരിക്കും. അങ്ങനെയാണ് എനിക്ക് ഇതൊക്കെ കാണാൻ പറ്റിയത്. മരം അറുക്കുന്ന താളവും അതിന്റെ മണവും ആ കാഴ്ചയുമെല്ലാം എനിക്കൊരു ഹരമായി മാറി. വർഷങ്ങളായി എടുക്കാതെ ഇട്ടിരിക്കുന്ന ഒരു വലിയ തടിയുണ്ട്. അത് മരം അറുക്കുന്ന ആ ഓലപ്പുരയുടെ വശത്ത് തന്നെയാണ്. അതിന്റെ മുകളിൽ ഇരുന്നാണ് എന്റെ കാഴ്ച. അതെന്റെ സ്ഥിരം ഇരിപ്പിടമാണ്. രണ്ടുവശത്തും കാലിട്ട് ഒരു ആനപ്പുറത്ത് ഇരിക്കുന്ന പോലയാ എന്റെ ഇരിപ്പ്.

അച്ഛൻ തടി അറുക്കുമ്പോൾ കൈയിലെ മസിലുകൾ എല്ലാം ഉയർന്നുവരും. ഒരു ജിംനാസ്റ്റിക്കിനെപ്പോലെ, നെഞ്ചിലും മുതുകത്തും മാംസം ഉരുണ്ടുകളിക്കും... ആ വിയർപ്പിൽ അതിനൊരു തിളക്കമുണ്ട്. തല വിയർത്ത് മൂക്കിന്റെ തുമ്പത്തുകൂടെ അത് ഇറ്റിറ്റുവീഴും, തടി അറുക്കുന്നതിനിടയിൽ ആപ്പ് മാറ്റാനോ മൂർച്ച കുറയുന്ന വാളിന്റെ പല്ല് രാകാനോ മാത്രമേ നിർത്താറുള്ളൂ.'- ഇന്ദ്രൻസ് എഴുതുന്നു.

വീട് ചോർന്നൊലിക്കുന്ന അക്കാലത്തെ മഴക്കാലത്തെക്കുറിച്ച് ഇന്ദ്രൻസ് എഴുതുന്നത് ഇങ്ങനെ. -''ഇടവപ്പാതി കഴിഞ്ഞ് കർക്കടക മഴയ്ക്കുമുൻപ് പോലും ഓലപ്പുര കട്ടാൻ പറ്റാതെ, മഴവെള്ളം വീഴാൻ അമ്മ പാത്രങ്ങൾ മാറ്റിമാറ്റി വെയ്ക്കുകയാണ്. ഇനി ചോരാൻ ഒരു സ്ഥലവുമില്ല. മുൻപ് പെയ്ത മഴയത്ത് ചോർന്നപ്പോൾ ചില സ്ഥലങ്ങളിലൊക്കെ അച്ഛൻ ഊട് വലിച്ചിരുന്നു. അത് എന്തെന്നാൽ മഴവെള്ളം ചോരുന്ന ഓട്ടകളിൽ മറ്റൊരു ഓല ഇടയിൽ തിരുകിക്കയറ്റും. പക്ഷേ, ഇനി അതിനും കഴിയാതെയായി എന്ന് ഓലകെട്ടാൻ പറ്റുമോയെന്ന അമ്മൂമ്മയുടെ ചോദ്യത്തിന് മറുപടി പറയാൻ കഴിയാതെ അച്ഛൻ നിശ്ശബ്ദനാകും. ഉറക്കെ പെയ്യുന്ന മഴയുടെ ശബ്ദത്തിനുംമീതെ അമ്മൂമ്മയുടെ ശകാരം കേൾക്കാം; ''നേരത്തും കാലത്തും ഓലയെങ്കിലും കെട്ടി കെടക്കാൻ വയ്യങ്കി ഇടിഞ്ഞ് വീഴട്ട്... എന്നാലെങ്കിലും ഇത്തങ്ങളെയെല്ലാം നുള്ളിപ്പറക്കി പോവുമല്ലോ.'' അച്ഛൻ അതിനും മറുപടിയില്ല. ഞങ്ങളെല്ലാവരും ചോരുന്നിടങ്ങളിലെല്ലാം പാത്രങ്ങൾ മാറ്റിമാറ്റിവെയ്ക്കും''.

നാടകത്തിൽനിന്ന് വസ്ത്രാലങ്കാരത്തിലേക്ക്

ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന 'കളിവീട്' എന്ന ടെലിസീരിയലിലാണ് ആദ്യം അഭിനയിച്ചത്. വസ്ത്രാലങ്കാര മേഖലയിലൂടെയാണ് സുരേന്ദ്രൻ ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. കോസ്റ്റൂം രംഗത്ത് എത്തിയതിനെക്കുറിച്ച് ഇന്ദ്രൻസ് പറയുന്നതിപ്രകാരമാണ്..'' വളരെ യാദൃച്ഛികമായിട്ടാണ് വസ്ത്രാലങ്കാര രംഗത്തേക്ക് എത്തുന്നത്. കുമാരപുരത്ത് നമ്മുടെ കൂടെ നാടകത്തിൽ അഭിനയിക്കുന്ന മോഹൻദാസാണ് അതിന് നിമിത്തമാകുന്നത്. അക്കാലത്ത് നാടകത്തിൽ വളരെ സജീവമായി അഭിനയിക്കുകയാണ്. സിനിമയിലേക്കുള്ള വഴി തുറന്നു കിട്ടണമെങ്കിൽ നല്ല ഗ്ലാമർ വേണം. എന്നാൽ, എന്റെ ശരീരവും രൂപവും വെച്ച് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം വല്ലാത്തൊരാഗ്രഹമാണെന്ന തിരിച്ചറിവ് എനിക്ക് നല്ലതായിയുണ്ടായിരുന്നു.

അതിനാൽ ഈ ആഗ്രഹം ആരോടും പറയാൻ ഞാൻ ധൈര്യപ്പെട്ടില്ല. സിനിമയുടെ പരിസരങ്ങളിൽ എങ്ങനെയെങ്കിലും പ്രവേശിക്കണം എന്ന ആഗ്രഹം വളർന്നുകൊണ്ടിരുന്നു. അപ്പോഴാണ് മോഹൻദാസിന്റെ ക്ഷണം. വസ്ത്രാലങ്കാരം സാധാരണ ടെയ്‌ലർമാർക്കുള്ള പണിയാണെന്നും തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ് ഇപ്പോൾ ഈ മേഖലയിൽ സജീവമായുള്ളതെന്നും മോഹൻദാസ് പറഞ്ഞാണ് മനസ്സിലാകുന്നത്. ഏതായാലും മോഹൻദാസ് പറഞ്ഞ ആ വഴിയിൽ ക്കൂടി ഞാൻ നടന്നു. ലക്ഷ്മണൻ ചേട്ടന്റെ അസിസ്റ്റന്റായാണ് വർക്ക് ചെയ്യേണ്ടത്. അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാര്യങ്ങളെല്ലാം മനസ്സിലാക്കി. കൂടെ മദ്രാസിലേക്ക് പോവുകയാണ്. ആദ്യത്തെ സിനിമ ചൂതാട്ടം. നിത്യഹരിതനായകൻ പ്രേംനസീറും യുവാക്കളുടെ ഹരമായിരുന്ന താരറാണി ജയഭാരതിയും അച്ചൻകുഞ്ഞും സത്താറുമൊക്കെയുള്ള സിനിമ. സിനിമയുടെ വെള്ളി വെളിച്ചത്തിൽ ഏതോ സ്വപ്നഭൂമികയിലെത്തിയതുപോലെ അങ്ങനെ ഒഴുകി നടന്നു. '- ഇന്ദ്രൻസ് പറയുന്നു.

സിനിമയുടെ അത്ഭുത ലോകത്തിൽ എത്തിയ സുരേന്ദ്രൻ സി എസ് ലക്ഷ്മണനിൽ നിന്നും കോസ്റ്റ്യൂമർ വേലായുധന്റെ സഹായിയായി മദ്രാസിൽ ചേക്കേറി. പിന്നീട് തിരക്കുകൾ ശക്തമായി. പക്ഷേ അവിടെയം തിക്താനുഭവങ്ങൾ ഇണ്ടായി. തുടർച്ചയായ ജോലി ഭാരത്തിന്റെ സമ്മർദ്ദം അദ്ദേഹത്തിന് താങ്ങാൻ അയില്ല. അതോടെ സിനിമ ഉപേക്ഷിച്ച് തിരുവനന്തപുരത്തേയ്ക്കു തിരിച്ചെത്തുകയും തയ്യൽക്കട ആരംഭിക്കുകയും ചെയ്തു. സുരേന്ദ്രനിലെ ഇന്ദ്രനെപ്പിടിച്ചു കടയ്ക്കു ഇന്ദ്രൻസെന്ന പേരു കൊടുത്തു.

കുടക്കമ്പിയിൽ ഒതുങ്ങാതെ വളർന്നു

പക്ഷേ അവിടെയും ഭാഗ്യം ഇന്ദ്രൻസിനെ തുണച്ചു. വീണ്ടും സിനിമ അദ്ദേഹത്തെ മാടിവിളിച്ചു. ചൂതാട്ടം എന്ന ചിത്രത്തിൽ കുതിരവട്ടം പപ്പുവിനൊപ്പം അഭിനയിക്കുവാനും ഡബ്ബു ചെയ്യുവാനുമുള്ള അവസരങ്ങൾ ലഭിച്ചു. ചലച്ചിത്ര രംഗത്തെ കോസ്റ്റ്യൂം വർക്കിനൊപ്പം തന്റെ അഭിനയിക്കണമെന്നുമുള്ള ആഗ്രഹത്തെ പ്രകടിപ്പിച്ചപ്പോൾ ചെറുവേഷങ്ങൾ നല്കുവാൻ സംവിധായകൻ തയ്യാറായി. പലപ്പോഴും ഈ ചെറുവേഷങ്ങൾ ചെയ്യാൻ ആ സമയത്ത് പറ്റിയ ആളും ഉണ്ടായിരുന്നില്ല. എഴുന്നള്ളത്ത് (ഹരികുമാർ), മാലയോഗം (സിബി മലയിൽ ), ധനം, ആധാരം (സിബി മലയിൽ ) എന്നു തുടങ്ങി ഒരു നിര ചിത്രങ്ങൾ.

നീണ്ട കഴുത്തുള്ള മെലിഞ്ഞ കറുത്ത ശരീരമായിരുന്നു ഇന്ദ്രൻസിന് അക്കാലത്ത് അവസരം നേടിക്കൊടുത്തത്. കുടക്കമ്പി, നത്തോലി, നീർക്കോലി എന്ന ഒരുപാട് ബോഡിഷെയിമിങ്് തമാശകൾ അദ്ദേഹം അക്കാലത്ത് കേട്ടു. സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത ഉത്സവമേളം എന്ന ചിത്രത്തിന്റെ പോസ്റ്ററിലാണ് ഇന്ദ്രൻസിന്റെ തല ആദ്യമായ വന്നത്. അന്നുണ്ടായ സന്തോഷത്തിന് കണക്കില്ലെന്ന് ഈയിടെയും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.

1993ൽ രാജസേനൻ സംവിധാനം ചെയ്ത, മേലേപ്പറമ്പിൽ ആൺവീടിലെ ബ്രോക്കർ പരമശിവമാണ് ഇന്ദ്രൻസിന് ഒരു ബ്രേക്ക് കൊടുത്തത്. പിന്നെ ദിലീപിന്റെ മാനത്തെക്കൊട്ടാരം തൊട്ട് ജയറാമിന്റെ സിഐഡി ഉണ്ണിക്കൃഷ്ണൻ ബിഎ ബിഡ് അടക്കമുള്ള അനവധി ചിത്രങ്ങൾ. അതിനുശേഷം അയാൾ തിരിഞ്ഞുനോക്കിയിട്ടില്ല.

ഈയിടെ ദി ന്യൂ ഇന്ത്യൻ എക്സപ്രെസിന് നൽകിയ അഭിമുഖത്തിൽ ഇന്ദ്രൻസ് തനിക്ക് നേരിട്ട് ശാരീരിക അവഹേളനങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. -''ധാരാളം അപകർഷതാ ബോധമുള്ള വ്യക്തിയാണ് ഞാൻ. എത്രയോ സിനിമകളിൽ അഭിനയിച്ചു എന്നിട്ടും 'കുടക്കമ്പി' എന്ന പേര് മാറിയില്ല. പക്ഷെ ഇന്നത്തെ തലമുറ ഇത്തരം വിളികളിലെ തെറ്റും ശരിയും മനസിലാക്കുന്നു. പഴയകാലത്ത് ഇത് സ്വാഭാവികമായിരുന്നു. ന്നാൽ ഇന്ന് ഇത് ശാരീരിക അവഹേളനമാണെന്ന് തിരിച്ചറിയുന്നുണ്ട്''.

കോമഡിയിൽനിന്ന് സീരിയസിലേക്ക്

കാലം കുറേ പിന്നിട്ടതോടെ വെറും ബോഡിഷെയിമിങ്ങ് തമാശകളിൽ ഒതുക്കി നിർത്താനുള്ള വ്യക്തിയല്ല ഇന്ദ്രൻസ് എന്ന് മലയാള സിനിമയും തിരിച്ചറിഞ്ഞു. കരുത്തുള്ള കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടിയെത്താൻ തുടങ്ങി. മലയാള സിനിമയിലെ ന്യുജൻ ട്രെൻഡിനൊപ്പം, ഇന്ദ്രൻസ് എന്ന നടനും വളർന്നു. സൂപ്പർ താരങ്ങളുടെ സിനിമയിൽ അദ്ദേഹത്തിന് വേഷം കിട്ടാൻ തുടങ്ങി.

മാധവ് രാംദാസിന്റെ അപ്പോത്തിക്കിരി, മനോജ് കാനയുടെ അമീബ, പ്രിയനന്ദന്റെ സൂഫി പറഞ്ഞ കഥ, മനു പി എസിന്റെ മൺറോ തുരുത്ത്, രഞ്ജിത്തിന്റെ ലീല, ചന്ദ്രൻ നരിക്കോടിന്റെ പാതി, വി സി അഭിലാഷിന്റെ ആളൊരുക്കം, മഹേഷ് നാരായണന്റെ മാലിക്, മിഥുൻ മാനുവൽ തോമസിന്റെ അഞ്ചാപാതിര, ഹോം എന്നീ ചിത്രങ്ങൾ ഇന്ദ്രൻസിന്റെ അഭിനയപാടവത്തെക്കുറിച്ച് പലരും എഴുതിയിട്ടുണ്ട്.

നിരവധി അവാർഡുകളാണ് ഇന്ന് ഇന്ദ്രൻസിനെ തേടിയെത്തിയത്. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് 2018ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 2019-ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരം നേടി. മികച്ച ചിത്രത്തിനുള്ള 2019 ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേള അവാർഡും അദ്ദേഹം നേടി. ഇന്ന് മലയാളത്തിൽനിന്ന് അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന നടൻ മമ്മൂട്ടിയും ലാലുമൊന്നുമല്ല, ഈ കൊച്ചു മനുഷ്യനാണ്. ഇപ്പോൾ ഹോം എന്ന സിനിമയിലുടെ ദേശീയ പുരസ്‌ക്കാരവും അദ്ദേഹത്തെ തേടിയെത്തി.

മലയാളത്തിന്റെ ചാർലിചാപ്ലിൻ എന്നാണ് ഇന്ന് ഇന്ദ്രൻസ് അറിയപ്പെടുന്നത്. ചാപ്ലിന്റെ ജീവിതവും ഇന്ദ്രൻസിന്റെ ജീവിതവും തമ്മിൽ ചില സമാനതകളുമുണ്ട്. ഇരുവരുടേയും ബാല്യം കഷ്ടതകൾ നിറഞ്ഞതായിരുന്നു. ഇരുവരുടേയും ചലച്ചിത്ര ജീവിതത്തിന്റെ തുടക്കം ഹാസ്യത്തിലൂടെയായിരുന്നു. അടുത്ത ഘട്ടത്തിൽ ചാപ്ലിൻ ഗൗരവപൂർണ്ണമായ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രശ്‌നങ്ങളെ അവതരിപ്പിക്കുന്ന ചിത്രങ്ങളിലേക്കു മാറുന്നു. അഭിനയ ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിൽ ഇന്ദ്രൻസ് കോമഡി റോളുകളിൽ നിന്നും സാമൂഹ്യ പ്രതിബദ്ധതയുള്ളതും രാഷ്ട്രീയ നിലപാടുകൾ പങ്കുവെയ്ക്കുന്നതുമായ ചിത്രങ്ങളിലേക്കു മാറുന്നുണ്ട്.

ചാപ്ലിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി, ആർ ശരത് 'ബുദ്ധൻ ചിരിക്കുന്നു' എന്ന ചലച്ചിത്രം തയ്യാറാക്കിയപ്പോൾ ചാർലി ചാപ്ലിൻ ആകാൻ തിരഞ്ഞെടുത്തത് ഇന്ദ്രൻസിനെയായിരുന്നു. ഒരു ഹാസ്യനടൻ ചാർലി ചാപ്ലിൻ ആകാൻ അതിതീവ്രമായി ആഗ്രഹിച്ച് ചാപ്ലിൻ അനുകരണത്തിലൂടെ മുന്നോട്ടു പോകുമ്പോൾ അയാളുടെ കരിയറിലും ജീവിതത്തിലുമുണ്ടാകുന്ന വെല്ലുവിളികളായിരുന്നു ചിത്രത്തിന്റെ ഉള്ളടക്കം. 1985 ഫെബ്രുവരി 23-ന് ഇന്ദ്രൻസ് ശാന്തകുമാരിയെ വിവാഹം കഴിച്ചു. അവർക്ക് ഒരു മകളും മകനുമുണ്ട്. മറ്റൊരു വസ്ത്രാലങ്കാരകനായ ഇന്ദ്രൻസ് ജയൻ ഇദ്ദേഹത്തിന്റെ അളിയനാണ്.

സ്മാർട്ട്ഫോൺ ഉപയോഗിക്കാത്ത നടൻ

ഹോം എന്ന സിനിമ ഹിറ്റായിക്കൊണ്ടിരിക്കുന്ന സമയം. അപ്പോഴാണ് ഒരു അഭിമുഖത്തിൽ ഇന്ദ്രൻസ് ഇങ്ങനെ പറയുന്നത്. -'' ഹോം സിനിമയിലെ ഒലിവർ ട്വിസ്റ്റിനെപ്പോലെ ഞാനും സാധാ ഫോണിന്റെ ആരാധകനാണ്. ചിത്രത്തിൽ ഉപയോഗിച്ച അത്രയെങ്കിലും ജീവിതത്തിൽ സ്മാർട്ട് ഫോൺ ഉപയോഗിച്ചിട്ടില്ല.

ശരിയാകില്ല എന്ന് മനസ്സിലായതോടെ വേണ്ടെന്നുവെച്ചു. സിനിമയിൽ ഫോൺ പഠിക്കാൻവേണ്ടി മക്കളുടെ സഹായം തേടുന്നപോലുള്ള സന്ദർഭങ്ങൾ ചിലതൊക്കെ ജീവിതത്തിൽ നേരിട്ടിട്ടുണ്ട്. മക്കളുടെ തിരക്കിനിടയിൽ 'ഇതൊന്ന് ചെയ്തുതാടാ' എന്നൊക്കെ പറഞ്ഞ് ചെന്നിട്ടുണ്ട്. പക്ഷേ, അത് നൂറു തിരക്കിനിടയിൽ ഇരിക്കുന്ന അവരെ കൂടുതൽ ബുദ്ധിമുട്ടിക്കുകയാണെന്ന് സ്വയം തോന്നലുണ്ടായി. നമ്മൾ ചെയ്തുവരുേമ്പാൾ കൈയിൽ നിൽക്കാതെ കയറിപ്പോകുന്നതും അപകടമല്ലേ. ഒരുപാട് കുട്ടികൾ 'ഹോം' കാണാൻ മുതിർന്നവരെ പ്രേരിപ്പിക്കുന്നുണ്ട്. കാരണം, അവർക്കും ഇത്തരം നിമിഷങ്ങൾ നേരിട്ടിട്ടുണ്ടാകും. തന്നോട് രക്ഷിതാക്കൾ സഹായം ചോദിച്ച് വന്നപ്പോൾ ചെയ്തില്ലല്ലോ എന്ന ഒരു കുറ്റബോധം കുട്ടികളിൽ പലർക്കും റിലേറ്റ് ചെയ്യാൻ കഴിയും. പക്ഷേ, അത് മനഃപൂർവമോ ദേഷ്യംകൊണ്ടോ അല്ല. കുട്ടികളുടെ സാഹചര്യംകൊണ്ട് അങ്ങനെ ആകുന്നതാണ്. ആ തിരിച്ചറിവ് 'ഹോം' നൽകുന്നുണ്ട്.ഇപ്പോഴും ഫേസ്‌ബുക്കും വാട്സ്ആപ്പുമൊക്കെ എനിക്് കൃത്യമായി അറിയില്ല.-''- ഇന്ദ്രൻസ് പറയുന്നു.

പക്ഷേ ഇന്ദ്രൻസ് ഇന്നും ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന മറ്റൊരു ശീലമുണ്ട്. പരന്ന വായന. ''ഫോണിലേക്ക് കൂടുതൽ ശ്രദ്ധ കൊടുത്താൽ അപകടമാണെന്നു തോന്നി. എനിക്ക് എന്നെതന്നെ പേടിയാണെന്ന് വേണമെങ്കിൽ പറയാം. അതിലേക്ക് കൂടുതൽ ഇറങ്ങിപ്പോയാൽ പിന്നെ പത്രവായനയും പുസ്തക വായനയുമൊന്നും ഉണ്ടാകില്ല. ഒരുപാട് പുസ്തകങ്ങൾ വായിക്കാനുണ്ട്. പുസ്തകം കൈയിൽ പിടിച്ച് വായിക്കുന്നതിന്റെ സുഖം ഒന്ന് വേറെയാണ്.

കിട്ടുന്നതെല്ലാം വായിക്കാറുണ്ട്. യാത്രാഅനുഭവങ്ങൾ, ജീവചരിത്രം, കഥകൾ, നോവൽ അങ്ങനെ എന്റെ വായന പരന്നുകിടക്കുന്നതാണ്. അതുകൊണ്ടുതന്നെ എഴുത്തുകാരോട് വലിയ ബഹുമാനമാണ്. വളരെ ചെറുതെന്നോ പുതിയതെന്നോ വ്യത്യാസമില്ലാതെ മികച്ച എഴുത്തുകാർ നിരവധിയുണ്ട്. 'ഹോം' പോലുള്ള സിനിമകൾ എഴുതുന്ന പുതിയ എഴുത്തുകാരെപ്പോലെ. എത്രപേരാണ് പുതിയ തലമുറയിൽ മികച്ച കൃതികൾ രചിക്കുന്നത്. അതൊക്കെ തീർച്ചയായും നമ്മളെ സ്വാധീനിക്കുകയും ചെയ്യും.''- ഇന്ദ്രൻസ് പറയുന്നു.

ഉന്നതങ്ങളിൽ എത്തുമ്പോഴും തീർത്തും വിനീതനാണ് ഇന്ദ്രൻസ്. ഇന്നുവരെ ഒരു അനാവശ്യവിവാദത്തിലും പെട്ടിട്ടില്ല. ഒരുസെറ്റിലും വൈകിയെത്തുകയോ, പ്രതിഫലത്തർക്കം ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. മലയാള സിനിമയിൽ ഉണ്ടെന്ന് പറയുന്ന പലവിധത്തിലുള്ള കോക്കസുകളിൽ ഒന്നിലും ഈ നടന്റെ പേരില്ല. ഈ രീതിയിലുള്ള തീർത്തും ക്ലീൻ ഇമേജ് നമ്മുടെ എത്ര നടന്മാർക്കുണ്ട്. തന്റെ കഥാപാത്രങ്ങൾ നന്നായി എന്ന് പറഞ്ഞാൽ പോലും ഇന്ദ്രൻസ് അതിന് ക്രഡിറ്റ് കൊടുക്കുക സംവിധായകനാണ്. -'' ഒന്നും നമ്മുടെ മിടുക്കല്ല. സംവിധായകൻ തന്നെയാണ് സിനിമയുടെ ക്യാപ്റ്റൻ. അത് എത്ര പുതിയ ആളായാലും പരിചയസമ്പന്നൻ ആയാലും. സിനിമയുടെ ക്രെഡിറ്റ് എപ്പോഴും സംവിധായകനാണ് നൽകേണ്ടത്. ''- ഇങ്ങനെ പറയാൻ എത്ര നടന്മാർക്ക് കഴിയും. അതുതന്നെയാണ് ഇന്ദ്രൻസിനെ പ്രകാശം പരത്തുന്ന മനുഷ്യനാക്കുന്നതും. ഇപ്പോഴിതാ വീണ്ടും തുല്യതാപരീക്ഷ എഴുതുന്നതിലൂടെ അദ്ദേഹം, നിരവധിപേർക്കും മാതൃകയാവുകയാണ്.

വാൽക്കഷ്ണം: എന്നും വിവാദങ്ങളിൽനിന്ന് ഒഴിഞ്ഞ് നിൽക്കുക എന്നത് ഇന്ദ്രൻസിന്റെ സഹജമായ സ്വഭാവമാണ്്. മുമ്പ് മന്ത്രി വി എൻ വാസവൻ ഒരു ചർച്ചക്കിടെ നിയമസഭയിൽ ഇങ്ങനെ പറഞ്ഞു.- ''അമിതാഭ് ബച്ചനെ പോലെയിരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെ പോലെ ആയി''. ഇത് ബോഡിഷെയിമിങ്ങ് ആണെന്ന് പറഞ്ഞ് ഒരു വിഭാഗം മാധ്യമങ്ങൾ ഏറ്റുപിടിച്ചപ്പോഴും ഇന്ദ്രൻസ് വിനയാന്വിതനായി. -''നിയമസഭയിൽ മന്ത്രി വി.എൻ.വാസവൻ നടത്തിയ പരാമർശത്തിൽ എനിക്ക് വിഷമമോ ബുദ്ധിമുട്ടോ ഇല്ല. ഇന്ത്യാ രാജ്യത്ത് എല്ലാവർക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല. അത് സത്യമല്ലേ, ഞാൻ കുറച്ച് പഴയ ആളാണ്. ഇതിലെനിക്ക് ബോഡി ഷെയിമിങ് ഒന്നും തോന്നുന്നില്ല. ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്''. അതാണ് ഇന്ദ്രൻസ്. നിങ്ങൾക്ക് നിങ്ങൾ എന്താണെന്ന് കൃത്യമായി അറിയാമെങ്കിൽ മറ്റുളവർ എന്ത് പറഞ്ഞിട്ടും എന്ത് കാര്യം.