''ഈ വർഷത്തെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാന ജേതാവ്. ഭക്ഷണത്തിൽനിന്ന് ജാതി വേർതിരിച്ച് എടുത്തതിനാണ് ഈ അവാർഡ്''- 24 ന്യൂസിലെ മുൻ അവതാരകനും, കേരള സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. അരുൺ കുമാറിന്റെ പടംവെച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ട്രോൾ ആണിത്. ഇരുതല മൂർച്ചയുള്ള ഒരു ട്രോൾ തന്നെയാണിത്. കാരണം 24 ന്യൂസിൽ അവതാരകനായി എത്തുന്നതിന് മുമ്പ്, ഒരു ശാസ്ത്രപ്രചാരകൻ, സ്വതന്ത്രചിന്തകൻ, എന്നീ പേരിലൊക്കെയാണ് ഡോ അരുൺകുമാർ അറിയപ്പെട്ടിരുന്നത്. സമൂഹത്തിലേക്ക് വെളിച്ചം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ, പാലക്കാട് നിർമുക്തയൊക്കെ നടത്തുന്ന ശാസ്ത്ര സംവാദങ്ങളിലെ സ്ഥിരം മോഡറേറ്റർ ആയിരുന്നു അരുൺ എന്ന ആ ചെറുപ്പക്കാരൻ. ജാതിരഹിതവും, മതരഹിതവുമായ ഒരു ലോകമായിരുന്നു, അവർ സ്വപ്നം കണ്ടത്. പക്ഷേ ഇപ്പോൾ അരുൺകുമാറിന്റെ പ്രതിഛായ നോക്കുക. ജാതി രഹിതൻ ആയിട്ടില്ല, എന്തിലും ജാതി തിരയുന്ന ജാതിവാദിയായിട്ടാണ്, അദ്ദേഹം സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്!

ഈ വൻ പതനത്തിലേക്കുള്ള കാരണക്കാരൻ ഒരു പരിധിവരെ അദ്ദേഹം തന്നെയാണ്. കേരള സ്‌കൂൾ കലോത്സവത്തിൽ, ബ്രാഹ്മണിക്കൽ ഹെജിമണി തെരഞ്ഞുകൊണ്ട് അദ്ദേഹം ഇട്ട പോസ്റ്റ്, ആരും പ്രതീക്ഷിക്കാത്ത തലത്തിലേക്ക് പോകുന്നതായാണ് കേരളം കണ്ടത്. സമൂഹത്തിലേക്ക് വെറുപ്പും കാലുഷ്യവും ഉണ്ടാക്കുന്ന ഇത്തരം ചർച്ചകൾ, ചാനൽ സ്റ്റുഡിയോവിൽ കൊടുങ്കാറ്റായിരുന്ന ഈ അവതാരകനെ ശരിക്കും എയറിലാക്കി. ഒടുവിൽ പഴയിടം കലോത്സവം പാചകം നിർത്തിയെന്ന് പ്രഖ്യാപിച്ചതോടെ ലെഫ്റ്റ് പ്രൊഫൈലുകൾ പോലും അരുൺകുമാറിനെതിരെ തിരിഞ്ഞു. ദിവസങ്ങൾ കഴിഞ്ഞിട്ടും 'ഒരു പ്രത്യേകതരം നവോത്ഥാനവാദത്തിലൂടെ' എയറിലായ അദ്ദേഹത്തിന് ഇറങ്ങാൻ കഴിഞ്ഞിട്ടില്ല.

പക്ഷേ സമ്പന്നമായ ഒരു ഭൂതകാലത്തിന് ഉടമയാണ് ഡോ. അരുൺകുമാർ. ബി എ റാങ്ക്ഹോൾഡർ. 22ാം വയസിൽ ദൂരദർശനിൽ അവതാരകനായി ചരിത്രം സൃഷ്ടച്ചയാൾ, പൊളിറ്റിക്കൽ സയൻസിൽ ഡോക്റ്ററ്റേുള്ള അദ്ധ്യാപകൻ, ഭരണഘടനാ വിദഗധൻ..... അങ്ങനെ പോകുന്ന ആ വിശേഷണങ്ങൾ.

അഞ്ചലിൽ നിന്ന് കാര്യവട്ടത്തേക്ക്

കൊല്ലം ജില്ലയിലെ കിഴക്കൻ മലയോര മേഖലയായ കുളത്തൂപ്പുഴ പഞ്ചായത്തിലെ അഞ്ചലിലാണ് അരുൺ കുമാർ ജനിക്കുന്നത്. ഒരു അഭിമുഖത്തിൽ അദ്ദേഹം തന്റെ ബാല്യത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു. '' ഒരു സാധാരണ മലയാളം മീഡിയം സ്‌കൂളിലാണ് ഞാൻ പഠിച്ചത്. നമ്മുടെ ആർ ബാലകൃഷണപ്പിള്ള സാറിന്റെ സ്‌കൂളായ അഞ്ചൽ ഈസ്റ്റ് ഗവൺമെന്റ് സ്‌കൂളിലാണ് തുടക്കം. പിന്നെ സെന്റ് ജോൺസ് കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങിൽ ചേർന്നു. കേരള സർവകാലാശലയുടെ കാര്യവട്ടം കാമ്പസിൽ പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്ഡി എടുത്തു. ഡെമോക്രസി ഡവലപ്പമെന്റ് ആൻഡ് ഹ്യൂമന്റ റൈറ്റ്‌സ് എന്നതായിരുന്നു വിഷയം. ഇതിനായി സർദാർ സരോവറിൽ പോയി ഒമ്പത് മാസക്കാലം മോധാപടക്കർക്ക് ഒപ്പം താമസിച്ചു. അവർ വല്ലാതെ സ്വാധീനിച്ചു. അവർ നടത്തുന്ന പല സമരങ്ങളും നേരിട്ട് പോയി കണ്ടു. കൂടെ താമസിച്ചു. ''- അരുൺകുമാർ പറയുന്നു.

മേധാപട്ക്കറുടെ സഹവാസം ആ യുവാവിനെ മാറ്റി മറിക്കയായിരുന്നു. താൻ കൊണ്ടുനടന്നിരുന്ന കാർ വിറ്റ്, സൈക്കിൾ വാങ്ങിയത് അങ്ങനെയാണ്. കുറേക്കാലം സൈക്കിളിലായിരുന്നു ആ റിസർച്ച് സ്‌കോളറിന്റെ യാത്ര. അദ്ധ്യാപനവും മാധ്യമ പ്രവർത്തനവും തനിക്ക് ഒരുപോലെ പാഷൻ ആണെന്ന് പല അഭിമുഖങ്ങളിലും അരുൺ കുമാർ പറയുന്നുണ്ട്. അദ്ധ്യാപനത്തിലും വളരെ ചെറുപ്പം മുതൽ പ്രവർത്തിക്കുന്നുണ്ട്. ബി എ റാങ്ക് ഹോൾഡറാണ് അരുൺ. ആ റിസൾട്ട് വരുന്ന സമയത്ത് അദ്ദേഹം അഞ്ചലിലെ അരിസ്റ്റോ എന്ന പാരലൽ കോളജിൽ പഠിപ്പിക്കയായിരുന്നു. പിന്നീട് കാര്യവട്ടം കാമ്പസിൽ എത്തിയപ്പോൾ, പ്രഭാഷ്, യോഗേന്ദ്രയാദവ് തുടങ്ങിയ ആളുകളുമായി പരിചയപ്പെട്ടപ്പോഴാണ് അദ്ധ്യാപക ജോലിയുടെ ആഴം മനസ്സിലായത് എന്നും അരുൺ പറയുന്നുണ്ട്. തന്നെ വളർത്തിയെടുത്ത അതേ കാര്യവട്ടം കാമ്പസിൽ തന്നെ അദ്ധ്യാപകനായി ജോലികിട്ടുക എന്ന ഭാഗ്യവും പിന്നീട് അദ്ദേഹത്തെ തേടിയെത്തി.

പ്രദീപ് കണ്ടെത്തിയ പ്രതിഭ

ദൂരദർശൻ, ഏഷ്യാനെറ്റ്, കൈരളി, ഇന്ത്യാവിഷൻ, മീഡിയാവൺ, ട്വന്റിഫോർ തുടങ്ങിയ ചാനലുകളിൽ ജോലിചെയ്ത് പരിചയ സമ്പന്നാണ് അരുൺ കുമാർ. പക്ഷേ മാധ്യമപ്രവർത്തനത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര തീർത്തും യാദൃശ്ചികമായിരുന്നു.

വളരെ ചെറുപ്പത്തിൽ തന്നെ ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം കിട്ടാറുണ്ട്. 5ാം ക്ലാസിൽ സ്‌കൂളിൽ പഠിക്കുമ്പോൾ തുടങ്ങിയ കമ്പമാണ്. 10ാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യമായി സ്വന്തമായി സഞ്ചരിക്കാനുള്ള അനുമതി വീട്ടിൽനിന്ന് കിട്ടുന്നത് ഇത്തരം പ്രസംഗ മത്സരത്തിൽ പങ്കെടുക്കുമ്പോഴാണെന്ന് അദ്ദേഹം ഓർക്കുന്നുണ്ട്. പ്രീഡിഗ്രിക്കാലത്തും ഓടി നടന്ന് ഇത്തരം നിരവധി ഡിബേറ്റുകളിൽ പങ്കെടുത്തു. പിജി ഫസ്റ്റ് ഇയർ പഠിക്കുന്ന കാലത്ത് ഒരു ഇന്റർ കോളജിയേറ്റ് ഡിബേറ്റിൽ അരുൺ കുമാറിന് ഒന്നാംസമ്മാനം കിട്ടുന്നു. അന്ന് അവിടെ വിധികർത്താവായി എത്തിയത്, അശ്വമേധം ടെലിവിഷൻ ഷോകളിലൂടെയൊക്കെ പിൽക്കാലത്ത് പ്രസിദ്ധനായ ജി എസ് പ്രദീപ് ആയിരുന്നു. ദൂരദർശനിൽ നല്ല റേറ്റിങ്ങ് ഉണ്ടായിരുന്ന 'വിവാദ പർവം' എന്ന ടോക്ക്‌ഷോ നടത്തുകയാണ് പ്രദീപ് അപ്പോൾ.

ആ സമയത്താണ്, അദ്ദേഹത്തിന് അശ്വമേധം പരിപാടി തുടങ്ങേണ്ടി വന്നത്. താൻ ദൂരദർശനിലെ ഈ ടോക്ക് ഷോ അവസാനിപ്പിക്കയാണെന്ന് പറഞ്ഞപ്പോൾ, പകരം ഒരു നല്ല ആങ്കറെ കൊണ്ടുവരാൻ അവർ പറഞ്ഞു. ഈ ഡിബേറ്റിൽ ജയിച്ച യുവാവിനെ അങ്ങനെ പ്രദീപ് ആണ് ദൂരദർശനിലേക്ക് ക്ഷണിക്കുന്നത്. അതേക്കുറിച്ച് അരുൺകുമാർ ഒരു യുട്യുബർക്ക് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. 'വല്ലാത്ത ഒരു ഭാഗ്യമായിരുന്നു അത്. എനിക്ക് അന്ന് 22 വയസ്സേ പ്രായം ഉണ്ടാവൂ. പക്ഷേ എനിക്ക് വളരെ വലിയ ആളുകളെവെച്ച് ആ സംവാദം നടത്താൻ കഴിഞ്ഞു. അന്ന് ശ്രീകണ്ഠൻ നായരുടെ 'നമ്മൾ തമ്മിൽ' കഴിഞ്ഞാൽ ഏറ്റവും റേറ്റിങ്ങ് ഉള്ള ഷോയാണ് വിവാദ പർവം. വിളപ്പിൽ ശാല വിഷയമൊക്കെ വലിയ ചർച്ചയാക്കിയത് ഇതിലൂടെയാണ്. ഉമ്മൻ ചാണ്ടി, വി എസ്, കുഞ്ഞാലിക്കുട്ടി എന്നിങ്ങനെയുള്ള വലിയ പാനലിനെ വെച്ച് ആ ചെറുപ്രായത്തിൽ തന്നെ ചർച്ച നടത്തിയിട്ടുണ്ട്. അന്ന് പല ചോദ്യങ്ങൾക്കും വി എസ് ഒക്കെ വളരെ റഫ് ആയാണ് പ്രതികരിച്ചത്. പക്ഷേ വല്ലാത്ത ഒരു അനുഭവം ആയിരുന്നു അത്''.

കൈരളിയിലേക്ക് വിളിച്ചത് മമ്മൂട്ടി

ദൂരദർശനിലെ ആ തുടക്കം ഒരുപാട് അവസരങ്ങളിലേക്കുള്ള വാതായനം ആയി. ഏഷ്യാനെറ്റിൽ നിന്ന് വിളി വരുന്നത് അങ്ങനെയാണ്. അന്ന് രാജശ്രീ വാര്യർ ഒക്കെ ചെയ്തിരുന്ന മോണിങ്ങ് ഷോ അവതരിപ്പിച്ചു. അതിൽ ലൈവായി പാൽ ടെസ്റ്റിങ്ങ് നടത്തിയതൊക്കെ വലിയ ഹിറ്റായിരുന്നു. അങ്ങനെ ഏഷ്യാനെറ്റിൽ തിളങ്ങി നിൽക്കേ അദ്ദേഹം പോകുന്നത്, താരതമ്യേന ചെറിയ ചാനലായ ഇന്ത്യാവിഷനിലേക്കാണ്. പക്ഷേ പിഎച്ച്ഡി റിസർച്ചിന്റെ ഭാഗമായി മൂഴുവൻ സമയം അവിടെ വേണ്ടതിനാൽ അരുൺ കുമാറിന് ഇന്ത്യാവിഷനിൽ തുടരാൻ ആയില്ല. പക്ഷേ ഭാവി ജേർണലിസ്റ്റുകളെ വാർത്തെടുത്ത ഒരു മൂശയായിരുന്നു അതെന്ന്, അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. ഷാനി പ്രഭാകരൻ, നിഷ പുരുഷോത്തമൻ, ഭഗത് ചന്ദ്രശേഖർ, ശ്രീകല തുടങ്ങി, നികേഷ് കുമാറിന്റെ നേതൃത്വത്തിൽ ഇന്ത്യാവിഷൻ സ്‌കൂൾ എന്ന് വിളിക്കാവുന്ന ഒരുപറ്റം മിടുക്കരായ ജേണലിസ്റ്റുകൾ അവിടെ ഉണ്ടായിരുന്നു.

പിഎച്ച്ഡി പൂർത്തിയാക്കിയശേഷമാണ് വീണ്ടും, മാധ്യമ പ്രവർത്തനത്തിലേക്ക് മടങ്ങിവരുന്നത്. എഷ്യാനെറ്റ് ന്യൂസിൽ പാർട്ട് ടൈം ജോലിതുടങ്ങി. 'നമ്മൾ തമ്മിൽ' എന്ന പരിപാടിയുടെ ആങ്കർ ആയി ഒരു വർഷം ചെയ്തു. ആ സമയത്താണ് ജോൺ ബ്രിട്ടാസ് എഷ്യനെറ്റിൽ എത്തുന്നത്. അപ്പോഴാണ് സാക്ഷാൽ മമ്മൂട്ടിയുടെ വിളിയെത്തുന്നത്. രണ്ടുഷോകൾ ഉണ്ട്. നിങ്ങൾക്ക് ചെയ്യാൻ കഴിയമോ എന്ന്. അങ്ങനെയാണ് കൈരളിയിൽ എത്തുന്നത്. ''പക്ഷേ കൈരളിയിൽ ഒരു പ്രശ്നമുണ്ട്. നമുക്ക് ചില ചോദ്യങ്ങൾ ചോദിക്കാൻ കഴിയില്ല. പക്ഷേ ഇന്ന് ആ പ്രശ്‌നമില്ല. ''- അരുൺ കുമാർ പറയുന്നു.

കൈരളിൽ ജോലി ചെയ്യുമ്പോഴാണ് മീഡിയാവണ്ണിൽ നിന്ന് വിളിയെത്തുന്നത്. കേരളാ സമ്മിറ്റ് എന്ന് പേരിട്ട ഒരു ടോക്ക് ഷോയാണ് അവിടെ ചെയ്തത്. തെരുവിലും ബീച്ചിലുമൊക്കെ വെച്ച് ചർച്ച നടത്തിയ കാലം അരുൺ ഓർത്തെടുക്കുന്നുണ്ട്. ബി ഗോപാലകൃഷ്ണൻ, മാത്യുകുഴൽ നാടൻ, സന്ദീപ് വാര്യർ തുടങ്ങിയ ഒരുപാട് രാഷ്ട്രീയക്കാരെ ചർച്ചകളിൽ പങ്കെടുപ്പിച്ച്, മീഡിയാ പ്രൈം ടൈമിലേക്ക് കൊണ്ടുവന്നത് ഈ ടോക്ക് ഷോയാണ്. ഒരുപാട് ചാനലുകളിൽ ജോലി നോക്കിയെങ്കിലും ഒരിടത്തുനിന്നും തനിക്ക് പറയത്തക്ക മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും അരുൺ പറയുന്നു. അതിനിടെ അദ്ദേഹത്തിന് പാലക്കാട് വിക്ടോറിയ കോളജിൽ ലക്ച്ചറർ ആയി ജോലികിട്ടി. പക്ഷേ മാധ്യമ പ്രവർത്തനം വിടാൻ അരുൺ ഒരുക്കമല്ലായിരുന്നു.

തല മൊട്ടയിച്ചുള്ള മേക്ക്ഓവർ ചാനലിനു വേണ്ടി

മലയാള ദൃശ്യ മാധ്യമ ലോകത്ത് വേറിട്ട ഒരു ശാരീരിക പ്രത്യേകതകൊണ്ടും ശ്രദ്ധേയനായ വ്യക്തിയാണ് അരുൺ. കാരണം തലയിൽ മുടിയില്ലാത്ത ഒരു മുഖ്യധാര ആങ്കർ നമുക്ക് ഉണ്ടായിട്ടില്ല. കടുത്ത വിമർശകർ അതുകൊണ്ടുതന്നെ അദ്ദേഹത്തെ പലപ്പോഴും മൊട്ട അരുൺ കുമാർ എന്ന വിളിച്ച് ബോഡിഷെയിം ചെയ്യാറുമുണ്ട്. പക്ഷേ പലർക്കം അറിയാത്ത കാര്യം ഈ മൊട്ടയടി എന്നത് 24 ന്യൂസ് ചാനലിന് വേണ്ടി നടത്തിയ ഒരു മേക്ക് ഓവർ ആണെന്നതാണ്. അരുൺകുമാർ അത് ബിഹൈൻഡ് വുഡ്സിലെ വീണയുമായുള്ള അഭിമുഖത്തിൽ അത് തുറന്ന് പറയുന്നുണ്ട്. ''24 ന്യൂസ് ചാനലിൽ ജോയിൻ ചെയ്യുന്ന സമയത്തും തലമുടിയുണ്ടായിരുന്നു. പക്ഷേ വെറൈറ്റി ഡിസൈനിന്റെ കാര്യം വന്നപ്പോഴാണ് മൊട്ടയടിച്ചാലോ എന്ന ചർച്ചവന്നത്. ന്യൂസ് ചാനൽ പെട്ടെന്ന് രജിസ്റ്റർ ചെയ്യാൻ പല പല ഐഡിയകൾ ചർച്ചചെയ്യുന്നു സമയം ആയിരുന്നു അത്. നാഷണൽ ചാനൽ, ബിബിസി, അൽജസീറ എന്നിവിടങ്ങളിലൊക്കെ ഇത്തരം മൊട്ട അവതാരകർ ഉണ്ട്. അതുപോലെ ഒരു വെറ്റൈറ്റി പരീക്ഷിച്ചാൽ എന്താണ് എന്നായി ചാനലിന്റെ അണിറയ പ്രവർത്തകർ. പക്ഷേ വൈഫുമായി ചോദിക്കണം എന്നായിരുന്നു എന്റെ മറുപടി. അവൾ ഒ കെ തന്നു. പിന്നെ ഞാൻ ഒന്നും നോക്കിയില്ല. എന്റെ തല എന്റെ മുടി. അങ്ങനെ മൊട്ടയടിച്ചു.'- അരുൺ പറയുന്നു.

അതായത് മുടികൊഴിഞ്ഞു പോയല്ല, അരുൺകുമാർ മൊട്ടയായത്. ട്വന്റിഫോർ ചാനലിന് സ്വീകാര്യത കിട്ടാനായി, വ്യത്യസ്തത തോന്നിക്കാനായി, ബോധപൂർവം നടത്തിയ ശ്രമം ആയിരുന്നു. '' പക്ഷേ അതുകൊണ്ട് ഗുണം ഉണ്ടായി. മുടി ചീകേണ്ട കാര്യമൊന്നുമില്ല. ഒരു ബ്രേക്കിങ്ങ് വന്നാൽ, തലമുടിപോലും ചീകാതെ ഞാൻ രംഗത്ത് ഇറങ്ങും. ശ്രീകണ്ഠൻ നായർക്ക് പക്ഷേ മുടിയില്ലാത്ത അവതാരകൻ സ്വീകരിക്കപ്പെടുമോ എന്ന ആശങ്കയുണ്ടായിരുന്നു. പക്ഷേ ആ ഫിഗറും രജിസ്റ്റർ ചെയ്യപ്പെട്ടു''- അരുൺകുമാർ പറയുന്നു.

ആടിയും പാടിയും വാർത്താവതരണം

പിന്നീട് അങ്ങോട്ട് സത്യത്തിൽ അരുൺകുമാറിന്റെ ഒരു പടയോട്ടമാണ് 24 ന്യൂസിൽ കണ്ടത്. ഒരുവർഷം കൊണ്ട് ചാനലിനെ രണ്ടാമത് എത്തിച്ചതിൽ ഇദ്ദേഹത്തിന്റെയും മിടുക്കുണ്ട്. അരുൺ അവതരിപ്പിച്ച 'ജനകീയ കോടതി' എന്ന പരിപാടിയും വളരെ പെട്ടന്ന് ഹിറ്റായി. കപടശാസ്ത്രം പ്രചരിപ്പിക്കുന്ന മുഖ്യധാര മാധ്യമങ്ങളുടെ വഴിവിട്ട് തീർത്തും ശാസ്ത്രീയമായ ലൈനിലൂടെയാണ് ആ ഷോ നീങ്ങിയത്. മോഹനൻ വൈദ്യർ ഏതാണ്ട് പൂർണ്ണമായും എക്പോസ്ഡ് ആയത് ആ ഷോയിലൂടെയാണ്. തന്നെ മയക്കുമരുന്ന് നൽകി മയക്കിക്കളഞ്ഞുവെന്നുവരെ ആരോപണം ഉന്നയിച്ച് വൈദ്യർ ഷോ ചെയ്യുന്നതിനെതിടെ കോടതിയിൽ പോയി. പക്ഷേ കോടതി അദ്ദേഹത്തിന്റെ ഹരജി തള്ളി.

അതുപോലെ തന്നെ, യോഗ ഒരു കപടശാസ്ത്രമാണെന്ന് സ്ഥാപിക്കുന്ന ജനകീയ കോടതിയും, മൈത്രേയന്റെ വ്യത്യസ്തമായ ജീവിതം പരിചയപ്പെടുത്തിയതുമെല്ലാം, ഏറെ ശ്രദ്ധിക്കപ്പെട്ടു. പക്ഷേ താൻ അഭിമുഖം ചെയ്തവിൽ ഏറ്റവും വ്യത്യസ്തരും സത്യസന്ധരുമായി തോന്നിയവർ, നളിനി ജമീലയും ഷക്കീലയുമാണെന്ന്, അരുൺ പറയുന്നു. ഈ എപ്പിസോഡുകളും വലിയ രീതിയിൽ ചർച്ചയായി. അതുപോലെ കൂടത്തായി ജോളി വധക്കേസിന്റെ സമയത്തൊക്കെ മണിക്കൂറുകൾ നിന്നാണ് അരുൺ ലൈവ് ചെയ്തത്.

ശ്രീക്ണഠൻ നായരുമൊത്തുള്ള അരുണിന്റെ കോമ്പോയും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രത്യേകിച്ചും ഇലക്ഷൻ കാലത്ത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്തും, നിയമസഭാ തെരഞ്ഞെടുപ്പ് കൗണ്ടിങ്ങിലുമൊക്കെ സോഷ്യൽ മീഡിയയിൽ നിറയെ ചർച്ചകൾ, എസ്‌കെയെന്നും, അരുണും, നടത്തിയ ആഘോഷം ആയിരുന്നു. ആരാണ് ഈ ചാനലിന്റെ മുതലാളിയെന്ന് സംശയമുണ്ടാക്കുന്നുവെന്ന് ട്രോളുകൾ ഉയർന്നു. പരമ്പരാഗത രീതി വിട്ട് ഒരോ സ്ഥാനാർത്ഥിയും വിജയിക്കുമ്പോൾ പാട്ടുപാടുക വരെ ഇവർ ചെയ്തു. ''ഓരോ ബ്രേക്കിങ്ങ് ന്യൂസിൽ നിന്നും ഒരായിരം പേർ ഉണരുന്നു, ഉണരുന്നു അവർ നാടിൻ രണാങ്കണത്തിൽ പടരുന്നു'' എന്നൊക്കെ വാർത്തക്കിടയിൽ പാടാൻ 24 ടീമിനെ കഴിയൂ. ഇങ്ങനെ പോവുകയാണെങ്കിൽ ഇവർ ഏഷ്യാനെറ്റിനെ വെട്ടിക്കും എന്ന ധാരണ വന്നതും അക്കാലത്തായിരുന്നു.

ഓഗ്മെൻഡഡ് റിയാലറ്റിയൊക്കെ വെച്ച്, അതിഗംഭീരമായാണ് 24 അതിന്റെ സ്റ്റുഡിയോ ഒരുക്കുക. കർഷക ബില്ലിന്റെ സമയത്ത് ട്രാക്ടർ ഓടിച്ചാണ് അരുൺ സ്‌ക്രീനിലേക്ക് വന്നത്. പുൽവാമ ഭീകരാക്രണത്തിന്റെ സമയത്ത് മിസൈലുകൾ 24 സ്റ്റുഡിയോയിലും പ്രവഹിച്ചു. ഹെലികോപ്റ്ററിലേറി അരുൺ പറന്നു. പക്ഷേ ഈ രീതിക്കെതിരെ വിമർശനവും ഉണ്ടായി. വാർത്തയെ ഇല്ലാതാക്കി വെറും നാടകം പോലെയാക്കുന്ന എന്നായി പരാതി. പക്ഷേ ന്യൂസിനെ ഒരു എന്റർടെയിന്മെന്റാക്കുക, അതോടൊപ്പം സീരിയസ്നസ് ചോരാതെ അവതരിപ്പിക്കുക. അതായിരുന്നു തങ്ങളുടെ ലക്ഷ്യം എന്നാണ് അരുൺ പറയുന്നത്. 'മുമ്പ് ഏഷ്യാനെറ്റിൽ വാർത്ത വായിക്കുമ്പോൾ കൈ പോലും ഫ്രയിമിന് മുകളിലേക്ക് കൊണ്ടുവരാൻ സമ്മതിക്കില്ല. ഞാനൊക്കെ അതിന് വഴക്ക് കേട്ടിട്ടുണ്ട്. ഇപ്പോൾ എവിടെയെത്തി. പിന്നെ ബാർക്ക് റേറ്റിങ്ങ് തന്നെയാണ് ഇത്തരം വിമർശകർക്ക് മറുപടി. നാടക പരിശീലനത്തിലൂടെ കടന്നുവന്ന വ്യക്തിയാണ് ഞാൻ. വയലാവാസുദേവ പിള്ളയുള്ള അജന്ത ക്ലബിലൂടെയൊക്കെ. യൂണിവേഴ്‌സിറ്റികളിൽ നാടകം ചെയ്തിട്ടുണ്ട്. ആ തീയേറ്റർ അനുഭവം ഒക്കെ ഇവിടെ ഗുണം ചെയതിട്ടുണ്ട്'- അരുൺ കുമാർ പറയുന്നു.

ശ്രീകണ്ഠൻ നായരാണ് ദൈവം, സിപിഎം ചായ്വും തള്ളുന്നു

തനിക്ക് സിപിഎമ്മിനോട് ഒരു ചായ്വ് ഉണ്ട് എന്ന ആരോപണവും ഡോ അരുൺകുമാർ തള്ളിക്കളയുകയാണ്. ''ബി ഗോപാലകൃഷ്ണനോടൊ, സന്ദീപ്വാര്യരേടോ ഉള്ള അതേ നിലപാട് തന്നെയാണ് എം ബി രാജേഷിനോടും സ്വരാജിനോടും. വനിതാ മതിൽ സംബന്ധിച്ച ചർച്ചയിൽ നിന്ന് സിപിഎമ്മുകാർ ഇറങ്ങിപ്പോയിട്ടുണ്ട്. മനീതി സംഘത്തെ ശബരിമലയിലേക്ക് കൊണ്ടുവരാനുള്ള കേരള പൊലീസിന്റെ ശ്രമങ്ങൾക്ക് എതിരെയാണ് ഞങ്ങൾ വാർത്ത കൊടുത്തത്. മാധ്യമങ്ങൾ എപ്പോഴും പ്രതിപക്ഷത്താണ്. പക്ഷേ പ്രതിപക്ഷ നേതാവിന് ഒപ്പമല്ല. അതാണ് ഞാൻ എവിടെയും പറയാറുള്ളത്''- അരുൺകുമാർ ചൂണ്ടിക്കാട്ടി.

ശ്രീകണ്ഠൻ നായർ ആണ് കാണപ്പെട്ട ദൈവം. അദ്ദേഹത്തിന്റെ എനർജി അപാരമാണെന്നാണ് അരുൺ പലയിടത്തും പറഞ്ഞത്. '' മൂന്നാല് മണിക്കുർ മാത്രം ഉറങ്ങി ബാക്കി സമയം മുഴുവൻ അദ്ദേഹം കഠിനമായി അധ്വാനിക്കും. നമ്മൾക്ക് ഒരു അവതാരകൻ എന്ന നിലയിലുള്ള എസ്‌കെഎന്നിനെ മാത്രമേ അറിയൂ. പക്ഷേ ഒരു സംരംഭകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ മിടുക്ക് നേരിട്ട് കാണാനും 24ൽ എത്തിയപ്പോൾ കഴിഞ്ഞു. ഞങ്ങൾ രണ്ടുപേരും പഠിച്ചത് പൊളിറ്റിക്കൽ സയൻസ് തന്നെയാണ്. ഒരു തുള്ളിപോലും മദ്യം തൊടില്ല എന്നതായിരിക്കും ശ്രീകണ്ഠൻ നായരുടെ ആരോഗ്യത്തിന്റെ രഹസ്യം. ജോണി ലൂക്കോസിനെപ്പോലുള്ള അപൂർവം ജേർണലിസ്റ്റുകളേ ഇങ്ങനെയുള്ളൂ.''- അരുൺ ഒരു അഭിമുഖത്തിൽ പറഞ്ഞു.

അദ്ധ്യാപനം, മാധ്യമ പ്രവർത്തനം എന്നിവ കഴിഞ്ഞാൽ സോളോ ലോങ്ങ് ഡ്രൈവ് ആണ് അരുൺകുമാറിന്റെ ഏറ്റവും പ്രിയപ്പെട്ട ഐറ്റം. ഹിമാലയത്തിൽ മൗണ്ടൻ ബൈക്കിങ്ങ് നടത്തുന്ന ആളാണ് അദ്ദേഹം. പുതിയ ചലഞ്ചുകൾ നേരിടാൻ ഇത്തരം യാത്രകൾ നമ്മെ പഠിപ്പിക്കുന്നുവെന്നാണ് അരുണിന്റെ പക്ഷം. ഭാര്യ രമ്യ പാലക്കാട്ടുകാരിയാണ്. മക്കൾ അയൻ, ധ്രുവൻ. ഈയിടെ പഴയിടം വിവാദം ഉണ്ടായപ്പോൾ അരുണിന്റെ ഭാര്യ വെജിറ്റേറിയൻ ആണെന്നതും, മക്കൾക്ക് മുട്ടയല്ലാതെ നോൺ വെജ് കൊടുക്കാറില്ല എന്നതുമായ അദ്ദേഹത്തിന്റെ പഴയ അഭിമുഖവും വൈറലായി. കുട്ടികൾ ചിക്കൻ വേണമെന്ന് പറയുന്നുണ്ടെന്നും അരുൺ അഭിമുഖത്തിൽ പറയുന്നുണ്ട്. സ്വന്തം വീട്ടിൽ നോൺ വെജ് കൊടുക്കാൻ കഴിയാത്തവനാണോ, കലോത്സവത്തിൽ നോൺ വെജിന് വേണ്ടി വാദിക്കുന്നത് എന്ന് പറഞ്ഞ് ഇതും വലിയ വിമർശനം ഉണ്ടാക്കി.

അതുപോലെ തന്നെ പൗരത്വ ഭേദഗതി നിയമം വന്ന സമയം. പൗരത്വം കൊടുക്കാനുണ്ടാക്കിയ ബില്ലിനെ പൗരത്വം എടുത്തു കളയുന്ന ബില്ലാക്കി ചിത്രീകരിച്ച് വലിയ ഭീതി വ്യാപാരമാണ് ഡോ. അരുൺകുമാറും, നടത്തിയത്. അങ്ങനെ അദ്ദേഹം നടത്തിയ ഒരു ഡിബേറ്റിൽ പങ്കെടുത്താണ് ശ്രീജിത്ത് പണിക്കർ താരമാവുന്നത്. പണിക്കരുടെ സിഎഎ സംബന്ധിച്ച കൃത്യമായ മറുപടിക്കു മുന്നിൽ, അരുൺകുമാറും ഹരീഷ് വാസുദേവനും ഉത്തരം മുട്ടുന്ന കാര്യവും കേരളം കണ്ടു.

വിവാദങ്ങൾക്കിടെ 24 വിടുന്നു

പക്ഷേ അങ്ങനെ കത്തിനിൽക്കുന്നതിനിടെയാണ് അരുൺ കുമാറിന് ട്വന്റിഫോർ ന്യൂസ് വിടേണ്ടി വരുന്നത്. 2021 ഓഗസ്റ്റ് പകുതിയോടെ ഡോ അരുൺകുമാർ തിരികെ കോളജിൽ ജോയിൻ ചെയ്യേണ്ടിവന്നു. ഇതിന് ഇടയാക്കിയത് ആവട്ടെ മറുനാടൻ മലയാളിയിൽ വന്ന വാർത്തകളാണ്. ശമ്പളം സർവ്വകലാശാലയിലും ജോലി 24 ന്യൂസ് ചാനലിലും എന്ന രീതിയിൽ കേരള സർവ്വകലാശാലയിലെ അസിസ്റ്റന്റ്റ് പ്രൊഫസർ സ്ഥാനത്തിരുന്നു അരുൺകുമാർ നടത്തുന്ന ചട്ടലംഘനം ചൂണ്ടിക്കാണിച്ച് മറുനാടൻ വാർത്തകൾ നൽകിയിരുന്നു. ചാനൽ പ്രൊജക്ട് എന്ന പേരിൽ പ്രതിഫലമില്ലാതെ ചാനലിൽ ജോലി ചെയ്യാനുള്ള ഉത്തരവ് സർവ്വകലാശാല ഇറക്കിയെന്നതും വിവാദമായി.

സർവ്വകലാശാലയിൽ നിലനിൽക്കുന്ന ചട്ടങ്ങൾ കാറ്റിൽപ്പറത്തിയാണ് അരുൺകുമാറിന് വേണ്ടി ഇത്തരം ഒരു വിചിത്ര ഓർഡർ 2020 മാർച്ചിൽ സർവ്വകലാശാല ഇറക്കിയത്. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ പ്രൊബേഷനിൽ തുടരുമ്പോഴാണ് ലീവ് പോലും എടുക്കാതെ അരുൺകുമാർ 24 ന്യൂസ് ചാനലിൽ വാർത്താവതാരകനായി ഈ സമയത്ത് നിറഞ്ഞത്. ഒരു വർഷമായി അവധി എടുത്തായിരുന്നു ട്വന്റി ഫോർ ന്യൂസിൽ അരുൺകുമാർ ജോലി ചെയ്തിരുന്നത്.

ഈ അവധിക്കാലെ തീർന്നതോടെയാണ് ട്വന്റി ഫോർ ന്യൂസിനെ വിടാൻ അരുൺകുമാറിനെ നിർബന്ധിതനാക്കിയത്. അവധി നീട്ടി കിട്ടാനുള്ള അപേക്ഷ കേരളാ യൂണിവേഴ്‌സിറ്റിക്ക് നൽകിയിരുന്നു. എന്നാൽ പ്രൊബേഷൻ കാലത്ത് ഇനിയും അധികകാലം അവധി തരാനാകില്ലെന്ന നിലപാട് സിൻഡിക്കേറ്റ് എടുക്കുകയായിരുന്നു. ഇതോടെയാണ് ട്വന്റി ഫോറിലെ അവതാരക കുപ്പായം അദ്ദേഹം താൽക്കാലികമായി അഴിച്ചു വെച്ചത്. എന്നാൽ താൻ ചട്ടവിരുദ്ധമായി ഒരു കാര്യവും ചെയ്തിട്ടില്ലെന്നും എല്ലാം യൂണിവേഴ്സിറ്റിയെ അറിയിച്ച് നിയമാനുസൃതമായാണ് നടത്തിയത് എന്നുമാണ് അരുൺ പറയുന്നത്.

ദാരിദ്ര്യ സൂചിക ട്രോൾ ആവുന്നു

പിന്നീട് അങ്ങോട്ട് സോഷ്യൽ മീഡിയിലൂടെയാണ് ഡോ അരുൺകുമാർ ജനങ്ങളുമായി സംവദിച്ചത്. ഒപ്പം നിരവധി പരിപാടികളിൽ മുഖ്യ പ്രഭാഷകനായും അദ്ദേഹം പങ്കെടുത്തു. പക്ഷേ അപ്പോഴും അദ്ദേഹം വെച്ചുപുലർത്തുന്ന ക്യാപിറ്റലിസത്തെക്കുറിച്ചും മാർക്കറ്റ് എക്കണോമിയെക്കുറിച്ചുമുള്ള തെറ്റായ ധാരണകളും സോഷ്യൽ മീഡിയിൽ പിടിക്കപ്പെട്ടു.

കഴിഞ്ഞവർഷം നൈജീരിയയെ പിന്തള്ളി ഇന്ത്യ ലോകത്തിൽ ഏറ്റവും പട്ടിണിക്കാർ ഉള്ള രാജ്യമായി മാറിയെന്ന വാർത്ത അരുൺ ഷെയർ ചെയ്തതാണ് വിവാദമായത്. ''കുതിക്കുന്ന അദാനി, വിശക്കുന്ന ഇന്ത്യ! 121.7 ബില്യൻ ഡോളർ ആസ്തിയുള്ള വാറൻ ബുഫെയെ പിന്തള്ളി 123.7 ബില്യൻ ഡോളർ ആസ്തിയുമായി ഗൗതം അദാനി ഫോബ്സ് പട്ടികയിൽ ലോകത്തെ നാലാമത്തെ ധനികനായി.അതേ സമയം നൈജീരിയയെ പിന്തള്ളി 8.30 കോടി ദരിദ്ര മനുഷ്യരുമായി ഇന്ത്യ ലോക പട്ടിണി തലസ്ഥാനമായി''. ഇതായിരുന്നു അരുൺ കുമാറിന്റെ പോസ്റ്റ്. പക്ഷേ ഇത് വെറും തെറ്റായ വാദമാണെന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊളിഞ്ഞു.

വെറും 20കോടി ജനസംഖ്യയുള്ള നൈജീരിയയെയും, 137 കോടി ജനസംഖ്യയുള്ള ഇന്ത്യയെയും താരതമ്യം ചെയ്ത് വ്യാജമായി ഉണ്ടാക്കിയ കണക്കാണിത്. നൈജീരിയിൽ 33 ശതമാനം പേരും പട്ടിണിയിലാണ്. എന്നാൽ ഇന്ത്യയിൽ ആവട്ടെ വെറും ആറുശതമാനം മാത്രമാണ് ദരിദ്രർ ഉള്ളത്. വർധിച്ച ജനസംഖ്യവെച്ചു നോക്കിയാൽ വാഹനാപകടങ്ങളുടെ എണ്ണം എടുത്താലും, കൊലപാതകങ്ങളുടെ എണ്ണം എടുത്താലും ഇന്ത്യയിൽ അത് കൂടുതൽ ആയിരിക്കും. അതുവെച്ച് ഇന്ത്യ കൊലപാതകികളുടെ രാജ്യമായി എന്ന് വിലയിരുത്താൽ പറ്റുമോ എന്നാണ് ചോദ്യം.


പഴയിടത്തിൽ പിഴച്ചു

ഒരു സ്വതന്ത്രചിന്തകൻ എന്ന അറിയപ്പെടുന്ന അരുൺകുമാർ പലപ്പോഴും സാമ്പത്തിക വിഷയങ്ങളിൽ ഒരു കടുത്ത ഇടതുപക്ഷ അന്ധവിശ്വാസിയെപ്പോലെയാണ് പോസ്റ്റിടാറുള്ളത്. അടുത്തകാലത്തായി അദ്ദേഹത്തിന് ജാതിവാദം എന്ന സാധനവും തലയിൽ കറയിയതായി പോസ്റ്റുകൾ നോക്കുമ്പോൾ അറിയാം. കേരളത്തിലെ സ്വതന്ത്രചിന്തകർ എന്ന് പറയുന്ന ഒരു വിഭാഗം, അടുത്തകാലത്തായി വല്ലാതെ ജാതിവാദത്തിലേക്ക് പോയിരിക്കയാണ്. ഒരു തികഞ്ഞ ശാസ്ത്രവാദിയിൽ നിന്ന് എന്തിനും ജാതി സ്‌കാനർ വെക്കുന്ന രീതിയിലേക്ക് ഡോ അരുൺകുമാറും മാറിയെന്നാണ് വിമർശകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ഇസ്ലാമോ ലെഫ്റ്റ് എന്ന കേരളത്തിൽ ഏറ്റവും സുരക്ഷിതമായ ട്രാക്കിലൂടെ നീങ്ങാൻ ശ്രമിക്കുന്ന അരുണിനെയാണ് പലപ്പോഴും പിന്നീട് ഫേസ്‌ബുക്കിൽ കണ്ടത്.

ഇതിന്റെ പ്രകടമായ ഉദാഹരണം ആയിരുന്നു പഴയിടം വിവാദം. ആ കുത്തിത്തിരുപ്പിന് അയാൾ വലിയ വിലകൊടുക്കേണ്ടിവന്നു. എന്തിന് അരുണിന്റെ ഗോഡ് ഫാദർ എന്ന് അറിയപ്പെടുന്ന സാക്ഷൽ ശ്രീകണ്ഠൻ നായർ പോലും അയാളെ കൈവിട്ടു. 24 ന്യൂസ് ചാനലിലൂടെ എസ്‌കെഎന്നിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു. ''പഴയിടം മോഹനൻ നമ്പൂതിരിയോട് അരുൺ കുമാർ എടുത്ത നിലപാട് ശരിയല്ലെന്നാണ് 24ന്റെ അഭിപ്രായം. കാരണം ഇത്രയേറെ കലോത്സവങ്ങളെ ഊട്ടിയുറക്കിയ ഒരാൾ ഇത്രയേറെ കുട്ടികൾക്ക് ഭക്ഷണം വച്ചുകൊടുത്ത ഒരാൾ കോഴിക്കോട് കലോത്സവം ഉൾപ്പെടെ വലിയ വിജയകരമായി പൂർത്തിയാക്കാൻ പണിയെടുത്ത ഒരാളിനെ ഇങ്ങനെ വേദനിപ്പിക്കേണ്ടതില്ല എന്ന അഭിപ്രായക്കാരാണ്. കുട്ടികൾക്ക് ഏത് ഭക്ഷണം വിളമ്പണമെന്നത് ആത്യന്തികമായി തീരുമാനിക്കേണ്ടത് കുട്ടികൾ തന്നെയായിരിക്കണം. അതുകൊണ്ട് കുട്ടികളുടെ ഒരു സർവെ നടത്തിയായിരിക്കണം അതിലൊരു തീരുമാനം എടുക്കേണ്ടത്. ട്വന്റിഫോറിന് വിഷയത്തിൽ ഉത്തരവാദിത്തമുണ്ടെന്ന തലത്തിൽ വാർത്തകൾ വരുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു പ്രതികരണം നടത്തുന്നത്' -ശ്രീകണ്ഠൻ നായർ വ്യക്തമാക്കി.

അവസാനം പഴയിടം കലോത്സവത്തിൽ നിന്ന് പിന്മാറുക കൂടി ചെയ്തതോടെ അരുൺ ശരിക്കും എയറിലായി. ഇതോടെ പഴയിടത്തിന്റെ ഫോട്ടോ പിൻവലിച്ചുവെന്ന് പറഞ്ഞുകൊണ്ട് ഒരു പുതിയ പോസ്റ്റിട്ട് അദ്ദേഹം തടിയൂരി. അശോകൻ ചരുവിലിന്റെ നവോത്ഥാനത്തെക്കുറിച്ചുള്ള പോസ്റ്റിന്റെ മറുപടിയായിരുന്നു തന്റെത് എന്നും. ചരുവിൽ ആ പോസ്റ്റ് പിൻവലിച്ചുവെന്നു അരുൺ ചൂണ്ടിക്കാട്ടി. അതിനാൽ തന്റെ മറുപടിയും അപ്രസക്തമാണ്. പഴയിടത്തിന്റെ ചിത്രം പോസ്റ്റിൽ നിന്ന് നീക്കുകയാണ്. വെജിറ്റേറിയൻ മെനു പരിഷ്‌ക്കരണ ആശയം ഒരു വ്യക്തിയിലേക്ക് വഴി തിരിച്ചുവിട്ടു എന്ന വിമർശനം ഉൾക്കൊള്ളുന്നുവെന്നും പറഞ്ഞാണ് അരുൺ വിവാദത്തിൽനിന്ന് തടിയൂരിയത്.

വാൽക്കഷ്ണം: നോക്കുക, ഒരു ചെറിയ കുത്തിത്തിരുപ്പ് പോസ്റ്റിന് കേരളീയ സമുഹം എന്ത് വലിയ വിലയാണ് കൊടുത്തത്. എല്ലായിടത്തും വിദ്വേഷ ചർച്ചകൾ നിറഞ്ഞു. സമൂഹം കൂടുതൽ മലീമസമായി. ഈ വിവാദത്തിൽനിന്ന് പാഠം ഉൾക്കൊണ്ടെങ്കിലും, ഭാവിയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ.