രു സമൂഹത്തിലെ മാറ്റങ്ങളും പരിഷ്‌ക്കരണ ചർച്ചകളുമൊക്കെ തുടങ്ങിവെക്കേണ്ടത് ആരാണ്. അത് സാംസ്കാരിക നായകർ എന്ന് നാം വിളിക്കുന്ന എഴുത്തുകാരും പ്രാസംഗികരുമൊക്കെയാണെന്നാണ് കരുതപ്പെടുന്നത്. പക്ഷേ കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ നോക്കുക. വല്ലപ്പോഴും കാണുന്ന ഒപ്പുശേഖരണങ്ങൾ അല്ലാതെ, ഈ സാംസ്കാരിക നായകർ എന്നു പറയുന്നവർ കാര്യമായ ഒരു പ്രതികരണവും നടത്താറില്ല. ലിംഗനീതി, മതപരിഷ്‌ക്കരണം എന്ന വിഷയത്തിലൊന്നും, അഭിപ്രായങ്ങൾ ഒന്നും പറയാതെ സേഫ് സോണിൽ ചിരിച്ച് കളിച്ച് പോവുകയാണ് പൊതുവെ സിനിമാ താരങ്ങളും ചെയ്യുക.

എല്ലാവർക്കും ഭയമാണ്. പ്രത്യേകിച്ചും മതം പ്രതിസ്ഥാനത്താവുന്ന വിഷയങ്ങളിൽ.
ഈയിടെ നടൻ മമ്മൂട്ടിയുടെ മരുമകൻ കൂടിയായ അഷ്്ക്കർ സൗദാന് നേരെ നോമ്പ് കാലത്ത് വിഷു സദ്യ കഴിച്ചുവെന്ന ഇല്ലാത്ത ആരോപണം ഉയർത്തി വൻ തോതിൽ സൈബർ ആക്രമണം ഉണ്ടായി. ഒരാൾ പോലും പ്രതികരിച്ചില്ല. ഒരുകാര്യവുമില്ലാതെ അഷ്‌ക്കർ മാപ്പു പറഞ്ഞാണ് വിഷയം അവസാനിപ്പിച്ചത്. ആ രീതിയിൽ വിമർശനങ്ങളെ ഭയക്കുന്ന ഒരു സമൂഹത്തിലാണ്, ഇപ്പോൾ സോഷ്യൽ മീഡിയയെ പിടിച്ച് കുലുക്കിക്കൊണ്ട് സ്ത്രീകൾ നേരിടുന്ന അനീതി ഒരു യുവ നടി ചർച്ചയാക്കിയത്. അതാണ് നിഖില വിമൽ എന്ന തളിപ്പറമ്പുകാരി

തന്റെ നാട്ടിലെ മുസ്ലിം വിവാഹങ്ങളിൽ നടക്കുന്ന കടുത്ത അനീതിയാണ് ഒരു അഭിമുഖത്തിനിടെ ഈ നടി പറയുന്നത്. കല്യാണങ്ങളിൽ സ്ത്രീകൾക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതി ഇപ്പോഴും അവിടെ തുടരുന്നുണ്ടെന്നാണ് നിഖില പറയുന്നത്. 'നാട്ടിലെ കല്യാണമെന്നൊക്കെ പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത് തലേന്നത്തെ ചോറും മീൻകറിയുമൊക്കെയാണ്. കോളേജിൽ പഠിക്കുന്ന സമയത്താണ് ഞാൻ മുസ്ലിം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാൻ ഇരുത്തുന്നത്. ഇപ്പോഴും അതിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല.ആണുങ്ങൾ പെണ്ണിന്റെ വീട്ടിൽ വന്നാണ് താമസിക്കുന്നത്. അവരെ പുതിയാപ്ല എന്നാണ് വിളിക്കാറുള്ളത്. അവർ മരിക്കുന്നതുവരെ പുതിയാപ്ലമാരായിരിക്കും ''- നിഖില പറയുന്നു. 'അയൽവാശി' എന്ന സിനിമയുമായി ബന്ധപ്പെട്ട് ഇന്ത്യൻ സിനിമ ഗ്യാലറിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം

പക്ഷേ അത് സോഷ്യൽ മീഡിയയെ പിടിച്ചു കുലുക്കി. കാര്യങ്ങൾ ഇതിനേക്കാൾ ഒക്കെ അപ്പുറത്താണെന്ന് പലരും പ്രതികരിച്ചു. നടനും ആക്റ്റീവിസ്റ്റുമായ ഷുക്കുർവക്കീലും, എഴുത്തുകാരൻ ബഷീർ വള്ളിക്കുന്നും തൊട്ടുള്ളവർ ഈ വിഷയം എഴുതി. നിരവധി മുസ്ലിം സ്ത്രീകൾ മലബാറിൽ കല്യാണം കൂടാൻ പോയപ്പോൾ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ചു. മറുഭാഗത്ത് ഇസ്ലാമിസ്റ്റുകൾ ന്യായീകരിച്ച് മെഴകുന്നുണ്ടെങ്കിലും, അടുത്തകാലത്ത് കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിഷ്‌ക്കര ചർച്ചയായി ഇത് മാറി. നൂറ് വനിതാ മതിലിന്റെ ഗുണം ഒറ്റ അഭിമുഖം കൊണ്ട് ഈ യുവ നടിയുണ്ടാക്കിയെന്നാണ് സോഷ്യൽ മീഡിയയിൽ കണ്ട ഒരു കമന്റ്. അപ്പോൾ ഉയരുന്ന ഒരു ചോദ്യവും ഇതാണ്. ആരാണ് നിഖില വിമൽ. എന്തിനാണ് ഇവർ ഇങ്ങനെയൊക്കെപ്പറയുന്നത്?

ഭാഗ്യദേവതയിൽ അരങ്ങേറ്റം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് കീഴാറ്റൂരിലെ ഒരു സാധാരണ കടുംബത്തിലാണ് നിഖില വിമൽ ജനിച്ചത്. അച്ഛൻ എം ആർ പവിത്രൻ സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. അമ്മ കലാമണ്ഡലം വിമലാദേവിയുടെ ചുവടുപിടിച്ച് ചെറുപ്പത്തിലെ തന്നെ അവൾ നൃത്തത്തിന്റെ അരങ്ങിലെത്തി. സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ ജില്ലാ കലാമേളകളിൽ പങ്കെടുത്ത് നിരവധി പുരസ്‌ക്കാരങ്ങൾ നേടി. ആ മികവാണ് സത്യൻ അന്തിക്കാടിന്റെ 'ഭാഗ്യദേവത' എന്ന സിനിമയിൽ ബാലതാരത്തിന്റെ വേഷത്തിലേക്ക് എത്തിക്കുന്നത്. ജയറാമിന്റെ സഹോദരിയായി എത്തുന്ന ആ കഥാപാത്രത്തെ ചിത്രം കണ്ടവർ ആരും മറക്കില്ല. ശാലോം ടി വി യിലെ അൽഫോൻസാമ എന്ന സീരിയലിലും നിഖില അക്കാലത്ത് അഭിനയിച്ചിരുന്നു.

തളിപ്പറമ്പ് സർ സയിദ് കോളേജിലായരുന്നു പഠനം. ലവ് 24 7 എന്ന ദിലീപ് ചിത്രത്തിൽ നായികയാവുമ്പോൾ അവർ ഡിഗ്രി ഫൈനൽ ഇയർ ആയിരുന്നു. പിന്നെ ഒരു വർഷത്തിനുശേഷമാണ് ഡിഗ്രി എഴുതി എടുത്തതെന്ന് നിഖില ഒരു അഭിമുഖത്തിൽ പറയുന്നു. ചിത്രം സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും നിഖിലയുടെ വേഷമായ കബനി എന്ന മാധ്യമ പ്രവർത്തക ഏറെ ശ്രദ്ധിക്കപ്പെട്ടു. അതോടെ മലയാളത്തിന് പുറമേ, തമിഴിലും, തെലുങ്കിലും താരത്തിന് ഓഫറുകളായി. വെട്രിവേൽ എന്ന തമിഴ് ചിത്രത്തിൽ ശശികുമാറിന്റെ നായികയായി. വീണ്ടും കിടാരി എന്ന ചിത്രത്തിൽ ശശികുമാറിനൊപ്പം അഭിനയിച്ചു. രണ്ട് തമിഴ് ചിത്രത്തിന് ശേഷം നിഖില തെലുങ്കിലേക്ക് ചേക്കേറി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഒരു വടക്കൻ സെൽഫിയുടെ റീമേക്കായിരുന്നു തെലുങ്കിലെ പ്രോജക്റ്റ്. ചിത്രത്തിൽ മഞ്ജിമ അവതരിപ്പിച്ച കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

അന്യഭാഷകളിലെ ചിത്രങ്ങളിലെ തിരക്കിനുശേഷം മൂന്ന് വർഷം കഴിഞ്ഞാണ് നിഖില പിന്നെ മലയാളത്തിൽ തിരിച്ച് എത്തിയത്. 'അരവിന്ദന്റെ അതിഥികൾ' എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ നായികയായ വേഷം നന്നായി. ചിത്രം സാമ്പത്തികമായി വിജയിക്കുകയും ചെയ്തു. ശ്രീനിവാസനും, വിനീതിനും, സംവിധായകൻ എം മോഹനുമൊപ്പം ഏറെ ആസ്വദിച്ചാണ്, ഈ ചിത്രം ചെയ്തതെന്ന് ഈ യുവ നടി പറയുന്നുണ്ട്.

പിന്നീട്, ജോ ആൻഡ് ജോ, കൊത്ത് എന്നീ സിനിമകിലും അഭിനയിച്ചു. ഒരു നടിയെന്ന നിലയിൽ നിഖിലക്ക് ഏറെ പേര് കിട്ടിയ ചിത്രമാണ് ജോ ആൻഡ് ജോ. ഇതിൽ യുവ നടൻ മാത്യുവിന്റെ സഹോദരിയായി നിഖില ശരിക്കും തകർത്തു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'ഞാൻ പ്രകാശൻ' എന്ന സിനിമയിലെ സലോമിയും നിഖിലക്ക് ഏറെ അഭിനന്ദനങ്ങൾ സമ്മാനിച്ചു.

പക്ഷേ അഭിനയം വെച്ചുനോക്കുമ്പോൾ, ഔട്ട് സ്റ്റാൻഡിങ്ങ് എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന നടിയല്ല അവർ. എന്നാൽ ചെയ്ത ഒരു വേഷവും മോശവുമാക്കിയിട്ടില്ല.
പക്ഷേ അവരെ വ്യത്യസ്തയാക്കിയത് ശക്തമായ നിലപാടുകൾ ആണ്. സാമൂഹിക- സാംസ്കാരിക കാര്യങ്ങളിൽ ഒന്നും ഇടപെടാതെ സേഫായി അഭിമുഖം കൊടുക്കുന്ന നടീ നടന്മാരിൽനിന്ന് വ്യത്യസ്തയാണ് നിഖില.

'നിഖിലയ്ക്ക് നക്സലേറ്റ് മനസില്ലേ'

നിഖിലയുടെ ഈ ബോൾഡ്നെസ്സ് വരുന്നത് മൂൻ നക്സലൈറ്റായ അച്ഛനിൽനിന്നാണെന്നൊക്കെ ചിലർ സോഷ്യൽ മീഡിയിൽ എഴുതുന്നുണ്ട്. 2020 കോവിഡ് കാലത്താണ് നിഖിലയുടെ അച്ഛൻ പവിത്രൻ മരണപ്പെടുന്നത്. റിട്ട: സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം, കോവിഡ് ബാധിച്ച് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സിപിഐ എംഎൽ മുൻ സംസ്ഥാന ജോയിന്റെ സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പവിത്രൻ പ്രവർത്തിച്ചിരുന്നു. ആലക്കോട് രയരോം യുപി സ്‌കൂളിൽ അദ്ധ്യാപകനുമായിരുന്നു. നിഖിലയും അമ്മ കലാമണ്ഡലം വിമല, ചേച്ചി അഖില എന്നിവരും അടുത്ത ബന്ധുക്കളും മാത്രമാണ് സംസ്‌ക്കാര ചടങ്ങിൽ പങ്കെടുത്തത്.

അച്ഛനെ കുറിച്ചുള്ള ഓർമകൾ റിപ്പോർട്ടർ ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ നിഖില പങ്കുവെച്ചിട്ടുണ്ട്. 'അഭിനയത്തിൽ കൂടുതൽ എന്ത് എക്സ്പ്ലോർ ചെയ്യാൻ പറ്റുമെന്നത് ഞാൻ എപ്പോഴും ആലോചിക്കുന്നുണ്ട്. തിയേറ്റർ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പണ്ട് എനിക്ക് തിയേറ്റർ ചെയ്യാൻ പേടിയായിരുന്നു. അതിന്റെ രീതികളെ കുറിച്ച് ധാരണയില്ലായിരുന്നു. ഡാൻസും കാര്യങ്ങളും ഇപ്പോൾ നന്നായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ഞാൻ തിയേറ്റർ മുമ്പ് ചെയ്തിട്ടില്ല. എന്റെ അച്ഛന് ഒരു നാടക കമ്പനിയുണ്ടായിരുന്നു. ഞാൻ അന്ന് വളരെ കുഞ്ഞായിരുന്നു. ചെറുപ്പത്തിൽ സ്റ്റേജിൽ കയറാൻ ചമ്മലായിരുന്നു. അമ്മ ഡാൻസറാണ്. അരാണ് ധൈര്യം തന്നത്'- നിഖില പറയുന്നു.

ഉടൻ തന്നെ അവതാരകന്റെ അടുത്ത ചോദ്യമെത്തി. 'അച്ഛൻ നക്സലൈറ്റാണ്. അമ്മ ഡാൻസ് ടീച്ചറുമാണ് അല്ലേ?' എന്നായിരുന്നു ചോദ്യം. ഉടനെ താരത്തിന്റെ മറുപടിയെത്തി. 'അച്ഛൻ നക്സലൈറ്റ് ആയിരുന്നു. അച്ഛൻ മരിച്ചു. പാവം അതിനെ വെറുതെ വിടൂ'. 'നിഖിലയ്ക്ക് ഒരു നക്സലേറ്റ് മനസില്ലേ' എന്നായിരുന്നു അവതാരകന്റെ അടുത്ത ചോദ്യം. അതിന് നിഖില നൽകിയ മറുപടി ഇതായിരുന്നു... 'എന്റെ ഓർമയിലുള്ള അച്ഛൻ നക്സലേറ്റ് ആയിരുന്നില്ല. അമ്മയെ കല്യാണം കഴിക്കും മുമ്പാണ് അച്ഛൻ ഈ പരിപാടികളൊക്കെ ആക്ടീവായി ചെയ്തുകൊണ്ടിരുന്നത്. എനിക്ക് ഓർമവെച്ച് തുടങ്ങിയ സമയത്ത് അച്ഛന് ഒരു ആക്സിഡന്റൊക്കെ പറ്റി തീരെ വയ്യായിരുന്നു. തീരെ വയ്യാത്തൊരു അച്ഛനെയാണ് എനിക്ക് ഓർമയുള്ളത്. ആക്ടീവായ നക്സലേറ്റായ അച്ഛനെ എനിക്ക് ഓർമയില്ല' -നിഖില പറഞ്ഞു. എന്നാൽ മറ്റൊരു അഭിമുഖത്തിൽ താൻ ജനിച്ചത് കമ്യൂണിസ്റ്റ് ഗ്രാമമായ കീഴാറ്റുറിൽ ആണെന്നും, കുട്ടിക്കാലത്ത് രാഷ്ട്രീയ ആഭിമുഖ്യം അവരോട് തന്നെ ആയിരുന്നുവെന്നും നിഖില പറയുന്നുണ്ട്.

മമ്മൂട്ടിയെ വായ്നോക്കിയോ?

പക്ഷേ സോഷ്യൽ മീഡിയയിൽ നിഖില വിമൽ ആദ്യമായി ചർച്ചയായത് ഒരു നോട്ടത്തിന്റെ പേരിലാണ്. 'ദി പ്രീസ്റ്റ്' എന്ന ചിത്രത്തിന്റെ വാർത്താ സമ്മേളനത്തിനിടെ മമ്മൂട്ടിയെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന നിഖില വിമലിന്റെ ചിത്രമായിരുന്നു സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത്. ഇതോടെ നിഖിലയുടെ പേരിൽ ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. മമ്മൂട്ടിയെ വായ്നോക്കുന്ന നടിയെന്നായിരുന്നു ട്രോളുകളുടെ ഉള്ളടക്കം. പിന്നീട് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം ആ നോട്ടത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി. മമ്മൂട്ടി ആരാധിക എന്നതിലുപരി അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്ന നടിയാണ് താനെന്നും അതുകൊണ്ടായിരിക്കാം അദ്ദേഹം വാർത്താ സമ്മേളനത്തിൽ സംസാരിക്കുമ്പോൾ ആ മുഖത്തേയ്ക്കു തന്നെ നോക്കിയിരുന്ന് പോയതെന്നും നിഖില പറഞ്ഞു.

''അതൊരു ആരാധന മൂത്തുള്ള നോട്ടമോ, വിസ്മയത്തോടെയുള്ള പ്രവർത്തിയോ ആയിരുന്നില്ല. അദ്ദേഹത്തിന്റെ ഓരോ വാക്കും ശ്രദ്ധാപൂർവം കേട്ടിരിക്കണം എന്നുണ്ടായിരുന്നു. ആ ഒരു നിമിഷത്തിൽ പടമെടുത്തതുകൊണ്ടായിരിക്കാം മറ്റുള്ളവർക്ക് അങ്ങനെ തോന്നിയത്. പ്രീസ്റ്റിന്റെ കഥ ആദ്യം കേൾക്കുമ്പോൾ അതിൽ മമ്മൂക്ക അഭിനയിക്കുന്നുണ്ടായിരുന്നില്ല. പിന്നീട് അത് സംഭവിച്ചു എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെയേറെ സന്തോഷം തരുന്ന കാര്യമാണ്. ആരാധിക എന്നതിൽ ഉപരി അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നു''- നിഖില പറഞ്ഞു.

കേരളത്തിൽ പശുവിനെ വെട്ടാം

ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന് പ്രസ്താവനയിലുടെയാണ് നേരത്തെ നിഖില വിമൽ സോഷ്യൽ മീഡിയയുടെ താരമായത്. പശുവിനെ വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടിൽ ഇല്ലെന്നും നിഖില പറഞ്ഞു. ജോ ആൻഡ് ജോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് നിഖിലയുടെ പ്രതികരണം.

'മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിൽ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കിൽ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കിൽ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്.'- നിഖില പറയുന്നു.

അഭിമുഖത്തിനിടെ കുസൃതി ചോദ്യവുമായി ബന്ധപ്പെട്ട സെഗ്മെന്റിൽ മറുപടി പറയുകയായിരുന്നു നിഖില വിമൽ. ചെസ് കളിയിൽ വിജയിക്കാൻ എന്ത് ചെയ്യണം? എന്ന ചോദ്യത്തിന് കുതിരയെ മാറ്റി പശുവിനെ വച്ചാൽ മതി അപ്പോൾ വെട്ടാൻ പറ്റില്ലല്ലോ എന്ന അവതാരകന്റെ ഉത്തരത്തിനാണ് നിഖില കൃത്യമായ രാഷ്ട്രീയ മറുപടി നൽകിയത്. കുതിരയെ മാറ്റി പശുവിനെ വച്ചാലും താൻ വെട്ടുമെന്നും ഇന്ത്യയിലും പശുവിനെ വെട്ടാൻ പറ്റില്ല എന്ന് പറയുന്ന ഒരു സിസ്റ്റമില്ലായിരുന്നു അതുകൊണ്ടുവന്നത് അല്ലേ എന്നും നിഖില ചോദിച്ചു. നിഖില വിമലിന്റെ മറുപടി സമൂഹമാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. നടിയെ പിന്തുണച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

പക്ഷേ ഒരു വിഭാഗം നിശിതയെ നിശിതമായ വിമർശിച്ചും രംഗത്ത് എത്തി. പക്ഷേ നിഖില തന്റെ പ്രസ്താവന തിരുത്തുകയോ, മാപ്പുപറയകയോ ഒന്നും ചെയ്തില്ല. നിഖിലയുടെ പിതാവ് മൂൻ നക്സലൈറ്റ് ആണെന്ന് കുത്തിപ്പൊക്കിവരെ സൈബർ ആക്രമണം നടന്നു. പക്ഷേ അവർ ഒന്നും തിരുത്തിപ്പറഞ്ഞില്ല. ''ഈ പ്രസ്താവനയ്ക്ക് ശേഷം സിനിമാ മേഖലയിലെ ചിലർ അതു വേണ്ടായിരുന്നുവെന്നും ചിലർ നന്നായെന്നും പറഞ്ഞു. എന്റെ പ്രസ്താവനയെ തുടർന്നു സൈബർ ആക്രമണം ഉണ്ടായതായി ഞാനെവിടെയും പറഞ്ഞിട്ടില്ല. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽത്തന്നെ അതു എന്നെ ബാധിക്കുന്ന പ്രശ്നമല്ല''- നിഖില തന്റെ നയം വ്യക്തമാക്കുന്നു.

ജാതി തിരിഞ്ഞ് മലയാളികൾ

ഗോവധ നിരോധനവുമായി ബന്ധപ്പെട്ട് ചുട്ടമറുപടി നൽകിയതോടെ മലയാളികൾക്ക് പിന്നെ അറിയേണ്ടിയിരുന്നത് നിഖിലയുടെ ജാതി ആയിരുന്നു. നടിയുടെ വാക്കുകളെ കയ്യടിയോടെയാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം സ്വീകരിച്ചത്. എന്നാൽ മറ്റൊരു വിഭാഗം ഇതിനെതിരെ രംഗത്തെത്തി. ഇത്തരക്കാർ നിഖില വിമലിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സൈബർ ആക്രമണം അഴിച്ചുവിടുകയാണ് ചെയ്തത്. കൂടുതലും സംഘപരിവാർ ചായ്വുള്ളം വ്യാജ പ്രൊഫൈലുകളുമാണ് ഇത്തരം സൈബർ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയത്.

എന്നാൽ ഇതിന് പിന്നാലെ ഒരു കൂട്ടർ താരത്തിന്റെ ജാതിയും അച്ഛന്റെ പേര് എന്താണെന്ന് തിരയാനും മുതിർന്നു. ഗൂഗിളിൽ നിരവധി പേരാണ് നിഖില വിമലിന്റെ ജാതി ഏതാണെന്ന് അറിയാൻ വേണ്ടി സെർച്ച് ചെയ്തത്. ഗൂഗിൾ ഡാറ്റയിൽ നിന്നും ഇക്കാര്യം വ്യക്തമാണ്.മറ്റ് ചിലർ നിഖില വിമലിന്റെ അച്ഛന്റെ പേര് എന്താണെന്ന് അറിയാനാണ് ഗൂഗിളിൽ തിരയുന്നത്. നിരവധി പേരാണ് ഇക്കാര്യം തിരഞ്ഞ് ഗൂഗിളിൽ എത്തിയത്. സെലിബ്രിറ്റികൾ ഇത്തരം രാഷ്ട്രീയ വിവാദങ്ങളിലേക്ക് എത്തുമ്പോൾ ജാതിയും മതവും തിരയുന്നത് ഇപ്പോൾ ട്രെൻഡായി മാറുകയാണ്.

ഇതാദ്യമായല്ല, ഒരു വ്യക്തിയുടെ ജാതി ഇന്റർനെറ്റ് ലോകം തിരയുന്നത്. ഒരു ലോകചാമ്പ്യൻ ഷിപ്പിൽ രാജ്യത്തിന് വേണ്ടി ആദ്യമായി സ്വർണം നേടിയ ഹിമ ദാസ് എന്ന അത്‌ലറ്റിന്റെ ജാതി അറിയാനാണ് അന്ന് ഇന്ത്യക്കാർ തിടുക്കം കാട്ടിയത്. അതിൽ മുൻ പന്തിയിൽ നിന്നത് മലയാളികളാണ്. കേരളം, കർണടക, ഹരിയാന. അസം, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഹിമയുടെ ജാതി തിരഞ്ഞവരിൽ മുൻപന്തിയിൽ. ഇതിന് മുമ്പ് 2016 ൽ പി വി സിന്ധുവും, സാക്ഷി മാലിക്കും, വെള്ളിയും വെങ്കല മെഡലും സ്വന്തമാക്കിയപ്പോഴും സമാന രീതിയിൽ ഗൂഗിളിൽ ഇവരുടെ ജാതി തിരഞ്ഞ് ഇന്ത്യക്കാർ തങ്ങളുടെ ജാതി വെറി പരസ്യപ്പെടുത്തിയിരുന്നു. ഈ ജാതി അന്വേഷകരിൽ പ്രബുദ്ധരെന്ന് നാം വിളിക്കുന്ന മലയാളികളും ഉണ്ടെന്നതാണ് ഏറെ ദയീനീയം.

ഫഹദിനെ 'ചതിച്ചതിന്' ഡിപ്രഷൻ

മലയാളികളുടെ ചില ചീപ്പ് നിലപാടുകളെ കുറിച്ചും നിഖില പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിരുന്നു. ഫഹദിനൊപ്പമുള്ള അഭിനയത്തിന് ശേഷം രണ്ടാഴ്‌ച്ച ഡിപ്രഷനടിച്ച് വീട്ടിലിരിക്കേണ്ടി വന്നു എന്നാണ് താരം പറയുന്നത്.

നിഖിലയുടെ വാക്കുകൾ ഇങ്ങനെ '' ശ്രീനിവാസൻ തിരക്കഥ എഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന ചിത്രത്തിലാണ് ഞാനും ഫഹദും ഒരുമിച്ചഭിനയിച്ചത്. എനിക്ക് ഒരുമിച്ച് വർക്ക് ചെയ്യണം എന്ന് ഒരുപാട് ആഗ്രഹം തോന്നിയ നടനാണ് ഫഹദ് ഫാസിൽ. 'ഞാൻ പ്രകാശൻ' സത്യൻ അങ്കിളിന്റെ സിനിമ കൂടെ ആയതുകൊണ്ട് അധികം ചിന്തിക്കേണ്ടി വന്നില്ല. ഫഹദ് നിന്നെ തേക്കുന്ന സിനിമയാണ് എന്നാണ് എന്നോട് പറഞ്ഞത്. അഭിനയിക്കുമ്പോഴും എനിക്ക് അത് തന്നെയായിരുന്നു തോന്നിയതെന്ന് നിഖില പറയുന്നു. ആ സിനിമയിൽ അഭിനയിക്കാൻ വന്നപ്പോഴാണ് ഞാൻ ഫഹദ് ഫാസിലിനെ ആദ്യമായി നേരിട്ട് കാണുന്നത്. അതിന് മുൻപോ ശേഷമോ യാതൊരു ബന്ധവും ഇല്ല. സിനിമ റിലീസായി നല്ല പ്രേക്ഷക പ്രീതിയും നേടി. എന്നാൽ രാണ്ടാഴ്ചയോളം എനിക്ക് സ്വസ്ഥത ഉണ്ടായിരുന്നില്ല. എന്നും രാവിലെ ഓരോരുത്തർ വിളിക്കും, നീ എന്തിനാടീ പ്രകാശനെ തേച്ചത് എന്ന് ചോദിച്ചു കൊണ്ടായിരിക്കും കോൾ. അവസാനം ഡിപ്രഷനായി വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്നു.

എന്നും ഇത് പോലെ തെറി കോളുകളായിരുന്നു. ഇപ്പോഴും അതേപോലുള്ള അനുഭവം ഉണ്ടാവാറുണ്ട്. ലുലു മാളിൽ ഒക്കെ ചെല്ലുമ്പോൾ ചിലർ ചോദിക്കും, ഒരു മൂന്ന് ലക്ഷം രൂപ എടുക്കാനുണ്ടാവുമോ എന്ന്. എന്താണ് സംഗതി എന്ന് അറിയാതെ ഞാൻ മിഴിച്ചു നിൽക്കും. ജർമൻകാരനെ കെട്ടിപ്പോയതല്ലേ, കാശ് കൈയിലുണ്ടാവും എന്ന് പറയുമ്പോഴാണ് കാര്യം മനസ്സിലാവുന്നത്. ഞാൻ എന്തോ മികച്ചതായി ചെയ്തതുകൊണ്ടല്ല, അത്രയധികം കൺവിൻസിങ് ആയിട്ടാണ് ഫഹദ് പ്രകാശൻ എന്ന കഥാപാത്രത്തെ ചെയ്തത്. അതുകൊണ്ടാണ് പ്രേക്ഷകർ എന്നെ പഴിക്കുന്നത്.''- നിഖില പറയുന്നു.

പൊതുവേ നാം പറയുക, മലയാളി കഥാപത്രങ്ങളെ ആ അർത്ഥത്തിൽ എടുക്കാൻ കഴിയുന്നവർ ആണെന്നാണ്. ഇത്തരം കാര്യങ്ങളൊക്കെ തമിഴരുടെ മേലിലാണ് ആരോപിക്കാറ്. പക്ഷേ മലയാളിയും അത്ര മെച്ചമൊന്നുമല്ലെന്നാണ് നിഖിലയുടെ ഇത്തരം അനുഭവങ്ങൾ തെളിയിക്കുന്നത്.

ഡബ്ല്യൂസിസിക്ക് ഒപ്പം

സ്ത്രീക്കും പരുഷനും തുല്യവേതനം സിനിമയിലും കിട്ടണം എന്ന് പറയുന്നത് അടക്കമുള്ള അന്ധമായ ഫെമിനിസ്റ്റ് ബോധം ഇല്ലാത്ത നടിയാണ് നിഖില. പക്ഷേ
നടൻ ശ്രീനിവാസൻ അടക്കമുള്ളവർ ഡബ്ല്യൂസിസി എന്ന വനിതാ കൂട്ടായ്മയെ വിമർശിച്ച് രംഗത്ത് എത്തിയപ്പോഴും, നിഖില ആ സംഘടനയിൽ ഉറച്ചുനിന്നു. സോഷ്യൽ മീഡിയയിൽ എന്തെങ്കിലും ഒന്ന് ഇടാൻ വേണ്ടി മാത്രം ഇടുന്ന ബുദ്ധിയില്ലാത്ത ആളുകളല്ല ഡബ്ല്യൂസിസിയിൽ ഉള്ളവർ എന്ന് അവർ പറഞ്ഞു. വനിത കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ് ഉന്നയിക്കുന്ന വിഷയങ്ങൾ പ്രസക്തമാണെന്നും നിഖില പറഞ്ഞു.

വണ്ടർവാൾ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് താരം ഡബ്ല്യൂസിസിയിലെ പ്രവർത്തങ്ങളെക്കുറിച്ച് സംസാരിച്ചത്.''ഡബ്ല്യൂസിസിയെ പോലൊരു സംഘടനയെ പുറത്തു നിന്നുള്ളവർ വിമർശിക്കുന്നത് സംഘടനയുടെ വളർച്ച കാണാത്തതുകൊണ്ടാണ്. പുറത്തു നിന്ന് നോക്കുന്നവർക്ക് അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ഒരു സംഘടന മാത്രമായിട്ടായിരിക്കാം. പക്ഷെ അതിന്റെ പുറകിൽ സംഘടനയിലെ അംഗങ്ങൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്.

ആ സംഘടന എന്താണ് എന്ന് വിമർശിക്കുന്നവർക്ക് ഇന്ന് മനസിലായില്ലെങ്കിലും നാളെ അതിന്റെ ഗുണം ഉണ്ടാകും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എന്തെങ്കിലും ഒന്ന് സോഷ്യൽ മീഡിയയിൽ ഇടാൻ വേണ്ടി മാത്രം ബുദ്ധിയില്ലാത്ത ആളുകളല്ല അവർ.'സംഘടനയിഉള്ളവർ എല്ലാവരും ക്രിയേറ്റീവ് സ്പേസിലും ആർട്സ് സ്പേസിലും ജോലി ചെയ്യുന്ന വ്യക്തികളാണ്.''- നിഖില വ്യക്തമാക്കി.

ലഹരിയും പേഴ്സണൽ ചോയ്സ്

വ്യക്തി സ്വതന്ത്രത്തിനുവേണ്ടി എന്നും നിലകൊള്ളുന്ന വ്യക്തിയാണിവർ.
സ്വകാര്യതയിൽ ലഹരി ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുതെന്നും നിഖില റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'ഞാൻ, ലഹരി ഉപയോഗിക്കാറുണ്ടോ എന്ന് ചോദിച്ചിട്ട് ആരെയും പരിചയപ്പെട്ടിട്ടില്ല. ഞാൻ ഉപയോഗിക്കാറില്ല. ലഹരി ഉപയോഗിക്കുന്നത് സിഗരറ്റ് വലിക്കുന്നത് പോലെയൊരു കാര്യമാണ്. എന്റെയൊക്കെ ചെറുപ്പത്തിൽ സിഗരറ്റ് വലിക്കുന്നതും കള്ള് കൂടിക്കുന്നതും പ്രശ്നം ആയിരുന്നു. ഇപ്പോൾ നോക്കുമ്പോൾ അത് സോഷ്യൽ ഡ്രിങ്കിങ് ആണ്. അത് വൃത്തിയായിട്ട് ചെയ്യുന്നതിന് എനിക്ക് കുഴപ്പമില്ല. ആരെയും ബുദ്ധിമുട്ടിക്കാതെ ചെയ്യുന്ന ആൾക്കാർ ഉണ്ടല്ലോ. അതവരുടെ പേഴ്സണൽ ചോയ്സ് ആണ്. പക്ഷെ പബ്ലിക്കിലേക്ക് വരുമ്പോൾ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന ഒന്നും നിങ്ങൾ ചെയ്യരുത്. നിങ്ങളുടെ സ്വകാര്യതയിൽ ചെയ്യുന്നതിൽ ബുദ്ധിമുട്ടില്ല. ലഹരി ഉപയോഗിക്കുന്നവരുടെ സർക്കിൾ സിനിമയിലുണ്ടോ എന്നെനിക്ക് അറിയില്ല',- നിഖില പറയുന്നു.

ഇതാണ് നിഖിലയുടെ പ്രത്യേകത. ഒരു അഭിമുഖത്തിന് വന്നാൽ മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം പറയും. അതും വളരെ ശാന്തമായി. അവരുടെ അഭിമുഖങ്ങൾ കണ്ടാലാറിയം, ബോധപുർവം വിവാദമുണ്ടാക്കൻ വേണ്ടി പറയുകയല്ല. ചോദ്യത്തിന് മറുപടിയായി എത്തിപ്പെട്ട് പോവുകയാണ്. ആദ്യത്തെ പശു വിവാദവും ഇങ്ങനെ പറയണം എന്ന് പ്ലാൻ ചെയ്ത് അവർ പോയതല്ല എന്ന് വ്യക്തമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തളിച്ചു മറിയുന്ന കണ്ണൂരിലെ കല്യാണ വിവാദവും അങ്ങനെ സ്വാഭാവികമായ ഉണ്ടായതാണ്.

കണ്ണൂരിലെ കല്യാണ വിവാദം

എറ്റവും ഒടുവിലാണ് നഖിലയുടെ പേരിൽ കണ്ണൂരിലെ കല്യാണ വിവാദം ഉണ്ടാവുന്നത്. പക്ഷേ അവർ പറഞ്ഞതിനേക്കാൾ എത്രയോ കുടുതലാണ് നമ്മുടെ മുഖ്യമന്ത്രിയും ഇരട്ടച്ചങ്കനുമായ പിണറായി വിജയന്റെ നാട്ടിൽ നടക്കുന്ന ലിംഗ വിവേചനം എന്ന് പലരും കുറിക്കുന്നു.

മരിച്ച മുസ്ലിം സ്ത്രീയുടെ മയ്യത്ത് അയൽവാസികളെപ്പോലും കാണിക്കാത്ത രീതി മലബാറിൽ ഇപ്പോഴുമുണ്ട്. മയ്യത്ത് മുന്നിൽ വെച്ച് അർഹതപ്പെട്ടവർ മാത്രം കാണുക എന്ന് മൗലവി വിളിച്ച് പറയുന്ന കാഴ്ച പതിവാണ്. ഇതുമൂലം സ്ത്രീകൾ മരിച്ചാൽ, അമുസ്ലീങ്ങളായ അയൽവാസികളും സുഹൃത്തുക്കളും മൃതദേഹം കാണാൻ നിൽക്കാതെ, ആൺമക്കൾക്ക് കൈ കൊടുത്ത് മടങ്ങുകയാണ് ചെയ്യാറ്. അതുപോലെ നിഖില പറഞ്ഞതിനേക്കാൾ വലിയ വിവേചനമാണ് വിവാഹ സമയത്ത് ചില മുസ്ലിം കുടുംബങ്ങളിൽ സംഭവിക്കാറുള്ളത്. സ്ത്രീകൾക്ക് മുൻഭാഗത്തെ പന്തലിൽ കൂടി പ്രവേശനം നിഷേധിച്ചവർ പോലുമുണ്ട്. പല പ്രമുഖരുടെയും വിവാഹത്തിനുപോലും ആണിനെയും പെണ്ണിനെയും രണ്ടുഭാഗത്താക്കി മറകെട്ടിയാണ് ഭക്ഷണം വിളമ്പുക.

നടനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ ഷുക്കുർ വക്കീൽ ഇങ്ങനെ എഴുതുന്നു. 'മുസ്ലിം സ്ത്രീകൾക്ക് എതിരെ മാത്രമല്ലേ ഈ വിവേചനം ഉള്ളൂ ? മുസ്ലിമീങ്ങൾ അല്ലാത്ത സ്ത്രീകൾ വിവാഹത്തിൽ പങ്കെടുക്കുവാൻ മുൻ വഴി തന്നെ പ്രവേശനം ലഭിക്കാറുണ്ട്, പുരുഷ കേസരികളോടൊപ്പം ഒരേ ടേബിളിൽ മുസ്ലിമീങ്ങളല്ലാത്ത സ്ത്രീകൾ ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന നിരവധി ദൃശ്യങ്ങൾ വിവാഹ ആൽബങ്ങൾ പരിശോധിച്ചാൽ കാണാം. കല്യാണ പന്തലിൽ നിന്നും എപ്പോഴാണ് ലിംഗ വിവേചനം ഒഴിഞ്ഞു പോവുക?''- ഷുക്കുർ വക്കീൽ ചോദിക്കുന്നു.

സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് ഡോ ജിനേഷ് പി എസ് ഇങ്ങനെ എഴുതുന്നു. 'മലബാർ ഭാഗത്ത് മുസ്ലിം കല്യാണ ആഘോഷങ്ങളിൽ ഓഡിറ്റോറിയത്തിൽ പോലും സ്ത്രീകൾക്കും പുരുഷനും വെവ്വേറെ ഡൈനിങ് ഏരിയ ആണെന്ന് പലരും പറയുന്നു. സ്ത്രീകൾക്ക് അടുക്കള ഭാഗത്താണ് ഭക്ഷണം എന്ന നിഖില വിമലിന്റെ പ്രസ്താവനയെ തുടർന്നുണ്ടായ പ്രതികരണങ്ങളാണ്. ഇതിന് മാറ്റം വന്നേ പറ്റൂ, ഈ വേർതിരിവ് അവസാനിപ്പിക്കണം.പക്ഷേ ഇതിനോടുള്ള ചില കൗണ്ടറുകളാണ് രസകരം. 'സ്ത്രീക്കും പുരുഷനും വ്യത്യസ്ത ടോയ്ലറ്റ് ഇല്ലേ? ബസ്സിൽ സ്ത്രീകൾക്ക് പ്രത്യേക സീറ്റില്ലേ?' എന്നൊക്കെയാണ് മതം വിഴുങ്ങുന്ന ചിലരുടെ ചോദ്യം. ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നവരോട് എങ്ങനെ ഇതിന്റെ ലോജിക്ക് പറഞ്ഞു മനസ്സിലാക്കുമെന്റെ ഡിങ്കാ!''- ഇങ്ങനെയാണ് ഡോ ജിനേഷിന്റെ പോസ്റ്റ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം ജില്ലയാണ് കണ്ണൂർ. തലശ്ശേരിയും, കോഴിക്കോടും അടക്കമുള്ള മലബാറാണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രം. എന്നിട്ടും മുസ്ലിം സ്ത്രീകൾ നേരിടുന്ന വിവേചനത്തിനെതിരെ എന്തുകൊണ്ട് സിപിഎമ്മിനും ഇടതുപക്ഷത്തിനും ഒന്നും ചെയ്യാൻ കഴിയുന്നില്ല. സോ കോൾഡ് കേരള നവോത്ഥാനത്തിനുനേരെ കൊഞ്ഞനം കുത്തുകയാണ് ഇത്തരം സംഭവങ്ങൾ.

എന്തായാലും പശു വാർത്തയിൽ പ്രതികരിച്ചപ്പോൾ കൈയടിച്ചിരുന്ന, ഇസ്ലാമിസ്റ്റുകളിൽ ഒരു വിഭാഗം, ഇപ്പോൾ അവരെ സംഘിയാക്കി പ്രചാരണം നടത്തുകയാണ്. എന്തായാലും ആ യുവ നടിക്ക് നാം കൈയടിക്കണം. കേരള നവോത്ഥാനത്തെ നോക്കി പല്ലിളിക്കുന്ന ഇത്തരം പഴുക്കുത്തുകൾ ചർച്ചയാക്കാൻ കഴിഞ്ഞുവെല്ലോ.

വാൽക്കഷ്ണം: ഈ 21ാം നൂറ്റാണ്ടിലും പുരുഷനും സ്ത്രീക്കും ഒരു വിവാഹത്തിൽ ഒന്നിച്ച് ഇരിക്കാൻ പോലും പറ്റാത്ത പ്രാകൃതമായ സാമൂഹിക സാഹചര്യം ഈ നാട്ടിലുണ്ടെന്നത് ചർച്ചയാക്കാൻ ഒരു യുവ നടി വേണ്ടിവന്നു. എത്രമാത്രം സാംസ്കാരിക നായകരും, ഫാസിസ്റ്റ് വിരുദ്ധ പേരാളികളും ഉള്ള നാടാണ് ഇത്. അവരുടെ വായിലൊക്കെ പഴം പുഴുങ്ങിയത് നിറച്ചിരിക്കയാണെന്ന് കരുതാം!