ലയാളികളുടെ ഗൗതം അദാനി! ലോകമെമ്പാടും പടർന്ന് പന്തലിച്ച് കിടക്കുന്ന 25,000 കോടിയോളം ആസ്തിയുള്ള ബിസിനസ് സാമ്രാജ്യം പടുത്തുയർത്തി, ഫോർബ്സ് മാസികയുടെ ധനാഢ്യരുടെ പട്ടികയിൽവരെ സ്ഥാനം പിടിച്ചു ഒരു കേരളീയൻ. അതാണ് ജോയ് ആലുക്കാസ് വർഗീസ് എന്ന 66 കാരൻ. അദാനിയെപ്പോലെ, കോളജ് ഡ്രോപ്പൗട്ടായ ജോയിക്കും ഇപ്പോൾ കഷ്ടകാലമാണ്. ഹിൻഡൻബർഗ് റിപ്പോർട്ടാണ് അദാനിയെ കൂഴപ്പിച്ചതെങ്കിൽ, ഇഡിയുടെ നടപടിയും, കണ്ടുകെട്ടലുമാണ്, തൃശൂരിലെ ഒറ്റമുറിപ്പീടികയിൽനിന്ന് ലോകം മുഴുവൻ പന്തലിച്ച ഈ കനക മുതലാളിക്ക് പണി കൊടുത്തത്. 

ജോയ് ആലുക്കാസിന്റെ സാമ്രാജ്യത്തിൽ കരിനിഴൽ വീണു കഴിഞ്ഞു. 305.84 കോടി രൂപയുടെ സ്വത്തുക്കളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. ഹവാല വഴി ഇന്ത്യയിൽ നിന്ന് വൻതുക ദുബായിലേക്ക് മാറ്റുകയും പിന്നീട് ഈ പണം ജോയ് ആലുക്കാസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ദുബായിലെ ജോയ് ആലുക്കാസ് ജൂവലറി എൽഎൽസിയിൽ നിക്ഷേപിക്കുകയും ചെയ്തതിനാണ് നടപടി. ഇത് 1999ലെ ഫെമ നിയമത്തിന്റെ ലംഘനമാണെന്ന് ഇഡിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.

ഞെട്ടലോടെയാണ് മലയാളി ബിസിനസ് ലോകം ഈ വാർത്ത കേട്ടത്. ഹവാല ഇടപാട് എന്നാൽ രാജ്യദ്രോഹം തന്നെയാണ്. ശരിക്കും ഒരു സാമ്പത്തിക അധോലോക പ്രവർത്തനം. സോഷ്യൽ മീഡിയയിൽ ഈ വാർത്ത പ്രചരിച്ചതോടെ നിമിഷങ്ങൾക്കുള്ളിൽ തൃശൂർകാരുടെ പ്രിയപ്പെട്ട ജോയി ഏട്ടൻ, പലർക്കും വെറുക്കപ്പെട്ടവനായി. ഇ ഡിയുടെ നടപടിക്കെതിരെ ജോയ് ആലുക്കാസ് ഗ്രൂപ്പ് നിയമപരമായി നീങ്ങുമെന്നാണ് അറിയുന്നത്.

പക്ഷേ കണ്ണടച്ച് തുറക്കുന്നതിന് മുമ്പുള്ള കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയായിരുന്നു, ജോയ് ആലുക്കാസിന്റെത്. ആലുക്കാസ് കുടുംബത്തിലെ എല്ലാവരെയും വെട്ടിച്ച്, അയാൾ ഉയരങ്ങളിലേക്ക് പറന്നത് വളരെ പെട്ടെന്ന് ആയിരുന്നു.

15 മക്കളുടെ ആലുക്കാസ് ഫാമിലി

15 മക്കളുള്ള ഒരു വലിയ കുടുംബത്തിന്റെ കഥയാണ് ആലുക്കാസ് കുടുംബ ചിരിത്രം.
1956 ൽ ജനിച്ച ജോയ്, പ്രശസ്ത ജുവലറി വ്യാപാരിയായ വർഗീസ് ആലുക്കാസിന്റെ നാലാമത്തെ മകനാണ്. ജോയ് ആലുക്ക മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. ''ഞങ്ങൾ 15 മക്കളായിരുന്നു. അമ്മ 17 തവണ പ്രസവിച്ചു. രണ്ടു കുട്ടികൾ നേരത്തെ പോയി.17 പ്രസവമെന്നു പറയുമ്പോൾ എത്രയോ കാലം അതിന്റെ പ്രയാസങ്ങളിലായിരുന്നു അമ്മ എന്നർഥം. 15 മക്കളെ വളർത്തിയത് അത്ഭുതത്തോടെ മാത്രമേ കാണാനാകൂ. വളരെ പോസിറ്റീവായിരുന്നു അമ്മ. എല്ലാ പ്രതിസന്ധിയേയും അമ്മ നേരിട്ടതു ശാന്തമായ മനസ്സുമായാണ്. അപ്പനും അമ്മയുമാണു ജോയ് ആലുക്കാസ് ഫൗണ്ടേഷൻ എന്ന ചാരിറ്റി സ്ഥാപനത്തെക്കുറിച്ച് ആലോചിക്കുമ്പോൾ മനസ്സിൽ വന്നത്.''

തൃശൂരിൽ തന്റെ അച്ഛൻ ആരംഭിച്ച ഒരു ചെറിയ സ്വർണാഭരണ കട ഏറ്റെടുത്തു കൊണ്ടായിരുന്നു ജോയ് ആലുക്കാസിന്റെ തുടക്കം. തൃശൂർ എംഒ റോഡിലെ ചെറിയൊരു മുറിയിൽ ത്രാസും കുറച്ചു വെള്ളിയാഭരണങ്ങളുമായി അപ്പൻ തുടങ്ങിയ കടയുടെ തുടർച്ചയാണീ ജോയ്. സ്‌കൂൾ പഠന കാലത്തു സ്വർണം കണ്ടും തൊട്ടറിഞ്ഞും വളർന്ന കുട്ടിയാണ് ജോയി. പഠിക്കാന വലിയ താൽപ്പര്യം ഉണ്ടായിരുന്നില്ല. വൈകാതെ അയാൾ സ്‌കുൾ ഉപേക്ഷിച്ചു.

'' അന്നു കടയിൽ നിരത്തിവച്ചു വിൽക്കുന്നതു വെള്ളിയാണ്. സ്വർണം ഇന്നത്തെപോല ഷോക്കേസിൽ കൂടുതൽ വയ്ക്കാറില്ല. ഒരു മേശയും ത്രാസുമായി ഷട്ടറിനോടു ചേർന്നു മുന്നിലിരിക്കും. മിക്കതും ഓർഡർ വാങ്ങി ചെയ്യുന്നതാണ്. അപ്പൻ കച്ചവടം തുടങ്ങിയതു കുടയിലാണ്. ആദ്യം ഭൂമി മാർക്കു കുട എന്ന പേരിൽ കച്ചവടം തുടങ്ങി. പിന്നീടു ജോസ് അബ്രല്ലയായി. 1956 ലാണു വെള്ളിയുമായി അപ്പൻ കച്ചവടം തുടങ്ങുന്നത്. 78ൽ തൃശൂർ എംഒ റോഡിൽ ആദ്യത്തെ ജൂവലറി തുടങ്ങി. 82ൽ രണ്ടാമത്തെ ആലുക്കാസ് കോഴിക്കോട്ടു തുറന്നു. ഞാൻ ക്ലാസ് കഴിഞ്ഞു കുറച്ചു നേരമേ ജൂവലറിയിൽ ഇരിക്കാറുള്ളു. എന്നാൽ എന്റെ രണ്ടു സഹോദരന്മാരും കടയിൽ ഏറെ നേരം ചെലവിട്ടു കച്ചവടം പഠിച്ചിരുന്നു.''- ജോയ് ആലുക്കാസ് ഒരു അഭിമുഖത്തിൽ പറയുന്നു.

ഭാഗ്യം തന്ന ഗൾഫ്

നാട്ടിൽ ബിസിനസ് സഹോദരങ്ങൾ നോക്കുമ്പോൾ ജോയ് തന്റെ ഷോറുമുകൾ ഗൾഫിലേക്ക് പറിച്ചു നടന്നു. ഗൾഫിലേക്ക് പോകാനുള്ള കാരണത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു. ''അപ്പന്റെ ദീർഘവീക്ഷണമായിരുന്നു ഇതിന്റെ പിന്നിൽ. ഗൾഫിൽനിന്നു വരുന്ന എല്ലാവരും എന്തെങ്കിലും സ്വർണം കൊണ്ടുവരുന്ന കാലമാണത്. അപ്പോൾ അപ്പനു തോന്നി ഗൾഫിലൊരു ജൂവലറി ഇട്ടാലോ എന്ന്. അവിടെ പോയി കാര്യങ്ങൾ എല്ലാം പഠിച്ച ശേഷം 1988ൽ അബുദാബിയിൽ ആലുക്കാസ് ജൂവലറിയുടെ ആദ്യ ഷോറൂം തുടങ്ങി. അന്ന് അപ്പനും അഞ്ച് ആൺമക്കളും ഒരുമിച്ചാണ് ഈ ഗ്രൂപ്പ് കൊണ്ടു നടന്നിരുന്നത്. അതിനു മുൻപു കുറച്ചുകാലം സ്വർണം മൊത്ത വിതരണവും നടത്തി. മാസങ്ങൾക്കകം ദുബായിയിലും ഷോറൂം തുറന്നു.

89 ഡിസംബറിൽ അപ്പൻ മരിച്ചു. അപ്പൻ ആഗ്രഹിച്ചതുപോലെ ഗൾഫിലെ ബിസിനസ് മുന്നോട്ടു പോകുകയായിരുന്നു. 2000ത്തിൽ ഗൾഫിൽ മാത്രം ആലൂക്കാസിനു 16 ഷോറൂമുകളുണ്ടായി. എല്ലാം കൂടി ചേർത്താൽ 20,000 ചതുരശ്ര അടി ജൂവലറി. അന്നത്തെ കാലത്ത് അതു വലിയ മുന്നേറ്റമായിരുന്നു. പ്രത്യേകിച്ചൊരു മലയാളി ഗ്രൂപ്പു നടത്തുന്ന മുന്നേറ്റം. ഗൾഫിൽ ഇത്തരമൊരു മുന്നേറ്റം ഉണ്ടാകാൻ കാരണം സ്വർണ വ്യാപാര രംഗത്തു ആലുക്കാസ് ഗ്രൂപ്പിനു കേരളത്തിലുണ്ടായിരുന്ന അടിത്തറയാണ്. അതുണ്ടാക്കുന്നതിൽ എന്റെ േജഷ്ഠന്മാരായ ജോസ് ആലുക്കാസും പോൾ ആലുക്കാസും ഫ്രാൻസിസ് ആലുക്കാസും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആന്റോ എന്റെ അനുജനാണ്. ആന്റേയ്ക്കും വലിയ പങ്കുണ്ട്. ആലുക്കാസിനെ സ്വർണ രംഗത്തു വലിയ പേരാക്കി മാറ്റിയതിൽ ജോസേട്ടന്റെ മുൻകാഴ്ച വളരെ വലുതാണ്. ഗൾഫിലേക്കു എനിക്കു പോകാനുള്ള ധൈര്യം തന്നതു സഹോദരന്മാരാണ്. ഞങ്ങളുടെ ഒരുമയിൽതന്നെയാണു ആലൂക്കാസ് അടിത്തറ ശക്തിപ്പെടുത്തിയത്.''- ജോയ് ആലുക്കാസ് പറഞ്ഞു.

''ദുബായിലെ കട ഉദ്ഘാടനം ചെയ്തത് എന്റെ 10 സഹോദരിമാർ ചേർന്നാണ്. ലോകത്തെ ഒരു ബിസിനസുകാരനും ഇതുപോലെ സന്തോഷിക്കാനായിക്കാണില്ല. ഞങ്ങൾ അഞ്ച് ആണുങ്ങളും സ്വർണ ബിസിനസ് ചെയ്തു വലുതായി.''- ജോയ് പറയുന്നു.

ദുബായിയുടെ വളർച്ച കൺ മുന്നിൽ കണ്ടയാളാണ് ജോയ്. തനിക്ക് എല്ലാ സൗഭാഗ്യങ്ങളും ആ നഗരമാണെന്ന് അദ്ദേഹം പറയുന്നു. ''ഓരോ വർഷം കഴിയുന്തോറും ദുബായ് എല്ലാവരേയും അമ്പരപ്പിച്ചു. കച്ചവടത്തിനെത്തിയവരെ അവർ ആവോളം സഹായിച്ചു. ഒന്നിനും ഒരു തടസവും ഉണ്ടാക്കിയില്ല. സ്വാഭാവികമായും അവിടെ കച്ചവടം ചെയ്യുന്നവർക്കും കൂടെ വളരാൻ തോന്നും. അതിനുവേണ്ടി കഠിനമായി അധ്വാനിക്കും. ഗൾഫിലെ ഭരണാധികാരികൾ സഹോദര വാത്സല്യത്തോടെയാണു ബിസിനസിനു വേണ്ട സൗകര്യങ്ങൾ ചെയ്തുതന്നിരുന്നത്.''- ജോയ് ആലുക്കാസ് വ്യക്തമാക്കുന്നു.

കേരളവും കീഴടക്കുന്നു

30 ഷോറും ഗൾഫിൽ തുറന്ന ശേഷമാണ് ജോയ് ആലുക്കസ് കേരളത്തിൽ ബിസിനസിൽ ശ്രദ്ധിക്കുന്നത്. 2002ൽ കോട്ടയത്തു വലിയൊരു കട തുറന്നു കൊണ്ടായിരുന്നു ഈ വരവ്. ''ഞങ്ങൾ ആദ്യം മുതലേ കോർപറേറ്റ് രീതിയിലേക്കു മാറിയിരുന്നു. കടയിൽ പോയി ഇരുന്നു നിയന്ത്രിക്കുക നടപ്പുള്ള കാര്യമല്ലെന്നു ഞാൻ അന്നേ തിരിച്ചറിഞ്ഞു. അതു മനസ്സിലാക്കിയില്ലായിരുന്നുവെങ്കിൽ ഞാനിന്നും രണ്ടോ മൂന്നോ ബ്രാഞ്ചും തുറന്ന് ഇരുന്നേനെ. ഉടമ കടയിൽ പോകാതെ കേന്ദ്ര ഓഫിസിൽ ഇരുന്നാൽ മതി എന്നതു സ്വർണ വ്യാപാര രംഗത്തുണ്ടായ വലിയ മാറ്റംതന്നെയാണ്. അന്നത്തെ കാലത്തു പലരും അതിനെ പരിഹസിച്ചു. കടയിൽ പോകാതെ ജോയ് നടത്തുന്ന കച്ചവടം വൈകാതെ പൂട്ടിപോകുമെന്നു പലരും കളിയാക്കി. അതുവരെയുള്ള ധാരണ ഉടമ കൗണ്ടറിൽ ഉണ്ടായാലെ കച്ചവടം നടക്കൂ എന്നായിരുന്നു. കോട്ടയത്തു തുറന്ന് അടുത്ത വർഷം 5 കടകൾ കൂടി കേരളത്തിൽ തുടങ്ങി. 90 ആകുമ്പോഴേക്കും ആലുക്കാസിനു കേരളത്തിൽ 10 കടയും ഗൾഫിൽ 45 കടയുമുണ്ടായിരുന്നു.'' -ജോയ് ആലുക്കാസ് പഴയ കാലം ഓർക്കുന്നു.

''2003ൽതന്നെ എന്റെ കീഴിലുള്ള കടകൾക്കു സ്വന്തമായ ലോഗോ അവതരിപ്പിച്ചു. അതുവരെ ഉപയോഗിച്ചതു കാപ്പിറ്റൽ ലെറ്റേഴ്സിലെ ആലുക്കാസായിരുന്നുവെങ്കിൽ ഞാനതു സ്മോൾ ലെറ്റേഴ്സിലേക്കു മാറ്റി. അന്നും പലരും പറഞ്ഞു, 'നമ്മടെ ജോയ് ചെറുതായെടാ' എന്ന്. 2004ൽ മറ്റു സഹോദരന്മാരുമായി ബിസിനസ് വേർ പിരിഞ്ഞു ജോയ് ആലുക്കാസ് എന്ന ബ്രാൻഡുണ്ടാക്കി.സ്വന്തം പേരിൽ ബ്രാൻഡുണ്ടാക്കിയതിനു പലരും എന്നെ കളിയാക്കി. എന്നാൽ അതു ശരിയാണെന്നു ഞാൻ വിശ്വസിച്ചു. മാത്രമല്ല ആലുക്കാസ് എന്ന പൊതു ബ്രാൻഡിൽനിന്നു എന്റേതു വേറിട്ടു നിൽക്കണമെന്നും തോന്നി.''- ജോയ് പറയുന്നു. ഈ വർഷം 152 ഷോറൂമുകളാണ് ജോയ് ആലുക്കാസ് ലക്ഷ്യമിടുന്നത്. 2025ൽ 200 ഷോറൂമുകളെന്നതാണു ലക്ഷ്യം. വൈകാതെ 13 രാജ്യങ്ങളിൽ ജോയ് ആലൂക്കാസുണ്ടാകുമെന്നുമാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നത്. അതിനിടയിലാണ് ഇടീത്തീയായി ഇ ഡി എത്തിയത്.

എന്നാൽ ജോയിയുടെ സഹോദരൻ പോൾ ആലുക്കയൊക്കെ പറയുന്നത് ഇത് ശരിയല്ല എന്നാണ്. ജോയ് ആലുക്കാസ് ഗൾഫിൽ ബിസിനസ് നടത്തുന്നതുകൊണ്ട് തങ്ങൾ ആരും ഗൾഫ് മേഖല പിടിക്കരുതെന്നും, അതുപോലെ ജോയ് കേരളത്തിലേക്ക് വ്യാപാരം നടത്തരുതെന്നും ധാരണ ഉണ്ടായിരുന്നു. ഇത് ജോയി ഏകപക്ഷീയമായി ലംഘിച്ചുവെന്നാണ് ഇവർ ആരോപിക്കുന്നത്.

ഫോർബ്സ് പട്ടികയിൽ

2022 ലെ ഫോർബ്സിന്റെ ഏറ്റവും സമ്പന്നരായ 100 ഇന്ത്യക്കാരുടെ പട്ടികയിൽ 69-ാം സ്ഥാനം നേടിയത് ജോയ് ആലുക്ക ആയിരുന്നു. ഫോർബ്‌സിന്റെ കണക്കനുസരിച്ച് ജോയ് ആലുക്കാസിന്റെ ആസ്തി 3.1 ബില്യൺ ഡോളറാണ്, അതായത് ഏകദേശം 25,000 കോടി രൂപ. ഇപ്പോൾ മണി എക്സ്ചേഞ്ച്, മാളുകൾ, റിയൽ എസ്റ്റേറ്റ് എന്നിവയായി 11 രാജ്യങ്ങളിലായി പടർന്നു കിടക്കുന്ന വടവൃക്ഷമാണ് ജോയ് ആലുക്കാസ്.

140 ഓളം റീട്ടെയിൽ ഷോറുമുകൾ സ്ഥാപനത്തിനുണ്ട്. ഇന്ത്യയിൽ 85 ഷോറൂമുകളും ബാക്കിയുള്ളവ മിഡിൽ ഈസ്റ്റ്, യുഎസ്എ, യുണൈറ്റഡ് കിങ്ഡം, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലും വ്യാപിച്ചുകിടക്കുന്നു. ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആസ്ഥാനം കേരളത്തിലെ തൃശൂരും, അന്താരാഷ്ട്ര പ്രവർത്തനങ്ങളുടെ ആസ്ഥാനം യുഎഇയിലെ ദുബായിലുമാണ്. മകൻ ജോൺ പോൾ അന്താരാഷ്ട്ര ജൂവലറി ബിസിനസിന്റെ മാനേജിങ് ഡയറക്ടറാണ്. ജോളിയാണ് ഭാര്യ. ജോൺപോളിനെ കുടാതെ മേരി, എൽസ എന്നീ രണ്ട്മക്കൾ കൂടിയുണ്ട്. . നാല് പേരക്കുട്ടികൾ ഉണ്ട്. മക്കളെല്ലാം ബിസിനസ്സിൽ ഉണ്ട്.

ആദ്യം വിമാനം വാങ്ങിയ കേരള വ്യവസായി

കേരളത്തിൽ ബിസിനസ് ചെയ്യുന്നവരിൽ ആദ്യം വിമാനം വാങ്ങിയതു ജോയ് ആണ്. ഇത് ആർഭാടമല്ലെന്നും ബിസിനസ്സിനെ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ''യാത്ര നമ്മുടെ നാട്ടിൽ ഇപ്പോഴും വലിയ പ്രശ്നംതന്നെയാണ്. സ്വന്തമായി വിമാനമുണ്ടെങ്കിൽ അതു പരിഹരിക്കാമെന്നു ഞാൻ പറഞ്ഞപ്പോൾ കൂടെ നിൽക്കുന്നവർപോലും കളിയാക്കി. കടയുടെ മുന്നിൽ ലാൻഡ് ചെയ്യുമോടാ എന്നുവരെ ചോദിച്ചു. പരിഹസിക്കുന്നവർ അതു ചെയ്യട്ടെ. സ്വതന്ത്രമായി ജോയ് ആലുക്കാസ് ഗ്രൂപ്പു തുടങ്ങിയപ്പോഴാണു വിമാനം വാങ്ങിയത്. അതു വലിയ ഗുണം ചെയ്തു. പ്രത്യേകിച്ചും തമിഴ്‌നാട്, കർണാടക യാത്രകൾക്ക്. പിന്നീട് അതു വിറ്റ് ഇപ്പോഴൊരു ഹെലികോപ്റ്റർ വാങ്ങി. ഇപ്പോഴത്തെ തിരക്കിൽ അതും വലിയ ഉപകാരമാണ്. ഇതിനെല്ലാം ചെലവാക്കുന്ന പണം നമ്മുടെ ബിസിനസ് വളർച്ചയിൽനിന്നു തിരിച്ചു കിട്ടുമോ എന്നു നോക്കണം. എന്റെ വിലയിരുത്തതിൽ ഈ രണ്ടു നിക്ഷേപങ്ങളും ലാഭകരമായിരുന്നു. ഇതൊരിക്കലും ലക്ഷ'റിയല്ല. അങ്ങനെ പറയുന്നതു മലയാളിയുടെ ഒരു മനോനില മാത്രമാണ്.''- ജോയ് ഒരു അഭിമുഖത്തിൽ പറയുന്നു.

നേരത്തെ വിമാനം ഉപയോഗിച്ച് പുതിയൊരു മാർക്കറ്റിംങ് തന്ത്രവും ജോയ് ആലുക്കാസ് ഗ്രുപ്പ് പുറത്തെടുത്തിരുന്നു. തങ്ങളുടെ ഏതെങ്കിലും ഷോറൂമിൽ നിന്ന് അഞ്ചു ലക്ഷമോ അതിന് മുകളിലോ ഉള്ള തുകയ്ക്ക് ആഭരണം വാങ്ങുന്നവർക്ക് 'ജോയ് ജറ്റ്'സിൽ പറക്കാമെന്നതാണ് പുതിയ ഓഫർ. ജോയ് ജറ്റ്‌സിൽ മണിക്കൂറൊന്നിന് ഒന്നേകാൽ ലക്ഷം രൂപയാണ് നിരക്ക് എന്നത് വച്ചു നോക്കുമ്പോൾ ഇത് ഗംഭീരൻ ഓഫറായിരുന്നു.

കഴിഞ്ഞ വർഷം ജെറ്റ് വിറ്റ് ഇവർ ഹെലികോപ്റ്റർ വാങ്ങിയിരിക്കയാണ്. 90 കോടിയോളം രൂപ വില വരുന്ന ലിയോനാഡോ എ ഡബ്യു 109 ഗ്രാന്റ് ന്യൂ ഇരട്ട എഞ്ചിൻ കോപ്റ്ററാണ് ജോയ് ആലുക്കാസ് തൃശൂരിലെത്തിച്ചത്. ആഗോള തലത്തിൽ വ്യവസായികളും ഉന്നത ബിസിനസ് എക്‌സിക്യൂട്ടീവുകളും സ്വകാര്യ യാത്രകൾക്ക് ഉപയോഗിക്കുന്ന അതീവ സുരക്ഷിത ഹെലികോപ്റ്ററാണിത്. ഇറ്റാലിയൻ കമ്പനിയായ ലിയോനാഡോ ഹെലികോപ്റ്റേഴ്സ് നിർമ്മിച്ച അത്യാധുനിക കോപ്റ്ററാണിത്. രണ്ടു പൈലറ്റുമാരേയും ഏഴു വരെ യാത്രക്കാരേയും വഹിക്കാനുള്ള ശേഷിയുണ്ട്. മണിക്കൂറിൽ 289 കിലോമീറ്റർ ആണ് പരമാവധി വേഗം. നാലര മണിക്കൂർ വരെ നിലത്തിറങ്ങാതെ പറക്കാനുള്ള ശേഷിയുമുണ്ട്.

കൊട്ടാര സദൃശ്യമായ വീട്

പല കാര്യങ്ങളിലും ആഡംബരങ്ങളിലെ അവസാനവാക്കാണ് ജോയ് ആലുക്കാസ്. വിദേശത്ത് ആയതിനാൽ ഇന്ത്യയിൽ അധികവും അദ്ദേഹം താമസിക്കാറില്ല. ദിവസങ്ങൾ മാത്രമേ തൃശൂരിൽ ഉണ്ടാകാറുള്ളൂ. അപ്പോൾ താമസിക്കാൻ വേണ്ടിയുണ്ടാക്കിയതാണ് അമ്പതിനായിരം സ്‌ക്വയർ ഫീറ്റുള്ള തൃശൂരിലെ വീട് നേരത്തെ വാർത്തകളിൽ ഇടം പടിച്ചിരുന്നു. ആ വീടാണ് ഇപ്പോൾ ഇ ഡി അറ്റാച്ച് ചെയ്തിരിക്കുന്നത്.

തൃശൂർ ശോഭാ സിറ്റിക്ക് അടുത്തുള്ള കൊട്ടാരമാണ് വീട്. അതിന് അകത്തേക്ക് ആർക്കും അങ്ങനെ പ്രവേശിക്കാനാകില്ല. വലിയ മതിലുണ്ട്. ജീവനക്കാരുടെ എണ്ണം പോലും ആർക്കും അറിയില്ല. ഡൈനിങ് ഹാൾ നടന്നു കാണാൻ തന്നെ മണിക്കൂറുകൾ വേണം. ജോയ് ആലുക്കാസ് മാൻഷൻ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. 52,000 സ്‌ക്വയർഫീറ്റ് വിസ്തൃതി, 220 അടി നീളമുള്ള റാംപ്, 500 പേർക്ക് ഭക്ഷണം പാകം ചെയ്യാവുന്ന അടുക്കള, 200 പേർക്കിരിക്കാവുന്ന പ്രാർത്ഥനാമുറി,,,,ഒറ്റനോട്ടത്തിൽ വിദേശത്തെ ഏതോ കെട്ടിടമാണെന്ന് തോന്നും. ഡിസൈനിനെപ്പറ്റി ആലോചിച്ചപ്പോൾ കലക്കനൊരു റാംപ് ആണ് മനസ്സിൽ ആദ്യം വന്നത്. ചില്ലറ റാംപ് ഒന്നുമല്ല. 220 അടിയാണ് നീളം. ഒരു വശത്ത് 400 അടി നീളത്തിലും 40 അടി പൊക്കത്തിലും കനത്തിലൊരു ഭിത്തി. മറുഭാഗത്ത് പല ലെവലിലുള്ള പുൽത്തകിടി. റാംപിലൂടെ വണ്ടികൾക്ക്, മുകളിലെ ഹെലിപാഡ് പോലുള്ള എൻട്രൻസിലെത്താം. വിദേശത്തുനിന്നു പറന്നിറങ്ങിയ കാറുകൾ അവിടെ നിരന്നു കിടക്കും.

തൃശൂരിലെ സൗരാജ് റൗണ്ടിൽ ഒരു കോടി സെന്റിന് വിലയുള്ള ഒരു ഏക്കർ സ്ഥലം വാങ്ങിയാണ് ജോയ് ആലുക്ക കൃഷി നടത്തുന്നത് എന്നാണ് പറയുന്നത്. പഴയ രാഗം തിയേറ്റർ നില നിന്ന സ്ഥലമാണത്രേ ഇത്. ഇങ്ങനെ പല നിലയിലും അദ്ദേഹം വാർത്തകളിൽ നിറഞ്ഞു നിന്നു.

പെരും കള്ളനെന്ന് സഹോദരൻ

്ആലുക്കാസ് കുടുംബത്തിൽ സഹോദരന്മാർ തമ്മിലുള്ള അടിപിടിയും 'ഒരു പണത്തൂക്കം മുന്നിലാണെന്ന് ' നേരത്തെ തന്നെ വാർത്ത പുറത്ത് വന്നിരുന്നു. ആലുക്കാസ് ഫാമിലിയിലെ രണ്ടാമത്തെ സഹോദരനായ, കൊച്ചുപാലു എന്ന പോൾ ആലുക്കയാണ് മൂത്ത സഹോദരൻ ജോസിനും, അനിയൻ ജോയ്ക്കും എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നത്. ജോയ് ആലുക്ക തന്റെ 50 ലക്ഷം രൂപ അടിച്ചുമാറ്റിയെന്നു പോൾ ആരോപിച്ചിരുന്നു. വേൾഡ് വിഷൻ എന്ന യൂട്യൂബ് ചാനലിലെ 'തുറന്നു പറച്ചിലുകൾ' എന്ന തലക്കെട്ടിട്ട മോണോലോഗ് സംഭാഷണത്തിൽ, പോൾ തന്റെ സഹോദരന്മാർക്കെതിരെ ശരിക്കും തെറിയഭിഷേകമാണ് നടത്തുന്നത്.

ഈ ഭൂമി മലയാളം കണ്ട ഏറ്റവും വലിയ കള്ളന്മാരാണ് ഈ രണ്ടുപേരുമെന്നാണ് പോൾ പറയുന്നത്. ദുർന്നടപ്പ് പേടിച്ചാണ് ജോയിയെ ദുബൈയിലേക്ക് കടത്തിവിട്ടതെന്നും അദ്ദേഹം പറയുന്നു. പോൾ ആലുക്കയുടെ വാക്കുകൾ ഇങ്ങനെ- ''85ൽ റെയ്ഡ് കഴിഞ്ഞിട്ട് അവിടെ കേസുണ്ടായി. അത് കഴിഞ്ഞിട്ടാണ് ദുബായിക്ക് ഈ ജോയ് ( ജോയ് ആലുക്ക) എന്നു പറയുന്ന കള്ളനെ വിട്ടത്. അവൻ ജോസിന്റെ ഡിറ്റോ ആണ്. പീടികയിൽ കയറിയിട്ടില്ല. കയറ്റുകയുമില്ല. അപ്പുറത്ത് കള്ളുഷാപ്പുണ്ട്. ബാറുണ്ട്. അവിടെയുണ്ടാവും. എന്നിട്ട് രണ്ടെണ്ണം വിട്ട്, കുറേ തേവിടികൾ ഉണ്ട്, അവരുടെ കുടെ തേവിടിയാട്ടം നടത്തുകയാണ് അവന്റെയും സ്ഥിരം പണി. ജോസിന്റെ ഡിറ്റോ. പക്ഷേ ഇവൻ 'കുത്താൻ' പോവാറില്ലെന്ന് മാത്രം. അങ്ങനെയാണ് ഈ പേടിനെ പിടിച്ച് ഞങ്ങൾ ദുബായിക്ക് വിടുന്നത്.അങ്ങനെ 88 ജനുവരി ഒന്നാം തീയതിയാണ് അബുദാബിയിൽ ജൂവലറി തുടങ്ങിയത്. ഈ ഭൂമി മലയാളത്തിൽ ഇതുപോലെ ഒരു ചെറ്റ, ഭൂലോക ചെറ്റ ഈ കള്ളൻ ജോയിയാണ്. എന്റെ 50 ലക്ഷം രൂപ കട്ടിട്ടുണ്ട്. അതുകൊണ്ടാണ് ഞാൻ കള്ളൻ ജോയി എന്ന് പറയുന്നത്.'' -പോൾ പറയുന്നു.

കുടുംബത്തിലെ പലരെയും ഇവർ കടക്കെണിയിൽ ആക്കിയിരിക്കയാണെന്നും, ജോസ് ആലുക്ക ഒരു മാഫിയാ നേതാവിനെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും ഇദ്ദേഹം പറയുന്നു. ഇതോടെ ആലുക്കാസ് കുടുംബത്തിലെ അന്തർ സംഘർഷങ്ങൾ പരസ്യമായത്. കഴിഞ്ഞ കുറേക്കാലമായി കുടുംബത്തിലെ ഒരു പരിപാടിക്കും തന്നെ പങ്കെടുപ്പിക്കാറില്ലെന്നും, പാർട്ടീഷന്റെ സമയത്ത് തനിക്ക് കിട്ടേണ്ടിയിരുന്നു പണം, ജോസ് അടിച്ചുമാറ്റിയെന്നും പോൾ ആരോപിക്കുന്നു. കുടിച്ച് കൂത്താടി നടന്ന ജോസും ജോയിയും, അപ്പൻ എ.ജെ വർഗീസ് തൃശൂരിൽ ആദ്യ സ്വർണ്ണപീടിക തുറന്നപ്പോൾ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടിലെന്നും, താനാണ് എല്ലാ ഉത്തരാവാദിത്വവും ഏറ്റെടുത്തുതെന്നും അവസാനം ഇവർ തന്നെ ചതിച്ചുവെന്നും പോൾ ആരോപിക്കുന്നു. ജോസ് ആലുക്കക്ക് എഴുത്തും വായനയും പോലും അറിയില്ലെന്നുള്ള അതിഗുരുതരമായ ആരോപണവും പോൾ ഉന്നയിക്കുന്നുണ്ട്.

അതേസമയം മറ്റ് രണ്ട് ഗ്രൂപ്പുകളെപ്പോലെ ഉയരാൻ കഴിയാത്തതിന്റെ കൊതിക്കെറുവാണ് പോളിന് ഉള്ളതെന്നുമാണ് ഇവരുമായി ബന്ധപ്പെട്ടവർ പറയുന്നത്. കൊച്ചിയിലും, കൊടുങ്ങല്ലൂരിലും, പാലക്കാട്ടും ജൂവലറികൾ ഉണ്ടായിരുന്നു പോൾ ആലുക്ക ഗ്രൂപ്പ് ഇപ്പോൾ റിയൽ എസ്റ്റേറ്റ് മേഖലയിലാണ് കൂടതൽ ശ്രദ്ധിക്കുന്നത്. ഇദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രശ്നങ്ങളാണ് ഇതെല്ലാം എന്ന് ഇവർ പറയുന്നു. പക്ഷേ പോൾ ആകട്ടെ താൻ പറഞ്ഞ് ഇതുവരെ പിൻവലിച്ചിട്ടില്ല.

ഇ ഡിയിൽ തകരുമോ?

പക്ഷേ 300 കോടിയുടെ ഇ ഡി നടപടിയിലൊന്നും തകരുന്നതല്ല, ജോയ് ആലുക്കാസിന്റെ സാമ്രാജ്യം. മുപ്പതിനായിരം കോടിയോളം ആസ്തിയുള്ള ഒരു ബിസിനസ് ഗ്രൂപ്പിനെ സംബന്ധിച്ച് ഇത് നിസ്സാര തുകയാണ്. ഈ പണം കെട്ടിയാൽ അറ്റാച്ച് ചെയ്ത വസ്തുക്കൾ തിരിച്ചുകിട്ടുമെന്ന് പറയുന്നുണ്ട്. പക്ഷേ വിശ്വാസത്യത സൽപ്പേര് എന്നിവയാണ് പ്രശ്നം.

പക്ഷേ ജോയ് ആലുക്കക്ക് അത്ര എളുപ്പത്തിലൊന്നും ഊരിപ്പോകാൻ ആവുന്നില്ല എന്ന് വാദിക്കുന്നവരും ഉണ്ട്. സാമ്പത്തിക വിദഗ്ധൻ ബൈജു സ്വാമി ഇങ്ങനെ വിലയിരുത്തുന്നു. ''ജോയ് ആലുക്കാസ് ട്രേഡേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ 100 ശതമാനം ഓഹരികളും കണ്ട് കെട്ടിയ സ്ഥിതിക്ക് ഇപ്പോൾ ആ കമ്പനി അദ്ദേഹത്തിന്റേത് അല്ല. അല്ലെങ്കിൽ കോടതി ഇടപെട്ട് സ്റ്റേ കൊടുക്കണം. അന്വേഷണം തുടരുന്ന സ്ഥിതിക്ക് കോടതി ഈ ഘട്ടത്തിൽ ഇടപെടാൻ സാധ്യത കുറവാണ്.മറ്റൊരു കാര്യം അയാളുമായി സാമ്പത്തിക ഇടപാടുകൾ തുടർച്ചയായി നടത്തുന്നവരുടെ അടുക്കൽ ഇ ഡി എത്തിയേക്കാം. ജോയ് അലുക്കാസ് എന്ന ഇന്ത്യൻ ജുവേലറി കമ്പനി തത്വത്തിൽ നിലവിൽ ഇല്ല. ആ സ്ഥാപനത്തിൽ ഡെപ്പോസിറ്റ് ചെയ്തവരുടെ കാശ് ഇനി കമ്പനിയുടെ കേസ് കഴിഞ്ഞു മാത്രം മിച്ചം ഉണ്ടെങ്കിൽ തിരിച്ചു കിട്ടിയേക്കും.

ജോയ്ക്ക് വേറെയും വീടുകൾ ഉണ്ടെങ്കിൽ അറ്റാച്ച് ചെയ്ത വീട് എവിക്ഷൻ ഉണ്ടാകും. ഞാൻ ഒരിക്കൽ എഴുതിയിട്ടുണ്ട് സ്വർണം കച്ചവടം പോലെ അധോലോകം, കള്ളപ്പണം, ഹവാല സ്വാധീനം ഉള്ള ഒരു ബിസിനസ് ഇല്ല. അവരുടെ കണക്കുകൾ ശരിയെന്നോ കൃത്യമെന്നോ അവർക്ക് പോലും നിശ്ചയം ഉണ്ടാകില്ല. ആ ബിസിനസ്സിൽ ഉൾപ്പെട്ട എല്ലാവർക്കും ഇന്നല്ലെങ്കിൽ നാളെ ഇതേ പ്രശ്‌നം ഉണ്ടാകും എന്നുറപ്പാണ്.''- ഇങ്ങനെയാണ് ബൈജു സ്വാമിയുടെ വിലയിരുത്തൽ.

ജോസ് ആലുക്കാസിലുടെ ഇ ഡി പുറത്തുകൊണ്ടുവന്നത് വെറും ഒരു മഞ്ഞുമലയുടെ അറ്റമാണോ. അതോ മറ്റ് കേസുകൾപോലെ ഇതും സാവധാനം ആവിയാവുമോ. ലോകം കീഴടക്കിയ മലയാളി ധനികന്റെ ഭാവി എന്താണെന്ന് ഇനി കണ്ടുതന്നെ അറിയണം.

വാൽക്കഷ്ണം: കുറ്റം മാത്രം പറയരുതല്ലോ. അത്യാവശ്യം ചാരിറ്റി പ്രവർത്തനങ്ങളും ജോയി ആലുക്കാസ് ഗ്രൂപ്പ് ചെയ്യുന്നുണ്ട്. കേരളത്തിൽ വലിയൊരു കാൻസർ ആശുപത്രി നിർമ്മിക്കാൻ അവർ ശ്രമം തുടങ്ങിയിരുന്നു. ഇതിനായി 25 ഏക്കർ സ്ഥലവും വാങ്ങി. പക്ഷേ ഭൂമി നികത്തുന്നതിലെ വിവാദങ്ങൾ മൂലം ആ പദ്ധതി ഇല്ലാതായി.