റ്റവും കൂടുതൽ മലയാളികൾക്ക് ജോലി നൽകുന്ന പ്രവാസി വ്യവസായി. ഫോബ്‌സ് പട്ടികയിലെ മലയാളി കോടീശ്വരന്മാരുടെ പട്ടികയിൽ യൂസഫലിക്ക് പിന്നിലായി രണ്ടാം സ്ഥാനം. 4 ബില്യൻ ഡോളറിന് മുകളിലേക്ക് വളർന്ന ആസ്തി. ഗൾഫിലെ ഇന്ത്യൻ സമ്പന്നരുടെ പട്ടികയിൽ മൂന്നാമൻ. ഇന്ത്യയ്ക്കകത്തും പുറത്തുമായി വിടർന്നു കിടക്കുന്ന നിരവധി സംരഭങ്ങൾ. നിർമ്മാണ മേഖലയിലും ആതുരസേവന, ആതിഥ്യ സേവന, വിദ്യാഭ്യാസ മേഖലകളിലുമായി പടർന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യം. പത്മശ്രീയും പ്രവാസി ഭാരതീയ സമ്മാനവുമുൾപ്പെടെ രാജ്യം ആദരിച്ചു നൽകിയ നിരവധി പുരസ്‌കാരങ്ങൾ....

പത്മശ്രീ ഡോ രവി പിള്ളക്ക് വിശേഷങ്ങൾ ഏറെയാണ്. മൂന്നുപതിറ്റാണ്ട് മുമ്പ് ജോലി തേടി ഗൾഫിലേക്ക്പോയ ആ 25 കാരൻ ഇന്ന്, ബഹറിൻ ആസ്ഥാനമായുള്ള രണ്ടര ബില്യൻ യു.എസ്. ഡോളർ വിലവരുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണ്. ഗൾഫിൽ ഇന്ന് ഏറ്റവുമധികം ഇന്ത്യാക്കാർക്ക് ജോലി നൽകുന്ന തൊഴിലുടമയാണ്. 35,000 ഓളം പേരാണ് രവി പിള്ളയുടെ കമ്പനികളിൽ ഗൾഫിൽ ജോലി ചെയ്യുന്നത്. അതിൽ 28,000 പേർ ഇന്ത്യക്കാരാണ്. അതിൽ നല്ലൊരു പങ്ക് കേരളീയരും. അതിനെല്ലാം പിന്നാലെ റാവീസ് ഹോട്ടൽ ശൃംഖലയുമായി ആ പി ഗ്രൂപ്പ് ലോകമെമ്പാടും പന്തലിച്ച് കിടക്കുന്നു.

അതിനിടെ ഇപ്പോൾ ചില വിവാദങ്ങളും ഈ വ്യവസായിയെ തേടിയെത്തി. വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ അടക്കമുള്ളവരെ ഇ ഡി ചോദ്യം ചെയ്തത് വൻ വിവാദമായല്ലോ. അതിനിടെ പ്രവാസി വ്യവസായികളായ എം എ യൂസഫലിക്കും, രവി പിള്ളക്കും ഇ ഡി നോട്ടീസ് അയച്ചുവെന്ന് വാർത്തകളും പുറത്തുവരികയുണ്ടായി. അപ്പോൾ ഉയർന്നുവരുന്ന ഒരു പ്രധാന ചോദ്യം ആരാണ് രവി പിള്ളയെന്നും, എന്താണ് അദ്ദേഹത്തിന് സിപിഎം നേതാക്കളുമായുള്ള ബന്ധവുമെന്നാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും, കോടിയേരിയുടെ മകൻ ബിനീഷും നേരത്തെ രവി പിള്ളയുടെ സ്ഥാപനങ്ങളിൽ ഉന്നത തസ്തികകളിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ വീണയും, പിണറായിയും നേരിട്ട് ആരോപിതരായ സമയത്താണ്, രവി പിള്ളയും ആരോപിതനാവുന്നത്. 

തൂമ്പാപണി തൊട്ട് കന്നുപൂട്ടൽ വരെ

കൊല്ലം ചവറയിലെ ഒരു സാധാരണ കർഷക കുടുംബത്തിലാണ് 1953 സെപ്റ്റംബർ 2ന് രവിപിള്ളയുടെ ജനനം. മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സിപിഐയുടെ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്നു കെസി. പിള്ള അദ്ദേഹത്തിന്റെ അമ്മാവനാണ്. ചവറ തേവലക്കര പുത്തൻസങ്കേതം കാരിച്ചൽ വീട്ടുകാർ അറിയപ്പെടുന്ന കർഷകുടുംബമാണ്. അതുകൊണ്ടുതന്നെ തൂമ്പാപ്പണികൾ അടക്കം രവിപിള്ളക്ക് നന്നായി അറിയാം.

2016ൽ മലയാള മലയാള മനോരമക്ക് കൊടുത്ത അഭിമുഖത്തിൽ രവിപിള്ള ഇങ്ങനെ പറയുന്നു. '' കർഷക കുടുംബത്തിലാണ് ഞാൻ ജനിച്ചത്. തൂമ്പ കൊണ്ട് കള പറിക്കുന്നതു മുതൽ കന്നു പൂട്ടുന്നതു വരെ അറിയാം. അന്നതൊക്കെ പഠിച്ചിരിക്കണം. പൈസയുടെ വില അറിഞ്ഞാണ് വളർന്നത്. ബസ്സു കൂലിയേ വീട്ടിൽ നിന്നു തരൂ. എന്റെ കൂട്ടുകാരൻ ജോണിന്റെയടുത്തൊക്കെ ഇഷ്ടം പോലെ പൈസ. എനിക്ക് ഹോട്ടലിൽ പോയി നല്ല ഭക്ഷണം കഴിക്കാൻ പോലും പൈസയില്ല.

ക്യാംപസ് കാലത്ത് ഞാൻ ജീവിതം ആഘോഷിച്ചിട്ടൊന്നുമില്ല. പ്രണയിക്കാനുള്ള സമയം പോലും കിട്ടിയില്ല. അന്ന് ഓട്ടം തന്നെയായിരുന്നു. അത് വേറൊരു ജീവിതമായിരുന്നു.വീട്ടിൽ നിന്ന് ശാസ്താംകോട്ട ഡി.ബി. കോളജിലേക്ക് എന്നും മുപ്പതു പൈസയുമായിാണ് പോയിരുന്നത്. കൃത്യം പൈസയുമാണ് യാത്ര. ഒരു ചായ കുടിക്കാനുള്ള ആഗ്രഹം പോലും ആ കൗമാര മനസ്സിൽ തോന്നില്ല. ആഗ്രഹിച്ചിട്ടു കാര്യമില്ല. പോക്കറ്റിലുള്ളത് യാത്രാക്കൂലിക്കു മാത്രമുള്ള 'തുക'യാണ്. അതിൽ നിന്ന് അഞ്ചു പൈസ നഷ്ടമായാൽ വീട്ടിലേക്ക് നടന്നു വരേണ്ടി വരും.''- രവി പിള്ള ബാല്യകാലം ഓർക്കുന്നു.

അദ്ധ്യാപകരെ വെച്ച് ചിട്ടി തുടങ്ങി

പക്ഷേ അക്കാലത്തുതന്നെ രവിപിള്ളയിലെ സംരഭകൻ ഉണർന്നിരുന്നു. പോക്കറ്റ് മണിക്ക് മാർഗമെന്ന നിലയിൽ ആ പയ്യൻ കണ്ടുപിടിച്ച പരിപാടിയായിരുന്നു ചിട്ടി.
അദ്ധ്യാപകരായിരുന്നു 'ഏറ്റവും വലിയ' കസ്റ്റമേഴ്സ്. ''പഠിക്കുന്ന കാലത്തേ ബിസിനസ് തുടങ്ങാൻ ഞാൻ ചില ചിട്ടികൾ ചേർന്നു. അതിനു ജാമ്യം നിന്നത് കോളജിലെ അദ്ധ്യാപകരായിരുന്നു. അവരെ എന്നും ഓർമിക്കും. പഠിക്കുന്ന കാലത്തേ ഒന്നുറപ്പിച്ചു, ഒരിക്കലും ഞാൻ 'ജോലിക്കു പോകില്ല'. എങ്ങനെയും ബിസിനസ് ചെയ്യണം. അതായിരുന്നു ആഗ്രഹം. അക്കാലത്ത് പത്താം ക്ലാസ് പാസായി കഴിഞ്ഞാൽ എംപ്ലോയ്മെന്റിൽ രജിസ്റ്റർ ചെയ്യുന്നതു പതിവായിരുന്നു. കൂട്ടുകാരെല്ലാം പോയി. ഞാൻ മാത്രം പോയില്ല''- രവി പിള്ള പറയുന്നു.

ബിസിനസുകാരനാവണം എന്ന് ആരും പറഞ്ഞു തന്നിട്ടില്ല. മനസ്സിൽ തോന്നിയതാണ്. കുട്ടിക്കാലത്ത് രവിപിള്ളയെ ഏറെ ആകർഷിച്ചിരുന്ന ഒരാളായിരുന്നു കൊല്ലത്തെ രവി മുതലാളി. അതേക്കുറിച്ച് രവിപിള്ള ഇങ്ങനെ പറയുന്നു. ''കശുവണ്ടി വ്യവസായം, സിനിമാ നിർമ്മാണം... അങ്ങനെ പലതരം ബിസിനസ്. അദ്ദേഹത്തെക്കുറിച്ച് നാട്ടിൽ പ്രചരിക്കുന്ന കഥകളൊക്കെ ആരാധന കൂട്ടി. 'രവി മുതലാളി തറക്കല്ലിട്ടാൽ ഏതു പ്രൊജക്ടും പെട്ടെന്ന് പൂർത്തിയാവും.' ഇതായിരുന്നു കേട്ട ഒരു കഥ. പിന്നെയാണ് അതിലെ 'സത്യം' തിരിച്ചറിഞ്ഞത്. തറക്കല്ലിട്ട് പാതിവഴിയിൽ നിന്നു പോയെന്നു പറയുമ്പോൾ അദ്ദേഹം തന്നെ അതു പൂർണമാക്കാൻ സഹായിക്കുമത്രെ! പലരും അതും കൂടി കണ്ടാണ് തറക്കല്ലിടിലിന് അദ്ദേഹത്തെ വിളിച്ചിരുന്നത്.

അങ്ങനെ കോളജിൽ പഠിക്കുന്ന കാലത്ത് ഒരു ദിവസം രവി മുതലാളിയെ കാണാൻ പോയി. ഞാനൊരു കുഞ്ഞു പയ്യൻ. അദ്ദേഹത്തിന് നല്ല ഉയരം. അടുത്തൊരു കുഞ്ഞു കുട്ടിയെ പോലെ നിന്നു. ബിസിനസിനെക്കുറിച്ചൊന്നും സംസാരിച്ചില്ല. ഒന്നു കാണാൻ വേണ്ടി മാത്രമാണ് വന്നതെന്നു പറഞ്ഞു.''- രവി പിള്ള മനോരമ അഭിമുഖത്തിൽ പറയുന്നു.

പക്ഷേ അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരുവായത് എംബിഎ പഠിക്കാൻ കൊച്ചിക്കു പോയതാണ്. അവിടെ കുറച്ച് എൻജിനീയർ സുഹൃത്തുക്കളുണ്ടായിരുന്നു. അവരുമായുള്ള ചർച്ചകളും മറ്റുമാണ് നിർമ്മാണ രംഗത്തേക്ക് എത്തിച്ചത്.''ഇതിനിടയിൽ ഒരു ജ്യോത്സനെ കണ്ടിരുന്നു. ''നിങ്ങളുടെ സ്ഥലം ഇതല്ല. പടിഞ്ഞാറുഭാഗത്താണ് രാശി'' അദ്ദേഹം പറഞ്ഞു. ഗൾഫാണ് ജ്യോത്സ്യൻ ഉദ്ദേശിച്ചത്. നാട്ടിൽ ജോലി കിട്ടാത്തവർ പോകുന്ന സ്ഥലമാണ് ഗൾഫ് എന്ന തെറ്റിധാരണ എനിക്കുണ്ടായിരുന്നു. അതു കൊണ്ടു തന്നെ ഒന്നു മടിച്ചു. പക്ഷേ, വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ വന്ന സമരം മാറ്റി ചിന്തിപ്പിച്ചു. അങ്ങനെയാണ് സൗദിയിലേക്കു പോവുന്നത്.''- രവി പിള്ള പറയുന്നു.

എല്ലാ തന്ന ഗൾഫ്

രവിപിള്ളയെ ഇന്ന് കാണുന്ന രീതിയിൽ ശതകോടീശ്വരനാക്കിയത് ഗൾഫാണ്.
ഗൾഫിലെത്തുന്നത് ഇന്നത്തെ പോലെ അത്ര എളുപ്പമായിരുന്നില്ല. കാലം 1978 ആണ്. സൗദി അറേബ്യയിലെ നാസർ അൽ ഹാജിരി കോർപ്പറേഷൻ ഇൻഡസ്ട്രിയൽ കോൺട്രാക്ടേഴ്സ് എന്ന സ്ഥാപനത്തിലൂടെയാണു രവിപിള്ള തന്റെ ബിസിനസ് സാമ്രാജ്യം ആരംഭിച്ചത്. ആദ്യം ലഭിച്ചത് മിലിട്ടറി വർക്കാണ്. 110 ആളുകളെക്കൂട്ടി ജോലി ആരംഭിച്ചു. റോയൽ എയർപോർട്ട് ടെർമിനലിന്റെ വർക്കും ഉടൻ ലഭിച്ചു. പിന്നീട് പെട്രോകെമിക്കൽ പ്രോജക്ടുകൾ. ജൈത്രയാത്ര ഇപ്പോഴും തുടരുന്നു.

ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ അമ്പതിനായിരത്തിലധികം പേർ ജോലി നോക്കുന്നു. സൗദി അറേബ്യ, ഖത്തർ, യുഎഇ, ബഹ്റിൻ എന്നിവിടങ്ങളിൽ രവി പിള്ളയ്ക്കു ബിസിനസ് സംരംഭങ്ങളുണ്ട്. പക്ഷേ തുടക്കം ദുർഘടമായരുന്നു. ഇത്തരം വലിയ ഒരു പ്രോജക്റ്റ് ഏറ്റെടുക്കുമ്പോൾ രവിപിള്ളക്ക് പ്രായം വെറും 25 വയസ്സായിരുന്നു.

''സൗദിയിൽ അവിടെ 150 തൊഴിലാളികളുമായി ആദ്യ നിർമ്മാണ പ്രവർത്തനം തുടങ്ങിയത്. അടുത്ത ഘട്ടത്തിൽ ജോലിക്കാരുടെ എണ്ണം ആറായിരമായി ഉയർന്നു. ആദ്യ കാലത്തു സാധാരണ ജോലിക്കാരായിട്ടു വന്നവരുടെ മക്കൾ ഡോക്ടർമാരും എൻജിനീയർമാരുമായി മാറിക്കഴി ഞ്ഞു. '30 വർഷത്തിലധികം എനിക്കൊപ്പം ജോലിചെയ്തവരുണ്ട്. ഒരു കുടുബം പോലെ നിന്നവർ. ഇപ്പോൾ ആ അവസ്ഥ മാറിയിരിക്കുന്നു. രണ്ടു വർഷം ട്രെയിനിങ് കഴിയുമ്പോഴേക്ക് അമ്പതു ശതമാനം പേരും 'മുങ്ങും'. ഒരു ഡോളർ കൂടുതൽ കിട്ടാമെന്നു പറഞ്ഞാൽ ചാടുന്നവരുടെ എണ്ണം കൂടുതലാണ്.ഞാനാദ്യം ഗൾഫിൽ ചെല്ലുമ്പോൾ മിക്ക മലയാളികൾക്കും കിട്ടുന്ന പതിവു ജോലി ഡ്രൈവർ അല്ലെങ്കിൽ തോട്ടം തൊഴിലാളി ആയിരുന്നു. പലപ്പോഴും മികച്ച ജോലികൾ ഇന്ത്യക്കാരെക്കൊണ്ട് ചെയ്യാനാവില്ല എന്ന തെറ്റിധാരണ ഉണ്ടായിരുന്നു. ഞാനതു മാറ്റി.''- രവിപിള്ള പറയുന്നു.

തിരിക്കിട്ട ബിസിനസ് ജീവിതത്തിനിടെ 32ാമത്തെ വയസ്സിൽ വിവാഹിതനായി.
1984 ൽ ആയിരുന്നു കല്യാണം. സ്ത്രീധനം ''ഒളിഞ്ഞും തെളിഞ്ഞും ചോദിച്ചിരുന്ന കാലം. 'അങ്ങനൊരു രീതിയേ വേണ്ട.' ആ നിബന്ധനയേ എനിക്കുണ്ടായിരുന്നുള്ളൂ. പുറം നാട്ടിൽ ജോലി ചെയ്യുന്ന ചെറുപ്പക്കാർ ചെയ്തിരുന്ന പോലെ ഒരൊറ്റ ദിവസം ആറു പെൺകുട്ടികളെ കണ്ടു. എനിക്കാരെയും ഇഷ്ടമായില്ല. തിരിച്ച് മുംബൈയിലെത്തിയപ്പോൾ ഫോൺ: ഒരാളെ കൂടി കാണാനുണ്ട്. തിരിച്ചു വരണം. അങ്ങനെ ഏഴാമതു കണ്ട പെൺകുട്ടിയാണ് ജീവിത പങ്കാളി ഗീത''- രവിപിള്ള ഒരു അഭിമുഖത്തിൽ പറയുന്നു.

കോവളം കൊട്ടാരം വിവാദത്തിൽ

പിന്നീട് അങ്ങോട്ട് രവിപിള്ളയുടെ വളർച്ച ശരവേഗത്തിൽ ആയിരുന്നു. യൂസഫലി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന നിലയിലേക്ക് അദ്ദേഹം ഉയർന്നു. ആർ പി ഗ്രൂപ്പിന്റെയും റാവീസന്റെയും കീർത്തി ലോകം മുഴുവനും എത്തി. എന്നും വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുന്ന വ്യക്തിത്വമായിരുന്നു രവി പിള്ള. അതിനിടെയാണ് കോവളം കൊട്ടാരം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉണ്ടാവുന്നത്.

തിരുവിതാംകൂർ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കൊട്ടാരവും അനുബന്ധ ഭൂമിയും 1962ൽ ആണു സർക്കാർ ഏറ്റെടുത്തത്. 1970-ൽ കൊട്ടാരവും ഭൂമിയും കേന്ദ്ര വിനോദസഞ്ചാര വകുപ്പിനു കൈമാറി. ഐടിഡിസിയുടെ അശോക ബീച്ച് റിസോർട്ട് 2002 വരെ അവിടെ പ്രവർത്തിച്ചു. എന്നാൽ കൊട്ടാരവും സ്ഥലവും 2002-ൽ കേന്ദ്ര സർക്കാർ എംഫാർ ഗ്രൂപ്പിനു വിറ്റു. പൈതൃക സ്മാരകമായി കൊട്ടാരം നിലനിർത്തണമെന്ന രാജകുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ച് 2004-ൽ കൊട്ടാരവും അനുബന്ധ ഭൂമിയും ഏറ്റെടുത്തു സർക്കാർ ഉത്തരവിട്ടു. അതിനു മുമ്പ് എംഫാർ ഗ്രൂപ്പ് ഈ വസ്തു ലീല ഗ്രൂപ്പിനു വിറ്റിരുന്നു.

ലീല ഗ്രൂപ്പിന്റെ ഹർജി പരിഗണിച്ചു കൊട്ടാരം ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവുകൾ 2005-ൽ ഹൈക്കോടതി റദ്ദാക്കി. തുടർന്നു കൊട്ടാരം ഏറ്റെടുക്കാൻ 2005 ഓഗസ്റ്റിൽ സർക്കാർ നിയമം കൊണ്ടുവന്നു. ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നു 2011ൽ ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച റിട്ട് ഹർജിയും ഹൈക്കോടതി തള്ളി. സുപ്രീം കോടതിയിൽ സമർപ്പിച്ച സ്പെഷൽ ലീവ് പെറ്റീഷൻ 2016ൽ നിരസിക്കപ്പെട്ടു. ലീല ഗ്രൂപ്പിൽനിന്നാണു കൊട്ടാരവും അനുബന്ധ സ്ഥലവും ആർപി ഗ്രൂപ്പ് വാങ്ങിയത്. വി എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവ് ആയിക്കേ കോവളം കൊട്ടാരം വിൽപ്പനക്കെതിരെ ശക്തമായി രംഗത്ത് എത്തിയിരുന്നു.

എന്നാൽ ഇത് രവി പിള്ളയുടെ കൈയിലെത്തിയതോടെ സിപിഎമ്മിന്റെ പ്രതിഷേധങ്ങൾ അവസാനിച്ചുവെന്നാണ് വിമർശനം. 2017 ആഗസ്റ്റിൽ കോവളം കൊട്ടാരത്തിന്റെയും അനുബന്ധമായുള്ള 4.13 ഹെക്ടർ സ്ഥലത്തിന്റെയും കൈവശാവകാശം രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആർപി ഗ്രൂപ്പിനു കൈമാറി. പക്ഷേ ഈ വിവാദങ്ങൾ എല്ലാം അടിസ്ഥാന രഹിതമാണെന്നും കടലിനോടുള്ള ഇഷ്ടം കൊണ്ടാണ് തിരുവനന്തപുരത്തെ ലീലാ ഹോട്ടൽ താൻ വാങ്ങിയത് എന്നുമാണ് രവി പിള്ള പറയുന്നത്.

മകളുടെ വിവാഹത്തിന് നൂറുകോടി

പന്നീട് രവിപിള്ള മാധ്യമങ്ങളിൽ നിറഞ്ഞുനിന്നതും, വ്യാപകമായി വിമർശിക്കപ്പെട്ടതും, നൂറുകോടിയോളം ചെലവിട്ട് നടത്തിയ മകളുടെ ആഡംബര വിവാഹത്തിന്റെ പേരിൽ ആയിരുന്നു. 'കേരളത്തിൽ നടന്ന ഏറ്റവും ചെലവു കൂടിയ വിവാഹം' എന്നു പറഞ്ഞ് മീഡിയ ആഘോഷിച്ചതായിരുന്നു, രവി പിള്ളയുടെ മകൾ ഡോ ആരതിയുടെ വിവാഹം. ഡോ. ലതാ നായരുടെയും വിനോദ് നെടുങ്ങാടിയുടെയും മകൻ ഡോ. ആദിത്യ വിഷ്ണു ആയിരുന്നു വരൻ.

ബാഹുബലി സിനിമയെ വെല്ലുന്ന തരത്തിലുള്ള സെറ്റായിരുന്നു, ഇതിനായി കൊല്ലം ആശ്രാമം മൈതാനത്ത് ഒരുക്കിയത്. സെറ്റൊരുക്കിയതും ബാഹുബലി ടീം തന്നെയായിരുന്നു. കലാസംവിധായകൻ സാബു സിറിളാണ് വിവാഹപ്പന്തൽ ഒരുക്കിയത്. 30 കോടിയാണ് കൊട്ടാര സദൃശമായ ഈ വിവാഹവേദി ഒരുക്കാൻ മാത്രം ചെലവിട്ടത്. കൊല്ലത്തിനു പുറമെ തിരുവനന്തപുരത്തും എറണാകുളത്തും വിവാഹാഘോഷങ്ങളുണ്ട്.

രാജസ്ഥാനിലെ പ്രശസ്തമായ ജോധ്പൂർ കൊട്ടാരത്തിന്റെ മാതൃകയിലാണ് കല്ല്യാണപന്തലിന്റെ ഇന്റീരിയർ വർക്ക് ചെയ്തിരുന്നത്. പ്രവേശന കവാടവും കൊട്ടാരസദൃശമാണ്. നാലേകാൽ ലക്ഷം സ്‌ക്വയർ ഫീറ്റിൽ എർകണ്ടീഷൻ ചെയ്ത പന്തൽ ഗിന്നസ് റെക്കോർഡായി മാറി. പതിനായിരം ബൾബുകളുടെ പ്രകാശസംവിധാനം ഒരുലക്ഷം വാട്ട്‌സിന്റെ ശബ്ദക്രമീകരണം എന്നിവയാണ് വിസ്മയം സൃഷ്ടിച്ചത്. ഏത് ഭാഗത്തിരുന്നാലും വിവാഹം കാണാവുന്ന രീതിയിലായിരുന്നു വേദിയുടെ രൂപകൽപ്പന. ഇന്ത്യയിലെ ഏറ്റവും വലിയ വിവാഹവുമായി ഇത് മാറി.

കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം അതിഥികൾക്ക് അനുഭവിച്ചറിയാനാകുന്ന തരത്തിലുള്ള കലാവിരുന്നും വിവാഹത്തിന് മുന്നോടിയായി വേദിയിൽ ഒരുക്കിയിരുന്നു. മഞ്ജു വാര്യർ, ശോഭന, ഗായത്രി, സൂര്യ കൃഷ്ണമൂർത്തി, വെട്ടിക്കവല കെ.എൻ.ശശികുമാർ എന്നിവർ നയിക്കുന്ന കലാവിരുന്നാണ് വിവാഹത്തിനുമുമ്പായി അരങ്ങേറിയത്. കലാപരിപാടികൾക്കൊടുവിൽ വിടരുന്ന താമരപ്പൂവിലെ കതിർമണ്ഡപത്തിലാണ് വധൂവരന്മാർ മാലയിട്ടത്.

അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള മന്ത്രിമാരും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ള രാഷ്ട്രീയ നേതാക്കളും വിവാഹച്ചടങ്ങിൽ പങ്കെടുത്തു. 42 രാജ്യങ്ങളിൽ നിന്നുള്ള വ്യവസായിക പ്രമുഖരും ഗൾഫ് രാജ്യങ്ങളിലെ രാജകുംടുംബാംഗങ്ങൾ അടക്കം പ്രമുഖരെല്ലാം വിവാഹ ചടങ്ങിനെത്തി. മോഹൻലാൽ, മുകേഷ് എന്നിവരടക്കമുള്ള ചലച്ചിത്ര താരങ്ങളും വിവാഹത്തിൽ പങ്കെടുക്കാനെത്തി.

പക്ഷേ വി എസ് മാത്രം വിവാഹത്തിന് എത്തിയില്ല. നേരത്തെ വിവാഹാഘോഷത്തിന്റെ ഭാഗമായി രവിപിള്ള ഫൗണ്ടേഷൻ സംഘടിപ്പിച്ച 'കാരുണ്യരവം' പരിപാടിയും വി എസ് ബഹിഷ്‌കരിച്ചിരുന്നു. കാരുണ്യരവത്തിനും രവിപിള്ളയുടെ മകൾക്കും എല്ലാ ആശംസകളും നേർന്നിട്ടുണ്ടെങ്കിലും പ്രതിപക്ഷനേതാവ് പങ്കെടുക്കാൻ എത്തിയില്ല.

പക്ഷേ നൂറുകോടിയുടെ വിവാഹം ധൂർത്ത് എന്ന ആരോപത്തോടും ചിരിച്ചുകൊണ്ടാണ് രവി പിള്ള പ്രതികിരച്ചത്. ''''ഞാനിതു വരെ കണക്കു നോക്കിയിട്ടില്ല. ഏതൊരച്ഛനും മകളുടെ വിവാഹം സ്വപ്നമാണ്. എനിക്കും അങ്ങനെ തന്നെ വിവാഹം മാത്രമല്ല ഇതിനോടനുബന്ധിച്ച് പത്തു കോടിയോളം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. അതും കൂടി ഓർക്കേണ്ടതല്ലേ.''- രവി പിള്ള ചോദിക്കുന്നു. ഈ ആരോപങ്ങൾ കൊണ്ടാവണം രവിപിള്ളയുടെ മകന്റെ വിവാഹം തീർത്തും ആർഭാടരഹിതമായാണ് നടന്നത്.

നൂറുകോടിയുടെ ജറ്റ് വിമാനം

അതിനിടെ കഴിഞ്ഞ വർഷം നൂറുകോടിയുടെ ജറ്റ്‌വിമാനം വാങ്ങിയും രവിപിള്ള വാർത്തകളിൽ നിറഞ്ഞു. ലോകത്താകെ 1,500 എണ്ണം മാത്രമുള്ള ആഡംബര ഹെലികോപ്റ്ററുകളിൽ ഒന്നായ 'എയർബസ് എച്ച് 145' ആണ് കേരളത്തിന്റെ വ്യവസായി രവി പിള്ള സ്വന്തമാക്കിയത്. എയർബസ് നിർമ്മിച്ച ഹെലികോപ്റ്റർ ആദ്യമായാണ് ഇന്ത്യയിൽ ഒരാൾ വാങ്ങുന്നത്. ഇതുവെച്ച് മലബാർ, അഷ്ടമുടിക്കായൽ, അറബിക്കടൽ എന്നിവയുടെ സൗന്ദര്യവും രുചിഭേദങ്ങളും ഒറ്റ ദിവസം കൊണ്ട് ആസ്വദിക്കാനാകുന്ന ആഡംബര ടൂർ പദ്ധതികളാണ് നടപ്പാക്കിയത്.

കോഴിക്കോട്ടെ ഹോട്ടൽ റാവിസ് കടവ്, കൊല്ലം റാവിസ് അഷ്ടമുടി, തിരുവനന്തപുരം റാവിസ് കോവളം എന്നിവിടങ്ങളിൽ ഹെലിപാഡുകളുണ്ട്. പൈലറ്റിനെ കൂടാതെ 7 പേർക്ക് ഇതിൽ യാത്ര ചെയ്യാം. കടൽ നിരപ്പിൽ നിന്ന് 20,000 അടി ഉയരത്തിലുള്ള പ്രതലങ്ങളിൽ പോലും അനായാസമായി ഇറങ്ങാനും പൊങ്ങാനും ഇതിന് സാധിക്കും. മെഴ്‌സിഡസ് ബെൻസിന്റെ രൂപകൽപ്പനയിൽ ഇന്ത്യയിൽ നിർമ്മിക്കുന്ന ഇന്റീരിയറിലുള്ള ആദ്യത്തേതുമാണ് ഈ ഹെലികോപ്ടർ. ആരോഗ്യ,വിനോദ, സഞ്ചാര വികസനം കൂടി ലക്ഷ്യമിട്ടാണ് പുതിയ ഹെലികോപ്റ്റർ സ്വന്തമാക്കിയതെന്ന് രവി പിള്ള പറഞ്ഞു.

അതുപോലെ പല ആഡംബരങ്ങളുമുള്ള ആളാണ് ഇദ്ദേഹം. ലിമിറ്റഡ് എഡിഷൻ റോൾസ് റോയ്സ് കാറിൽ 'ആർ പി' എന്നു തെളിഞ്ഞു നിൽക്കുന്ന രീതിയിൽ ഡിസൈൻ ചെയ്തിട്ടുണ്ട്. ലോകത്ത് ആദ്യമായി റോൾസ് റോയ്സിന്റെ മൂന്ന് എഡിഷനുകൾ ഒരുമിച്ചു വാങ്ങിയത് രവി പിള്ളയാണ്. മാസത്തിൽ ഇരുപതു ദിവസവും ബിസിനസ് സംബന്ധമായി വിവിധ രാജ്യങ്ങളിൽ അദ്ദേഹം യാത്രയായിരിക്കും. മുണ്ടും ഷർട്ടുമാണ് ഇഷ്ട വേഷം. ''പക്ഷേ, ബിസിനസ് മീറ്റിനു പോവുമ്പോൾ മികച്ച ബ്രാൻഡഡ് സ്യൂട്ടും വാച്ചും ടൈയും ഒക്കെ ധരിക്കേണ്ടി വരും. രണ്ടു വർഷമെടുത്തു നെയ്തുണ്ടാക്കുന്ന ഇരുപതു ലക്ഷത്തോളം വില മതിക്കുന്ന സ്യൂട്ടുകൾ വരെ ഉപയോഗിക്കാറുണ്ട്. ബിസിനസിന് അതൊക്കെ അത്യാവശ്യമാണ്.റിലാക്സ് ചെയ്യുന്നത് സിനിമ കാണുമ്പോഴും പഴയ ചങ്ങാതിമാരുമൊത്ത് തമാശ പറഞ്ഞ് സംസാരിക്കുമ്പോഴുമാണ്''- മനോരമക്ക് നൽകിയ അഭിമുഖത്തിൽ രവിപിള്ള പറയുന്നു.

ബിനീഷും വീണക്കും ജോലികൊടുത്തു

കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടിക്കും വേണ്ടപ്പെട്ടയാളാണ് രവി പിള്ള. ആർ.പി ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റായിരുന്നു ബിനീഷ് കോടിയേരി പക്ഷേ ഈ പദവി കിട്ടാൻ തക്കവണ്ണമുള്ള വിദ്യാഭ്യാസയോഗ്യതയോ പരിചയസമ്പത്തോ ബിനീഷിനില്ല എന്നതാണു വാസ്തവം. അതുപോലെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ, എക്സാലോജിക് ആരംഭിക്കുന്നതിനു മുമ്പ്, ഇതേ രവി പിള്ളയുടെ ആർ.പി ടെക്സോഫ്റ്റ് എന്ന തിരുവനന്തപുരത്തെ സ്ഥാപനത്തിന്റെ സിഇഒ ആയിരുന്നു. കേരളത്തിലെ ഏറ്റവും പ്രമുഖരായ രണ്ട് സിപിഎം നേതാക്കളുടെ മക്കൾ ഒരേ വ്യവസായിയുടെ സ്ഥാപനങ്ങളിൽ ഇത്തരം ചുമതലകൾ വഹിച്ചിരുന്നത് അത്ര നിഷ്‌ക്കളങ്കമായും യാദൃച്ഛികമായും കാണാൻ കഴിയില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടിയത്.

അതുപോലെ ബിനീഷിന്റെ സഹോദരനായ ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ ലൈംഗികപീഡനക്കേസിൽ പണം കൊടുത്ത രക്ഷിച്ചതും ആരാണെന്ന് ഇപ്പോഴും വിവാദമാണ്. ദുബായിൽ ബിനോയ് കോടിയേരി 13 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയും തീർത്ത് അയാളെ ജയിലിൽ ആവാതെ രക്ഷിച്ചതും ആർ പി ഗ്രൂപ്പ് ആണെന്ന് ആരോപണമുണ്ട്. ഇതുകൊണ്ടൊക്കെ തന്നെ റാവിസിന്റെ കൈയറ്റങ്ങളും നിയമവിരുന്ധ പ്രവർത്തനങ്ങും സർക്കാർ കണ്ണടക്കയാണെന്നാണ് ആക്ഷേപണം. അതുപോലെ കഴിഞ്ഞതിന് മുമ്പത്തെ തെരഞ്ഞെുടുപ്പിൽ ചവറയിൽ വിജയൻ പിള്ള എന്ന വ്യവസായി ഇടതുസ്ഥാനാർത്ഥിയാക്കിയതിന് പിന്നിലും രവി പിള്ളയാണെന്ന് കേൾക്കുന്നുണ്ട്. പക്ഷേ രവി പിള്ള ഇതെല്ലാം നിഷേധിക്കും. കോൺഗ്രസും സിപിഎമ്മും ബിജെപിയും അടക്കമുള്ള എല്ലാ പാർട്ടികളുമായി ബന്ധം ഉണ്ടെങ്കിലും, അവരുടെ ആഭ്യന്തര കാര്യങ്ങളിൽ താൻ അഭിപ്രായം പറയില്ല എന്നാണ് അദ്ദേഹം പറയുക.

ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം

തികഞ്ഞ ദൈവവിശ്വാസിയാണ് രവി പിള്ള. എല്ലാ വർഷവും പിറന്നാൾ ദിവസം പിതിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലായിരിക്കും. ആ ദിവസം ഉദയാസ്തമയ പൂജ രവി പിള്ളയുടെ പേരിലാണ്. 2019ൽശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിന്റെ മേൽക്കുര സ്വർണം പൊതിയാൻ അഞ്ചു കിലോ സ്വർണമാണ് അദ്ദേഹം നടയ്ക്കുവച്ചത്.

2021ൽ, മകന്റെ വിവാഹത്തോട് അനുബന്ധിച്ച് ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടമാണ് അദ്ദേഹം നൽകിയത്. മരതക കല്ല് പിടിപ്പിച്ച 725 ഗ്രാം തൂക്കം വരുന്ന സ്വർണ കിരീടമാണ് അദ്ദേഹം സോപാനപ്പടിയിൽ സമർപ്പിച്ചത്. മകൻ ഗണേശിന്റെ വിവാഹത്തിനു മുന്നോടിയായാണ് കിരീട സമർപ്പണം നടത്തിയത്. തീർത്തും ലളിതമായി നടന്ന വിവാഹത്തിൽ നടൻ മോഹൻലാൽ ഉൾപ്പടെ ഏതാനും പേർ മാത്രമാണ് പങ്കെടുത്തത്.

തന്റെ വിശ്വാസത്തെ കുറിച്ച് മനോരമക്ക് നൽകിയ അഭിമുഖത്തിൽ രവിപിള്ള ഇങ്ങനെ പറയുന്നു. ''ഞാൻ ഈശ്വരവിശ്വാസിയാണ്. ഗുരുവായൂരപ്പൻ, തിരുപ്പതി വെങ്കിടേശ്വരൻ, മാഹിമാതാവ്, അള്ളാഹു. എല്ലാവരേയും പ്രാർത്ഥിക്കാറുണ്ട്. ജീവിതത്തിൽ തെറ്റൊന്നും ചെയ്യാതെ മുന്നോട്ടു പോകണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ഈശ്വരൻ രക്ഷിക്കും എന്ന വിശ്വാസവുമുണ്ട്. അതുപോലെ ക്ഷേമ പ്രവർത്തനങ്ങളും ചെയ്യുന്നുണ്ട്. സൂനാമി ബാധിതർക്ക് വീടു കൾ നിർമ്മിച്ചു കൊടുത്തു. അതുകണ്ട് ഒരു രാഷ്ട്രീയ നേതാവ് 'അടുത്ത ഇലക്ഷനു നിൽക്കാൻ വേണ്ടിയാണ്' ഇതൊക്കെ ചെയ്യുന്നതെന്നു പറഞ്ഞു. ഒരു പക്ഷേ, കുഞ്ഞു ചിരിയിലൂടെ, ഒരു വാചകത്തിലൂടെ തിരിച്ചു കിട്ടുന്ന അമൂല്യ സന്തോഷത്തിന്റെ വിലയറിയാത്തതു കൊണ്ടാവും ഇങ്ങനെയൊക്കെ പറയുന്നത്.''- രവി പിള്ള പറയുന്നു.

രവി പിള്ള ഫൗണ്ടേഷനിലൂടെ കോടിക്കണക്കിന് രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങളും അദ്ദേഹം നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ ലൈഫ് മിഷൻ, സ്വർണ്ണക്കടത്തുപോലുള്ള വിഷയങ്ങളിലേക്ക് രവി പിള്ളയുടെ പേര് വലിച്ചിഴക്കപ്പെട്ടപ്പോൾ അതൊന്നും ശരിയല്ല എന്ന് അദ്ദേഹത്തിന്റെ ആരാധകർ പറയുന്നത്. രവി പിള്ളക്ക് ഇ ഡി നോട്ടീസ് കൊടുത്തോ എന്ന കാര്യംപോലും ഇപ്പോഴും പൂർണ്ണമായും സ്്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹത്തെ അനുകൂലികൾ പറയുന്നു. പക്ഷേ വിവാദങ്ങൾ എന്തൊക്കെയുണ്ടായാലും, രവി പിള്ളയെന്ന ഈ 70കാരൻ വലിയ ഒരു പ്രചോദനമാണ്. കഠിനാധ്വാനവും അർപ്പണബോധവും ഉണ്ടെങ്കിൽ, ആർക്കും വളർന്ന് പന്തലിക്കാമെന്നതിന്റെ ജീവിക്കുന്ന ഉദാഹരണം.

വാൽക്കഷ്ണം: സമയത്തിന് ഗൾഫിൽ എത്തിപ്പെട്ടതാണ് രവി പിള്ളയുടെ എല്ലാ ഐശ്വര്യങ്ങൾക്കും നിദാനം. അതിനുപകരം അയാൾ കേരളത്തിലാണ് തുടക്കമെങ്കിലോ?