ദ്ദേഹം ബ്രിട്ടനിലെ നാലാമത്തെ വലിയ കോടീശ്വരനായിരുന്നു. എന്നിട്ടും അവസാനകാലത്ത് മതിയായ ചികിത്സ കിട്ടാൻ കോടതിക്ക് ഇടപെടേണ്ടേി വന്നു! ലോകത്തെ നൂറോളം രാജ്യങ്ങളിൽ വേരുള്ള ഇന്ത്യൻ കമ്പനിയായ ഹിന്ദുജയുടെ തലവനായ ശ്രീചന്ദ് പരമാനന്ദ് ഹിന്ദുജ എന്ന കോടീശ്വരനായിരുന്നു ആ ഹതഭാഗ്യൻ. കഴിഞ്ഞ ദിവസം 87ാമത്തെ വയസ്സിൽ മറവിരോഗം ബാധിച്ച് എസ് പി ഹിന്ദൂജ, ഈ ലോകത്തോട് വിടപറഞ്ഞു. ടാറ്റക്കും, ബിർലക്കും, അംബാനിക്കും ഒപ്പം വെക്കാവുന്ന ഇന്ത്യൻ ബിസിനസ് ലോകത്തെ ഒരു അത്ഭുത മനുഷ്യനാണ്, പറയത്തക്ക മാധ്യമ ശ്രദ്ധയൊന്നുമില്ലാതെ കടുന്ന് പോകുന്നത്.

തന്റെ പിതാവ്, രമാനന്ദ് ദീപ്ചന്ദ് ഹിന്ദുജ ഉണ്ടാക്കിയെടുത്ത ഹിന്ദുജ ബ്രാൻഡിനെ ലോകം, മുഴുവൻ എത്തിച്ച സംരംഭകൻ പക്ഷേ ഇന്ത്യൻ എന്നും വില്ലൻ ആയിരുന്നു. ബോഫോഴ്സ് കേസിലെ ഇടനിലക്കാരൻ, ആയുധക്കളക്കടത്തുകാരൻ എന്ന പേരിലൊക്കെ അറിയപ്പെടാനയിരുന്നു അദ്ദേഹത്തിന്റെ ദുര്യോഗം. രണ്ടുലക്ഷത്തിലധികം പേർക്ക് ജോലികൊടുത്ത ആ മനുഷ്യന് ഒരു പത്മശ്രീ പോലും ലഭിച്ചതുമില്ല. ഈ വിവാദങ്ങളെ തുടർന്ന് കൊണ്ടുതന്നെയാവണം, അദ്ദേഹം ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചതും.

നിലവിൽ ബ്രിട്ടനിലെ അതിസമ്പന്നരിൽ നാലാം സ്ഥാനത്താണ് ഹിന്ദുജ സഹോദരങ്ങൾ. 32 ബില്യൺ യുഎസ് ഡോളറാണ് ഗ്രൂപ്പിന്റെ ആസ്തി 1971ൽ സ്ഥാപകനായ പരമാനന്ദ് ദീപ്ചന്ദ് ഹിന്ദുജ അന്തരിച്ചതിന് ശേഷം ശ്രീചന്ദും (എസ് പി ), ഗോപീചന്ദും (ജിപി), പ്രകാശും (പിപി), അശോക് ഹിന്ദുജയും (എപി) ചേർന്നാണ് ഈ ബിസിനസ് സാമ്രാജ്യം നയിച്ചിരുന്നത്. സഹോദരബന്ധത്തിന്റെ ഏറ്റവും നല്ല ഉദാഹരണമായാണ് ഹിന്ദുജാ ഗ്രൂപ്പിനെ വിഷേിപ്പിച്ചിരുന്നത്. അഴിമതി മുതൽ അനധികൃത ആയുധ വിതരണം വരെയുള്ള നിരവധി ആരോപണങ്ങൾ ഉയർന്നെങ്കിലും ആർക്കും ഈ ഗ്രൂപ്പിനെ ഒന്നും ചെയ്യാനായില്ല.

പക്ഷേ അവർക്ക് ഭീഷണിയായത്, പിൽക്കാലത്ത് ഈ സഹോദരന്മാരും അവരുടെ മക്കളും തമ്മിലുള്ള അനൈക്യമാണ്. 2015ലെ സ്വത്ത് വിഭജനത്തെതുടർന്ന് സഹോദരങ്ങൾ കോടതി കയറിയത്, ആഗോള ബിസിനസ് മാധ്യമങ്ങളിൽ വലിയ വാർത്തയായി. അതോടൊപ്പം എസ് പി ഹിന്ദൂജക്ക് ഡിമൻഷ്യയും ബാധിച്ചു. ഒടുവിലാണ് , സ്വത്തുതർക്കത്തിനിടെ ശ്രീചന്ദ് ഹിന്ദൂജക്ക് നല്ല ചികിത്സ കിട്ടുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്ന് ബ്രിട്ടീഷ് കോടതിവരെ പറയേണ്ടി വന്നത്. ശരിക്കും ഒരു അസാധാരണ ജീവിതമായിരുന്നു, എസ് പി ഹിന്ദൂജ എന്ന ഇന്ത്യൻ ബിസിനസ് ടൈക്കൂണിന്റെത്.

മദ്യം, മാസം എന്നീ ബിസിനസുകൾ ഇല്ല

1914ലാണ് ഹിന്ദുജ ഗ്രൂപ്പ് തുടങ്ങുന്നത്. പാക്കിസ്ഥാനിലെ സിന്ധ് മേഖലയിലെ സിഖർപൂരിൽ, 14 കാരനായ പരമാനന്ദ് ഹിന്ദുജ തുടങ്ങിയ ഒരു ചെറുകിട വ്യാപാര കേന്ദ്രത്തിൽനിന്നാണ് ഇന്നത്തെ ആഗോള ബ്രാൻഡ് ഉണ്ടാവുന്നത്. തുണിത്തരങ്ങളും തേയിലയും സുഗന്ധവ്യജ്ഞനങ്ങളും കയറ്റുമതി ചെയ്താണ് തുടക്കം. പിന്നീട് മെത്തകളും ഉണക്ക പഴങ്ങളും ഇറക്കുമതിയും ചെയ്തു. കച്ചവടുവുമായി അദ്ദേഹം പഴയ ബോംബെയിൽ എത്തി. പിന്നീട് ഇറാനിലും. 1919ൽ ഹിന്ദുജ ഇറാനിൽ ഒരു ഓഫീസ് തുറന്നു.

ആ ഇസ്ലാമിക രാജ്യത്തിൽ വാണിജ്യ ബാങ്കിംങ് വ്യാപാരത്തിനും തുടക്കം കുറിച്ചു. പിന്നീട് അതിവേഗമായിരുന്നു വളർച്ച. ഇറാനിലെ രാജകുടുംബവുമായി അടുത്ത ബന്ധങ്ങളുണ്ടാക്കിയ ഈ കുടുംബം അവർക്ക് പഞ്ചാബിൽ നിന്നും ഉരുളക്കിഴങ്ങും ഉള്ളിയും ധാരാളമായി എത്തിച്ചുകൊടുത്തു. പിന്നെ എണ്ണ വിപണിയിലേക്കും ഇറങ്ങി. ഇറാൻ വളർന്നതിനൊപ്പം ഹിന്ദുജയുടെ പെരുമയും ഉയർന്നു.

1971ൽ പരമാനന്ദ് അന്തരിച്ചു. മൂത്തമകൻ ശ്രീചന്ദ് പരമാനന്ദ് ഹിന്ദുജ എന്ന എസ് പി ഹിന്ദൂജ കുടുംബത്തിന്റെയും വ്യാപാരത്തിന്റെയും കാരണവരായി. ഇസ്ലാമീക വിപ്ലവത്തിന് ശേഷം 1979 ഓടെ കാര്യങ്ങൾ എല്ലാം വർഗീയമായി മാറുകകയാണെന്ന് അദ്ദേഹം വളരെ പെട്ടെന്ന് മനസ്സിലാക്കി. അതോടെ കുടുംബത്തിന്റെ കച്ചവട കേന്ദ്രം ഇറാനിൽ നിന്നും ലണ്ടനിലേക്ക് മാറ്റി. അതിന് ഒരു വർഷം മുമ്പ് ഗ്രൂപ്പ് ഹിന്ദുജ ബാങ്ക് (യഥാർത്ഥത്തിൽ അമാസ് എസ്എ) എന്ന പേരിൽ ഒരു ധനകാര്യസ്ഥാപനം ആരംഭിച്ചിരുന്നു. 1994 ആയപ്പോഴേക്കും അതൊരു സ്വിസ് ബാങ്കിങ് സ്ഥാപനമായി വളർന്നു. പിന്നെ അതിവേഗമായിരുന്നു വളർച്ച.

പുകലയില, മദ്യം, മാംസം എന്നിവ ഒഴികെയുള്ള എല്ലാ ചരക്ക് സാധനങ്ങളിലും ഹിന്ദുജ ഗ്രൂപ്പ് വ്യാപാരം നടത്തി വരുന്നു. ഈ മൂന്നിലും കൈവെക്കില്ല എന്നത് ഹിന്ദുജമാരെക്കൊണ്ട് പിതാവ് സത്യം ചെയ്യിച്ചതാണത്രേ. അത്തരം ദുഷിച്ച പണം നമുക്ക് വേണ്ട എന്ന തീരുമാനം, പിതാവ് പരമാനന്ദ് ഹിന്ദൂജയുടേത് ആയിരുന്നു.

ബിസിനസ്ആസ്ഥാനം ലണ്ടനിലേക്ക് മാറ്റിയതോടെ വൻ തോതിൽ വളരുകയായിരുന്നു. തങ്ങളുടെ ബിസിനസ് വിപുലീകരിച്ച് ഓട്ടോമോട്ടീവ്, ഇൻഫർമേഷൻ ടെക്നോളജി, മീഡിയ & എന്റർടൈന്മെന്റ്, ഓയിൽ ആൻഡ് സ്പെഷ്യാലിറ്റി കെമിക്കൽസ്, ബാങ്കിങ്, ഫിനാൻസ്, വൈദ്യുതി ഉത്പാദനം, റിയൽ എസ്റ്റേറ്റ്, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലയിലേക്ക് ചുവടുവച്ചു. ഇന്ന് 38ൽ ഏറെ രാജ്യങ്ങളിൽ നേരിട്ടും 100ൽ ഏറെ രാജ്യങ്ങളിൽ അല്ലാതെയും ഹിന്ദുജ ഗ്രൂപ്പ് പ്രവർത്തിച്ചുവരുന്നു.

ലൈലൻഡ് തൊട്ട് ഇൻഡസ് ബാങ്ക് വരെ

ഹിന്ദുജയുടെ, അശോക ലെയ്ലാൻഡ് കമ്പനി ഇന്നും ഇന്ത്യയുടെ അഭിമാനമാണ്. അശോക ലൈലൻഡ് ലിമിറ്റഡ്, ടാറ്റാ മോർട്ടോർസിന് ശേഷമുള്ള ഇന്ത്യയിലെ രണ്ടാമത്തെ വാണിജ്യ വാഹന നിർമ്മാണ കമ്പനിയാണ്. ലോകത്തിലെ തന്നെ നാലാമത്തെ ബസ് നിർമ്മാണ കമ്പനിയാണിത്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ നിർമ്മാണ യൂണിറ്റുകൾ ലോകം മുഴുവനായി പരന്നു കിടക്കുന്നു. വാണിജ്യ വാഹന നിർമ്മാണം ഇപ്പോൾ ഹിന്ദുജ ഗ്രൂപ്പിന്റെ പ്രധാന ബിസിനസുകളിൽ ഒന്നാണ്. 1997ലാണ് കമ്പനി ആദ്യമായി തങ്ങളുടെ ബസ് അവതരിപ്പിക്കുന്നത്. ലൈറ്റ് ഡ്യൂട്ടി ട്രക്കുകൾ നിർമ്മിക്കുന്നതിനായി 2007ൽ അശോക് ലെയ്‌ലാൻഡും, ജപ്പാൻ ആസ്ഥാനമായുള്ള നിസാൻ മോട്ടോർ കോർപ്പറേഷനും സംയുക്ത സംരംഭത്തിൽ ഏർപ്പെട്ടു. യുകെയിലെ ഇലക്ട്രിക് ബസുകളുടെ മുൻനിര നിർമ്മാതാക്കളായ ഒപ്‌റ്റെയർ പിഎൽസിയും ഹിന്ദുജ ഗ്രൂപ്പിന്റേതാണ്.

1994ൽ ഫ ബാങ്കിങ് മേഖലയിലേക്ക് ചുവടുവച്ച കമ്പനി, ഇൻഡസ്് ഇൻഡ് ബാങ്ക് സ്ഥാപിച്ചു. രാജ്യത്തെ ആദ്യത്തെ സ്വകാര്യ ബാങ്കുകളിൽ ഒന്നാണ് ഇൻഡസ് ഇൻഡ് ബാങ്ക്. രാജ്യവ്യാപകമായി 2000ൽ അധികം ശാഖകളാണ് ഈ ബാങ്കിനുള്ളത്. 1995ൽ ഇൻഡസ്ഇൻഡ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷനും ഹിന്ദുജ ഗ്രൂപ്പ് ആരംഭിച്ചു.
ഹിന്ദുജ ഗ്രൂപ്പ് 2000ൽ ആരംഭിച്ച ഐടി സേവന മാനേജ്മെന്റ് കമ്പനിയാണ് ഹിന്ദുജ ഗ്ലോബൽ സെല്യൂഷൻസ്. ബിസിനസ്സ് പ്രോസസ്സ് മാനേജ്മെന്റുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന കമ്പനിയാണ് ഇത്. വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് കമ്പനി കൂടുതലായും നടത്തിവരുന്നത്. അനുബന്ധ സ്ഥാനങ്ങളിലൂടെ വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലുടനീളം കോൺടാക്റ്റ് സെന്റർ സൊല്യൂഷനുകളും ബാക്ക്-ഓഫീസ് ട്രാൻസാക്ഷൻ പ്രോസസ്സിങ് സേവനങ്ങളും ഹിന്ദുജ ഗ്ലോബൽ സൊല്യൂഷൻസ് വാഗ്ദാനം ചെയ്യുന്നു.

ഗൾഫ് ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് ആണ് ഹിന്ദുജയുടെ മറ്റൊരു പ്രധാന സംരംഭം. ഖനനം, അടിസ്ഥാന വികസന സേവനങ്ങൾ എന്നിവ നൽകുന്ന കമ്പനിയാണിത്. സ്ഫോടകവസ്തുക്കൾ, ഡിറ്റണേറ്ററുകൾ, സ്ഫോടനാത്മക ബോണ്ടഡ് മെറ്റൽ ക്ലാഡുകൾ, പ്രതിരോധ, ബഹിരാകാശ സംവിധാനങ്ങൾക്കുള്ള പ്രത്യേക ഉപകരണങ്ങൾ എന്നിവ കമ്പനി നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നു.

സാമൂഹ്യ പ്രവർത്തനം, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളേജുകൾ എന്നിവ കെട്ടിപ്പടുക്കുന്നതിലും ഹിന്ദുജ ഗ്രൂപ്പ് ശ്രദ്ധ നൽകി. രാജ്യവ്യാപകമായി രണ്ടുലക്ഷത്തിലേറെ പേർക്കാണ് ഇവർ തൊഴിൽ നിൽകിയിട്ടുള്ളത്. 2018ൽ 50 ബില്ല്യൺ ഡോളറിന്റെ വരുമാനം രേഖപ്പെടുത്തി. ഫോർബ്സ് കണക്കുകൾ പ്രകാരം 2020ൽ ഇന്ത്യയിൽ നിന്നുള്ള അഞ്ചാമത്തെ സമ്പന്ന ബിസിനസുകാരായിരുന്നു ഹിന്ദുജ സഹോദരന്മാർ. 2021 മാർച്ചിലെ കണക്കുകൾ പ്രകാരം ഹിന്ദുജ ഗ്രൂപ്പിന്റെ മൊത്തം മൂല്ല്യം 14.8 ബില്ല്യൺ ഡോളറാണ്. ശ്രീചന്ദും ഗോപീചന്ദും ലണ്ടനിലും, പ്രകാശ് മൊണോക്കോയിലും ഇരുന്നാണ് ബിസിനസ് നിയന്ത്രിച്ചത്. ഏറ്റവും ഇളയ സഹോദരനായ അശോക് മുംബെയിലും.


ബൊഫോഴ്‌സിന് കേസിൽ പേരുദോഷം

ഇന്ത്യൻ രാഷ്ട്രീയത്തിൽ ബോഫോഴ്‌സ് കേസ് കത്തിനിൽക്കുന്ന 90കളിൽ, ഈ കൊച്ചു കേരളത്തിലെ ഉൾനാട്ടിൽ നടക്കുന്ന പൊതുയോഗങ്ങളിൽ പോലും, നീചനായ ഒരു കുത്തക മുതലാളിയെന്ന പേരിൽ പരാമർശിക്കപ്പെട്ട പേരായിരുന്നു, എസ്‌പി. ഹിന്ദുജയുടേത്. ടാറ്റ, ബിർലാ, ഗോയങ്ക എന്ന ഇടതുപക്ഷത്തിന്റെ കുത്തക വിരുദ്ധ മുദ്രാവാക്യം, ടാറ്റാ, ബിർലാ, ഹിന്ദുജാ എന്നാക്കി മാറ്റിയ കാലം. (പിന്നീട് കോൺഗ്രസ് ഭരണം അവസാനിച്ചതോടെ ഹിന്ദുജക്ക് പകരം അംബാനിയും, ക്രമേണേ അദാനിയും കടന്നുവന്നു.) ബാങ്കിങ്, കെമിക്കൽസ്, ഹെൽത്ത് കെയർ തുടങ്ങി വിവിധ മേഖലകളിലായി രണ്ടുലക്ഷം പേരുടെ തൊഴിൽ ദാതാവ് ആയിരുന്നു ഹിന്ദുജയെ കേരളത്തിലെ ഇടതുപക്ഷം ഒരു ഭീകരന് സമാനമായിട്ടാണ് അവതരിപ്പിച്ചത്.

ഹിന്ദുജക്ക് വിനയായത് കോൺഗ്രസ് നേതാവും മൂൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള അടുപ്പം ആയിരുന്നു. സ്വീഡിഷ് ആയുധനിർമ്മാതാക്കളായ എ.ബി. ബൊഫോഴ്‌സിന് ഇന്ത്യൻ സർക്കാരിൽ നിന്ന് കരാർ കരസ്ഥമാക്കാൻ അനധികൃതമായി കമ്മിഷൻ ഇനത്തിൽ ഏകദേശം 81 ദശലക്ഷം സ്വീഡിഷ് ക്രോണ കൈപ്പറ്റിയെന്ന ആരോപണം ശ്രീചന്ദ്, ഹിന്ദുജയ്ക്കും ഗോപീചന്ദിനും പ്രകാശിനും എതിരേ ഉയർന്നിരുന്നു. ഇത് വൻ കോളിളക്കം ഉണ്ടാക്കി. ഇന്ത്യയുടെ ആയുധ ഇടപാടിലെ ഒക്കെ ഇടനിലക്കാരൻ ഇദ്ദേഹമാണെന്ന വില്ലൻ ഇമേജാണ് പിന്നീട് ഉണ്ടായത്.

86ൽ നടന്ന സംഭവത്തിന്റെ പേരിൽ 2000 ഒക്ടോബറിൽ മൂന്ന് സഹോദരന്മാർക്കെതിരെ കുറ്റം ചുമത്തി, എന്നാൽ 2005-ൽ ഡൽഹിയിലെ ഹൈക്കോടതി അവർക്കെതിരായ എല്ലാ കുറ്റങ്ങളും തള്ളിക്കളഞ്ഞു.ജഡ്ജി ആർ എസ് സോധി പറഞ്ഞു: '14 വർഷത്തെ വിചാരണയും 2.5 ബില്യൺ (31 മില്യൺ യുഎസ് ഡോളർ) പൊതു പണവും ഈ കേസിനായി ചെലവഴിച്ചതിൽ ഞാൻ വിയോജിപ്പ് പ്രകടിപ്പിക്കുന്നു. ഇത് ഹിന്ദുജകൾക്ക് സാമ്പത്തികമായും വൈകാരികമായും തൊഴിൽപരമായും വ്യക്തിപരമായും വലിയ നഷ്ടമുണ്ടാക്കി.'' അതായത് ഹിന്ദുജമാർക്ക് വലിയ നഷ്ടമാണ് ഇതുകൊണ്ട് ഉണ്ടാക്കിയതെന്ന് കോടതിപോലും വിലയിരുത്തിയിരിക്കുന്നു.

മാത്രമല്ല എന്തെല്ലാം ആരോപണങ്ങൾ ഉണ്ടായാലും, ബോഫോഴ്സിന്റെ ആയുധങ്ങൾ ഇന്ത്യൻ സേനയുടെ കരുത്താണെന്നും പിന്നീട തെളിയിക്കപ്പെട്ടു. പക്ഷേ ഈ വിവാദത്തിൽ പെട്ടതുകൊണ്ടും, കോൺഗ്രസിന്റെ സ്വന്തം വ്യവസായി എന്ന പേരുദോഷം ഉള്ളതുകൊണ്ടും, അർഹിക്കുന്ന പത്മ പുരസ്‌ക്കാരങ്ങളൊന്നും അദ്ദേഹത്തെ തേടിയെത്തിയില്ല. ഈ പ്രതിഭാശാലിയായ സംരംഭകൻ ആവട്ടെ ഇന്ത്യ വിട്ട് ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുകയും ചെയ്തു. ബോഫോഴ്സ് കേസിൽ വേട്ടയാടിയത് തന്നെ ആയിരുന്നു, ഹിന്ദുജകളുടെ ഇന്ത്യ വിടലിന് കാരണമായത്. പക്ഷേ ഇത് ബിസിനസ് ആവശ്യങ്ങൾക്കുള്ള ചില മാറ്റത്തിന്റെ ഭാഗമാണെന്നും തന്റെ മനസ്സിൽ എന്നും ഇന്ത്യയുണ്ടെന്നും, ബിസിനിസുകളുടെ നല്ലഭാഗം ഇന്ത്യയിൽ ആണെന്നുമാണ്, അപൂർവമായി അനുവദിച്ച ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നത്. അന്നത്തെ കോൺഗ്രസ് വിരുദ്ധ ചേരിയായ, വി പി സിങ് അടക്കമുള്ളവരുടെ കണ്ണിലെ കരാടായിരുന്നു ഹിന്ദുജമാർ.

രണ്ടു ബ്രിട്ടീഷ് മന്ത്രിമാർ തെറിച്ച പൗരത്വം

ഹിന്ദൂജകൾക്ക് ബ്രിട്ടീഷ് പൗരത്വം നൽകുന്നത് സംബന്ധിച്ചും വലിയ വിവാദവും മന്ത്രിമാരുടെ സ്ഥാനം തെറിക്കലും ഒക്കെ ഉണ്ടായിട്ടുണ്ട്. ബ്രിട്ടീഷ് പൗരത്വം തേടിയിരുന്ന ശ്രീചന്ദ് ഹിന്ദുജയ്ക്ക് വേണ്ടി 2001 ജനുവരിയിൽ,യുകെ മന്ത്രി പീറ്റർ മണ്ടൽസൺ ലോബീയിങ്ങ് നടത്തിയെന്നത് വലിയ വാർത്തയായി. ഹോം ഓഫീസിന്റെ ചുമതലയുള്ള മന്ത്രി മൈക്ക് ഒബ്രിയനെ ഫോണിൽ വിളിച്ച് ഇദ്ദേഹം ശിപാർശ ചെയ്തുവെന്നാണ് ആരോപണം. പീറ്റർ മണ്ടൽസന് താൽപ്പര്യമുള്ള പല പരിപാടികളുടെയും സംഘാടകർ ഹിന്ദുജ ഗ്രൂപ്പ് ആയിരുന്നു. ഈ വിവാദങ്ങളെ തുടർന്ന് 2001 ജനുവരി 24-ന് മണ്ടൽസൺ രണ്ടാമതും സർക്കാരിൽ നിന്ന് രാജിവച്ചു. പക്ഷേ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. പിന്നീട് നടന്ന സ്വതന്ത്ര അന്വേഷണത്തിലു മണ്ടൽസൺ തെറ്റായി പ്രവർത്തിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയത്.

പക്ഷേ വിവാദം തീർന്നില്ല. 2001 ജനുവരിയിൽ, ഇമിഗ്രേഷൻ മന്ത്രി ബാർബറ റോച്ചെ , ലെസ്റ്റർ ഈസ്റ്റിലെ പാർലമെന്റ് അംഗവും അക്കാലത്ത് വിദേശകാര്യ മന്ത്രിയുമായ കീത്ത് വാസ് ,മറ്റ് എംപിമാർ എന്നിവരും ഹിന്ദുജ സഹോദരന്മാരുടെ പൗരത്വത്തെക്കുറിച്ച് ഹോം ഓഫീസുമായി ബന്ധപ്പെട്ടിരുന്നതായി വെളിപ്പെടുത്തൽ വന്നു. ഇവരുടെ പൗരത്വ അപേക്ഷയിൽ എപ്പോൾ തീരുമാനം ഉണ്ടാകുമെന്ന് വാസ് അന്വേഷിച്ചിരുന്നുവെന്നതു വാർത്തയായി. ഇന്ത്യയിലെ കോടീശ്വരനായ വ്യവസായിക്ക് ബ്രിട്ടീഷ് പൗരത്വം ലഭിക്കാൻ രാഷ്ട്രീയക്കാരുടെ അനധികൃത ഇടപെടൽ എന്നായിരുന്നു വാർത്ത.

ജനുവരി 25-ന്, ഹിന്ദുജ കാര്യത്തെക്കുറിച്ചുള്ള പ്രതിപക്ഷ ചോദ്യങ്ങളുടെ കേന്ദ്രബിന്ദുവായി വാസ് മാറി. അദ്ദേഹത്തിന്റെ പങ്ക് പൂർണ്ണമായി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി ചോദ്യങ്ങൾ പാർലിമെന്റിൽ ്ഉണ്ടായി. വിഷയത്തിൽ അന്വേഷണം നടത്താൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടൂ. ഹിന്ദുജ സഹോദരന്മാരെ കുറച്ചുകാലമായി അറിയാമെന്നും, 1993-ൽ ചാരിറ്റബിൾ ഹിന്ദുജ ഫൗണ്ടേഷൻ സ്ഥാപിതമായപ്പോൾ താൻ സന്നിതനായിരുന്നെന്നും വാസ് മുറപടി കൊടുത്തു. ഹിന്ദുജ സഹോദരന്മാരിൽ ഒരാളുടെ പാസ്‌പോർട്ട് അപേക്ഷ സാധാരണയേക്കാൾ വേഗത്തിൽ പ്രോസസ്സ് ചെയ്യുകയും ആറ് മാസത്തിനുള്ളിൽ അനുമതി കൊടുക്കുയും ചെയ്തത് ഇവർ കുത്തിപ്പൊക്കി. ഹിന്ദുജ ഫൗണ്ടേഷൻ 1999 സെപ്റ്റംബറിൽ വാസിന് സ്വീകരണം നൽകിയിരുന്നുവെന്ന് സർക്കാർ സ്ഥിരീകരിച്ചു. പക്ഷേ അദ്ദേഹം അഴിമതി കാട്ടിയെന്ന് അതുകൊണ്ട് പറയാൻ ആവില്ല എന്നുമായിരുന്നു വാദം. ഇതേതുടർന്ന് കൂടുതൽ അന്വേഷണം ഉണ്ടായി.

ഹൗസ് ഓഫ് കോമൺസിൽ ഹിന്ദുജ സ്‌പോൺസർ ചെയ്ത സ്വീകരണം സംഘടിപ്പിക്കാൻ സഹായിച്ചതിന് പകരമായി തന്റെ ഭാര്യ നടത്തുന്ന മേപ്‌സ്ബറി കമ്മ്യൂണിക്കേഷൻസ് എന്ന കമ്പനിക്ക് ഹിന്ദുജ ഫൗണ്ടേഷൻ 1,200 പൗണ്ട് നൽകിയെന്ന് വാസ് കണ്ടു. ഒരുപാട് ഏഷ്യാക്കാർക്ക് ബ്രിട്ടീഷ് പൗരത്വത്തിനായി താൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വിവാദങ്ങളുടെ ഭാഗമായി 2001 ജൂൺ 11-ന് മന്ത്രി സ്ഥാനത്തുനിന്ന് വാസ് പുറത്താക്കപ്പെട്ടു. പക്ഷേ. ആരോഗ്യപരമായ കാരണങ്ങളാൽ സ്ഥാനമൊഴിയാൻ ആഗ്രഹിക്കുന്നുവെന്ന് കാണിച്ച് വാസ് പ്രധാനമന്ത്രി ടോണി ബ്ലെയറിന് കത്തെഴുതുകയും ചെയ്തിരുന്നു.

എന്തായാലും രണ്ടുമന്ത്രിമാർക്ക് സ്ഥാനം പോയങ്കിലും വൈകാതെ തന്നെ ഹിന്ദുജമാർക്ക് ബ്രിട്ടീഷ് പൗരത്വം കിട്ടി. ഇന്ത്യയിൽ എന്നപോലെ ബ്രിട്ടനിലും വിവാദം അവരുടെ കുടെപ്പിറപ്പായിരുന്നു. അതിനുശേഷവും അശോക് ലൈലൻഡ് കമ്പനിക്ക് സുഡാനിലേക്ക്, ബ്രിട്ടൻ വഴി വാഹന നിർമ്മാണത്തിന് അനുമതി കിട്ടിയപ്പോൾ അതും ആയുധക്കടത്തിനാണെന്ന് വിമർശനം വന്നിരുന്നു.

ജെന്നിഫർ ലോപ്പസ് എത്തിയ വിവാഹം

ആഡംബരത്തിന്റെ അവസാന വാക്കായിരുന്നു 2015 ഫെബ്രുവരിയിൽ ഹിന്ദുജ കുടുംബത്തിൽ നടന്ന വിവാഹം. 15 മില്യൺ പൗണ്ട് ചെലവഴിച്ച് നടത്തിയ, ഗോപിചന്ദ് ഹിന്ദുജയുടേ മകന്റെ വിവാഹത്തിൽ ഏകദേശം 16,000 പേരായിരുന്നു പങ്കെടുത്തിരുന്നത്. മൂബൈയിലും മൂന്ന് ദിവസം നീണ്ടു നിന്ന വിവാഹ ചടങ്ങുകളിലായിരുന്നു സഞ്ചയ് ഹിന്ദുജ യുവ ഫാഷൻ ഡിസൈനറായ അനു മഹ്താനിയെ വരിച്ചത്.

വേദി കൊഴുപ്പിക്കാൻ നിരവധി ബോളിവുഡ് താരങ്ങൾ എത്തിയപ്പോൾ, സദസ്സിനെ സംഗീത സാന്ദ്രമാക്കാൻ എത്തിയത് സാക്ഷാൽ ജെന്നിഫർ ലോപസും നിക്കോളെ ഷെർസിംഗറുമായിരുന്നു. വിമാനത്താവളത്തിലെ പാർക്കിങ് ഏരിയയെ നിറച്ചു കൊണ്ടായിരുന്നു അതിഥികൾ എത്തിയ 208 സ്വകാര്യ ജറ്റുകൾ പാർക്കിങ് ചെയ്തിരുന്നത് എന്ന് അന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ടോണി ബ്ലയർ. ജോർജ്ജ് എച്ച് ബുഷ്, മാർഗരറ്റ് താച്ചർ തുടങ്ങിയവരാണ് അവരുടെ സൗഹാർദപ്പട്ടികയിൽ ഉണ്ടായിരുന്നതും. ഇവരൊക്കെ വിവാഹത്തിന് ആശംസകൾ ആയച്ചിട്ടുണ്ട്.

സ്വകാര്യ ജറ്റുകളിൽ എത്തിയ അതിഥികളെ, ജെയിംസ്ബോണ്ട് സിനിമയായ ഒക്ടോപസ്സിയുടെ സെറ്റ് ആയിരുന്ന ജഗമന്ദിർ ഐലന്റ് പാലസ് ഹോട്ടലിലേക്ക് കൊണ്ടു പോയത്, പ്രത്യേകം അലങ്കരിച്ച 14 ബോട്ടുകളിലായിരുന്നു. 16 രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യവിഭവങ്ങളുടെ രുചി അന്ന് നുണഞ്ഞത് സെലിബ്രിട്ടികളും, ലോകനേതാക്കളും സാമൂഹ്യ ബിസിനസ്സ് രംഗത്തെ ഉന്നതരായ ഇന്ത്യൻ വരേണ്യ വർഗ്ഗവും ആയിരുന്നു. കരിമരുന്ന് പ്രയോഗവും ലൈറ്റ് ഷോയുമൊക്കെ അതിഥികൾക്ക് നയനാന്ദകരമായിരുന്നു. അന്ന് നാല് സഹോദരമ്മാരും ഏറെ സന്തോഷവാന്മാരും ആയിരുന്നു. പക്ഷേ ആ ബിസിനസ് കുടുംബത്തിൽ എല്ലാവരും ഒന്നിച്ചുകൊണ്ടുള്ള അവസാനത്തെ പരിപാടിയായിരുന്നു അത്.

ഫാബ് ഫോർ പിരിയുന്നു

ഹിന്ദുജ ഗ്രൂപ്പിലെ നാല് സഹോദരന്മാർ കൈവെക്കാത്ത ബിസിനസ്സ് മേഖലകൾ ഇല്ല എന്നതാണ് വാസ്തവം. അതുകൊണ്ടു തന്നെയായിരുന്നു ബിസിനസ്സ് രംഗത്തെ ഫാബ് ഫോർ എന്ന് ഇവർ അറിയപ്പെട്ടിരുന്നത്. 2010-ൽ ഇവർക്ക് ബിസിനസ്സ് രംഗത്തെ വൈവിധ്യത്തിനുള്ള പുരസ്‌കാരം ലഭിക്കുകയും ചെയ്തു. അടുത്ത സുഹൃത്തുക്കൾ കുടിയായിരുന്നു ഇവരുടെ മക്കൾ തമ്മിൽ ആ ഐക്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സഞ്ചയ് ഹിന്ദുജയുടെ ആഡംബര വിവാഹം, 45 വർഷത്തെ ഒരുമിച്ചുള്ള ഒരു യാത്രയുടെ അന്ത്യം കുറിക്കുന്ന ദിനം കൂടിയായി. ശ്രീചന്ദും ഗോപീചന്ദും സഹോദരന്മാരായ പ്രാകാഷ്, അശോക് എന്നിവർക്കൊപ്പം ഒരുമിച്ച് യാത്ര ചെയ്ത്, തങ്ങളുടെ പിതാവിന്റെ ട്രേഡിങ് കമ്പനിയെ ഒരു ആഗോള ബിസിനസ്സ് ഭീമനാക്കി. പക്ഷേ ഇനി ഒരുമിച്ച് യാത്ര വേണ്ട എന്ന് അവർ ആ വിവാഹത്തോടടെ തീരുമാനിക്കുന്നു.

അങ്ങനെയാണ് സ്വത്തുകൾ വീതം വെക്കാനുള്ള നടപടികൾ ആരംഭിച്ചത്. പക്ഷേ അപ്പോഴേക്കും മറ്റൊരു ദുരന്തം വന്നു. മൂത്ത സഹോദരൻ ശ്രീചന്ദ് ഹിന്ദുജക്ക് ഡിമൻഷ്യ വന്നു. അദ്ദേഹത്തിന് ഒന്നും ഓർക്കാൻ കഴിയാതെയായി. ഇതോടെ സ്വത്ത് തകർക്കം മൂർഛിച്ചു. ഇൻഡസ് ഇൻഡ് ബാങ്കിന്റെ പേരിലാണ് സഹോദരന്മാർ തമ്മിൽ വലിയ ഉടക്കുണ്ടായത. വളരെ വിചിത്രമായ ഒരു ഉടമ്പടിയായിരുന്നു സഹോദരന്മാർക്കിടയിൽ ഉണ്ടായിരുന്നത്. ഓരോരുത്തരുടെയും സ്വത്തുക്കൾ എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും ഓരോ സഹോദരനും മറ്റേയാളുടെ നടത്തിപ്പുകാരനാണെന്നുമുള്ള ഉടമ്പടിയാണ് വിവാദത്തിന് കാരണം. ഈ ഉടമ്പടി റദ്ദാക്കാനാവശ്യപ്പെട്ട് മൂത്ത സഹോദരനായ ശ്രീചന്ദും മകൾ വിനുവും കോടതിയെ സമീപിച്ചു. 2016ലെ തന്റെ വിൽപത്രം അനുസരിച്ച് സ്വത്തുക്കൾ വിഭജിക്കണമെന്നും ശ്രീചന്ദ് താൽപര്യപ്പെടുന്നു.

പക്ഷേ യഥാർത്ഥ കാരണം ശ്രീചന്ദിന്റെ മാത്രം പേരിലുള്ള ഹിന്ദുജ ബാങ്കിന്റെ നിയന്ത്രണം ഗോപീചന്ദ്, പ്രകാശ്, അശോക് സഹോദരന്മാർ ഏറ്റെടുക്കാൻ ശ്രമിച്ചതായിരുന്നു. ശ്രീചന്ദ് തന്റെ മറ്റൊരു മകളായ ഷാനുവിനെ ഹിന്ദുജ ബാങ്ക് ചെയർപഴ്‌സനായും അവരുടെ മകൻ കരമിനെ സിഇഒ ആയും നിയമിച്ചിരുന്നു. ഇത് മറ്റു സഹോദരന്മാർക്ക് പിടിച്ചില്ല.

ഇൻഡസ് ഇൻഡ് ബാങ്കിൽ ഹിന്ദുജ ഗ്രൂപ്പിന് 14.34 % ഓഹരിപങ്കാളിത്തമുണ്ട്.
സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള ഹിന്ദുജ ബാങ്ക് ശ്രീചന്ദിന്റെ പേരിലാണ്. അദ്ദേഹമാണ് അതിന്റെ ചെയർമാനും. ശ്രീചന്ദിനെ ചെയർമാൻ സ്ഥാനത്തുനിന്നു മാറ്റാൻ നീക്കം നടക്കുന്ന സാഹചര്യത്തിലാണു കേസ്. വിനൂ ഹിന്ദുജ, ഗ്രൂപ്പിന്റെ ബിസിനസിൽ സജീവയാണ്. പല ഗ്രൂപ്പ് കമ്പനികളിലും ഡയറക്ടറാണ്. വിനൂവിന്റെ വാദം വിജയിച്ചാൽ ശ്രീചന്ദിന്റെ പേരിലുള്ള സ്വത്തുക്കളിൽ സഹോദരന്മാർക്ക് അവകാശം ഉണ്ടാകില്ല. ഹിന്ദുജ ബാങ്ക് അടക്കം ഗ്രൂപ്പിന്റെ വമ്പൻ ആസ്തികൾ പലതും എസ്‌പി എന്നു വിളിക്കപ്പെടുന്ന ശ്രീചന്ദിന്റെ പേരിലാണ്. ഇത് സ്വന്തമാക്കാൻ സഹോദരങ്ങൾ നടത്തുന്ന കള്ളക്കളിയാണ് കരാർ എന്നാണ് മകളുടെ നിലപാട്.

ഈ കേസ് ഒടുവിൽ എങ്ങനെയൊക്കെയോ ഒത്തുതീർപ്പാവുകയായിരുന്നു. പക്ഷേ സഹോദരന്മാർക്കിടയിൽ പഴയ ഐക്യം ഇല്ല. ഒരുപക്ഷേ ശ്രീചന്ദിന് ഡിമൻഷ്യ വന്നില്ലായിരുന്നെങ്കിൽ ഈ പ്രശ്നം ഒന്നും ഉണ്ടാകുമായിരുന്നില്ല. കാരണം അയാൾ സഹോദരങ്ങളെ അത്രയേറെ സ്നേഹിച്ചിരുന്നുവെന്നാണ് പറയുന്നത്.

ചികിത്സക്കായി കോടതി ഇടപെടൽ

ഹിന്ദുജ കുടുംബത്തിലെ കലഹം ലോകത്തിലെ പ്രധാന ബിസിനിസ് മാഗസിനുകളിലൊക്കെ വാർത്തയായിരുന്നു. പക്ഷേ ഇതിന് വലിയ മാധ്യമ ശ്രദ്ധ കിട്ടിയത് ഒരു കോടതി വിധിയോടെയാണ്. ഹിന്ദുജ സഹോദരങ്ങളിൽ മൂത്തയാളായ ശ്രീചന്ദ് പരമാനന്ദ് ഹിന്ദുജയെ പബ്ലിക് നഴ്സിങ് ഹോമിൽ പ്രവേശിപ്പിക്കണമെന്ന് ഒരു മുതിർന്ന ജഡ്ജി ഉത്തരവിട്ടു. ഇപ്പോൾ അദ്ദേഹത്തിനു ലഭിക്കുന്ന ശുശ്രൂഷ ആവശ്യത്തിനു മതിയാകുന്നില്ല എന്നും കോടതി നിരീക്ഷിച്ചു. ഹിന്ദുജ ഗ്രൂപ്പുമായി ബന്ധപ്പെട്ട ഒരു കേസിന്റെ വിചാരണവേളയിൽ, കോർട്ട് ഓഫ് പ്രൊട്ടക്ഷൻ ജഡ്ജി ജസ്റ്റിൽ ഹേയ്ഡനാണ് ഇത്തരത്തിൽ പരാമർശം നടത്തിയത്. സണ്ടേ ടൈംസിന്റെ ധനികരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഹിന്ദുജ ഗ്രൂപ്പിന്റെ തലവാനാണ് ഈ ഗതികേട് എന്ന് ഓർക്കണം. എന്നാൽ ഇക്കാര്യം സഹോദരൻ ഗോപീചന്ദിന്റെ അഭിഭാഷകർ നിഷേധിക്കുകയാണ്. 5 ലക്ഷം പൗണ്ട് അദ്ദേഹത്തിന് ലഭ്യമാക്കിയിട്ടുണ്ട് എന്നാണ് ഗോപീചന്ദിന്റെ അഭിഭാഷകർ അവകാശപ്പെടുന്നത്.

ശ്രീചന്ദിന് ഡിമെൻഷ്യ ബാധിച്ചതോടെ അദ്ദേഹത്തിന്റെ പുത്രി വിനൂ ആയിരുന്നു കേസുമായി മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. ശ്രീചന്ദ് നൽകിയ പവർ ഓഫ് അറ്റോർണിയായിരുന്നു ഇതിനുള്ള അവകാശം പുത്രിക്ക് നൽകിയത്. എന്നാൽ, ഈ പവർ ഓഫ് അറ്റോർണിയുടേ നിയമ സാധുത ചോദ്യം ചെയ്ത് ഗോപിചന്ദ് മറ്റൊരു ഹർജി 2020-ൽ സമർപ്പിച്ചു. സഹോദരന് ഡിമെൻഷ്യയാണെങ്കിൽ, അത്തരത്തിലൊരു പവർ ഓഫ് അറ്റോർണി നൽകാനുള്ള കഴിവ് അദ്ദേഹത്തിനില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗോപിചന്ദ് പരാതി നൽകിയത്.

എന്നാൽ, നേരത്തേയുണ്ടാക്കിയ കരാർ അസാധുവാക്കാൻ കുടുംബം സമ്മതിച്ചു എന്ന് ഗോപിചന്ദിന്റെ വക്കീൽ കോടതിയെ അറിയിച്ചതോടെ ആ നിയമയുദ്ധത്തിന് വിരാമമായി. അതിന്റെ കടെയുള്ള വിധിയിലാണ് കുടുംബ കലഹത്തിനിടയിൽ ശ്രീചന്ദിന് മതിയായ ശുശ്രൂഷ ലഭിക്കുന്നില്ല എന്ന ജഡ്ജിയുടെ പരാമർശമുള്ളത്. ആവശ്യത്തിനു സമ്പത്ത് ഉണ്ടായിട്ടും, ഒരു സ്വകാര്യ ചികിത്സാ കേന്ദ്രത്തിൽ അദ്ദേഹത്തെ ബന്ധുക്കൾ എത്തിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്.അതുകൊണ്ടു തന്നെ ഇപ്പോൾ ഉള്ള ആശുപത്രിയിൽ നിന്നും ശ്രീചന്ദിനെ മാറ്റി ഒരു പബ്ലിക് നഴ്സിങ് ഹോമിലാക്കുന്ന കാര്യവും പരിഗണിക്കുന്നു എന്നും അതിലുണ്ട്. ഇംഗ്ലണ്ടിലെയും വെയിൽസിലേയും കോർട്ട് ഓഫ് പ്രൊട്ടക്ഷൻ ജഡ്ജിമാരിൽ ഏറ്റവും മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് ഹെയ്ഡൻ തന്റെ ആശങ്കകൾ രേഖകളിൽ ആക്കിയിട്ടുണ്ട്. നോക്കണം, ശതകോടികളുടെ ആസ്തിയുണ്ടായിട്ടും മതിയായ ചികിത്സ കിട്ടാൻ കോടതി ഇടപടേണ്ടിവരുന്നു.

ഇപ്പോൾ എസ് പി ഹിന്ദുജയുടെ മരണത്തോടെ സഹോദരന്മാരുടെ മനസ്സിൽ മാറ്റം വന്നിരിക്കുമോ. ഇന്ത്യമാത്രമല്ല, ആഗോള വ്യവസായിക ലോകം പോലും ഹിന്ദുജ ഗ്രൂപ്പ് ഒന്നിച്ച് നിൽക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. അത് അനുസരിച്ച് പ്രവർത്തിക്കാൻ അവർക്ക് കഴിയുമോ എന്നാണ് ചോദ്യം.

വാൽക്കഷ്ണം: ലണ്ടൻ കോടതിയിലെ ഹിന്ദുജ കുടുംബത്തിന്റ കോടതി വ്യവഹാരം റിപ്പോർട്ട് ചെയ്തുകൊണ്ട്, പ്രശസ്ത ഫിനാസ് മാനേജ്മെന്റ് സ്ഥാപനമായ ബ്ലൂംബെർഗ് ന്യുസ് പറഞ്ഞ ഒരു വാചകമുണ്ട്. ഇന്ത്യൻ കുടുംബ ബിസിനസുകാർ ഒരിക്കലും മെറിറ്റിന് വില നിൽകുന്നില്ല. മക്കൾ തന്നെ തങ്ങളുടെ കമ്പനിയും നിയന്ത്രിക്കണം എന്നാണ് ഇന്ത്യാക്കാരുടെ വാശി. ഇത് മാറി കഴിവുള്ളവർ അത് കുടുംബത്തിന് പുറത്ത് നിന്നായാൽപ്പോലും തലപ്പത്ത് വരണം എന്നാണ് ബ്ലൂംബെർഗ് എഴുതുന്നത്. ഇക്കാര്യത്തിൽ ടാറ്റ ഒരു മാതൃകയാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.