ലയാളികൾ എന്തും പറയാറുള്ള സ്വാതന്ത്ര്യം കൊടുത്തിരിക്കുന്ന കുറച്ചുപേരെയുള്ളൂ. പകുതി തമാശയും പകുതി കാര്യവുമായി അവർക്ക് എന്തും പറയാം. മുമ്പ് മുസ്ലിം ലീഗ് നേതാവ് സീതിഹാജിക്കം, മുൻ മുഖ്യമന്ത്രി ഇ കെ നായനാർക്കും, അന്തരിച്ച ഇന്നസെന്റിനുമൊക്കെ ഇതുപോലെയുള്ള ഒരു ഇമ്യൂണിറ്റി ഉണ്ടായിരുന്നു. അവർക്ക് ആരെയും വിമർശിക്കാം. പക്ഷേ ഈ ആധുനികകാലത്ത് അതുപോലെയുള്ള ഒരു പ്രിവലേജ് ജനം പതിച്ച് നൽകിയിരിക്കുന്നത് ഒരാൾക്കാണ്. അതാണ് നടനും, തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായി, തിളങ്ങി നിൽക്കുന്ന ശ്രീനിവാസൻ!

മലയാളികളുടെ കാപട്യങ്ങളെയും, പൊങ്ങച്ചങ്ങളെയും, ഇരട്ടത്താപ്പിനെയും, ചോദ്യം ചെയ്യുന്ന വിദൂഷന്റെ വേഷമായിരുന്നു മിക്കപ്പോഴും ശ്രീനിവാസന്. ചാട്ടൂളിപോലെയുള്ള ആക്ഷേപ ഹാസ്യങ്ങൾ അടങ്ങിയ ഒരുപാട് സിനിമകൾ ചെയ്ത ശ്രീനിവാസൻ പക്ഷേ ഇപ്പോൾ വീണ്ടും വിവാദങ്ങളിൽ ആയിരിക്കയാണ്. അസുഖക്കിടക്കയിൽനിന്ന് പുറത്തുവന്നതിനുശേഷം ശ്രീനിവാസൻ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപ്പത്രത്തിലെ 'എക്പ്രസ് ഡയലോഗി'ൽ പറയുന്ന പലകാര്യങ്ങളും വിവാദമായിരിക്കയാണ്.

അഭിമുഖത്തിൽ, അടുത്തകാലത്ത് ശ്രീനിവാസൻ പതിവാക്കിയതുപോലെ, ഒരുകാലത്ത് തന്റെ അടുത്ത സുഹൃത്തായിരുന്ന നടൻ മോഹൻലാലിലെ നിശിതമായ വിമർശിക്കയാണ്. പ്രേംനസീറിനെ അവസാന കാലത്ത് മോഹൻലാൽ അപമാനിച്ചുവെന്നും, അദ്ദേഹം സംവിധാനം ചെയ്യാനിരുന്നു സിനിമക്ക് ഡേറ്റ് കൊടുക്കാതെ തട്ടിക്കളിച്ചുവെന്നുമാണ് ശ്രീനിവാസൻ വെളിപ്പെടുത്തുന്നത്. പക്ഷേ അഭിമുഖത്തിലെ രാഷ്ട്രീയപരമായ ചില കാര്യങ്ങളും സൈബർ ലോകത്ത് വലിയ ചർച്ചയായി. ചെറുപ്പത്തിൽ താൻ കെഎസ്‌യുവും എബിവിപിയും ആയിരുന്നുന്നെ അദ്ദേഹത്തിന്റെ പരാമർശം സൈബർ സഖാക്കൾ ആഘോഷിക്കകയാണ്. കണ്ടില്ലേ ശ്രീനിവാസന്റെ തനിനിറം പുറത്തായി എന്നാണ് അരുടെ വിമർശനം. കാരണം 32 വർഷങ്ങൾക്ക് മുമ്പ് സന്ദേശം എന്ന സിനിമയിലുടെ ശ്രീനിവാസൻ എഴുതിയ, 'താത്വികമായ ഒരു അവലോകനവും', 'പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്' എന്നതൊക്കെയാണ് ഇന്നും സിപിഎമ്മിനെതിരെ സൈബർ ലോകത്ത് കാണുന്ന ഏറ്റവും വലിയ ട്രോളുകൾ. അതുകൊണ്ടുതന്നെ അവരെ സംബന്ധിച്ച് ശ്രീനിവാസനെ സംഘിയാക്കുക എന്നത് അത്യാശ്യമായ കാര്യമാണ്.

കഷടപ്പെട്ട് നേടിയ സിനിമാ ജീവിതം

1956 ഏപ്രിൽ 4-ന് കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് പാട്യത്താണ് ശ്രീനിവാസൻ ജനിച്ചു. പിതാവ് ഉണ്ണി സ്‌കൂൾ അദ്ധ്യാപകനും അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരനുമായിരുന്നു. അമ്മ ലക്ഷ്മി വീട്ടമ്മയായിരുന്നു.ന് ഒരു സഹോദരിയും രണ്ട് സഹോദരന്മാരുമുണ്ട സ്‌കൂൾ ജീവിതം കതിരൂർ ഗവ. സ്‌കൂളിൽ നയിച്ച് ശ്രീനിവാസൻ കലാലയജീവിതം മട്ടന്നൂരിലെ പഴശ്ശിരാജ എൻ. എസ്സ്. എസ്സ്. കോളേജിൽ പൂർത്തിയാക്കുകയും സാമ്പത്തിക ശാസ്ത്രത്തിൽ അവിടെനിന്ന് ബിരുദം നേടുകയും ചെയ്തു. പിന്നീട് 1977 ൽ അദ്ദേഹം മദ്രാസിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ എടുത്തു. പ്രശസ്ത സിനിമാനടൻ രജനികാന്ത് ഉൾപ്പടെയുള്ളവർ അദ്ദേഹത്തിന്റെ സഹപാഠികൾ ആയിരുന്നു. രജനിയുടെ അക്കാലത്തെ ദാരിദ്രവും, അയാളെ സഹായിച്ച നഷ്ടകാമുകിയുടെ കഥയുമെല്ലാം ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്.

സിനിമാമേഖലയിൽ ഗോഡ്ഫാദർമാർ ആരുമില്ലാത്തതിനാൽ കഷ്ടപ്പെട്ടാണ് അദ്ദേഹം കയറി വന്നത്. മദിരാശിയിലെ ആ പട്ടിണിക്കാലം അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ആദ്യം അവാർഡ് സിനിമകളിയാണ് ശ്രീനിവാസന് അവസരം കിട്ടുന്നത്. ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1976 ൽ പി. എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് കടക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന് അഭിനയ പാഠങ്ങൾ പഠിപ്പിച്ചത് പ്രധാനമായും അവിടുത്തെ അക്കാലത്തെ വൈസ് പ്രിൻസിപ്പൾ ആയിരുന്ന എ. പ്രഭാകരൻ ആയിരുന്നു. പിന്നീട് അദ്ദേഹം തന്നെ ശ്രീനിവാസന് തന്റെ തന്നെ മേള എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കൊടുക്കുകയും ചെയ്തു.

ഒരു മികച്ച ഡബ്ബിങ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോർജ്ജിന്റെ മേള എന്നീ ചിത്രങ്ങളിൽ മമ്മുട്ടിക്കുവേണ്ടിയും, ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്. പുല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു.


സന്ദേശത്തിലെ ഏവർഗ്രീൻ ട്രോളുകൾ

കുറച്ചു ചെറിയ വേഷങ്ങൾക്കു ശേഷം ശ്രീനി 1984ൽ 'ഓടരുതമ്മാവാ ആളറിയാം' എന്ന സിനിമക്ക് കഥ എഴുതി. അഭിനയിക്കാനെത്തിയ തന്നെ ഈ ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശനാണ് തിരക്കഥാകൃത്ത് ആക്കിയതെന്ന് ശ്രീനിവാസൻ പറയും. കാരണം ചിത്രത്തിന് തിരക്കഥ അപ്പോൾ ഉണ്ടായിരുന്നില്ല. തനിക്ക് വേഷം വേണമെങ്കിൽ കഥയുണ്ടാക്കിക്കോ എന്ന പ്രിയൻ പറഞ്ഞപ്പോഴാണ് ശ്രീനിവാസൻ രചനാമേഖലയിലേക്ക് ഇറങ്ങുന്നത്. അതും ഒരു ചരിത്രമായി. പിന്നീടങ്ങോട്ട് ഒന്നാന്തരം ചിത്രങ്ങൾ ശ്രീനിവാസന്റെ തിരക്കഥയിൽ പിറന്നു.

മുത്താരംകുന്ന് പി.ഒ തൊട്ട് ഞാൻ പ്രകാശൻ തുടങ്ങി ശ്രീനിവാസന്റെ തൂലികയിൽ പിറന്ന മിക്ക ചിത്രങ്ങളും ഹിറ്റാണ്. ശ്രീനിവാസൻ ചരിച്ച് സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ രണ്ടു ചിത്രങ്ങളും പ്രേക്ഷക പിന്തുണയും അവാർഡുകളും കിട്ടിയവയാണ്.

പക്ഷേ ഇതിനെല്ലാം കവച്ചുവെക്കുന്ന ചിത്രമാണ് മലയാളത്തിലെ എവർഗ്രീൻ പൊളിറ്റിക്കൽ സറ്റയർ ആയി കണക്കാക്കപ്പെടുന്ന സന്ദേശം. 90കളിലെ ഉദാരീകരണ കാലഘട്ടത്തിലെ രാഷ്ട്രീയ അവസ്ഥകൾ നർമ്മത്തിൽ ചാലിച്ച് അവതിരിപ്പിക്കയായിരുന്നു ശ്രീനിവാസൻ. ലോകത്തിൽ ആദ്യമായി കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ പ്രതിവിപ്ലവം തുടങ്ങുന്നത് പോളണ്ടിലാണ്.

അതുകൊണ്ടുതന്നെ പ്രഭാകരൻ കോട്ടപ്പള്ളിയെന്ന ശ്രീനിവാസന്റെ, കുത്തക മുതലാളിമാർ എന്ന കേട്ടാൽ ഞെട്ടുന്ന കഥാപാത്രം നടത്തിയ 'പോളണ്ടിനെകുറിച്ച് ഒരക്ഷരം മിണ്ടരുത്' എന്ന വാക്ക് ഇന്നും ട്രോൾ ആവുന്നു. സിനിമിലെ മാർക്സിറ്റ് താത്വികാചാര്യനായ ശങ്കരാടി നടത്തുന്ന ത്വാതിക അവലോകനവും ചിരിപ്പക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനൊക്കെ വലിയ ത്വാതിക പ്രശ്നങ്ങൾ പറയുമ്പോൾ അതിന്റെ അടിയിൽ ഇപ്പോഴും, 'വിഘടനവാദികളും പ്രതിക്രിയാവാദികളും' എന്ന ഡയലോഗ് ഇപ്പോഴും നിറയാറുണ്ട്. 'സന്ദേശ'ത്തിൽ ഒരുപാർട്ടി പ്രവർത്തകന്റെ ഡയലോഗ് ഇങ്ങനെ: 'പണ്ടൊക്കെ നമ്മുടെ പാർട്ടി എന്നു പറഞ്ഞാൽ നാട്ടിൽ ആരെങ്കിലും മരിച്ചാൽ അവിടെ ഓടിയെത്തി വിറക് വെട്ടിക്കൊടുക്കും; ഒരു വീട്ടിൽ കല്യാണം വന്നാൽ ആദ്യാവസാനം നമ്മളവിടെ ഉണ്ടാകും. ഡോക്ടറെ വിളിക്കാനും രോഗിയെ ആശുപത്രിയിലെത്തിക്കാനും മുൻപന്തിയിൽ കാണും. ഇപ്പോഴതൊന്നുമില്ല. അതുകൊണ്ടാ ഞാൻ പറഞ്ഞത് ആർഡിപിക്ക് അടിത്തറയില്ലെന്ന്.' സിപിഎം സമീപകാലത്ത് നടത്തിയ ആത്മവിമർശനങ്ങളുമായി ചേർത്തുവായിക്കാം ഈ ഡയലോഗിനെ. ആ ഒരൊറ്റ സിനിമകൊണ്ട് ശ്രീനിവാസൻ സിപിഎമ്മിന്റെ ശത്രുപക്ഷത്തായി.

'അലോപ്പതി മരുന്നുകൾ കടലിൽ എറിയണം'

പക്ഷേ ശ്രീനിവാസൻ സിനിമകളേക്കാൾ അടുത്തകാലത്ത് ചർച്ചചെയ്യപ്പെട്ടത് അദ്ദേഹത്തിന്റെ നിലപാടുകൾ ആയിരുന്നു. ചിലപ്പോഴൊക്കെ തീർത്തും നെഗറ്റീവായ കാര്യങ്ങൾ അദ്ദേഹം പറഞ്ഞു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്, ആധുനിക മരുന്നുകള്ളോടുന്ന ഭീതി. ഇവ കാൻസർ ഉണ്ടാക്കുന്നവയാണെന്നും, അലോപ്പതി മരുന്നുകൾ കടലിൽ എറിയണം എന്നും ശ്രീനിവാസൻ പറഞ്ഞത് വൻ വിമർശനത്തിന് ഇടയാക്കി. പക്ഷേ ശ്രീനിവാസന് അസുഖം വന്ന് മരണാസന്നനായാപ്പോൾ പ്രവേശിപ്പിച്ചത് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ആയിരുന്നു!

എന്നാൽ ഇപ്പോൾ ഇന്ത്യൻ എക്പ്രസിന് കൊടുത്ത വിവാദ അഭിമുഖത്തിൽ അദ്ദേഹം മലക്കം മറിയുകയാണ്. ഇംഗ്ലീഷ് മരുന്നകളെ വിമർശിച്ചെന്ന വാദം അദ്ദേഹം തള്ളി. 'ഞാൻ ഒരിക്കലും ഇംഗ്ലീഷ് മരുന്നുകളെ വിമർശിച്ചിട്ടില്ല, ആ മേഖലയിൽ ഒരുപാട് പരീക്ഷണങ്ങളും വികസനങ്ങളും നടക്കുന്നുന്നുണ്ടെന്നും' അദ്ദേഹം പറഞ്ഞു. പക്ഷേ ശ്രീനിവാസൻ പറഞ്ഞത് പച്ചക്കള്ളമാണെന്ന് അദ്ദേഹം അലോപ്പതി മരുന്നുകളെ വിമർശിച്ചിട്ടുള്ളതിന്റെ ക്ലിപ്പ് സഹിതം പലരും സോഷ്യൽ മീഡിയയിൽ പോസ്റ്റുന്നുണ്ട്.

കോവിഡ് കാലത്ത്, നടൻ ശ്രീനിവാസൻ എഴുതിയ കുറിപ്പിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. മാധ്യമം പത്രത്തിലാണ് വൈറ്റമിൻ സി കൊറോണയെ പ്രതിരോധിക്കുമെന്നും, ഹോമിയോയിൽ കോവിഡ് 19ന് മരുന്നുണ്ട് എന്നുമെല്ലാം ശ്രീനിവാസൻ തട്ടിവിട്ടത്. ഇതിനെതിരെ ഡോക്ടർമാർ ഉൾപ്പെടെ ശ്രീനിവാസനെതിരെ രംഗത്തെത്തി. ഒരു ഡോക്ടറുടെ പേരിൽ പുറത്ത് വന്ന വ്യാജ സന്ദേശമാണ് ശാസ്ത്രീയ സത്യമെന്ന രീതിയിൽ, ശ്രീനിവാസൻ പറഞ്ഞത്.



അതുപോലെ ഒരുകാലത്ത് ജൈവകൃഷിയുടെയും ശക്തനായ വക്താവായിരുന്നു ശ്രീനിവാസൻ. ഇത് തീർത്തും അശാസ്ത്രീയമാണെന്നും ആവശ്യത്തിന് വളവും കീടനാശിനിയും ചേർത്തുകൊണ്ടുള്ള ശാസ്ത്രീയ കൃഷിയാണ് വേണ്ടതെന്നുമുള്ള, കാർഷിക ശാസ്ത്രജ്ഞരുടെ വാദം അദ്ദേഹം ചെവിക്കൊണ്ടില്ല. എന്നാൽ ഇന്ത്യൻ എക്പ്രസിലെ വിവാദ അഭിമുഖത്തിൽ അദ്ദേഹം ജൈവകൃഷി ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കിയത്. കൃഷി ചെയ്ത് കുറേ പണം നഷ്ടമായി അതോടെ ആ പരിപാടി നിർത്തിയെന്നും അദ്ദേഹം പറഞ്ഞു. 'ജൈവകൃഷി ചെയ്ത് എന്റെ ഒരുപാട് പണം പോയി, അതുകൊണ്ടാണ് അത് അവസാനിപ്പിച്ചത്. ഞാൻ അതിൽ തോറ്റു പോയിരിക്കാം പക്ഷേ മുന്നോട്ട് പോകാനുള്ള ശരിയായ മാർഗം അതു തന്നെയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു' ശ്രീനിവാസൻ പറഞ്ഞു. മാർക്കറ്റിങ് അറിയാവുന്നവർക്ക് ജൈവകൃഷി നല്ലതാണ്. എന്നാൽ തനിക്ക് അതിൽ അത്ര പരിചയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ശ്രീലങ്കയടക്കമുള്ള രാജ്യങ്ങൾ ജൈകൃഷി നടത്തി ആകെ പാപ്പരായ അവസ്ഥയും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.


നിന്നത് ദിലീപിനൊപ്പം

നടിയെ അക്രമിച്ച കേസിൽ ജയിലിൽ കഴിഞ്ഞ നടൻ ദിലീപിനെ പിന്തുണച്ച് ശ്രീനിവാസൻ രംഗത്തുവന്നതും വൻ വിവാദമായി. 'പൾസർ സുനിയെ പോലെ ഒരാൾക്ക് കോടികൾ കൊടുക്കുന്ന ആളല്ല താനറിയുന്ന നടൻ ദിലീപ്' എന്നായിരുന്നു ശ്രീനിവാസന്റെ പ്രതികരണം. ഇത് വലിയ വിവാദമായി.

വിമൻ ഇൻ സിനിമ കലക്ടീവിനെതിരെയും ശ്രീനിവാസൻ തുറന്നവിമർശനം ഉന്നയിച്ചു. ഡബ്യു.സി.സിയുടെ ആവശ്യവും ഉദ്ദേശ്യവുമെന്തെന്ന് മനസിലാകുന്നില്ല. തുല്യവേതനമെന്ന ആവശ്യവും സിനിമാംഗത്ത് സ്ത്രീകൾക്കുനേരെയുള്ള ചൂഷണവും സംബന്ധിച്ച് വിമൻ ഇൻ സിനിമ കലക്ടീവ് ഉന്നയിച്ച വിമർശനങ്ങളെയും ശ്രീനിവാസൻ തള്ളി. ഒരു സംഘടനയേയും നശിപ്പിക്കാനല്ല താൻ സംസാരിക്കുന്നതെന്നും ചിലകാര്യങ്ങൾക്ക് അതിർവരമ്പുകളുള്ളതുകൊണ്ട് കൂടുതൽ പറയുന്നില്ലെന്നും ശ്രീനിവാസൻ പ്രതികരിച്ചു. ഇതിനെതിരെ വനിതാ സംഘടനകളും രംഗത്ത് എത്തിയിരുന്നു.

അതിനിടെ കേരളത്തിലെ അംഗൻവാടി ടീച്ചർമാരെ ആക്ഷേപിച്ചുവെന്ന് പറഞ്ഞും ശ്രീനിവാസൻ നിയമനടപടി നേരിട്ടു. കേരളത്തിലെ അംഗൻവാടി ടീച്ചർമാർക്ക് വേണ്ടത്ര വിദ്യാഭ്യാസ യോഗ്യത ഇല്ലെന്നും, അതുകൊണ്ട് തന്നെ അവരുടെ അറിവും ശീലവുമാണ് കുട്ടികൾക്ക് ആദ്യമെ പകർന്ന് കിട്ടുന്നതെന്നും, അതിന് മാറ്റമുണ്ടാക്കുകയാണ് ഈ നാട്ടിലെ പരിഷ്‌കാരങ്ങളുടെ തുടക്കമാവേണ്ടത് എന്നുമാണ് അദ്ദേഹം ഒരിക്കൽ പറഞ്ഞത്. അതിന് ഉദാഹരണമായി അദ്ദേഹം ജപ്പാനെ ചൂണ്ടിക്കാണിച്ചു. ഈ അഭിപ്രായ പ്രകടനം അംഗൻവാടി ടീച്ചർമാരെ അധിക്ഷേപിക്കുന്നതിന് തുല്യമാണ് എന്ന വാദം ഉയർത്തിക്കൊണ്ടാണ് അവർ പരാതി കൊടുത്തത്. പക്ഷേ മൊത്തതിൽ കേട്ടാൽ ഇത് സദുദ്ദേശത്തോടെ പറഞ്ഞതാണെന്ന് വ്യക്തമാണ്. അംഗൻവാടി ടീച്ചർമാരുടെ നിലവാരം വർധിപ്പിക്കണം എന്നല്ലാതെ അവരെ ആക്ഷേപിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടില്ലായിരുന്നു.


മോൺസനിൽ നാണക്കേട്

പുരാവസ്തു വിൽപ്പനയുടെ മറവിൽ കോടികളുടെ തട്ടിപ്പു നടത്തിയ മോൺസൻ മാവുങ്കലുമായുള്ള ബന്ധമാണ് നടൻ ശ്രീനിവാസനെ ശരിക്കും നാണക്കേടിലാക്കിയത്. മറ്റുള്ളവരെ ട്രോളാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കത്ത ശ്രീനിവാസന് ഇതുപോലെ ഒരു ഗജഫ്രോഡിനെ തിരിച്ചറിയാൻ പറ്റിയില്ലേ എന്നാണ് ചോദ്യം.''പുരാവസ്തു ശേഖരം ഉണ്ട് എന്ന് അറിഞ്ഞാണ് പോയത്. അവിടെ വച്ച് പുരാവസ്തുവിനെ കുറിച്ചല്ല സംസാരിച്ചത്. തന്റെ അസുഖത്തെ കുറിച്ചാണ് സംസാരിച്ചത്. അന്ന് തനിക്ക് സുഖമില്ലാത്ത സമയമായിരുന്നു. രോഗിയായ ഞാൻ ഡോക്ടറെ കാണുന്നത് തെറ്റില്ലല്ലോ. അന്ന് വ്യാജ ഡോക്ടറാണ് എന്ന് അറിഞ്ഞിരുന്നില്ല.
തുടർന്ന് ഹരിപ്പാട്ട് ഒരു ആയുർവ്വേദ ആശുപത്രിയുണ്ടെന്നും വിളിച്ചുപറയാമെന്നും പറഞ്ഞു. അതനുസരിച്ച് പത്തു, പതിനഞ്ച് ദിവസം അവിടെ ചികിത്സയ്ക്കായി തങ്ങി. അവിടത്തെ ചികിത്സയ്ക്കുള്ള പണം നൽകിയത് മോൺസനാണ്. പണം അടയ്ക്കാൻ ചെന്നപ്പോഴാണ് മോൺസൻ പണം അടച്ച കാര്യം അറിയുന്നത്. പിന്നീട് അദ്ദേഹത്തെ കണ്ടിട്ടില്ല. തട്ടിപ്പുകാരനാണ് എന്ന് അറിഞ്ഞിരുന്നില്ല'- ശ്രീനിവാസൻ പറയുന്നു.

അതേസമയം മോൺസനെതിരെ പരാതി നൽകിയവർക്കെതിരെയും നടൻ രംഗത്തുവന്നു. ഈ രണ്ടു പേരും ഫ്രോഡുകളാണെന്ന് അദ്ദേഹം പറഞ്ഞു. പണത്തോട് അത്യാർത്തിയുള്ളവരാണ് മോൺസന് പണം നൽകിയത്. മോൺസനെ പറ്റിക്കാം എന്ന ചിന്തയാണ് അവർക്ക് ഉണ്ടായിരുന്നതെന്നും ശ്രീനിവാസൻ പറഞ്ഞു. അതിൽ ഒരാളെ നേരിട്ട് അറിയാം. അമ്മാവനെ വരെ പറ്റിച്ചയാളാണ്. സിനിമയെടുക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് സുഹൃത്തിന് മോൺസൻ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തതായും ശ്രീനിവാസൻ പറഞ്ഞിരുന്നു. പക്ഷേ മോൺസന് പണം കൊടുത്തവർ ഫ്രോഡുകളാണെന്ന് പറഞ്ഞത് പ്രശ്നമായി. അവർ താരത്തിനെതിരെ കേസ് കൊടുക്കുമെന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു.

കോപ്പിയടി ആരോപണവും

പലതവണ കോപ്പിയടി വിവാദങ്ങളും ശ്രീനിവാസന്റെ പേരിൽ ഉണ്ടായിട്ടുണ്ട്. 'നാടോടിക്കാറ്റ്' എന്ന സൂപ്പർ ഹിറ്റ് ചലച്ചിത്രത്തിന്റെ കഥ സിദ്ദിഖിന്റെയും ലാലിന്റെയും കൈയിൽനിന്ന് ശ്രീനിവാസൻ അടിച്ചുമാറ്റി സ്വന്തംപേരിൽ ആക്കിയെന്നത് മലയാള ഇൻഡസ്ട്രിയിൽ പരസ്യമായ രഹസ്യമാണ്. ഇതിന്റെ പേരിൽ വിവാദങ്ങളും ഉണ്ടായിരുന്നു. ഈയിടെ ഒരു അഭിമുഖത്തിലും സംവിധായകൻ സിദ്ദീഖ് ഈ അനുഭവം പറഞ്ഞു. '' നിങ്ങളുടെ കഥ ജനങ്ങൾക്ക് ഇഷ്ടമാവും എന്ന് ഉറപ്പായില്ലേ എന്നും, ഇനി ഇതിന്റെ പിറകിൽ പോവേണ്ട കാര്യമില്ല എന്ന് ഫാസിൽ സാർ പറഞ്ഞതുകൊണ്ടുണാണ്' ഞങ്ങൾ അത് ഉപേക്ഷിച്ചതെന്ന് സിദ്ദീഖ് പറയുന്നു. പിന്നീട് ശ്രീനിവാസനും, സിദ്ദീഖ്-ലാലും സുഹൃത്തുക്കൾ ആയതും അവരുടെ സിനിമയിൽ അദ്ദേഹം അഭിനയിച്ചതും വേറെ കാര്യം.

തനിക്ക് പലയിടത്തുനിന്നായി കിട്ടുന്ന ത്രെഡുകൾ അതേപടി അടിച്ചുമാറ്റുക ശ്രീനിവാസന്റെ ഒരു സഥിരം പരിപാടിയാണെന്ന് പലയിടത്തുനിന്നും വിമർശനം ഉയരാറുണ്ട. 'കഥ പറയുമ്പോൾ' എന്ന മമ്മൂട്ടിയുടെ ഹിറ്റ് സിനിമ ഇറങ്ങിയപ്പോഴും ഇതേ വിവാദം ഉണ്ടായതി. സത്യചന്ദ്രൻ പൊയിൽക്കാവ് എന്ന കോഴിക്കോട്ടെ, ചെരിപ്പിടാതെ നടക്കുന്ന നിർധനനായ കവി, വെള്ളിനക്ഷത്രം സിനിമവാരികയിൽ എഴുതിയ കഥയുടെ അടിസഥാനമാക്കിയാണ് ഈ ചിത്രമെന്ന് ആരോപണം ഉയർന്നു. മഹാനടൻ എന്ന സത്യചന്ദ്രന്റെ കഥയിൽ ബാർബർ ബാലൻ എന്ന പേരുപോലും ഉണ്ട്.

ഒരു സിനിമാ സംഘം ഒരു ഗ്രാമത്തിൽ ഷൂട്ടിങ്ങിന് എത്തുന്നതും അവിടെവെച്ച് നടൻ ബാർബർ ബാലനെന്ന പഴയ സുഹൃത്തിനെ തിരിച്ചറിയുന്നതും ആയിരുന്നു കഥ. സിനിമ ഇറങ്ങിയതോടെ ഇത് വിവാദമാവുകയും ചില മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തതോടെ, ''അവനോട് ഒരു ചാക്കുമായി വരാനും, പണം ഞാൻ കൊടുക്കാം' എന്ന് പറഞ്ഞ് അപമാനിക്കയുമാണ് ശ്രീനിവാസൻ ചെയ്തതെന്നും സത്യചന്ദ്രൻ പൊയിൽക്കാവ് ആരോപിച്ചിരുന്നു.

സൂപ്പർസ്റ്റാർ സരോജ് കുമാർ

ഈ അടുത്തകാലത്തായി എന്തുചെയ്താലും മോഹൻലാലിലെ ലക്ഷ്യം വെച്ചുകൊണ്ടാണ് ശ്രീനിവാസൻ പ്രവർത്തിക്കുക എന്ന് ആരോപണമുണ്ട്. നിരവധി അഭിമുഖങ്ങളിൽ അദ്ദേഹം മോഹൻലാലിനെ കൊച്ചാക്കുന്ന രീതിയിൽ പാതി തമാശയും പാതി കാര്യവുമായി പറയാറുണ്ട്. ഇതിനെല്ലാം പുറമെ, ആ മഹാനടനെ അതിനിന്ദ്യമായി അധിക്ഷേപിക്കുന്ന രീതിയിൽ 'പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ' എന്ന ചിത്രവും ചെയ്തു. എന്നിട്ടും ലാൽ ശ്രീനിവാസനെതിരെ ഒന്നും പറഞ്ഞിട്ടില്ല.

ഇപ്പോൾ വിവാദമായ ഇന്ത്യൻ എക്പ്രസ് അഭിമുഖത്തിലും, കിട്ടിയ സമയത്ത് ശ്രീനിവാസൻ മോഹൻലാലിനിട്ട് കുത്തുന്നുണ്ട്. പ്രേം നസീറിന്റെ അവസാന ആഗ്രഹം ഇല്ലാതാക്കിയത് ലാൽ ആണെന്നാണ് ശ്രീനിവാസൻ പറയുന്നത്. മോഹൻലാലിനെ വച്ച് ശ്രീനിവാസന്റെ കഥയിൽ സിനിമ ചെയ്യുക എന്നതായിരുന്നു പ്രേം നസീറിന്റെ ആഗ്രഹം. അത് മോഹൻലാൽ നിഷ്‌ക്കരുണം തട്ടിത്തെറുപ്പിച്ചുവെന്നാണ് ശ്രീനിവാസന്റെ വെളിപ്പെടുത്തൽ. വയസ്സ് അറുപതുകളിൽ എത്തിയപ്പോഴാണ്, നസീറും സംവിധായകനായാകൻ ആഗ്രഹിച്ചത്. അന്ന് 'വയസ്സുകാലത്ത് ഇങ്ങേർക്ക് വേറെ പണിയൊന്നുമില്ലേ' എന്ന് നസീറിനെ അപമാനിക്കും വിധം മോഹൻലാൽ ചോദിച്ചെന്നാണ് ശ്രീനിവാസന്റെ വെളിപ്പെടുത്തൽ.

''നസീറിന് വേണ്ടി കെ ആർ ജി.. പ്രൊഡ്യൂസർ എന്ന പ്രൊഡ്യൂസറാണ് നടക്കുന്നത്. പുള്ളിയുടെ എക്‌സിക്യൂട്ടീവ് നടരാജ് എന്നൊരാൾ ഉണ്ട്. സെറ്റിലെത്തി മോഹൻലാലിനെ കാണും പോകും. ലാൽ ഒന്നും പറയില്ല. നസീർ സാറിന്റെ പടമായതു കൊണ്ട് ചെയ്യും എന്ന് എല്ലാവരേയും കരുതി. എന്നോട് പറഞ്ഞത് ഞാനാരോടും പറഞ്ഞില്ല. ഒരു ദിവസം നാടരാജ് ലാലിനെ കണ്ടിട്ട് എന്റെ അടുത്തു വന്നു. ലാൽ തട്ടിക്കയറി എന്ന് പറഞ്ഞു. ഇന്ന് പുള്ളി എന്നോട് എന്റ് ഡേറ്റിന് വേണ്ടി നടന്നിട്ട് കാര്യമില്ല.... കഥയില്ലല്ലോ... ഏത് കഥ.. എന്നൊക്കെ ലാൽ ചോദിച്ചെന്ന് നടരാജൻ പറഞ്ഞു. അങ്ങനെ കുറ്റവാളി ഞാനായി''-ശ്രീനിവാസൻ പറയുന്നു.
അതോടെ അതുവരെ ആലോചിച്ച കഥ ഞാൻ നടരാജനോട് പറഞ്ഞു. കഥ എഴുതാമെന്നും പറഞ്ഞു. ആ കഥയാണ് സത്യത്തിൽ സന്ദേശമായി മാറിയത്-ശ്രീനിവാസൻ പറയുന്നു.

'പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ' എന്ന സിനിമയെടുക്കാൻ പ്രചോദനമായ കാര്യവും ശ്രീനിവാസൻ ഈ അഭിമുഖത്തിൽ പറയുന്നുണ്ട്. '' രാജീവ് നാഥ് എന്നൊരു സംവിധായകനുണ്ട്. പുള്ളി കഴക്കൂട്ടം സൈനിക സ്‌കൂളിൽ പഠിച്ചതാണ്. കപിൽ ദേവിന് കേണൽ പദവി കിട്ടിയപ്പോൾ മോഹൻലാൽ ലണ്ടനിലാണ്. അവിടെ നിന്ന് മോഹൻലാൽ രാജീവ് നാഥിനെ വിളിച്ചു. താൻ ഒരുപാട് സിനിമകളിൽ സൈനികനായി അഭിനയിച്ചിട്ടുണ്ടെന്നും തനിക്ക് കേണൽ പദവി ലഭിക്കാൻ സാധ്യതയുണ്ടോ എന്നും ചോദിച്ചു. ഇവർ ശ്രമിച്ചിട്ടാണ് ഈ അവാർഡുകളൊക്കെ വാങ്ങുന്നത് എന്നതാണ് സിനിമയെടുക്കാനുള്ള എന്റെ പ്രചോദനം. ഇത് രാജീവ് നാഥ് തന്നെ തുറന്നു പറഞ്ഞ കാര്യമാണ്. ഇതിലൂടെ എനിക്ക് മനസിലായി ഈ പുരസ്‌കാരങ്ങളെല്ലാം വെറുതെ ഇരുന്ന് കിട്ടുന്നതല്ല, പരിശ്രമിച്ച് വാങ്ങിയെടുക്കുന്നതാണെന്ന്. അതിനെ പരിഹസിക്കാൻ നമുക്ക് തോന്നുന്നത് തെറ്റല്ലല്ലോ- ശ്രീനിവാസൻ പറഞ്ഞു.

ഈ സിനിമ കാരണം മോഹൻലാലുമായുള്ള ബന്ധം മോശമായില്ലേ എന്ന ചോദ്യത്തിന് അല്ലെങ്കിലും ആ ബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് ശ്രീനിവാസൻ പറഞ്ഞത്. നിരവധി പ്രശ്‌നങ്ങൾ മോഹൻലാലുമായി ഉണ്ടായിരുന്നെന്നും അല്ലെങ്കിലായിരുന്നു പ്രശ്‌നം കൂടുതലെന്നും താരം കൂട്ടിച്ചേർത്തു.

എബിവിപിയിൽ നിന്ന് ട്വന്റി 20യിലേക്ക്

ഈ അഭിമുഖത്തിൽ രാഷ്ട്രീയവും ശ്രീനിവാസൻ സംസാരിക്കുന്നുണ്ട്. അധികാരം രാഷ്ട്രീയക്കാരെ അഴിമതിക്കാരാക്കുന്നുവെന്ന് ശ്രീനിവാസൻ പറയുന്നു. 'ഇന്ന് നല്ലൊരു രാഷ്ട്രീയക്കാരനെ ചൂണ്ടിക്കാണിക്കാൻ കഴിയുമോ?' ഭരണം കയ്യിൽ കിട്ടുന്നത് വരെ രാഷ്ട്രീയക്കാർ എല്ലാവർക്കും ഒരു ഭാഷയാണ്, 'പാവങ്ങളുടെ ഉന്നമനം'. ഭരണത്തിൽ വന്നു കഴിഞ്ഞാൽ അവരുടെ തനിനിറം കാണാം-ശ്രീനിവാസൻ വിശദീകരിക്കുന്നു. നേരെത്തെയും സമൂഹത്തെ കാർന്ന് തിന്നുന്ന അഴിമതിക്കെതിരെ ശ്രീനിവാസൻ പ്രതികരിച്ചിരുന്നു.

അതിൽ പലപ്പോഴും പ്രകോപിതർ ആയത് സിപിഎം ആയിരുന്നു. കണ്ണൂരിൽ കള്ളവേട്ട് ഇല്ല എന്നൊക്കെപ്പറഞ്ഞ് വലിയ ചർച്ച നടക്കുന്ന സമയത്താണ്, മുപ്പതുകൊല്ലം മുൻപ് തനിക്കും ഒരു കള്ളവോട്ടനുഭവവും ഉണ്ടായതായി ശ്രീനിവാസൻ വെളിപ്പെടുത്തിയത്. വോട്ട് ചെയ്യാൻ ചെന്നൈയിൽ നിന്നെത്തിയപ്പോൾ തന്റെ വോട്ട് മറ്റാരോ ചെയ്തുകഴിഞ്ഞിരുന്നുവെന്ന് അദ്ദേഹം പറഞ്ഞപ്പോൾ സിപിഎം അണികൾ ബ്ലീച്ചായി. നേരത്തെ മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ ഉന്നയിച്ച ചില കാര്യങ്ങളും സിപിഎമ്മിന് വലിയ തിരിച്ചടിയായിരുന്നു. താൻ കൈരളി ടിവിക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനെ മുമ്പ് അഭിമുഖം ചെയ്തപ്പോൾ ചാനൽ, എക്സ്പ്രസ് ഹൈവേയുമായി ബന്ധപ്പെട്ട തന്റെ ചോദ്യം എഡിറ്റ് ചെയ്തുവെന്നാണ് ശ്രീനിവാസൻ വെളിപ്പെടുത്തിയത്.

പക്ഷേ അപ്പോഴും ശ്രീനിവാസൻ ഇടതുപക്ഷ അനുഭാവി ആയിരുന്നു എന്നാണ് പലരും പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ മകൻ ധ്യാൻ ശ്രീനിവാസനും ഒരു അഭിമുഖത്തിൽ ഇത് പറയുന്നുണ്ട്. എന്നാൽ താൻ ചെറുപ്പത്തിൽ കെഎസ്‌യുവും എബിവിപിയും ആയിരുന്നെന്നാണ് ഇന്ത്യൻ എക്സപ്രസ് അഭിമുഖത്തിൽ ശ്രീനിവാസൻ സമ്മതിക്കുന്നത്.
''എന്റെ കുടുംബത്തുള്ള എല്ലാവരും വലിയ കമ്മ്യൂണിസ്റ്റുകാരായതുകൊണ്ട് മാത്രമാണ് ഞാൻ കമ്മ്യൂണിസ്റ്റായത്. അമ്മയുടെ വീട്ടുകാർ കോൺഗ്രസ് അനുഭാവികളായിരുന്നു. അവരുടെ സ്വാധീനത്തിൽ കോളജ് പഠനകാലത്ത് ഞാൻ ഒരു കെഎസ്‌യു പ്രവർത്തകനായിരുന്നു. പിന്നീട് എബിവിപി പ്രവർത്തകനായി. അന്ന് രാഷ്ട്രീയ ബോധം ഉണ്ടായിരുന്നില്ല. എന്താകാനും തയ്യാറായിരുന്നു. എന്റെ പ്രദേശത്ത് ആദ്യമായി കയ്യിൽ രാഖി കെട്ടിക്കൊണ്ട് പോയ വ്യക്തി ഞാൻ ആണ്. സുഹൃത്തുക്കൾ അത് മുറിച്ച് മാറ്റാൻ ഒരുപാട് ശ്രമിച്ചു. ഒടുവിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിന്തിരിപ്പിച്ചത്'- ശ്രീനിവാസൻ പറഞ്ഞു. 'സന്ദേശം സിനിമയിൽ കാണിച്ചിരിക്കുന്നത് എന്റെ ജീവിതത്തിൽ നിന്നും പകർത്തിയതാണ്. സഹോദരൻ കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. അക്കാലത്ത് ഞാൻ എബിവിപി പ്രവർത്തകനും. ആ സിനിമയിൽ കാണിക്കുന്നതെല്ലാം എന്റെ വീട്ടിൽ അരങ്ങേറിയതാണ്''-ശ്രീനിവാസൻ പറയുന്നു.

ഏറ്റവും ഒടുവിലായി ശ്രീനിവാസൻ ട്വന്റി ട്വന്റി പാർട്ടിയുടെ വേദിയിൽ എത്തിയപ്പോഴും സിപിഎം പ്രവർത്തകർ അദ്ദേഹത്തിനുനേരെ തിരിഞ്ഞു. ട്വന്റി 20 കേരളയിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്താണ് ശ്രീനിവാസൻ പ്രഖ്യാപിച്ചത്. മതനിരപേക്ഷത, സുസ്ഥിര വികസനം തുടങ്ങിയ വാദങ്ങൾ തട്ടിപ്പാണെന്നും കേരളമൊട്ടാകെ മാതൃകയാക്കാവുന്നതാണ് ട്വന്റി-ട്വന്റി മോഡലെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു.

ചലച്ചിത്ര താരങ്ങളുടെ രാഷ്ട്രീയപ്രവേശനത്തെയും നേരത്തെ ശ്രീനിവാസൻ രൂക്ഷമായി വിമർശിച്ചിരുന്നു. പാർട്ടികളെ കുറിച്ച് തിരിച്ചറിവ് ഇല്ലാത്തതിനാലാണ് അവർ അംഗത്വം സ്വീകരിക്കുന്നതെന്നും അവർക്കെല്ലാം നല്ല ബുദ്ധി തോന്നുമെന്നാണ് പ്രതീക്ഷയെന്നും ശ്രീനിവാസൻ വ്യക്തമാക്കി.നവോത്ഥാനം എന്താണെന്ന് തനിക്കറിയില്ലെന്നും ച്യവനപ്രാശം ലേഹ്യം പോലെയുള്ള സാധനമാണോ നവോത്ഥാനമെന്നും ശ്രീനിവാസൻ പരിഹസിച്ചിരുന്നു. മതനിരപേക്ഷത, സുസ്ഥിര വികസനം തുടങ്ങിയ വാദങ്ങൾ തട്ടിപ്പാണെന്നും അദ്ദേഹം പറയുന്നു. ഇതെല്ലാമാണ് അദ്ദേഹത്തെ അരാഷ്ട്രീയ വാദി എന്ന വിളിപ്പേരിന് അർഹനാക്കിയത്. ഇപ്പോൾ ശ്രീനിവാസൻ ട്വന്റി 20 എന്ന പാർട്ടിയിൽ ഉണ്ടോ എന്നുപോലും വ്യക്തമല്ല.

പക്ഷേ സിപിഎമ്മിനെ സംബന്ധിച്ച് വീണുകിട്ടിയ ഒരു വടിയാണ് താൻ എബിവിപിക്കാരനായിരുന്നു എന്ന ശ്രീനിവാസന്റെ വെളിപ്പെടുത്തൽ. കേരളത്തിൽ ഒരാൾക്ക് സംഘി ചാപ്പ അടിച്ചുകൊടുത്താൽ അയാൾ ഇതുവരെ ഉണ്ടാക്കിയ എല്ലാ നേട്ടങ്ങളെയും റദ്ദാക്കി, ഒരു ചർച്ചക്ക്പോലും എടുക്കാൻ കൊള്ളരുതാത്തവനാക്കി മാറ്റാൻ കഴിയും. ആ രീതിയിലുള്ള ഒരു സൈബർ ആക്രമണമാണ് ഇപ്പോൾ സിപിഎം അണികളിൽനിന്ന് ഈ നടൻ നേരിടുന്നത്. ശ്രീനിവാസന്റെ നിലപാടുകളോട് വിയോജിക്കുന്നവർപോലു അയാൾക്ക് കൊടുക്കുന്ന സംഘി ചാപ്പയിൽ പ്രതിഷേധിക്കുന്നുണ്ട്. തനിക്ക് പറയാനുള്ളത് പറയാനും, വിമർശിക്കാനുള്ളത് വിമർശിക്കാനുമുള്ള സ്വാതന്ത്ര്യമുള്ള രാജ്യത്താണെല്ലോ നാം ജീവിക്കുന്നത്. ഒരാളുടെ ആശയങ്ങളെ സൈബർ ആക്രമണം നടത്തിയല്ല നാം തോൽപ്പിക്കേണ്ടത്.


വാൽക്കഷ്ണം: വിധിയിൽ വിശ്വാസമുണ്ടോയെന്ന് ചോദ്യത്തിന് ശ്രീനിവാസന്റെ മറുപടി, വിശ്വസിച്ചാലും ഇല്ലെങ്കിലും എല്ലാം വിധി പോലെ നടക്കുമെന്നായിരുന്നു. 'വിശ്വസിക്കാൻ യോഗ്യനായ ഒരു ദൈവം ഇതുവരെ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതുകൊണ്ട് ഞാൻ ഒരു വിശ്വാസിയല്ല. ഒരു ദൈവത്തിന്റെയും ആളല്ല'- ഇങ്ങനെ പറയാൻ ശ്രീനിവാസനല്ലാതെ മറ്റാർക്കാണ് കഴിയുക.