വിജയ് പോലുള്ള ഒരു വലിയ താരത്തെ കാണാൻ ജനം ഇരച്ചകയറുമെന്ന് ഉറപ്പാണ്. പക്ഷേ ഇവിടെ ഒരു തമിഴ് സംവിധായകനെ കാണാൻ ആയിരക്കണക്കിന് ജനം ആർപ്പുവിളിച്ച് എത്തിയാലോ. അതും തമിഴകത്തല്ല, പാലക്കാടാണ്. തന്റെ സിനിമ പ്രദർശിപ്പിക്കുന്ന തീയേറ്റർ സന്ദർശിക്കാനെത്തിയ ആ ഡയറക്ടറെ കാണാനെത്തിയ ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസിന് ലാത്തിചാർജ് ചെയ്യേണ്ടിവന്നു. തിക്കിലും തിരക്കിലും അദ്ദേഹത്തിന്റെ കാലിനും ചെറിയ പരിക്കേറ്റു.

അതാണ് ലോകേഷ് കനകരാജ്. മണിരത്നം തരംഗത്തിലും, രാംഗോപാൽ വർമ്മ യുഗത്തിനും, ഷങ്കർ മാജിക്കിനും ശേഷം ദക്ഷിണേന്ത്യയിൽ സംവിധായകന്റെ പേര് കണ്ടാൽ ജനം കൈയടിക്കുന്ന കാലം വീണ്ടും വരുത്തിയിരിക്കയാണ് ലോകേഷ് എന്ന ഈ 38കാരൻ. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വിലപിടിച്ച ഡയറക്ടറായി മാറിയിരിക്കയാണ് ഇയാൾ.

ലോകേഷ് കനകരാജ്, എന്ന പേര് ഇന്ന് തെന്നിന്ത്യയിലെ ബ്രാന്റായി മാറിയിരിക്കുകയാണ്. ഷോർട് ഫിലിമിലൂടെ കരിയർ ആരംഭിച്ച ലോകേഷ് കെട്ടിപ്പടുത്ത 'എൽസിയു'എന്ന സാമ്രാജ്യം മതിയാകും ആരാണ് ലോകേഷ് എന്ന് മനസിലാക്കാൻ. ലോകേഷിനൊപ്പം താരമൂല്യത്തിൽ മുൻപന്തിയിലുള്ള വിജയിയും ഒന്നിച്ചാൽ എന്താകും അവസ്ഥ? അതിന്റെ ഉദാഹരണമായിരിക്കുകയാണ് ലിയോ. റിലീസ് ചെയ്ത് നാല് ദിവസം പൂർത്തിയാക്കുമ്പോൾ നാന്നൂറ് കോടി അടുപ്പിച്ച് ചിത്രം നേടി കഴിഞ്ഞു. അതും ഇന്ത്യൻ സിനിമയിൽ ചരിത്രമാണ്.

ലിയോ കേരളത്തിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കെയാണ്, കഴിഞ്ഞ ദിവസം ലോകേഷ് പാലക്കാട് സന്ദർശിച്ചത്. അരോമ തിയറ്ററിൽ എത്തിയ സംവിധായകനെ കാണാൻ നൂറ്കണക്കിന് ആരാധകരാണ് തടിച്ചു കൂടിയത്. പൂർണ്ണ രീതിയിലുള്ള സെക്യൂരിറ്റി സംവിധാനങ്ങൾ, വിതരണക്കാരായ ഗോകുലം മൂവീസ് ഒരുക്കിയിട്ടും പ്രേക്ഷകരുടെ നിലക്കാത്ത ജനപ്രവാഹം ഉണ്ടായതോടെ എല്ലാം പിടിവിട്ടു.
സെൽഫി എടുക്കാനെത്തിയവരുടെ ഉന്തും തള്ളുമൂലം കാലിന് പരിക്കേറ്റ ലോകേഷ് ചെന്നൈയിലേക്ക് മടങ്ങി. നിയന്ത്രണങ്ങൾ മറികടന്ന് അതിരുവിട്ട ജനത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. ഇതോടെ കേരളത്തിലെ മറ്റു പ്രൊമോഷൻ പരിപാടികൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ഇന്ന് നടത്താനിരുന്ന തൃശൂർ രാഗം തിയേറ്ററിലെയും കൊച്ചി കവിത തിയേറ്ററിലെയും വിസിറ്റുകളും റദ്ദാക്കി. കൊച്ചിയിൽ നടത്താനിരുന്ന പ്രസ്സ് മീറ്റ് മറ്റൊരു ദിവസത്തിൽ നടത്താനായി എത്തിച്ചേരുമെന്ന് ലോകേഷ് അറിയിച്ചു.

നോക്കുക, കേരളത്തിൽ പോലും ഈ സംവിധായകന് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണെങ്കിൽ തമിഴകത്തെ സ്ഥിതിയെന്താവും. എല്ലാം സൂപ്പർ താരങ്ങൾ നിശ്ചയിക്കുന്ന ആധുനിക സിനിമയിൽ, ചലച്ചിത്രമെന്നത് സംവിധായകന്റെ കലയാണെന്ന് ലോകേഷ് കനകരാജ് പറയുന്നു. ഒരു തമിഴക സിനിമ പോലെ, ഒരു അസാധാരണ അതിജീവന കഥയാണ് ഈ ചെറുപ്പക്കാരന്റെതും. യാതൊരു സിനിമാ ബന്ധവുമില്ലാത്ത ഒരു കുടുംബത്തിൽ നിന്ന് പഠിച്ച് വളർന്ന് സ്വന്തമായി ഒരു 'സിനിമാ യൂണിവേഴ്സിറ്റിയുള്ള' ക്രിയേറ്ററായി അയാൾ മാറുകയാണ്.

ബാങ്ക് ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക്

കോയമ്പൂത്തുരിനടുത്തെ കിണത്തുക്കടവ് എന്ന ഗ്രാമത്തിൽ ഇടത്തരം കുടുംബത്തിൽ, 1986 മാർച്ച് 14നാണ് ലോകേഷ് ജനിക്കുന്നത്. പിച്ച വെച്ച് തുടങ്ങിയപ്പോൾ തന്നെ അവന് സിനിമ, പാഷനായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. വിവേക് വിദ്യാലയ മെട്രിക്കുലേഷൻ സ്‌കൂളിൽ പഠിക്കുമ്പോഴും സിനിമ തന്നെയായിരുന്നു തലയിൽ. എന്നെങ്കിലും താനൊരു പടം പിടിക്കുമെന്ന് അന്നുതന്നെ കൂട്ടകാരോട് പറയാറുണ്ടായിരുന്നു. പക്ഷേ പഠനത്തിനും മിടുക്കനായിരുന്നു അവൻ.

പി.എസ്.ജി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ പഠിച്ച അവൻ പിന്നെ ഫാഷൻ ടെക്ക്നോളജിക്കുശേഷം തന്റെ മറ്റൊരു ഡ്രീം ആയ, എംബിഎ നേടി. അതോടെ ഒരു സിനിമ ചെയ്യണം എന്നായിരുന്നു ആഗ്രഹം. പക്ഷേ അപ്പോഴേക്കും വീട്ടിൽ സാമ്പത്തിക പ്രതിസന്ധി കലാശലായി. ലോകേഷിന് ജോലിയില്ലാതെ കുടുംബം മുന്നോട്ട് പോവില്ല എന്ന അവസ്ഥ വന്നു. അങ്ങനെയാണ് അയാൾ സിനിമ മാറ്റിവെച്ച് ജോലിക്കുപോയി. ഒരു പ്രൈവറ്റ് ബാങ്കിൽ നാലഞ്ചുവർഷം ജോലി ചെയ്തു. ഇതോടെ കുടുംബത്തിലെ പ്രശ്നങ്ങൾ ഏറെക്കുറെ മാറി. അതോടെയാണ് ലോകേഷിനുള്ളിൽ വീണ്ടും സിനിമാ സ്വപ്നങ്ങൾ നാമ്പിട്ടത്.

ഇന്ന് സിനിമാലോകത്തെ അമ്പരിപ്പിക്കുന്ന ഫ്രയിമുകൾ കാഴ്ചവെക്കുന്ന ഈ സംവധായകൻ, ഒരു ഇൻസ്റ്റിറ്റ്യൂട്ടിലും പോയി സിനിമ പഠിച്ചിട്ടില്ല. ഒരാളുടെയും അസിസ്റ്റ്ന്റ് ആയിരുന്നിട്ടുമില്ല. ഹൃദയത്തിൽ സിനിമയുള്ളവന് ഒരു പരിശീലനവും വേണ്ട എന്നാണ് ലോകേഷിന്റെ അനുഭവം. ചെന്നൈയിൽ നടന്ന ഒരു കോർപ്പറേറ്റ് ഷോർട്ട് ഫിലിം ഫിലിം കോമ്പറ്റീഷനാണ് ഇദ്ദേഹത്തിന്റെ തലവരമാറ്റിയത്. അതിലേക്ക് ലോകേഷ് അയച്ച ഷോർട്ട് ഫിലിമിന് പുരസ്‌ക്കാരം കിട്ടി. അതിലെ ഒരു ജൂറിയായ സംവിധായകൻ കാർത്തിക്ക് സുബ്ബരാജിന് ഈ പടം ഏറെ ഇഷ്ടപ്പെട്ടു. കാർത്തിക്ക് സുബ്ബരാജാണ് സത്യത്തിൽ ലോകേഷ് എന്ന ഡയറക്ടറുടെ ഗോഡ് ഫാദർ. അദ്ദേഹമാണ് ഈ ചെറുപ്പക്കാരനിൽ ഒരു നല്ല സംവിധായകൻ ഉണ്ടെന്നും നിങ്ങൾ ഒരു പടം ചെയ്യണമെന്നും പ്രോൽസാഹിപ്പിച്ചത്.

കാലം മുതൽ കൈതി വരെ

വെറുതെ ആശ കൊടുത്ത് പോവുക മാത്രമല്ല കാർത്തിക് സുബ്ബരാജ് ചെയ്തത്. അദ്ദേഹം 2016ൽ എടുത്ത അവിയൽ എന്ന ഹ്രസ്വചിത്ര സമാഹാരത്തിൽ ഒരു ഖണ്ഡം ചെയ്യാൻ അവസരവും നിൽകി. അതിൽ കാലം എന്ന പേരിൽ ലോകേഷ് എടുത്ത പടം ശ്രദ്ധിക്കപ്പെട്ടു. പക്ഷേ പിന്നെയും അലച്ചിലുകളുടെ കാലമായി. 2017ൽ ചുരുങ്ങിയ ബജറ്റിൽ മാനഗരം എന്ന സിനിമാണ് ലോകേഷിനെ ചലച്ചിത്ര ലോകം ശ്രദ്ധിച്ച് തുടങ്ങുന്നത്. ഒറ്റരാത്രികൊണ്ട് നടക്കുന്ന ഡീസന്റ് ആക്ഷൻ ത്രില്ലർ എന്ന രീതിയിൽ അത് ശ്രദ്ധിക്കപ്പെട്ടു. സുന്ദീപ് കിഷൻ, ശ്രീ, റെജീന കസാന്ദ്ര, മധുസൂധൻ റാവു, ചാർലെ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പടം നിരൂപക ശ്രദ്ധക്കൊപ്പം തരക്കേടില്ലാത്ത സാമ്പത്തിക വിജയവും നേടി.

മാനഗരത്തിന്റെ നിർമ്മാതാക്കളായ ഡ്രീം വാറിയർ പിക്ചേഴ്സിനൊപ്പം 2018ൽ ലോകേഷ് അടുത്ത ചലച്ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കാർത്തി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കൈതി എന്ന ഈ ചലച്ചിത്രം 2019 ഒക്ടോബർ 25 ന് പുറത്തിറങ്ങി. അതിനുശേഷമാണ്, പിന്നീട് 'എൽസിയു' അഥവാ ലോകേഷ് കനകരാജ് സിനിമാറ്റിക്ക് യൂണിവേഴ്സിറ്റി എന്ന പേരിൽ അറിയപ്പെടാൻ തക്ക കഥാപരിസരം ഉണ്ടായത്.

വിജയുടെ ബിഗിലിനൊപ്പം ഇറങ്ങിയ ഈ ചിത്രം പൊട്ടിപ്പോവുമെന്നാണ് പലരും കരുതിയത്. പക്ഷേ ചിത്രം ബ്ലോക്ക് ബസ്റ്ററായി. ഇന്ത്യ മുഴുവനും കൈതിയുടെ കീർത്തിയെത്തി. ക്ലൈമാക്സിലെ കൂറ്റൻ തോക്കിൽ നിന്നുള്ള വെടിവെപ്പൊക്കെ ഞെട്ടലോടെയാണ് ഇന്ത്യൻ സിനിമാലോകം കണ്ടത്.

ഷൂട്ടിങ്ങിനിടെ പകൽ സീക്വൻസുകളൊന്നും നടക്കാതെ, രാത്രിയിലാണ് ചിത്രം പൂർണ്ണമായും ചിത്രീകരിച്ചത്. പാട്ടുകളില്ലാത്ത ചിത്രമാണിത്. റിയലിസ്റ്റിക്ക് ആക്ഷൻ സീക്വൻസുകളും ഏറെ ശ്രദ്ധനേടി. കാർത്തിയുടെ നായക കഥാപാത്രത്തിന്റെ ദൂരൂഹതകൾ മുഴവൻ പുറത്തുകൊണ്ടുവരാതെ, രണ്ടാം ഭാഗത്തിന് കൃത്യമായ സ്പേസ് ഇട്ടാണ് കൈതി അവസാനിക്കുന്നത്.

മാസ്റ്ററും വിക്രവും ലിയോയും

പിന്നീട് വിജയ് നായകനായ മാസ്റ്റർ എന്ന ചിത്രമാണ് ലോകേഷ് ഒരുക്കിയത്. അതും സാമ്പത്തികമായി വൻ വിജയമായി. വിജയ് സേതുപതിയുടെ വില്ലൻ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ കമൽഹാസനൊപ്പം വേഷമിട്ട വിക്രമായിരുന്നു ലോകേഷിന്റെ അടുത്ത ചിത്രം. 2022-ൽ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ ദക്ഷിണേന്ത്യൻ സിനിമകളിലൊന്നായി. ഉലക നായകൻ കമൽഹാസന്റെ തിരിച്ചുവരവ് കൂടിയായി ചിത്രം.

ചെറുപ്പത്തിൽ കമൽഹാസന്റെ ചിത്രങ്ങളായിരുന്നു തന്റെ റഫറൻസ് എന്ന് ലോകേഷ് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. 'പണ്ട് കമൽഹാസന്റെ കാർ ഒന്ന് തൊട്ട് നോക്കിയപ്പോൾ രോമാഞ്ചം അനുഭവിച്ചവനാണ് ഞാൻ. ഇന്ന് അതേ കമലിനൊപ്പം സിനിമ ചെയ്തു. വിക്രത്തിന്റെ വിജയത്തിനുശേഷം അദ്ദേഹം എനിക്ക് ഒരു കാർ സമ്മാനമായി നൽകി. അതുവാങ്ങിയപ്പോൾ ഞാൻ അനുഭവിച്ച വികാരം പറയാൻ കഴിയില്ല'- ലോകേഷ് പറയുന്നു.

വിക്രമിന്റെ വിജയത്തിന് ശേഷമാണ്, ഇപ്പോൾ ബോക്സോഫീസിൽ തരംഗം തീർക്കുന്ന ലിയോ ഉണ്ടാകുന്നത്. പ്രീ ബുക്കിങ്ങിൽ മാത്രം 160 കോടി നേടിക്കൊണ്ട് അത് ഇന്ത്യൻ സിനിമാ വ്യവസായത്തിൽ ചരിത്രമായി. കലാപരമായി ചിത്രത്തിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും, വ്യാവസായികമായി ചിത്രം വലിയ വിജയമായി. വിജയും ലോകേഷും നടത്തിയ മാർക്കറ്റിങ്ങ് സ്ട്രാറ്റജിയും ഇവിടെ ഗുണം ചെയ്തു. വിജയ്, തൃഷ, സഞ്ജയ് ദത്ത്, അർജുൻ, ഗൗതം വാസുദേവ് മേനോൻ, മിഷ്‌ക്കിൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിച്ചത്. 'എനിക്കു വന്ന സൂപ്പർസ്റ്റാർ ചിത്രമാണ് 'മാസ്റ്റർ'. സമയം തീരെ കുറവായിരുന്നു. അതുകൊണ്ടാണ് ഒരു ഫിഫ്റ്റി ഫിഫ്റ്റിയാകും ആ ചിത്രമെന്ന് അന്നു ഞാൻ പറഞ്ഞത്. എനിക്ക് എന്റേതായ ഒരു രീതിയുണ്ട്. 'ലിയോ' പൂർണമായും എന്റെ സ്റ്റൈലിൽ ചിത്രീകരിച്ചിരിക്കുന്ന 'വിജയ്' സിനിമയാണ്.''-ലോകേഷ് കനകരാജ് പറയുന്നു.

വലിയ വിജയങ്ങൾ വരുമ്പോഴും അയാൾ വിനയാന്വിതനാവുന്നു. 'ഏറെ ഇഷ്ടപ്പെട്ടും പ്രതീക്ഷയോടും കൂടിയാണ് ഈ തൊഴിലിലേക്ക് ഇറങ്ങിത്തിരിച്ചത്. ഇപ്പോൾ ഞാൻ ചെയ്യുന്ന ജോലിക്ക് വലിയ പേരും പ്രശംസയും ലഭിക്കുന്നുണ്ട്. ആളുകളും എന്നിൽനിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. അപ്പോൾ അവരോട് ഉത്തരവാദിത്തം ഉള്ളവനായിരിക്കണം എന്നു തോന്നുന്നു. ഇത്രയും ദൂരം പിന്നിട്ടു എന്നു വിചാരിക്കുമ്പോഴും, ഇവിടെത്തന്നെ നിന്നുപോകുമോ എന്ന ഭയം ഉള്ളിലുണ്ട്. വിജയത്തിന്റെ സന്തോഷത്തേക്കാൾ ഉപരി പരാജയത്തിലുള്ള ഭയമാണ് കൂടുതൽ. ഞങ്ങളൊരു ടീം ആയാണ് ആരംഭിച്ചത്. ആ ടീമിൽ എഴുപത്തിയഞ്ച് ശതമാനം ആളുകളും ഇപ്പോഴും എന്റെ കൂടെത്തന്നെയുണ്ട്. അതുകൊണ്ട് ഇതൊന്നും എന്റെ മാത്രം വിജയമല്ല.''- ലോകേഷ് പറയുന്നു.

എന്താണ് എൽസിയു?

ഇന്ന് ഇന്ത്യയെമ്പാടുമുള്ള ചലച്ചിത്രപ്രേമികൾ ഏറ്റവും കൂടുതൽ ചർച്ചചെയ്യുന്ന വാക്കാണ്, എൽസിയു അഥവാ ലോകേഷ് കനകരാജ് സിനിമാറ്റിക്ക് യൂണിവേഴ്സിറ്റി. ലോകേഷ് തന്നെ ക്രിയേറ്റ് ചെയ്ത ഒരു ഫിക്ഷണൽ യൂണിവേഴ്സിലെ കഥയിൽ പെടുന്ന സിനിമകളെയാണ്, ഇങ്ങനെ വിഷേശിപ്പിക്കുന്നത്. ഉദാഹരണമായി കൈതി, വിക്രം. മറ്റ് രണ്ട് സിനിമകൾക്കും പൊതുവായ കഥാ ബന്ധമുണ്ട്. പല റഫറൻസുകളും ആവർത്തിക്കും. എന്നാൽ മാസ്റ്റർ, ലിയോ തുടങ്ങിയ ലോകേഷ് ചിത്രങ്ങൾ സ്വതന്ത്ര സനിമകൾ ആണ്. ഇനി എൽസിയു സീരിസിൽ ഒരു പാട് ചിത്രങ്ങൾ വരാനുണ്ടെന്ന് ലോകേഷ് പറയുന്നു. ദളപതി 67, കൈതി 2, വിക്രം-3, എന്നിങ്ങനെ.

ഒരു 75 അംഗങ്ങളുള്ള വലിയ ടീമാണ് എൽസിയു. എഡിറ്റർ ഫിലോമിൻ രാജും, ആർട്ട് ഡയറക്ടർ സതീഷ് കുമാറുമാണ് ലോകേഷ് സിനിമകളുടെ നെടും തുൺ. ഫിലോമിൻ രാജും ലോകേഷും തമ്മിലുള്ള ബന്ധം വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ്. ലോകേഷ് കോർപ്പറേറ്റ് അഡ്വർട്ടെസ്മെന്റുകൾ ചെയ്യുന്നകാലത്ത്, അത് എഡിറ്റ് ചെയ്യുന്നത ഫിലോമിൻ രാജ് ആണ്. 2016ൽ കാർത്തിക്ക് സുബ്ബരാജിന്റെ ആന്തോളജി സീരിസിൽ കാലം എന്നൊരു ചിത്രം സംവിധാനം ചെയ്ത തൊട്ട് ഇന്നുവരെ ഫിലോമിൻ രാജ് ഒപ്പമുണ്ട്. ലോകേഷ് സിനിമകളുടെ തീപാറുന്ന രംഗമിഴവും, നോൺ ലീനിയർ കുഴമറിച്ചിലുമെല്ലാം ഒരുക്കുന്നതിൽ ഫിലോമിൻ രാജിന് വലിയ പങ്കുണ്ട്.

'ലോകേഷ് നമുക്കായി ഒരു കളം ഒരുക്കിത്തരും. എന്നിട്ട് ഇതിൽ നീ വിളയാട് എന്ന് പറയും. ഞാൻ അത് നന്നായി ചെയ്യുന്നതുകൊണ്ട് പടം നിങ്ങൾ കാണുന്നു. ലോകേഷ് കഥ പറയുമ്പോൾ എനിക്ക് എന്താണോ തോന്നുന്നത് അതിനുമപ്പുറം സാധാരണക്കാരന് തോന്നണം. എഡിറ്റിങ്ങ് ടേബിളിൽ ഇത്ര മാത്രമേ ഓർക്കാറുള്ളു.' - ഫിലോമിൻ രാജ് പറയുന്നു. മണ്ടേല, ജയ്ഭീം, മാവീരൻ, രാക്ഷസി തുടങ്ങിയ നിരവധി സിനിമകളിലും കഴിവ് തെളിയിച്ചിട്ടുള്ള എഡിറ്ററാണ് അദ്ദേഹം.

അതുപോലെ ആർട്ട് ഡയറക്ടർ സതീഷ് കുമാറുമായി ലോകേഷിന് ചലച്ചിത്രലോകത്ത് വന്ന അന്നുമുതലുള്ള ബന്ധമാണ്. കൈതി ക്ലൈമാക്സിലെ ഫയറിങ്ങ് സീനിന്റെ സെറ്റ്, സതീഷ് കുമാർ ഒരുക്കിയത് അവിശ്വസനീയമായ പെർഫക്ഷനിൽ ആണ്. വിക്രമിൽ കമൽഹാസൻ വലിച്ചുകൊണ്ടുവരുന്ന കൂറ്റൻ ഗണ്ണും നിർമ്മിച്ചത് ഇതേ കരവിരുത് തന്നെ. മാസ്റ്റർ സിനിമക്കായി തമിഴ്സിനിമയിൽ ആദ്യമായി മെട്രോ ട്രെയിൻ സെറ്റ് നിർമ്മിച്ചതും സതീഷ് ആണ്. 'ലിയോ സിനിമക്കായി കാശ്മീരിൽ എല്ലുറയുന്ന തണുപ്പിലാണ് സെറ്റിട്ടത്. എല്ലാം പൂർത്തിയായി വരുമ്പോഴേക്കും ഒരു ഭാഗത്ത് ഐസ് നിറയും. പിന്നെ അത് തൂത്ത് മാറ്റണം. അങ്ങനെ ഞങ്ങൾ ഏറെ കഷ്ടപ്പെട്ടു. പക്ഷേ അതിന് ഫലം ഉണ്ടായല്ലോ'- സതീഷ് പറയുന്നു. വേലയില്ലാ പട്ടധാരി-2, മെർക്കുറി തുടങ്ങിയ ലോകേഷിന്റെത് അല്ലാത്ത ഒരുപിടി പടങ്ങളിലും സതീഷ് കഴിവ് തെളിയിച്ചിട്ടുണ്ട്. ഈ രണ്ടുപേരെയും 'എൻ ഉയിർ നൻപന്മാർ' എന്നാണ് ലോകേഷ് വിശേഷിപ്പിക്കുന്നത്.

മലയാള സിനിമകളെയും ഏറെ സ്നേഹിക്കുന്ന വ്യക്തിയാണ് ലോകേഷ്. തനിക്ക് മമ്മൂട്ടിയുമായും, മോഹൻലാലുമായും വർക്ക് ചെയ്യാൻ താൽപ്പര്യമുണ്ടെന്നും, ലിജോയുടെ 'അങ്കമാലി ഡയറീസ്' തന്റെ പ്രിയപ്പെട്ട ചിത്രമാണെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്.

വിജയ് എന്ന നല്ല മനുഷ്യൻ

വിജയങ്ങളിൽ എന്നും വിനയാന്വിതാനാണ് ലോകേഷ്. ഒരു പക്ഷേ അയാളുടെ ജനപ്രീതിക്ക് കാരണവും ഇതുതന്നെയാവണം. താൻ ഒരു വലിയ സംഭവം ആണെന്ന ഭാവം എവിടെയുമില്ല. ഭാഗ്യം കൊണ്ടും, കഠിനാധ്വാനം കൊണ്ടും രക്ഷപ്പെട്ടുപോയ ഒരാൾ എന്നാണ് ലോകേഷ് സ്വയം വിലയിരുത്തുന്നത്. -'ഒരു ശ്രമം എന്ന നിലയ്ക്കാണ് 'വിക്രം', 'കൈതി' സിനിമകളെ കണക്ട് ചെയ്ത് ഒരു ക്രോസ്സ് ഓവർ ആയി കൊണ്ടുവന്നത്. പക്ഷേ അതിനു വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ ക്ഷമയോടെയാണെങ്കിലും ആ വരവേൽപ് മനസ്സിൽ വച്ച് പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഇത് മുന്നോട്ടു കൊണ്ടുപോകണമെന്നാണ് ആഗ്രഹം. ഇരുപതു വർഷത്തേക്കുള്ള ഐഡിയയൊന്നും മനസ്സിൽ ഇല്ല. ഒരു പത്തു സിനിമ ചെയ്യും. അതുകഴിഞ്ഞ് വിടും.''- ആരാധകർ പൊക്കുന്ന എൽസിയുവിനെക്കുറിച്ച് ലോകേഷ് പറയുന്നത് അങ്ങനെയാണ്.

വിജയ് എന്ന നടനെ കുറിച്ച് പറയുമ്പോഴും ലോകേഷിന് ആയിരം നാവാണ്. ' 'മാസ്റ്റർ' സിനിമ കഴിഞ്ഞപ്പോൾത്തന്നെ വീണ്ടുമൊരു സിനിമ ചെയ്യാമെന്ന് പറഞ്ഞിരുന്നു. പക്ഷേ അത് എപ്പോൾ സംഭവിക്കുമെന്ന് അറിയില്ലായിരുന്നു. 'വിക്രം' സിനിമ പൂർത്തിയായിരിക്കുമ്പോഴാണ് അദ്ദേഹവുമായി ഒന്നിക്കാമെന്നു പറയുന്നത്. വിജയ്യുമൊത്ത് പ്രവർത്തിക്കുന്നതു തന്നെ സന്തോഷം തരുന്ന കാര്യമാണ്. നമ്മൾ വളരെ ക്ഷീണിതരായി, വലിയ ആക്ഷൻ സീനുകളൊക്കെ എടുക്കാൻ നിൽക്കുന്ന സമയത്തും സെറ്റ് ഭയങ്കര ഫൺ ആയിരിക്കും. അദ്ദേഹവുമായുള്ള ഷൂട്ടിങ് ഇനിയൊരു പത്ത് ദിവസം കൂടിയേ ഉള്ളൂ. അത് ഓർക്കുമ്പോൾ സങ്കടമുണ്ട്. ഞങ്ങളെല്ലാം നന്നായി അദ്ദേഹത്തെ മിസ് ചെയ്യും. ഒരു വർഷത്തെ യാത്രയാണ് 'ലിയോ'. അതിന്റെ നരേഷൻ മുതൽ ഇപ്പോൾ വരെ.

വിജയ് സർ സെറ്റ് ഫൺ ആക്കും. ആരുടെ മുകളിലും ഒരു സമ്മർദവുമില്ല. എല്ലാ അഭിനേതാക്കളുമായും ഒരു ബോണ്ട് ഉണ്ട്. എല്ലാവരെയും സർ എന്നാണ് ഞാൻ വിളിക്കുക. എന്നാൽ വിജയ്യെ മാസ്റ്റർ ആദ്യ ഷെഡ്യൂൾ കഴിയുന്നതിനു മുമ്പു തന്നെ അണ്ണാ എന്നു വിളിച്ചു തുടങ്ങി. ഞാൻ മാത്രമല്ല സെറ്റിലുള്ള മറ്റുള്ളവരും അദ്ദേഹത്തെ അങ്ങനെയാണ് വിളിക്കുന്നത്. ആ സ്പേസ് അദ്ദേഹം മറ്റുള്ളവർക്ക് നൽകുന്നുണ്ട്. രാവിലെയൊക്കെ ഏതു ഷോട്ട് എങ്ങനെ എടുക്കും എന്ന ടെൻഷനിലാകും ഞാനടക്കമുള്ളവർ സെറ്റിലേക്കെത്തുന്നത്. പ്രധാനപ്പെട്ട സീൻ ആണ് എടുക്കുന്നതെങ്കിൽ വിജയ് അണ്ണനും ആ മൂഡിലാകും എത്തുക. പക്ഷേ വന്ന ഉടനെ സെറ്റിലുള്ള എല്ലാവരെയും വിഷ് ചെയ്യും. അതൊരു ക്വാളിറ്റിയാണ്. നമ്മൾ അതുനോക്കി പഠിച്ചാലും, അടുത്ത ദിവസം മറന്നുപോകും. എന്നാൽ ഒരുദിവസം പോലും അദ്ദേഹം ഇത് മറക്കില്ല.

ഇതിപ്പോൾ ഞാൻ അദ്ദേഹത്തിനു വേണ്ടി പറയുന്നതല്ല, സെറ്റിലുള്ള 1800 പേർക്കും അറിയാവുന്ന കാര്യമാണ്. 8.30 നോ 9 മണിക്കോ ആണ് ഫസ്റ്റ് ഷോട്ട് എങ്കിൽ രാവിലെ ഏഴു മണിക്ക് അദ്ദേഹത്തിന്റെ വണ്ടി സെറ്റിൽ എത്തിയിരിക്കും. ഒരു ദിവസം മാത്രം അഞ്ച് മിനിറ്റ് താമസിച്ചുപോകുന്ന പ്രശ്നമില്ല. ഏഴു മണിയെന്നാൽ കൃത്യം ഏഴു മണി. ഞാൻ തന്നെ ചിലപ്പോൾ ഏഴരയ്ക്കും എട്ടുമണിക്കുമാകും സെറ്റിലെത്തുക. ഹോട്ടലിൽ നിന്നു ഞാനിറങ്ങുമ്പോൾ എന്റെ ഡ്രൈവർ ഓടിവന്ന് പറയും, 'ദളപതി വണ്ടി പോയി, വേഗം വരൂ പോകാം' എന്ന്.

'മാസ്റ്റർ' ആദ്യ ഷെഡ്യൂൾ കഴിയുന്നതിനു മുമ്പേ അണ്ണാ എന്നു വിളിച്ചുതുടങ്ങിയ ബന്ധമാണ്. കഴിഞ്ഞ നാലുവർഷമായി എനിക്ക് അദ്ദേഹത്തെ അറിയാം. അണ്ണാ നമുക്ക് ഇതിങ്ങനെ ചെയ്യാം എന്ന് അദ്ദേഹത്തോടു പറയാനുള്ളൊരു ബോണ്ട് ഞങ്ങൾ തമ്മിലുണ്ട്.''- ലോകേഷ് മലയാള മനോരമയുമായുള്ള അഭിമുഖത്തിൽ പറയുന്നു.

50 കോടി പ്രതിഫലം വാങ്ങുന്ന ഡയറക്ടർ

ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഡയറക്ടർ എന്ന പേരും ലോകേഷ് കനകരാജിന് തന്നെയാണ്. ലിയോയ്ക്കായി 50 കോടിയാണ് ലോകേഷ് പ്രതിഫലമായി വാങ്ങിയത് എന്നാണ് ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നത്. ലോകേഷിന്റെ ആദ്യചിത്രമായ മാനഗരം വെറും നാല് കോടി ബജറ്റിലാണ് ഒരുങ്ങിയത്. ഇപ്പോൾ ഒരു മൊത്തം സിനിമയുടെ ബജറ്റിന്റെ 12 ഇരട്ടി അയാൾ മാത്രം പ്രതിഫലം വാങ്ങുന്നു! മൊത്തം 300 കോടിയാണ് ലിയോയുടെ ബജറ്റ്. ലിയോയ്ക്ക് വേണ്ടി വിജയ് വാങ്ങിയ പ്രതിഫലം 120 കോടിയാണെന്നാണ് വിവരം.

ഇതോടെ ഇനിയും ഒരുപാട് വലിയ ചിത്രങ്ങളാണ് ലോകേഷിനുവേണ്ടി കരാർ ആവുന്നത്. രജനികാന്ത് നായകനായി എത്തുന്ന ചിത്രമാണ് ലോകേഷിന്റെതായി ഇനി വരാനിരിക്കുന്നത്. തലൈവർ 171 എന്ന താൽകാലികമായി നാമകരണം ചെയ്യപ്പെട്ട ചിത്രം നിർമ്മിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. ചിത്രത്തിൽ തൃഷയാകും നായിക കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് വിവരം. അനുരുദ്ധ് ആണ് സംഗീത സംവിധാനം. നിലവിൽ തലൈവർ 170ൽ അഭിനയിച്ചു കൊണ്ടിരിക്കയാണ് രജനികാന്ത്. ഇതിനു ശേഷം ലോകേഷ് ചിത്രം ആരംഭിക്കുമെന്നാണ് വിവരം

അതിനിടെ ലോകേഷ് കനകരാജ് ബോളിവുഡിലും എത്തുകയാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അരങ്ങേറ്റ ചിത്രത്തിൽ സൽമാൻ ഖാൻ നായകനാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് വിവരം. ലോകേഷിന്റെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. ചില സിനിമകളുമായി ബന്ധപ്പെട്ട തിരക്കിലാണ് ലോകേഷ്. അതിന് ശേഷമാകും അദ്ദേഹം ബോളിവുഡിലേയ്ക്ക് ചുവടുവെയ്ക്കുകയെന്നാണ് സൂചന. എന്തായാലും തമിഴകത്തിന്റെ ഒരു കുഗ്രാമത്തിൽ ജനിച്ച പയ്യൻ, ഇന്ത്യൻ സിനിമാലോകം കീഴടക്കുന്ന രീതിയിൽ വളരുകയാണെന്ന് ചുരുക്കം.

വാൽക്കഷ്ണം: നെൽസൻ, ലോകേഷ്, എ ആർ മുരുഗദാസ്.. പാൻ ഇന്ത്യൻ രീതിയിൽ ബ്രഹ്‌മാണ്ഡ സിനിമകൾ എടുക്കാൻ കഴിയുന്ന എത്രയെത്ര ഡയറക്ടർമാരാണ് തമിഴ് സിനിമയിൽ നിന്ന് ഉയർന്ന് വരുന്നത്. അതോടെ തമിഴിന്റെ വിപണിയും വിശാലമാവുകയാണ്. പക്ഷേ മലയാളത്തിൽ എന്താണ് സംഭവിക്കുന്നത്. നമ്മുടെ ന്യുജൻ ഡയറക്ടേഴ്സ് ഇപ്പോഴും പ്രകൃതിപ്പടങ്ങൾക്ക് പിന്നാലെ സമയം കളയുകയാണ്.