'കുട്ടികൾക്ക് സ്‌കൂളിൽ നടന്നു പോകാൻ ചെരിപ്പ് വാങ്ങിച്ചു കൊടുക്കാൻ കഴിയുന്നവരെ, കുട്ടികൾക്ക് ചെരിപ്പ് വാങ്ങിച്ചു കൊടുക്കാൻ കഴിവില്ലാത്തവർ കൊന്നൊടുക്കി'!- ലോകത്തിലെ ഏറ്റവും വലിയ വംശീയ കൂട്ടക്കൊല എന്ന് അറിയപ്പെടുന്ന റുവാണ്ടൻ കൂട്ടക്കൊലയെ കുറിച്ച് വന്ന ഒരു പഠനത്തിലെ ഒരു വാചകം ഇങ്ങനെയാണ്. വംശീയതക്കും, ഗോത്ര ബോധത്തിനുമൊപ്പം, അതിശക്തമായ ദാരിദ്ര്യവും, സാമ്പത്തിക അസമത്വം വഴി വന്ന അസഹിഷ്ണുതയുമെല്ലാം, ഈ കൂട്ടക്കൊലക്ക് കാരണമായതായി പഠനങ്ങൾ പറയുന്നുണ്ട്.

ലോകചരിത്രത്തിലെ ഏറ്റവും വലിയ വംശീയ കൂട്ടക്കൊല എതാണെന്ന ചോദ്യത്തിന് നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ഹിറ്റ്ലറും യഹൂദന്മാരുമൊക്കെയാണ്. എന്നാൽ ആഫ്രിക്കയിലെ റുവാൻഡയിൽ 1994ൽ നടന്ന ഹുട്ടു -ടുട്ട്സി ഗ്രോത്ര വിഭാഗങ്ങൾ തമ്മിലുള്ള വംശീയക്കൊലയുടെ ചരിത്രം ഏവരെയും ഞെട്ടിക്കുന്നതാണ്. വെറും നൂറു ദിവസത്തിനുള്ളിൽ 8 ലക്ഷം പേർ ആണ് ഇവിടെ കൊല്ലപ്പെട്ടത്. കൊള്ളയും, കൊലയും ബലാത്സഗങ്ങളുമായി മൂന്ന് മാസങ്ങൾ. സ്ത്രീകളുടെ സ്തനങ്ങൾ വെട്ടിമാറ്റുക, കുട്ടികളെ കിണറ്റിലേക്ക് എറിയുക, തുടങ്ങിയ ക്രുരതകളും വ്യാപകമായി നടന്നു. ടുട്സികളായിരുന്നു കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും. അവസാനം കൊന്ന് കൊന്ന് ഹരം കയറി ഹുട്ടുകൾ ഹുട്ടുകളെ തന്നെ കൊല്ലാൻ തുടങ്ങി!

ഇതിൽ ഏറ്റവും ഞെട്ടിപ്പിക്കുന്നത്, ഈ കലാപം മതപരമായിരുന്നില്ല എന്നതാണ്. കാരണം ആഫ്രിക്കയിലെ ഗോത്രവിഭാഗങ്ങളായ ഹുട്ടുകളും, ടുട്സികളും മതപരമായി ക്രിസ്ത്യാനികൾ ആയിരുന്നു. അവർ ഒരേ ഭാഷ സംസാരിക്കുന്നു, ഒരേ പള്ളിയിലും സ്‌കൂളുകളിലും പോകുന്നു, ഒരേ ഗ്രാമത്തലവന്റെ കീഴിൽ ഒരേ ഗ്രാമത്തിൽ ഒരുമിച്ച് താമസിച്ചു, ഒരേ ഓഫീസുകളിൽ ജോലി ചെയ്തിരുന്നു. ഹുട്ടുവും ടുട്സിയും മിശ്രവിവാഹവും ചെയ്തിരുന്നു. എന്നിട്ടും നൂറു ദിവസത്തിനുള്ളിൽ എട്ട് ലക്ഷം മനുഷ്യർ കൊല്ലപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ വംശഹത്യ ഇവർ തമ്മിലുണ്ടായി എന്നത് ഞെട്ടിപ്പിക്കുന്നതാണ്.

അതാണ് ഗോത്രീയതയും വംശീയതയും. മതബോധത്തേക്കൾ എത്രയോ വലുതാണ് അത്. ഇപ്പോൾ നമ്മുടെ നാട്ടിൽ മണിപ്പൂർ പുകഞ്ഞു കൊണ്ടിരിക്കയാണ്. മെയ്തേയി, കുക്കി, നാഗന്മാർ എന്നീ ഗോത്രങ്ങൾ തമ്മിലുള്ള പോരാട്ടം നൂറിലധികം ജീവനുകൾ അപഹരിച്ചു കഴിഞ്ഞു. പക്ഷേ കേരളത്തിൽ അടക്കം ഇത് പ്രചരിപ്പിക്കപ്പെടുന്നത് ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിലുള്ള പ്രശ്നമായോ, സംഘപരിവാർ ഉണ്ടാക്കിയ ഗുജറാത്ത് മോഡൽ വംശഹത്യയായിട്ടുമൊക്കെയാണ്. തീർച്ചയായും മണിപ്പൂർ ഭരിക്കുന്ന ബിജെപി സർക്കാറിന് വലിയ വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. പലയിടത്തും സംഘപരിവാർ മെയ്ത്തികളുടെ ഭാഗത്ത് പക്ഷം പിടിച്ചിട്ടുമുണ്ട്. പക്ഷേ അടിസ്ഥാനപരമായി മതമല്ല ഈ പ്രശ്നത്തിന് പിന്നിൽ. ഗ്രോതീയത തൊട്ട് സാമ്പത്തിക അന്തരമടക്കമുള്ള ബഹുമുഖ കാരണങ്ങൾ ഉണ്ട്. മണിപ്പൂരിന് റുവാണ്ടയിൽ നിന്ന് ഏറെ പഠിക്കാനുണ്ട്.

8 ലക്ഷം പേർ കൊല്ലപ്പെടുന്നു

റുവാണ്ടൻ ആഭ്യന്തരയുദ്ധത്തിനിടെ 1994 ഏപ്രിൽ 7 നും ജൂലൈ 15 നും ഇടയിലാണ് വംശഹത്യ നടന്നത്. ഏകദേശം 100 ദിവസത്തെ ഈ കാലയളവിൽ, ടുട്സി ന്യൂനപക്ഷ വംശീയ വിഭാഗത്തിലെ അംഗങ്ങളും ചില മിതവാദികളായ ഹുട്ടു, ത്വ എന്നിവരും സായുധരായ ഹുട്ടു മിലിഷ്യകളാൽ കൊല്ലപ്പെട്ടു. 8 ലക്ഷം പേർ മരിച്ചുവെന്നാണ് കണക്കാക്കുന്നത്. അതിൽ കൂടുതൽ പേർ മരിച്ചുവെന്നും പല പഠനങ്ങളിലും പറയുന്നുണ്ട്.

റുവാണ്ടയും അയൽരാജ്യമായ ബുറുണ്ടിയും ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രണ്ട് രാജ്യങ്ങളാണ്. രണ്ട് രാജ്യങ്ങളിലെയും ജനസംഖ്യയിൽ രണ്ട് പ്രധാന ഗോത്രങ്ങൾ ആണ് ഹുട്ടു (ജനസംഖ്യയുടെ ഏകദേശം 85%), ടുട്സി (ഏകദേശം 15%) എന്നിവ. രണ്ട് ഗോത്രങ്ങളും പരമ്പരാഗതമായി വ്യത്യസ്ത സാമ്പത്തിക റോളുകൾ വഹിച്ചിരുന്നു. ഹുട്ടുകൾ പ്രധാനമായും കർഷകർ ആയിരുന്നു, ടുട്സികൾ ഇടയന്മാരും. പൊതുവെ ഹുട്ടുകൾ ശരാശരി ഉയരം കുറഞ്ഞതും, തടിയുള്ളതും, ഇരുണ്ടതും, പരന്ന മൂക്കുള്ളതും, കട്ടിയുള്ള ചുണ്ടുള്ളതും, ചതുര താടിയെല്ലുള്ളവരുമായിരുന്നു. ടുട്സികൾ ഉയരം കൂടിയതും മെലിഞ്ഞതും വിളറിയ തൊലിയുള്ളതും നേർത്ത ചുണ്ടുകളുള്ളതും ഇടുങ്ങിയ താടിയുള്ളവരുമായിരുന്നു. എന്നാൽ തന്നെയും ചിലപ്പോൾ കാഴ്‌ച്ചയിൽ രണ്ടു ഗോത്രക്കാരെയും വേറിട്ട് തിരിച്ചറിയാനും ബുദ്ധിമുട്ടാണ്.

തെക്ക് നിന്നും പടിഞ്ഞാറുനിന്നും വന്ന ഹുട്ടുകൾ ആണ് റുവാണ്ടയിലും ബുറൂണ്ടിയിലും ആദ്യം സ്ഥിരതാമസമാക്കിയത് എന്ന് അനുമാനിക്കപ്പെടുന്നു. ടുട്സികൾ ആദ്യകാലത്ത് ഹുട്ടുകളുടെ മേൽ അധികാരം ഉള്ളവരായിത്തീർന്നു. ആദ്യം ജർമ്മൻ (1897) പിന്നീട് ബെൽജിയൻ (1916) കൊളോണിയൽ ഗവൺമെന്റുകൾ, ഈ പ്രദേശങ്ങളുടെ അധികാരം ഏറ്റെടുത്തപ്പോൾ ഭരണം നടത്താൻ ടുട്സി ഇടനിലക്കാർ വഴി ഭരിക്കുന്നത് ആണ് ഉചിതമെന്ന് അവർക്ക് തോന്നി. ടുട്സികളുടെ വിളറിയ തൊലി കാരണം കൂടുതൽ ഇരുണ്ടിരിക്കുന്ന ഹുട്ടുവിനേക്കാൾ ബൗദ്ധികപരമായും മികച്ചത് ടുട്സികളാണ് എന്നതായിരുന്നു ഈ കൊളോണിയൽ ശക്തികളുടെ അനുമാനം.

1930-കളിൽ ബെൽജിയംകാർ എല്ലാവരും ഹുട്ടു അല്ലെങ്കിൽ ടുട്സി എന്ന് തരംതിരിക്കുന്ന ഒരു തിരിച്ചറിയൽ കാർഡ് കൈവശം വയ്ക്കാൻ ആവശ്യപ്പെട്ടു. അത് ഇതിനകം തന്നെ ഉണ്ടായിരുന്ന വംശീയ വ്യത്യാസം ഗണ്യമായി വർദ്ധിപ്പിച്ചു. 1962-ൽ ഇരു രാജ്യങ്ങൾക്കും സ്വാതന്ത്ര്യം ലഭിച്ചു. സ്വാതന്ത്ര്യം അടുക്കാറായപ്പോൾ ഇരു രാജ്യങ്ങളിലെയും ഹുട്ടു വംശജർ ടുട്സികളെ അട്ടിമറിച്ചു ആധിപത്യം സ്ഥാപിക്കാൻ പോരാട്ടം തുടങ്ങി. ചെറിയ അക്രമ സംഭവങ്ങൾ വലുതാവുകയും ഹുട്ടുകൾ ടുട്ട്സികളെയും, ടുട്ട്സികൾ ഹുട്ടുകളെയും കൊല്ലുന്നതിലേക്ക് നീങ്ങി.

ആഭ്യന്തര യുദ്ധം ഉണ്ടാവുന്നു

അതിനൊടുക്കം ബുറുണ്ടിയിൽ ടുട്ട്സികൾ ആധിപത്യം നിലനിർത്തി. പിന്നീട് 1965, 1972-ൽ ഒക്കെ കലാപങ്ങൾ ഉണ്ടായപ്പോഴും തുടർന്ന് രണ്ടു ദശാബ്ദത്തിൽ പത്തു ലക്ഷം ടുട്ട്സികളാണ് റുവാണ്ടയിൽ നിന്ന് അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. 1973-ൽ ഹുട്ടു ജനറൽ ഹബ്യാരിമാന ഹുട്ടു ആധിപത്യമുള്ള സർക്കാരിനെതിരെ ഒരു പട്ടാള അട്ടിമറി നടത്തുകയും സമാധാനം സ്ഥാപിക്കാനായി ടുട്സികളെ വെറുതെ വിടാൻ തീരുമാനിക്കുകയും ചെയ്തു. ഹബ്യാരിമാനയുടെ കീഴിൽ, റുവാണ്ട അടുത്ത 15 വർഷത്തോളം അഭിവൃദ്ധി പ്രാപിക്കുകയും വിദേശ ദാതാക്കളിൽ നിന്ന് വിദേശ സഹായം സ്വീകരിക്കുകയും ചെയ്തു. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം തുടങ്ങിയ സൂചകങ്ങൾ മെച്ചപ്പെടുത്തുന്ന പ്രകടനം കാഴ്‌ച്ച വച്ചു.

1990ൽ, റുവാണ്ടൻ പാട്രിയോട്ടിക് ഫ്രണ്ട് (ആർപിഎഫ്), ഭൂരിഭാഗം ടുട്‌സി അഭയാർത്ഥികളും അടങ്ങിയ ഒരു വിമത സംഘം, ഉഗാണ്ടയിലെ അവരുടെ താവളത്തിൽ നിന്ന് വടക്കൻ റുവാണ്ടയെ ആക്രമിച്ച് റുവാണ്ടൻ ആഭ്യന്തരയുദ്ധത്തിന് തുടക്കമിട്ടു. അടുത്ത മൂന്ന് വർഷത്തിനിടെ ഇരുപക്ഷത്തിനും നിർണായക നേട്ടം കൈവരിക്കാനായില്ല. യുദ്ധം സമാധാനപരമായി അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ, ഹുട്ടു പ്രസിഡന്റ് ജുവനൽ ഹബ്യാരിമാനയുടെ നേതൃത്വത്തിലുള്ള റുവാണ്ടൻ ഗവൺമെന്റ് 1993 ഓഗസ്റ്റ് 4 - ന് ആർപിഎഫുമായി അരുഷ ഉടമ്പടിയിൽ ഒപ്പുവച്ചു.1994 ഏപ്രിൽ 6-ന് ഒരു പവർ വാക്വം സൃഷ്ടിക്കുകയും സമാധാന ഉടമ്പടികൾ അവസാനിപ്പിക്കുകയും ചെയ്തു. ഭൂരിഭാഗം ഹുട്ടു സൈനികരും പൊലീസും മിലിഷ്യയും പ്രധാന ടുട്സികളെയും മിതവാദികളായ ഹുട്ടു സൈനിക-രാഷ്ട്രീയ നേതാക്കളെയും കൊലപ്പെടുത്തിയതിന്റെ അടുത്ത ദിവസം വംശഹത്യയുടെ കൊലപാതകങ്ങൾ ആരംഭിച്ചു.

ടുട്സിക്കെതിരായ ഹബ്യാരിമാനയുടെ പുതിയ സഹിഷ്ണുത, ഹുട്ടു തീവ്രവാദികൾക്ക് സ്വീകാര്യമല്ലായിരുന്നു. വെട്ടുകത്തികൾക്ക് തോക്കുകളേക്കാൾ വില കുറവുള്ളതുകൊണ്ട് ചില ഹുട്ടു വ്യവസായികൾ ടുട്സികളെ കൊല്ലാൻ വിതരണത്തിനായി 5,81,000 വലിയ വെട്ടുകത്തികൾ ഇറക്കുമതി ചെയ്തു. ആഭ്യന്തരയുദ്ധങ്ങൾ കാരണം ഏതാണ്ട് ഒരു ദശലക്ഷം ആളുകൾ ആണ് വിവിധ ക്യാമ്പുകളിൽ താമസിച്ചിരുന്നത്. അതിൽ നിന്നും നിരാശരും ക്രുദ്ധരുമായ യുവാക്കളെ മിലിഷ്യകളിലേക്ക് റിക്രൂട്ട് ചെയ്യാൻ എളുപ്പമായിരുന്നു.

രാഷ്ട്രത്തലവന്മാർ കൊല്ലപ്പെടുന്നു

ഹുട്ടുകളുടെ മേൽ ടുട്സികളുടെ നീണ്ട കാലത്തേ ആധിപത്യവും, റുവാണ്ട പിടിച്ചടക്കാൻ ഉള്ള ശ്രമങ്ങളും, അയൽരാജ്യമായ ബുറുണ്ടിയിൽ ടുട്സികൾ ഹുട്ടുകളെ കൊലപ്പെടുത്തുന്നത് ചൂണ്ടിക്കാണിച്ച്, അതൊക്കെ റുവാണ്ടയിലും ആവർത്തിക്കും എന്ന് പറഞ്ഞു ഹുട്ടുകൾ പ്രചാരണം നടത്തി. (ഇതേ ഭീതിവ്യാപരമാണ് മണിപ്പൂരിലും നടക്കുന്നത് എന്നോർക്കണം.)

ഏപ്രിൽ 6, 1994-ന്, ടാൻസാനിയയിൽ നടന്ന ഒരു മീറ്റിംഗിൽ നിന്ന് റുവാണ്ടയുടെ പ്രസിഡന്റ് ഹബ്യാരിമാനയെയും, ബുറുണ്ടിയുടെ പുതിയ താൽക്കാലിക പ്രസിഡന്റിനെയും വഹിച്ചുകൊണ്ട് റുവാണ്ടയുടെ പ്രസിഡൻഷ്യൽ ജെറ്റ് വിമാനം റുവാണ്ടയുടെ തലസ്ഥാനമായ കിഗാലി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ രണ്ട് മിസൈലുകൾ ഈ വിമാനത്തെ വെടിവച്ചു വീഴ്‌ത്തി. അതിലുണ്ടായ എല്ലാവരും കൊല്ലപ്പെട്ടു. ആരായിരുന്നു ഈ ആക്രമണത്തിന്റെ പിന്നിൽ എന്നത് ഇന്നും വ്യക്തമല്ല.

ഒരു മണിക്കൂറിനുള്ളിൽ ഹുട്ടു തീവ്രവാദികൾ, ഹുട്ടു പ്രധാനമന്ത്രിയെയും പ്രതിപക്ഷത്തിലെ മറ്റ് മിതവാദികളായ അംഗങ്ങളേയും ടുട്സികളേയും കൊല്ലാൻ വിശദമായി തയ്യാറാക്കിയ പദ്ധതി നടപ്പിലാക്കാൻ തുടങ്ങി. തീവ്രവാദത്തെ എതിർത്തിരുന്ന മിതവാദികൾ ഉന്മൂലനം ചെയ്യപ്പെട്ടതോടെ, തീവ്രവാദികൾ സർക്കാരും റേഡിയോയും ഏറ്റെടുത്ത് റുവാണ്ടയിലെ ടുട്സികളെ ഉന്മൂലനം ചെയ്യാൻ പുറപ്പെട്ടു. സുരക്ഷിത സ്ഥാനങ്ങൾ എന്ന് കരുതി ടുട്സികൾ അഭയം പ്രാപിച്ച സ്ഥലങ്ങളിൽ, പള്ളികൾ, സ്‌കൂളുകൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകളിൽ ഒക്കെ വച്ച് അവർ കൊല്ലപ്പെട്ടു. ഈ വംശഹത്യയിൽ വലിയ തോതിലുള്ള ഹുട്ടു പൗരന്മാരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. ഏതാണ്ട് മൂന്നിൽ ഒരു ഭാഗം ഹുട്ടു പൗരന്മാർ ഈ വംശഹത്യ നടപ്പാക്കാൻ പങ്കെടുത്തു എന്ന് ചില കണക്കുകൾ സൂചിപ്പിക്കുന്നു.

സമാനതകളില്ലാത്ത ക്രൂരതകൾ

ഇരകളുടെ കൈകളും കാലുകളും വെട്ടിമാറ്റുന്നത് ഉൾപ്പെടെയുള്ള ക്രൂരത അരങ്ങേറി. സ്ത്രീകളുടെ സ്തനങ്ങൾ വെട്ടിമാറ്റുക, കുട്ടികളെ കിണറ്റിലേക്ക് എറിയുക, വ്യാപകമായ ബലാത്സംഗങ്ങൾ എന്നിവയൊക്കെയുണ്ടായി. റുവാണ്ടയിലെ കത്തോലിക്കാ സഭയുടെ നിരവധി നേതാക്കൾ ഒന്നുകിൽ ടുട്സിയെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു അല്ലെങ്കിൽ അവരെ സംഘടിപ്പിച്ചു കൊലയാളികൾക്ക് കൈമാറി. അത്തരം ഒരു സംഭവത്തിൽ കാത്തോലിക്ക പുരോഹിതൻ ആയ അത്തനാസ് സെറോമ്പ തന്റെ ഇടവകയിൽ ഉള്ള 1500 -2000 ടുട്ട്സികൾക്ക് പള്ളിയിൽ അഭയം കൊടുത്ത ശേഷം ഹുട്ടു തീവ്രവാദികളെ വിളിച്ചു വരുത്തി അവരെ കൊലയ്ക്ക് വിട്ടു കൊടുത്തു.

ഫ്രഞ്ച് സർക്കാർ ഒരു സമാധാന സേനയെ അയച്ചു. പക്ഷേ അവരും വംശഹത്യ നടത്തുന്ന ഹുട്ടു സർക്കാരിനൊപ്പം നിന്നു. അമേരിക്കൻ സർക്കാർ ഈ വംശഹത്യയിൽ ഇടപെടാൻ വിസമ്മതിച്ചു. ആറാഴ്ചയ്ക്കുള്ളിൽ, ഏകദേശം 800,000 ടുട്സികൾ (ഏകദേശം അവരുടെ ജനസംഖ്യയുടെ മുക്കാൽ ഭാഗത്തെ പ്രതിനിധീകരിക്കുന്നവർ) അതായത് റുവാണ്ടയുടെ മൊത്തം 11% ജനസംഖ്യയിൽ പെട്ട ടുട്സികൾ കൊല്ലപ്പെട്ടു. വൈകാതെ തന്നെ ടുട്സികളുടെ നേതൃത്വത്തിലുള്ള വിമത സൈന്യം റുവാണ്ടൻ പാട്രിയോട്ടിക് ഫ്രണ്ട് (ആർപിഎഫ്) ഹുട്ടു തീവ്രവാദികൾക്കെതിരെ ചെറുത്തുനിൽപ്പരംഭിച്ചു. 1994 ജൂലൈ 18-ന് ആർപിഎഫ് വംശഹത്യ അവസാനിച്ചതായും തങ്ങൾ വിജയിച്ചതായും പ്രഖ്യാപിച്ചു.

ദാരിദ്ര്യവും ഒരു കാരണം

റുവാണ്ടയിലെയും ബുറുണ്ടിയിലെയും വംശഹത്യകൾ വംശീയ വിദ്വേഷത്തിന്റെ പരിണതഫലമായി, അധികാരം നിലനിർത്താനായി രാഷ്ട്രീയക്കാർ പടച്ചുണ്ടാക്കിയതാണ് എന്ന് പറയപ്പെടാറുണ്ടെങ്കിലും, വംശഹത്യയിലേക്ക് നയിക്കാൻ മറ്റു കാരണങ്ങൾ ഉണ്ടോ എന്ന് കൂടി പരിശോധിക്കുകയാണ് അമേരിക്കൻ ഭൂമിശാസ്ത്രജ്ഞനും, ചരിത്രകാരനുമായ ജാരെഡ് ഡയമണ്ട്. മിശ്രവിവാഹത്തിലുടെയുണ്ടായ കലർപ്പും ഇവർക്ക് പ്രശ്നമായി. ഹുട്ടുവിന്റെ ടുട്ട്സി ഭാര്യയും മക്കളുമൊക്കെ കൊല്ലപ്പെട്ടു.

ജാരെഡ് ഡയമണ്ടിന്റെ പഠനങ്ങൾ ഞെട്ടിക്കുന്നതാണ്.ഒരു കമ്മ്യൂണിറ്റിയിൽ ഒരൊറ്റ ടുട്സി മാത്രമേ ഉണ്ടായിരുന്നുള്ളൂ, ബാക്കി എല്ലാവരും ഹുട്ടുവായിരുന്നു. എന്നിട്ടും അവിടെ ഹുട്ടുകൾ മറ്റു ഹുട്ടുകളെ കൂട്ടക്കൊല ചെയ്തു. പലയിടത്തും ടുട്സികളുടെ എണ്ണം കുറഞ്ഞപ്പോൾ, ഹുട്ടുകൾ പരസ്പരം ആക്രമിക്കാൻ തുടങ്ങി. ഹുട്ടുകൾക്ക് പരസ്പരം വംശീയ വിദ്വേഷത്തിന് കാരണങ്ങൾ ഇല്ലാതിരിക്കെ അവർ എന്തിനായിരിക്കും കുറഞ്ഞത് 5% സ്വന്തം ഗോത്രത്തിൽ പെട്ടവരെ റുവാണ്ടയിലുടനീളം കൊലപ്പെടുത്തിയത് എന്നാണ് ജാരെഡ് ഡയമണ്ട് ചിന്തിച്ചത്. ഇതിന് പ്രധാന കാരണം റുവാണ്ടയുടെ ദാരിദ്ര്യം തന്നെയായിരുന്നു.

റുവാണ്ടയുടെ വടക്ക് പടിഞ്ഞാറൻ മേഖലയിലെ ഹുട്ടുകൾ മാത്രം താമസിച്ചിരുന്ന കാനമ എന്ന പ്രദേശത്തിൽ മറ്റ് ഹൂട്ടുകളാൽ ഹൂട്ടുകൾ കൊല്ലപ്പെട്ടിരുന്നത് ബെൽജിയൻ സാമ്പത്തിക വിദഗ്ധരായ കാതറിൻ ആന്ദ്രേയും ജീൻ-ഫിലിപ്പ് പ്ലാറ്റോയും ചേർന്ന് പഠിച്ചു. കാനമയിൽ വളരെ ഫലഭൂയിഷ്ഠമായ അഗ്നിപർവ്വത മണ്ണാണ് ഉള്ളത്, അതിനാൽ അതിന്റെ ജനസാന്ദ്രത റുവാണ്ടയുടെ ശരാശരി ജനസാന്ദ്രതയുടെ നിലവാരമനുസരിച്ച് പോലും ഉയർന്നതായിരുന്നു. 1988-ൽ ചതുരശ്ര മൈലിൽ 1,740 ആളുകൾ. 1993-ൽ അത് 2,040 ആയി ഉയർന്നു. ആ ഉയർന്ന ജനസാന്ദ്രത കാരണം പൊതുവെ വ്യക്തിഗത കർഷകന് വളരെ ചെറിയ കൃഷിയിടം മാത്രമേ സ്വന്തമാക്കാനാവുമായിരുന്നുള്ളു. ഭൂമി മുഴുവൻ ഇതിനകം ആളുകൾ കൈവശപ്പെടുത്തിയിരുന്ന കാരണം, യുവാക്കൾക്ക് വിവാഹം കഴിക്കാനും വീടുവിട്ടിറങ്ങാനും കൃഷിയിടം സ്വന്തമായി സ്ഥാപിക്കാനും ബുദ്ധിമുട്ടായി.

കാനമയിലെ ഭൂരിഭാഗം ആളുകൾക്കും വളരെ കുറച്ച് ഭൂമിയിൽ ആവശ്യത്തിനുള്ള ഭക്ഷണം കണ്ടെത്തുക അസാധ്യമായി തീർന്നു. പ്രതിദിനം 1,600 കലോറിയിൽ കുറവ് ആഹാരം കഴിക്കുന്നവരുടെ ശതമാനം (അതായത്, പട്ടിണി നിലവാരത്തിന് താഴെയായി കണക്കാക്കുന്നത്) 1982-ൽ 9% നിന്ന് 1990-ൽ 40% ആയി ഉയർന്നു. സ്വാഭാവികമായും മറ്റുള്ളവരെ അപേക്ഷിച്ചു ചില ആളുകൾക്ക് വലിയ ഫാമുകൾ ഉണ്ടായിരുന്നു. ആ അസമത്വം 1988 മുതൽ 1993 വരെ വർദ്ധിച്ചു.

നടന്നത് പട്ടിണിക്കൊലകൾ

അങ്ങനെ, കാനമയിൽ ഭൂരിഭാഗം ആളുകളും ദരിദ്രരും പട്ടിണി കിടക്കുന്നവരും നിരാശരും ആയിരുന്നു. എന്നാൽ ചില ആളുകൾ മറ്റുള്ളവരെക്കാൾ കൂടുതൽ ദരിദ്രരും പട്ടിണി കിടക്കുന്നവരും നിരാശരും ആയിരുന്നു. ഈ സാഹചര്യം പലപ്പോഴും ഉൾപ്പെട്ട കക്ഷികൾക്ക് പരസ്പരം സംസാരിച്ചു പരിഹരിക്കാൻ കഴിയാത്ത ഗുരുതരമായ സംഘർഷങ്ങൾക്ക് വഴിയുണ്ടാക്കി. ഭൂമി തർക്കങ്ങൾ തന്നെ ആയിരുന്നു ഗുരുതരമായ ഇതിന് മൂലകാരണം. 1994-ന് മുമ്പു കൃഷിക്ക് പുറത്ത് വരുമാനമില്ലാത്ത പട്ടിണി കിടക്കുന്ന ഭൂരഹിതരായ ചെറുപ്പക്കാർക്കിടയിൽ അക്രമത്തിന്റെയും മോഷണത്തിന്റെയും തോത് വർദ്ധിച്ചു വരുന്നുണ്ടായിരുന്നു. ഉയർന്ന ജനസംഖ്യ സാന്ദ്രതയും മോശമായ പട്ടിണിയും കൂടുതൽ കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്നു.

ആന്ദ്രേ നടത്തിയ സർവേയിൽ ഹുട്ടുകൾ മാത്രം ഉണ്ടായിരുന്ന സ്ഥലങ്ങളിൽ 5% പേരെങ്കിലും കലാപത്തിൽ കൊല്ലപ്പെട്ടതായി കണ്ടെത്തി. കൊല്ലപ്പെട്ടവരെ അവർ പല വിഭാഗങ്ങളായി തരം തിരിച്ചു. വലിയ ഭൂവുടമകൾ ആയ ഹുട്ടുകൾ ആയിരുന്നു കൊല്ലപ്പെട്ടവരിൽ ഒരു വിഭാഗം. അവരിൽ ഭൂരിഭാഗവും 50 വയസ്സിനു മുകളിലുള്ള പുരുഷന്മാരായിരുന്നു. പിന്നെ കൊല്ലപ്പെട്ട ചെറുപ്പക്കാർ കൃഷിയിതര വരുമാനം കൊണ്ട് ഭൂമി വാങ്ങിച്ചു മറ്റുള്ളവരിൽ അസൂയ ജനിപ്പിച്ചവർ ആയിരുന്നു. ഇരകളുടെ അടുത്ത വിഭാഗം 'സ്ഥലത്തെ പ്രധാന പ്രശ്നക്കാർ' എന്ന് അറിയപ്പെട്ടിരുന്നവർ ആയിരുന്നു. ഇരകളുടെ മറ്റൊരു വിഭാഗം ദാരിദ്ര്യത്തിൽ നിരാശരായ യുവാക്കളും കുട്ടികളും ആയിരുന്നു. അവർ മിലിഷ്യകളിൽ ചേർന്ന് പരസ്പരം കൊല്ലാൻ തുടങ്ങി.

അവസാനമായി, ഏറ്റവും കൂടുതൽ ഇരകൾ പോഷകാഹരം കഴിക്കാൻ ഗതിയില്ലാതെ ആളുകളായിരുന്നു, അവർ പട്ടിണി മൂലം തളർന്നു മരിക്കുകയാണുണ്ടായത്. ആന്ദ്രേയും പ്ലാറ്റോയും ഇങ്ങനെ കുറിക്കുന്നു, '1994-ലെ സംഭവങ്ങൾ അസൂയ കൊണ്ട് കലുഷിതമായ മനസ്സുകൾക്ക് പരസ്പരം പ്രതികാരം ചെയ്യാനോ ഭൂസ്വത്തുക്കൾ പുനഃക്രമീകരിക്കാനോ ഉള്ള അവസരം ആയിട്ടാണ് ഹുട്ടു ഗ്രാമവാസികൾ ഉപയോഗിച്ചത്. ചില റുവാണ്ടക്കാർ ഇന്നും വാദിക്കുന്നത് ജനസംഖ്യയുടെ അധികഭാഗം തുടച്ചുനീക്കുന്നതിനും സംഖ്യ സന്തുലിതാവസ്ഥയിൽ കൊണ്ടു വരുന്നതിനും ഭൂവിഭവങ്ങൾ വിതരണം ചെയ്യുന്നതിനും യുദ്ധം ആവശ്യമാണ് എന്നാണ്.'

വംശഹത്യയെക്കുറിച്ച് റുവാണ്ടക്കാർ തന്നെ പറഞ്ഞതിന്റെ അവസാനത്തെ ഉദ്ധരണി ആശ്ചര്യപ്പെടുത്തുന്നതാണ്. ജനസംഖ്യാ സമ്മർദ്ദം, മനുഷ്യ നിർമ്മിത പാരിസ്ഥിതിക ആഘാതം, വരൾച്ചയും മറ്റും ആളുകളെ ദീർഘകാലമായി നിരാശരാക്കിയിരുന്നു. ഇതൊരു വെടിമരുന്നുശാല പോലെ ആണ്. ഒരു തീപ്പെട്ടി ഉരച്ചാൽ മതി, അതെല്ലാം കൂടി പൊട്ടിത്തെറിക്കും. ആ തീപ്പെട്ടി കൊള്ളി ഉരച്ചത് അധികാരം നിലനിർത്താനായി വംശീയ വിദ്വേഷം പ്രചരിപ്പിച്ച രാഷ്ട്രീയക്കാർ ആയിരുന്നു.

കിഴക്കൻ ആഫ്രിക്കയെ കുറിച്ച് പഠിക്കുന്ന ജെറാർഡ് പ്രൂനിയർ പറയുന്നു: 'കൊല്ലാനുള്ള തീരുമാനം രാഷ്ട്രീയക്കാർ ആണ് എടുത്തതെങ്കിലും അത് നടപ്പാക്കുന്നതിൽ സാധാരണ ജനങ്ങളും പങ്കു ചേരാൻ കാരണം ചെറിയ അളവ് ഭൂമിയിൽ ധാരാളം ആളുകൾ ഉണ്ടായിരുന്നു. കുറെ പേരെ തുടച്ചു നീക്കിയാൽ ബാക്കി വരുന്നവർക്ക് കൂടുതൽ വിഭവങ്ങൾ കിട്ടുമെന്ന ധാരണ ആയിരുന്നു. കൊല്ലപ്പെടാൻ പോകുന്ന ഈ ആളുകൾക്കെല്ലാം ഭൂമിയും ചിലർക്കൊക്കെ പശുക്കളും ഉണ്ടായിരുന്നു. ഈ ഭൂമിയും പശുക്കളെയും ഉടമകൾകളുടെ മരണശേഷം ശേഷം ആർക്കെങ്കിലും ലഭിക്കും. ദാരിദ്രവും വർദ്ധിച്ചുവരുന്ന ജനസാന്ദ്രതയുള്ളതുമായ ഒരു രാജ്യത്ത് ക്രൂരതയിൽ ഏർപ്പെടാൻ നല്ല പ്രോത്സാഹനമാണ്'.

മണിപ്പൂരിന് പഠിക്കാനുള്ളത്

റുവാണ്ടയിൽ നിന്ന് ഒരപാട് കാര്യങ്ങൾ മണിപ്പൂരിനും പഠിക്കാനുണ്ട്്. കാരണം അവിടുത്തെ പോലെ ഗോത്ര സ്വത്വം ശക്തമായ പ്രദേശമാണ് മണിപ്പൂരും. ഇതിനെ പൊളിച്ചുകളയണമെങ്കിൽ ആധുനികത കടന്നുവരണം. വിദ്യാഭ്യാസത്തിന്റെയും ശാസ്ത്രത്തിന്റെയും വെളിച്ചം എത്തണം. അപ്പോഴാണ് നാം എല്ലാവരും ഒരു ഏകകോശ ജീവിയിൽ നിന്ന് പരിണമിച്ച് ഉണ്ടായവർ ആണെന്നും, നമ്മുടെ പൂർവികർ ഒന്നാണെന്നുമുള്ള ബോധനിലവാരം ഉണ്ടാവുക. പക്ഷേ ദൗർഭാഗ്യം എന്ന് പറയയട്ടെ, ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ഇനിയും ആ വെളിച്ചം എത്തിയിട്ടില്ല. എന്തിന് എല്ലാവരും മനുഷ്യരാണ് എന്ന ബോധത്തിന് പകരം എല്ലാവരും ഇന്ത്യാക്കാരാണ് എന്ന ബോധം പോലും അവിടെ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല. നാൽപ്പതിലേറെ തീവ്രവാദ സംഘടനകളുള്ള മണിപ്പൂരിന്റെ പല ഭാഗങ്ങളിലും ഇന്നും ദേശീയപതാക ഉയർത്താൻപോലും കഴിയില്ല.

മാത്രമല്ല ഇടകലർന്ന് ജീവിക്കുന്നതിലൂടെയാണ് പലപ്പോഴും നാഗരിക കടന്നുവരുന്നത്. എന്നാൽ മണിപ്പൂരിലെ ഗ്രോത്രവിഭാഗക്കാർ ഇതിനെ ശക്തമായി എതിർക്കുന്നു. പുറത്തുനിന്നുള്ളവർക്ക് മാത്രമല്ല, മണിപ്പൂരിലെ മെയ്ത്തെ വിഭാഗത്തിനുപോലും അവിടുത്തെ ഹില്ലി റീജിലണിൽ ഭൂമിവാങ്ങിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ റുവാണ്ടയിൽ ഹുട്ടു ടുട്സി വിഭാഗക്കാർക്കിടയിൽ ഉണ്ടായപോലുള്ള അതേ ഭൂമി പ്രശ്നവും, അതേ രീതിയിലുള്ള സാമ്പത്തിക അന്തരവും ഇവിടെയും ഉണ്ടായിട്ടുണ്ട്്.

ഇപ്പോഴത്തെ മണിപ്പൂരിലെ ഗോത്രസംഘർഷങ്ങളിൽ ഏറ്റവും കാതലായ വിഷയം, ഭൂമി പ്രശ്നം തന്നെയാണെന്ന് ബിബിസിയടക്കമുള്ള മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. മണിപ്പൂരിലെ ജനസംഖ്യ ഏതാണ്ട് 30 ലക്ഷമാണ്. ഇതിൽ ഇവിടുത്തെ പ്രബല വിഭാഗമായ മെയ്ത്തി ജനത 53% ഉം, ബാക്കിയുള്ള വിവിധ പട്ടിക വർഗ വിഭാഗങ്ങൾ എല്ലാം കൂടി 47% ഉം ആണ് ഉള്ളത്. മണിപ്പൂരിന്റെ വെറും 10% മാത്രമാണ് സമതലമായുള്ളത്. ബാക്കിയുള്ള 90% ഉം മലമ്പ്രദേശങ്ങളാണ്. ഈ മലമ്പ്രദേശം 10% സമതലത്തെ ചുറ്റി നിൽക്കുന്നു. സമതലത്തിലാണ് തലസ്ഥാനമായ ഇംഫാൽ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളൊക്കെയും. മണിപ്പൂർ ജനതയുടെ 65% , ഈ 10% സമതലത്തിലാണ്. ബാക്കിയുള്ള 90% മലനിരകളിൽ വസിക്കുന്നത് വെറും 35% ജനങ്ങളുമാണ്

മണിപ്പൂരിലെ പ്രബല വിഭാഗമായ മെയ്ത്തി പട്ടിക വിഭാഗമല്ല. എന്നാൽ മലനിരകളിൽ താമസിക്കുന്ന മറ്റ് വിഭാഗങ്ങളായ ആദിവാസി ഗോത്ര വിഭാഗങ്ങൾ എല്ലാം പട്ടിക വർഗക്കാരാണ്. ഇതിൽ പ്രധാനപ്പെട്ട രണ്ട് പട്ടിക വർഗ വിഭാഗങ്ങളാണ് കുക്കിയും, നാഗയും. ഈ രണ്ട് വിഭാഗങ്ങളിലാണ് മേൽപ്പറഞ്ഞ 47% ത്തിൽ കൂടുതൽ പേരും ഉൾപ്പെട്ടിട്ടുള്ളത്.

കാലങ്ങൾക്കു മുമ്പ് ബർമയിൽ നിന്നും മറ്റു പ്രദേശങ്ങളിൽ നിന്നും പലായനം ചെയ്ത് മണിപ്പൂരിലെത്തിയ കുക്കിവംശജർ. അവരെ സ്വീകരിച്ചവരാണ് മണിപ്പൂരിലെ മെയ്ത്തികൾ. മലമടക്കുകളിൽ അതിജീവനം നടത്തിയിരുന്നവരാണ് നാഗാവംശജർ. മൂന്നു വിഭാഗത്തിലും ക്രിസ്താനികളുണ്ട്, ഹിന്ദുക്കളുണ്ട്. പക്ഷേ കുക്കികളും, നാഗകളും, ഭൂരിഭാഗവും ക്രിസ്ത്യൻ വിഭാഗമാണ്. എന്നാൽ മെയ്തികളിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്. ബാക്കി മെയ്തെയ് പംഗൽ എന്നറിയപ്പെടുന്ന മുസ്ലിംകളുമാണ്.

നിലവിലുള്ള നിയമമനുസരിച്ച്, മലയോര മേഖലകളിൽ മെയ്ത്തികൾക്ക് താമസിക്കാൻ അനുവാദമില്ല. സംസ്ഥാനത്തെ ഭൂമിയിൽ ആകെ പത്ത് ശതമാനമാണ് ഇവരുടെ കൈവശമുള്ളത്. അവർക്ക് വനമേഖലയിൽ ഭുമി വാങ്ങിക്കാൻ കഴിയില്ല. പക്ഷേ ഗോത്രവിഭാഗങ്ങളായി കണക്കാക്കപ്പെടുന്ന കുക്കികൾക്കും നാഗകൾക്കും മെയ്ത്തികളുടെ സമതലങ്ങളിൽ ഭൂമി വാങ്ങിക്കാനും കഴിയും. എന്നാൽ, പട്ടിക വർഗ പദവി മെയ്ത്തികൾക്കും കിട്ടുന്നതോടെ ഈ നിയന്ത്രണം ഇല്ലാതാകും. നിലവിൽ ഒബിസി സംവരം മെയ്ത്തികൾക്ക് ഉണ്ട്. പക്ഷേ അവർ പട്ടികവർഗ വിഭാഗം ആവുന്നതോടെ അവർക്ക് മലനിരകളിൽ ഭൂമി വാങ്ങിക്കാൻ കഴിയും. ജോലിക്കല്ല, ഭൂമിക്കായാണ് അവർ സംവരണത്തിനുവേണ്ടി നിന്നത്. അതിനുള്ള നിയമ നടപടികളും തുടങ്ങി. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിമുമ്പ് തങ്ങൾ പട്ടിക വർഗത്തിൽ ആയിരുന്നു എന്ന വാദമാണ് അവർ ഉയർത്തിയത്. ഇപ്പോൾ കോടതി അവരെ പട്ടിക വർഗമാക്കിക്കൂടെ എന്ന് ചോദിച്ചതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

റുവാണ്ടയിൽ നാം കണ്ടതുപോലെ സാമ്പത്തിക അന്തരം മണിപ്പൂരിലുമുണ്ട്. കേന്ദ്രത്തിലും സംസ്ഥാനത്തും മാറി മാറി വന്ന സർക്കാരുകൾ സംവരണം നൽകുവാനും പ്രീണിപ്പിക്കാനും മത്സരിച്ചപ്പോൾ എല്ലാ മേഖലകളിലും കുക്കി-നാഗാ വിഭാഗങ്ങൾ പ്രബലരായി മാറി. അതേ സമയം, പരമ്പരാഗത കൈത്തൊഴിലുകളും കൃഷിയും ശീലമാക്കിയിരുന്ന മെയ്ത്തി വിഭാഗത്തിന്റെ വളർച്ച അത്ര ശോഭനീയമായിരുന്നില്ലെന്ന് നിഷ്പക്ഷ നിരീക്ഷകർ പലരും പറയുന്നു. അതോടെയാണ് മണ്ണിന്റെ മക്കൾ വാദം ശക്തിപ്പെട്ടത്.

മറ്റൊരു രീതിയിൽ നോക്കിയാൽ റുവാൻഡയിൽ ഹുട്ടുകളും ടുട്സികളും തമ്മിലുള്ള അന്തരം ഉണ്ടായ എല്ലാ കാരണങ്ങളും മണിപ്പൂരിലും നിലനിൽക്കുന്നുണ്ട്. ഇവിടെയും ഭരണകൂടം പക്ഷം പിടിക്കയാണ്. അതുകൊണ്ടുതന്നെ തീർത്തും സുക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒരു വിഷയം തന്നെയാണിത്. ഒരു ചെറിയ തീപ്പൊട്ടിക്കൊള്ളി മതി റുവാണ്ടയിലെപ്പോലെ ഇവിടെയും ലക്ഷങ്ങളുടെ ശവം വീഴാൻ. പക്ഷേ നമ്മുടെ ഭരണകൂടം കുറേക്കൂടി ശക്തമായതുകൊണ്ട് അങ്ങനെ ഉണ്ടാവില്ല എന്ന് ആശ്വസിക്കാം.

റഫറൻസ്- റുവാണ്ടൻ കൊലകൾക്ക് പിന്നിൽ വംശീയത മാത്രമായിരുന്നോ- ലേഖനം, രാകേഷ് ഉണ്ണിക്കൃഷ്ണൻ- എസ്സെൻസ് ഗ്ലോബൽ മാഗസിൻ. അൺ മാസ്‌ക്കിങ്ങ് റുവാണ്ട മസാക്കർ- ലേഖനം- ജീൻ സ്മിത്ത്- ബിബിസി. റുവാണ്ടൻ വംശഹത്യ-വിക്കിപീഡിയ.