''മുർഷിദാബാദ് നഗരം ഒന്ന് കണ്ടാൽ മതി, ലണ്ടൻ ഒന്നുമല്ല എന്ന് തോന്നിപ്പോവും'- ഇത് എഴുതിയത് 1765ലാണ്. ലേഖകനാവട്ടെ സാക്ഷാൽ റോബർട്ട് ക്ലൈവും. ഈ പേര് ചരിത്ര വിദ്യാർത്ഥികൾക്ക് ഏറെ സുപരിചിതമാണ്. 1757 ലെ പ്ലാസി യുദ്ധത്തിൽ സിറാജ് ഉദ് ദൗളയെ പരാജയപ്പെടുത്തി, ഇന്ത്യയിൽ ഈസ്റ്റിന്ത്യാ കമ്പനിയുടെ ഭരണത്തിന് അടിത്തറയിട്ട, റോബർട്ട് ക്ലൈവിനെക്കുറിച്ച് നാം ചെറിയ ക്ലാസിൽ തന്നെ പഠിക്കുന്നുണ്ട്. പിന്നീട് ബംഗാളിലെ ഗവർണ്ണറായി മാറിയ ക്ലൈവിന്റെ പുസ്തകത്തിൽ പറയുന്നത് 18ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ സമ്പന്നതയാണ്. ബംഗാളിലെ മൂർഷിദബാദ് പട്ടണം അന്ന് ലണ്ടൻ നഗരത്തോളം കിടപിടിക്കുന്നതായിരുന്നു. ഇന്ന് നമുക്ക് ലണ്ടനോട് കിടപിടിക്കാവുന്ന ഒരു നഗരം പോയിട്ട് ഒരു തെരുവ് പോലും ഉണ്ടാക്കാൻ കഴിയുമോ. ഇന്ന് ജോലിക്കായി ബാംഗാളികൾ എറ്റവു കൂടുതൽ കേരളത്തിലേക്ക് എത്തുന്ന സ്ഥലമാണ് മൂർഷിദബാദ്! ഓർക്കുക, എത്ര ഭീകരമാണ് ഇന്ത്യയുടെ പതനം.

റോബർട്ട് ക്ലൈവ് 1743-ൽ തന്റെ പതിനെട്ടാം വയസിലാണ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉദ്യോഗസ്ഥനായി ഇന്ത്യലെത്തിയത്. കഠിനാധ്വാനിയായ അദ്ദേഹം സൈന്യത്തിൽ പടിപടിയായി ഉയർന്നു. 1757 ലെ പ്ലാസി യുദ്ധത്തിലൂടെ അദ്ദേഹം പ്രശസ്തനായി. 1758ൽ ക്ലൈവ് തിരിച്ചു പോയ ക്ലൈവ്, 1765 ൽ വീണ്ടും ഗവർണ്ണറായി ബംഗാളിലെത്തി. 1767-ൽ ഇന്ത്യ വിടുമ്പോൾ വളരെ വലിയ സ്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. നാലു ലക്ഷത്തിലധികം പൗണ്ട് വിലമതിക്കുന്ന സ്വത്ത് അദ്ദേഹത്തിന് ഇന്ത്യയിലുണ്ടായിരുന്നു. കമ്പനി ഭരണത്തിലെ അഴിമതി അവസാനിപ്പിക്കാനാണ് ബംഗാളിന്റെ ഗവർണറായി ക്ലൈവിനെ നിയമിച്ചത്. എന്നാൽ 1772-ൽ അവിഹിതസ്വത്ത് സമ്പാദിച്ചതിന്റെ പേരിൽ ബ്രിട്ടീഷ് പാർലമെന്റിൽ അദ്ദേഹം വിചാരണക്ക് വിധേയനായി. ഇതിൽ കുറ്റവിമുക്തനാക്കാപ്പെട്ടെങ്കിലും 1774-ൽ റോബർട്ട് ക്ലൈവ് ആത്മഹത്യ ചെയ്തു. എത്രയോ യുദ്ധങ്ങളിൽ മുന്നിൽനിന്ന് പൊരുതിയ നിർഭയനായ മനുഷ്യൻ ഒടുവിൽ സ്വയം ജീവനൊടുക്കുന്നു!

ശശി തരൂർ തന്റെ പ്രസംഗങ്ങളിൽ പതിവായി ഉദ്ധരിക്കാറുള്ള പേരാണ് റോബർട്ട് ക്ലൈവിന്റെത്. 'കോഹിന്നൂർ രത്നം ഇന്ത്യക്ക് വിട്ടുകൊടുക്കണമോ' എന്ന് ചോദിച്ച് ലണ്ടനിൽ നടന്ന ചരിത്രപ്രസിദ്ധമായ പ്രസംഗത്തിലും, അദ്ദേഹം ഈ മൂർഷിദാബാദിന്റെ കഥ ഉന്നയിക്കുന്നുണ്ട്. തരൂർ ഇങ്ങനെ പറയുന്നു. '' മുഗൾ ഭരണകാലത്തിനുശേഷം ബ്രിട്ടീഷുകാർ ഇന്ത്യയിലേക്ക് വരുമ്പോൾ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ. ഒരു സംസ്‌കാരത്തിന്റെ അടയാളപ്പെടുത്തലുകളായി ചാർമിനാറും കുത്തബ് മിനാറും താജ് മഹലും ചെങ്കോട്ടയും മുഗൾ ഗാർഡനും ആഗ്ര കോട്ടയും ഫത്തേഹ്ഫൂർ സിക്രിയുമുണ്ട്. ബംഗാളിലെ മുർഷിദാബാദ് നഗരം കണ്ട് ലണ്ടൻ ഒന്നുമല്ലെന്ന് റോബർട്ട് ക്ലൈവ് എഴൂതിയിരുന്നു. അത്ര കണ്ട് സമ്പന്നമായിരുന്നു ഇന്ത്യ! ആഭ്യന്തര ഉൽപാദന നിരക്കാണെങ്കിൽ 25 ശതാമാനം. ആ സമ്പന്നതയാണ് പോർച്ചുഗീസുകാരെയും ബ്രിട്ടീഷുകാരെയും ഇന്ത്യയിലേക്ക് വരാൻ പ്രേരിപ്പിച്ചത്. പക്ഷേ ബ്രിട്ടീഷ് ഭരണം ഇന്ത്യയെ കൊള്ളയടിച്ച് പാപ്പരാക്കി''- ശശി തരൂർ ചൂണ്ടിക്കാട്ടി.

മുഗളന്മാർ  വീണ്ടും ചർച്ചകളിൽ

ഇന്ന് ഇന്ത്യയിൽ വീണ്ടു മുഗൾ സാമ്രാജ്യം ചർച്ചയായിരിക്കുന്നത് എൻസിഇആർടിയുടെ ചില നടപടികളിലൂടെയാണ്. സിബിഎസ്ഇപന്ത്രണ്ടാം ക്ലാസ് ചരിത്ര പുസ്തകത്തിലെ പാഠ്യപദ്ധതിയിൽ നിന്ന് മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള ഭാഗങ്ങൾ എൻസിഇആർടി ഒഴിവാക്കിയിരിക്കയാണ്. യുപിയിലൊക്കെ പുതിയ പാഠപുസ്തകം നിലവിൽവരികയും ചെയ്തിട്ടുണ്ട്.

എൻസിഇആർടി നടപടി ശരിവയ്ക്കുന്നുവെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് അറിയിച്ചു. ''എൻസിഇആർടി പുസ്തകങ്ങൾ ഉപയോഗിച്ചാണ് ഞങ്ങൾ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്. പുതുക്കിയ പതിപ്പിൽ ഉള്ളത് എന്താണോ അത് പിന്തുടരും.' അതേസമയം പാഠപുസ്തകങ്ങളിലെ ഉള്ളടക്കം യുക്തിസഹമാക്കിയിരിക്കയാണെന്നാണ്് എൻസിഇആർടി പറയുന്നത്. ഒരേ ക്ലാസിലെ മറ്റ് വിഷയങ്ങളിലോ താഴ്ന്ന അല്ലെങ്കിൽ ഉയർന്ന ക്ലാസുകളിലെ വിഷയത്തിലോ സമാന ഉള്ളടക്കമുണ്ടെങ്കിലോ അതാണ് ഒഴിവാക്കുന്നത്. മാത്രമല്ല, വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്നതും, അദ്ധ്യാപകർ പഠിപ്പിക്കേണ്ടതില്ലാത്തതും സമപ്രായക്കാരിൽ നിന്ന് പഠിക്കാവുന്നതോ ആയ ഉള്ളടക്കവും പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്‌തെന്ന് എൻസിഇആർടി അറിയിച്ചു.

12-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ നിന്ന് 'ഇന്ത്യൻ രാഷ്ട്രീയത്തിലെ സമീപകാല സംഭവവികാസങ്ങൾ' എന്ന അധ്യായത്തിൽ നിന്ന് 'ഗുജറാത്ത് കലാപം' എന്ന വിഷയം ഒഴിവാക്കിയതും ഇതോടൊപ്പാമാണ്്. 2002ലെ ഗുജറാത്ത് വംശഹത്യയിലെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ടിനെക്കുറിച്ചും പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ 'രാജ് ധർമ' പരാമർശത്തെക്കുറിച്ചുമുള്ള ഉള്ളടക്കം ഒഴിവാക്കിയിട്ടുണ്ട്. മാത്രമല്ല, പൊളിറ്റിക്കൽ സയൻസ് സിലബസിൽ നിന്ന് ദളിത് പ്രസ്ഥാനത്തെക്കുറിച്ചുള്ള ഒരു കവിതയും ഒഴിവാക്കി. അടിയന്തരാവസ്ഥ, നക്‌സലൈറ്റ് പ്രസ്ഥാനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കിയിരിക്കയാണ്.

ഇതിനെതിരെ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്. റൊമില ഥാപ്പർ, ഇർഫാൻ ഹബീബ്, ജയന്തിഘോഷ്, മൃദുലാമുഖർജി, അപൂർവാനന്ദ, ഉപിന്ദർസിങ് തുടങ്ങിയ നൂറോളം ചരിത്രകാരന്മാർ ചരിത്രത്തെ വെട്ടിമാറ്റുന്നതിനെതിരെ സംയുക്ത പ്രസ്താനയിറക്കി പ്രതിഷേധിച്ചത്. ബിജെപി സർക്കാറിന്റെ കൃത്യമായ കാവിവത്ക്കരണ അജണ്ടയുടെ ഭാഗമാണ്, ഈ നടപിയെന്നാണ് ഇവർ ആരോപിക്കുന്നത്.

ഈ സമയത്ത് കേരളത്തിലെ സോഷ്യൽ മീഡിയയിൽ അടക്കം വൻ വിവാദം ഉയരുകയാണ്. മുഗളന്മാർ ഒന്നാന്തരം വർഗീയവാദികൾ ആയിരൂന്നെന്നും, ക്ഷേത്രങ്ങൾ തകർത്തവരും, മറ്റുമതസ്ഥർക്ക് നികുതി ഏർപ്പെടുത്തിയവർ ആണെന്നും ഒരുകുട്ടർ വാദിക്കുന്നു. പക്ഷേ ഔറഗസീബിനെപ്പോലെയുള്ള ഒന്നോ രണ്ടോപേർ മാത്രമാണ് മതസഹിഷുണതയില്ലാത്തവർ എന്നും, ബ്രിട്ടീഷ് കാലഘട്ടത്തെ വെച്ചുനോക്കുമ്പോൾ എത്രയോ മെച്ചമായിരുന്നു മുഗൾ കാലഘട്ടമെന്നുമാണ് മറുവാദം.

ബാബറിൽ തുടങ്ങുന്ന ചരിത്രം

ആധുനിക കാലത്തിന്റെ നീതിബോധംവെച്ച് നമ്മൾ 17ാം നുറ്റാണ്ടിലെ ഭരണാധികാരിയെ വിലയിരുത്താനാവില്ല. ജനക്ഷേമത്തിനും വികസനത്തിനും വേണ്ടിയൊന്നുമായിരുന്നില്ല അന്ന് രാജവംശങ്ങൾ ശ്രദ്ധിച്ചത്. വെട്ടിപ്പിടിക്കാനും സ്വന്തം സാമ്രാജ്യം വികസിപ്പിക്കാനുമായിരുന്നു. ഈ ഒരു വീക്ഷണ കോണിൽനിന്നുവേണം ബാബറെയും വിലയിരുത്താൻ. മുഗൾ ഭരണാധികാരികൾ മംഗോൾ വംശജർ ആയിരുന്നില്ല. ചെങ്കിസ്ഖാന്റെ വംശത്തോട് ചേർന്ന തുർക്കി വംശജരായിരുന്നു. ബാബർ തുർക്കി നേതാവും അദ്ദേഹം ഇന്ത്യയിൽ സ്ഥാപിച്ച വംശം തുർക്കി വശവും ആയിരുന്നു. മധ്യേഷ്യയിൽ നിന്നുള്ള എല്ലാ വിദേശീയ മുസ്ലിംകളേയും'മുഗളന്മാർ 'എന്ന പേരിലാണ് യൂറോപ്പിലുള്ളവർ സാധാരണയായി വിളിച്ച് വന്നതും രേഖപ്പെടുത്തിയിരുന്നതും. പിന്നീട് നമ്മളും അത് തുടർന്നു.

സഹീറുദ്ദീൻ മുഹമ്മദ് ബാബർ എന്ന ബാബർ ചക്രവർത്തി തിമൂർ വംശജനായ പിതാവ് ഉമർശേഖ് മിർസയുടെയും ചെങ്കിസ് ഖാൻ വംശജയായ മാതാവ് ഖുത്‌ലു നിഗർഖാന്റെയും മകനായി 1483ൽ ആന്തിജാനിലാണ് ജനിച്ചത്. 1494ൽ പതിനൊന്നാം വയസിൽ അദ്ദേഹം ഭരണത്തിലേറി. പഞ്ചാബ് ഗവർണറായിരുന്ന ദൗലത്ത്ഖാൻ ലോധി ബാബറിനെ ഇന്ത്യ ആക്രമിക്കാൻ വെല്ലുവിളിച്ചു. മിൽവാത്തിൽ ബാബർ ദൗലത്ത്ഖാൻ ലോധിയെ പരാജയപ്പെടുത്തി. 1519ലെ ഭീരാകോട്ടക്ക് നേരെയുള്ള ആക്രമണത്തിൽ ആദ്യമായി ബാബർ പീരങ്കി ഉപയോഗിച്ചു. ബാബറും ഡൽഹി സുൽത്താനേറ്റിലെ അവസാനത്തെ സുൽത്താൻ ഇബ്രാഹീം ലോധിയും തമ്മിൽ ഹരിയാനയിലെ പാനിപ്പത്തിൽ 1526ൽ ഒന്നാം പാനിപ്പത്ത് യുദ്ധം പ്രശസ്തമാണെല്ലോം. ഇബ്രാഹിംലോധിയെ പരാജയപ്പെടുത്തിയ ബാബർ ഡൽഹി സുൽത്താനേറ്റിന് വിരാമമിട്ട് മുഗൾസാമ്രാജ്യത്വത്തിന് അടിത്തറ പാകി. ഈ യുദ്ധത്തിൽ ഇബ്രാഹിംലോധിയെ സഹായിച്ച രജപുത്ര രാജാവായിരുന്നു വിക്രംസേത്.

1527ലെ ഖന്ന്യാ യുദ്ധത്തിൽ ബാബർ നേരിട്ട ശക്തനായ രജപുത്രരാജാവായിരുന്ന റാണസംഗയെ പരാജയപ്പെടുത്തി. 1528ലെ ചന്ദേരിയുദ്ധത്തിൽ ബാബർ മേധിനിറായിയെയും 1529ൽ ഖാഖ്ര യുദ്ധത്തിൽ മഹ്മൂദ്‌ലോധിയെയും തോൽപ്പിച്ചു. ഇന്ത്യയിൽ വ്യാപകമായി പൂന്തോട്ട നിർമ്മാണം ആരംഭിച്ചത് അദ്ദേഹത്തിന്റെ കാലത്താണ്. ആദ്യമായി ഇന്ത്യയിൽ പീരങ്കി ഉപയോഗിച്ച് യുദ്ധം നടത്തിയ ചക്രവർത്തിയും ബാബർ തന്നെ.

കവിയും പ്രകൃതിസ്‌നേഹിയുമായ ഭരണാധികാരി എന്നും പലരും ബാബറിനെ വിലയിരുത്തുന്നുണ്ട്. 530ൽ ബാബർ അന്തരിച്ചു. 47 വർഷത്തെ ജീവിതത്തിൽ ഓക്‌സസ് മുതൽ ബംഗാൾ വരെയും ഹിമാലയം മുതൽ ഗ്വാളിയോർ വരെയും അദ്ദേഹം പരമാധികാരം കൈയാളി.ശവകുടീരം കാബൂളിലെ മനോഹരമായ'ദിൽഖുഷാ'പൂന്തോട്ടത്തിലാണ്. സാഹസികനായ അദ്ദേഹം'ആത്മകഥ' എഴുതിയ മുഗൾ ചക്രവർത്തിയാണ്. 'ആത്മകഥകളിലെ രാജകുമാരൻ' എന്നും വിശേഷണമുണ്ട്.

പക്ഷേ ബാബർ ഇന്ത്യയിൽ അറിയപ്പെടുന്നത് ഇതിൻെയൊന്നും പേരിലല്ല. 1528ൽ ബാബറിന്റെ കാലത്ത് നിർമ്മിച്ച ബാബറി മസ്ജിദ് ഇന്ത്യൻ രാഷ്ട്രീയത്തെ എത്രയോ കാലം പിടിച്ചുകുലുക്കി. രമാക്ഷേത്രം തകർന്നുവെന്ന ആരോപണം ഇന്ത്യയെ കലാപകലുഷിതമാക്കിയത് പക്ഷേ 325 വർഷങ്ങൾക്ക് ശേഷമാണ്. അന്നത്തെകാലത്ത് സഹജമായ ക്ഷ്രേത്ര ആക്രമണങ്ങളും കൊള്ളയടിയുമൊക്കെ ബാബറിലും ഉണ്ടായിരുന്നു. അത് അന്നത്തെ ശരിയാണ്.

അക്‌ബറിന്റെ പുതിയ മതം

ബാബറിന്റെ മകനായ, നാസറുദ്ദീൻ മുഹമ്മദ് ഹുമയൂൺ എന്ന ഹുമയൂൺ പലപ്പോഴും ഭരണത്തിൽ നിന്ന് വിട്ടു നിന്ന ഏക മുഗൾ ചക്രവർത്തിയാണ്. ഭരണവൈഭവമോ, നയതന്ത്രകൗശലമോ, രാഷ്ട്രീയ വിവേകമോ ഒന്നും ഹുമയൂണിനില്ലായിരുന്നുവെന്നാണ് വിലയിരുത്തൽ. ഭരണത്തിൽ അശ്രദ്ധനായ ഹുമയൂണിനെ ശക്തനായ നയതന്ത്രജ്ഞനും, ഭരണാധികാരിയുമായ ഷേർഷാ 1539ൽ ഗംഗയുദ്ധത്തിലും, അതേവർഷം നടന്ന ചൗസായുദ്ധത്തിലും ശക്തമായി അക്രമിച്ചു. പേരിനു വിജയിച്ചുവെങ്കിലും ഭീമമായ സാമ്പത്തിക നഷ്ടവും, ആൾനാശവും ഹുമയൂണിന് ഏറ്റുവാങ്ങേണ്ടിവന്നു. മുഗൾ സാമ്രാജ്യത്തിന്റെ മർമപ്രധാനമായ പ്രദേശങ്ങൾ കീഴടക്കിയ ഷേർഷ 1540ലെ ഖൗനജ് യുദ്ധത്തോടെ ഹുമയൂണിനെ പരാജയപ്പെടുത്തി, സൂർവംശം സ്ഥാപിച്ചു.

ഹുമയൂൺ പേർഷ്യയിൽ അഭയം തേടി. ഹുമയൂണിന്റെ പ്രവാസ ജീവിതത്തിനിടയിലാണ് മകൻ അക്‌ബർ ജനിച്ചത്. നിർഭാഗ്യവാൻ എന്ന് ചരിത്രം മുദ്രകുത്തിയ ഹുമയൂണിന് മകനായ അക്‌ബറിന്റെ ജനന ശേഷമാണ് ഭാഗ്യം ഉദിച്ചത്.
വിവിധ ഭാഷ കൈകാര്യം ചെയ്ത മികച്ച പണ്ഡിതനായിരുന്നു ഹുമയൂൺ. വായനശാലകൾ ആരംഭിച്ചതാണ് അദ്ദേഹത്തിന്റെ പ്രധാന സംഭാവന. പ്രധാനപ്പെട്ടതാണ് ഷേർമണ്ഡൽ ലൈബ്രറി, ദീൻപാന എന്ന നഗരം പണിതു.
1556ൽ ലൈബ്രറിയുടെ കോണിപ്പടിയിൽ നിന്ന് വീണപരുക്കിനെ തുടർന്ന് ഹുമയൂൺ മരണപ്പെട്ടു. ശവകുടീരം ഡൽഹിയിലാണ്. ഹുമയൂണിന്റെ ശവകുടീരമാണ് പിൽകാലത്ത് താജ്മഹലിന്റെ നിർമ്മാണത്തിന് പ്രചോദനമായത്.

ഹുമയൂണിനുശേഷം അധികാരത്തിൽവന്ന, ജലാലുദ്ദീൻ മുഹമ്മദ് അക്‌ബർ എന്ന അക്‌ബർ വ്യക്തിപ്രഭാവവും ഭരണ നൈപുണ്യവും കൊണ്ടും അശോക ചക്രവർത്തിക്കു ശേഷം ഇന്ത്യയിൽ ഭരണം നടത്തിയ പ്രമുഖ ചക്രവർത്തിയാണ്. മതസഹിഷുണയുടെ വക്താവായിരുന്നു അദ്ദേഹം. ഫത്തേപ്പൂർ സിക്രിയിൽ പണി ചെയ്യപ്പെട്ട 'ഇബാദത്ത് ഖാന' എന്നറിയപ്പെടുന്ന സൗധത്തിൽ സർവമത സമ്മേളനങ്ങൾ അദ്ദേഹം കൃത്യമായിത്തന്നെ വിളിച്ചുകൂട്ടി. വിവിധ മതങ്ങൾ പരസ്പരം പുലർത്തിപ്പോന്ന അസഹിഷ്ണുത, മതത്തിന്റെ പൊരുളറിയാനുള്ള ശ്രമത്തിലേക്ക് അക്‌ബറുടെ ശ്രദ്ധ തിരിച്ചുവിട്ടിരുന്നു. ക്രിസ്തുമതമുൾപ്പെടെ എല്ലാ മതങ്ങളിലെയും വിദഗ്ദ്ധർ പങ്കെടുത്ത ചർച്ചകൾ ചക്രവർത്തിയെ ഒരു പ്രത്യേക മതത്തിലേക്കും ആകർഷിച്ചില്ല. അതേ സമയം വിവിധ മതസ്ഥരടങ്ങിയ തന്റെ സാമ്രാജ്യത്തിന്റെ ഭദ്രതയ്ക്ക് എല്ലാ വിഭാഗക്കാർക്കും സ്വീകാര്യമായതും സാമാന്യബുദ്ധിക്കു നിരക്കുന്നതുമായ ഒരു പുതിയ മതം കണ്ടെത്തുക ആവശ്യമായി ഇദ്ദേഹത്തിനു തോന്നി.

വിവിധ വിശ്വാസ സിദ്ധാന്തങ്ങളെപ്പറ്റിയുള്ള ചർച്ച 1582 വരെ നീണ്ടുനിന്നു. എല്ലാ മതസ്ഥരോടും സഹകരണവും സഹിഷ്ണുതയും പുലർത്തുക എന്ന തത്ത്വം (സുൽഹ്-ഇ-കുൽ) അക്‌ബർ തന്റെ ജീവിതത്തിന്റെ ഭാഗമാക്കി. രജപുത്രരുമായി സൗഹൃദം പുലർത്തിപ്പോന്നതും അന്യമതസ്ഥരിൽ അടിച്ചേൽപ്പിച്ചിരുന്ന നിയന്ത്രണങ്ങൾ നീക്കിയതും ഇതിന് ഉദാഹരണമായി. ഇതിനെല്ലാം അക്‌ബറിന് വമ്പിച്ച എതിർപ്പു നേരിടേണ്ടിവന്നു. എങ്കിലും 1582-ൽ ഇദ്ദേഹം ഒരു ചുവടുകൂടി മുന്നോട്ടുവച്ച് ഒരു നവീനമതമായ 'ദീൻ ഇലാഹി' സ്ഥാപിച്ചു. എല്ലാ മതങ്ങളുടെയും സാരാംശം അതിൽ അടങ്ങിയിരുന്നു. ഏകദൈവത്തിലും സഹിഷ്ണുതയിലും സർവജനസാഹോദര്യത്തിലും മാത്രം വിശ്വാസമർപ്പിച്ച 'ദീൻ ഇലാഹി' അർത്ഥശൂന്യമായ മതാചാരങ്ങൾക്കതീതമായിരുന്നു.

പോളോ കളിയുടെ രക്ഷാധികാരി, രാജാക്കന്മാരുടെ രാജാവ് എന്നിങ്ങനെ വിശേഷണങ്ങളാൽ സമ്പന്നനാണ് അക്‌ബർ. പോർച്ചുഗീസുകാർ ആദ്യമായി പുകയില കൊണ്ടണ്ടുവന്നത് അക്‌ബറിന്റെ കൊട്ടാരത്തിലേക്കാണ്. അക്‌ബറിന്റെ ഭരണകാലത്താണ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി (1600 ൽ ) ഇന്ത്യയിൽ സ്ഥാപിക്കുന്നത്. ചിത്ര-ശിൽപ്പ കലകളുടെയുമൊക്കെ സുവർണ്ണകാലമായിട്ടാണ് അദ്ദേഹത്തിന്റെ ഭരണകാലം കണക്കാക്കപ്പെടുന്നത്. മഹാഭാരതത്തിന് പേർഷ്യൻ ഭാഷയിലുണ്ടായ ആദ്യവിവർത്തനം അക്‌ബറിന്റെ കാലത്താണ്.

ഷാജഹാന്റെ സുവർണ്ണകാലം

പിന്നീട് വന്ന സലീം രാജകുമാരൻ എന്ന് വിളിപ്പേരുള്ള നൂറുദ്ദീൻ മുഹമ്മദ് ജഹാംഗീർ ബുദ്ധിയും വിദ്യഭ്യാസവും, സൈനികവും ഭരണപരവുമായ കഴിവും ഒത്തിണങ്ങിയ ചക്രവർത്തിയായിരുന്നു. എന്നാൽ ഭരണകാര്യങ്ങളിൽ അലംഭാവം കാണിച്ചു പോന്നു. ഇന്ത്യയിൽ കച്ചവടത്തിന് വന്ന പോർച്ചുഗീസുകാരോടും ബ്രിട്ടീഷ്‌കാരോടും അദ്ദേഹം മമത പുലർത്തിയിരുന്നു. 1613 ൽ ചക്രവർത്തിയുടെ കപ്പലുകൾ കൊള്ളയടിച്ച പോർച്ചുഗീസുകാരോട് യുദ്ധം പ്രഖ്യാപിച്ച് അവരെ തുരത്തുകയും ചെയ്തു. 1611ൽ നൂർജഹാനുമായി വിവാഹം. നൂർജഹാന്റെ ആദ്യകാലപേര് മെഹറുന്നീസ എന്നാണ്. പേർഷ്യൻ ഭാഷയിൽ പരിജ്ഞാനമുണ്ടണ്ടായിരുന്ന അവർ കവിതകളെഴുതി. ബുദ്ധിവൈഭവവും ഭരണനൈപുണ്യമുള്ള സ്ത്രീയായിരുന്നു. നീണ്ടണ്ടകാലം ജഹാംഗീർ രോഗബാധിതനായിക്കിടന്നപ്പോൾ ഭരണകാര്യങ്ങളിൽ സുപ്രധാന പങ്ക് വഹിച്ചിരുന്നത് നൂർജഹാൻ ആയിരുന്നു.

ജഹാംഗീറിന്റെ മകൻ ഷാജഹാന്റെ കാലത്താണ് മുഗൾ സാമ്രാജ്യം പ്രശസ്തിയുടെ പാരമ്യത്തിൽ എത്തിച്ചേർന്നത്.ശിൽപകലയേയും, നിർമ്മിതികളേയും ഇഷ്ടപ്പെട്ട ഷാജഹാന്റെ ഭരണകാലമാണ് 'മുഗൾകാലത്തിന്റെ സുവർണകാലഘട്ടം' എന്നറിയപ്പെടുന്നത്'. 'മധ്യകാല ഇന്ത്യയുടെ സുവർണകാലഘട്ടം' എന്നും അറിയപ്പെടുന്നു. ശിൽപികളുടെ രാജാവ് നിർമ്മിതികളുടെ രാജകുമാരൻ എന്നെല്ലാം വിശേഷണമുള്ള ചക്രവർത്തിയായിരുന്നു അദ്ദേഹം. എന്നാൽ സാമ്പത്തിക തകർച്ചയും ഭരണക്ഷയവും ഭരണത്തെ വേട്ടയാടി, നിർമ്മിതികൾക്ക് വേണ്ടണ്ടി ഖജനാവിലെ പണം വാരിക്കോരി ചെലവാക്കിയ ആഡംബര പ്രിയനായിരുന്നു. ഷാജഹാന്റെ ഭരണകാലത്താണ് മുഗൾസാമ്രാജ്യത്തിന് കാണ്ഡഹാർ നഷ്ടപെടുന്നത്. 1612ൽ അർജ്ജുംമന്ത് ബാനു ബീഗത്തെ വിവാഹം ചെയ്തു. അവരാണ് മുംതാസ് എന്ന പേരിൽ പ്രശസ്തയായത്.

1631ൽ മുംതാസ് മഹൽ അതേവർഷം തന്നെ താജ്മഹലിന്റെ പണിതുടങ്ങി. നീണ്ടണ്ട 22 വർഷത്തിനുശേഷം പണി പൂർത്തിയായി. കൂടുതൽ ഭാഗവും നിർമ്മിച്ചത് രാജസ്ഥാനിൽ നിന്നും കൊണ്ടണ്ടുവന്ന മെക്കറാൻ മാർബിൾ കൊണ്ടണ്ടാണ്.
ചെങ്കോട്ട, രംഗമഹൽ, താജ്മഹൽ, മുംതാസ്മഹൽ, ഷീസ് മഹൽ, മയൂരസിംഹാസനം, ഡൽഹി ജുമാ മസ്ജിദ്, ആഗ്ര മുത്തുപ്പള്ളി തുടങ്ങിയവ അദ്ദേഹത്തിന്റെ കാലത്തെ നിർമ്മിതികളാണ്. ഈ കാലത്തൊക്കെ മതപീഡനം വളരെ കുറവായിരുന്നുവെന്നാണ് ചരിത്രകാരന്മാർ എഴുതിയത്.

ക്രൂരതയുടെ  ഔഗറംഗസീബ് കാലം

എന്നാൽ സ്വന്തം പിതാവിനെവരെ തടവിലിട്ട സൈക്കോ സ്വഭാവുമുള്ള ഔറംഗസീബ് വന്നതോടെ കാര്യങ്ങൾ മാറി. ആയിരിക്കണക്കിന് ഹിന്ദുക്കളും സിഖുകാരുമാണ് മതം മാറാൻ വിസമ്മതിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ടത്. അരനൂറ്റാണ്ടോളമാണ് ഔറംഗസീബിന്റെ ഭരണം ഭാരതത്തിൽ നിലനിന്നത്. ഏറ്റവും വലിയ മുഗൾ സാമ്രാജ്യവും ഇതായിരുന്നു. അബുൽ മുസാഫിർ മുഹിയുദ്ദീൻ മുഹമ്മദ് എന്ന ഔറംഗസീബ് പിതാവിന്റെ കാലത്ത് തന്നെ അധികാരത്തിലേറിയിരുന്നു. 1659 ൽ രണ്ടാമതും കിരീടധാരണ നടത്തി ആലംഗീർ എന്ന സ്ഥാനപ്പേര് സ്വീകരിച്ചു.

ശരിക്കും മതം തലക്ക്പിടിച്ച താലിബാനിയായിരുന്നു അദ്ദേഹം. ഷാജഹാന്റെ മൂത്ത മകനും കിരീടാവകാശിയും ഉപനിഷത്തുകൾ പേർഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ ആളുമായ ദാരാഷിക്കോവിനെ ഔറംഗസീബ് നിഷ്‌ക്കരുണം വധിച്ചു. തന്റെ ഭരണമേഖലയിലെ ഹിന്ദുക്കൾക്കുമേൽ 'ജസിയ' എന്ന മതനികുതി ചുമത്തുകയും ഹിന്ദുക്ഷേത്രങ്ങൾ പലതും തകർക്കുകയും ചെയ്തു. മദ്യപാനിയെന്ന് പറഞ്ഞാണ് മറ്റ് സഹോദരങ്ങളെ കൊന്നത്. ഖജനാവിലെ പണം ഉപയോഗിച്ച് നാടുനീളെ സ്തംഭങ്ങളും കെട്ടിടങ്ങളും പണിതെന്ന് മറഞ്ഞ് പിതാവിനെ തടവിലിട്ടു. കൊട്ടാരത്തിലെ നൃത്തസദസും ഫലിതസദസും അദ്ദേഹം നിർത്തലാക്കി. എവിടെയും ഖുർആൻ പരായണം മാത്രംമായി!

താൻ മരണപ്പെട്ടാൽ എനിക്കുവേണ്ടണ്ടി സമയം കളയരുത്, ഖബറിടത്തിൽ ആർഭാടമോ, രാജകീയമുദ്രയോ പതിക്കരുത് എന്നും അദ്ദേഹം കർശനനിർദ്ദേശം വച്ചിരുന്നു. തന്റെ ചിത്രം വരക്കരുത് എന്നു നിർദ്ദേശിച്ചു. ഒരു ഭാര്യമാത്രമാണ് ഉണ്ടായിരുന്നത്. അവരുടെ മരണശേഷം മാത്രമാണ് മറ്റൊരാളെ വിവാഹം ചെയ്തത്. 1707 ൽ അഹമ്മദാബാദിൽ വച്ച് ഔറംഗസീബ് മരണപ്പെട്ടു. ദൗലത്താബാദിലെ പ്രസിദ്ധനായ ബുർഹാനുദ്ദീന്റെ ശവകുടീരത്തിനടുത്ത് അനാർഭാടമായി ഇസ് ലാമിക ചിട്ടയോടെയായിരുന്നു സംസ്‌കക്കാരം

'' ശശി തരുർ ഇങ്ങനെ എഴുതുന്നു. ''ഔറംഗസീബ് വേറൊരു ലെവലാണ്. 49 വർഷം ഭരിച്ച ഈ ചക്രവർത്തിയാണ് വിവാദ നായകൻ. മത ഭ്രാന്തനായും ക്രൂരനായും ഇയാൾ വിമർശിക്കപ്പെടുന്നു. ഖജനാവിലെ നികുതിപ്പണത്തിൽ കയ്യിടാതെ, സ്വകാര്യാവശ്യങ്ങൾക്കായി ഖുറാൻ പകർത്തിയെഴുതിയും തൊപ്പി തുന്നിയും അദ്ദേഹം പണം കണ്ടെത്തി. ആ പണത്തിൽ നിന്നും ഒരുഭാഗം തന്റെ മരണാനന്തര ചെലവുകൾക്കായി അരപ്പട്ടയിൽ ബാക്കി വെച്ചിരുന്നു. പക്ഷേ ഔറംഗസേബിനെ പോലെ മതഭ്രാന്തനായ വേറൊരു ഭരണാധികാരിയെ ലോക ചരിത്രത്തിൽ മുങ്ങിത്തപ്പിയാലും കിട്ടില്ല! ഗോവധം നിരോധിച്ചിരുന്ന ഔറംഗസേബ് ഒരു സസ്യബുക്കായിരുന്നു എന്നതാണ് കൗതുകകരം! ''- ശശി തരൂർ ചൂണ്ടിക്കാട്ടി.

കൊലകളും ക്ഷേത്ര ആക്രമണങ്ങളും

1675ലാണ് 'ഒന്നുകിൽ മതംമാറുക അല്ലെങ്കിൽ മരിക്കാൻ തയ്യാറാവുക' എന്ന മുഗൾ അക്രമകാരി ഔറംഗസീബിന്റെ അന്ത്യശാസനം പല സമൂഹങ്ങൾക്ക് നേരെയും ഉണ്ടായത്. അതിനെതിരെ പോരാടി കൊല്ലപ്പെട്ട ധീരനായിരുന്നു ഗുരു തേജ് ബഹാദൂർ. കശ്മീരിലെ പണ്ഡിറ്റുകൾ ഔറംഗസീബിന്റെ ക്രൂരതയും നിർബന്ധിത മതംമാറ്റത്തിലും മനംനൊന്താണ് ഗുരു തേജ് ബഹാദൂറിന്റെ സഹായം അഭ്യർത്ഥിച്ചത്. തന്റെ സമൂഹത്തോടൊപ്പം മുഴുവൻ ഹിന്ദു സമൂഹത്തിന്റേയും രക്ഷയാണ് ജീവിതോദ്ദേശ്യം എന്ന് ഗുരു ഉറക്കെ പ്രഖ്യാപിച്ചു. കശ്മീരി പണ്ഡിറ്റുകൾക്ക് ഗുരു നാനാക്ക് നൽകി വന്ന സംരക്ഷണത്തെ മുൻനിർത്തിയാണ് തേജ് ബഹാദൂർ തീരുമാനം എടുത്തത്.

ഡൽഹിയിലെ ഔറംഗസേബിന്റെ കൊട്ടാരത്തിലേക്ക് നേരിട്ട് കടന്നുചെന്ന് തേജ് ബഹാദൂർ വെല്ലുവിളിച്ചു. കശ്മീർ പണ്ഡിറ്റുകളെ ഒരു കാരണവശാലും ഉപദ്രവിക്കരുതെന്ന ശക്തമായ താക്കീതും നൽകി. കരുത്തുണ്ടെങ്കിൽ തന്നെ മുസൽമാനാക്കാൻ പരിശ്രമിക്കൂ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. ഗുരുവിനേയും സഹായികളേയും ഔറംഗസീബ് പലതരം മർദ്ദനത്തിനിരയാക്കിയെങ്കിലും ആരും മതംമാറാൻ തയ്യാറാകാതെ ഉറച്ചുനിന്നു. അതിനിഷ്ഠൂരമായ ക്രൂരതയാണ് പിന്നെ മുഗളപ്പട ചെയ്തത്. തേജ് ബഹാദൂറിനെ ഒരു ഇരുമ്പുകൂട്ടിലിട്ട് അഞ്ചു ദിവസം മർദ്ദിച്ചു. കൺമുന്നിലിട്ട് ശിഷ്യന്മാരായ ഭായി മതി ദാസിനെ ജീവനോടെ തൊലിയുരിഞ്ഞു വധിച്ചു. മറ്റൊരു ശിഷ്യനായ ഭായി ദയാൽ ദാസിനെ വലിയ വാർപ്പിലിട്ട് തിളപ്പിച്ചാണ് വധിച്ചത്. മൂന്നാമനായ സതീ ദാസിനെ ഗുരുവിന് മുന്നിലിട്ട് ചുട്ടുകൊന്നാണ് ഔറംഗസീബ് ക്രൂരമായ ശിക്ഷ നടപ്പാക്കിയത്.

അവസാനം പൊതു സമൂഹമദ്ധ്യത്തിൽ ചാന്ദ്നീ ചൗക്കിൽ, ഗുരുവിന്റെ തലയറുത്താണ് ശിക്ഷ നടപ്പാക്കിയത്. ആരേയും മതംമാറ്റാനാകാതെ ഔറംഗസീബിന് തോൽവി സമ്മതിക്കേണ്ടിവരികയായിരുന്നു. ഗുരുപരമ്പരയിലെ 9-ാം ഗുരുവായിരുന്ന തേജ് ബഹാദൂറിന്റെ മരണം ഇന്നും സിഖ്-മുസ്ലിം വംശീയ വിദ്വേഷത്തിന് കാരണമായി നിലനിൽക്കുന്നു.

ഔറംഗസീബ് കാശി വിശ്വനാഥ ക്ഷേത്രം അടക്കം നിരവധി ക്ഷേത്രങ്ങൾ തകർത്തിട്ടുണ്ട്. തകർത്ത വർഷം 1664 ആണെന്നും, അതല്ല 1669 ആണെന്നും രണ്ട് തരത്തിൽ രേഖപ്പെടുത്തി കാണുന്നുണ്ട്. കാശി വിശ്വനാഥക്ഷേത്രം ആക്രമിച്ചു നശിപ്പിക്കാനുള്ള ഔറംഗസീബിന്റെ 1664 ലെ ആദ്യ ശ്രമം പരാജയപ്പെട്ടത് നാഗസ്സന്ന്യാസിമാരുടെ പ്രതിരോധം മൂലമാണെന്ന് പറയുന്നുണ്ട്. ജെയിംസ് ജെ. ലോക്ടെഫീൽഡ് തന്റെ 'ഇല്ലസ്‌ട്രേറ്റഡ് എൻസൈക്ലോപീഡിയ ഓഫ് ഹിന്ദുയിസ'ത്തിന്റെ ഒന്നാം വോള്യത്തിൽ ഇക്കാര്യം വിവരിച്ചിട്ടുണ്ട്. ജദുനാഥ് സർക്കാരിന്റെ 'ദശനാമി നാഗസ്സന്ന്യാസിമാരുടെ ചരിത്രം' എന്ന പുസ്തകത്തിലും നാഗസ്സന്ന്യാസിമാരുടെ പോരാട്ടം വിവരിക്കുന്നുണ്ട്. ഈ പോരാട്ടത്തിൽ 40,000 നാഗസ്സന്ന്യാസിമാർ മരിച്ചുവെന്നാണ് പറയുന്നത്.

അക്കാലത്ത് ഇസ്ലാമികേതര ആഘോഷങ്ങൾക്ക് വിലക്കുണ്ടായിരുന്നു. സുവർണ ക്ഷേത്ര പരിസരത്ത് വച്ച് ദീപാവലി ആഘോഷിക്കുന്നതിനു വേണ്ടി ഒരുങ്ങിയ ഭായ് മണി സിങ്ങിനെ ശരീരത്തിലെ ഓരോ അവയവങ്ങളും മുറിച്ചു മുറിച്ചു ഇഞ്ചിഞ്ചായി കൊലപ്പെടുത്തുന്ന ക്രൂര ശിക്ഷക്ക് വിധേയനാക്കിയെന്നാണ് ചരിത്രം പറയുന്നത്.

മുഗൾ ഭരണാധികാരികൾ ദുർബലരായിരുന്ന സമയം നോക്കി, അഫ്ഗാൻ ചക്രവർത്തിയായ അഹമ്മദാ ഷാ അബ്ദാലി തുടർച്ചയായി നാല് തവണ ഇന്ത്യ ആക്രമിക്കുകയുണ്ടായി. ഡൽഹി കൊള്ളയടിക്കാനുള്ള കരാർ മുഗൾ ഭരണാധികാരികളിൽനിന്ന് അബ്ദാലി നേടിയെടുത്തു. 1757 ൽ ഡൽഹി കൊള്ളയടിക്കുകയും ക്ഷേത്രങ്ങൾ ഇടിച്ചുനിരത്തുകയും ചെയ്തു. എന്നാൽ കൊള്ള മുതലിൽ തൃപ്തി വന്നില്ല. 20,000 അഫ്ഗാൻ പടയാളികളുമായി ചേർന്ന് വല്ലഭ്ഗഢ്, മഥുര, ആഗ്ര, വൃന്ദാവൻ എന്നിവിടങ്ങൾ ആക്രമിച്ചു.മഥുരയിലെത്തിയ ഈ മതഭ്രാന്തന്മാർ ക്ഷേത്രങ്ങൾ നശിപ്പിക്കാനും ഹിന്ദു വനിതകളെ ബലാത്സംഗം ചെയ്യാനും പുരുഷന്മാരെ കൊന്നൊടുക്കാനും തുടങ്ങി. കുട്ടികളെ അടിമകളാക്കിപ്പിടിച്ചു. ജനങ്ങൾ അഭയം തേടി പരക്കം പാഞ്ഞു. വളരെയധികം ഹിന്ദുക്കൾ ശീതളമാതാ ക്ഷേത്രത്തിനു പിന്നിലെ ഗുഹയിൽ ഒളിച്ചു. അഫ്ഗാൻ ആക്രമണകാരികൾ ഇവരെ കണ്ടെത്തി നിർദ്ദയം കൊന്നൊടുക്കി. മഥുരയ്ക്കുശേഷം വൃന്ദാവനിലും ഇത്തരം ക്രൂരതകൾ ആവർത്തിച്ചു.

ചരിത്രകാരനായ കെ.എസ്.ലാൽ തന്റെ 'തിയറി ആൻഡ് പ്രാക്ട്രീസ് ഓഫ് മുസ്ലിം സ്റ്റേറ്റ് ഇൻ ഇന്ത്യ' എന്ന പുസ്തകത്തിൽ എ.ഡി 1000 ൽ ഇന്ത്യയിലെ ജനസംഖ്യ 200 ദശലക്ഷം ആയിരുന്നത് എ.ഡി. 1500 ആയപ്പോൾ 170 ദശലക്ഷമായി കുറഞ്ഞു എന്നു പറയുന്നത് ഇവിടെ ഓർമിക്കാം. ഇതുകൊണ്ടാണ് ചരിത്രകാരനായ വിൽ ഡ്യൂറന്റ് ''ചരിത്രത്തിലെ ഏറ്റവും രക്തപങ്കിലമായ കഥ''യെന്ന് ഇസ്ലാമിക കടന്നാക്രമണങ്ങളെ വിശേഷിപ്പിച്ചത്. ഔറംഗസീബിന്റെ ഭരണകാലത്ത് ഈ ക്രൂരത അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. മാത്യു വൈറ്റ് എന്ന ചരിത്രകാരൻ തന്റെ 'ആട്രോസിറ്റോളജി ഓഫ് ഹ്യുമാനിറ്റീസ്: 100 ഡെഡ്‌ലിയസ്റ്റ് അച്ചീവ്‌മെന്റ്‌സ്' എന്ന പുസ്തകത്തിൽ മനുഷ്യ ചരിത്രത്തിലെ 100 പൈശാചിക സംഭവങ്ങളിൽ 23 എണ്ണവും മുഗൾ ഭരണകാലത്തെ ഇന്ത്യയിൽ നടന്നതാണെന്ന് പറയുന്നു. ഇതിൽ ഏറെയും ഔറംഗസീബിന്റെ കാലത്തായിരുന്നു.

ഇന്ത്യയെ പാപ്പരക്കിയ ബ്രിട്ടീഷ് ഭരണം

ഔറംഗസീബിനുശേഷം, മുഗൾ ഭരണം ദുർമലമായും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അധികാരം പിടിച്ചതൊക്കെ നാം ചെറിയ ക്ലാസുകളിൽ പഠിച്ചിട്ടുണ്ട്. പക്ഷേ ഈ രണ്ടുഭരണങ്ങളും തമ്മിൽ പ്രകടമായ ഒരു മാറ്റമുണ്ട്. മുഗളന്മാരിൽ ഏതാനും ചില മതഭ്രാന്തന്മാരെ ഒഴിവാക്കിയാൽ പൊതുവെ അവർ അന്നത്തെ നിലവാരം വെച്ച് നല്ല ഭരണമാണ് കാഴ്ചവെച്ചത്. അവർ ഒരിക്കലും ഇന്ത്യക്കാരെ പാപ്പരാക്കിയിട്ടില്ല. പക്ഷേ ബ്രിട്ടീഷ് ഭരണത്തിൽ സംഭവിച്ചത് എന്താണ്.

ശശി തരൂർ തന്റെ ഒരു പ്രഭാഷണത്തിൽ ഇങ്ങനെ പറയുന്നു. ''1193 മുതൽ 1857 വരെ തുടർച്ചയായി ഏഴ് നൂറ്റാണ്ടോളമാണ് മുസ്ലിം ഭരണാധികാരികൾ ഇന്ത്യ ഭരിച്ചത്. മുസ്ലിം ഭരണത്തിനറുതിയുണ്ടാക്കിയ ബ്രിട്ടീഷുകാർക്ക് കഷ്ടിച്ചു 190 കൊല്ലമാണ് ഭരിക്കാനായത്. ഭരണം ഒരു നൂറ്റാണ്ട് തികയുന്നതിന് മുമ്പ് തന്നെ ബ്രിട്ടീഷുകാർക്ക് എതിരായി സമരം തുടങ്ങിയിരുന്നു. എന്തുകൊണ്ടാവാം ഏഴ് നൂറ്റാണ്ടോളം ഭരിച്ച മുസ്ലിം രാജാക്കന്മാർക്കെതിരെ ജനങ്ങൾ തിരിയാതിരുന്നത്? ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി കച്ചവടത്തിനായി വന്ന ബ്രിട്ടീഷുകാർ നടത്തിയത് കച്ചവടവും കോളനി വൽക്കരണവും മാത്രമല്ല. ഒരു തരം കൊള്ളയാണ്. അന്നത്തെ 4 ട്രില്യൺ ഡോളറാണവർ ഇന്ത്യയിൽ നിന്നും കടത്തിയത് !

പക്ഷേ ബ്രിട്ടീഷു കാർക്കും പോർച്ചുഗീസുകാർക്കും ഏഴു നൂറ്റാണ്ട് മുമ്പ് തന്നെ അറബികൾ കച്ചവടത്തിനായി ഇന്ത്യയിൽ എത്തിയിരുന്നു. കടലിന് പോലും അറബിക്കടൽ എന്നപേരുണ്ടായത് അങ്ങിനെയാണ്. നൂറ്റാണ്ടുകൾ കച്ചവടം ചെയ്ത അറബികൾ ഇന്ത്യയെ വെട്ടിപ്പിടിക്കാനോ കുളം തോണ്ടാനോ മെനക്കെട്ടില്ല. ബ്രിട്ടീഷുകാർ ചെയ്തത് താജ് മഹൽ പോലും പൊളിച്ചു കടത്താനാണ്. രണ്ട് തവണ ലേലത്തിൽ വെച്ചതാണ്. ബാക്കിയാവാൻ കാരണം ഷിപ്പിങ് ട്രാൻസ് പോർട്ടേഷൻ ചെലവ് അധികമായതുകൊണ്ടാണത്രേ! പകരം താജ്മഹലിൽ പതിച്ച രത്നം പോലുള്ള കല്ലുകൾ അടിച്ചു മാറ്റി. കോഹിന്നുർ രക്തം നേരത്തെ അടിച്ചുമാറ്റി.

ബ്രിട്ടീഷുകാർ ഇന്ത്യയോട് സലാം പറയുമ്പോൾ 25 ശതമാനം ഉണ്ടായിരുന്ന ഇന്ത്യയുടെ ആഭ്യന്തര ഉൽപ്പാദന നിരക്ക് 4.2% ആയി കൂപ്പ് കുത്തിയിരുന്നു. എന്ന് വച്ചാൽ 190 വർഷം കൊണ്ട് ബ്രിട്ടീഷുകാർ ഇന്ത്യയെ ഒരു കരിമ്പിൻ ചണ്ടിയാക്കി മാറ്റിയിരുന്നു! അതുകൊണ്ടാണ് നെഹ്രുവിന്റെ കാലത്ത് മലയാളികൾ താളും തകരയും തിന്ന് വിശ പ്പ് മാറ്റേണ്ടി വന്നത്. അത്ര കണ്ട് വറുതിയുടെ കാലമായിരുന്നുവത്. ''- ശശി തരൂർ ചുണ്ടിക്കാട്ടുന്നു.

ചുരുക്കിപ്പറഞ്ഞാൽ പാഠപുസ്തങ്ങളിൽനിന്ന് പൂർണ്ണമായും വെട്ടിമാറ്റപ്പെടേണ്ടതല്ല മുഗൾ ചരിത്രം എന്നത് ഉറപ്പാണ്. ഭൂതംകാലം പലപ്പോഴും അങ്ങനെയാണ്. അതിൽ നെല്ലും പതിരുംകാണും. അത് കൃത്യമായി പുതിയ തലമുറക്ക് പറഞ്ഞ് കൊടുക്കുന്നതിന് പകരം, ഒരു വംശത്തിന്റെ ചരിത്രം വെട്ടിമാറ്റുന്നത്, ഒരു മതേതര രാഷ്ട്രത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന് ഒരിക്കലും ഭൂഷണമല്ല.

വാൽക്കഷ്ണം: ഇന്ത്യൻ ഭരണകൂടം ഭൂതകാലചിഹ്നങ്ങളെ തേച്ചുമാച്ചു കളയുന്നതിന്റെ തിരിക്കലാണെല്ലോ ഇപ്പോൾ. ഔറംഗസീബിന്റെ പേരിലുള്ള ഡൽഹിയിലെ റോഡുകളെല്ലാം പുനർനാമകരണം ചെയ്യപ്പെട്ടു. അതുപോട്ടെ എന്നുവെക്കാം. ഔറംഗസീബിന്റെ പേരിൽ മൊത്തം മുഗൾ ചരിത്രം പഠിപ്പിക്കാതിരിക്കുന്നത് ശരിക്കും ഫാസിസം തന്നെയാണ്.

വിവരങ്ങൾക്ക് കടപ്പാട്

ശശി തരൂരിന്റെ വിവിധ പ്രഭാഷണങ്ങളും ലേഖനങ്ങളും.

ഇർഫാൻ ഹബീബ്- ലേഖനം- ദ ഹിന്ദു

കെ.എസ്.ലാൽ-'തിയറി ആൻഡ് പ്രാക്ട്രീസ് ഓഫ് മുസ്ലിം സ്റ്റേറ്റ് ഇൻ ഇന്ത്യ'