ന്യൂയോർക്ക്: താൻ നികുതിവെട്ടിച്ചിട്ടുണ്ടെന്നും, നിരവധി സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നുമൊക്കെ പരസ്യമായി പറഞ്ഞ ആളാണ് അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ടാക്സ് കേസുകളും, ബിസിനസ് കേസുകളും തൊട്ട്, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോറ്റിട്ടും വൈറ്റ്ഹൗസ് ഒഴിയാതെ കലാപാഹ്വാനം നടത്തി നാട് കത്തിച്ചതിന് അടക്കം ട്രംപിന്റെ പേരിൽ കേസുണ്ട്. എന്നിട്ടും ഒരു കേസിലും അയാളെ പൂട്ടാൻ കഴിഞ്ഞിട്ടില്ല. കോടികൾ വിലയുള്ള അഭിഭാഷകരെ ഇറക്കി, തനിക്കെതിരായ കേസുകളിൽനിന്ന് ഒന്നൊന്നായി ട്രംപ് തടിയൂരുന്ന കാഴ്ചയാണ് പലപ്പോഴും കാണാറുള്ളത്.

എന്നാൽ കടുവയെ കിടുവ പടിച്ചു എന്നതുപോലെ, ഒരു പെണ്ണിനുമുന്നിൽ ട്രംപ് അടിപതറിയിരിക്കയാണ്. അതാണ് സ്റ്റോമി ഡാനിയൽസ് എന്ന 44കാരിയായ പോൺ സ്റ്റാർ. വേണമെങ്കിൽ ഇവരെ അമേരിക്കയിലെ സണ്ണി ലിയോൺ എന്ന് വിളിക്കാം. കാരണം പോൺ ഇൻഡസ്ട്രിയിൽ തുടങ്ങി പിന്നെ ഫിലിം ഇൻഡസ്ട്രിയിലേക്കും സാമൂഹിക പ്രവർത്തനത്തിലേക്കുമൊക്കെ ഇറങ്ങിയ സെലിബ്രിറ്റിയാണ് അവർ. അവരുടെ ആത്മകഥ ഇപ്പോൾ അമേരിക്കയിൽ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്.

2016 ലെ യുഎസ് തിരഞ്ഞെടുപ്പു സമയത്ത്, ലൈംഗികാരോപണം പുറത്തു പറയാതിരിക്കാനായി സ്റ്റോമി ഡാനിയൽസിന്, 1.30 ലക്ഷം യുഎസ് ഡോളർ നൽകിയത് ബിസിനസ് ചെലവായി കാണിച്ചതാണ് ട്രംപിനെ കുടുക്കിയത്. കോടയി കുറ്റക്കാരനെന്ന് പറഞ്ഞതോടെ ചൊവ്വാഴ്ച ട്രംപിന്റെ അറസ്റ്റ് ഉണ്ടാവുമെന്നാണ് അറിയുന്നത്.

ഇപ്പോൾ കേരളത്തിലടക്കം പ്രചരിക്കുന്നതുപോലെ റേപ്പിന്റെ പേരിലല്ല ട്രംപ് കുടുങ്ങിയത്. സ്റ്റോമിയുമായുള്ള ബന്ധം പുറത്തുവരാതിരിക്കാൻ നിയമ വിരുദ്ധമായ വഴികളിലൂടെ ശ്രമിച്ചു എന്നതാണ് കുറ്റം. നേരത്തെ ക്ലിന്റൺ - മോണിക്കാലെവിൻസ്‌ക്കി വിവാദം നോക്കുക. മോണിക്കയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായിരുന്നില്ല അമേരിക്കക്കാരുടെ പ്രശ്നം. മറിച്ച് തങ്ങളുടെ പ്രസിഡന്റ് കളവ് പറഞ്ഞതിൽ ആയിരുന്നു. പിന്നീട് സത്യം പറഞ്ഞുകൊണ്ട് ക്ലിന്റൻ ഒരു അഭിമുഖം നടത്തി. അതിനുശേഷം നടന്ന അഭിപ്രായ സർവേയിൽ ക്ലിന്റന്റെ ജനപ്രീതി കുതിച്ച് ഉയരുകയായിരുന്നു. അതാണ് ഇന്ത്യൻ ജനതയും അമേരിക്കൻ ജനതയും തമ്മിലുള്ള വ്യത്യാസം. അവിടെ ഉഭയസമ്മതപ്രകാരുമുള്ള ലൈംഗിക ബന്ധം ഒരു വിഷയമേ അല്ല.

സ്റ്റോമി ഡാനിയൽസുമായി ബന്ധമുണ്ടെന്ന ആരോപണത്തെ ട്രംപ് നിഷേധിച്ചിട്ടുണ്ട്. ട്രംപ് സ്വന്തം കൈയിൽ നിന്നല്ല തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നാണ് പണം നൽകിയതെന്നാണ് ഒരു ആരോപണം. പക്ഷേ സ്റ്റോമിയുമായി ഒരു ബന്ധവുമില്ലെന്നും തന്റെ അഭിഭാഷകനാണ് പണം നൽകിയതെന്നുമാണ് ട്രംപ് പറയുന്നത്. പക്ഷേ അത് കോടതി അംഗീകരിച്ചില്ല.

ചരിത്രത്തിൽ ഇതാദ്യമായി ഒരു അമേരിക്കൻ പ്രസിഡണ്ട് ക്രിമിനലായി കോടതിയിൽ വിചാരണ നേരിടാനെത്തുമ്പോൾ, അതിനു പുറകിലെ ശക്തി, സ്റ്റോമി ഡാനിയൽസ് റയുന്നത് താൻ ഈ വിജയം ആഘോഷിക്കുകയാണെന്നാണ്. ഷാംപെയ്ൻ കുടിച്ച് ആഘോഷിക്കുന്ന കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ച സ്റ്റോമി തന്നെ എന്നും പിന്തുണച്ച് കൂടെനിന്ന സുഹൃത്തുക്കൾക്കും ആരാധകർക്കും നന്ദി രേഖപ്പെടുത്തുന്നുമുണ്ട്.

9-ാം വയസ്സിൽ ലൈംഗിക പീഡനം

പക്ഷേ സ്റ്റോമി ഡാനിയൽസിന്റെ ബാല്യകാല ജീവിതം ശരിക്കും ദുരിതമയമായിരുന്നുവെന്ന് അവർ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അമേരിക്കയിലൂസിയാനയിലെ ബാറ്റൺ റോഗാണ്, ഈ നാൽപത്തിനാലുകാരിയുടെ ജന്മ സ്ഥലം. യഥാർഥ പേര് സ്റ്റെഫാനി ക്ലിഫോർഡ്. അശ്ലീല ചിത്ര വ്യവസായ രംഗത്ത് രണ്ടു പതിറ്റാണ്ടിലേറെയായി പ്രശസ്തയാണ് ഇവർ. നിരവധി പോൺ ഫിലിമുകളിൽ അഭിനയിക്കുകയും അവ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. അമേരിക്കൻ സംഗീതജ്ഞൻ നിക്കി സിക്സിന്റെ മകളുടെ പേരായ സ്റ്റോം, യുഎസ് വിസ്‌കിയായ ജാക്ക് ഡാനിയൽസ് എന്നിവയിൽനിന്നാണ് ഇവർ പേര് കണ്ടെത്തിയത്. ജാക്ക് ഡാനിയൽസ് അന്നും ഇന്നും തന്റെ പ്രിയ മദ്യമാണെന്ന് ഇവർ പറയുന്നു.

മാതാപിതാക്കളുടെ വിവാഹമോചനത്തെത്തുടർന്ന് സിംഗിൾ മദർ ചൈൽഡായാണ് അവൾ വഴർന്നത്. അതുകൊണ്ടുതന്നെ കുട്ടിക്കാലത്ത് തനിക്ക് അർഹമായ ഒരു പരിഗണന്യും കിട്ടിയിട്ടില്ലെന്ന് അവർ പരിതപിക്കുന്നുണ്ട്. ഒമ്പതാം വയസ്സിൽ പ്രായമായ ഒരാൾ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഞെട്ടിപ്പിക്കുന്ന അനുഭവം, സ്റ്റോമി 2018 ലെ തന്റെ ഓർമ്മക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. പഠനശേഷം ഉപജീവനത്തിൽ വഴിയൊന്നും ഇല്ലാതായതോടെയാണ് അവൾ നിശാക്ലബിൽ ജോലിക്കെത്തിയത്. അവിടെയെത്തിയ ഒരു സംവിധായകനാണ് അവളെ പോൺ വ്യവസായത്തിലേക്ക് ക്ഷണിച്ചത്. രണ്ടുപതിറ്റാണ്ടുകൾ കൊണ്ട് അവർ അവിടെ പേര് എടുത്തു. പീന്നീട് അഡൾട്ട് മൂവികളുടെ സംവിധായികയും തിരക്കഥാകൃത്തും ആയിത്തീർന്നു.

പിന്നീട് അവർ പോൺ ഇൻഡസ്ട്രിക്കൊപ്പം സിനിമകളിലും അൽബങ്ങളിലുമൊക്കെ അഭിനയിച്ചു. സാമൂഹിക പ്രവർത്തനത്തിലേക്കും തിരിഞ്ഞത് ഇക്കാലത്താണ്. അങ്ങനെയിരിക്കെ 2010ൽ ലൂസിയാനയിൽനിന്ന് യുഎസ് സെനറ്റിലേക്കു മത്സരിക്കാൻ ഒരുങ്ങി. പക്ഷേ തനിക്ക വേണ്ടത്ര പിന്തുണയില്ലെന്ന് കണ്ട് സ്ഥാനാർത്ഥിത്വം പിൻവലിക്കയായിരുന്നു. ഡാനിയൽസിന് ഒരു മകളുണ്ട്, കഴിഞ്ഞ വർഷമായിരുന്നു അവരുടെ നാലാമത്തെ വിവാഹം. ദീർഘകാല കാമുകനായ പോൺ നടൻ ബാരറ്റ് ബ്ലേഡിനെ വിവാഹം കഴിച്ചത്. ഇപ്പോൾ ട്രംപിനെതിരെയായ കേസിൽ ഭർത്താവിന്റെയും കുടുംബത്തിന്റെയും പൂർണ്ണ പിന്തുണയുള്ളതുകൊണ്ടാണ് പിടിച്ചു നിൽക്കാൻ കഴിയുന്നത് എന്ന് അവർ പറയുന്നു.

ട്രംപുമായി പരിചയപ്പെടുന്നു

2006ലെ വേനൽക്കാലത്ത് കാലിഫോർണിയയ്ക്കും നെവാഡയ്ക്കും ഇടയിലുള്ള അതിർത്തിയിലുള്ള ലേക് ടാഹോയിൽ നടന്ന ചാരിറ്റി ഗോൾഫ് ടൂർണമെന്റിനിടെയാണ് താൻ ആദ്യമായി ട്രംപിനെ കണ്ടുമുട്ടിയതെന്ന് അവൾ പറയുന്നു. അന്ന് ഡാനിയൽസിന് 27 വയസ്സും ട്രംപിന് 60 വയസ്സുമായിരുന്നു. 2018 ൽ പുറത്തിറങ്ങിയ സിബിഎസ് ഷോ '60 മിനിറ്റ്സ്' എന്ന പരിപാടിയിൽ ഡാനിയൽസ് പറയുന്നത് ഇങ്ങനെ- ''പരിചയപ്പെട്ടതിനു പിന്നാലെ അത്താഴവിരുന്നിനു ട്രംപ് ക്ഷണിക്കുകയായിരുന്നു. ട്രംപിന്റെ ഹോട്ടൽ സ്യൂട്ടിൽ വച്ചായിരുന്നു അത്താഴം. അവിടെവച്ച് ട്രംപ് സ്വന്തം ഫോട്ടോ കവർ ചിത്രമായി പുറത്തിറങ്ങിയ ഗോൾഫ് മാഗസിന്റെ ഒരു കോപ്പി കാണിക്കുകയും ചെയ്തു. പിന്നീടു തിരിഞ്ഞുനിന്ന് പൈജാമ പാന്റ്സ് കുറച്ച് അഴിച്ചു. ഉൾവസ്ത്രം ഉൾപ്പെടെ കാണാമായിരുന്നു.

പിന്നീട് ട്രംപ് എന്നെക്കുറിച്ച് ചോദിച്ചു. അദ്ദേഹത്തിന്റെ ടിവി ഷോ ആയ 'സെലിബ്രിറ്റി അപ്രന്റീസി'ൽ വരാൻ താൽപര്യമുണ്ടോയെന്നും ചോദിച്ചു. ''നിങ്ങൾ വളരെ സ്പെഷലാണ്. എന്റെ മകളെ ഓർമിപ്പിക്കുന്നു. സുന്ദരിയും സ്മാർട്ടുമാണ്. അവഗണിക്കാനാകാത്ത വ്യക്തിത്വമാണ്. എനിക്ക് നിങ്ങളെ ഇഷ്ടമാണ്'' എന്നും ട്രംപ് പറഞ്ഞു.

ഞാൻ ശുചിമുറിയിൽ പോയി തിരിച്ചെത്തുമ്പോൾ ട്രംപ് കട്ടിലിന്റെ അറ്റത്ത് ഇരിക്കുകയായിരുന്നു. അപ്പോഴാണ് യഥാർഥത്തിൽ ഏതു സാഹചര്യത്തിലേക്കാണ് ഞാൻ എത്തിപ്പെട്ടതെന്ന് എനിക്ക് മനസ്സിലായത്. ഒരാളുടെ മുറിയിലേക്ക് ഒറ്റയ്ക്കു പോകാൻ തീരുമാനിക്കുന്നത് തെറ്റായ തീരുമാനമാണെന്ന് ഞാൻ കരുതണമായിരുന്നു. പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്.

പിറ്റേ വർഷവും ട്രംപ് പലവട്ടം ഫോൺ ചെയ്തു. 'സെലിബ്രിറ്റി അപ്രന്റീസ്' എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ ട്രംപ് ക്ഷണിച്ചതിനെത്തുടർന്ന് ലൊസാഞ്ചലസിലെ ബവേർലി ഹിൽസ് ഹോട്ടലിൽ 2007 ജൂലൈയിൽ ചെല്ലേണ്ടിവന്നു. അന്നും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കപ്പെട്ടു. പക്ഷേ, ഞാൻ സമ്മതിച്ചില്ല. പിന്നീട് ഒരു മാസത്തിനുശേഷം, പരിപാടിയിൽ എന്നെ എന്നെ പങ്കെടുപ്പിക്കാനാവില്ലെന്ന് ട്രംപ് ഫോൺ ചെയ്തു പറഞ്ഞു''- അവർ പറയുന്നു.

'ഞാൻ ഇതുവരെ അനുഭവിച്ചതിൽ വച്ച് ഏറ്റവും മോശമായ ലൈംഗികത' എന്നാണ് ട്രംപുമായുള്ള ബന്ധത്തെ ഡാനിയൽസ് വിശേഷിപ്പിച്ചത്. വെറും രണ്ടുവർഷമാണ് ഈ ബന്ധം നീണ്ടുനിന്നത്.

ട്രംപുമായി തെറ്റുന്നു

ട്രംപ് അടിമുടി ടോക്സിക്കാണെന്ന് മനസ്സിലായതോടെയാണ് അയാളെ എക്പോസ് ചെയ്യാൻ തീരുമാനിച്ചത്് എന്നാണ് സ്റ്റോമി പറയുന്നത്. ലൈഗികബന്ധം നിരസിച്ചു എന്ന ഒറ്റക്കാരണത്താൽ ആണ് ട്രംപ് 'സെലിബ്രിറ്റി അപ്രന്റീസ്' പരിപാടിയിൽനിന്ന് തന്നെ ഒഴിവാക്കിയത് എന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു.

2016ൽ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ, ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച് സ്വകാര്യ ചാനലിനോട് സ്റ്റോമി വെളിപ്പെടുത്താൻ നീക്കം നടത്തി. ഇത് തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാകുെമന്ന് ഭയന്ന ട്രംപ്, സംഭവം ഒതുക്കിത്തീർക്കാനായി ശ്രമിച്ചു. ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ സ്റ്റോമി ഡാനിയലിന്, ട്രംപിന്റെ അഭിഭാഷകനായ മൈക്കൽ കൊഹൻ 1.3 ലക്ഷം ഡോളർ നൽകിയത്. 2016 നവംബറിലായിരുന്നു ഈ ഇടപാട്. സ്റ്റെഫനി ക്ലിഫോഡ് എന്ന സ്റ്റോമി ഡാനിയൽസിന്, എസൻഷ്യൽ കൺസൽട്ടന്റ്‌സ് എന്ന കമ്പനി വഴി ട്രംപ് 1.3 ലക്ഷം ഡോളർ കൊടുത്തു കരാറുണ്ടാക്കിയെന്നായിരുന്നു റിപ്പോർട്ട്. ഇതുസംബന്ധിച്ച രേഖകൾ ലൊസാഞ്ചലസ് ഫെഡറൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

ഡാനിയൽസിന്റെ അന്നത്തെ അഭിഭാഷകൻ കെയ്ത് ഡേവിഡ്സണ്ണും ട്രംപിന്റെ അഭിഭാഷകൻ മൈക്കൽ കോഹനും ആണ് എൻഡിഎയിൽ ഒപ്പുവച്ചത്. ട്രംപിന് ഒപ്പിടാനുള്ള സ്ഥലം ഒഴിച്ചിട്ടെങ്കിലും അദ്ദേഹം ഒപ്പിട്ടില്ല. ഇതും ബോധപുർവം ആയിരുന്നു.

അത് അങ്ങനെ കഴിഞ്ഞു. പക്ഷേ രണ്ടുവർഷം കഴിഞ്ഞ് സംഭവം ലീക്കായി.
2018 ൽ വോൾ സ്ട്രീറ്റ് ജേണൽ ആണ്, ഡാനിയൽസിനു ട്രംപ് പണം നൽകിയെന്ന വാർത്ത പുറത്തുകൊണ്ടുവന്നത്. പിന്നാലെ, തന്റെ പണമാണ് ഡാനിയൽസിനു നൽകിയതെന്നും, ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും, ട്രംപിന്റെ അഭിഭാഷകൻ കോഹൻ പരസ്യമായി വ്യക്തമാക്കി. അതിനെതുടർന്ന്, എൻഡിഎ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഡാനിയൽസ് കേസ് നൽകുകയും ചെയ്തു. പക്ഷേ ട്രംപ് കരാറിൽ ഒപ്പിട്ടിട്ടില്ലെന്നും അതു നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചു. ഇതേത്തുടർന്ന് ഡാനിയൽസിന്റെ ഹർജി കോടതി തള്ളി.

ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം കണ്ടെത്തുന്നു

പക്ഷേ ട്രംപിനെ വെറുതെ വിടാൻ, ഡാനിയൽസ് തയ്യാറായില്ല. രഹസ്യബന്ധം മൂടിവയ്ക്കാൻ നൽകിയ പണം തിരിച്ചുനൽകാമെന്ന് 2018ൽ സ്റ്റോമി ട്രംപിനോട് പറഞ്ഞു. നടിയുടെ അഭിഭാഷകൻ മൈക്കൽ അവനറ്റിയാണു ട്രംപിന്റെ അഭിഭാഷകൻ മൈക്കൽ കൊഹന് ഇക്കാര്യം അറിയിച്ച് കത്തു നൽകിയത്. നടിയുടെ അഭിമുഖം സിഎൻഎൻ ചാനലിൽ സംപ്രേഷണം ചെയ്യുന്നതു തടയാൻ ഒരു നടപടിയും എടുക്കരുതെന്നും, 2016ൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപു കൊടുത്ത 1.3 ലക്ഷം ഡോളർ, ട്രംപ് പറയുന്ന ഏത് അക്കൗണ്ടിലും നിക്ഷേപിക്കാമെന്നും കത്തിൽ വ്യക്തമാക്കി. അതിനിടെ ട്രംപുമായുള്ള പഴയ രഹസ്യബന്ധം പുറത്തുപറഞ്ഞു പുകിലുണ്ടാക്കാതിരിക്കാൻ കരാറിനു നിർബന്ധിച്ചെന്ന് ആരോപിച്ച് കലിഫോർണിയ കോടതിയിൽ സ്റ്റോമി കേസും നൽകിയിരുന്നു.

കേസ് നടത്തിപ്പിനുള്ള പണം കണ്ടെത്താൻ സ്റ്റോമിയുടെ ഇന്റർനെറ്റ് വഴിയുള്ള പ്രചാരണത്തിനും നല്ല പ്രതികരണവും ലഭിച്ചു. ആയിരത്തിയഞ്ഞൂറോളം പേരിൽനിന്ന് 40,000 ഡോളറോളം ലഭിച്ചിരുന്നു. ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് ഇപ്പോഴും ട്രംപിനെതിരെയ കേസ് മുന്നോട്ട് പോവുന്നത്. പക്ഷേ പേടിപ്പിച്ച് ഡാനിയൽസിനെ ഒതുക്കാനായിരുന്നു ട്രംപിന്റെ നീക്കം. ട്വിറ്ററിൽ ഡാനിയൽസിനെ അയാൾ തട്ടിപ്പുകാരിയെന്നു വിശേഷിപ്പിച്ചു. ഇതിൽ ട്രംപിനെതിരെ ഫെഡറൽ കോടതിയിൽ അവർ അപകീർത്തിക്കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ ട്രംപിന്റെ പരാമർശം അപകീർത്തികരമല്ലെന്നും ഭരണഘടന അനുസരിച്ച് സംസാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതുമാണെന്നാണ് അന്നു ജഡ്ജി വിധിച്ചത്. 2021ൽ ഈ വിധി യുഎസ് സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തു.

2011ൽ ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച് ഒരു മാധ്യമത്തോടു സംസാരിക്കാമെന്ന് ഉറപ്പു നൽകിയതിനു പിന്നാലെ തന്നെയും ചെറിയ മകളെയും ലാസ് വേഗസിലെ പാർക്കിങ് സ്ഥലത്തുവച്ച് ഒരാൾ ഭീഷണിപ്പെടുത്തിയെന്നും ഡാനിയൽസ് പറയുന്നു. കുടുംബത്തിന്റെ സുരക്ഷയെക്കരുതിയാണ് അന്ന് പരാതിപ്പെടാതിരുന്നതെന്നാണ് അവർ പറയുന്നത്. 2018 ൽ, ഭീഷണിപ്പെടുത്തിയ ആളിന്റേത് എന്നു പറഞ്ഞ് ഡാനിയൽസ് ഒരു പുരുഷന്റെ രേഖാചിത്രവും പുറത്തുവിട്ടു. ''നിലവിലില്ലാത്ത ഒരാളുടെ ചിത്രം വർഷങ്ങൾക്കുശേഷം പുറത്തുവിട്ടിരിക്കുന്നു. ഇതു തട്ടിപ്പാണ്. വ്യാജവാർത്തയാണ് . അത് അവർക്കുമറിയാം.'' - എന്നായിരുന്നു ഇതിനോട് ട്രംപ് പ്രതികരിച്ചത്.

കോഹനും അകത്താകുന്നു

അതിനിടെ ട്രംപിന്റെ അഭിഭാഷകൻ കോഹന് എതിരെയും കേസുകൾ വന്നു.
കൊഹൻ നികുതി വെട്ടിപ്പ് നടത്തിയെന്നും തിരഞ്ഞെടുപ്പ് പണമിടപാട് ചട്ടങ്ങൾ ലംഘിച്ചുവെന്നും കണ്ടെത്തി. മറ്റു ചില കുറ്റങ്ങൾ കൂടി ചുമത്തി കൊഹനെ പിന്നീട് ജയിലിലടച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടിൽനിന്നാണ് സ്റ്റോമിക്കു പണം നൽകിയതെന്നാണ് ട്രംപ് നേരിടുന്ന പ്രധാന ആരോപണം. പണം സ്വന്തം കീശയിൽനിന്നാണെന്നു ട്രംപിന്റെ അഭിഭാഷകൻ മൈക്കൽ കൊഹെൻ വെളിപ്പെടുത്തിയിരുന്നെങ്കിലും ഇക്കാര്യം ശരിയല്ലെന്നാണു കണ്ടെത്തൽ. ഈ പണം കൊഹന് നിയമ സഹായം നൽകിയതിനുള്ള പ്രതിഫലമായാണു നൽകിയതെന്നാണ് ട്രംപ് രേഖകളിൽ കാണിച്ചിരിക്കുന്നത്. അതായത് ബിസിനസ് റെക്കോർഡുകളിൽ കൃത്രിമം കാണിച്ചതാണ് ട്രംപിനെ കേസിൽ കുടുക്കിയത്. സ്റ്റോമിയെ നിശബ്ദയാക്കുന്നതിനായി പണം നൽകിയത് പൊതുജനങ്ങളിൽനിന്ന് മറച്ചുവച്ചത് തിരഞ്ഞെടുപ്പ് നിയമങ്ങൾ പ്രകാരവും കുറ്റകരമാണ്. സംഭവത്തിൽ ട്രംപിനെതിരെ ഈ വർഷം ആദ്യം ന്യൂയോർക്ക് സിറ്റി ഡിസ്ട്രിക്ട് അറ്റോണി ആൽവിൻ ബ്രാഗ് അന്വേഷണത്തിനായി സ്‌പെഷൽ ജൂറിയെ നിയമിച്ചിരുന്നു.

ഇതിന്റെ തുടർ വിചാരണയിൽ ട്രംപിനെ കുറ്റക്കാരൻ എന്ന് കണ്ടെത്തിയത്. എന്നാൽ തന്നെ രാഷ്ട്രീയപരമായി ഇല്ലാതാക്കാനുള്ള നീക്കമാണ് അന്വേഷണം കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് ട്രംപിന്റെ നിലപാട്. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി ട്രംപ് പ്രചാരണം തുടങ്ങിക്കഴിഞ്ഞിരിക്കവേയാണ് ഇടിത്തീപോലെ കേസ് വരുന്നത്.

കേസ് ജയിക്കാൻ മിടുമിടുക്കി

ഒരർഥത്തിൽ ചിന്തിച്ചാൽ ട്രംപിന് ഒത്ത എതിരാളി തന്നെതാണ് സ്റ്റോമി ഡാനിയൽസ്. തനിക്കെതിരെ വരുന്ന ആരോപണങ്ങളെ വഴിതിരിച്ചുവിടാനും, കേസുകൾ മികച്ച അഭിഭാഷകരെ വെച്ച് വാദിച്ച് ജയിക്കാനും അവർക്ക് അറിയാം. നന്നായി സംസാരിക്കാനുള്ള കഴിവുണ്ട്. മൂന്ന് വർഷംമുമ്പ് ഉണ്ടായ ഒരു അനധികൃത അറസ്റ്റിൽ സ്റ്റോമി ഡാനിയൽസിന് നാലര ലക്ഷം ഡോളറാണ് നഷ്ടപരിഹാരം നേടിയെടുത്തത്. ഒഹായോയിലെ കൊളംബസ് നഗരത്തിൽ നിശാക്ലബ്ബിൽ നടന്ന ഒരുപാർട്ടിക്കിടെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കാണികളിലൊരാളെ ദേഹത്തു തൊടാൻ അനുവദിച്ചെന്ന് ആരോപിച്ചായിരുന്നു ഇത്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്യായമാണെന്നും ചൂണ്ടിക്കാട്ടി സ്റ്റോമി നൽകിയ ഹർജിയിലാണു നഷ്ടപരിഹാര വിധി.

അർധനഗ്‌നയായി ഡാൻസ് ചെയ്യുന്നതിനിടെ ക്ലബ്ബിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഇവരെ അറസ്റ്റ് ചെയ്തതായി അറിയിക്കുകയായിരുന്നെന്ന് സ്റ്റോമിയുടെ അഭിഭാഷകൻ പറയുന്നു. ക്ലബ്ബിലുണ്ടായിരുന്ന ഡിറ്റക്ടീവുകളിൽ ഒരാളെയും സ്റ്റോമി പ്രകോപിപ്പിക്കാൻ ശ്രമിച്ചെന്നും പൊലീസ് ആരോപിച്ചു. നടപടി വിവാദമായതോടെ 24 മണിക്കൂറിനുള്ളിൽ ഇവരെ പൊലീസ് വിട്ടയച്ചു. ഒഹായോയിലെ കൊളംബസിലുള്ള ക്ലബിൽനിന്നാണു ഡാനിയൽസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവിടെ സ്ട്രിപ്പറായി ജോലി ചെയ്യുകയായിരുന്നു സ്റ്റോമി. ട്രംപിനോട് വിധേയത്വമുള്ള ഓഫീസർമാർ നൽകിയ പണിയായിരുന്നു ഇത്. പക്ഷേ സ്റ്റോമി കോടതിയിൽ പോയി അത് അവർക്ക് എതിരെയുള്ള പണിയാക്കി.

ഈ രീതിയിൽ അസാധാരണമായ മനക്കരുത്തുള്ള സ്ത്രീയായാണ് സ്റ്റോമി. ട്രംപിന്റെ ടോക്സിക്ക് ഫാൻസ് അവരെ ഉപദ്രവിച്ചതിന് കൈയും കണക്കുമില്ല. നിരന്തരം സൈബർ ലിഞ്ച് ചെയ്തു. ട്രോളുകൾ ഉണ്ടാക്കി. ഭീഷണിപ്പെടുത്തി. കായികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. എന്നിട്ടും അവർ തന്റെ മൊഴിയിൽ ഉറച്ചു നിന്നു. അങ്ങനെ ചരിത്രത്തിൽ ആദ്യമായി ഒരു മൂൻ യുഎസ് പ്രസിഡന്റിന് ജയിലിലേക്കുള്ള വഴി കാണിച്ചുകൊടുത്തു.

ഞാൻ മോണിക്കയല്ല

അതിനിടെ ക്ലിന്റൺ വിവാദങ്ങളുടെ നായിക, മോണിക്കാ ലെവിൻസ്‌ക്കിയുമായി ചേർത്ത് തന്റെ പേര് ചർച്ചചെയ്യരുതെന്ന് ഒരു വിവാദ പ്രസ്താവനയും സ്റ്റോമി നടത്തി. കാരണം, മോണിക്ക ക്ലിന്റനെതിരെ പരതി പറഞ്ഞിരുന്നില്ല. അവരുടെ ബന്ധം ടോക്സിക്ക് ആയിരുന്നില്ല എന്നും എന്നാൽ ട്രംപ് അടിമുടി ടോക്സിക്കാണെന്നുമാണ് സ്റ്റോമി ഡാനിയൽസിന്റെ വാദം. എന്തായാലും ട്രംപിന്റെ പുക കണ്ടേ അടങ്ങൂ എന്ന വാശിയിലാണ് അവർ.

ട്രംപിനെ കുറ്റക്കാരനാക്കിയ കോടതി നടപടി ഒരുപക്ഷെ രാജ്യത്ത് അക്രമത്തിനും കൊലപാതകങ്ങൾക്കും വരെ കാരണമായേക്കാം എന്ന ആശങ്കയും അവർ പങ്കുവയ്ക്കുന്നു. ദീർഘനാളുകളായി പല നടപടികളും ഒഴിവാക്കി നടന്ന ഒരാളെ അവസാനം നിയമത്തിനു മുൻപിൽ എത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നുണ്ട് എന്നും സ്റ്റോമി പറഞ്ഞു. ഇനിയിപ്പോൾ കോടതി എന്തു തന്നെ തീരുമാനിച്ചാലും, ഒരു കലാപത്തിനുള്ള സാധ്യത വളരെ വലുതാണ് എന്നവർ പറയുന്നു. നേരത്തേ ഒരു കലാപം സൃഷ്ടിച്ച ചരിത്രം ഉള്ള വ്യക്തിയാണ് ട്രംപ്. വീണ്ടും അനുയായികളെ ആയുധമേന്തി നിരത്തുകളിലേക്ക് ഇറക്കിവിടാൻ ഒരുപക്ഷെ ട്രംപ് ഇനിയും മടിച്ചേക്കില്ല എന്നും അവർ പറഞ്ഞു.

പണവും അധികാരവും, അനുയായികളുമൊക്കെ എല്ലാക്കാലത്തും രക്ഷക്കെത്തുമെന്ന മൂഢവിശ്വാസം ആർക്കും വേണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് അമേരിക്കൻ കോടതി. ഡൊണാൾഡ് ട്രംപിന് ഒരു സാധാ ക്രിമിനലിനെ പോലെ വരുന്ന ചൊവ്വാഴ്‌ച്ച കോടതിയിൽ ഹാജരാകേണ്ടി വരും. മറ്റേതൊരു കുറ്റവാളിയേയും പോലെ വിരലടയാളങ്ങൾ എടുത്തതിനു ശേഷം, ട്രംപിന്റെ ഫോട്ടോയും എടുക്കും.ഇതിനു മുൻപ് ഒരു മുൻ അമേരിക്കൻ പ്രസിഡണ്ടും ക്രിമിനൽ കേസുകളിൽ പ്രതികൾ ആകാത്തതിനാൽ, ഇവിടെ ചൂണ്ടിക്കാണിക്കാൻ ഒരു കീഴ്‌വഴക്കം ഇല്ല. അതുകൊണ്ടു തന്നെ സാധാരണ നടപടികൾ തന്നെയായിരിക്കും ട്രംപിന്റെ കാര്യത്തിലും പിന്തുടരുക എന്നാണ് മാധ്യമങ്ങൾ പറയുന്നത്.

എന്നിരുന്നാലും ട്രംപിനെ കൈവിലങ്ങണിയിക്കുവാൻ സാധ്യതയില്ല., അതുപോലെ മറ്റ് കുറ്റവാളികളെ പോലെ നടത്തിച്ചു കൊണ്ടുപോകാനും സാധ്യതയില്ല. സുരക്ഷാ കാരണങ്ങളാൽ വാഹനത്തിൽ തന്നെയായിരിക്കും ട്രംപിനെ കൊണ്ടുപോവുകയും വരികയും ചെയ്യുക.എന്നാൽ, വീണിടം വിദ്യയാക്കാൻ മിടുക്കനായ ട്രംപ് കൈവിലങ്ങ് അണിഞ്ഞ് നടന്നു പോകാനാണ് ആഗ്രഹിക്കുന്നതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. ആ ഒരൊറ്റ ചിത്രം, തനിക്ക് രാഷ്ട്രീയ രക്തസാക്ഷി എന്ന പ്രതിച്ഛായ നൽകുമെന്ന് ട്രംപ് ഉറച്ചു വിശ്വസിക്കുന്നു. അത് ഉപയോഗിച്ച് വരുന്ന തെരഞ്ഞെടുപ്പിൽ ആഞ്ഞടിക്കാൻ കഴിയുമെന്നും ട്രംപിന്റെ അനുയായികൾ വിശ്വസിക്കുന്നുണ്ട്.

ഇപ്പോൾ തന്റെ മാർ-എ-ലാഗോ റിസോർട്ടിൽ ഉള്ള ട്രംപ് തിങ്കളാഴ്‌ച്ച ഫ്ളോറിഡയിൽ നിന്നും ന്യുയോർക്കിൽ എത്തും. തന്റെ പുതിയ ബോയിങ് 757, ട്രംപ് ഫോഴ്സാ വണ്ണിൽ പറക്കാനായിരിക്കും ട്രംപ് താത്പര്യപ്പെടുക. എന്നാൽ നിയമപാലകർ ഒരുപക്ഷെ ഗവൺംകെന്റ് ജെറ്റിൽ പൊലീസുകാർക്കൊപ്പമായിരിക്കും ഫ്ളോറിഡയിൽ നിന്നും ന്യുയോർക്കിൽ എത്തിക്കുക. മുൻ അമേരിക്കൻ പ്രസിഡണ്ട് എന്ന നിലയിൽ ജീവിതകാലം മുഴുവൻ അദ്ദേഹത്തിന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സുരക്ഷ ലഭിക്കും. സുരക്ഷാ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ന്യുയോർക്കിലേക്ക് പറക്കും. ഭാര്യ മെലാനിയ ഈ കേസിൽ തനിക്ക് ഒപ്പമുണ്ട് എന്നതാണ് ട്രംപിന് ആകെയുള്ള ആശ്വാസം.

എന്തായാലും സ്റ്റോമി ഡാനിയൽസ് ഒരു പുലി തന്നെയാണ്. സ്ത്രീകളെ കറിവേപ്പിലപോലെ വലിച്ചെറിഞ്ഞ, നിരവധികേസുകളിൽ പ്രതിയായിട്ടും പുല്ലുപോലെ ഊരിപ്പോന്ന ട്രംപിന്റെ കട്ടയും പടവും മടക്കാനുള്ള നിയമ പോരാട്ടത്തിന് നേതൃത്വം കൊടുക്കാൻ അവർക്കായി.

വാൽക്കഷ്ണം: നമ്മൂടെ നാട്ടിൽ പ്രചരിപ്പിക്കപ്പെടുന്നതുപോലെ, പെണ്ണുകേസിലല്ല ട്രംപ് അകത്താവുന്നത്. കേസൊതുക്കാൻ കൊടുത്ത പണം ബിസിനസ് ചെലവായി കാണിച്ച നിയമവിരുദ്ധതയുടെ പേരിലാണ്. ഐസ്‌ക്രീം പാർലർ പെൺവാണിഭക്കേസ് തൊട്ട് സൂര്യനെല്ലിയും, വിതുരയും അടക്കം, ഉന്നതർ പ്രതിയാവുമ്പോൾ ഒതുക്കപ്പെടുന്ന കേസുകൾ കൊട്ടക്കണക്കിനുള്ള കേരളത്തിൽനിന്ന് നോക്കുമ്പോൾ, മൂൻ പ്രസിഡന്റിനെപ്പോലെ അകത്തിടാൻ കഴിയുന്ന അമേരിക്കൻ നീതിന്യായ വ്യവസ്ഥയോടെ വല്ലാത്ത ബഹുമാനം തോനുന്നു!