'ചോര ഒഴുക്കി സമാധാനം നേടിയവർ ആണ് ഞങ്ങൾ, ഞങ്ങൾക്ക് യുദ്ധം ചെയ്യാതെ വയ്യ, ഇല്ലെങ്കിൽ ഞങ്ങളില്ല'- ഇസ്രയേൽ എന്ന വലിപ്പംകൊണ്ട് കുഞ്ഞനെങ്കിലും, ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തികളിൽ ഒന്നായ രാജ്യത്തിന്റെ, അന്തരിച്ച മൂൻ പ്രധാനമന്ത്രി ഏരിയൽ ഷാരോൺ ഒരു അഭിമുഖത്തിൽ പറയുന്നതാണിത്. ' ഞങ്ങളുടെ യുദ്ധങ്ങളെല്ലാം സമാധാനത്തിന് വേണ്ടിയായിരുന്നു. ശത്രുക്കളുടെ നടുവിലാണ് ഞങ്ങൾ എന്നത് എപ്പോഴും ഓർക്കുന്ന കാര്യമാണ്. കോടികൾ ചെലവിട്ട് മിസൈൽ പ്രതിരോധം കവചം തീർത്ത് ഞങ്ങൾ രാജ്യത്തെ രക്ഷിക്കുന്നു. പക്ഷേ ഇതിനൊക്കെ 99 ശതമാനമേ കൃത്യതയുള്ളു. ആയിരം ആക്രമണങ്ങളെ ഞങ്ങൾ തടയുമ്പോൾ ഒരു ആക്രമണം നടന്നിരിക്കും. അത് ഞങ്ങളുടെ വിധിയാണ്'- ഷാരോൺ വർഷങ്ങൾക്ക് മുമ്പ് പറഞ്ഞത് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നു.

തങ്ങൾക്കുനേരെയുള്ള ആയിരക്കണക്കിന് മിസൈലുകളെയും, നൂറുകണക്കിന് ആക്രമണപദ്ധതികളെയും അവർക്ക് തടയാനായി. പക്ഷേ ഒന്ന് ലക്ഷ്യം കണ്ടു. അതാണ് കഴിഞ്ഞ ദിവസം ഇസ്രയേലിൽ നടന്ന ഹമാസ് ആക്രമണം. നൂറുശതമാനവും സുരക്ഷിതമായ ഒരു സംവിധാനവും ഇല്ല എന്ന് ഷാരോൺ പറയുന്നതിനെ ഇത് ശരിവെക്കുന്നു.

നൂറിലേറെ ഇസ്രലികളുടെ ജീവനെടുത്ത ഹാമസ് ആക്രമണം നടത്തിയത് ആസൂത്രിതമായെന്ന് സൂചിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പാരാഗ്ലെഡൈർമാരെ നിയോഗിച്ചാണ് ഹമാസ് ആക്രമണം അഴിച്ചുവിട്ടത്. ഇതിന്റെ ആകാശദൃശ്യങ്ങൾ പറുത്തുവട്ടിട്ടുണ്ട്. ഗസ്സ അതിർത്തി വേലിയിലെ വിടവ് വഴി മോട്ടോർ സൈക്കിളിൽ ആയുധധാരികൾ നുഴഞ്ഞുകടക്കുന്നതും കാണാം. ഗസ്സയിനിന്ന് 20 മിനിറ്റിനിടെ 5000 റോക്കറ്റുകൾ തൊടുത്തുവിട്ടുവെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. ഇതോടെ, ടെൽ അവീവിലും, ജറുസലേമിലും വ്യോമാക്രമണ സൈറനുകൾ മുഴങ്ങി.

നടുക്കുന്ന ക്രൂരതകളാണ് ഇസ്രയേലിൽ നുഴഞ്ഞുകയറിയ ഹമാസ് നടത്തിയത്. ശവങ്ങൾ കുട്ടിയിട്ട് വണ്ടിയിൽ കൊണ്ടുപോകുന്നതിന്റെയും, വികൃതമാക്കുന്നതിന്റയും വരെ ചിത്രങ്ങൾ പുറത്തുവരുന്നു. ഇതോടെ ഇസ്രയേലും അതിശക്തമായി തിരിച്ചടിച്ചു. ഗസ്സയിൽ ജീവൻ പോയത് 200ലേറെ പേർക്കാണ്. അത് മാത്രമല്ല, ഇപ്പോൾ ലബനണിലേക്കും ഇസ്രയേൽ ആക്രമണം വ്യാപിപ്പിച്ചിരിക്കയാണ്. ലബനണിലെ ഹിസ്ബുള്ള തീവ്രവാദികളാണ്, ഹമാസിന് പിന്തുണ നൽകുന്നത്. ഒപ്പം താലബാനും. അതുപോലെ ഇസ്രയേൽ ആക്രമണത്തിൽ സന്തോഷം പ്രകടിപ്പച്ചിരക്കയാണ് ഇറാൻ. മാത്രമല്ല ഹമാസിന് ഈ രീതിയിലുള്ള ആയുധങ്ങൾ നൽകുന്നതും ഇറാൻ ആണെന്ന് വ്യക്തമാണ്. ഇതോടെ മൊസാദിന്റെ കണ്ണുകൾ ഇനി കൂടതൽ സമയം ഇറാനിലായിക്കും എന്ന് ഉറപ്പാണ്.

സത്യത്തിൽ ഈ ആക്രമണം ഇസ്രയേലിനെ കൂടുതൽ കരുത്തർ ആക്കുകയാണ് ചെയ്യുക. ഇനി പൊതുജനാഭിപ്രായത്തെയും, ആഗോള സമ്മർദത്തെയും ഭയക്കേണ്ട കാര്യമില്ല. 1972ലെ മ്യൂണിച്ച് ആക്രമണത്തിലെ പ്രതികളെ നമ്പറിട്ട്, ഓരോരുത്തരുടെയും വീടുകളിലേക്ക് മരണവാറണ്ട് അയച്ചാണ് മൊസാദ് കൊന്നൊടുക്കിയത്. അതുപോലെ ഹമാസിനെ മുച്ചൂടും മുടിക്കുകയായിരുന്നു ഇനി ഇസ്രയേലിന്റെ ലക്ഷ്യം. ഒപ്പം ഇറാനെയും, ലബനെനെയും , താലിബാനെയും അവർ വെറുതെവിട്ടില്ല. ഇത് ഒരു മൂന്നാം ലോക യുദ്ധത്തിലേക്ക് കാര്യങ്ങൾ എത്തിക്കുമോ എന്നും ആശങ്കയുണ്ട്. പക്ഷേ അമേരിക്കയും, യൂറോപ്യൻ രാജ്യങ്ങളും, ഇന്ത്യയുമടക്കമുള്ളവയും ഇസ്രയേലിന് ഒപ്പമാണ്.

പക്ഷേ ഇസ്രയേൽ എന്ന യൂഹദർക്ക് ഭൂരിപക്ഷമുള്ള മതേതര രാജ്യത്തിന് ഇതൊന്നും പുത്തിരിയല്ല. പിറന്നുവീണ ഉടനെ തന്നെ യുദ്ധത്തിലേക്ക് വീണ രാഷ്ട്രമാണിത്. ശരിക്കം ചോരച്ചാലുകൾ നീന്തിക്കയറിയ രാജ്യം. അത്രക്ക് അനുഭവിച്ചാണ് അവർ കയറിവന്നത്. വെടിക്കെട്ടുകാരന്റെ മക്കളെ ചെണ്ടകൊട്ടി പേടിപ്പിക്കാൻ കഴിയില്ല. ഇപ്പോഴുള്ളത് വെറും റിഹേഴ്സൽ മാത്രമാണ്്. ഇസ്രയേലിന്റെ കളികൾ ഇനി ലോകം കാണാൻ ഇരിക്കുന്നതേയുള്ളൂ.

ചോരച്ചാലുകൾ അതിജീവിച്ച രാഷ്ട്രം

ലോകത്തിലെ ഏറ്റവും പീഡിപ്പിക്കപ്പെട്ട ജനത ഏതെന്ന് ചോദിച്ചാൽ നിസ്സംശയം പറയാൻ കഴിയും അത് യഹൂദന്മാർ ആണെന്ന്. ഇസ്രയേലിനോടുള്ള ഹമാസ് അടക്കമുള്ള തീവ്രവാദ സംഘടനകളുടെ പകയ്ക്ക് അടിസ്ഥാന കാരണം മതം തന്നെയാണ്. ഇസ്ലാമിക സാഹിത്യങ്ങളിൽ നിറഞ്ഞു നിൽക്കുന്നതാണ് യഹൂദനോടുള്ള പക. കണ്ടിടത്തുവെച്ച് കൊല്ലപ്പെടേണ്ട നികൃഷ്ടനാണ് അവൻ. ക്രിസ്റ്റിയാനിറ്റിക്കുമുണ്ടായിരുന്നു പണ്ട് യഹൂദനോട് ഏറെ പക. ക്രിസ്തുവിന്റെ ഘാതകർ എന്ന കെട്ടുകഥ വിശ്വസിച്ച് നൂറ്റാണ്ടുകളോളം അവർ അകാരണമായി പീഡിപ്പിക്കപ്പെട്ടു. പിന്നീട് ഹിറ്റ്ലറിന്റെ ഊഴമായി. ആ ജിനോസൈഡിന്റെ കഥകൾ ഏറെ പ്രശ്സതമാണ്. ഒടുവിൽ ചരിത്രത്തിന്റെ പ്രതിവിധിയെന്നപോലെയാണ് രണ്ടാം ലോക മഹായുന്ധത്തിനുശേഷം, ഇസ്രയേൽ സ്ഥാപിതാവുുന്നത്. കേരളത്തിൽ ഇസ്രയേലിനെകുറിച്ച് ശുദ്ധ നുണയാണ് ഇടതുപക്ഷം പ്രചരിപ്പിച്ചത്. ഒന്നാമതായി ഇസ്രയേൽ ഒരു അധിനിവേശ രാജ്യമല്ല. ബ്രിട്ടീഷുകാർ ഇന്ത്യയെയും പാക്കിസ്ഥാനെയും വിഭജിച്ചതുപോലെ ചരിത്രപരമായ കാരണങ്ങളാൽ വന്ന ഒരു പിറവിയാണ് അത്.

1948ൽ ഇസ്രയേൽ എന്ന രാജ്യം നിലവിൽ വന്ന് ദിവസങ്ങൾക്കകം ഈജിപ്തിന്റെയും സിറിയയുടെയും ജോർദാന്റെയും ഇറാഖിന്റെയും ലെബനോന്റെയും സംയുക്ത ആക്രമണം ഇസ്രയേലിനു നേരെ ഉണ്ടായി. മറ്റു അറബ് രാഷ്ട്രങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു ഈ അക്രമങ്ങൾക്കു. പിറന്നു വീണു ദിവസങ്ങൾക്കകം പല രാജ്യങ്ങൾ ചേർന്ന ഒരു വലിയ സൈനിക ശക്തിക്കു മുമ്പിൽ പൊരുതേണ്ടി വരുക എന്ന കാര്യം ആലോചിച്ചു നോക്കൂ. ഒത്തിരി പീഡനങ്ങൾക്കു ശേഷം സർവ്വതും നഷ്ട്ടപെട്ടു ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ചേക്കേറിയ യഹൂദന്മാർക്കു മുകളിൽ ആകാശവും താഴെ ഭൂമിയും മാത്രവുമായിരുന്നു.

രണ്ടും കൽപ്പിച്ചു യഹൂദന്മാർ പൊരുതിയപ്പോൾ അറബ് സഖ്യത്തിന് ഒന്നും നേടാനായില്ല എന്ന് മാത്രമല്ല ഇസ്രയേൽ ഈജിപ്തിന്റെയും സിറിയയയുടെയും ചില ഭാഗങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. 48ലെ യുദ്ധത്തിന് മുമ്പ് 54 ശതമാനം ഭുമി മാത്രമാണ് ഇസ്രയേലിന്റെ കൈവശം ഉണ്ടായിരുന്നെങ്കിൽ യുദ്ധാന്തരം അത് 77 ശതമാനമായി ഉയർന്നു. അറബികൾ ഒന്നിച്ച് മുട്ടിയിട്ടും ഇത്തിരക്കുഞ്ഞനായ ഇസ്രയേൽ ജയിച്ചുകയറി ഭൂ വിസ്തൃതി വർധിപ്പിച്ചു. അതായാണ് ചോരകൊടുത്താണ് അവർ ഭൂവിസ്തൃതി വർധിപ്പിക്കുന്നത്.

പത്തു രാഷ്ട്രങ്ങളെ ചുരുട്ടിക്കെട്ടി

പക്ഷേ അതുകൊണ്ട് ഒന്നും തീർന്നില്ല. 1967 ൽ വീണ്ടും അറബ് സഖ്യസേന റഷ്യയുടെ പരോക്ഷ പിന്തുണയോടെ ഇസ്രയേലിനെ ആക്രമിച്ചു. പക്ഷേ വെറും 6 ദിവസം കൊണ്ട് 10 രാഷ്ട്രങ്ങളുടെ പിന്തുണയുള്ള അറബ് സഖ്യ സൈന്യത്തെ ഇസ്രയേൽ ചുരുട്ടി കെട്ടി. ലോകത്തിനു തന്നെ അത്ഭുതമായിരുന്നു ഇസ്രയേലിന്റെ ആ ചരിത്ര വിജയം. ഇത്തിരി പോന്ന ഒരു രാജ്യം 10 ഓളം രാജ്യങ്ങളുടെ സംയുക്ത സൈന്യത്തെ വെറും ആറു ദിവസം കൊണ്ട് തുരത്തി എന്നത് മാത്രമല്ല തങ്ങളെ ആക്രമിക്കാൻ വന്ന ഈജിപ്തിന്റെയും, സിറിയയുടെയും, ഫലസ്തീന്റെയും, ജോർദാന്റെയും നല്ല ഭാഗം ഭൂമിയും പിടിച്ചെടുത്തു!

ആ യുദ്ധകാലം ഇന്നും അത്ഭുതത്തോടെയാണ് ഇസ്രയേലും സ്മരിക്കുന്നത്. ഈ ഘട്ടത്തിലൊന്നും ഇസ്രയേലിനെ അമേരിക്ക സഹായിക്കുന്നില്ലേ ഇല്ല. ടെൻഷൻ താങ്ങാനാവതെ പ്രധാനമന്ത്രി ലെവി എഷ്‌ക്കോൾ വീണുപോയി. പക്ഷേ ഡിഫൻസ് മിനിസ്റ്റർ മുഷെ ഡയാൻ ആയിരുന്നു അക്കാലത്ത് ഹീറോ ആയത്. മൂഷെയുടെ വ്യോമക്രമണ തന്ത്രമാണ് ഇസ്രയേലനെ രക്ഷിച്ചത്. നെതന്യാഹു, എരിയൻ ഷാരോൺ, റാബിൻ തുടങ്ങിയ അന്നത്തെ യുദ്ധവീരന്മാരാണ് പിൽക്കാലത്ത് ഇസ്രയേലിന്റെ പ്രധാനമന്ത്രിമാർ ആയതും. അവരുടെ തൊപ്പിയിലെ പൊൻതൂവലായി ഈ യുദ്ധ വിജയം.ഇസ്രായോലിന്റെ വ്യോമാക്രമണത്തിൽ ഈജിപ്ത് തകർന്ന് അടിഞ്ഞുപോയി. പ്രധാന താവളങ്ങൾ എല്ലാം അവർ ബോംബിട്ടു. സൈനികരുടെ എണ്ണമല്ല ആധുനിക ആയുധങ്ങളാണ് യുദ്ധം ജയിക്കുന്നത് എന്ന് ലോകം മനസ്സിലാക്കിയത് അന്നാണ്.

അന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് ഗമാൻ അബ്ദുൾ നാസറായിരുന്നു അറബ് ദേശീയതയുടെ കരിസ്മാറ്റിക്ക് നേതാവ്. സ്വന്തം രാജ്യത്തേക്കാൾ നാസറിന് പേര് ഉണ്ടായിരുന്നത് ഫലസ്തീനിൽ ആയിരുന്നു. നാസറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നാണക്കേടായി ഇസ്രയേൽ ആക്രമണം. അന്ന് ഈജിപ്തിൽ ടെലിവിഷൻ ഉണ്ടായിരുന്നു. എന്നാൽ പിച്ചവെക്കുന്ന ഇസ്രയേലിൽ റേഡിയോ മാത്രവും. ആദ്യദിനങ്ങളിൽ ഈജിപ്ഷ്യൻ റേഡിയോ സംപ്രേഷണം ചെയ്തത് മുഴുവൻ അവരുടെ വിജയത്തിന്റെ വീരസാഹസിക കഥകൾ ആയിരുന്നു. എന്നാൽ ഇസ്രയേൽ റേഡിയോയിൽ മുഴങ്ങിയത് ദശീയ ഗാനം മാത്രം. ജനങ്ങൾ കടുത്ത സംഘർഷത്തിലൂടെ കടന്നുപോയി. യുക്തിവാദികൾ പോലും വിലാപമതിലിൽ തലയിടിച്ച് പ്രാർത്ഥിച്ചുവെന്നാണ് അക്കാലത്തെ ചരിത്രം പറയുന്നത്.

എന്നാൽ മൂന്ന് ദിവസം കഴിഞ്ഞതോടെ ഇസ്രയേൽ ടെലിവിഷനിൽ മട്ടുമാറി. ഒരാഴ്ച കഴിഞ്ഞതോടെ നാസർ നേരിട്ട് പ്രത്യക്ഷപ്പെട്ട് തന്റെ പരാജയം സമ്മതിച്ചു. അദ്ദേഹം രാജിയും പ്രഖ്യാപിച്ചു.പക്ഷേ അറബ് രാഷ്ട്രങ്ങൾ ഒന്നടങ്കം അത് എതിർത്തും. പക്ഷേ മനസ്സുതകർന്നും അപമാനിതനുമായാണ് നാസർ മരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിത്തിലെ ഏറ്റവും വലിയ അബന്ധമായിപ്പോയി ഇസ്രയേൽ ആക്രമണം. ഇതോടെ യുദ്ധത്തിന് ശേഷം കീഴടക്കിയ ഭൂമി തിരികെ കൊടുത്തിരുന്ന സ്ഥിരം പരിപാടി ഇസ്രയേൽ നിർത്തി. ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിട്ടും യുദ്ധത്തിൽ പിടിച്ചെടുത്ത ഭൂമി തിരികെ നൽകാൻ ഇസ്രയേൽ വിസമ്മതിച്ചു. തങ്ങളെ പലതവണ ആക്രമിച്ച അറബ് രാഷ്ട്രങ്ങൾക്കുള്ള മുന്നറിയിപ്പും തിരിച്ചടിയായിരുന്നു അത്. അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാതെ വീണ്ടും 1973ൽ ഇസ്രയേലിനെ അറബ് സഖ്യസേന ആക്രമിച്ചു.

അന്നത്തെ ഇസ്രയേലിന്റെ തിരിച്ചടിയിൽ നിന്ന് കരകയറാൻ ആ രാജ്യങ്ങൾക്കു ഇന്നും ആയിട്ടില്ല. ചുരുക്കി പറഞ്ഞാൽ 1948ൽ ഫലസ്തീന്റെ പകുതി വിഭജിച്ചു സൃഷ്ടിച്ച ഇസ്രയേൽ എന്ന ചെറിയ രാഷ്ട്രം, അറബ് രാഷ്ട്രങ്ങളുടെ വർഗീയത കാരണം 1973ഓടെ ഫലസ്തീന്റെ മുഴുവൻ ഭാഗവും ഈജിപ്തിന്റെയും ജോർദാന്റെയും സിറിയയുടേയും നല്ല ഭാഗവും പിടിച്ചെടുത്തു ഒരു വലിയ രാജ്യമായി മാറി. ഇതാടെ ഇസ്രയേലിനെ ഒരിക്കലും യുദ്ധത്തിൽ തോൽപ്പിക്കാനാകില്ല എന്ന തിരിച്ചറിവിൽ എത്തി അറബ് രാഷ്ട്രങ്ങൾ. ഈജിപ്ത് ഇസ്രയേലുമായി സമാധാന കരാറിൽ ഒപ്പിട്ടു. ജോർദാൻ രാജാവ് ഇസ്രയേൽ സന്ദർശിച്ചു. 1948ൽ ഇസ്രയേലിന്റെ അത്രയ്ക്ക് വലിപ്പം ഉണ്ടായിരുന്ന ഫലസ്തീൻ എന്ന പ്രദേശം വെസ്റ്റ് ബാങ്കിലും ഗസ്സയിലുമായി ഒതുങ്ങി. 1992ൽ ഇസ്രദയേൽ ഫലസ്തീന്റെ സ്വയം ഭരണത്തെ അംഗീകരിച്ചു. പക്ഷെ തീവ്രവാദി ആക്രമണം എല്ലാ സമാധാന ചർച്ചകളെയും തകിടം മറിച്ചു. ഇന്നും ഹമാസിന്റെ നേതൃത്വത്തിൽ തുടരുന്ന ചാവേർ ആക്രമണങ്ങളും ഇസ്രയേൽ നടത്തുന്ന ക്രൂരമായ തിരിച്ചിടയും തന്നെയാണ് മേഖലയിലെ സമാധാനത്തിന് ഏറ്റവും വലിയ ഭീഷണി.

ഐക്യരാഷ്ട്രസഭയുടെ പ്രമേയം അറബികൾ സ്വീകരിക്കുകയും, 1948 ൽ ഇസ്രയേലിനെ ആക്രമിക്കാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ, ഫലസ്തിൻ എന്നാ രാഷ്ട്രം അന്നേ നിലവിൽ വന്നേനെ. ഇന്ന് ലോകത്ത് കാണുന്ന പല രാഷ്ട്രങ്ങളും രൂപീകരിക്കപെട്ട സമയം ആയിരുന്നു എന്നതുകൊണ്ട് തന്നെ ആ കാലഘട്ടത്തിൽ ഒരു രാഷ്ട്ര വിഭജനം വലിയ സംഭവം ഒന്നുമായിരുന്നില്ല. പക്ഷെ ഫലസ്തിനിയൻ അറബികൾ ഇസ്രയേൽ എന്ന രാഷ്ട്രത്തെ അംഗീകരിക്കുവാൻ തയ്യാറായില്ലെന്ന് മാത്രമല്ല അക്രമത്തിന്റെയും ഭീകരപ്രവർതനതിന്റെയും മാർഗം സ്വീകരിച്ചു. അന്ന് അവരെ പിന്താങ്ങിയ അറബി രാഷ്ട്രങ്ങളായ ജോർദാനും ഈജിപ്തും ഇന്ന് ഹമാസ് തങ്ങൾക്കു ഭീഷണി ആകുമോ എന്ന് ഭയപെടുന്നു. മരിച്ചു വീഴുന്ന ഓരോ യഹൂദനും വേണ്ടി ഇസ്രയേലും പകരം വീട്ടുന്നു. ചുരുക്കത്തിൽ, സെമെറ്റിക്ക് മതങ്ങളായ യഹൂദ മതവും ക്രിസ്തു മതവും ഇസ്ലാമും തമ്മിൽ ചരിത്രത്തിലുടനീളം ഉണ്ടായിട്ടുള്ള നിരന്തര കലഹങ്ങളുടെ ആധുനിക മുഖമാണ് ഇസ്രയേൽ- ഫലസ്തിൻ സംഘർഷം.

എന്താണ് ഹമാസ്, ആരാണ് പിന്നിൽ

ഇനി ഹമാസിലേക്ക് വന്നാൽ ലക്ഷണമൊത്ത ഒരു ഭീകര സംഘടനയായി മാത്രമാണ് അതിനെയും കാണാൻ കഴിയുക. ഹരാകഹ് അൽ - മുഖാവമ അൽ - ഇസ്മാമിയ ( ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനം ) എന്നതാണ് ഹമാസിന്റെ പൂർണ രൂപം. ഏറ്റവും വലിയ ഫലസ്തീനിയൻ തീവ്രവാദ ഇസ്ലാമിസ്റ്റ് സംഘടനയെന്നാണ് ഹമാസ് അറിയിപ്പെടുന്നത്. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളിലൊന്ന്, നിലവിൽ ഗസ്സയിലെ 20 ലക്ഷത്തോളം ഫലസ്തീനികളുടെ നിയന്ത്രണം ഇവർക്കാണ്. ഹമാസിനെ പൂർണമായോ അല്ലെങ്കിൽ അവരുടെ സൈനിക വിഭാഗത്തെയോ ഇസ്രയേൽ, യു.എസ്, യൂറോപ്യൻ യൂണിയൻ, യു.കെ തുടങ്ങിയവർ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. 987ൽ ഒന്നാം ഫലസ്തീനിയൻ ഇൻതിഫാദയുടെ തുടക്കത്തിന് ശേഷമാണ് ഹമാസ് സ്ഥാപിതമായത്. വെസ്റ്റ് ബാങ്കിലെയും ഗസ്സ മുനമ്പിലെയും ഇസ്രയേൽ ഇടപെടലിനെതിരെയുള്ള ഫലസ്തീൻ പ്രക്ഷോഭമാണ് ഇൻതിഫാദ.

1967ലെ ഇസ്രയേൽ - അറബ് യുദ്ധത്തിലെ വിജയത്തിന് ശേഷം ഇരു പ്രദേശങ്ങളും ഫലസ്തീനിൽ നിന്ന് ഇസ്രയേൽ പിടിച്ചെടുക്കുകയായിരുന്നു. ഹമാസിന്റെ യഥാർത്ഥ വേരുകൾ അന്വേഷിച്ചാൽ ചെന്നുനിൽക്കുന്നത് 1928ൽ ഈജിപ്റ്റിൽ സ്ഥാപിതമായ മുസ്ലിം ബ്രദർഹുഡിലാണ്. ഫലസ്തീന്റെ മോചനം ലക്ഷ്യമിട്ട് 1964ൽ സ്ഥാപിതമായ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന് ബദലായാണ് ഹമാസ് രൂപീകരിച്ചത്. ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ മതനിരപേക്ഷ നിലപാടുകൾക്ക് ഹമാസ് എതിരാണ്.

ഇസ്രയേലിൽ നിന്ന് ഫലസ്തീൻ മണ്ണ് വീണ്ടെടുത്ത് 1948ലെ അതിർത്തികളോടെ സ്വതന്ത്ര രാജ്യമാക്കുക എന്നതാണ് ഹമാസിന്റെ പ്രധാന ലക്ഷ്യം . ഇതോടെ ഇസ്രയേലിന്റെ നാശവും അവർ ലക്ഷ്യമിടുന്നു. ഇസ്രയേലിനെതിരെ സായുധ പോരാട്ടം നടത്തുന്നത് സൈനിക വിഭാഗമായ ഇസ് അദ് ദിൻ അൽ - ഖാസം ബ്രിഗേഡ്സ് ആണ്. സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ നയിക്കുന്ന വിഭാഗം ദവ എന്നറിയപ്പെടുന്നു2005ൽ ഗസ്സയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിച്ചതിന് ശേഷം ഫലസ്തീനിലെ രാഷ്ട്രീയ കാര്യങ്ങളിലും ഹമാസ് ഇടപെട്ടുതുടങ്ങി. 2006ൽ വെസ്റ്റ് ബാങ്കിലും ഗസ്സയിലും നടന്ന തിരഞ്ഞെടുപ്പിൽ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനിലെ ഫത്താഹ് പാർട്ടിയെ അട്ടിമറിച്ച് ജയം നേടി. നിലവിൽ ഫലസ്തീനിന്റെ ഭാഗമായ ഗസ്സ ഹമാസ് ഭരണത്തിലാണ്. ഫലസ്തീനിന്റെ മറ്റൊരു ഭാഗമായ വെസ്റ്റ് ബാങ്ക് ഇസ്രയേലിന്റെ നിയന്ത്രണത്തിലും.

ഹമാസിന്റെതു കൊടും ക്രൂരതകൾ

കേരളത്തിൽ അടക്കം ഇസ്രയേലും മെസാദും നടത്തുന്ന ക്രുരതകൾ വലിയ വാർത്തയാവാറുണ്ടെങ്കിലും, ഹമാസിന്റെ ക്രൂരതകൾ തീരെ ചർച്ചയാവാറില്ല. നിലവിൽ അറബ് രാഷ്ട്രങ്ങൾപോലും ഹമാസിൻെ അംഗീകരിക്കുന്നില്ല. കുട്ടികളെ കൊണ്ട് പ്രതിരോധ മതിൽ തീർക്കുക, സ്ത്രീകളെ കവചങ്ങളായി ഉപയോഗിക്കുക തുടങ്ങിയ പരിപാടികളാണ് പണ്ടേ ഹമാസ് നടത്തിയത്. ഇടക്കിടെ ഇസ്രയേലിലേക്ക് ഒരു റോക്കറ്റ് തൊടുത്തുവിട്ട് പ്രകോപനം ഉണ്ടാക്കും. എന്നിട്ട് ഇസ്രയേൽ തിരിച്ചടിക്കുമ്പോൾ സ്ത്രീകളെയും കുട്ടികളെയും നിരത്തി കവചം തീർക്കും. അങ്ങനെ മരിക്കുന്ന കുട്ടികളുടെ മൃതദേഹങ്ങൾ ജാഥയായി കൊണ്ടുപോവും. ആ ചിത്രങ്ങൾവെച്ച് ലോകവ്യാപകമായി, പണം പിരിക്കും. ഇതാണ് ഹമാസിന്റെ പതിവ് രീതി. ഇസ്രയേൽ കുട്ടികളെ തട്ടിക്കൊണ്ടുപോയി സ്വവർഗരയിക്ക് വിധേയമാക്കി കൊന്നതും, സ്ത്രീകളെ ബലത്സഗം ചെയ്തത് അടക്കമുള്ള നിരവധി കുറ്റകൃത്യങ്ങൾ ഹമാസിന്റെ പേരിലുണ്ട്. ലക്ഷണമൊത്ത ഒരു ഭീകരവദാദ സംഘടനയാണ് അവരെ പാശ്ചാത്യലോകം വിലയിരുത്തുന്നത്. എന്നാൽ കേരളത്തിൽ ഹമാസ് എന്നാൽ ചക്കര പോരാളികൾ ആണ്.

ഇപ്പോൾ ഇസ്രയേലിൽ നുഴഞ്ഞുകയറി ഹമാസ് നടത്തിയ ക്രൂരതകൾ നോക്കുക. ഒരു വനിതയുടെ അർദ്ധനഗ്‌നമായ മൃതദേഹം പദർശിപ്പിച്ചുകൊണ്ടായിരുന്നു നഗരവീഥികളിലൂടെ ഹമാസ് തീവ്രവാദികൾ പരേഡ് നടത്തിയത്. തീർത്തും അപ്രതീക്ഷിതമായി ഇസ്രയേലിനെ ആക്രമിച്ച ഹമാസ് തീവ്രവാദികൾ അവകാശപ്പെട്ടത് അതൊരു ഇസ്രയേൽ വനിത സൈനിക ഉദ്യോഗസ്ഥയുടെ ശരീരമാണെന്നായിരുന്നു. എന്നാൽ അത് ഒരു ജർമ്മൻ ടാറ്റു കലാകാരിയായ ഷാനി ലൂക്കിന്റെ മൃതദേഹമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്.

ഒരു കാൽ, തികച്ചും ആഭാസകരമായ രീതിയിൽ ഉയർത്തിവച്ചായിരുന്നു ഈ 30 കാരിയുടെ അർദ്ധനഗ്‌ന മൃതദേഹം ട്രക്കിൽ പ്രദർശിപ്പിച്ചത്. അതിനു ചുറ്റും ഇരിക്കുന്ന തീവ്രവാദികളും നിരത്തിൽ നിരന്ന അവരുടെ അനുയായികളും ആർപ്പ് വിളികളോടെയായിരുന്നു ആ മൃതദേഹം കൊണ്ടു പോയത്. അവരിൽ ചിലർ ആ മൃതദേഹത്തിൽ തുപ്പുന്നും ഉണ്ടായിരുന്നു എന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

ഗസ്സാ മുനമ്പിൽ നിന്നും ഇസ്രയിലെക്ക് അതിക്രമിച്ചു കയറിയ ഹമാസ് തീവ്രവാദികൾ പലയിടങ്ങളിലും അക്രമങ്ങൾ അഴിച്ചു വിട്ടു. ഗ്രാമങ്ങൾ പിടിച്ചെടുക്കുകയും നിരവധിപേർ ബന്ധികളാക്കുകയും ചെയ്തിട്ടുണ്ട്. അവരിൽ ചിലരെ ഉടനടി വധിച്ചതായും പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏതാണ്ട് 50 ഇസ്രയേലികളെ ഹമാസ് തടവിലാക്കിയതായാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ഗസ്സയിലെ ഭൂഗർഭ തുരങ്കങ്ങളിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്.

ഷാമി ലൂക്ക് പങ്കെടുത്ത സംഗീതോത്സവ വേദിയായിരുന്നു ആദ്യം ആക്രമണത്തിന് വിധേയമായതെന്ന് പറയപ്പെടുന്നു. അതിനു ശേഷം അധികം അകലെയല്ലാതെ നടന്ന ഒരു ഡെസർട്ട് നൃത്തോത്സവ വേദിയിലേക്കും ഭീകരരെത്തി. അതിൽ പങ്കെടുത്തിരുന്ന നോവ ആർഗമനി എന്ന 25 കാരിയായ വിദ്യാർത്ഥിനിയും തീവ്രവാദികൾ തട്ടിക്കോണ്ടു പോയവരിൽ ഉൾപ്പെടുന്നു. ഒരു മോട്ടോർബൈക്കിൽ കെട്ടിയിട്ട് ഇവരെ കൊണ്ടു പോകുനൻ വീഡിയോ ദൃശ്യം ചില സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. തന്നെ കൊല്ലരുതെന്ന് കരഞ്ഞപേക്ഷിക്കുന്ന നോവയെയും കൊണ്ട് ഭീകരൻ പോകുന്നത് നോക്കി നിസ്സഹായനായി നിൽക്കുന്ന കാമുകനെയും ദൃശ്യങ്ങളിൽ കാണാം.

ഡോറോൺ ആഷർ എന്ന 34 കാരിയായ സ്ത്രീയും അവരുടെ അഞ്ചും മൂന്നും വയസ്സുള്ള രണ്ട് മക്കളും ബന്ധിയാക്കപ്പെട്ട് ഗസ്സയിലെ തുരങ്കങ്ങളിൽ കഴിയുന്നവരിൽ ഉൾപ്പെടുന്നു എന്ന് മറ്റൊരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മറ്റ് നിരവധി ഇസ്രയേലി യുവാക്കൾക്കൊപ്പം ഉത്സവം ആഘോഷിക്കുകയായിരുന്നു ഇവരും മരുഭൂമിയിൽ സംഘടിപ്പിച്ച സമാധാനോത്സവത്തിലേക്കാണ് ആയുധധാരികളായ തീവ്രവാദികൾ ഇരച്ചു കയറിയത്.

പാഠം പഠിച്ച് മൊസാദ്

വളരെ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിട്ടും, അതിർത്തിയിൽ നിതാന്ത ജാഗ്രത പുലർത്തിയിട്ടും, ഒറ്റ ദിവസംകൊണ്ട് ഫലസ്തീൻ അനുകൂല സായുധ പ്രസ്ഥാനമായ ഹമാസിന് എങ്ങനെ ഇസ്രയേലിന്റെ മണ്ണിലേക്ക് കടന്നുകയറാൻ സാധിച്ചുവെന്ന ചോദ്യം ഇപ്പോഴും ബാക്കി. ലോകത്തെ തന്നെ ഏറ്റവും മികച്ച ഇന്റലിജൻസ് സംവിധാനവും രഹസ്യാന്വേഷണ വിഭാഗവും സ്വന്തമായുള്ള ഇസ്രയേലിന്, ഹമാസിന്റെ ആക്രമണ നീക്കവും നുഴഞ്ഞുകയറ്റ ശ്രമങ്ങളും മുൻകൂട്ടി അറിയാനും തടയാനും സാധിക്കാതെ പോയത് എന്തുകൊണ്ട് എന്നാണ് ചോദ്യം.

ഹമാസിന്റെ മിന്നൽ ആക്രമണം ഇസ്രയേൽ ഇന്റലിജൻസ് ഏജൻസികളുടെ പരാജയമാണെന്ന് രാജ്യത്തു വിമർശനം ഉയർന്നു. അതീവ സുരക്ഷയുള്ള അതിർത്തിയിലൂടെ സായുധസംഘം ഇസ്രയേലിൽ കടന്ന് ആക്രമണം നടത്തിയത് ജനങ്ങളെ ആശങ്കയിലാക്കി.അതീവ സുരക്ഷാ സംവിധാനങ്ങളുണ്ടായിട്ടും അതെല്ലാം കടന്നാണ് ഹമാസ് സംഘം ഇസ്രയേലിൽ പ്രവേശിച്ചത്. ഹമാസിന്റെ ആക്രമണം ഇസ്രയേലിനെ ഞെട്ടിച്ചുവെന്ന് ഇസ്രയേൽ സുരക്ഷാ ഏജൻസി ഷിൻ ബെറ്റ് തന്നെ പറയുന്നു. ഇസ്രയേലിനകത്തും ഫലസ്തീനിലും ലബനനിലും സിറിയയിലും ഉള്ള ഹമാസ് സംഘങ്ങളുടെ പ്രവർത്തനങ്ങളും നീക്കങ്ങളും മൊസാദ് എക്കാലവും സൂക്ഷ്മമായി നിരീക്ഷിക്കുന്നതാണ്. എന്നിട്ടും ഇങ്ങനെ ഒരു ആക്രമണത്തിന് അവർ തയ്യാറെടുക്കുന്ന വിവരം മൊസാദ് അറിഞ്ഞില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഫലസ്തീൻ അതിൽത്തിയിൽ പെട്രോളിങ് തുടങ്ങിയ സജ്ജീകരണങ്ങളെല്ലാം ഉണ്ടായിരുന്നു. ഇത്തരം സുരക്ഷാ സംവിധാനങ്ങളെല്ലാം തകർത്താണ് ഹമാസ് സംഘം വിവിധ മാർഗങ്ങളിലൂടെ ഇസ്രയേലിൽ പ്രവേശിച്ചത്. ആക്രമണം നേരത്തെ അറിയുന്നതിൽ മൊസാദ് പൂർണമായും പരാജയപ്പെട്ടുവെന്നു ചുരുക്കം. രാഷ്ട്രീയരംഗത്ത് ഇപ്പോൾ ഇസ്രയേലിലുള്ള കടുത്ത വിഭാഗീയതയും ഹമാസ് മുതലാക്കിയിട്ടുണ്ട്. കോടതികളെ വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നെതന്യാഹു കൊണ്ടുവന്ന നിയമപരിഷ്‌കാരങ്ങൾക്കെതിരെ സൈനികർ ഉൾപ്പെടെ സമൂഹത്തിലെ ഒട്ടേറെ വിഭാഗങ്ങൾ പ്രതിഷേധത്തിലാണ്. മതപരമായ ചേരിതിരിവും സമൂഹത്തിൽ ശക്തമാണ്. ഇസ്രയേലിൽ ആഭ്യന്തര പ്രശ്നം രൂക്ഷമായ സമയം തന്നെ ആക്രമണത്തിന് ഹമാസ് തിരഞ്ഞെടുക്കുകയായിരുന്നു.

പക്ഷേ ഇതുകൊണ്ടൊന്നും ഇസ്രയേലിനെയും മൊസാദിനെയും തളർത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കേണ്ട. ഇനി നടക്കുക, ഇസ്രയേൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ളവർ യോഗം ചേർന്ന് കൊല്ലപ്പെടേണ്ടവരുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക എന്നതാണ്്. ഈ ഭീകരാക്രമണം ആസുത്രണം ചെയ്തവർ എത്ര ഉന്നതർ ആയിരുന്നാലും, അവരെ നമ്പരിട്ട് വൺ ടൂത്രീ മോഡലിൽ കൊല്ലപ്പെടും എന്ന് ഉറപ്പാണ്. ഇസ്രയേലിന്റെ മുൻ അനുഭവം അങ്ങനെയാണ്. ഹമാസിന്റെ അവസാനത്തെ കളിയാണ് ഇതെന്ന് ഉറപ്പാണ്.

ഇറാന്റെയും കൗണ്ട് ഡൗൺ

ഇസ്രയേലിനെതിരെ നടത്തിയ അപ്രതീക്ഷിത ആക്രണത്തിന് ഇറാന്റെ സഹായം ലഭിച്ചെന്ന ഹമാസ് വെളിപ്പെടുത്തുന്നുണ്ട്. ഹമാസ് വക്താവ് ഗസ്സി ഹമദ് ആണ് ബിബിസിയോട് ഇക്കാര്യം വളിപ്പെടുത്തിയത്. ഇതോടെ പശ്ചിമേഷ്യയിലെ യുദ്ധം പുതിയ തലത്തിലെത്തുകയാണ്. താലിബാനും ഹമാസിനെ സഹായിക്കാൻ രംഗത്തുണ്ട്. ലബനൻ അതിർത്തിയിലും ഇസ്രയേൽ ബോംബിട്ടു. ഹമാസ് കേന്ദ്രങ്ങളെ മുച്ചുടും കർക്കാൻ പദ്ധതിയൊരുക്കകയാണ് ഇസ്രയേൽ.
താലിബാനും ഇസ്രയേലിനെതിരെ രംഗത്തു വരുന്നത് പുതിയ കൂട്ടുകെട്ടിന്റെ ലക്ഷണമാണ്. ഹമാസും ഇറാനും താലിബാനും ഒരുമിക്കുന്നുവെന്നാണ് വിലയിരുത്തൽ.

ഇറാന്റെ ഉന്നത ആണവ, മിസൈൽ ശാസ്ത്രജ്ഞൻ മൊഹ്‌സീൻ ഫക്രിസദേ കൊല്ലപ്പെട്ടത് 2020ലാണ് . തലസ്ഥാനമായ ടെഹ്‌റാനിൽ മൊഹ്‌സീൻ ഫക്രിസദേ സഞ്ചരിച്ച കാറിനു നേരെ അജ്ഞാതസംഘം വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ഇറാൻ ആരോപിച്ചിരുന്നു. ഇറാന്റെ ആണവ, മിസൈൽ പദ്ധതികളുടെ ബുദ്ധികേന്ദ്രമായിരുന്ന മൊഹ്‌സീൻ ഫക്രിസദേ അമേരിക്കയുടെയും ഇസ്രയേലിന്റെയും പ്രധാന നോട്ടപ്പുള്ളികളിലൊരാളായിരുന്നു. ശാസ്ത്രജ്ഞന്റെ വധത്തിൽ ഇസ്രയേൽ പങ്കിനെക്കുറിച്ച് ഗുരുതരമായ സൂചനകളുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷരിഫും പറഞ്ഞിരുന്നു. അന്ന് തുടങ്ങിയ വൈരാഗ്യമാണ് ഹമാസിലൂടെ ഇസ്രയേലിനുള്ള തിരിച്ചടിയായി ഇറാൻ നൽകുന്നതെന്നാണ് വിലയിരുത്തൽ.

അതിനിടെ ലബനനിലെ ഹിസ്ബുല്ല ഇസ്രയേലിനെ ലക്ഷ്യമിട്ട് ആക്രമണം തുടങ്ങിയെന്നാണ് വിവരം. മോർട്ടാർ ആക്രമണത്തിന്റെതെന്ന പേരിൽ വീഡിയോകൾ പ്രചരിക്കുന്നുണ്ട്. ലെബനനിലെ ശിയാ സായുധ സംഘമാണ് ഹിസ്ബുല്ല. തെക്കൻ ലബ്നാനിന്റെ സുരക്ഷാ ചുമതല ഹിസ്ബുല്ലയ്ക്കാണ്. ഇവർക്ക് ഇറാന്റെ പിന്തുണയുണ്ട്. ലെബനൻ അതിർത്തിയിൽ ഇസ്രയേൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഹിസ്ബുല്ല ആക്രമിക്കാനുള്ള സാധ്യത ഇസ്രയേൽ മുൻകൂട്ടി കാണുന്നു. ഇരുരാജ്യങ്ങളും ഇടയ്ക്കിടെ പരസ്പരം ആക്രമണം നടത്താറുണ്ടെങ്കിലും അപൂർവമായിട്ടേ യുദ്ധ സാഹചര്യമുണ്ടായിട്ടുള്ളൂ.

അതിനിടെ അഫ്ഗാനിസ്താനിലെ താലിബാൻ ഇസ്രയേലിനെ ആക്രമിക്കാൻ തയ്യാറെടുക്കുന്നു എന്നാണ് മറ്റൊരു പ്രചാരണം. ഇറാഖ്, ഇറാൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളോട് ജറുസലേമിലേക്ക് എത്താനുള്ള സൗകര്യം ഒരുക്കണമെന്ന് താലിബാൻ ആവശ്യപ്പെട്ടുവെന്നും പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ വാർത്തയ്ക്ക് സ്ഥിരീകരണമില്ല. തീവ്രവാദ സ്വഭാവത്തോടെ പ്രവർത്തിക്കുന്ന സംഘടനകൾ ഇസ്രയേലിനെതിരെ യോജിക്കുമെന്നും സൂചനകളുണ്ട്.

നെതന്യാഹു ഭരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി വിലയിരുത്തപ്പെട്ടിരുന്നത് അറബ് രാഷ്ട്രങ്ങളുമായുള്ള ഇസ്രയേലിന്റെ ബന്ധം മെച്ചപ്പെടുത്തിയതാണ്. ഇസ്രയേൽ സമാധാനത്തിനുവേണ്ടി നീങ്ങുന്നതിനിടെയാണ് ആപ്രതീക്ഷിതമായി ആക്രമണം ഉണ്ടാവുന്നത്. ഇതോടെ ഫലത്തിൽ ഇറാന്റെയും കൗണ്ട് ഡൗണിന്റെ തുടക്കമാണ്. ഇറാൻ ഭരണാധികാരികളെ മൊസാദ് കൊന്നൊടുക്കുന്ന കാഴ്ചയായിരിക്കും ഇനി ലോകത്തിന് മുന്നിൽ ഉണ്ടാവുക.

കേരളത്തിൽ സേവ് ഗസ്സ നിലവിളികൾ മാത്രം

ശരി ഇസ്രയേലിന്റെ ഭാഗത്ത് ആണെങ്കിലും, മരിച്ചത് യഹൂദർ ആണെങ്കിലും, കേരളത്തിൽ ഉയരുന്നത്, സേവ് ഗസ്സ നിലവിളികൾ മാത്രമാണ്. കേരളത്തിലെ ഇസ്ലാമോ ലെഫ്റ്റ് എത്രമാത്രം റിഗ്രസീവ് ആണെന്ന് അറിയാൻ സിപിഎം പോളിറ്റിബ്യൂറോ അംഗം എം എ ബേബിയുടെ ഇതുസംബന്ധിച്ച പോസ്റ്റ് വായിച്ചാൽ മതി. ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ഹീനമായ ആക്രമണത്തെയാണ്, കമ്മ്യൂണിസ്റ്റ് താത്വികാചാര്യൻ ഇരുന്ന് ന്യായീകരിച്ച് വെളുപ്പിക്കുന്നത്. മരിക്കുന്നവന്റ ജാതിയും മതവും നോക്കി കണ്ണുനീർഗ്രന്ഥി സ്രവിക്കുന്നവർ എത്രമാത്രം അമാനവികർ ആണ്!

2021ൽ ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ സൗമ്യ സന്തോഷിന് അർപ്പിച്ച ആദരാഞ്ജലികൾ പിൻവലിച്ച സെക്കുലർ നേതാക്കൾ വാഴുന്ന നാടാണ് കേരളം. മലയാളികൾ ഏറെയുള്ള നടുകുടിയാണ് ഇസ്രയോൽ. കുടുംബം പുലർത്താനായി നഴ്സായും ആയയായും ഹൗസ് മെയിഡായും ഒക്കെ ജോലി ചെയ്യുന്ന കുറെയേറെ മലയാളിസ്ത്രീകൾ അവിടെയുണ്ട്. കൃഷി പഠിക്കാൻ പോയവർക്ക് തിരിച്ചുവരാൻ തോന്നാത്ത ഉയർന്ന ജീവിതനിലവാരമുള്ള ആധുനിക ജനാധിപത്യ രാഷ്ട്രമാണ് ഇസ്രയേൽ.

സോഷ്യൽമീഡിയ ആക്റ്റീവിസ്റ്റ് സജീവ് ആല ഇങ്ങനെ എഴുതുന്നു. '' ആധുനികതയെ ആലിംഗനം ചെയ്തുതുടങ്ങിയ സൗദി അറേബ്യ ഉൾപ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങൾ ഇസ്രയേലുമായി സൗഹൃദത്തിന്റെ പാതയിലാണെങ്കിലും ഹമാസും ഐഎസും അൽജസിറയും പിന്നെ കേരളത്തിലെ മീഡിയാ വണ്ണും കൈരളി ചാനലും യഹൂദന്റെ പുക കണ്ടേ അടങ്ങൂവെന്ന ദുർവാശിയിലാണ്. മുംബൈയിൽ കസബും കൂട്ടരും നടത്തിയതിന് സമാനമായ ആക്രമണമാണ് ഹമാസ് ഇസ്രയേലിന് നേരെ അഴിച്ചുവിട്ടിട്ടുള്ളത്. പക്ഷേ നാസി കാൺസൻട്രേഷൻ ക്യാമ്പുകളെ അതിജീവിച്ചവരുടെ ഇച്ഛാശക്തിയെ ഇല്ലാതാക്കാൻ ചാവേറുകളെ സൃഷ്ടിക്കുന്ന ഭീകരതയ്ക്ക് ഒരിക്കലുമാവില്ല. പെണ്ണിനെ ചാക്കിൽ കയറ്റുന്ന പൊളിറ്റിക്സിനെ പെൺകൊടികൾ നയിക്കുന്ന ഇസ്രയേലി പാറ്റേൺ ടാങ്കുകൾ കീഴ്പ്പെടുത്തുക തന്നെ ചെയ്യും.''- സജീവ് ചുണ്ടിക്കാട്ടുന്നു.

ശരിയാണ്, ചോര ഇസ്രയേലിന് പുത്തിരിയല്ല. തോക്ക് പിടിച്ച് തഴമ്പിച്ച കൈകളാണ് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെതടക്കം. 67 സി്കസ് ഡേ വാറിൽ മുന്നിൽനിന്ന് നയിച്ച ആളാണ് അദ്ദേഹം. ഇപ്പോൾ ചിരിക്കുന്നവരെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് ഇസ്രയേൽ തിരിച്ചുവരും, അതാണ് ആ രാജ്യത്തിന്റെ ചരിത്രം. അവർക്ക് അതിജീവിച്ചേ മതിയാവൂ.

വാൽക്കഷ്ണം: മൊസാദ് ആണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്ന് പറയുന്നവരോട് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതനാഹ്യു ഇങ്ങനെ ചോദിച്ചിരുന്നു. ' മൊസാദ് ഇല്ലെന്ന് വെക്കുക, ഞങ്ങൾക്ക് സൈനിക ശക്തിയും രാഷ്ട്രീയ അധികാരവും ഇല്ലെന്ന് വെക്കുക. യഹൂദരെ നിങ്ങൾ വെറുതെ വിടുമോ'. വളരെ പ്രസ്‌കതമായ ചോദ്യമാണത്. മതം വൈരാഗ്യമാണ് രാഷ്ട്രീയ വൈരാഗ്യത്തേക്കാൾ മുന്നിലെന്ന് വളരെ വ്യക്തം.