ന്തുകൊണ്ടാണ് ലോകത്തിലെ ഏറ്റവും വലിയ സൈനിക ശേഷിയായ ഇസ്രായലിന്റെ പ്രതിരോധ സംവിധാനം ഹമാസ് ആക്രമണത്തിൽ അമ്പേ പാളിപ്പോയത്? ഉത്തരം കിട്ടാത്ത ഈ ചോദ്യത്തിന്റെ കുരുക്കഴിക്കയാണ് ഇസ്രയേലി മാധ്യമങ്ങൾ.

കണ്ണിന്  കണ്ണ് പല്ലിന് പല്ല് എന്ന രീതിൽ, എതിരാളികളെ കൊന്നൊടുക്കുന്ന ചാരസംഘടന, ഏതു മിസൈൽ ആക്രമണങ്ങളേയും ഫലപ്രദമായി നേരിടാൻ ശേഷിയുള്ള അയേൺ ഡോം എന്ന വ്യോമ കവചം, ലോകത്തിലെ നാലാമത്തെ വലിയ സൈനിക ശക്തി. ആ ഇസ്രയേലിലുടെയാണ് ഹമാസ് ഭീകരർ വേലി ചാടിക്കടന്നെന്ന പോലെ എത്തി, 1800 പേരെ കൊല്ലുന്നതും 200 പേരെ ബന്ദിയാക്കിയതും. പട്ടാളക്യാമ്പുവരെ ആക്രമിച്ചുവരെ കൊലയും ബന്ദിയാക്കലും നടന്നു. ഇസ്രയേലിന്റെ പേൾഹാർബർ എന്നും സെപ്റ്റമ്പർ 11 എന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഈ ആക്രമണം ശരിക്കും ഞെട്ടിക്കുന്നതാണ്. സ്ത്രീകളെ മുടിക്ക് വലിച്ചഴച്ച് കൊണ്ടുപോവുക, തക്‌ബീർ വിളിച്ച് വെടിവെക്കയും, തുപ്പുകയും ചെയ്യുന്ന ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു.

രാവിലെ 6 മണിക്ക് ഓരോരോ തരംഗങ്ങളായി ഒമ്പത് മണിവരെ ഭീകരർ പ്രവഹിച്ച് കൊണ്ടിരിക്കയാിരുന്നു. ഇത്രയും സുരക്ഷാ സംവിധാനങ്ങൾ ഉള്ള ഒരു രാജ്യത്ത് എങ്ങനെയാണ് ഇത് സംഭവിക്കുന്നത്. നമ്മുടെ നാട്ടിലെ പോലെയല്ല, ഇസ്രയേലി മാധ്യമങ്ങൾ വളരെ വൈകിയാണ് ഈ ചോദ്യം ഉന്നയിക്കുന്നത്.

രാജ്യം ദുരന്തത്തിലൂടെ കടന്നുപോകുമ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും മാധ്യമങ്ങളും ഒന്നിക്കുന്ന കാഴ്ചയാണ് ആ യഹൂദ രാജ്യത്ത് കണ്ടത്. പ്രതിപക്ഷ നേതാക്കാൾ തന്നെ തോക്ക് എടുത്ത് രാജ്യത്തിനായി പോരാടാൻ രംഗത്ത് ഇറങ്ങുന്നു. ഇപ്പോൾ ഇസ്രയേൽ അപകടമുക്തമായെന്ന ബോധ്യപ്പെട്ടപ്പോൾ യെരുശലേം പോസ്റ്റും, ന്യൂയോർക്ക് ടൈംസും അടക്കമുള്ള മാധ്യമങ്ങൾ ഹമാസ് ആക്രമണത്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് തയ്യാറാക്കുകയാണ്. പ്രധാനമായും പത്തുകാരണങ്ങളാണ് അവർ, പറയുന്നത്. ഇവയിൽ പലതും ശരിക്കും ഞെട്ടിക്കുന്നത് തന്നെയാണ്.

1. ഹമാസിനെ വിലകുറച്ച് കണ്ടു

ഹമാസ് ആക്രമണത്തിലെ ഏറ്റവും വലിയ പ്രശ്നമായി ജറുസലേം പോസ്റ്റ് ചൂണ്ടിക്കാട്ടുന്നത് ഇസ്രയേൽ ഹമാസിനെ വല്ലാതെ വിലകുറച്ച് കണ്ടു എന്നാണ്. ഹമാസിനെ ഇതുപോലെ ഒരു ആക്രമണം നടത്താൻ കഴിവുള്ള ഒരു സൈനിക ശക്തിയായി അവർ പരിഗണിച്ചില്ല. ഫലസ്തീൻ അഥോറിറ്റിക്കും ഫത്തക്കുമാണ് കുറേക്കൂടി വലിയ സൈന്യം ഉള്ളത് എന്ന വിലയിരുത്തലിലും, കൂടുതൽ അപകടം അവിടെയാണെന്നുമുള്ള നിഗമനത്തിൽ ആയിരുന്നു അവർ. മാത്രമല്ല 2021ലെ ആക്രമണത്തിലുണ്ടായ കനത്ത തിരിച്ചടിക്ക് ശേഷം വീണ്ടും ഹമാസ് ഇതുപോലെ ഒരു സാഹസത്തിന് മുതിരുമെന്ന് ഇസ്രയേൽ കരുതിയില്ല.

ഗസ്സയിലെ അതിർത്തി ഗ്രാമങ്ങളിലെ ആളുകൾക്ക് ആയുധം കൊടുത്തില്ല. ഇസ്രയേലിന്റെ ശ്രദ്ധ മുഴുവൻ വെസ്റ്റ് ബാങ്കിൽ ആയിരുന്നു. അവിടെ ഇസ്രയേലി സൈന്യം തയ്യാറായി നിൽക്കയാണ്. വെസ്റ്റ്ബാങ്കിൽ സെറ്റിൽ ചെയ്തിരിക്കുന്ന യഹൂദർക്ക് ആയുധവും കൊടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ വെസ്റ്റ് ബാങ്ക് അതിർത്തിയിൽ ഒരു ഭീകരാക്രമണം ഉണ്ടായാൽ ഉടനെ തിരിച്ചടിക്കാൻ കഴിയും. വെസ്റ്റ്ബാങ്കിലും, ഹിസ്ബുല്ലയുടെ ഭീഷണി നേരിടുന്ന ലെബനോൻ അതിർത്തിയിലുമായിരുന്നു ഇസ്രയേലിന്റെ ശ്രദ്ധ മുഴുവൻ. അതുകൊണ്ടുതന്നെ ഗസ്സ അതിർത്തി താരമമ്യേന വിജനമായിരുന്നു. തീവ്രവാദികൾ ഇത്രയേറെ മുന്നേറിയിട്ടും ഒറ്റപ്പട്ടാളക്കാരനെപ്പോലും കാണാഞ്ഞത്, ലോകത്തെ മുഴവൻ അത്ഭുതപ്പെടുത്തി!

2 ഗസ്സ അതിർത്തിയിൽ യന്ത്രങ്ങൾ മാത്രം

വെറും 95 ലക്ഷം മാത്രം ജനസംഖ്യയുള്ള ഇസ്രയേലിന്റെ കരുത്ത് മുഴുവൻ തങ്ങളുടെ യന്ത്രവത്കൃത നിരീക്ഷണ സംവിധാനങ്ങളിൽ ആയിരുന്നു. മാന്വലായി പട്ടാളക്കാരെ പരമാവധി കുറച്ച് പൂർണ്ണമായും ക്യാമറാ, റഡാർ സർവൈലൻസിലേക്ക് ഗസ്സ അതിർത്തി മാറി. ലോകത്തിലെ ഒരു രാജ്യത്തിന്റെ അതിർത്തിയും ഇതുപോലെ ഉണ്ടാവില്ല എന്നാണ് ന്യൂയോർക്ക് ടൈംസ് എഴുതിയത്. ഇസ്രയേൽ പൂർണ്ണമായും വിശ്വസിച്ചിരുന്നത് ഗസ്സ അതിർത്തിയിലെ ഫെൻസിങ്ങിൽ ആയിരുന്നു. ടണൽ തുരന്ന് വരാതിരിക്കാൻ, താഴോട്ടും അതിശക്തമായി കെട്ടിപ്പൊക്കിയ നിലയിൽ ആയിരുന്നു അത്.

പക്ഷേ തങ്ങളുടെ ഫെൻസ് ഇത്രയും ദുർബലമാണെന്ന് ഇസ്രയേൽ കരുതിയിട്ടുണ്ടാവില്ല. ഗസ്സക്ക് അപ്പുറത്തുനിന്ന് ജെസിബിയോ ബൂൾഡോസറോ വെച്ച്, ഫെൻസ് തകർത്ത് തീവ്രവാദികൾ കൂട്ടമായി ഇസ്രയേലിലേക്ക് ചാടുകയായിരുന്നു. എന്നിട്ടും പുകൾപെറ്റ മൊസാദ് അടക്കം ഒന്നും അറിഞ്ഞില്ല എന്നത് അവിശ്വസനീയമാണ്.

ആദ്യം ഹമാസ് തീവ്രവാദികൾ ചെയ്തത്, ഇസ്രയേലി സർവൈലൻസ് സിസ്റ്റം ഡ്രോൺ വെച്ച് തകർക്കയായിരുന്നു. ഇങ്ങനെ ചെയ്യുന്നതിന്റെ വീഡിയോ ഫൂട്ടേജ് ഹമാസ് തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഇതോടെ ഫെൻസ് മുറിക്കുന്ന വിവരം നിരീക്ഷണ താവളത്തിലുള്ളവർ അറിഞ്ഞിട്ടില്ല. എന്നാൽ കുറേ നേരമായി ഫുട്ടേജ് ഒന്നും വരാതിരുന്നാൽ, എന്തോ കുഴപ്പമുണ്ടെന്ന് നോക്കേണ്ടതുണ്ട്. എന്നാൽ ഇവിടെ അതും ഉണ്ടായില്ല. അവിശ്വസനീയമായ അനാസ്ഥയും അലംഭാവവുമാണ് ഇക്കാര്യത്തിൽ ഉണ്ടായത് എന്നാണ് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

അതിർത്തി കടന്ന് ഹമാസ് തീവ്രവാദികൾ എത്തിയപ്പോൾ ആവട്ടെ, ആ പരിസരത്ത് ഒന്നും ഒരു പട്ടാളക്കാരൻ ഉണ്ടായിരുന്നില്ല. കാരണം ഇസ്രയേൽ തങ്ങളുടെ യന്ത്രത്തിന്റെ കഴിവിൽ പൂർണ്ണമായും വിശ്വസിച്ചു. അവർ മാന്വലായി ഗസ്സയിൽ സൈനിക വിന്യാസം നടത്തിയില്ല. ഗസ്സ അതിർത്തി നഗരങ്ങളിൽ മതിയായ പൊലീസ് പോലും ഉണ്ടായിരുന്നില്ല

3 കമ്യുണിക്കേഷൻ സംവിധാനം തകർന്നു

റിമോർട്ട് സെൻസറുകളും കമ്യുണിക്കേഷൻ സിസ്റ്റവും തകർത്തതാണ് ഹമാസിന് ഏറ്റവും കൂടുതൽ ഗുണം ചെയ്തത്. ഗസ്സ ഡിവിഷൻ പോസ്റ്റ് കമാൻഡും, ടെൽ അവീവിലുള്ള ആർമി ഹെഡ്ക്വാർട്ടേഴസുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. മുകളിൽ നിന്നുള്ള ഉത്തരവിനായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് കാത്തിരിക്കുമ്പോഴേക്കും, ഹമാസ് തീവ്രവാദികൾ പൂണ്ടു വിളയാടി. പിന്നെ ഉത്തരവില്ലാതെ ഓരോ സൈനികനും സ്വയം പ്രവർത്തിക്കുകയായിരുന്നു. മൊബൈൽ ഫോണിൽ സംസാരിച്ചാണ് ഹെലികോപ്റ്റർ ഗൺ ഷിപ്പ് പൈലറ്റുകൾ പൊരുതിയത്. അവർക്ക് സാറ്റലൈറ്റ്- വയർലെസ് കമ്യുണിക്കേഷൻ കിട്ടിയില്ല.

ഇസ്രയേൽ വളരെ ചെറിയ ഒരു രാജ്യമാണ്. കേരളത്തിൽ തിരുവനന്തപുരം മുതൽ ആലപ്പുഴവരെയുള്ള ഒരു ഭാഗംപോലെയുള്ള കൊച്ചുരാജ്യം. അവിടെ, മിനിട്ടുകൾക്കുള്ളിൽ എത്തിച്ചേരുമെന്ന് കരുതുന്ന ഇസ്രയേലിന്റെ ടാങ്കുകളും ഫൈറ്റർ ജറ്റുകളുമൊക്കെ എവിടെ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. പ്രശ്നം കമ്യൂണിക്കേഷനാണ്. ഇവിടെ ഒരു ബാക്ക് അപ്പ് ഇസ്രയേലിന് ഉണ്ടായിരുന്നില്ലേ എന്ന ചോദ്യം അവശേഷിക്കുന്നു.

ഗസ്സ അതിർത്തി നഗരങ്ങളിൽ സൈനിക പോസ്റ്റുകൾ പോലുമില്ല. അവിടെ ഇനി ഒരു ആക്രമണം ഉണ്ടാവില്ല എന്ന രീതിയിലാണ് ഇസ്രയേൽ ചിന്തിച്ചത്. ലോക്കൽ സെക്യൂരിറ്റി ഫൈറ്റ് ചെയ്തിടത്തൊന്നും കാര്യമായ നാശ നഷ്ടങ്ങൾ ഉണ്ടായില്ല. പലയിടത്തും ഐഡിഎഫിന്റെ സൈനികർ ചെല്ലാൻ മണിക്കൂറുകൾ എടുത്തു. അറുപതിനായിരത്തോളം വരുന്ന ജനങ്ങളെ ഒഴിപ്പിക്കാൻ രണ്ടു ദിവസം വേണ്ടി വന്നു.

4 അയോൺഡോം നിഷ്ഫലമായത് എങ്ങനെ?

ഇസ്രയേലിന്റെ എറ്റവും കേൾവികേട്ട സംഭവമായിരുന്നു മിസൈലുകളിൽനിന്ന് രാജ്യത്തെ രക്ഷിക്കുന്ന അയേൺ ഡോം. 90ലക്ഷം വരുന്ന ആ നാട്ടുകാർ സമാധാനത്തോടെ കിടന്നുറങ്ങിയിരുന്നത് ഇതിന്റെ സുരക്ഷിതത്വത്തിലാണ്. വടക്കൻ ഇസ്രയേലിലെ നഗരമായ ഹൈഫയിലെ, റാഫേൽ അഡ്വാൻസ്ഡ് ഡിഫെൻസ് സിസ്റ്റംസാണ് മില്യൻ കണക്കിന് ഡോളർ ചെലവിട്ട് അയേൺ ഡോമിനെ വികസിപ്പിച്ചെടുത്തത്. 2011ൽ ആദ്യ അയേൺ ഡോം നിർമ്മിക്കപ്പെട്ട ശേഷം ഇത് ഇസ്രയേലി പ്രതിരോധത്തിലെ പ്രധാനിയായി മാറുകയായിരുന്നു. അയേൺ ഡോം മാത്രമല്ല ഇസ്രയേലിന്റെ മിസൈൽ പ്രതിരോധ സംവിധാനം. ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ ആരോയും മധ്യദൂര റോക്കറ്റുകളേയും മിസൈലുകളേയും പ്രതിരോധിക്കാൻ ഡേവിഡ്‌സ് സ്ലിങും ഇസ്രയേലിനുണ്ട്.

പക്ഷേ അത് തകർത്ത് ഹമാസ് മിസൈലുകൾ വന്നു എന്നത്, ലോകത്തെ തന്നെ ഞെട്ടിച്ചു. പക്ഷേ ഇവിടെയും വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഇസ്രയേലി മീഡിയ മുന്നോട്ട് വെക്കുന്നത്. അയേൺഡോം പുറത്തുനിന്നുള്ള ആക്രമണം നേരിടാനാണ്. പക്ഷേ രാജ്യത്തിന് അകത്ത് എത്തിയശേഷമാണ് ഭീകരരുടെ മിസൈലുകൾ ഏറെയും വന്നത്.

ഇത്തവണ, വളരെ ലളിതമായിരുന്നു ഹമാസിന്റെ യുദ്ധ തന്ത്രം. കുറഞ്ഞ സമയത്തിൽ പരമാവധി റോക്കറ്റുകൾ ഒരേ ലക്ഷ്യത്തിലേക്ക് തൊടുക്കുക. എല്ലാ റോക്കറ്റുകളേയും തകർക്കുക ഏറ്റവും കാര്യക്ഷമമായ ഇസ്രയേലി പ്രതിരോധ സംവിധാനത്തിനു പോലും അസാധ്യമാണ്. ഏകദേശം 5,000 റോക്കറ്റുകൾ വരെ 20 മിനുറ്റുകൊണ്ട് ഇസ്രയേലിലേക്ക് ഹമാസ് തൊടുത്തുവെന്നാണ് റിപ്പോർട്ടുകൾ. 90 ശതമാനം റോക്കറ്റുകളെ തകർക്കാൻ അയേൺ ഡോമിന് സാധിക്കും. എങ്കിലും 500 റോക്കറ്റുകളോളം ലക്ഷ്യത്തിലേക്കെത്തിയെന്നാണ് ഇതിന്റെ അർഥം. അതു തന്നെയായിരുന്നു ഹമാസിന്റെ ലക്ഷ്യവും. അതാണ് സംഭവിച്ചതും. അല്ലാതെ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നപോലെ അയേൺ ഡോം തകർന്നിട്ടില്ല. ഇത്ര വലിയ റോക്കറ്റ് ആക്രമണവും ഇസ്രയേൽ പ്രതീക്ഷിച്ചില്ല.



5 പാലുകൊടുത്ത കൈക്ക് കൊത്തിയവർ!

ഇതോടൊപ്പം ഒരു വലിയ ചതിയുടെ കഥയും ഇസ്രയേലി മാധ്യമങ്ങൾക്ക് പറയാനുണ്ട്. ഗസ്സക്കാരെ ഇസ്രയേൽ പീഡിപ്പിക്കുന്നുവെന്ന് നിരന്തരം വാർത്തകൾ വരുമ്പോൾ മുഖം മിനുക്കാൻ അവർ എടുത്ത ചില നടപടികൾ വിനയായി. ഗസ്സയിലെ 17,000 പേർക്ക് പ്രതിദിനം ഇസ്രയേലിൽ വന്ന് ജോലിചെയ്യാനുള്ള ലൈസൻസ് കൊടുത്തിരുന്നു. അവർ ഗസ്സയിൽനിന്ന് വന്ന് ഇസ്രയേലിൽ പണിയെടുത്ത് പോകും. ഗസ്സയിൽ ശമ്പളം തീരെ കുറവാണ്. എന്നാൽ ഇസ്രയേലിൽ അതിന്റെ അഞ്ച് ഇരട്ടിയാണ് ശമ്പളം. അതിനാൽ തന്നെ ഇങ്ങനെ വന്ന് പണിയെടുത്ത് പോവുന്നവർക്ക് നല്ല ജീവിതം സാധ്യമാവുമായിരുന്നു.

മാത്രമല്ല ഇത് ഗസ്സക്കാർക്ക് യഹൂദരോടുള്ള മനോഭാവത്തിൽ മാറ്റം വരുത്തുമെന്നും, സൗഹൃദത്തിന്റെ ഒരു സോഷ്യൽ എഞ്ചിനീയറിങ്ങ് സൃഷ്ടിക്കാൻ കഴിയമെന്നും, ഇസ്രയേൽ കരുതി. പക്ഷേ മത വൈരാഗ്യത്തിന് മുകളിൽ പരുന്തും പറക്കില്ല എന്ന് അവർ അറിഞ്ഞില്ല. ഇങ്ങനെ ഇസ്രയേലിൽ വന്ന പണി ചെയ്ത് പോകുന്ന 17,000 പേർ ആണ് രാജ്യത്തിന് ശരിക്കും പണി കൊടുത്തത്. അവരിൽ ഒരു വിഭാഗം ഹമാസിന് ഒപ്പം ചേർന്നു. എവിടെ എന്തെല്ലാം ഉണ്ട് എന്ന കൃത്യമായ വിവരം കൊടുത്തത് അവരാണ്. മാത്രമല്ല, ഇത്തരക്കാരിൽ ഒരു വിഭാഗം ആക്രമണത്തിൽ ഹമാസിന് ഒപ്പം നേരിട്ട് ചേരുകയും ചെയ്തു!

ഇതോടെ ഇനി ഉണ്ടാവാൻ പോവുന്നത് ഈ ലൈസൻസ് കൂട്ടമായി ഇസ്രയേൽ റദ്ദ് ചെയ്യുകയാണ്. ഒരു ഗസ്സക്കാരനും ഇനി ജോലി ചെയ്യുന്നതിനായി ഇസ്രായലിൽ കാലുകുത്താൻ കഴിയാത്ത അവസ്ഥയുണ്ടാവും. മര്യാദക്ക് ഈ നാട്ടിൽ വന്ന് ജോലി ചെയ്യുന്നവർക്കും ഇത് പാരയാവും. പക്ഷേ ഹമാസിനെ സംബന്ധിച്ച് സ്വന്തം പൗരന്മാർ മരിക്കുന്നതും, സാമ്പത്തികമായി തകരുന്നതും ഒന്നും ഒരു പ്രശ്നമല്ല. മത പ്രചോദിതമായ സ്വർഗം മുൻനിർത്തി ചാവേറാവാൻ തുനിഞ്ഞ് ഇറങ്ങിയവരാണ് അവർ.

6 ഇന്റലിജൻസ് പൂർണ്ണ പരാജയം

73ലെ യോം കിപ്പുർ യുദ്ധത്തിലെന്നപോലെ, ഇസ്രയേലിന്റെ ഇന്റലിജൻസ് സംവിധാനം പുർണ്ണമായും പരാജയപ്പെട്ടുപോയ സമയമായിരുന്നു ഇത്. മൊസാദ് പോലുള്ള പുകൾപെറ്റ ഏജൻസികൾക്ക് എന്തുപറ്റിയെന്നാണ് പ്രധാന ചോദ്യം. ഗസ്സയിൽ നടക്കുന്ന ഓരേ കാര്യങ്ങളും ഇസ്രയേലിന് വിവരം കിട്ടുന്നതാണ്. അത്ര ശക്തമാണ് അവിടുത്തെ ഇസ്രയേൽ നെറ്റ് വർക്ക്. ഗസ്സയിൽ വെടിവെപ്പ് പരിശീലനവും പാരാഗെഡിങ്ങ് പരിശീലനവും നടത്തുന്നതിന്റെ റിപ്പോർട്ടുകൾ നേരത്തെ അവർക്ക് കിട്ടിയിരുന്നു. എന്നാൽ അതിലൊക്കെ അമിതമായ ആത്മവിശ്വാസം വിനയായി.

അവർ നാല് റോക്കറ്റുകൾ വിട്ടോട്ടെ എന്നാലും നമുക്ക് അയേൺ ഡോംവെച്ച് തടയാൻ കഴിയും എന്ന നിലയിൽ ആയിരുന്നു, ഇസ്രയേൽ നേതൃത്വത്തിന്റെ കാഴ്‌ച്ചപ്പാട്. അതിനിടെ ഹമാസ് നേതൃത്വത്തിന്റെ ചില ഓഡിയോകളും, മൊസാദിന് കിട്ടിയിരുന്നു. അതിലൊക്കെ തൽക്കാലം ഇനി ഒരു ആക്രമണം വേണ്ട എന്ന സൂചനയാണ് ഉണ്ടായിരുന്നത്. ഇത് ഒരുപക്ഷേ ഇസ്രേയലിനെ പറ്റിക്കാനുള്ള തന്ത്രമായിരുന്നോ എന്നും സംശയമുണ്ട്. എന്തായാലും ഉടനെ ഒരു ആക്രമണം ഉണ്ടാവുമെന്ന് ഇവർ ആരും പ്രതീക്ഷിച്ചില്ല എന്നത് സത്യമാണ്.

അതിനിടെ അൽ അക്സ പള്ളി യഹൂദർ തകർക്കുകയാണെന്ന പ്രചാരണം ഹമാസ് ശക്തമായി നടത്തി. അവിടെ സോളമന്റെ ക്ഷേത്രം സ്ഥാപിക്കാൻ പോവുകയാണെന്ന് പ്രചാരണം ഹമാസിന്റെ ചാവേറുകളെ ഉത്തേജിപ്പിച്ചു. ഇത് വസ്തുതാവിരുദ്ധമായിരുന്നു. ഇത് സമയത്തിന് പൊളിക്കാനും ഇസ്രയേലിന് ആയില്ല.

7 രാഷ്ട്രീയ അനിശ്ചിതത്വം വിനയായി

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ദിനങ്ങളാണ് കടന്നുപോയത്. ഭീകരാക്രമണത്തിന് അദ്ദേഹം തന്നെയാണ് കണക്ക് പറയേണ്ടി വരിക. ഒറ്റക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടി, തീവ്രവലതുപക്ഷവുമായി കൂട്ടിച്ചേർന്നാണ് ഭരിക്കുന്നത്. ഇവരുടെ ശ്രദ്ധ മുഴവൻ വെസ്റ്റ് ബാങ്കിലെ സെറ്റിൽമെന്റിലാണ്. ഗസ്സ അതിർത്തിയിലേക്ക് ഇത് കാരണം കൂടുതൽ ശ്രദ്ധ പോയില്ല.

മാത്രമല്ല ഇസ്രയേലിൽ ഇടക്ക് ഉണ്ടായ സമരങ്ങളും രാഷ്ട്രീയ അനിശ്ചിതത്വങ്ങളുമൊക്കെ ഹമാസിന് ഊർജമായി. നെതന്യാഹുവിന്റെ ജുഡീഷ്യൽ റിഫോമ്സിനെതിരെ ഒരു ലക്ഷത്തി പതിനായിരം പേർ പങ്കെടുത്ത സമരമുണ്ടായി. ജുഡീഷ്യറിയുടെ ചിറക് അരിഞ്ഞ് ഏകാധിപതിയാവാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്ന് വ്യാപകമായി വിമർശനം ഉണ്ടായി. ഒപ്പം നിരവധി അഴിമതികളും സർക്കാറിനെതിരെ ഉയർന്നു. ഈയിടെ ഒരു അഭിപ്രായ സർവേയിൽ 70 ശതമാനംപേരും നെതന്യാഹുവിന് എതിരെയാണ് വോട്ട് ചെയ്തത്. 'ക്രൈം മിനിസ്റ്റർ' എന്ന ബാനർ ഉയർത്തി അതിൽ നെതന്യാഹുവിന്റെ പടം അടിച്ചാണ് പ്രതിപക്ഷം പ്രചാരണം നടത്തിയത്.

ഇതെല്ലാം മൂലം ഇസ്രയേൽ എറ്റവും ദുർബലമായിരിക്കുന്ന സമയം ഇതാണെന്ന് ഹമാസ് ഉറപ്പിക്കയായിരുന്നു.

8 സൈന്യത്തിന്റെ അതൃപ്തി?

അതിനിടെ സൈന്യവും ഭരണകൂടവും കൂടി വല്ലാതെ അകന്നുപോയി എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് എന്ന ഐഡിഎഫിന്റെ തലവൻ നെതന്യാഹുവിനെ കാണാൻ സമയം ചോദിച്ചതും അത് നിഷേധിക്കപ്പെട്ടതും വാർത്തയായി. അതോടെ പട്ടാളവും ഭരണകൂടവും ഇടയുന്നു, കോടതിയും ഭരണകൂടവും ഇടയുന്നു എന്നിങ്ങനെ വാർത്ത വുന്നു. ഈ കൂട്ടപ്പൊരിച്ചിലിന് ഇടയിൽ ശത്രുക്കൾ ആക്രമണത്തിന് കോപ്പുകൂട്ടുകയാണെന്ന കാര്യം ഭരണാധികാരികൾ മറന്നുപോയി.

നെതന്യാഹുവിന് എതിരായ സമരത്തിൽ അണി നിരന്ന് ലക്ഷങ്ങളിൽ റിസർ ആർമിക്കാരും ഉണ്ടായിരുന്നു. ഇസ്രയേിന് ഒന്നര ലക്ഷം പേർ വരുന്ന സ്ഥിരം ആർമിയും, അഞ്ചര ലക്ഷം വരുന്ന റിസർവ് ആർമിയുമാണ് ഉള്ളത്. ഈ റിസർവ് ആർമിക്കാർ ആവശ്യമുള്ള സമയത്ത് രംഗത്തിറങ്ങുകയാണ് പതിവ്. പക്ഷേ രാഷ്ട്രീയ പ്രശ്നങ്ങളെ തുടർന്ന് ഫൈറ്റർ പൈലറ്റുമാർപോലും ഇനി സൈന്യത്തിലേക്ക് ഇല്ല എന്ന് പ്രഖ്യാപിക്കുന്ന അവസരങ്ങൾ ഉണ്ടായി.

ഇസ്രയേലിലെ ആഭ്യന്തര പ്രശ്നങ്ങൾ ചില അറബ് മാധ്യമങ്ങൾ കാര്യമായി പെരുപ്പിച്ചതോടെ, ഹമാസ് കരുതിയത് അവർ തീർന്നു എന്നാണ്. പക്ഷേ പുറമേനിന്ന് ഒരു ശത്രുവരുമ്പോൾ, ഒന്നിച്ച് അണിനിരക്കുക എന്നയതാണ് യഹൂദരുടെ രീതി. ഇപ്പോൾ പ്രതിപക്ഷ നേതാക്കൾ പോലും ആയുധം എടുത്ത് പോരാടൻ ഇറങ്ങിയിരിക്കയാണ്. വനിതാ റിസർവും ശക്തമായി പോരാടുന്നു. പക്ഷേ സൈന്യത്തിന്റെ അതൃപ്തി എന്തെങ്കിലും നിലയിൽ ബാധിച്ചോ എന്നത് ഇനിയുള്ള ദിവസങ്ങളിൽ ഇസ്രയേൽ പരിശോധിക്കുമെന്ന് ഉറപ്പാണ്.

9 ഹമാസിനോട് മൃദു സമീപനം

അതിനിടെ അതിഗുരുതരമായ ഒരു രാഷ്ട്രീയ ആരോപണവും ന്യൂയോർക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങൾ ഉന്നയിക്കുന്നുണ്ട്. ഫലസ്തീൻ അഥോറിറ്റിയെ മര്യാദ പഠിപ്പിക്കാനായി ഹമാസിനെ ഉപയോഗിക്കാം എന്നത് ഒരു നാഷണൽ പോളിസിയായി ഇസ്രയേൽ എടുത്തുവെന്നതാണ് അത്. 2006നും 2007നും ഇടതിൽ ഗസ്സയിൽ, ഫത്തയും ഹമാസും തമ്മിലുള്ള പോരാട്ടത്തിൽ കൊല്ലപ്പെട്ടത് 600 ഓളം പേരാണ്. അങ്ങനെയാണ് ഫലസ്തീൻ അഥോറിറ്റി ഗസ്സയിലെ ഹമാസ് സർക്കാറിനെ പിരിച്ചുവിടാൻ ഒരുങ്ങിയത്. പക്ഷേ അവസാനം ഗസ്സ പൂർണ്ണമായും ഹമാസിന്റെ കൈയിൽ തന്നെ വന്നു. 2006 മുതൽ തെരഞ്ഞെടുപ്പ് ഒന്നുമില്ലാതെ അവർ മുന്നോട്ട് പോകുന്നു. ഈ ആഭ്യന്തര യുദ്ധത്തിൽ ഹമാസ് ഒരു മുതൽക്കൂട്ടും, ഫലസ്തീൻ അഥോറിറ്റി ഒരു ബാധ്യതയുമായാണ് നെതന്യാഹു ഭരണകൂടം കണ്ടത്.

ഇസ്രയേലിലെ വലതുപക്ഷത്തിന്റെ പിന്തുണയും ഈ നീക്കത്തിനുണ്ട്. ഫത്ത പാർട്ടിയെ ഒതുക്കാൻ ഹമാസ് നല്ലതാണ് എന്ന് നെതന്യാഹു ഒരു പാർട്ടി യോഗങ്ങളിൽ പറഞ്ഞിരുന്നു. പക്ഷേ ദ്വി രാഷ്ട്രാ വാദം അംഗീകരിക്കുന്നവരാണ് ഫത്ത പാർട്ടിയെന്നും, ഹമാസ് ഐസിസിന് സമാനമായ മതരാഷ്ട്ര വാദമാണ് മുന്നാട്ട് വെക്കുന്നത് എന്നും ഇവർ മറന്നുപോയി. അവസാന ജൂതനെയും തുരത്തണം എന്ന് പറയുന്ന മത വചനങ്ങളിൽ വിശ്വസിക്കുന്നവർ ആണ് അവർ. ഹമാസിന്റെ ഡിഎൻഎ അക്രമം നിറഞ്ഞതാണ്. ചാവേറുകളായി ഇസ്ലാമിക സ്വർഗം തന്നെയാണ് അവർ ലക്ഷ്യമിടുന്നത്. ഇടക്ക് ഇതു മറന്നുപോയതിന് വലിയ വിലയാണ് ഈ യഹൂദരാജ്യം കൊടുക്കേണ്ടി വന്നത്.

10 യോം കിപ്പൂറിൽ നിന്ന് പാഠം പഠിച്ചില്ല

മതപരമായ ആഘോഷങ്ങൾക്ക് ശേഷം വിശ്രമിക്കുന്ന പട്ടാളക്കാർക്ക് പണി കിട്ടുക ഇസ്രയേലിൽ നേരത്തെ ഉണ്ടായതാണ്. 1973ലെ യുദ്ധം അങ്ങനെയായിരുന്നു. ജൂതരുടെ പരിപാവനമായ യോം കിപ്പൂർ ദിനമായ ഒക്ടോബർ 6 ആയിരുന്നു അന്ന്. ചെയ്തുപോയ പാപങ്ങൾക്ക് ദൈവത്തോടും സഹജീവികളോടും മാപ്പിരക്കുന്ന നാൾ. അക്കൊല്ലം റംസാൻ മാസത്തിലെ പത്താംനാളും അന്നായിരുന്നു. ജൂതമതവിശ്വാസികൾ പ്രാർത്ഥനയിൽ മുഴുകുന്ന ദിനം. അവരെ സംബന്ധിച്ചിടത്തോളം മറ്റൊരു കാര്യത്തിനും അന്നു സ്ഥാനമില്ല. കടകമ്പോളങ്ങൾ തുറക്കുകയോ വാഹനങ്ങൾ ഓടുകയോ ചെയ്യില്ല. ഇത് അറബികൾ മുതലെടുത്തു.

അന്നുച്ചതിരിഞ്ഞ് നാലാം അറബ്-ഇസ്രയേൽ യുദ്ധം തുടങ്ങി. വടക്കുനിന്ന് സിറിയയും തെക്കുനിന്ന് ഈജിപ്തും ഇസ്രയേലിനെ ആക്രമിച്ചു. ഓപ്പറേഷൻ ബദർ എന്നായിരുന്നു ആ സൈനിക നടപടിക്കു പേര്. സൂയസ് കനാൽ കടന്ന് ഈജിപ്തിന്റെ സൈന്യം സീനായി മുനമ്പിലെത്തി. സിറിയൻ സേന ഗോലാൻ കുന്നുകളിൽ കടന്നുകയറി. അറബികളുമായുള്ള യുദ്ധത്തിൽ ഇസ്രയേലിന് ഈ വിധത്തിൽ തിരിച്ചടിയേൽക്കുന്നത് ആദ്യമായിട്ടായിരുന്നു. അതിർത്തികളിലെ പടയൊരുക്കം ഇസ്രയേൽ അറിഞ്ഞിരുന്നു. പക്ഷേ, പുണ്യമാസത്തിൽ ഒരാക്രമണം കരുതിയിരുന്നില്ല.

യോം കിപ്പൂറായതിനാൽ ഒട്ടേറെ പട്ടാളക്കാർ അവധിയിലായിരുന്നു. പടപ്പുറപ്പാടിന് ഇസ്രയേലിന് സമയംവേണ്ടിവന്നു. ആ നേരം ഈജിപ്തും സിറിയയും മുതലാക്കി. ഗോൾഡ മീയർ ആയിരുന്നു അന്ന് ഇസ്രയേൽ പ്രധാനമന്ത്രി. മുഷെ ഡയാൻ പ്രതിരോധമന്ത്രിയും. ആദ്യത്തെ പകപ്പുനീങ്ങിയപ്പോൾ ഇസ്രയേൽ തിരിച്ചടിച്ചു. അപ്പോഴേക്കും ഈജിപ്തിന്റെയും സിറിയയുടെയും സംയുക്ത ആക്രമണം മൂന്നുദിനം പിന്നിട്ടിരുന്നു.

ആദ്യ പകപ്പുമാറിയ ഇസ്രയേൽ തിരിച്ചടിച്ച് യുദ്ധം ജയിച്ചു. പക്ഷേ അന്നത്തെ ഇന്റലിജൻസ് വീഴ്ചയുടെ പേരിൽ, അയേൺ ലേഡി ഓഫ് ഇസ്രയേൽ എന്ന് അറിയപ്പെട്ടിരുന്ന ഗോൾഡ മീയറും, 67ലെ സിക്സ് ഡേ വാറിലെ ഹീറോയായ പ്രതിരോധമന്ത്രി മുഷെ ഡയാനും രാജിവെക്കേണ്ടി വന്നു. സമാനമായ അനുഭവമാണ് ഇപ്പോഴും ഉണ്ടായത്. അന്ന് ഒക്ടോബർ 6 ആണെങ്കിൽ ഇന്ന് ഒക്ടോബർ 7 ആണെന്ന് മാത്രം. ഇന്നും മതാഘോഷത്തിനുശേഷമുള്ള വിശ്രമം പ്രശ്നമായി. ഗോൾഡ മീയറുടെ അനുഭവം തന്നെയാണോ നെതന്യാഹുവിനെ കാത്തിരിക്കുന്നത്. കാത്തിരുന്ന് കാണാം.

വാൽക്കഷ്ണം: ഇസ്രയേൽ ആക്രമണത്തിൽ ഏറ്റവും കൂടുതൽ ഞെട്ടിയത് ഹമാസ് തന്നെയാണ് എന്നാണ് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഇത്ര എളുപ്പം ഇസ്രയേലിന്റെ പ്രതിരോധക്കോട്ട ഭേദിക്കാനെന്ന് അവർ കരുതിയല്ലത്രേ! സ്വയം കൊല്ലാനും ചാവാനും തയ്യാറായി ഒരു കൂട്ടർ ഒരുങ്ങി വന്നാൽ ലോകത്തിലെ ഒരു പ്രതിരോധ സംവിധാനത്തിനും തടുക്കാൻ കഴിയില്ല എന്നും ഈ സംഭവത്തിന്റെ ഗുണപാഠമായി പറയാം.