സ്രയേൽ എന്ന കൊച്ചുരാജ്യത്തിലേക്ക് അതിക്രമിച്ച് കയറി ആയിരത്തി അഞ്ചൂറോളം പേരെ വെടിവെച്ചും കഴുത്തറുത്തും കൊന്നും, ശവങ്ങളെ ചവുട്ടിയും തുപ്പിയും ആനന്ദനടനം ആടുമ്പോൾ ഹമാസ് എന്ന ഭീകര സംഘടന ഓർത്തില്ല, ഇത് തങ്ങളുടെ അവസാനത്തെ കളിയാണെന്ന്. 'ഇസ്രയേലിന്റെ പേൾ ഹാർബർ' എന്ന് വിളിക്കുന്ന ആ ഭീകരമായ ആക്രമണത്തിനുശേഷം തുടങ്ങിയ യുദ്ധം രണ്ടുമാസം പിന്നിടുകയാണ്. ഇതിന്റെ കണക്കുനോക്കുമ്പോൾ, ഹമാസിനും ഭീകരമായ തിരിച്ചടികൾ ആണ് ഉണ്ടായിരിക്കുന്നത്. തുരങ്കങ്ങൾ ഉണ്ടാക്കി പെരുച്ചാഴികളെപ്പോലെ കഴിയുന്ന, ഭീകരിൽ അയ്യായിരത്തോളം പേരെ ഇസ്രയേൽ സൈന്യം കൊന്നു കഴിഞ്ഞു. നൂറോളം ഹമാസ് കമാർഡർമാരും കാലപുരിപൂകി. പക്ഷേ യുദ്ധം ഇപ്പോഴോന്നും തീരില്ല എന്നാണ് ഇസ്രയേൽ പറയുന്നത്. കാരണം ഗസ്സക്കടിയിലെ 1,300ലേറെ വരുന്ന തുരങ്കങ്ങളിലാണ് ഹമാസ് ഒളിച്ചിരിക്കുന്നത്. ഇതിൽ 300 എണ്ണം മാത്രമേ ഇപ്പോൾ നിർവീര്യമാക്കിയിട്ടുള്ളൂ. ബാക്കിയുള്ളവ സമയമെടുത്ത് നിർവീര്യമാക്കി ഹമാസിനെ നിഷ്‌ക്കാസനം ചെയ്യുകയാണ് ഇസ്രയേലിന്റെ പദ്ധതി.

യുദ്ധം തുടങ്ങിയ സമയത്തുള്ള ആത്മവിശ്വാസമൊന്നും ഇപ്പോൾ ഇസ്മായിൽ ഹനിയ അടക്കമുള്ള ഹമാസ് നേതാക്കളുടെ മുഖത്തില്ല. സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമാക്കി ഉപയോഗിച്ച്, ഇരവാദമിറക്കുകയാണ് ഇവർ ചെയ്യുന്നത്. ഇസ്രയേൽ ആവട്ടെ അമേരിക്കൻ സഹായത്തോടെ ഹമാസിന്റെ സാമ്പത്തിക നാഡി മുറിച്ച് കളയാനുള്ള ശ്രമത്തിലാണ്. ഗൾഫ് രാജ്യങ്ങളിൽനിന്ന് ഹമാസ് പൂർണ്ണമായി ഒറ്റപ്പെട്ടു കഴിഞ്ഞു. ഖത്തർ ഒഴികെയുള്ള ഒരു രാജ്യവും ഇപ്പോൾ ഹമാസിന് പിന്തുണ കൊടുക്കുന്നില്ല. പിന്നെയുള്ളത് തുർക്കിയാണ്. ഇവിടെങ്ങളിൽനിന്നുള്ള സാമ്പത്തിക സഹായം ഇല്ലാതാക്കാൻ കഴിഞ്ഞാൽ ഹമാസ് തീരുമെന്നാണ് ഇസ്രയേലിന്റെ കണക്കുകൂട്ടൽ.

യുദ്ധത്തിന് രണ്ടുമാസം പിന്നിടുമ്പോൾ, ഇത് ഇപ്പോഴോന്നും അവസാനിക്കില്ല എന്ന സൂചന തന്നെയാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് നൽകുന്നത്. സമയമെടുത്ത് രണ്ടുവർഷത്തിനുള്ളിൽ മുഴുവൻ തുരങ്കങ്ങളും തകർത്ത് ഹമാസിന്റെ സമ്പൂർണ്ണ ഉന്മൂലനമാണ് അവർ ലക്ഷ്യമിടുന്നത്. ഗസ്സക്കാർക്ക് കിട്ടുന്ന പണം കൊണ്ട്, കോടീശ്വരന്മാരായി വിദേശരാജ്യങ്ങളിൽ സുഖിച്ച് കഴിയുന്ന ഹമാസ് നേതാക്കൾക്കും ഇതോടെ ചങ്കിടിപ്പ് ഏറുകയാണ്. ഏത് പാതാളത്തിൽപോയി ഒളിച്ചാലും, ഇസ്രയേൽ ചാര സംഘടനയായ മൊസാദ് തങ്ങൾക്ക് പിറകിൽ എത്തുമെന്ന് ഇവർക്ക് നന്നായി അറിയാം. ഏതുനിമിഷവും കൊല്ലപ്പെടാമെന്ന ഭീതിയിലാണ് ഇവർ കഴിയുന്നത്. ഹമാസ് മാത്രമല്ല ലബനോണിലെ ഹിസ്ബുല്ലയുടെയും കണ്ണിലെ കരടാണ് ഇസ്രയൽ. ഇതോടെ ഹിസ്ബുല്ലയുടെ സമ്പുർണ്ണ നാശവും അവർ ലക്ഷ്യമിടുന്നുണ്ട്. ഹിസ്ബുല്ല ഈ രീതിയിൽ ഇടപെട്ടാൽ ലെബനൻ തലസ്ഥാനമായ ബെയ്റൂട്ട് മറ്റൊരു ഗസ്സയാവുമെന്ന്, ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇസ്രയേലും രക്തം ചിന്തുന്നു

കേരളത്തിലെ മാധ്യമങ്ങൾ എഴുതുന്നതുപോലെ ഏകപക്ഷീയമായി ഇസ്രയേൽ ഗസ്സയിലേക്ക് ഒളിച്ച് കയറി കൊല്ലുക മാത്രമല്ല. ഇസ്രയേൽ സൈനികരും കൊല്ലപ്പെടുന്നുണ്ട്. ഗസ്സൻ േെമ്രടാ എന്ന് അറിയപ്പെടുന്നു, ആ നഗരത്തിനടയിൽ വ്യാപിച്ച് കിടക്കുന്ന തുരങ്കങ്ങൾക്കുള്ളിൽ, എലികളെപ്പോലെ കഴിയുന്ന ഹമാസിനെ പിടിക്കുന്ന എന്ന് പറയുന്നത് ഏറെ ശ്രമകരമായ ഒരു പ്രവർത്തിയാണ്. ജീവൻ പണയം വെച്ചുള്ള പോരാട്ടമാണ്.

ശരിക്കും രക്തം ചിന്തിയാണ് ഇസ്രയേൽ ഈ മേഖലയിൽ പിടിച്ചുനിൽക്കുന്നത്. ഹമാസ് ആയുധം താഴെവച്ചാൽ സമാധാനം വരും. എന്നാൽ ഇസ്രയേൽ ആയുധം താഴെവച്ചാൽ അവർ തീരും എന്നതാണ് അവസ്ഥ. ഹമാസ് യുദ്ധം തുടങ്ങിയതിനുശേഷം 1,147 പേർ ഇസ്രയേലിൽ കൊല്ലപ്പെട്ടു. ഇതിൽ 418പേർ സൈനികരാണ്. ഇങ്ങനെ കൊല്ലപ്പെടുന്ന സൈനികരിൽ ഇസ്രയേലിന്റെ നേതാക്കളുടെയൊക്കെ അടുത്ത ബന്ധുക്കൾ ഉണ്ട്. ഒരോ സൈനികന്റെ മൃതദേഹം വരുമ്പോളും വികാരവായ്‌പ്പോടെയാണ് ഇസ്രയേൽ വിടനൽകുന്നത്.

പക്ഷേ ഒക്ടോബർ 7ന്റെ ആക്രമണം അവസാനത്തേത് ആകണം എന്നാണ് ഒരോ ഇസ്രയേലിയും ആഗ്രഹിക്കുന്നത്. അതിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് അവർ. ഈ യുദ്ധം ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന് നിലനിൽപിന്റെ പ്രശ്‌നം കൂടിയാണ്. അതാണ് വെടിനിർത്തൽ കരാർ മരവിപ്പിച്ച് യുദ്ധം വീണ്ടും തുടങ്ങിവെച്ചിരിക്കുന്നത്. എന്നും റിപ്പോർട്ടുകൾ ഉണ്ട്. നെതന്യാഹുവിന് തലവേദന ആയിട്ടൊരു റിപ്പോർട്ട് ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഇസ്രയേലിൽ ഒക്ടോബർ 7ന് ഹമാസ് പ്രത്യാക്രമണം നടത്തുന്നതിന് ഒരു വർഷം മുമ്പേ ഇന്റലിജന്റ്‌സ് ഭരണകൂടത്തിന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയിരുന്നതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഈ മുന്നറിയിപ്പ് കിട്ടിയിട്ടും ഇസ്രയേൽ സർക്കാർ ഹമാസിന്റെ ഭീഷണി തള്ളിക്കളഞ്ഞുവെന്നാണ് റിപ്പോർട്ട്.

ഇത് നെതന്യാഹുവിന് വലിയ തിരിച്ചടി ആയിരിക്കുകയാണ്. ഹമാസിന്റെ ഡ്രോണുകളുടെ ഉപയോഗം, പാരാഗ്ലൈഡർമാരുടെ വിന്യാസം, എന്നിങ്ങനെയുള്ള കാര്യങ്ങൾ നേരത്തെ ഇസ്രയേൽ ഇന്റലിജന്റ്‌സ് മനസ്സിലാക്കിയിരുന്നെന്ന്, റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 'ജെറിക്കോ വാൾ' എന്ന് പേരിട്ടിരിക്കുന്ന ഇസ്രയേൽ ഇന്റലിജന്റ്‌സിന്റെ 40 ബ്ലൂപ്രിന്റ് പേജുകളും ഇമെയിലുകളും അഭിമുഖങ്ങളുമടങ്ങിയ വിവരങ്ങൾ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ന്യൂയോർക് ടൈംസ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. അതായത് അനാസ്ഥക്ക് കൊടുത്ത വിലയാണ് ഇസ്രയേൽ ഒക്ടോബർ 7ന് അനുഭവിച്ചത് എന്ന വ്യാപക വിമർശനം ഉയർന്നിരുന്നു. അതിനെ മറികടക്കാൻ ഇനി ഒരു സൂചിപ്പഴുതുപോലുമില്ലാതെ, ഹമാസിനെ മുടിക്കുക എന്നതാണ് ഇസ്രയേൽ ഉദ്ദേശിക്കുന്നത്.

ഹമാസ് നേതാക്കളും മരിച്ചുവീഴുന്നു

ഇസ്രയേൽ-ഹമാസ് യുദ്ധം രണ്ട് മാസം പിന്നിടുമ്പോൾ ഹമാസ് ഭീകരരെ വ്യാപകമായി കൊല്ലപ്പെടുകയാണ്. 5000ത്തോളം ഹമാസ് സൈനികരെ കൊന്നുവെന്നു, മുന്നൂറിലേറെ തുരങ്കങ്ങൾ തകർത്തുവെന്നും ഇസ്രയേൽ സൈന്യം പറയുന്നു. നൂറോളം ഹമാസിന്റെ കമാൻഡർമാർ തന്നെ കൊല്ലപ്പെട്ടുകഴിഞ്ഞു.

ഒക്ടോബർ 7 ന് ഇസ്രയേലിൽ സിവിലിയന്മാർക്കെതിരായ ആക്രമണത്തിന് നേതൃത്വം നൽകിയ നുഖ്ബ സ്‌പെഷ്യൽ ഫോഴ്‌സ് കമാൻഡർ അലി ഖാദി അടക്കമുള്ളവർ കൊല്ലപ്പെട്ടു കഴിഞ്ഞു. അതുപോലെഹമാസിന്റെ വിദേശകാര്യ മേധാവി അബു മമർ, നുഖ്ബ ഖാൻ യൂനിസ് അസോൾട്ട് കമ്പനിയുടെ കമാൻഡറായിരുന്ന ബിലാൽ അൽ കദ്ര, ഹമാസിന്റെ തെക്കൻ ഡിസ്ട്രിക്റ്റിന്റെ ദേശീയ സുരക്ഷാ കമാൻഡറായിരുന്ന മുതാസ് ഈദ്, ഹമാസ് ഗവൺമെന്റിന്റെ ധനമന്ത്രി ജോയ്ദ് അബു, വ്യോമസേനയുടെ തലവൻ മെറാദ് അബു, നോർത്തേൺ ബ്രിഗേഡിന്റെ ടാങ്ക് വേധ മിസൈൽ ശ്രേണിയുടെ തലവനായ ഇബ്രാഹിം അൽ സഹെർ, നോർത്ത് ഖാൻ യൂനിസ് ബറ്റാലിയൻ കമാൻഡർ തയ്സിർ മുബാഷർ, പീരങ്കിപ്പടയുടെ ഡെപ്യൂട്ടി കമാൻഡർ മുഹമ്മദ് കത്മാഷ്, മുതിർന്ന കമാൻഡർ അയ്മാൻ നോഫൽ, ഹമാസിന്റെ സ്ഥാപക അംഗം അബു ഒസാമ എന്നറിയപ്പെടുന്ന അബ്ദുൽ ഫത്താ ദുഃഖാ, അഖ്സ ബ്രിഗേഡിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു സമി അൽഹാസ്നി, ഹമാസിന്റെ ഉന്നത കമാൻഡർ മബെദു ഷലാബി തുടങ്ങിയ രണ്ടുഡസനിലേറെ പ്രമുഖരെയാണ് പ്രത്യാക്രമണത്തിൽ ഇസ്രയേൽ സേന കൊന്നൊടുക്കിയത്. നേതാക്കൾ കൊല്ലപ്പെടുന്നതോടെ ഹമാസ് ശരിക്കും ഞെട്ടിയിരിക്കയാണ്.

. ഇതിനിടെ ഗസ്സയിൽ ഹമാസ് ഭീകരരെ കൂട്ടത്തോടെ ഇസ്രയേൽ സൈന്യം പിടികൂടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പിടുകൂടിയവരെ തുണിയുരിഞ്ഞു മുട്ടിൽ നിരത്തി നിർത്തിയ ദൃശ്യങ്ങളും പുറത്തുവന്നു. ഇസ്രായൽ സേന പിടിച്ചപ്പോൾ, ആധുധം വെച്ചു കീഴ്ടങ്ങിയവർ ആണ് ഇതെന്നാണ് റിപ്പോർട്ടുകൾ. ഗസ്സയിലെ ഫലസ്തീൻ സ്‌ക്വയറിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തുവന്നത്. ഹമാസ് റാലികൾ പതിവായി നടക്കുന്ന പ്രദേശത്തു നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ഇസ്രയേൽ മാധ്യമങ്ങളാണ ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. അതേസമയം പുറത്തുവന്ന ദൃശ്യങ്ങളെ കുറിച്ച ഇസ്രയേൽ സൈന്യം വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. പിടിയിലായവരെ നഗ്നപരേഡ് നടത്തിയത് എന്തിനാണെന്നും ഇവർ ഹമാസ് തീവ്രവാദികളാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് വിവിധ ഇടങ്ങളിൽ നിന്നുള്ളവർ ഉന്നയിക്കുന്നത്.

അതേസമയം ഇസ്രയേൽ ഗസ്സയിൽ വ്യോമാക്രമണവും ശക്തമാക്കിയിട്ടുണ്ട്. കിഴക്കൻ നഗരമായ റാഫയിലും പരിസര പ്രദേശങ്ങളിലുമാണ് ഇസ്രയേൽ ബോംബാക്രമണം നടത്തിയത്. യുദ്ധം രണ്ട് മാസം പിന്നിടുന്നതിനിടെ ഹമാസിന്റെ പകുതിയോളം ബറ്റാലിയൻ കമാൻഡർമാരെ സൈന്യം വധിച്ചുവെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.ഇനിയൊരിക്കലും ഗസ്സ ഇസ്രയേലിന് ഒരു ഭീഷണിയാകില്ലെന്നും നെതന്യാഹു പറഞ്ഞു. എന്നാൽ കൊല്ലപ്പെട്ട ഹമാസ് കമാൻഡർമാരുടെ പേരുകൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി.

'ഇസ്രയേലിനെ നശിപ്പിക്കുകയായിരുന്നു ഹമാസിന്റെ ലക്ഷ്യം. എന്നാൽ, ഇപ്പോൾ ഹമാസിനെ ഞങ്ങൾ നശിപ്പിക്കുകയാണ്. ഇനിയൊരിക്കലും ഗസ്സ ഇസ്രയേലിന് ഒരു ഭീഷണിയാകില്ല. ഭീകരതയെ പിന്തുണയ്ക്കാനോ സാമ്പത്തികമായി സഹായിക്കാനോ ഭീകരത പഠിപ്പിക്കാനോ ഒരാളും ഉണ്ടാകില്ല', നെതന്യാഹു പറഞ്ഞു.'ഞങ്ങൾ ശരിയായ പാതയിലാണ്. 110 ബന്ദികളെ തിരികെയെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങളുടെ പൗരന്മാരെ കൊല്ലുകയും തട്ടിക്കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയും കത്തിക്കുകയുമെല്ലാം ചെയ്തവരോടുള്ള കണക്ക് ഞങ്ങൾ തീർക്കുകയാണ്. ബന്ദികളെ സുരക്ഷിതമായി തിരികെയെത്തിക്കാൻ സഹായിക്കുന്ന വിവരങ്ങൾ ലഭ്യമാക്കാനായി വലിയൊരു 'ഇന്റലിജൻസ് ഫാക്ടറി' 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്',- നെതന്യാഹു പറഞ്ഞു.

ഗസ്സയിൽ കൊല്ലപ്പെട്ടത് 17,177പേർ!

ഗസ്സയുടെ ജനങ്ങളുടെ ദുരിതം സമാനതകൾ ഇല്ലാത്തതാണ്. ഗസ്സയിലെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് 17,177പേർ ഇതുവെരെ ഈ കൊച്ചുനാട്ടിൽ രണ്ടുമാസത്തിനുള്ളിൽ കൊല്ലപ്പെട്ടു കഴിഞ്ഞു. ഇതിൽ 7,112 പേർ കുട്ടികളാണ്. അയ്യായിരത്തോളം സ്ത്രീകളും. 46,000പേർക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കിലും സംഘർഷം തുടരുന്നുണ്ട്. 266പേർ അവിടെ കൊല്ലപ്പെട്ടു കഴിഞ്ഞു. 3,365 പേർക്ക് പരിക്കേറ്റതായും, ദ ജറുസലേം പോസ്റ്റ് , ഫലസ്തീൻ അതോരിറ്റിയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.

സ്ത്രീകളെയും കുട്ടികളെയും ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്നതുകൊണ്ടാണ് മരണ നിരക്ക് ഇത്രയേറെ കൂടുന്നത്. ഗസ്സയിലെ തുരങ്കങ്ങൾ പലതും അവസാനിക്കുന്നത് ജനവാസ കേന്ദ്രങ്ങളിലാണ്. വീടുകൾക്ക് ഉള്ളിലും, സ്‌കുളുകൾക്ക് ഉള്ളിലും, ആശുപത്രികൾക്കുള്ളിലും തുരങ്കങ്ങൾ ആണ്. ഈ തുരങ്കങ്ങളിൽ പതിയിരുന്നാണ് ഇവർ റോക്കറ്റ് വിടുന്നത്. അവിടെക്ക് ഇസ്രയേലിന്റെ ഒട്ടോ സെൻസറുകളിൽനിന്നുള്ള റോക്കറ്റ് പതിക്കുമ്പോൾ, തകരുക ഒരു ആശുപത്രിയോ, സ്‌കൂളോ ആയിരിക്കും. ആശുപത്രികൾ ആക്രമിച്ചാൽ ലോക മനസാക്ഷി തങ്ങൾക്ക് എതിരെ തിരിയുമെന്ന് നന്നായി അറിയുന്നവരാണ് ഇസ്രയേൽ. പക്ഷേ ഹമാസ് സ്ത്രീകളെയും കുട്ടികളെയം വച്ചാണ് എപ്പോളും പരിച ഒരുക്കുന്നത്.

ഇസ്രയേൽ ഹമാസ് യുദ്ധം രണ്ട് മാസം പിന്നിടുമ്പോഴും ഇടയ്ക്കൊരു താൽക്കാലിക വെടിനിർത്തൽ ഉണ്ടായതൊഴിച്ചാൽ രക്തച്ചൊരിച്ചിൽ ഇപ്പോഴും തുടരുകയാണ്. ഇസ്രയേൽ വർഷിക്കുന്ന ബോംബുകളിൽനിന്നും വെടിയുണ്ടകളിൽനിന്നും ഒഴിയാനിടമില്ലാതെ ഭീതിയിൽ കഴിയുകയാണ് ഫലസ്തീൻ ജനത. തെക്കൻ ഗസ്സയിലെ രണ്ടാമത്തെ വലിയ നഗരമായ ഖാൻ യൂനിസിൽ കനത്ത ബോംബാക്രമണവും ഷെല്ലിങ്ങും കഴിഞ്ഞ രാത്രി മുഴുവൻ നീണ്ടു നിന്നിരുന്നു.

ഇന്നലെയും നഗരഹൃദയത്തിൽ ഇസ്രയേൽ സൈന്യവും ഹമാസും തമ്മിൽ കനത്ത വെടിവയ്പുമുണ്ടായതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർ്ട്ട് ചെയ്തത്. ബോംബാക്രമണങ്ങളിൽ പരുക്കേറ്റ നൂറുകണക്കിനു സ്ത്രീകളെയും കുട്ടികളെയുംകൊണ്ട് ആശുപത്രികൾ നിറഞ്ഞു. ഗസ്സയിലെങ്ങും യുഎൻ സഹായവിതരണവും സ്തംഭിച്ചു. വടക്കൻ ഗസ്സ ഏതാണ്ടു പൂർണമായി ഇസ്രയേൽ സൈന്യം പിടിച്ചെടുത്തു. ഒരാഴ്ചത്തെ വെടിനിർത്തലിനുശേഷമാണു തെക്കൻ ഗസ്സയിലേക്കും ഇസ്രയേൽ സൈന്യം കടന്നുചെന്നത്.

വടക്കൻ ഗസ്സയിൽനിന്നു പലായനം ചെയ്ത ലക്ഷക്കണക്കിനാളുകൾ അഭയം തേടിയ ഖാൻ യൂനിസും യുദ്ധഭൂമിയായതോടെ ഒഴിഞ്ഞുപോകാനിടമില്ലാത്ത ദുരവസ്ഥയിലാണു ജനങ്ങൾ. അൽ മവാസി എന്ന ചെറുപട്ടണത്തിലേക്കു മാറാനാണ് ഇസ്രയേൽ സൈന്യം നിർദ്ദേശിച്ചത്. ഒരു വിമാനത്താവളത്തെക്കാൾ ചെറുതാണ് ഈ പ്രദേശം.ഗസ്സയിലെ പ്രതിസന്ധി അനുനിമിഷം വഷളാകുകയാണെന്നു ലോകാരോഗ്യസംഘടന അറിയിച്ചു. റഫായിൽ അടക്കം എല്ലായിടത്തും കനത്ത

ബോംബാക്രമണമാണു നടക്കുന്നതെന്നു സംഘടനയുടെ ഗസ്സ പ്രതിനിധി റിച്ചഡ് പീപർകോൺ പറഞ്ഞു. ഗസ്സയിൽ ഇസ്രയേൽ ഉപരോധം മൂലം വൈദ്യുതി, ഇന്ധന വിതരണം നിലച്ചിട്ടു 2 മാസം പിന്നിടുന്നു. 80 ശതമാനം വീടുകൾ തകർന്നു. മിക്ക ആശുപത്രികളും അടച്ചു. ശേഷിക്കുന്ന ആശുപത്രികളുടെ പ്രവർത്തനവും നിലച്ച സ്ഥിതിയാണ്. നിലവിൽ റഫാ മാത്രമാണു യുഎൻ സഹായവിതരണമുള്ള ഏക സ്ഥലം. എന്നാൽ, അഭയാർഥികളെക്കൊണ്ടു നിറഞ്ഞതിനാൽ അവിടേക്ക് എത്താൻ പറ്റാത്ത സ്ഥിതിയാണ്.

ഇസ്രയേലിന്റെ ബോംബ് വർഷം നിലയ്ക്കാത്ത ഗസ്സയിൽ പലായനം ചെയ്യുന്ന ജനങ്ങൾക്ക് കഴിയാൻ സുരക്ഷിതമേഖലകൾ സൃഷ്ടിക്കുക സാധ്യമല്ലെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. ആക്രമണം നടക്കുന്ന വടക്കുഭാഗം വിട്ടോടിയ ജനങ്ങളുൾപ്പെടെ കഴിയുന്ന തെക്കൻഗസ്സയിലും ഇസ്രയേൽ യുദ്ധത്തിനിറങ്ങിയ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന.

ഇവിടെ യുദ്ധം നടക്കുന്ന പ്രദേശങ്ങളിൽനിന്ന് കൂടുതൽ തെക്കോട്ടേക്ക് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ജനങ്ങളോട് നിർദ്ദേശിച്ചിരുന്നു. ''സുരക്ഷിതമേഖലയെന്ന് ഇസ്രയേൽ പറയുന്ന ഇടങ്ങൾ അങ്ങനെയല്ല. അവ സൃഷ്ടിക്കുകയെന്നത് ശാസ്ത്രീയമോ യുക്തിസഹമോ സാധ്യമോ ആയ കാര്യമല്ല. ശരിയായ സുരക്ഷിതമേഖലയാകണമെങ്കിൽ അവിടെ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മരുന്നും പാർപ്പിടവും ഉറപ്പുവരുത്താൻ കഴിയണം. സുരക്ഷിതമെന്ന് ഇസ്രയേൽ പറയുന്ന ഇടങ്ങളിൽ അവയൊന്നും ഉറപ്പാക്കാൻ കഴിയില്ല'' -യൂണിസെഫ് വക്താവ് ജെയിംസ് എൽഡർ പറഞ്ഞു. 400 പേർക്ക് ഉപയോഗിക്കാൻ ഒരു ശൗചാലയം എന്ന അവസ്ഥയാണ് ഗസ്സയിലെന്നും അദ്ദേഹം പറഞ്ഞു.

തുരങ്കയുദ്ധം രണ്ടുവർഷം എടുക്കും

ഉടനെയൊന്നും ഗസ്സ യുദ്ധം അവസാനിക്കില്ല എന്നാണ് ഐഡിഎഫ് വൃത്തക്കളെ ഉദ്ധരിച്ച് ദ ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. കാരണം ഈ യുദ്ധത്തിന്റെ നല്ലൊരു ശതമാനവും നടക്കുക ഭൂഗർഭ തുരങ്കങ്ങളിലാണ്. ഗസ്സയിലെ മുഴുവൻ തുരങ്കങ്ങളും നിർവീര്യമാക്കാൻ ഏതാണ്ട് രണ്ടുവർഷത്തോളം എടുക്കുമെന്നാണ് കണക്ക്.

കരയിലും, കടലിലും, ആകാശത്തുമുള്ള യുദ്ധങ്ങൾ നാം കേട്ടിട്ടുണ്ട്. പക്ഷേ ഇത് ഭൂമിക്കടിയിലാണ്. ഗസ്സയിൽ ഭൂമിയിൽനിന്ന് 40-50 മീറ്റർ താഴ്ചയിൽ നിർമ്മിച്ച ആറടി ഉയരുവും രണ്ടരയടി വീതിയുമുള്ള 1,300 തുരങ്കങ്ങളാണ് ഹമാസിന്റെ തുറുപ്പുചീട്ട്. നാലുമാസം വരെ കഴിയാനുള്ള മരുന്നും, ഭക്ഷണവും, ഓക്സിജൻ സിലണ്ടറുകളും, ബാത്ത്റുമും, ഡൈനിക്ക് എരിയയുമൊക്കെയുള്ള ആധുനിക ഹൈട്ടക്ക് തുരങ്കങ്ങളും ഇതിലുണ്ട്. അതിൽ ഒളിച്ചിരുന്ന് എലികളെപ്പോലെയാണ് ഹമാസിന്റെ പ്രവർത്തനം.വെറും 375 സ്‌ക്വയർ കിലോമീറ്റർ മാത്രമുള്ള ഒരു പ്രദേശത്താണ്, 500 കിലോമീറ്റർ നീളംവരുന്ന ഭൂർഗഭ തുരമള്ളത്. ഡൽഹി മെട്രോക്ക്പോലും 392 കലോമീറ്ററാണ് നീളം. ഡൽഹി ഗസ്സയേക്കാൾ നാലിരട്ടി വിസ്തൃതമായ സ്ഥലമാണ്. അപ്പോൾ ഗസ്സമുനമ്പിലെ ടണൽ ശൃംഖല എത്ര വിപുലമാണെന്നാണ് ഊഹിക്കാവുന്നതേയുള്ളൂ.

ഇതിൽ ഇസ്രയേൽ അതിർത്തിയിലുള്ള്ള ഈ തുരങ്കങ്ങളിൽ അവർ റോക്കറ്റുകളും ഒളിപ്പിച്ചിട്ടുണ്ട്. ഒന്നും രണ്ടുമല്ല 1,500 റോക്കറ്റ് വിക്ഷേപണത്തറകളും ഇവിടെയുണ്ട്. അതുകൊണ്ടാണ് ഒറ്റയടിക്ക് 5,000 റോക്കറ്റുകൾ വിട്ട്, ഇസ്രയേലിന്റെ പേരുകേട്ട അയൺ ഡോമിനെപ്പോലും തകർക്കാൻ ഇവർക്ക് കഴിഞ്ഞത്. ഈ തുരങ്കങ്ങളിൽപോയി ഹമാസിനെ പിടിക്കുക എന്നത്, അപകടരമായ ഒരു ടാസ്‌ക്ക് കൂടിയാണെന്നാണ് ലോക മാധ്യമങ്ങൾ റയുന്നത്. കരയുദ്ധംപോലെ അല്ല ഭൂഗർഭയുദ്ധം. ടണലുകളിൽ എലികളെപ്പോലെ ജീവിക്കാൻ പഠിച്ച ഹമാസിന് തന്നെയാണ് അവിടെ മുൻതൂക്കം കിട്ടുക. മാത്രമല്ല ഒക്ടോബർ 7ന് ഹമാസ് ബന്ദിയാക്കിയ 250ഓളം ഇസ്രയേൽ പൗരന്മാരും ഈ ടണലിൽ ഉണ്ട്. അവരുടെ ജീവൻവെച്ച് ഹമാസ് വിലപേശുമെന്ന് ഉറപ്പാണ്. പക്ഷേ ഇസ്രയേൽ രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കയാണ്. എത്രസമയം എടുത്താലും ഈ തുരങ്കങ്ങൾ തുടച്ചുനീക്കാനാണ് യൂഹൂദ സൈന്യത്തിന്റെ നീക്കം. ഇതോടെ ലോകം മറ്റൊരു അത്യപൂർവയുദ്ധത്തിലേക്ക് നീങ്ങിയിരിക്കയാണ്.

ഈ തുരങ്കയുദ്ധത്തിൽ ഇസ്രയേലിന്റെ ലോകോത്തരം എന്ന് കരുതുന്ന സേന പതറും എന്നാണ് പൊതുവെ കരുതുന്നത്. കാരണം ചിരപരിചിതർ ആല്ലാത്തവരുടെ സമനില തെറ്റിക്കുന്നതാണ് തുരങ്കത്തിന്റെ നെറ്റ്‌വർക്ക്. ആറടി പൊക്കം, മൂന്നടി വീതിയുമുള്ള ഈ ടണലിൽ കയറിയാൽ സ്ഥല ജല വിഭ്രാന്തി പിടിപെടും. നടക്കുമ്പോൾ തിരിയാൻ പറ്റില്ല. ഓക്സിജൻ കുറവായിരുക്കും. ശബ്ദത്തിന്റെ വിന്യാസം വേറെയാണ്. കുറേക്കഴിയുമ്പാൾ നമ്മുടെ മസ്തിഷ്‌ക്കം വിഭ്രാന്തമായ ഒരു അവസ്ഥയിൽ ആവും. താൻ എവിടെയാണൊ എന്താണോ ഒന്നും അറിയാൻ കഴിയില്ല. മൊത്തം കിളിപോവും. എവിടെനിന്നാണ് കയറിയത്, എവിടെ ഇറങ്ങണം എന്നൊന്നും അറിയാതെ ആവും. വിസ്മയവും, വിഭ്രാന്തിയും ഉണ്ടാക്കുന്ന ചുറ്റലുളകും ചുരുളുകളമാണ് പല ടണലുകളലും. പക്ഷേ ഹമാസിന് ഇവയൊക്കെ പരിചിതമാണ്.

ഈ മനഃശാസ്ത്ര യുദ്ധം ജയിക്കാനാണ് ഇസ്രയേൽ വീസെൽസ് അഥവാ ചെങ്കീരികൾ എന്ന് വിളിക്കുന്ന പ്രത്യേക സേനയെ ഉണ്ടാക്കിയത്്. 2004 മുതൽ തുരങ്കത്തിൽ ഇറങ്ങാനായി ഇവർക്ക് കഠിന പരിശീലനമാണ്. പൊതുവെ അന്തർ മുഖരായ ആളുകളെയാണ് ചെങ്കീരിയാക്കാൻ എടുക്കുന്നത്. സമൂഹത്തിൽനിന്ന് വേറിട്ട് നിൽക്കുന്നവർ, ഏകാന്തജീവിതം ആഗ്രഹിക്കുന്നവർ എന്നിവർക്ക് പേടിയും, ശ്വാസമുട്ടലും ഉണ്ടാവില്ല എന്നാണ് വിലയിരുത്തൽ.

ഇപ്പോൾ തന്നെ തുരങ്കങ്ങൾ കണ്ടെത്താനുള്ള നിരവധി ടെക്ക്നോളജികൾ ഇസ്രയേലിന്റെ പക്കലുണ്ട്. ഡ്രോൺ ഉപയോഗിച്ച് സ്‌കാനിങ്ങും, റോബോർട്ടിനെ കടത്തിവിടലുമൊക്കെയാണ് ഇതിൽ പ്രധാനം. അകത്തെ ജീവന്റെ സാന്നിധ്യം അറിയുവാൻ വരെ ഇങ്ങനെ കഴിയും. മണ്ണിന്റെ ഘടന പരിശോധിച്ചും മറ്റും തുരങ്കങ്ങൾ ഏറെക്കുറെ കണ്ടെത്താൻ കഴിയും. മൊസാദിന്റെ ചാര വലയം നൽകുന്ന ഇന്റലിജൻസും നിർണ്ണായകമാണ്. ഇപ്പോൾ അമേരിക്ക നിർമ്മിച്ച, 50 അടി ഭൂമി തുരന്ന്പോയി പൊട്ടുന്ന ബോംബും ടണൽ യുദ്ധത്തിൽ നിർണ്ണായകമാവും.. അങ്ങനെ ആവുമ്പോൾ സിവിലിയൻ മരണങ്ങൾ പരമാവധി ഒഴിവാക്കാം.

അതുപോലെ ആകാശത്തുനിന്ന് തുരങ്കം കണ്ടെത്തി പ്രത്യേക ബോംബിട്ട് അതിൽനിന്ന് വരുന്ന ജെല്ലികൊണ്ട് തുരങ്കങ്ങൾ അടച്ചുകളയുന്ന ടെക്ക്നോളജിയും ഇസ്രയേലിന്റെ പക്കലുണ്ട്. വെള്ളം അടിച്ച് കയറ്റി നശിപ്പിക്കുക, വിഷവാതക പ്രയോഗം തുടങ്ങിയ വിവിധ പദ്ധതികൾ വേറയുമുണ്ട്.

പക്ഷേ ഇതിൽനിന്നെല്ലാം ഇസ്രയേലിനെ വിലക്കുന്നത്, ബന്ദികളാണ്. ഒരു ബന്ദിക്കുവേണ്ടി ആയിരം പേരെ വരെ വിട്ടുകൊടുത്ത രാജ്യമാണിത്. തങ്ങളുടെ പൗരന്റെ ജീവനുവേണ്ടി ഏതറ്റംവരെയും പോകുന്ന രാജ്യം. അവർ 250ഓളം ജീവനുകൾ എഴുതിത്ത്ത്ത്ത്തള്ളുമോ എന്നതാണ് ചോദ്യം. ഇതുകൊണ്ട് ഒക്കെ തന്നെയാണ് ഗസ്സ യുദ്ധം രണ്ടുവർഷമെങ്കിലും നീളുമെന്ന് പൊതുവെ കരുതുന്നത്. അപ്പോഴേക്കും ഗസ്സയിലെ 22 ലക്ഷംപേരിൽ എത്രപേർ ബാക്കിയുണ്ടാവുമെന്നും കണ്ടറിയണം.

ബെയ്റൂട്ട് മറ്റൊരു ഗസ്സയാവുമോ?

പശ്ചിമേഷ്യൻ പ്രതിസന്ധി രണ്ടുമാസം പിന്നിടുമ്പോളുള്ള ഭീതി ഈ യുദ്ധം ലെബനോണിലേക്ക് വ്യാപിക്കുമോ എന്നതാണെന്ന്, വാഷിങ്്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ലബനോണിലെ ഹിസ്ബുല്ല ഇസ്രയേലിനെതിരെ യുദ്ധത്തിലാണ്.
ഇസ്രയേൽ, -ഫലസ്തീൻ സഘർത്തിൽ പൂർണ്ണമായി ഇടപെടാനാണ്, ഹിസ്ബുള്ള ശ്രമിക്കുന്നതെങ്കിൽ, ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിനെ മറ്റൊരു ഗസ്സയാക്കി മാറ്റുമെന്ന് കഴിഞ്ഞദിവസം ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. ലെബനിൽനിന്നുള്ള ഗൈഡഡ് മിസൈൽ ആക്രമണത്തിൽ ഇാ്രയേലി സിവിലിൻ കൊല്ലപ്പെട്ടതിനെ തുടർന്നാണ് നെഹത്യാഹുവിന്റെ പ്രതികരണം.

ഇസ്രയേൽ അതിർത്തിക്കടുത്തെ സൈനികരെ സന്ദർശിച്ചുകൊണ്ട് സംസാരിക്കയായിരുന്നു നെതന്യാഹു. ഹിസ്ബുല്ല ഒരു സമ്പുർണ്ണയുദ്ധം ആരംഭിക്കാൻ തുടങ്ങിയാൽ, ബെയ്റൂട്ടും തെക്കൻ ലെബനനും ഗസ്സയിൽനിന്ന് വളരെ അകലെ അല്ല എന്ന് നെതനാഹ്യു ഓർമ്മിപ്പിച്ചു. വടക്കൻ ഇസ്രയേലിൽ ലെബനനിലെ ഷിയ ഗ്രൂപ്പ് പ്രവർത്തകർ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേ തുടർന്ന് തങ്ങളുടെ ജെറ്റുകൾ,ഹിസ്ബുൾ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഹിസ്ബുല്ല നടത്തിയ 11 ആക്രമണങ്ങളിൽ ഒന്ന് ലെബനൻ അതിർത്തിയോട് ചേർന്നുള്ള ഗ്രാമാമായ മമാട്ടിലെ നിവാസികളെ ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി.ഗൈഡഡ് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടയാൾ ഒരു കർഷകനാണെന്നും അദ്ദേഹത്തിന് 60 വയസ്സുണ്ടെന്നും ഇസ്രയേൽ അറിയിച്ചിട്ടുണ്ട്.

ഒരു വശത്ത് ഗസ്സ മുനമ്പിൽ നിന്ന് ഹമാസിനെയും മറുവശത്ത് ലെബനനിൽ നിന്ന് ഹിസ്ബുള്ളയും തുരത്തുകയാണ് ഇസ്രയേലിന്റെ പദ്ധതി. യഹൂദ സേനയുടെ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലക്കും കനത്ത നാശം ഉണ്ടായിട്ടുണ്ട്. ഹിസ്ബുല്ലയുടെ ഒരു ഡസനിലേറെ കമാൻഡർമാരാണ് ഇതുവരെ കൊല്ലപ്പെട്ടത്. തങ്ങളുടെ കമാൻഡർമാർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സമ്മതിച്ചിട്ടുണ്ട്. അബ്ബാസ് ഫൈസി, മുഹമ്മദ് അഹമ്മദ് കാസിം എന്നിവർ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരണം. ഇതിന് പ്രതികാര നടപടിയെന്ന് വിശേഷിപ്പിച്ചുള്ള വീഡിയോയും ഹിസ്ബുള്ള പുറത്തുവിട്ടിട്ടുണ്ട്. ഇസ്രയേലിലെ മെതുല നഗരത്തിൽ കാർ ലക്ഷ്യമാക്കി ഹിസ്ബുള്ള മിസൈൽ തൊടുത്തുവിടുന്നതാണ് ദൃശ്യം.

നേരത്തെ യുദ്ധത്തിൽ പങ്കെടുക്കാൻ ലെബനനിലെ സായുധ ഗ്രൂപ്പായ ഹിസ്ബുള്ള തീരുമാനിച്ചിട്ടുണ്ടെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞിരുന്നു. ഇസ്രയേലിനെതിരായ ആക്രമണങ്ങൾക്ക് അവർ കനത്ത വില നൽകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 2006-ൽ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയും ഇസ്രയേലും തമ്മിൽ സംഘർഷം തുടങ്ങിയതിന് ശേഷം അതിർത്തിയിലെ ഏറ്റവും മാരകമായ പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്.

നേരത്തെ വടക്കൻ മുനമ്പിൽ യുദ്ധം ചെയ്യാൻ ഇസ്രയേലിന് താൽപ്പര്യമില്ലെന്നും ഹിസ്ബുള്ള സ്വയം സംയമനം പാലിക്കുകയാണെങ്കിൽ ഇസ്രയേലും അതിർത്തിയിലെ സ്ഥിതിഗതികൾ അതേപടി നിലനിർത്തുമെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു. പക്ഷേ ഇപ്പോൾ കാര്യങ്ങൾ മാറിമറിയുകയാണ്. ഇസ്രയേൽ തങ്ങളുടെ സുരക്ഷമാത്രമാണ് ഇപ്പോൾ നോക്കുന്നത്. ഇനിയും തങ്ങളെ ആക്രമിച്ചാൽ, ഹിസ്ബുല്ലയെ തീർക്കാൻ വേണ്ടി ലബനനെ ആക്രമിക്കാൻ പോലും മടിക്കില്ല എന്ന സന്ദേശമാണ് ഇസ്രയേൽ പ്രധാനമന്ത്രി ഒടുവിൽ നൽകുന്നത്.

വാൽക്കഷ്ണം: ഇസ്രയേൽ- ഹമാസ് യുദ്ധം രണ്ടുമാസം പിന്നിട്ടതോടെ ഒരുകാര്യം വ്യക്തമായിരിക്കയാണ്. അറബ് രാഷ്ട്രങ്ങൾക്കിടയിൽപോലും ഹമാസ് ഒറ്റപ്പെട്ടിരിക്കയാണ്. ഇപ്പോൾ ഹമാസിന് ലോകത്തിൽ ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള പ്രദേശം കേരളം ആണെന്നത് അതിശയോക്തിയല്ല. ഇവിടെ യുഡിഎഫും,എൽഡിഎഫും, എസ്ഡിപിഐയും, സമസ്തയുമെല്ലാം ഒരുപോലെ ഹമാസ് അനുകൂലികൾ ആണെന്നത് ഞെട്ടിപ്പിക്കുന്നതാണ്.