ക്കഴിഞ്ഞ ഒക്ടോബർ 7ന് ഇസ്രയേലിലേക്ക് കടന്നുകയറി, 1,500ഓളം പേരെ വെടിവെച്ചും കഴുത്തറുത്തും കൊന്ന് മൃതദേഹത്തിൽ തുപ്പിയും ചവുട്ടിയും അർമാദിക്കുമ്പോൾ ഹമാസ് ഒരിക്കലും ഓർക്കാത്ത കാര്യമാണ്, ഇത് പശ്ചിമേഷ്യയെ മുഴുവനായും, ലോകത്തെ ഭാഗികമായും ബാധിക്കുന്ന ഒരു വലിയ യുദ്ധത്തിലേക്കുള്ള വാതിൽ തുറക്കലാണെന്ന്. അതിനുശേഷം ഇസ്രയേൽ ഗസ്സയിൽ നടത്തിയ സമാനതകൾ ഇല്ലാത്ത ആക്രമണം ഇപ്പോഴും തുടരുകയാണ്. ഗസ്സൻ മെട്രോ എന്ന് അറിയപ്പെടുന്ന, ആ നഗരത്തിന് കീഴിൽ എണ്ണൂറ് കിലോമീറ്ററോളം നീളത്തിൽ ചിലന്തിവലപോലെ വ്യാപിച്ചിരിക്കുന്ന, 1,300 തുരങ്കങ്ങളും പൂർണ്ണമായി നിർവീര്യമാക്കി ഹമാസിനെ തുരത്തിയാൽ മാത്രമേ, ഈ യുദ്ധം അവസാനിക്കൂ എന്നാണ് ഇസ്രയേൽ പറയുന്നത്. തുരങ്കങ്ങളിലേക്ക് കടൽവെള്ളം അടിച്ചുകൊണ്ട് നിർവീര്യമാക്കാനുള്ള നീക്കമാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് ഇപ്പോൾ നടത്തുന്നത്. നൂറോളം കമാൻഡർമാർ ഉൾപ്പടെ അയ്യായിരത്തോളം ഹമാസ് ഭീകരർ ഇതുവരെ കൊല്ലപ്പെട്ടു കഴിഞ്ഞു. പക്ഷേ നാൽപ്പതിനായിരിത്തോളം വരുന്ന സൈനികർ ഉള്ള ഹമാസിന്റെ വേരറുക്കാനുള്ള ശ്രമത്തിലാണ് ഇസ്രയേൽ.

ഈ യുദ്ധം എങ്ങനെയെങ്കിലും അവസാനിക്കണമെന്ന് ലോക രാഷ്ട്രങ്ങൾ ആഗ്രഹിക്കുമ്പോൾ, അതിന് വിപരീതമായ അനുഭവങ്ങളാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഗസ്സയിൽ ഒതുങ്ങിനിന്ന യുദ്ധം ഇപ്പോൾ ലെബനോൻ, സിറിയ, യമൻ എന്നിവങ്ങളിലേക്ക് കൂടി വ്യാപിക്കുന്ന, ഒരു സെമി വേൾഡ്വാർ ആവുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. കാരണം, യമനിലെ ഹൂതി വിമതർ ഇസ്രയേലിനെ തീർത്തെ അടങ്ങൂ എന്ന കലിപ്പിലാണ്. അവർ ഇസ്രയേൽ കൊടിയുള്ള കപ്പലുകളെ നിരന്തരം ആക്രമിക്കയാണ്. ഇസ്രയേലിന്റെ തൊട്ടടുത്തുള്ള ലബനോണിലെ ഹിസ്ബുല്ലയാവട്ടെ, ഈ കൊച്ച് യഹൂദ രാഷ്ട്രവുമായി നേരത്തെ തന്നെ യുദ്ധത്തിലാണ്. ഇസ്രയേൽ, -ഫലസ്തീൻ സഘർത്തിൽ പൂർണ്ണമായി ഇടപെടാനാണ്, ഹിസ്ബുള്ള ശ്രമിക്കുന്നതെങ്കിൽ, ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിനെ മറ്റൊരു ഗസ്സയാക്കി മാറ്റുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. അതുപോലെ തന്നെ സിറിയയിലെ ഷിയാ സഖ്യവും ഇസ്രയേലിനെ എത് രീതിയിലും തകർക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കയാണ്.

തങ്ങളുടെ പൗരന്മ്മാരുടെ സുരക്ഷക്കായി ഏത് അറ്റംവരെയും പോകുന്ന രാജ്യമാണ് ഇസ്രയേൽ. അതുകൊണ്ടുതന്നെ അവരുടെ ലോകോത്തര ചാര സംഘടനയായ മൊസാദിന്റെ കണ്ണുകൾ ഇനി ഈ രാജ്യങ്ങളിൽ ഉണ്ടാവുമെന്ന് ഉറപ്പ്. ഇതിൽ യമനിലെ ഹൂതികൾ ആണ് കപ്പൽ ആക്രമണങ്ങളിലുടെ ഇപ്പോൾ കടുത്ത ഭീഷണി ഉയർത്തുന്നത്.

ഇസ്രയേൽ കപ്പലുകൾ ആക്രമിക്കപ്പെടുമ്പോൾ

നേരത്തെ തന്നെ കടുത്ത ഇസ്രയേൽ വിരുദ്ധരാണ് യമനിലെ ഹൂതികൾ. സൗദി അറേബ്യയെ ഏറെ കാലം വട്ടംകറക്കിയ യമനിലെ ഗോത്ര വിഭാഗമാണിത്. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഷിയാ വിഭാഗക്കാരായ ഹൂതികളെ പൂർണമായും പരാജയപ്പെടുത്താൻ അറബ് സഖ്യേസനക്ക് സാധിച്ചിരുന്നില്ല. സൗദിയുമായി സമാധാനത്തിന്റെ പാതയിലെത്തിയ ശേഷമാണ് ഹൂതികൾ ഇസ്രയേലിനെതിരെ തിരിഞ്ഞിരിക്കുന്നത്.

വടക്കൻ യെമനിൽ നിന്ന് 1,600 കിലോമീറ്റർ (960 മൈൽ) ദൂരെയുള്ള ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്ത മിക്ക മിസൈലുകളും ഇസ്രയേലി വ്യോമ പ്രതിരോധത്താൽ തടയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ചെങ്കടലിലൂടെ പോകുന്ന കപ്പൽ പിടിക്കാൻ അവർ തീരുമാനിച്ചത്. ഇസ്രയേൽ ഉടമസ്ഥതയിലുള്ള കപ്പലുകൾ ആക്രമിക്കുമെന്നായിരുന്നു ഹൂതികളുടെ ആദ്യ മുന്നറിയിപ്പ്. അത് അവർ സാധ്യമാക്കുകയും ചെയ്തു. രണ്ടു കപ്പലുകൾ ഹൂതികൾ റാഞ്ചിയപ്പോൾ ലോകം ഞെട്ടി. രണ്ടാഴ്ച മുമ്പ് ഇസ്രയേലിലേക്ക് കാറുകളുമായി പോയ കപ്പൽ പിടികൂടിയ ഹൂതികൾ കപ്പലിൽ നിന്നുള്ള വീഡിയോ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ദിവസം അവർ നോർവീജിയൻ കപ്പൽ ആക്രമിച്ചു. ഇസ്രയേലിലേക്ക് എണ്ണയുമായി പോയ കപ്പലാണ് ആക്രമിച്ചതെന്ന് ഹൂതികൾ പറയുന്നു. എന്നാൽ ഇറ്റലിയിലേക്കാണ് തങ്ങൾ പോകുന്നതെന്ന് സ്ട്രിൻഡ കപ്പൽ അധികൃതർ അറിയിച്ചു. ഇസ്രയേലിലേക്കോ തിരിച്ചോ വരുന്ന ഏത് രാജ്യത്തിന്റെ ചരക്കു കപ്പലും ആക്രമിക്കുമെന്നാണ് ഹൂതികളുടെ പുതിയ ഭീഷണി.

നിലവിൽ യമൻ മൂന്നായി വിഭജിക്കപ്പെട്ടിരിക്കയാണ്. ഒന്ന് ഹൂതികൾക്ക് നിയന്ത്രമുള്ള വടക്കൻ യമൻ. രണ്ട് സർക്കാർ നിയന്ത്രണത്തിലുള്ള ഭാഗം. മൂന്ന് യുഎഇ നിയന്ത്രിക്കുന്ന നാഷണൽ ട്രാൻസിഷൻ കൗൺസിൽ എന്ന് പറയുന്ന ഭാഗം. ഇതിൽ ഹൂതികൾ നിയന്ത്രിക്കുന്ന വടക്കൻ യമനിലാണ് ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ സമുദ്രപാത എന്ന് അറിയപ്പെടുന്ന ബാബരി മൻദിപ് സ്ട്രയിറ്റ് ഉള്ളത്. ചെങ്കടലിനെയും അറബിക്കടലിനെയും ബന്ധിപ്പിക്കുന്ന 16 കിലോമീറ്റർ വീതിമാത്രമുള്ള ഈ മേഖലയിലൂടെയാണ് ലോകത്തിന്റെ എണ്ണയുടെ 9 ശതമാനവും കടന്നുപോവുന്നത്. ഏഷ്യയിൽനിന്ന് യൂറോപ്പിലേക്ക് എളുപ്പത്തിലുള്ള കപ്പൽ പാതയാണിത്. ചെങ്കടൽ, സൂയസ് കനാൽ വഴി മെഡിറ്ററേനിയൻ കടലിൽ എത്തിയാൽ അവിടെ നിന്ന് യൂറോപ്പിലെ ഏത് രാജ്യത്തേക്കും എത്താവുന്നത്. ഈ കുപ്പിക്കഴുത്തുപോലുള്ള ബാബരി മൻദിപ് സ്ട്രയിറ്റിലാണ് ഹൂതികൾ ആക്രമണം നടത്തുന്നത്. പശ്ചിമേഷ്യയിലെ രണ്ട് പ്രധാന ചരക്കു പാതകളിലൊന്നാണ് ചെങ്കടൽ പാത. മറ്റൊന്നു ഹോർമുസ് കടലിടുക്ക് വഴിയാണ്. ഇവിടെ ഇറാന്റെ സ്വാധീനം ശക്തമാണ്.

ഇസ്രയേൽ കമ്പനികളുടെ കപ്പൽ, ഇസ്രയേൽ പതാക വച്ചുള്ള കപ്പൽ, ഇസ്രയേലിന് ഓഹരിയുള്ള കമ്പനികളുടെ കപ്പൽ എന്നിവയെല്ലാം ആക്രമിക്കുമെന്നാണ് ഹൂതികളുടെ ഭീഷണി. മേഖലയിലൂടെ പോകുന്ന ചരക്കു കപ്പലുകളിൽ ജോലി ചെയ്യുന്നവർ പല രാജ്യക്കാരാണ്. അതുകൊണ്ടാണ് ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകളിൽ വിദേശ പൗരന്മാർ കയറരുത് എന്ന് ഹൂതികൾ താക്കീത് ചെയ്യാൻ കാരണം. ബ്രിട്ടീഷ്, ഫ്രഞ്ച്, യുഎസ് യുദ്ധ കപ്പലുകൾ ഇവിടെയുണ്ടെങ്കിലും അവരെയൊന്നും ഹൂതികൾ ആക്രമിച്ചിട്ടില്ല. ഇസ്രയേൽ ബന്ധമുള്ള കപ്പലുകൾ മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവർ പറയുന്നു.

ഇതോടെ വിദേശ കപ്പലുകൾ ഇസ്രയേലിലേക്ക് ചരക്കുമായി പോകാൻ മടിക്കുന്ന സാഹചര്യമാണുള്ളത്. ഉയർന്ന ഇൻഷുറൻസ് തുക വിദേശ കമ്പനികൾ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇസ്രയേലിനെ തുറമുഖങ്ങളും ഇതോടെ വിജനമായിരിക്കയാണ്. കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഇതുമൂലം ഇസ്രയേലിന് ഉണ്ടായിരിക്കുന്നത്. ഗസ്സയിലെ ഫലസ്തീൻകാർക്ക് ഭക്ഷണവും മരുന്നും തടയുന്ന ഇസ്രയേൽ നീക്കം അവസാനിപ്പിക്കണമെന്നാണ് ഹൂതികളുടെ ഉപാധി. പക്ഷേ ഇത് വെറും കണ്ണിൽ പൊടിയിടാനുള്ള നീക്കം മാത്രമാണെന്നും അടിസ്ഥനപരമായി മത വിരോധവും, ഇറാനോടുള്ള വിധേയത്വവുമാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നതെന്ന് ചരിത്രം പരിശോധിക്കുമ്പോൾ മനസ്സിലാവും.

ക്രൂരതക്ക് പേരുകേട്ട 'ഷിയ ഐസിസ്'

'പല്ലിന് പല്ല് കണ്ണിന് കണ്ണ്' എന്ന ശൈലിയിലുള്ള ക്രൂരതമൂലം ഷിയ ഐസിസ് എന്നാണ് ഹൂതികൾ അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള സുന്നി-ഷിയാ സംഘർഷങ്ങളുടെ തുടർച്ച തന്നെയാണ് ഇന്ന് ഹൂതികൾക്ക് പകുതി രാജ്യ നിയന്ത്രണമുള്ള യമനിലും സംഭവിച്ചത്. യമനിലെ ഷിയാ വിഭാഗമായ സയിദി എന്നറിയപ്പെടുന്ന ഒരു ഇസ്ലാമിക ശാഖയാണ് ഹൂതികൾ. സുന്നികൾ സയിദികളെ അടിച്ചമർത്തുന്നതിനോടുള്ള ചെറുത്തുനിൽപ്പായാണ് ഹൂതി മുന്നേറ്റം തുടങ്ങിയത്.ഹുസൈൻ അൽ-ഹൂതി എന്ന നേതാവിന്റെ പേരിൽ നിന്നാണ് ഹൂതികൾ ആ പേര് സ്വീകരിക്കുന്നത്. ഇയാൾ സ്ഥാപിച്ച സംഘമാണ് പിന്നീട് ഹൂതികളായി രൂപാന്തരം പ്രാപിച്ചത്.

1990വരെ സോവിയറ്റ് നിയന്ത്രണത്തിലുള്ള കമ്യൂണിസ്റ്റ് രാഷ്ട്രമായ തെക്കൻ യമനും, സുന്നി രാഷ്ട്രമായ വടക്കൻ യമനുമായി രണ്ട് രാജ്യങ്ങളായിരുന്നു ഈ നാട്. സോവിയറ്റ് യൂണിയന്റെ പിടി അയഞ്ഞതോടെ, ജർമ്മനി ഒന്നായപോലെ, ഐക്യ യമൻ പിറന്നു. അലി അബ്ദുള്ള സലേ രാഷ്ട്രത്തലവനായി. 1990ൽ പുതിയ ഭരണഘടന വന്നു. പക്ഷേ, സലേയുടെ ഭരണരീതികൾ രാജ്യത്ത് അസ്വസ്ഥതയുണ്ടാക്കി. സലേ അവഗണിക്കുന്നുവെന്ന് ഷിയാ വിഭാഗമായ സെയ്ദികൾ ആരോപിച്ചു. അവർ അട്ടിമറി ശ്രമം നടത്തുന്നുവെന്ന് സലേയും.

1990 കളിൽ ആണ് ഹൂതികൾ ശക്തി പ്രാപിക്കുന്നത്. 2004 ൽ ഹുസൈൻ അൽഹൂതിയുടെ മരണത്തിന് ഇടയാക്കിയ സർക്കാരിന്റെ സൈനിക നീക്കമാണ് ഹൂതികളെ സായുധ ആക്രമണങ്ങളിലേക്ക് നയിച്ചത്. ഇതോടെ ലക്ഷണമെത്ത ഒരു ഭീകരവാദ സംഘടനയായി ഹൂതികൾ മാറി. ഇറാന്റെ പിന്തുണതോടെ വളരെ പെട്ടെന്ന് ലബനനിലെ ഹിസ്ബുല്ലയെപ്പോലെ ആധുനികോത്തര ആയുധങ്ങളുമുള്ള സൈനിക സ്വഭാവമുള്ള സംഘടനയായി മാറി.

2011ൽ ഏകാധിപതികളായ അറേബ്യൻ രാജ്യങ്ങളിലെ ഭരണകർത്താക്കൾക്ക് എതിരെയുണ്ടായ മുല്ലപ്പൂ വിപ്ലവം എന്ന് പേരിട്ട സായുധകലാപങ്ങൾ ഫലത്തിൽ ഹൂതികൾക്കും ഗുണം ചെയ്തു. 33 വർഷം അധികാരത്തിലിരുന്ന പ്രസിഡന്റ് അലി അബ്ദുള്ള സലേയെ പുറത്താക്കാൻ യമെൻ ജനത തെരുവിലിറങ്ങി. വ്യാപകപ്രക്ഷോഭങ്ങൾ, ഉപരോധങ്ങൾ, വധശ്രമം, അയൽരാജ്യങ്ങളുടെ സമ്മർദം. എല്ലാമായപ്പോൾ സലേ രാജിവെച്ചു. അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് അബ്ദ്‌റബ്ബോ മൻസൂർ ഹാദി പ്രസിഡന്റായി. ആഭ്യന്തരയുദ്ധം തുടങ്ങി. ഇതോടെ ഹൂതികൾ സ്വന്തം സൈന്യം തന്നെ രൂപീകരിച്ചു.

പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു നടന്നത്. യമനിലെ പ്രധാന കേന്ദ്രങ്ങൾ മുഴുവൻ ഹൂതികൾ പിടിച്ചടക്കി. സർക്കാരും സൈന്യവും പ്രതിരോധത്തിലായി. എതിർക്കുന്നവരെ പല്ലിന് പല്ല് കണ്ണിന് എന്ന ശൈലിയിൽ നേരിട്ടു. തങ്ങളിൽ ഒരാളെ കൊന്നാൽ പത്താളെ കൊന്ന് പകവീട്ടുക എന്നതാണ് ഹൂതികളുടെ ശൈലി. തലവെട്ടലും, കണ്ണ് ചൂഴ്്ന്ന് കൊല്ലലും, തിളപ്പിച്ച എണ്ണയിൽ മുക്കി തൊലിയിരിച്ച് കൊല്ലലുമെല്ലാമായി ക്രൂരതയുടെ പരമ്പരകൾ. അങ്ങനെ ഒരുവേള ഷിയാ ഐസിസ് എന്നപേര് ഞെട്ടലോടെ ലോകം ഇവർക്ക് നൽകി. 2014 സെപ്റ്റംബറിൽ ഹൂതികൾ തലസ്ഥാനമായ സനാ ആക്രമിച്ചു. നിയന്ത്രണം പിടിച്ചെടുത്തു. ഹാദി സൗദി അറേബ്യയിൽ അഭയം തേടി. എന്നാൽ സുന്നി രാജ്യമായ സൗദി അടക്കമുള്ളവർക്ക് ഇത് പിടിച്ചില്ല. ഷിയകൾ ഒരു സുന്നി രാഷ്ട്രത്തിൽ അധികാരം പിടിക്കയോ. അവർ ഒമ്പത് സഖ്യരാഷ്ട്രങ്ങളെയും ചേർത്ത് യമനെതിരെ പടനയിച്ചു. ആ യുദ്ധം ഇന്നും എവിടെ എത്തിയിട്ടില്ല.

2015 മുതൽ യെമനിൽ തുടരുന്ന സൗദി സഖ്യസേനയും ഹൂതി വിമതരും തമ്മിലുള്ള പേരാട്ടത്തിൽ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. സൗദിയുടെ ബോംബിങ്ങിൽ ഗസ്സക്ക് സമാനമായി കുട്ടികൾ കൊല്ലപ്പെട്ടു. പക്ഷേ കൊല്ലുന്നത് മുസ്ലീങ്ങൾ പരസ്പരം ആയതുകൊണ്ടാവാം കേരളത്തിൽ റാലികളും ഹർത്താലുകളും ഒന്നു നടന്നില്ല. ഫലസ്തീൻ സംഘർഷങ്ങളിൽ എന്നപോലെ ഇവിടെയും അടിസ്ഥാന കാരണം മതം തന്നെയാണ്.

മക്കയിലേക്കുപോലും മിസൈൽ വിടുന്നു

സൗദി, യു.എ.ഇ, കുവൈത്ത്, മൊറോക്കോ, ഈജിപ്ത്, ജോർദാൻ, ലിബിയ, ഖത്തർ, ബഹഹൈൻ, എന്നീ ഒമ്പത് സുന്നി രാഷ്ട്രങ്ങളാണ് 2015ൽ സഖ്യസേനയുണ്ടാക്കി ഹൂതികൾക്കെതിരെ ആക്രമണം നടത്തിയത്. എന്നിട്ടം അവർ പിടിച്ച് നിൽക്കുന്നു. സൗദിയിലെ സൽമാൻ രാജാവ് ആയിരുന്നു എല്ലാറ്റിനും നേതൃത്വം കൊടുത്തിരുന്നത്. സൗദി ഒന്നരലക്ഷം ഭടന്മാരെയും യുദ്ധത്തിന് വിട്ടുകൊടുത്തു. യുദ്ധവിമാനങ്ങളും കപ്പലുകളുമാണ് സഖ്യരാഷ്ട്രങ്ങൾ കൊടുത്തത്.

ഹൂതികൾ ആവട്ടെ സൗദിയുടെ പുക കണ്ടേ അടങ്ങൂ എന്ന വാശിയിലായിരുന്നു.
അവർ ആരാകോ പോലുള്ള സൗദിയുടെ എണ്ണക്കമ്പനികളെയും കപ്പലുകളെയും ആക്രമിക്കുന്നു. എന്തിന് മക്കയ്ക്കും മദീനക്കും നേരെ മിസൈൽ വിടുന്നു. ലോകത്തിലെ ഒരു ഇസ്ലാമിക തീവ്രവാദ സംഘടനയും അവരുടെ പുണ്യഭൂമിയായ മക്കയിലേക്ക് മിസൈൽ വിടില്ല. പക്ഷേ ഹൂതികൾ അങ്ങനെയും ചെയ്തു. പക്ഷേ ഭാഗ്യത്തിന് വലിയ ദുരന്തം ഉണ്ടായില്ല എന്ന് മാത്രം. ഇതേതുടർന്ന സൗദി യമനിൽ നടത്തിയ പ്രത്യാക്രമണത്തിലും ആയിരിങ്ങൾ കൊല്ലപ്പെട്ടു. ഒടുവിൽ സഖ്യസേന യുദ്ധം പാതിവഴിയിൽ നിർത്തി മടങ്ങുകയായിരുന്നു. ഇപ്പോൾ ഹൂതികളുമായി സൗദി സമവായ ചർച്ചകൾ തുടർന്നുവരികയാണ്.ഇന്ന് മൂന്ന് ഭാഗമായി വിഭജിക്കപ്പെട്ട നിലയിലാണ് യമൻ. വടക്കൻ യമൻ അവട്ടെ ഹൂതികളുടെ പൂർണ്ണ നിയന്ത്രണത്തിലും.

യമൻ ആഭ്യന്തരയുന്ധം 1,50,000-ത്തിലധികം ആളുകളെ കൊല്ലുകയും ലോകത്തിലെ ഏറ്റവും മോശം മാനുഷിക ദുരന്തങ്ങളിലൊന്നായി മാറുകയും ചെയ്തിട്ടും അവർ പാഠമൊന്നും പഠിച്ചില്ല. ഹൂതി പ്രസ്ഥാനം കടുത്ത ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്രമാണ് ഉയർത്തിപ്പിടിക്കുന്നത്. കാലക്രമേണ, അത് അമേരിക്കൻ വിരുദ്ധ, സൗദി വിരുദ്ധ, ഇസ്രയേൽ വിരുദ്ധ മുന്നേറ്റങ്ങൾ ശക്തമാക്കി. 'ദൈവമാണ് ഏറ്റവും വലിയവൻ, അമേരിക്കയ്ക്ക് മരണം, ഇസ്രയേലിന് മരണം. യഹൂദരെ ശപിക്കൂ, ഇസ്ലാമിന് വിജയം'' എന്നതാണ് ഹൂതികളുടെ ഔദ്യോഗിക മുദ്രാവാക്യം. ഇസ്രയേൽ സൈന്യം ഗസ്സയിൽ ആക്രമണം തുടങ്ങിയ വേളയിൽ തന്നെ ഹൂതികൾ യുദ്ധത്തിന് ഒരുങ്ങുകയാണെന്ന് വാർത്തകൾ വന്നിരുന്നു. കൂടാതെ യമനിലെ സൈന്യവും ഇസ്രയേലിനെതിരെ തയ്യാറെടുക്കുന്നു എന്ന വാർത്തകളും വന്നിട്ടുണ്ട്. ഇസ്രയേലിലേക്ക് ഇരുവരും മിസൈലുകൾ തൊടുത്തുവിടുകയും ചെയ്തിരുന്നു.

വർഷങ്ങളായി, ഹൂതി വിമതർ തങ്ങളുടെ ബഹുജന റാലികളിൽ ഇസ്രയേലിനെ നശിപ്പിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് മുദ്രാവാക്യം വിളിക്കാറുണ്ട്. എന്നാൽ ഒക്ടോബർ 7 ന് ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിക്കുന്നത് വരെ അവർ അത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ലായിരുന്നു. പക്ഷേ ഇപ്പോൾ അവർക്ക് ഗസ്സയുടെ പേരിൽ ഒരു കാരണം കിട്ടിയിരിക്കയാണ്.

പിന്നിൽ ഇറാൻ തന്നെ

ഷിയാ രാജ്യമായ ഇറാനോടാണ് ഹൂതികൾക്ക് കൂറ്. ഇറാൻ ഇസ്രയേലിന്റെ ശത്രുവായതുകൊണ്ട് ഹൂതികളും അങ്ങനെയായി മാറി. ഇറാന്റെ പിന്തുണയുള്ള ഹമാസിനുള്ള പരസ്യ പിന്തുണയാണ് ഹൂതികളുടെ ആക്രമണങ്ങൾ. ലബനോണിലെ ഹിസ്ബുള്ളയും യുദ്ധം ആരംഭിച്ചതുമുതൽ ഇസ്രയേലിനെതിരെ സ്ഥിരമായ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ സൈനിക പ്രവർത്തനങ്ങളെക്കുറിച്ച് ഹിസ്ബുള്ളയുമായും ഹമാസുമായും ഗ്രൂപ്പിന്റെ നേതൃത്വം ആശയവിനിമയം നടത്തുന്നുണ്ടെന്നും എന്നാൽ ഇറാൻ സർക്കാരുമായിട്ടല്ലെന്നും രണ്ട് ഹൂതി ഉദ്യോഗസ്ഥർ നേരത്തെ വെളിപ്പെടുത്തിയത് വാർത്തയായിരുന്നു. ഹൂതി ആക്രമണങ്ങൾ സൗദി സർക്കാരുമായുള്ള അവരുടെ സമാധാന ചർച്ചകൾ കൂടുതൽ സങ്കീർണ്ണമാക്കും.

2014 മുതൽ ഹൂതികളുടെ ആയുധശേഖരം വലുപ്പത്തിലും വൈവിധ്യത്തിലും വളർന്നു വരികയാണ്. ഇറാൻ ഇവർക്ക് ആയുധം നൽകിയതായി വിശകലന വിദഗ്ധരും പാശ്ചാത്യ രഹസ്യാന്വേഷണ വിഭാഗങ്ങളും ആരോപിക്കുന്നു. സമീപ വർഷങ്ങളിൽ, ഇറാനിൽ നിന്ന് യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്കുള്ള വഴികളിൽ റൈഫിളുകളും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകളും മിസൈൽ ഭാഗങ്ങളും നിറഞ്ഞ നിരവധി കപ്പലുകൾ യുഎസ് നാവിക സേന തടഞ്ഞിരുന്നു.

ഹൂതികളുടെ പക്കൽ ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളും ചെറിയ ക്രൂയിസ് മിസൈലുകളും സൂയിസൈഡ് ഡ്രോണുകളും ഉണ്ടെന്ന് ആയുധ വിദഗ്ദ്ധർ പറയുന്നു. ഹമാസിനേക്കാളും ഹിസ്ബുള്ളയേക്കാളും തങ്ങളുടെ ആയുധശേഖരത്തെ കുറിച്ച് ഹൂതികൾ കൂടുതൽ തുറന്നു സംസാരിക്കാറുണ്ട്. സൈനിക പരേഡുകളിൽ 'ടോഫുൻ' പോലുള്ള പുതിയ ബാലിസ്റ്റിക് മിസൈലുകൾ പ്രദർശിപ്പിക്കാറുണ്ട്.

തെക്കൻ ഇസ്രയേലിന് നേരെ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും പ്രയോഗിച്ചതായി ഹൂതികൾ പറയുന്നു. ചെങ്കടലിൽ നിന്നുള്ള ആക്രമണങ്ങളെ പരാജയപ്പെടുത്തുന്നതിൽ, ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളെ തടസ്സപ്പെടുത്തുന്ന തരത്തിൽ ആരോ മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ചതായി ഇസ്രയേലും സമ്മതിച്ചിട്ടുണ്ട്.

2019 ൽ, ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉൾപ്പടെ വടക്കൻ യെമനിൽ നിന്ന് ഏകദേശം 1,000 കിലോമീറ്റർ (600 മൈൽ) അകലെയുള്ള അബ്‌ഖൈക്കിലെ സൗദി അറേബ്യയുടെ എണ്ണ വ്യവസായ കേന്ദ്രത്തിലേക്ക് ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിന്റെ ഫലമായി താൽക്കാലികമായി രാജ്യത്തിന്റെ എണ്ണ ഉൽപ്പാദനം പകുതിയായി കുറയുകയും ആഗോള ഇന്ധന വില കുതിച്ചുയരുകയും ചെയ്തു. ഹൂതികൾ ആക്രമണത്തിന് അവകാശവാദം ഉന്നയിച്ചു. പക്ഷേ അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണമായിരുന്നു അതെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണത്തിൽ കണ്ടെത്തി. ഇത് ഇറാനിൽ നിന്നാണ് വിക്ഷേപിച്ചതെന്ന് വാഷിങ്ടൺ പിന്നീട് അറിയിച്ചു.അതായത് ഹൂതികൾക്ക് പിന്നിൽ ഇറാൻ ആണെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ഇസ്രയേൽ ഇതിന്റെ വേരുകൾ തേടിപ്പോയാൽ ഫലത്തിൽ ഇറാനുമായി യുദ്ധമുണ്ടാവുന്ന അവസ്ഥയുണ്ടാവുമെന്നും, വിദേശകാര്യവിദഗ്ദ്ധർ നിരീക്ഷിക്കുന്നുണ്ട്.

ബെയ്റുട്ട് മറ്റൊരു ഗസ്സയാവുമോ?

പശ്ചിമേഷ്യൻ പ്രതിസന്ധി രണ്ടുമാസം പിന്നിടുമ്പോളുള്ള ഭീതി ഈ യുദ്ധം ലെബനോണിലേക്ക് വ്യാപിക്കുമോ എന്നതാണെന്ന്, വാഷിങ്്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ലബനോണിലെ ഹിസ്ബുല്ല ഇസ്രയേലിനെതിരെ യുദ്ധത്തിലാണ്. ഇസ്രയേൽ, -ഫലസ്തീൻ സഘർത്തിൽ പൂർണ്ണമായി ഇടപെടാനാണ്, ഹിസ്ബുള്ള ശ്രമിക്കുന്നതെങ്കിൽ, ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിനെ മറ്റൊരു ഗസ്സയാക്കി മാറ്റുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. ലെബനിൽനിന്നുള്ള ഗൈഡഡ് മിസൈൽ ആക്രമണത്തിൽ ഇസ്രയേലി സിവിലിൻ കൊല്ലപ്പെട്ടതിനെ തുടർന്നാണ് നെഹത്യാഹുവിന്റെ പ്രതികരണം.

ഹിസ്ബുല്ല ഒരു സമ്പുർണ്ണയുദ്ധം ആരംഭിക്കാൻ തുടങ്ങിയാൽ, ബെയ്റൂട്ടും തെക്കൻ ലെബനനും ഗസ്സയിൽനിന്ന് വളരെ അകലെ അല്ല എന്ന് നെതനാഹ്യു ഓർമ്മിപ്പിച്ചു. വടക്കൻ ഇസ്രയേലിൽ ലെബനനിലെ ഷിയ ഗ്രൂപ്പ് പ്രവർത്തകർ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേ തുടർന്ന് തങ്ങളുടെ ജെറ്റുകൾ,ഹിസ്ബുൾ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഹിസ്ബുല്ല നടത്തിയ 11 ആക്രമണങ്ങളിൽ ഒന്ന് ലെബനൻ അതിർത്തിയോട് ചേർന്നുള്ള ഗ്രാമാമായ മമാട്ടിലെ നിവാസികളെ ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി.

ഒരു വശത്ത് ഗസ്സ മുനമ്പിൽ നിന്ന് ഹമാസിനെയും മറുവശത്ത് ലെബനനിൽ നിന്ന് ഹിസ്ബുള്ളയും തുരത്തുകയാണ് ഇസ്രയേലിന്റെ പദ്ധതി. യഹൂദ സേനയുടെ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലക്കും കനത്ത നാശം ഉണ്ടായിട്ടുണ്ട്. ഹിസ്ബുല്ലയുടെ ഒരു ഡസനിലേറെ കമാൻഡർമാരാണ് ഇതുവരെ കൊല്ലപ്പെട്ടത്. തങ്ങളുടെ കമാൻഡർമാർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സമ്മതിച്ചിട്ടുണ്ട്. അബ്ബാസ് ഫൈസി, മുഹമ്മദ് അഹമ്മദ് കാസിം എന്നിവർ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരണം. ഇതിന് പ്രതികാര നടപടിയെന്ന് വിശേഷിപ്പിച്ചുള്ള വീഡിയോയും ഹിസ്ബുള്ള പുറത്തുവിട്ടിട്ടുണ്ട്. ഇസ്രയേലിലെ മെതുല നഗരത്തിൽ കാർ ലക്ഷ്യമാക്കി ഹിസ്ബുള്ള മിസൈൽ തൊടുത്തുവിടുന്നതാണ് ദൃശ്യം.

നേരത്തെ യുദ്ധത്തിൽ പങ്കെടുക്കാൻ ലെബനനിലെ സായുധ ഗ്രൂപ്പായ ഹിസ്ബുള്ള തീരുമാനിച്ചിട്ടുണ്ടെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞിരുന്നു. ഇസ്രയേലിനെതിരായ ആക്രമണങ്ങൾക്ക് അവർ കനത്ത വില നൽകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 2006-ൽ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയും ഇസ്രയേലും തമ്മിൽ സംഘർഷം തുടങ്ങിയതിന് ശേഷം അതിർത്തിയിലെ ഏറ്റവും മാരകമായ പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്.

നേരത്തെ വടക്കൻ മുനമ്പിൽ യുദ്ധം ചെയ്യാൻ ഇസ്രയേലിന് താൽപ്പര്യമില്ലെന്നും ഹിസ്ബുള്ള സ്വയം സംയമനം പാലിക്കുകയാണെങ്കിൽ ഇസ്രയേലും അതിർത്തിയിലെ സ്ഥിതിഗതികൾ അതേപടി നിലനിർത്തുമെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു. പക്ഷേ ഇപ്പോൾ കാര്യങ്ങൾ മാറിമറിയുകയാണ്. ഇസ്രയേൽ തങ്ങളുടെ സുരക്ഷമാത്രമാണ് ഇപ്പോൾ നോക്കുന്നത്. ഇനിയും തങ്ങളെ ആക്രമിച്ചാൽ, ഹിസ്ബുല്ലയെ തീർക്കാൻ വേണ്ടി ലബനനെ ആക്രമിക്കാൻ പോലും മടിക്കില്ല എന്ന സന്ദേശമാണ് ഇസ്രയേൽ പ്രധാനമന്ത്രി ഒടുവിൽ നൽകുന്നത്. ഹൂതികളെപ്പോലെ തന്നെ ഹിസ്ബുല്ലക്കും പിന്തുണ കൊടുക്കുന്നത് ഇറാൻ ആണെന്നതും വ്യക്തമാണ്.

സെമി വേൾഡ് വാർ ആവുമോ?

ഹൂതികൾ ഇസ്രയേലി കപ്പലുകൾ പിടിച്ച് തങ്ങളെ സാമ്പത്തികമായി തകർക്കുമ്പോഴും അമേരിക്ക ഇടപെടാത്തത് ഇസ്രയേലിന് രോഷമുണ്ട്. കാരണം യുഎസിന്റെ കപ്പൽപ്പട അവിടെയുണ്ട്. അവർ വിചാരിച്ചാൽ ഹൂതികളെ തുരത്തി കപ്പലുകൾക്ക് സംരക്ഷണം കൊടുക്കാൻ കഴിയും. പക്ഷേ അമേരിക്ക അതിന് ശ്രമിക്കാത്തത്, രണ്ടു കാര്യങ്ങൾ കൊണ്ടാണ്. ഇപ്പോൾ ഹൂതികളുമായി പോരാട്ടത്തിന് പോയാൽ അത് ഗസ്സ യുദ്ധം വ്യാപിക്കുന്ന എന്ന തോന്നൽ ഉണ്ടാക്കും. നിലനിൽക്കുന്ന അമേരിക്കൻ- ഇസ്രയേൽ വിരുദ്ധത വർധിക്കാൻ ഇടയാക്കും. മാത്രമല്ല ഇപ്പോൾ ഇസ്രയേലി കപ്പലുകൾക്ക് മാത്രമേ പ്രശ്നമുള്ളൂ. യുഎസ് കപ്പലുകളെയൊന്നും അവർ ആക്രമിച്ചിട്ടില്ല. പക്ഷേ ഈ വാദം ശരിയല്ലെന്നും, ഇസ്രയേൽ കപ്പലുകളിൽ ജോലി ചെയ്യുന്നവരിൽ യുഎസ് പൗരന്മ്മാൻ അനവധിയാണെന്നും അവരെയും ബാധിക്കുന്ന വിഷയമാണ് ഇതെന്നും വിമർശനം ഉയരുന്നുണ്ട്.

എന്നാൽ അമേരിക്കയേക്കാൾ കാര്യക്ഷമമായി ഈ പ്രശ്നത്തിൽ ഇടപെടുന്ന രാജ്യമാണ് ഫ്രാൻസ്. നേരത്തെ ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹൂതികൾ അയച്ച രണ്ട് ഡ്രോണുകൾ തകർത്തത് ഫ്രഞ്ച് സൈന്യമാണ്. മേഖലയിൽ നങ്കൂരമിട്ട ഫ്രഞ്ച് കപ്പലാണ് ഹൂതികളുടെ ആക്രമണം ചെറുത്തത്.ഹൂതികളെ നിയന്ത്രിക്കാൻ മറ്റു രാജ്യങ്ങൾ ശ്രമിക്കുന്നില്ലെങ്കിൽ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി. ഹൂതികളെ നേരിടാൻ യുദ്ധക്കപ്പൽ അയച്ചിരിക്കുകയാണ് ഇസ്രയേൽ. വിഷയം ചർച്ച ചെയ്യാൻ അമേരിക്കൻ പ്രതിനിധി അടുത്താഴ്ച ഖത്തറിലെത്തും. എന്നാൽ ഹൂതികൾക്കെതിരെ നടപടി എടുക്കുന്നത് വളരെ ആലോചിച്ച ശേഷം മതിയെന്ന് സൗദി അറേബ്യ അമേരിക്കയെ അറിയിച്ചിട്ടുണ്ട്.

പക്ഷേ ഇസ്രയേലിന് നോക്കി നിൽക്കാൻ കഴിയില്ലേല്ലോ. ഇസ്രയേൽ യുദ്ധക്കപ്പൽ ചെങ്കടലിലെത്തുന്നതോടെ ഹൂതികൾക്കെതിരെയുള്ള നീക്കത്തിന് അത് തുടക്കം കുറിക്കും. ലെബനോണിലെ ഹിസ്ബുല്ലയും, ഹൂതികളും രണ്ടും ഇറാൻ സ്പോൻസർഷിപ്പിൽ ഉള്ളതാണ്. ഇതോടൊപ്പം സിറിയയിലെ ഷിയാ ഗ്രൂപ്പും ഇസ്രയേലിനെതിരെ സായുധ പോരാട്ടം പ്രഖ്യാപിച്ചിട്ടുണ്ട്. സിറിയയിലെ ഷിയാ കേന്ദ്രങ്ങളിൽ അടുത്തിടെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയിരുന്നു.

അവർക്കും പിന്തുണ ഇറാൻ ആണ്. അതായത് ആന്ത്യന്തികമായ ഇറാൻ തന്നെയാണ് ഇപ്പോൾ ഇസ്ലാമിക ഭീകരതയെ ചെല്ലും ചെലവും കൊടുത്ത് നിലനിർത്തുന്നത്. ഹമാസിന് ഖത്തറിന്റെ പരോക്ഷ പിന്തുണ അല്ലാതെ ഒരു അറബ് രാഷ്ട്രത്തിന്റെയും നേരിട്ടുള്ള പിന്തുണ കിട്ടിയിട്ടില്ല. (ഏറ്റവും ഒടുവിലായി ഇസ്മായിൽ ഹനിയ എന്ന ഹമാസ് നേതാവ് പാക്കിസ്ഥാനോട് സഹായം അഭ്യർത്ഥിച്ചിരിക്കയാണ്! സാമ്പത്തിക പ്രതിസദ്ധിയിൽ നട്ടം തിരിയുന്ന പാക്കിസ്ഥാൻ ആരെ സഹായിക്കാനാണ്)

അതുകൊണ്ടുതന്നെ മൊസാദിന്റെ ഇറാനെതിരായ രഹസ്യനീക്കങ്ങൾ ഇനി കൂടുതൽ ശക്തമാവും. ഫലത്തിൽ ഒരു സെമി വേൾഡവാറിലൂടെയാണോ ലോകം കടന്നുപോവുക എന്ന ആശങ്ക വ്യാപകമാവുകയാണ്. ന്യൂയോർക്ക് ടൈംസ് അടക്കമുള്ള പ്രമുഖ മാധ്യമങ്ങൾ ഈ ആശങ്ക പങ്കുവെക്കുന്നുണ്ട്. ഗസ്സയിൽ തുടങ്ങിയ യുദ്ധം ലോകത്തിന്റെ നാലുഭാഗത്തേക്കും പടരാതിരിക്കാനായിരിക്കും ഇനി ലോക രാഷ്ട്രങ്ങൾ ശ്രദ്ധിക്കേണ്ടത്.

വാൽക്കഷ്ണം: ഇതെല്ലാം കണ്ട് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഹമാസ് തന്നെ ആയിരിക്കും. കാരണം ലോകം ശാന്തമായി ഇരിക്കാൻ ആഗ്രഹിക്കത്തവർ ആണ് അവർ. ഗസ്സയിൽ എന്നും കുട്ടികൾ മരിച്ചുവീണാലേ തങ്ങളുടെ അക്കൗണ്ടിൽ പണം വീഴൂ എന്ന്, ശത കോടീശ്വരന്മ്മാരായ ഹമാസ് നേതാക്കൾക്ക് നന്നായി അറിയാം. ഇപ്പോൾ തങ്ങൾ ഇട്ട തീപ്പൊരി ലോകം മുഴുവൻ പടരുമ്പോഴും അവർ ചിരിക്കുകയേ ഉള്ളൂ.