തെങ്കാശിപ്പട്ടണം എന്ന ഹിറ്റ് സിനിമയിൽ സലിം കുമാർ പറയുന്ന ഒരു ഡയലോഗ് ഓർമ്മയില്ലേ. 'ഇവൻ അവളെ പ്രേമിക്കുന്നു, അവനും ഇവളെ പ്രേമിക്കുന്നു, എന്നാൽ അവൻ മറ്റവളെ പ്രേമിക്കുന്നു, ചുരുക്കത്തിൽ ആര് ആരെയാണ് ഇവിടെ പ്രേമിക്കുന്നത്''. ഇതുപോലെയാണ്് ഇപ്പോൾ ഇസ്ലാമിക രാഷ്ട്രങ്ങൾക്കിടയിലുള്ള ശത്രുതയും. ഇറാനും, പാക്കിസ്ഥാനും, ഇറാഖും ഒരുപോലെ ഇസ്രയേലിന് എതിരാണ്. എന്നിട്ടും ഇറാൻ, പാക്കിസ്ഥാനെയും ഇറാഖിനെയും ആക്രമിച്ചു. അതുപോലെ യമനിലെ ഹൂതികളുമായി സൗദി അറേബ്യ നീണ്ട യുദ്ധത്തിലാണ്. പക്ഷേ ഹൂതികളെ അമേരിക്ക ആക്രമിക്കുമ്പോൾ മിക്ക ഇസ്ലാമിക രാജ്യങ്ങളും അമേരിക്കയ്ക്ക് എതിരാണ്. എന്നാൽ സൗദി ആക്രമിക്കുമ്പോൾ സൗദിക്ക് അനുകൂലവുമാണ്. ഹൂതികളെ സഹായിക്കുന്നത് ഇറാനാണ്. ഇറാനും പാക്കിസ്ഥാനും ഇപ്പോൾ ശത്രുതയിലാണ്. ഈ പാക്കിസ്ഥാൻ ആകട്ടെ ഇസ്രയേലിന് എതിരുമാണ്.

ഇസ്രയേലിന് എതിരെ ആയതിനാൽ ലബനോണിലെ ഹിസ്ബുള്ള പാക്കിസ്ഥാന് അനുകൂലമാണ്. ഹിസ്ബുള്ളക്ക് വേണ്ട ആയുധങ്ങൾ കൊടുക്കുന്നത് ഇറാനാണ്. ഇറാനും ഇറാഖും ശത്രുതയിലാണ്. പക്ഷേ ഇറാഖും സൗദിയും സൗഹൃദത്തിലാണ്. അങ്ങനെ നോക്കിയാൽ പാക്കിസ്ഥാനെ സംബന്ധിച്ച് ശത്രുവിന്റെ ശത്രു ആയ ഇറാഖ് മിത്രം ആകേണ്ടതാണ്. പക്ഷേ ഇറാഖ്് ഹിസ്ബുള്ളക്ക് എതിരാണ്. അതിനാൽ അവർ തമ്മിലും ശത്രുത വരികയാണ്. ബംഗ്ലാദേശ് പാക്കിസ്ഥാന് എതിരാണ്. പക്ഷേ ബംഗ്ലാദേശ് റോഹിങ്യക്കാർക്ക് എതിരാണ്. പക്ഷേ ചൈനയിലെ ഉയിഗൂരികൾക്ക് അവർ അനുകൂലമാണ്.

ചുരുക്കിപ്പറഞ്ഞാൽ, 'ഹലാക്കിന്റെ അവിലുംകഞ്ഞി' എന്ന് മലബാറിൽ പറയുന്നതുപോലെയാണ്, ഒരേ ദൈവത്തെ ആരാധിക്കുന്നു, ഒരേ ആചാരനുഷ്ഠാനങ്ങൾ പിന്തുടരുന്ന ഇസ്ലാമികലോകത്തെ വിവിധ രാജ്യങ്ങളുടെ ബന്ധങ്ങൾ. ആര് ആരുടെ മിത്രമാണ്, ആര് ആരുടെ ശത്രുവാണ് എന്ന് പറയാൻ കഴയില്ല. അതിന്റെ എറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ കാണുന്നത്. ഒരേ സമയം പാക്കിസ്ഥാനെയും, ഇറാഖിനെയും ഇറാൻ ആക്രമിച്ചത് ലോകത്തെ ഞെട്ടിച്ചിരിക്കയാണ്. പാക്കിസ്ഥാൻ വൈകാതെ തന്നെ തിരിച്ചടിക്കയും ചെയ്തു. ഇതോടെ യുകൈന്രിലും, ഗസ്സയിലും, ചെങ്കടലിലുമൊക്കെ നിലനിൽക്കുന്ന സംഘർഷാവസ്ഥ കൂടുതൽ മേഖലകളിലേക്ക് കൂടി പടരുകയാണ്. അതോടൊപ്പം ഇസ്ലാമിക രാജ്യങ്ങൾ പരസ്പരം വെട്ടി മരിക്കയാണോ എന്ന ഗൗരവകരമായ ചോദ്യവും ഉയരുകയാണ്.

അടിസ്ഥാനം സുന്നി-ഷിയാ പ്രശ്നം

വംശീയവും ഗോത്രീയവുമായ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെങ്കിലും, അടിസ്ഥാനപരമായി ഇറാനും, ഇറാഖും, പാക്കിസ്ഥാനും തമ്മിലുള്ളത് ഇസ്ലാമിലെ രണ്ടു അവാന്തര വിഭാഗങ്ങളായ, സുന്നികളും ഷിയകളും തമ്മിലുള്ള നൂറ്റാണ്ടുകൾ മുമ്പുള്ള തർക്കം തന്നെയാണ്. എ. ഡി 632 -ൽ പ്രവാചകൻ മുഹമ്മദ് നബിയുടെ മരണശേഷം, സുന്നികൾ എന്നറിയപ്പെടുന്ന ഒരു കൂട്ടം മുസ്ലിംകൾ, ഇസ്ലാമിക സമൂഹത്തിന്റെ ഖലീഫയായി അബൂബക്കർ വരണമെന്ന് പറയുന്നു. അതേസമയം മറ്റൊരു വിഭാഗം മുഹമ്മദ് നബിയുടെ പിൻഗാമിയായി അലി വരണം എന്ന് വാദിച്ചു. അലിയുടെ പിന്തുടർച്ചക്കാരാണ് ഷിയാക്കൾ. ഈ തർക്കം മുസ്ലിം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപിച്ചു, ഇതിന്റെ പേരിൽ വലിയ രക്തച്ചൊരിച്ചിലുകളുണ്ടായി. ആ സുന്നി, ഷിയ പിളർപ്പിന്റെ അനുരണനങ്ങൾ ഇന്നും തുടരുകയാണ്.

ഇറാൻ ഒരു ഷിയാ രാഷ്ട്രമാണ്. എന്നാൽ സുന്നി രാഷ്ട്രങ്ങളാണ് പാക്കിസ്ഥാനും, ഇറാഖും. പാക്കിസ്ഥാനിലൊക്കെ ഇന്നും ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന വിഭാഗമാണ് ഷിയാക്കൾ. എന്നാൽ തങ്ങൾക്ക് ഭൂരിപക്ഷമുള്ള ഇറാനിൽ അവർ തന്നെ പീഡകർ ആവുന്നു. ഇറാഖിലെയും, പാക്കിസ്ഥാനിലെയും സുന്നി ഗ്രൂപ്പുകൾ തങ്ങളെ ലക്ഷ്യമിടുന്നുവെന്നതാണ് ഇറാന്റെ പ്രധാന പ്രശ്നമെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ഇപ്പോഴുണ്ടായ സംഭവങ്ങൾ നോക്കുക. പാക്കിസ്ഥാനിലെ സുന്നി വിഘടനവാദ ഗ്രൂപ്പായ ജെയ്ഷ് അൽ അദ്ൽ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇറാൻ ആക്രമണം നടത്തിയത്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ പാക്കിസ്ഥാൻ കാവൽ പ്രധാനമന്ത്രി അൻവാർ ഉൾ ഹഖ് കാക്കറും ഇറാൻ വിദേശകാര്യമന്ത്രി ആമിർ അബ്ദുല്ലാഹിയനും തമ്മിൽ ചർച്ച നടത്തിയ അതേ ദിവസംതന്നെയാണ് പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് മിസൈൽ ആക്രമണം നടത്തിയത്. മിസൈൽ, ഡ്രോൺ ആക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു. പ്രകോപനമില്ലാതെ വ്യോമാതിർത്തി ലംഘിച്ച് തങ്ങളുടെ അതിർത്തിക്കുള്ളിൽ ഇറാൻ നടത്തിയ ആക്രമണത്തെ പാക്കിസ്ഥാൻ ശക്തമായി അപലപിച്ചിരുന്നു. ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.

ഇത് വെറും വാക്കായില്ല. ഇറാനിലെ ബലൂച് സായുധ ഗ്രൂപ്പ് താവളങ്ങൾക്കുനേരെ പാക്കിസ്ഥാനും മിസൈൽ ആക്രമണം നടത്തി. ഇതിൽ മൂന്നു സ്ത്രീകളും, നാല് കുട്ടികളും ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇറാനിലെ പാക്കിസ്ഥാൻ വിരുദ്ധ ഭീകര സംഘടനകൾക്കുനേരെ ആക്രമണം നടത്തിയെന്ന് പാക് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്റലിജൻസ് വിഭാഗത്തിന്റെ സഹായത്തോടെ 'മാർഗ് ബർ സമർച്ചർ' എന്ന കോഡ് നെയിമിൽ നടത്തിയ ആക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടതായി പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബലൂചിസ്ഥാൻ തീവ്രവാദ സംഘടനകളുടെ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത് എന്നായിരുന്നു പാക് വാദം.

സാമ്പത്തികമായി തകർന്ന് പാപ്പരായ ഒരു രാജ്യമാണ് പാക്കിസ്ഥാൻ. ഇറാനും ആഭ്യന്തര പ്രക്ഷോഭങ്ങളും മറ്റുമായി വല്ലാതെ പിറകോട്ട് അടിച്ചു. എന്നിട്ടും ജനങ്ങളുടെ പട്ടിണി മാറ്റുന്നതിലും സമാധാനം കൊണ്ടുവരുന്നതിലുമല്ല. ആക്രമിക്കാനും അവസാനിപ്പിക്കാനുമാണ് ഇവർക്ക് താൽപ്പര്യം കൂടുതൽ!

ലക്ഷ്യമിട്ടത് ജെയ്ഷ് അൽ അദലിനെ

അതിർത്തിയിൽ വർഷങ്ങളായി പാക്കിസ്ഥാനും ഇറാനും തമ്മിൽ സംഘർഷം ഉണ്ടെങ്കിലും, അതിർത്തികടന്നുള്ള ഒരു ആക്രമണത്തിലേക്ക് പോകുന്നത് ഇത് ആദ്യമായിട്ടാണ്. തങ്ങളുടെ അതിർത്തി പങ്കിടുന്ന പാക്കിസ്ഥാനിലെ ബലൂചി സുന്നി തീവ്രവാദ ഗ്രൂപ്പുകളെയാണ് ഇറാൻ ലക്ഷ്യമിടുന്നത്. പ്രധാനമായും ജെയ്ഷ് അൽ അദിൽ എന്ന ഭീകര സംഘടനെയാണ് അവർ ലക്ഷ്യമിട്ടത്. 2012-ൽ സ്ഥാപിതമായ സുന്നി ഭീകര സംഘടനയാണ് ഇത്. ബലൂചി പ്രവിശ്യയിലാണ് ഈ സംഘടനയുടെ പ്രവർത്തന മേഖല. 909 കിലോമീറ്ററാണ് പാക്കിസ്ഥാനുമായി ഇറാൻ ഈ മേഖലയിൽ അതിർത്തി പങ്കിടുന്നത്.

പാക്കിസ്ഥാൻ ഷിയകളെ ക്രൂരമായി അടിച്ചമർത്തുന്നുവെന്നും ഇറാനും, സുന്നികളെ ഇറാൻ അടിച്ചമർത്തുന്നുവെന്ന് പാക്ക് തീവ്രവാദ സംഘടനകളും പതിവായി പറയാറുണ്ട്. ഇറാനിലെ സിസ്താൻ-ബലൂചിസ്ഥാൻ മേഖലയിൽ സുന്നി വിഭാഗങ്ങൾ അനുഭവിക്കുന്ന അവഗണനകൾ സുന്നി സംഘടനകൾ നിരന്തരം ഉന്നയിക്കാറുണ്ട്. അതിനുപിന്നാലെ ബലൂചിസ്ഥാൻ പാക്കിസ്ഥാനിൽ നിന്ന് വേപെട്ട് സ്വന്തം രാജ്യം ആവണം എന്ന് പറയുന്ന വിഘടനവാദികൾക്ക്, ഇന്ത്യയെപ്പോലെ ചെല്ലും ചെലവും കൊടുക്കുന്നത് ഇറാൻ ആണെന്നും ഇവർ ആരോപിക്കുന്നു.

ജെയ്ഷ് അൽഅദിൽ എന്ന സുന്നി തീവ്രവാദ സംഘടന ശക്തമായതോടെയാണ് ഇറാനിലേക്ക് ആക്രമണം ശക്തമായത്. ഇതിന് മറുപടിയായി ജുൻദല്ല എന്ന വിഘടനവാദ സംഘനയുടെ നേതാവ് അബ്ദോൽ മാലിക് റിജിയെ ഇറാൻ കൊലപ്പടുത്തി. അതോടെ പാക്കിസ്ഥാനിലെ സുന്നി തീവ്രവാദികൾക്ക് പക വർധിച്ചു. ബലൂച് ഗോത്രവിഭാഗങ്ങളുടെ പിന്തുണ ഉറപ്പിച്ച ജെയ്ഷ് അൽഅദിൽ ഇറാനെതിരെ നിരന്തരം ആക്രമണങ്ങൾ നടത്തി. ഇറാൻ മാത്രമല്ല, അമേരിക്കയും ഇസ്രയേലും സംഘടനയുടെ പ്രഖ്യാപിത ശത്രുക്കളാണ്. പാക്കിസ്ഥാൻ അതിർത്തിയിൽ 2013-ൽ അൽ അദിൽ നടത്തിയ ആക്രമണത്തിൽ 13 ഇറാൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ സിറിയൻ അധിനിവേശത്തിനുള്ള മറുപടിയായാണ് ആക്രമണം നടത്തിയത് എന്നായിരുന്നു സംഘടനയുടെ വാദം.

2014-ൽ ഇറാൻ സൈനികരെ തട്ടിക്കൊണ്ടുപോയി അൽ അദിൽ ലോകത്തെ ഞെട്ടിച്ചിരുന്നു. ഇറാനിലെ സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിൽ കയറി കഴിഞ്ഞമാസം ഇവർ ഒരു പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. ഈ ആക്രമണത്തിൽ 11 പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. നോക്കുക, ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണം പോലെ തന്നെയല്ലേ ഇതും. ഇതാണ് ഇറാന്റെ പെട്ടെന്നുള്ള നടപടിക്ക് കാരണമായത് എന്നാണ് വിലയിരുത്തൽ.

ബലൂചിസ്ഥാനിൽ സംഭവിക്കുന്നത്?

ഇന്ത്യക്ക് കാശ്മീർ പോലെ പാക്കിസ്ഥാന് എന്നും തലവേദനയാണ് ബലൂചിസ്ഥാൻ. മൂന്ന് മതങ്ങളുടെയും കേന്ദ്രമായ ജറുസലേം ആണ് ലോകത്തിൽ ഏറ്റവും സംഘർഷമുള്ള പ്രദേശം എന്ന് പറയുന്നതുപോയൊണ്, മൂന്ന് രാജ്യങ്ങളിൽ പരന്നുകിടക്കുന്ന ബലൂചിസ്ഥാന്റെ അവസ്ഥ. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നീ മൂന്ന് രാജ്യങ്ങളിലായി പരന്ന് കിടക്കുന്ന മേഖലയാണിത്. ഭൂരിഭാഗം ബലൂച് ജനതയും സുന്നി മുസ്ലിം വിഭാഗത്തിൽപ്പെട്ടവരാണ്. ഹിന്ദു, സിഖ്, വിഭാഗത്തിൽപ്പെട്ട ചെറു വിഭാഗങ്ങളും ഇവിടെ അധിവസിക്കുന്നു.

പാക്കിസ്ഥാനിലെ ഏറ്റവും വലുതും, വിഭവ സമൃദ്ധമായ പ്രവിശ്യയുമാണിത്. പാക്കിസ്ഥാനിലെ 'സ്ഥാൻ' വിഭാവനം ചെയ്യുന്നതും ഇവരെ തന്നെ. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാന്റെ അത്ര വലിപ്പം വരും ബലൂചിസ്ഥാൻ പ്രവിശ്യ. പാക്കിസ്ഥാന്റെ ആകെ ഭൂവിസ്തൃതിയുടെ 44 ശതമാനം. അതേ സമയം, രാജസ്ഥാൻ ഇന്ത്യൻ ഭൂവിസ്തൃതിയുടെ 10 ശതമാനം മാത്രമേ വരൂ. പക്ഷേ ബലൂചിസ്ഥാനിൽ ജനസംഖ്യ കുറവാണ്. 22 കോടിവരുന്ന രാജ്യ ജനസംഖ്യയിൽ വെറും ഒരു കോടി 20 ലക്ഷം മാത്രമാണ് ബലൂചികൾ. അതുകൊണ്ടുതന്നെ വെറും 6 സീറ്റുകളാണ് പാക് പാർലമെന്റിലേക്ക് ഇവിടെനിന്നുള്ളത്.

മലനിരകളും ഊഷരഭൂമിയുമാണ് ഏറെയും. പക്ഷേ കോപ്പർ, ഗോൾഡ്, മിനറൽസ് നാച്ച്വറൽ ഗ്യാസ് എന്നിവകൊണ്ട് സമ്പുഷ്ടമായ മേഖലയുമാണ്. ഭൂമി ശാസ്ത്രപരമായി ഏറെ പ്രത്യേകതകളും പ്രാധാന്യവുമുള്ള മേഖലയാണ് ബലൂചിസ്ഥാൻ. മിഡിൽ ഈസ്റ്റ്, സൗത്ത് വെസ്്റ്റ് ഏഷ്യ, സെൻട്രൽ ഏഷ്യ, സൗത്തേഷ്യ എന്നിവിടങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശം. അന്താരാഷ്ട്ര വാണിജ്യ ഭൂപടത്തിൽ ഏറ്റവുമധികം പ്രാധാന്യമുള്ള ഹോർമൂസ് ഉൾക്കടൽ കിടക്കുന്ന ഇവിടെയാണ് സെൻട്രൽ ഏഷ്യയിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ തുറമുഖങ്ങൾ സ്ഥിതി ചെയ്യുന്നതും. അറേബ്യൻ കടലുമായി ചൈനയെ ബന്ധിപ്പിക്കുന്ന പാക്കിസ്ഥാനിലൂടെയുള്ള ഇകണോമിക് കോറിഡോറും സ്ഥിതി ചെയ്യുന്നത് ബലൂചിസ്ഥാനിലെ മക്രാൻ തീരത്താണ്. അങ്ങനെ അതീവ തന്ത്ര പ്രധാനമായ മേഖലയാണ് ഇവിടം. 60 ബില്യൻ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി വരുന്നത് ഇവിടെയാണ്. എന്നിട്ടും ഏറ്റവും ദരിദ്രമായ പ്രവിശ്യയായി ഇത് മാറി.

ബലൂചികൾ 1947 മുതൽ ഒരു സ്വതന്ത്ര രാഷ്ട്രം ആവശ്യപ്പെടുന്നു. ബലൂച് ദേശീയത. മതം അടിസ്ഥാനമാക്കിയല്ല. വംശീയതയെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രമാണ് അവർക്ക് വേണ്ടത്. നേരത്തെ തന്നെയും ബലൂചിസ്ഥാൻ മേഖല ഏറെ പ്രശ്‌നഭരിതമാണ്. അഫ്ഗാൻ സർക്കാരിനെതിരെ പൊരുതുന്ന അഫ്ഗാൻ താലിബാൻ താവളമടിച്ചിരിക്കുന്നത് ഇവിടെയാണ്. ഇറാനും പാക്കിസ്ഥാനുമായുള്ള നിരന്തര കലഹത്തിന്റെ കേന്ദ്രവും ഇവിടെത്തന്നെ. ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ പൊരുതുന്ന സുന്നി വിമത ഗ്രൂപ്പുകളുടെ താവളവുമാണ് ഇവിടം.

സ്വതന്ത്ര്യത്തിനായുള്ള ബലൂചികളുടെ സമരത്തിന് പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ട്. 9 നൂറ്റാണ്ടായി അവർ പൊരുതികയാണ്. 1973 മുതൽ 1977 വരെയുള്ള്ള കാലയളവിൽ ബലൂചിസ്താൻ പോരാളികളും പാക്കിസ്ഥാൻ സൈന്യവും തമ്മിൽ നിരന്തരം ഏറ്റുമുട്ടിയിരുന്നു.



പാക്കിസ്ഥാനിൽ നിന്ന് മോചനം ആവശ്യപ്പെട്ട് ആയിരക്കണക്കിന് ബലൂചികൾ തെരുവിൽ ഇറങ്ങാറുണ്ട്. പക്ഷേ ബലൂചികളുടെ പ്രശ്നത്തെ കൃത്യമായി അഭിസംബോധന ചെയ്യാനോ, വികസനം കൊണ്ടുവരാനോ ഒന്നും പാക്കിസ്ഥാനിൽ മാറിമാറി വന്ന സർക്കാറുകളോ, പട്ടാള ഭരണാധികാരികളോ ഒട്ടും ശ്രമിച്ചിരുന്നില്ല. പകരം പർവേസ് മുഷ്റഫിന്റെ കാലത്തൊക്കെ അവർ കടുത്ത രീതിയിൽ ആക്രമിക്കപ്പെട്ടു. പാക് താലിബാനെ വാടകയ്ക്ക് എടുത്താണ് ബലൂചികൾക്ക് നേരെ ആക്രമണം നടത്തിയത്. ഒപ്പം പാക്കിസ്ഥാൻ പട്ടാളവും. അക്കാലത്ത് ബലൂചി കുടുംബങ്ങളിൽ നിന്ന് പൊടുന്നനെ കാണാതാവലുകൾ ഉണ്ടായി. നൂറുകണക്കിന് ചെറുപ്പക്കാരെ പട്ടാളം പിടിച്ചുകൊണ്ടുപോയി. ഇവർ എവിടെയാണെന്ന് ഇന്നും ഒരു വിവരവുമില്ല. ഇതിൽ പ്രതിഷേധിച്ച് ആയിരത്തോളം കിലോമീറ്ററുകൾ നടന്നുകൊണ്ട് ബലൂചികൾ നടത്തിയ ലോങ്ങ് മാർച്ച് വലിയ ശ്രദ്ധ നേടിയിരുന്നു.

പാക്കിസ്ഥാൻ ഭരണകൂടത്തേക്കൾ ബലൂചികൾക്ക് വെറുപ്പുള്ള ഒരു രാജ്യമാണ് ചൈന. വിവിധ റോഡ് നിർമ്മാണത്തിനും തുറമുഖ നിർമ്മാണത്തിനും, ഒക്കെയായി ബലുചിസ്ഥാനിൽ എത്തിയ ചൈന ഇപ്പോൾ അവിടം അടക്കി ഭരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുക. ഇതിനെതിരെ 2022 മെയിൽ കറാച്ചിയിൽ മൂന്ന് ചൈനീസ് വംശജരെ ഉൾപ്പെടെ നാലുപേരെ, രണ്ടുകുട്ടികളുടെ അമ്മയായ ഒരു അദ്ധ്യാപിക, ബലൂചിസ്ഥാൻ ലിബറേഷൻ ആർമിക്കുവേണ്ടി ചാവേറായി കൊലപ്പെടുത്തിയിരുന്നു. ഇങ്ങനെ സങ്കീർണ്ണവും സംഘർഷഭരിതവുമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിന് പകരം ബലൂച് തീവ്രാദികളെ അടിക്കാൻ കുറേ സുന്നി തീവ്രവാദികളെ പ്രമോട്ട് ചെയ്യുക എന്ന തീക്കളിയാണ് പാക്കിസ്ഥാൻ നടത്തിയത്. അവരാണ് ഇറാനുമായി ഉടക്കുന്നതും.

ഇറാനിലും ബലൂചികൾ പ്രക്ഷോഭത്തിൽ

ബലൂചിസ്ഥാനിലെ മറ്റൊരു വലിയ ഭാഗം സ്ഥിതിചെയ്യുന്നത് ഇറാനിലാണ്. ഇറാനിലെ 31 പ്രവിശ്യകളിൽ ഏറ്റവും വലിയ രണ്ടാമത്തെ പ്രവിശ്യയാണ് സിസ്താൻ-ബലുചിസ്ഥാൻ. ഷിയ ഭൂരിപക്ഷ ഇറാനിൽ, സിസ്താൻ ബലൂചിസ്ഥാൻ മേഖലയിൽ കൂടുതലുമുള്ളത് സിസ്താനി പേർഷ്യൻ ഗോത്രത്തിൽപ്പെട്ടവരും സുന്നി മുസ്ലിമുകളുമാണ്. ഷിയാ ഭൂരിപക്ഷമായ ഈ രാഷ്ട്രം ഇവിടുത്തെ സുന്നികളെ അവഗണിക്കയാണെന്നാണ് ബലൂചികളുടെ പരാതി.

2004-മുതൽ ഇറാനിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് ബലൂചിസ്ഥാൻ വിഘടനവാദികൾ സായുധ പോരാട്ടം നടത്തുന്നുണ്ട്. എന്നിരുന്നാലും പാക്കിസ്ഥാൻ മേഖലയിലേത് പോലെ തീവ്രമായ ഏറ്റുമുട്ടലുകൾ ഇറാൻ ഭാഗത്തുനടക്കുന്നില്ല. ഇപ്പോൾ ഇറാൻ ആക്രമിച്ച ജെയ്ഷ് അൽ അദിൽ ആണ് പ്രധാന വിഘടനവാദ ശക്തി. 2002-ൽ രൂപീകരിച്ച ജുൻദല്ലയാണ് സായുധ നീക്കങ്ങൾ വലിയതോതിൽ വ്യാപിപ്പിച്ചത്. ഇവരുടെ നേതാവ് അബ്ദുൾ മാലേക് രിഗിയെ ഇറാൻ പിടികൂടുകയും 2010-ൽ വധിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ഈ സംഘടന ഏറെക്കുറെ നിർജ്ജീവമായി. 2012-ൽ ജുംദല്ലയിലെ ഭൂരിപക്ഷം അംഗങ്ങളും ജയ്ഷ് അൽ അദലിൽ ചേർന്നു. പാക് ബലൂചിസ്ഥാൻ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. സവാവുദീൻ ഫാറൂഖി ആണ് ഈ സംഘടനയുടെ നിലവിലെ നേതാവ്.

ബലൂചിസ്ഥാനിലെ മറ്റൊരു പ്രധാനപ്പെട്ട ഭാഗം സ്ഥിതി ചെയ്യുന്നത് അഫ്ഗാനിസ്ഥാനിലാണ്. അഫ്ഗാന്റെ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ മേഖലയിൽ, മറ്റു രണ്ടു രാജ്യങ്ങളെ അപേക്ഷിച്ച് പ്രശ്‌നങ്ങൾ കുറവാണ്. വടക്കൻ ബലൂചിസ്ഥാൻ എന്നാണ് ഈ മേഖല അറിയപ്പെടുന്നത്. അഫ്ഗാനിൽ പരിശീലനം ലഭിച്ച ബലൂച് വിഘടനവാദികൾ ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കാളികളാകാറുണ്ട്. ഫ്രണ്ടിയർ കോർപ്‌സ് എന്ന വിഘടനവാദി ഗ്രൂപ്പിന് അഫ്ഗാനിൽ 30 ട്രെയിനിങ് ക്യാമ്പുകളുണ്ടെന്നാണ് കരുതുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഒന്ന് മറ്റൊന്നിന് വളം വെക്കുന്നു. ഇരവാദവും, തീവ്രവാദവും, അമിത ദേശീയതയും, ഗോത്രീയതയും ഒന്നിന്നും പരിഹാരമല്ല എന്ന് ഈ അനുഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.

ഇറാഖിനെ ഇറാൻ ആക്രമിച്ചതെന്തിന്?

80കളിൽ നടന്ന ഇറാൻ- ഇറാഖ് യുദ്ധത്തിന്റെ കെടുതികൾ ഇനിയും ഇരുരാജ്യങ്ങളിൽനിന്നും മാറിയിട്ടില്ല. 1980 സെപ്റ്റംബർ 2ന് ആരംഭിച്ച എട്ടുവർഷം നീണ്ട യുദ്ധമായിരുന്നു ഇറാൻ-ഇറാഖ് യുദ്ധം. 1988 ഓഗസ്റ്റ് 20ന് യുദ്ധം അവസാനിച്ചു. മുൻപ് നടത്തിയ കരാർ പ്രകാരം ഇറാന് വിട്ടു കൊടുത്ത പ്രദേശങ്ങൾ തിരികെ വേണം എന്ന് സദ്ദാം ഹുസൈൻ ആവശ്യപ്പെട്ടതാണ് യുദ്ധ കാരണം. പക്ഷേ ആ സദ്ദാം ഹുസൈൻ ഇന്നില്ല. ഇറാഖ് ആവട്ടെ ആകെ തകർന്ന് തരിപ്പണമായ അവസ്ഥയിലുമാണ്. പക്ഷേ ഇപ്പോൾ ബലൂചിസ്ഥാൻ പോലെ കുർദിസ്ഥാൻ എന്ന പ്രശ്നത്തിന്റെ പേരിലാണ്, പാക്കിസ്ഥാനൊപ്പം ഇറാഖിനെയും ഇറാൻ ആക്രമിച്ചത്. വടക്കൻ ഇറാഖിലെ കുർദിസ്ഥാൻ നഗരമായ ഇർബിലിലും, വടക്കൻ സിറിയയിലെ ഐഎസ് താവളങ്ങളിലുമാണ് ഇറാൻ മിസൈലാക്രമണം നടത്തിയത്.

ഇറാഖിലെ അർധ സ്വയംഭരണ മേഖലയാണു കുർദിസ്ഥാൻ. കുർദ് തലസ്ഥാനനഗരമായ ഇർബിലിൽ ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനമാണു ബോംബിട്ടു തകർത്തതെന്നാണ് ഇറാന്റെ വാദം. മിസൈലാക്രമണത്തിൽ പ്രമുഖ കുർദിഷ് വ്യവസായി പേഷ്റോ ദിസായിയും അദ്ദേഹത്തിന്റെ കൈക്കുഞ്ഞുമടക്കം നാലു പേരാണു കൊല്ലപ്പെട്ടത്. പക്ഷേ തങ്ങൾക്ക് മൊസാദുമായി ഒരു ബന്ധവുല്ലെന്നാണ് കുർദ് നേതാക്കൾ പറയുന്നത്. ആക്രമണത്തിൽ പ്രതിഷേധിച്ചു കുർദിഷ് പ്രധാനമന്ത്രി മസ്റൂർ ബർസാനി ഇറാഖ് വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്.

കുർദുകൾ പരമ്പരാഗതമായി പാശ്ചാത്യശക്തികൾക്കൊപ്പമാണ്. വംശീയ ന്യൂനപക്ഷങ്ങളായ ഇവരെ രാസായുധം പ്രയോഗിച്ചുവരെ ഉന്മൂലനം ചെയ്യാനാണ് സദ്ദാഹുസൈൻ ശ്രമിച്ചത്. അതുകൊണ്ടുതന്നെ കുർദുകൾ അമേരിക്കയടക്കമുള്ള നാറ്റോ സഖ്യകക്ഷികൾക്ക് ഒപ്പമാണ്. അതുകൊണ്ടുതന്നെ അവർ ഇസ്രയേലുമായി നല്ല ബന്ധത്തിലാണ്. ഈ സംശയമാണ് ഇറാന്റെ ആക്രമണത്തിന് പിന്നിലെന്നാണ്, അൽജസീറ അടക്കമുള്ള മാധ്യമങ്ങൾ പറയുന്നത്. 2003ൽ സദ്ദാം ഹുസൈൻ അധികാരഭ്രഷ്ടനായശേഷം ശക്തിപ്രാപിച്ച ഷിയാ സംഘടനകളിലൂടെ ഇറാഖ് രാഷ്ട്രീയത്തിലും ഭരണത്തിലും ഇറാനു നിർണായക സ്വാധീനമാണുള്ളത്. പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി അധികാരത്തിലെത്തിയത് ഇറാൻ അനുകൂല ഷിയ സംഘടനകളുടെ പിന്തുണയോടെയാണ്. അതുകൊണ്ടുതന്നെ ഈ ആക്രമണത്തോട് മൃദു സമീപനമാണ് ഇറാഖ് എടുത്തിരിക്കുന്നത് എന്നാണ് വിമർശനം.

പക്ഷേ കുർദുകൾ അങ്ങനെ വെറുതെയിരിക്കുന്നവരല്ല. അതിലുമുണ്ട് തീവ്രവാദ സംഘടകൾ. അവർ ഇനി ഏതുവിധേനെയും ഇറാനോട് പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിക്കും. അതായത് പകരത്തിന് പകരമായി ഒരു ചങ്ങലപോലെ തീവ്രവാദം തുടരുകയാണ്.

ഇന്ത്യ നിരീക്ഷിക്കുന്നു

ബലൂചിസ്ഥാനിലടക്കം നടക്കുന്ന സംഭവങ്ങൾ കാര്യമായി ബാധിക്കുന്ന രാജ്യമാണ് ഇന്ത്യ. പക്ഷേ ഇപ്പോൾ ഇന്ത്യ ഒരു നിരീക്ഷകന്റെ റോളിലാണ് നിൽക്കുന്നത്. പാക്കിസ്ഥാനെതിരായ ഇറാന്റെ മിസൈൽ ആക്രമണം ആ രണ്ടു രാജ്യങ്ങളെ മാത്രം ബാധിക്കുന്ന വിഷയമാണെന്ന നിലപാടാണ് ഇന്ത്യ എടുത്തിരിക്കുന്നത്. പ്രതിരോധത്തിന്റെ ഭാഗമായി ഓരോ രാജ്യങ്ങളും സ്വീകരിക്കുന്ന നടപടികൾ മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അതേസമയം ഭീകരവാദത്തോട് യാതൊരുവിധ സന്ധിയുമില്ലെന്ന നിലപാട് അധികൃതർ ആവർത്തിച്ചു. 'ഇത് ഇറാനും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭീകരവാദത്തോട് യാതൊരു സന്ധിയുമില്ല എന്നതാണ് നിലപാട്. സ്വയരക്ഷയ്ക്കും പ്രതിരോധത്തിനുമായി രാജ്യങ്ങൾ സ്വീകരിക്കുന്ന നടപടികൾ ഇന്ത്യ മനസ്സിലാക്കുന്നു.'' വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

പക്ഷേ ഭാവിയിൽ ഇത് ഇന്ത്യക്കുനേരെ തിരിയാനും നല്ല സാധ്യതയുണ്ട്. കാരണം 2016ൽ ഇന്ത്യാ- പാക്ക് ബന്ധം ഏറെ വഷളായിരിക്കെ, സ്വതന്ത്ര്യദിനത്തിലെ ചെങ്കോട്ട പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബലൂചികളുടെ പ്രശ്നം എടുത്തിട്ടതും അത് ലോക ശ്രദ്ധയിൽ കൊണ്ടുവന്നതും. 'ഇന്ന് ഇവിടെ ചെങ്കോട്ടയിൽ നിൽക്കുമ്പോൾ ചില മനുഷ്യരോട് എനിക്ക് നന്ദി പറയേണ്ടതുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ബലൂചിസ്ഥാൻ, ഗിൽഗിത്, പാക് അധീന കാശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള ജനങ്ങൾ എന്നോട് നന്ദി പറഞ്ഞു. അവർക്കുള്ള കൃതജ്ഞത അറിയിച്ചു. അവർ ഒരുപാട് അകലെ താമസിക്കുന്നവരാണ്, അവരെ ഒരിക്കലും കണ്ടിട്ടില്ല. ആ ജനങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രിയെ നന്ദി അറിയിക്കുമ്പോൾ അത് 125 കോടി ജനങ്ങൾക്കുമുള്ള ആദാവാണ്'- പ്രധാനമന്ത്രി അന്ന് പറഞ്ഞത് ഇങ്ങനെയാണ്.

ഇത് വലിയ വാർത്തയായതോടെ, ബലൂചിസ്ഥാൻ സമരത്തെ ഇന്ത്യ പിന്തുണക്കുന്നുവെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. ഇതോടെ ഇന്ത്യൻ പതാക ഉയർത്തി ബലൂചികൾ പ്രകടനം നടത്തിയതും രാജ്യാന്തര മാധ്യമങ്ങളുടെ തലക്കെട്ടുകൾ ആകർഷിച്ചിരുന്നു. ബലൂചിസ്ഥാൻ വിഘടവാദ ഗ്രൂപ്പുകൾക്ക് ഇന്ത്യൻ സഹായം ലഭിക്കുന്നുണ്ടെന്നും പാക്കിസ്ഥാൻ ആരോപിക്കുന്നുണ്ട്. ഇന്ത്യൻ ചാര സംഘടന റോയാണ് ഓപ്പറേഷനുകൾക്കു പിന്നിൽ എന്നും അവർ ആരോപിക്കുന്നു. വിഘടനവാദികൾക്ക് പണവും ആയുധവും എത്തുന്നത് ഇന്ത്യൻ ഭാഗത്തുനിന്നാണെന്നും കാശ്മീർ വിഷയത്തിന് പകരം പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും പാക്കിസ്ഥാൻ ആരോപിക്കുന്നു. 2009-ൽ കൊല്ലപ്പെട്ട അക്‌ബർ ബുഗ്തിക്ക് ആയുധ സഹായം നൽകിയതു അദ്ദേഹത്തിന്റെ കുടുംബത്തേയും കൂട്ടാളികളേയും സംരക്ഷിച്ചു നിർത്തിയതും ഇന്ത്യയാണെന്നും ആരോപണമുണ്ട്.

എന്നാൽ ഇന്ത്യ ഈ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. ബലൂചിസ്താൻ ലിബറേഷൻ ആർമി നേതാക്കൾക്ക് ഇന്ത്യയിൽ ചികിത്സ നടത്തിയതായി മുൻപ് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്ര സഭയിൽ അടക്കം പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. അതുകൊണ്ടുതന്നെ പുതിയ സംഭവികാസങ്ങളിൽ ഇന്ത്യയും കരുതിയിരിക്കേണ്ടതാണ്.

വാൽക്കഷ്ണം: തീവ്രവാദംകൊണ്ടും, വംശീയതയും വർഗീയതയും കൊണ്ടും പകരത്തിന് പകരം കളിക്കാൻ നിന്നാൽ അത് തീക്കളിയാവുമെന്നാണ്, ഈ രാജ്യങ്ങളുടെ അവസ്ഥ വ്യക്തമാക്കുന്നത്. മതവും, വംശവും, ഗോത്രവും എടുത്തിട്ടുകൊണ്ട് ഒരു പ്രശ്നവും പരിഹരിക്കാൻ കഴിയിലെന്നും, ഈ കൂട്ടയടി ഓർമ്മിപ്പിക്കുന്നു.