രേതാത്മാവിനെ നിങ്ങൾക്ക് ഒരു ബോർഡിലേക്ക് വരുത്തിക്കാൻ കഴിയുമോ? എന്നിട്ട് നിങ്ങൾക്കുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയിക്കാൻ കഴിയുമോ? ഒറ്റ നോട്ടത്തിൽ തന്നെ അംസംബന്ധം എന്ന് തോന്നുന്ന ഒരു സാധനം, പക്ഷേ നൂറ്റാണ്ടുകളായി ഈ ലോകത്ത് നിലനിന്നു പോരുന്നുണ്ട്. അത് കുറേ വർഷങ്ങൾക്ക് മുമ്പുതന്നെ കേരളത്തിലും എത്തിയിട്ടുണ്ട്. ഇപ്പോൾ അത് വീണ്ടും ചർച്ചയാവുന്നത്, സൗബിൻ ഷാഹിർ നായകനായ 'രോമാഞ്ചം' എന്ന ഒരു ഹിറ്റ് സിനിമയിലൂടെയാണ്. നായകനും കൂട്ടരും ഓജോ ബോർഡ് കളിക്കുന്നതും, അതുമായി ഉണ്ടാവുന്ന പ്രശ്നങ്ങളുമാണ് തമാശയിൽ ചാലിച്ച് ചിത്രം പറയുന്നത്. സിനിമയെടുക്കുന്നവർ വിനോദം മാത്രമാണ് ലക്ഷ്യമിടുന്നത്. അതിൽ ശാസ്ത്രബോധം വളർത്തലും, പൊളിറ്റിക്കൽ കറക്ട്നെസ്സും ഒന്നും ചികഞ്ഞ് നോക്കേണ്ട കാര്യമില്ല. പക്ഷേ ഓജോ ബോർഡ് ശരിയാണെന്ന് വിശ്വസിക്കുന്ന ഒരു ചെറുതല്ലാത്ത വിഭാഗം കേരളത്തിലും ഉണ്ടെന്നതാണ് യാഥാർഥ്യം.

വിദേശരാജ്യങ്ങളുടെ അത്രയില്ലെങ്കിലും മലയാളത്തിലും പ്രശസ്തമാണ് ഓജോ ബോർഡ് എന്ന ആധുനിക അന്ധവിശ്വാസം. 2005ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ 'അപരിചിതൻ' എന്ന സിനിമയിൽ ഒരു പ്രധാനഘടകമായി ഇത് വരുന്നുണ്ട്. കേരളത്തിലെ സോഷ്യൽ മീഡിയയിലേക്കും വന്നാൽ അമ്പരിപ്പിക്കുന്ന ആരാധകരും, കളിക്കാരുമാണ് ഓജോ ബോർഡിനുള്ളത്. പലരും ഇടുന്ന ഓജോ അനുഭവങ്ങൾ കണ്ടാൽ ഞെട്ടിപ്പോകും. ഹോസ്റ്റലുകളിലും, യുവാക്കളുടെ കൂട്ടായ്മകളിലും, ടെക്കികളുടെ യോഗങ്ങളിലമൊക്കെ ഓജോ ഒരു വലിയ വിഷയമായി നിലനിൽക്കുന്നു. സ്‌കൂൾ കുട്ടികൾക്കിടയിലും ചെറുതല്ലാത്ത സ്വാധീനം ഇതിന് കിട്ടി വരികയാണ്.

ഒരു തമാശയെന്ന നിലക്ക് നമുക്ക് എന്തും സ്വീകരിക്കാം. ഭൂരിഭാഗംപേരും ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ വിടുന്നവർ ആണ്. അവർ ഓജാ ബോർഡിനെയും, പ്രേതത്തെയുമൊന്നും ഉള്ളിലേക്ക് എടുക്കുന്നില്ല. പക്ഷേ വേറെ ഒരു വിഭാഗമുണ്ട്. വളരെ പെട്ടെന്നുതന്നെ ഇത്തരം കാര്യങ്ങളിൽ വിശ്വസിക്കുകയും ഗെയിമുകൾക്ക് അടിമപ്പെടുകയും ചെയ്യും. അവർക്ക് അങ്ങേയറ്റം ഹാനികരമാണ് ഈ കളി. മാനസിക ആരോഗ്യം തകരുകയും, പഠനത്തിൽനിന്നും ജോലിയിൽ നിന്നുമൊക്കെ വല്ലാതെ പിറകോട്ട് അടിക്കുന്ന അവസ്ഥയും ഇതുമൂലം ഉണ്ടാവും.

ഇത്തരം കളികളിൽ അഡിക്ഷനായി മാനസിക നില തകർന്നവർ വിദേശരാജ്യങ്ങളിൽ എത്രയോ ഉണ്ട്. അതിലേക്ക് കേരളം എത്താതിരിക്കണമെങ്കിൽ നിങ്ങൾ ഇതിനെ വെറുമൊരു തമാശയും, കഥയുമായി മാത്രം കാണണം. ഒപ്പം എങ്ങനെ ഓജോ ബോർഡ് പ്രവർത്തിക്കുന്നുവെന്ന് ശാസ്ത്രീയമായി അറിയുകയും വേണം.

എന്താണ് ഓജോബോർഡ്?

'രോമാഞ്ചം' സിനിമയിൽ കാണിക്കുന്നപോലെ അക്ഷരങ്ങളും അക്കങ്ങളുമുള്ള ഏത് ബോർഡിനെയും ഓജോ ബോർഡായി മാറ്റിയെടുക്കാം. ഇതിന്റെ വിവിധ രൂപങ്ങൾ ഓൺലൈനിൽ സേർച്ച് ചെയ്താൽ കാണാം. ഇംഗ്ലിഷ് അക്ഷരമാലയിലെ അക്ഷരങ്ങളും പൂജ്യം മുതൽ ഒമ്പത് വരെയുള്ള അക്കങ്ങളുമാണ് സാധാരണ ഓജോ ബോർഡിൽ അടയാളപ്പെടുത്തിയിട്ടുണ്ടാവുക. യെസ്, നോ, ഹലോ, ഗുഡ് ബൈ എന്നീ വാക്കുകളും ചില ചിത്രപ്പണികളും ചിഹ്നങ്ങളും വരച്ചു ചേർത്ത ഒരു ബോർഡുകളും ഉണ്ട്. കൂട്ടമായോ ഒറ്റക്കോ നിങ്ങൾക്ക് കളിക്കാം. പ്ലാൻചേ എന്ന് വിളിക്കുന്ന ത്രികോണാകൃതിയിലുള്ള വസ്തുവാണ് ഓജോ ബോർഡിന് മുകളിൽ വെക്കുക. ഇതിൽ കളിക്കുന്നവർ വിരൽ ചേർത്ത് വെക്കണം. നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് പ്ലാൻചേ നീക്കിക്കൊണ്ട് ഓജോ ബോർഡിലൂടെ ആത്മാവ് മറുപടി നൽകുമെന്നാണ് കരുതപ്പെടുന്നത്.

പലയിടത്തും ഈ പ്ലാൻചേ എന്നത് ഒരു നാണയം ആണ്. ഓജോ ചെയ്യാൻ തയ്യാറെടുക്കുന്നവർ ഈ നാണയത്തിൽ വിരൽവെക്കും. അപ്പോൾ 'ആത്മാവ്' പറയുന്ന വാക്കുകൾക്ക് അനുസരിച്ച് വിരൽ ചലിക്കും. ഇതും പല നാടുകളിലും, പലരീതിയിൽ ചെയ്യുന്നുണ്ട്. ചിലർ വെറുതെ നാണയത്തിൽ കൈവെക്കും. ചിലർ 'രോമാഞ്ചം' സിനിമയിൽ കണ്ടപോലെ, ഒരു മെഴുകുതിരി കത്തിച്ച് അത് ഗ്ലാസ് കൊണ്ട് അടച്ച് അതിന്റെ മുകളിലാണ് നാണയം വെക്കുക. യൂട്യുബിൽ ഒന്ന സേർച്ച് ചെയ്ത് നോക്കിയാൽ നിങ്ങൾക്ക് പലരീതിയിലുള്ള ഓജോ ഗെയിമുകൾ കാണാൻ കഴിയും.

ഇപ്പോൾ ഓൺലൈനിലും ഓജോ ബോർഡ് കളി തുടങ്ങിയിട്ടുണ്ട്. ചില രാജ്യങ്ങളിലൊക്കെ ഇത് ഓൺലൈൻ മന്ത്രവാദത്തിന് സമാനമായ, നല്ല പണം കിട്ടുന്ന ഏർപ്പാടാണ്. നമ്മുടെ രാജ്യത്തെ മന്ത്രവാദികളെപ്പോലെ, ഫ്രാൻസും, ജർമ്മനിയും, അമേരിക്കയും, യു കെയുമടക്കമുള്ള രാജ്യങ്ങളിൽ ഓജോ ബോർഡ് മാസ്റ്റേഴ്സുമുണ്ട്. അതായത് നിങ്ങൾക്ക് ഒരുകാര്യം 'ആത്മാവിൽനിന്ന്' അറിയണമെങ്കിൽ പണം കൊടുത്ത് അവരുടെ സേവനം നേടാം. പക്ഷേ ഇത് വിനോദത്തിനാണ് നടത്തുന്നതെന്ന നിയമപരമായ മൂൻകരുതൽ പ്രദർശിപ്പിക്കണം എന്ന് മാത്രം. യൂറോപ്പിൽ ജോത്സ്യന്മാർക്കുപോലും ആ രീതിയിലാണ് പ്രവർത്തന അനുമതിയുള്ളത്.

പക്ഷേ ഇപ്പോൾ വൻതോതിലുള്ള ഓജോ കൾട്ടുകൾ യൂറോപ്പിൽ തലപൊക്കുകയാണെന്ന് പുതിയ റിപ്പോർട്ടുകൾ ഉണ്ട്. ബിബിസിയുടെ 2018ലെ വാർത്തയിൽ ബ്രിട്ടനിൽ മാത്രം പതിനായിരം പേരിൽ അധികം വരുന്ന ഓജോ ഗ്രൂപ്പുകൾ ഉണ്ടത്രേ. അവിശ്വസനീയമായ ആത്മാവ് അനുഭവങ്ങളാണ് ഇവർ പറയുന്നത്.

നൂറ്റാണ്ടുകൾ മുമ്പ് പ്രചരിച്ച നിഗൂഡത

'അതെ' എന്നതിനുള്ള ഫ്രഞ്ച്, ജർമ്മൻ പദങ്ങളുടെ സംയോജനത്തിൽ നിന്നാണ് ഓജോ എന്ന പേര് വന്നത്. ഓജോ ബോർഡിന്റെ ചരിത്രം നോക്കിയാൽ അത് പത്താം നൂറ്റാണ്ട് മുതൽ തുടങ്ങുന്നുവെന്നാണ് ഇതേക്കുറിച്ച് പഠിച്ചവർ പറയുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, ജോത്സ്യവും, മഷിനോട്ടവും പോലെ ഇതും നിലനിന്നിരുന്നു. ടംബ്ലർ ജോത്സ്യം എന്ന് പണ്ടുകാലത്ത് അറിയപ്പെട്ടിരുന്നത് ഇതുതന്നെയാണ്. ഒരു ടംബ്ലറിലേക്ക് 'ആത്മാവിനെ ആവാഹിച്ച്' അത് നൽകുന്ന സൂചനകളിലൂടെ കാര്യങ്ങൾ പറയുകയായിരുന്നു ഇതിന്റെ രീതി. പല രീതിൽ, പല രൂപത്തിൽ ഈ 'ആത്മാവ്' സമ്പർക്കം, അറേബ്യയിലും, ഇന്ത്യയിലും, ചൈനയിലും, ആഫ്രിക്കയിലുമൊക്കെയുണ്ടായിരുന്നു.

ഓജോ ബോർഡിൽ ഉപയോഗിച്ചിരുന്ന ഓട്ടോമാറ്റിക് എഴുത്ത് രീതിയെക്കുറിച്ചുള്ള ആദ്യത്തെ പരാമർശങ്ങളിലൊന്ന് ചൈനയിലെ സോംഗ് രാജവംശത്തിന്റെ ചരിത്ര രേഖകളിലാണ്. ഏകദേശം 1,100 എഡിയിൽ ചൈനയിൽ കണ്ടെത്തിയ ഈ രീതി 'പ്ലാഞ്ചെറ്റ് റൈറ്റിങ്' എന്നാണ് അറിയപ്പെട്ടിരുന്നത്. ക്വിങ്ങ് രാജവംശം നിരോധിക്കുന്നതുവരെ, ഇത് തുടർന്നു.

യുദ്ധവും, പകർച്ചവ്യാധികളുമൊക്കെയായി ലോകത്ത് അസ്വസ്ഥതകൾ പടരുമ്പോഴാണ് ഓജോബോർഡ് ഉയർത്തെഴുനേൽക്കാറുള്ളത്. അമേരിക്കൻ ആഭ്യന്തരയുദ്ധക്കാലത്താണ് ഇത് അവിടെ വൻതോതിൽ പ്രചരിച്ചത്. യുദ്ധത്തിൽ മരിച്ചവരെ വിളിച്ചുവരുത്തിയുള്ള വിവരങ്ങൾ അറിയൽ അക്കാലത്ത് വ്യാപകമായി നടന്നു. 1,886ഓടെ ടോക്കിങ് ബോർഡുകളുടെ ഉപയോഗം അമേരിക്കയിൽ വളരെ സാധാരണമായിരുന്നു, ഒഹായോയിലെ ആത്മീയവാദികൾ ഇവയെ ഏറ്റെടുത്തു. വൈകാതെ തന്നെ ഓജോബോർഡുകൾ വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കാനും തുടങ്ങി.

പക്ഷേ 1913ൽ ഒരു അമേരിക്കൻ വീട്ടമ്മയായ പേൾ കറന്റെ അനുഭവങ്ങളാണ് ഓജോക്ക് ഇത്രയും കീർത്തി നേടിക്കൊടുത്തത്. അമേരിക്കയിലെ സെന്റ് ലൂയിസ് എന്ന പട്ടണത്തിലാണ് അവർ താമസിച്ചിരുന്നത്. തന്റെ ഭർത്താവ് ജോലിക്കു പോകുന്ന ഇടവേളയിലെ ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ പേൾ കണ്ടെത്തിയ ഹോബിയായിരുന്നു, കൂട്ടുകാരി എമിലി ഹച്ചിൻസനുമായി ചേർന്ന് ഓജോ ബോർഡ് കളിക്കുക എന്നത്. പക്ഷേ കുറേ മാസങ്ങൾക്ക് ശേഷം പേൾ കറൻ കവിതകളും കഥകളും എഴുതാൻ തുടങ്ങി. കോളേജിലൊന്നും പോയിട്ടില്ലാത്ത സ്‌കൂൾ ക്ലാസ്സുകൾ തന്നെ കഷ്ടിച്ച് പാസ്സായ പേൾ ഗംഭീരമായ ഇംഗ്ലീഷിൽ കവിതകളും കഥകളും എഴുതുന്നത് കണ്ട നാട്ടുകാർ ഞെട്ടി. ചോദിച്ചവരോടെല്ലാം ഓജോ ബോർഡിലൂടെ സൗഹൃദത്തിലായ എന്ന ആത്മാവാണ് തനിക്ക് ഇതെല്ലാം പറഞ്ഞു തരുന്നത് എന്നാണ് അവർ പറഞ്ഞത്.

കേട്ടവർ ഇതൊന്നും വിശ്വസിച്ചില്ലെങ്കിലും, പേൾ നീണ്ട 25 കൊല്ലങ്ങൾ എഴുത്ത് തുടർന്നു.ഇതിനിടയിൽ 2,500ൽപ്പരം കവിതകളും നൂറിൽപ്പരം ചെറുകഥകളും ആറ് മുഴുനീള നോവലുകളും എഴുതി. അഞ്ചു വർഷത്തിനിടെ നാലു മില്യൻ വാക്കുകൾ പേളിന്റെ തൂലികയിൽ പിറന്നു. 'ഞാൻ ടൈപ്പ് റൈറ്ററിന് മുന്നിൽ ഇരുന്നാൽ മതി ആത്മാവ് എന്റെ കാതിൽ സംസാരിച്ചു തുടങ്ങും' ഇതായിരുന്നു പേൾ തന്റെ എഴുത്തിനെപ്പറ്റി പറഞ്ഞത്. 1937ൽ പേൾ കറൻ അന്തരിച്ചു. ഈ കഥ വ്യാപകമായി പ്രചരിച്ചതും ഓജോബോർഡ് വ്യവസായത്തിന് ഗുണം ചെയ്തു. പക്ഷേ ഈ കഥയിലെ വാസ്തവം പിന്നീടാണ് പുറത്തായത്.

ഞെട്ടിപ്പിക്കുന്ന അനുഭവ കഥകൾ

രണ്ടാംലോക മഹായുദ്ധാനന്തരമാണ് യൂറോപ്പിൽ ഓജോബോർഡ് വ്യാപകമായത്. അസ്ഥിരതയും അശാന്തിയും ഉണ്ടാകുമ്പോൾ ജനം കുറുക്കുവഴികൾ തേടുക സ്വാഭിവികം. പക്ഷേ ഇപ്പോഴും യൂറോപ്പിൽ അത് തുടരുന്നു. റെഡ്ഡിറ്റ് എന്ന സൈറ്റ് 2017ൽ ഓജോ ബോർഡ് അനുഭവങ്ങൾ പങ്കുവെക്കാൻ ആവശ്യപ്പെട്ടപ്പോൾ വായനക്കാരുടെ കമന്റുകൾ നിറയുകയായിരുന്നു. അതിലൊരാൾ പറഞ്ഞത്, ഓജോബോർഡ് പ്രവചിച്ചത് സ്വന്തം അച്ഛന്റെ മരണം തന്നെയാണെന്നാണ്.

മറ്റൊരാൾക്കു പറയാനുണ്ടായിരുന്നത് അതിലും ഭീതിപ്പെടുത്തുന്ന കഥയായിരുന്നു. പന്ത്രണ്ടോ പതിമൂന്നോ വയസു പ്രായമുള്ളപ്പോൾ സുഹൃത്തിന്റെ വീട്ടിൽ വച്ചാണ് ആദ്യമായി ഓജോബോർഡ് കളിച്ചത്. സുഹൃത്തും സഹോദരിയും താനും ചേർന്നാണ് ആത്മാവിനെ വിളിച്ചുവരുത്തിയത്. ആദ്യം തെളിഞ്ഞത്, 'എനിക്കു ജനലിലൂടെ നിങ്ങളെ കാണാം'' എന്നായിരുന്നു, അതിനുശേഷം വന്നത് 'എനിക്ക് അവന്റെ കണ്ണുകളിലൂടെ നിങ്ങളെ കാണാം'' എന്നും. പിന്നീടും ചോദ്യങ്ങൾ ചോദിക്കൽ തുടർന്നതോടെ 'ഞാൻ കാറിനു കീഴിലുണ്ട്'' എന്ന മറുപടി ലഭിച്ചു. ഉള്ളിൽ ഭയമുണ്ടായിരുന്നുവെങ്കിലും മൂന്നുപേരും ചേർന്ന് ടോർച്ചുമെടുത്ത് കാറിനു കീഴിലേക്ക് തെളിച്ചു നോക്കിയപ്പോൾ അവിടെ ഒരു പൂച്ച ഇരുന്നു ചീറ്റുന്നതു കണ്ടു. പേടിയോടെ ഉള്ളിലേക്കു പോയതും കറണ്ടു പോയി വീടാകെ ഇരുട്ടിലായി. അന്നു പുലരുംവരെ ഉറങ്ങാനായില്ലെന്നും, പിന്നീട് ഇതുവരെയും ഓജോബോർഡ് കളിച്ചിട്ടില്ലെന്നും അയാൾ പറയുന്നു. നമ്മുടെ രോമാഞ്ചം സിനിമയിലും ഇതുപോലുള്ള അനുഭവങ്ങൾ കാണാം അതായത് ഇത്തരം കഥകൾ ലോകവ്യാപകം ആണെന്ന് ചുരുക്കം.

മറ്റൊരാൾക്ക് തന്റെ പിതൃസഹോദരിയുടെ അനുഭവമാണ് പറഞ്ഞത്. പതിനാറാം വയസിൽ അവർക്കൊരു പ്രണയമുണ്ടായിരുന്നു. ബോറടിച്ചിരിക്കുന്ന ഒരുസമയത്ത് അവർ ഓജോബോർഡ് കളിക്കാൻ തീരുമാനിച്ചു. അദൃശ്യനായ ഗുഡ്സ്പിരിറ്റിനോട് തങ്ങൾ വിവാഹം കഴിക്കുമോ എന്നു ചോദിച്ചപ്പോൾ അത് ഇല്ലെന്നു പറഞ്ഞു, ബ്രേക്അപ് ചെയ്യുമോ എന്നു ചോദിച്ചപ്പോഴും ഉത്തരം ഇല്ലെന്നായിരുന്നു അതിനുശേഷം ആരെങ്കിലും മരണപ്പെടുമോ എന്ന ചോദ്യത്തിന് അതെ എന്ന ഉത്തരവും അത് ആരായിരിക്കും എന്നു ചോദിച്ചപ്പോൾ ഗുഡ്ബൈ പറയുകയും ചെയ്തു. അധികകാലത്തിനു മുമ്പുതന്നെ അവരുടെ കാമുകൻ അപകടത്തിൽപ്പെട്ടു മരിച്ചു.

റെഡ്ഡിറ്റിലാകെ ഇപ്പോൾ ഇത്തരം സംഭവങ്ങൾ കൊണ്ടു നിറഞ്ഞു. ഇതുപോലെ നിരവധി പ്രേതാനുഭവ സൈറ്റുകളിലും സമാനമായ അനുഭവങ്ങൾ കാണാം. മലയാളിയോട് ചോദിച്ചാലും ഇതുപോലെ അനുഭവങ്ങൾ ഉണ്ടാവും.

കൈവിരൽ ചലിക്കുന്നതെങ്ങനെ?

ഇപ്പോൾ പാരാ സൈക്കോളജി എന്ന് പറഞ്ഞ് പഠനം നടത്തുന്നവർ ഓജോ ബോർഡിനെയും ഒരു ശാസ്ത്രമാക്കിയിട്ടുണ്ട്. പോസിറ്റീവ് എനർജി, നെഗറ്റീവ് എൻർജി എന്നു പറഞ്ഞുകൊണ്ടുള്ള കാര്യങ്ങളാണ് ഇവയിൽ കാണാൻ കഴിയുക. പക്ഷേ ഈ പാരാസൈക്കോളജി എന്ന് പറയുന്നതുതന്നെ ഒന്നാന്തരം കപടശാസ്ത്രം ആണെന്നും, ഒജോബോർഡിന് ശാസ്ത്രവുമായി യാതൊരു ബന്ധവുമില്ലെന്നും നിരവധി പഠനങ്ങളും ഗവേഷണങ്ങളും തെളിയിക്കുന്നു.

ഓജോ ബോർഡിൽ നാണയത്തിന് മുകളിൽ കൈ വിരൽ ചലിക്കുന്നതിനെ അതിൽ വിശ്വസിക്കുന്നവർ ആത്മാവുമായി ബന്ധപെടുത്തുമ്പോൾ ശാസ്ത്രസമൂഹം അതിനെ ഇഡിയോ മോട്ടോർ റെസ്പോൻസ് എന്നാണ് വിളിക്കുന്നത്. ഇതുപ്രകാരം ഉപബോധമനസാണ് നമ്മളറിയാതെ ഓജോ ചെയ്യുന്ന സമയത്ത് വിരലുകൾ ചലിപ്പിക്കുന്നത്. ഒരു തരം സെമി ട്രാൻസ് അവസ്ഥയാണ് അവർക്ക് ആ സമയത്ത് ഉണ്ടാവുന്നത്. ഓപ്പറേറ്റർമാർ ഓജോ ബോർഡിൽ നാണയം നീക്കി വാക്കുകളുണ്ടാക്കുന്നത് സ്വമേധയാ അല്ലെന്ന് നിരവധി പരീക്ഷണങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. രൂപപ്പെടുത്തുന്ന വാക്കുകളും വാക്യങ്ങളുമെല്ലാം അപ്പപ്പോൾ അവരുടെ മനസ്സിലുള്ള കാര്യങ്ങൾ മാത്രമാണ്. ഉദാഹരണമായി ഓജോബോർഡിൽ ഇരിക്കുന്നവർക്ക് അറിയാത്ത ഒരു കാര്യം ചോദിച്ചാൽ പ്രേതത്തിന് മറുപടിയുണ്ടാവില്ല. അപ്പോൾ 'ഉച്ചക്ക്ശേഷം ഞാൻ സാമവേദം തൊടില്ല' എന്ന മട്ടിൽ മുട്ടാപ്പോക്ക് പറഞ്ഞ് തടിയെടുക്കയാണ് ഓജോ ബോർഡ് മാസ്റ്റേഴ്സ് ചെയ്യാറുള്ളത്.

ആത്മീയ തട്ടിപ്പുകാരെ പൊളിച്ചടുക്കുന്ന, ശാസ്ത്രാന്വേഷകനും മജീഷ്യനുമായ ജെയിംസ് റാൻഡി ഇത് സംബന്ധിച്ച് നിരവധി വെല്ലുവിളികൾ നടത്തിയിട്ടും, ഒരു ഓജോബോർഡുകാരനും പിടിച്ച് നിൽക്കാൻ കഴിഞ്ഞിട്ടില്ല. കണ്ണ് കെട്ടിക്കൊണ്ട് ആത്മാവിനെ വരുത്താൻ ആയിരുന്നു റാൻഡിയുടെ വെല്ലുവിളി. ഒരാൾക്കും അതിന് കഴിഞ്ഞില്ല. കണ്ണുകെട്ടുമ്പോൾ ഉത്തരം എല്ലാം തെറ്റി. അതുപോലെ അക്ഷരങ്ങൾ മിസ് പ്ലേസ് ചെയ്ത ഒരു ബോർഡ് കൊടുത്തപ്പോൾ എല്ലാം തെറ്റി. ഓജോ മാസ്റ്റേഴ്സുമായി പന്തയം വെച്ച് റാൻഡി വൻ തുകകൾ നേടി. അതുപോലെ നാഷണൽ ജ്യോഗ്രഫിക്ക് ചാനലും ഓജോയെ തുറന്ന് കാട്ടിയിരുന്നു. അവരുടെ ബ്രെയിൻ ഗെയിംസ് ഷോയിലെ ഒരു എപ്പിസോഡിൽ ഓജോ ബോർഡ് ഓപ്പറേറ്റർമാരുടെയെല്ലാം കണ്ണ് കെട്ടി. അതോടെ ഓജോ ബോർഡിൽ നാണയം നീക്കി വാക്കുകൾ ഒന്നും രൂപപ്പെടുത്താനായില്ല.

അനുഭവങ്ങൾ ഭൂരിഭാഗവും നുണ

അതുപോലെ ഡെന്മാർക്കിലെ ആർഹസ് സർവകലാശാലയിലെ മാർക്ക് ആൻഡേഴ്‌സന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനത്തിലും ഓജോ ബോർഡ് പൊള്ളയാണെന്ന് തെളിഞ്ഞു. ഓജോ ബോർഡ് കളിക്കുന്നവരുടെ കണ്ണിന്റെ ചലനങ്ങളും ഡേറ്റ വിശകലന സംവിധാനങ്ങളും ഉപയോഗിച്ചാണ് ആൻഡേഴ്‌സണും സംഘവും ഇതേക്കുറിച്ച് വിശദമായ പഠനം നടത്തിയത്.

ഓജോ ബോർഡ് കളിച്ച് പരിചയമുള്ള 40 പേരിൽ നിന്നാണ് ഇവർ വിവരങ്ങൾ ശേഖരിച്ചത്. കളിക്കാനിരുന്നവരുടെ കണ്ണിന്റെ ചലനങ്ങളാണ് ഗവേഷകർ പ്രധാനമായും രേഖപ്പെടുത്തിയത്. പിന്നീട് നീക്കുന്ന കളങ്ങളിലേക്ക് ഓജോ ബോർഡ് കളിക്കുന്നവർ നേരത്തേ ഒളിഞ്ഞു നോക്കുന്നുണ്ടോ എന്ന് ഇവർ നിരീക്ഷിച്ചു. തുടർ പഠനത്തിനായി ഇവർ വോളണ്ടറി ആക്ഷൻ കണ്ടീഷൻ എന്നും ഓജ കണ്ടീഷൻ എന്നുമുള്ള രണ്ട് വിഭാഗത്തിൽപ്പെട്ട ചലനങ്ങൾ സൃഷ്ടിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള ചലനങ്ങളാണ് വോളണ്ടറി ആക്ഷൻ കണ്ടീഷൻ എന്ന ആദ്യ വിഭാഗത്തിൽ പെടുത്തിയത്. ഇതിനായി പരീക്ഷണത്തിൽ പങ്കാളികളായവർക്ക് ഏതെല്ലാം കളങ്ങളിലേക്ക് ഓജോ ബോർഡിലെ കോയിൻ നീക്കണമെന്ന് ആദ്യം തന്നെ നിർദ്ദേശം നൽകി. തുടർന്ന് മുൻ നിശ്ചയിച്ച പ്രകാരമുള്ള കളങ്ങളിലേക്ക് ഇവർ കോയിൻ നീക്കുന്നതിന്റെ സമയത്തുള്ള കണ്ണിന്റെ ചലനങ്ങൾ സൂഷ്മമായി രേഖപ്പെടുത്തി. ഓജോ ബോർഡ് ഉപയോഗിച്ചിരുന്നവരുടെ എല്ലാവരുടേയും കണ്ണിന്റെ ചലനങ്ങൾ ഈ സമയം ഒരുമിച്ചുള്ളതായിരുന്നു.

അടുത്ത വിഭാഗത്തിൽ പ്രത്യേകം നിർദ്ദേശങ്ങൾ നൽകാതെ ഓജോ ബോർഡ് കളിക്കാൻ ഇവരെ അനുവദിക്കുകയായിരുന്നു. ഇങ്ങനെ കളിക്കുമ്പോഴെല്ലാം കൂട്ടത്തിൽ ഒരാളെങ്കിലും അക്ഷരങ്ങളിലേക്കും അക്കങ്ങളിലേക്കുമെല്ലാം ഒളിഞ്ഞു നോക്കുന്നതായും അവിടേക്ക് തന്നെ കോയിൻ നീങ്ങുന്നതായും കണ്ടെത്തി. ഇത് പലപ്പോഴും അബോധ മനസ്സിന്റെ പ്രവർത്തനം കൊണ്ടാണ് നടക്കുന്നത് എന്നതിനാൽ കളിക്കുന്നവർ പോലും തങ്ങൾ പങ്കാളിയാവുന്ന പ്രവർത്തനത്തെക്കുറിച്ച് ബോധവാന്മാരാകുന്നില്ല. മാത്രമല്ല ഇത്തരത്തിൽ നിയന്ത്രിക്കുന്ന ആളുകൾ കളിക്കിടെ മാറുകയും ചെയ്യും. ഇതോടെയാണ് പ്രേതാനുഭവമായി ഓജോ ബോർഡ് മാറുന്നത്.

ഇനി ഓജോ അനുഭവം പഠിച്ച ശാസ്ത്രസംഘം പറയുന്നത് ഇതിൽ 90 ശതമാനവും ശുദ്ധ പുളുവാണെന്നതാണ്. ഇല്ലാത്ത കഥകൾ പെരുപ്പിച്ച് പറഞ്ഞ് ശ്രദ്ധ പിടിച്ചുപറ്റുക, ലോകമെമ്പടുമുള്ള മനുഷ്യന്റെ രീതിയാണ്. ഓജോ ബോർഡിലെ ആത്മാവ് പ്രവചിച്ചത് അനുസരിച്ച് അച്ഛൻ മരിച്ചു എന്ന ഒരാളുടെ അവകാശവാദം ശാസ്ത്രസംഘം പരിശോധിച്ചു. 80 വയസ്സായി കാൻസർ അവസാന സ്റ്റേജിലെത്തി എത് നിമിഷവും മരിക്കാവുന്ന അവസ്ഥയിൽ ആയിരുന്നു ആ മനുഷ്യൻ. അയാൾ ഒരാഴ്ചക്കുള്ളിൽ മരിക്കുമെന്നത് 'ആത്മാവ്' പറയേണ്ട കാര്യമില്ല. അത് ആ മകന്റെ ഉള്ളിൽനിന്ന് തന്നെ വന്ന ആധിയാണ്.

അതുപോലെ 1913ൽ ഓജോ ബോർഡിനെ പ്രശസ്തയാക്കി അമേരിക്കൻ വീട്ടമ്മയായ പേൾ കറന് അപൂർവ മനോരോഗം ആയിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. വിദ്യാഭ്യാസമില്ലാതിരുന്ന അവർ രാത്രി സ്വയം കുത്തിയിരുന്നു പഠിച്ച്, എഴുതിയ പുസ്തകങ്ങളും, നോവലും അവർ ആത്മാവ് പറഞ്ഞു തന്നതാണെന്ന് പറയുകയായിരുന്നു. ലക്ഷണമൊത്ത തട്ടിപ്പുകാരെയും ഈ മേഖലയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. 'രോമാഞ്ചം' സിനിമയിൽ സൗബിൽ ചെയ്യുന്നപോലെ അവർ സ്വയം വിരലുകൾ ചലിപ്പിച്ച് മറ്റുള്ളവരെ പറ്റിക്കും. ഇങ്ങനെ ഒരു ഫാക്റ്റ് ചെക്ക് പരിശോധനയിലും ഓജോ ബോർഡിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞിട്ടില്ല.

അസാധാരണ ശബ്ദങ്ങൾ എങ്ങനെ?

അനുഭവങ്ങൾ പഠിച്ചപ്പോൾ ശാസ്ത്രസംഘത്തിന് മറ്റൊരുകാര്യം കൂടി മനസ്സിലായി. ഇത്തരക്കാരിൽ പലരും ഓജോബോർഡ് കളിച്ചതിന് ശേഷം അതീന്ദ്രിയ അനുഭവങ്ങൾ ഉണ്ടാവാറുണ്ട്. ' രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അപ്പുറത്തെ പൂട്ടിക്കിടന്ന മുറിയിൽ നിന്നു അവ്യക്തമായ സംസാരശകലങ്ങൾ കേൾക്കുന്നു, ഇത് ദിനവും കേൾക്കാറുണ്ട് ' എന്നാണ് അവർ പറയുക. മനുഷ്യ സാന്നിധ്യമില്ലാത്തൊരിടത്തു നിന്നും ഇത്തരം ശബ്ദങ്ങൾ കേൾക്കാനിടവരുന്ന സാധാരണക്കാരന് എന്താ ചിന്തിക്കുക. പക്ഷേ ഇതിനും കൃത്യവും ശാസ്ത്രീയവുമായ വിശദീകരണം ഉണ്ട്.

20ഹെർഡ്സിന് താഴെയുള്ള ഇൻഫ്രാസോണിക് ശബ്ദതരംഗങ്ങളെ മനുഷ്യ കർണത്തിന് കേൾക്കുവാൻ കഴിയില്ലെങ്കിലും ഒരു 16ഹെർഡസ് വരെ തിരിച്ചറിയുവാൻ സാധിക്കും. അവ കമ്പനങ്ങളുടെ രൂപത്തിലാണ് നാം അറിയുന്നത്. മനുഷ്യന്റെ കണ്ണ്, വയർ എന്നീ ഭാഗങ്ങളിലാണ് ഇവ വൈബ്രേഷന്സ് ഉണ്ടാക്കുന്നത്. ഉദാഹരണത്തിന് നിങ്ങളുടെ കണ്ണിൽ ഒരു 17ഹെർഡ്സ് ആവൃത്തിയിലുള്ള ഒരു ഇൻഫ്രാസോണിക് വൈബ്രേഷൻ ഉണ്ടായെന്നു കരുതുക, അത് ന്യൂറോൺ വഴി നേരിട്ട് തലച്ചോറിലേക്ക് എത്തുകയും നിങ്ങളിൽ ഒരു തരം നെഗറ്റീവ് എഫക്ട് ഉണ്ടാക്കുകയും ചെയ്യുന്നു.

ഒരിക്കലും ഇത്തരം വൈബ്രേഷൻ നമ്മൾക്ക് തിരിച്ചറിയുവാൻ സാധിക്കുകയില്ല. പ്രധാനമായും നമ്മുടെ നേത്രഗോളങ്ങളെയും, കർണപുടത്തിനെയും നല്ലരീതിയിൽ സ്വാധീനിക്കാൻ ഇത്തരം ഇൻഫ്രാസോണിക് വൈബ്രേഷൻ കൊണ്ട് സാധിക്കും. ഈ ശബ്ദതരംഗങ്ങൾ നമ്മുടെ നേത്രഗോളത്തെ വൈബ്രേറ്റ് ചെയ്യിപ്പിച്ച് ചില അവ്യക്തരൂപങ്ങൾ കാണുന്നതായി തോന്നിപ്പിക്കുകയും ചെയ്യുന്നു. ഫാൻ വഴിയോ, ചില ഇലക്ട്രിക് ഉപകരണങ്ങൾ വഴിയോ, നമ്മുടെ അന്തരീക്ഷത്തിലെ തന്നെ മറ്റു തരംഗങ്ങൾ വഴിയോ ഇത്തരം ഇൻഫ്രാസൗണ്ട് ഉണ്ടാകാം. എവിടുന്നെങ്കിലും വല്ല അസാധാരണ ശബ്ദമോ മറ്റോ കേട്ടാൽ അത് പ്രേതമുണ്ടാക്കുന്നതാണെന്നു തെറ്റിദ്ധരിക്കേണ്ട യാതൊരു കാര്യവുമില്ല.

മനുഷ്യ ഇതര ശക്തികളുടെ സാന്നിധ്യമുണ്ടെന്ന് കരുതുന്ന പല വീടുകളിലും മറ്റും ഒരു തരം തണുപ്പ് അനുഭവപ്പെടുന്നതായി പറയാറുണ്ട്. സാധാരണയിൽ നിന്നു അസാധാരണായി ഊഷ്മാവ് നില കുറഞ്ഞ ഏരിയകളെ പാരനോർമൽ ഗവേഷകർ കോൾഡ് സ്പോട്ട് എന്നാണ് പറയുക. ആത്മാവിന്റെ സാന്നിധ്യമുണ്ടാകുമ്പോൾ ആ ഭാഗത്തെ ഊഷ്മാവ് നില അസാധാരണമായി കുറയുന്നുവെന്നാണ് പറയുക. പക്ഷേ ഇതും തെറ്റാണെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്.

ഉദാഹരണത്തിന് ആത്മാവിന്റെ സാന്നിധ്യമുണ്ട് എന്നു കരുതുന്ന ഒരു വീട് സങ്കൽപ്പിക്കുക. പകലിനെ അപേക്ഷിച്ച് രാത്രി ഊഷ്മാവ് നില കുറഞ്ഞിരിക്കുമല്ലോ. രാത്രി ആ വീട്ടിലെ ജനാലകൾ മുഴുവൻ അടച്ചാലും ചിമ്മിനി വഴിയോ വെന്റിലേറ്റർ വഴിയോ വായു ഉള്ളിലേക്ക് കടക്കാം. ആ വീട്ടിലെ എല്ലാ വസ്തുക്കൾക്കും അതിന്റെതായ ഊഷ്മാവ് നിലയുണ്ട്. ഒന്നിന്റെ ഊഷ്മാവ് മറ്റൊന്നിനെ അപേക്ഷിച്ച് ഏറിയും കുറഞ്ഞുമിരിക്കും. നോർമൽ റൂം ടെമ്പറേച്ചറുമായി ഏകീകരിക്കുവാൻ വേണ്ടി ആ വസ്തുക്കൾ താപസംവഹനം എന്ന പ്രക്രിയയിലേർപ്പെടുന്നു. ഈർപ്പമുള്ള മുറിയിലേക്ക് ചിമ്മിനി വഴിയോ മറ്റോ കടന്നു വരുന്ന വരണ്ട വായു, മുറിയിലെ ഈർപ്പം കാരണം തറയിലേക്ക് നിർഗമിക്കുന്നു. തൽഫലമായി ഈർപ്പമേറിയ തണുത്ത വായു തറയിൽ നിന്നും ബഹിർഗമിച്ച് ഒരു തരം തണുപ്പ് അനുഭവപ്പെടുന്നു. അല്ലാതെ അത് പ്രേതം വന്നു തണുപ്പിക്കുന്നതല്ല. പ്രേത ഗവേഷകരുടെ കോൾഡ് സ്പോട്ട് വാദവും അതോടെ പൊളിഞ്ഞു.

ആ പ്രേതം കാർബൺ മോണോക്സൈഡ്!

മിക്ക പ്രേതാനുഭവങ്ങളിലെയും പ്രധാനവില്ലനാണ് കാർബൺ മോണോക്‌സൈഡ് എന്ന മണവും നിറവുമില്ലാത്ത വാതകം. സാധാരണയിൽ നിന്നു വളരെ ഭീതിയേറിയ പ്രേതാനുഭവങ്ങൾ വരെയുണ്ടാക്കുവാൻ ഈ വാതകത്തിനു കഴിയുമെന്ന്, അമേരിക്കൻ സ്‌കെപ്റ്റിക് ഗവേഷകനും ഒഫ്താൽമോളജിസ്റ്റുമായ വില്യം വിൽമർ പറയുന്നു.

കാർബൺ മോണോക്‌സൈഡ് മനുഷ്യനിൽ ഉണ്ടാക്കുന്ന ചില അനുഭവങ്ങളെക്കുറിച്ച് തെളിവ് സഹിതം വിൽമർ വിശദീകരിക്കുന്നുണ്ട്. വാതിലുകൾ അസാധാരണമായി അടയുന്ന ശബ്ദം കേൾക്കുക, ഫർണീച്ചറുകൾ നിരക്കുന്ന ശബ്ദം കേൾക്കുക, വിജനമായ മുറിയിൽ കാൽപ്പെരുമാറ്റം കേൾക്കുന്നത് പോലെ തോന്നുക, രാത്രിയിൽ വീടിനുള്ളിൽ അപരിചിതരായ മനുഷ്യരൂപങ്ങൾ കാണുക. ഇവയൊക്കെ കാർബൺ മോണോക്‌സൈഡ് ഉണ്ടാക്കുന്ന അനുഭവങ്ങളിൽ ചിലതാണ്. പ്രേതഭീതിയിൽ അകപ്പെട്ട് കഴിഞ്ഞിരുന്ന ഒരു കുടുംബം വിൽമറെ ഒരിക്കൽ സമീപിച്ചിരുന്നു. ആ വീട്ടിലെ ഗൃഹനാഥ പറഞ്ഞത് താൻ രാത്രിയിൽ അടുക്കള ജോലി കഴിഞ്ഞു മുറിയിലേക്ക് പ്രവേശിക്കുമ്പോൾ, അപരിചിതരായ രണ്ടു സ്ത്രീ-പുരുഷ രൂപങ്ങൾ തന്റെ കിടപ്പുമുറിയിൽ നിൽക്കുന്നതായിട്ടു കാണുകയും. സെക്കന്റുകളോളം ആ ചിത്രം തന്റെ കണ്മുന്നിൽ നിൽക്കുകയും പെട്ടന്ന് മായുകയും ചെയ്യുന്നു. അവരുടെ കുട്ടികൾ രാത്രിയിൽ കസേരയിലിരിക്കുന്ന ഒരു രൂപം കണ്ടു പതിവായി ഭയന്ന് നിലവിളിക്കാറുണ്ടത്രെ.

വിൽമറും സംഘവും ആ വീട്ടിൽ നടത്തിയ അന്വേഷണ നിരീക്ഷണത്തിലൂടെ കാർബൺ മോണോക്‌സൈഡാണ് ഈ അനുഭവങ്ങളുടെയെല്ലാം ഹേതുവെന്നു മനസിലായി. ആ വീട്ടിലെ ചിമ്മിനിയോട് ചേർന്നുള്ള കേടായ ഒരു ഫർണ്ണസ് ഉണ്ടായിരുന്നു. അതിൽ നിന്നുയരുന്ന പുകയിൽ കുറച്ചൊക്കെ വീടിനുള്ളിലേക്ക് ബഹിർഗമിക്കുകയും ചെയ്തിരുന്നു. ആ പുകയിലടങ്ങിയ കാർബൺ മോണോക്‌സൈഡാണ് അനുഭവങ്ങൾക്ക് കാരണം. ഫർണ്ണസിന്റെ തകരാർ പരിഹരിച്ചപ്പോൾ വീട്ടുകാരുടെ അനുഭവങ്ങൾക്ക് ശമനമുണ്ടായി.

നമ്മുടെ രക്തത്തിലെ അരുണ രക്താണുക്കൾ ഓക്സിജൻ ആഗിരണം ചെയ്യുന്നതിനേക്കാൾ വേഗതയിൽ കാർബൺ മോണോക്‌സൈഡ് ആഗിരണം ചെയ്യുന്നു. തൽഫലമായി രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നു. ഇതുമൂലമാണ് മായക്കാഴ്ചകൾ ഉണ്ടാവുന്നത്. പഴയ മോഡൽ വീടുകളിലെ തടികൾ ദ്രവിക്കുന്നതുമൂലമോ, ഈർപ്പം കയറുന്നത് മൂലമോ കാർബൺ മോണോക്‌സൈഡ് ഉണ്ടാകാമെന്നു കണ്ടെത്തിയിട്ടുള്ളതാണ്. നാലുകെട്ട് പോലെയുള്ള വീടുകളിൽ തടി കൊണ്ടുണ്ടാക്കിയ പട്ടികകളും, ഉത്തരങ്ങളും ധാരാളം കാണുവാൻ സാധിക്കും. ഇത്തരം ചില വീടുകളിൽ പ്രേതാനുഭവങ്ങൾ നേരിട്ടതായി അവിടെ താമസിക്കുന്നവർ അഭിപ്രായപ്പെട്ടിട്ടുണ്ട്. വ്യവസായവത്കരിച്ച നമ്മുടെയൊക്കെ നാടുകളിൽ കാർബൺ മോണോക്‌സൈഡ് സാന്നിധ്യം അല്ലാതെയും ഉണ്ടാകാം.

മറ്റൊന്നാണ് മാസ്സ് ഹിസ്റ്റീരിയ. പലരും പറയാറില്ലേ ഞങ്ങൾ എല്ലാവരും ഒരുമിച്ച് പ്രേതസാമീപ്യം അനുഭവിച്ചു എന്നൊക്കെ. അതായത് ഒന്നിച്ചു സഹവസിക്കുന്നവരിലോ മറ്റോ ഒരാൾക്ക് ഉണ്ടാകുന്ന അനുഭവം മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടാം. ഒരാൾ കാണുന്ന കാഴ്ച അയാളോടൊപ്പമുള്ള മറ്റുള്ളവരിലേക്കും പകരപ്പെടാമെന്നുള്ള അവസ്ഥ. നമ്മുടെ 'രോമാഞ്ചം' സിനിമയിലെ കഥാപാത്രങ്ങൾക്കും ഉണ്ടായത് ഇതുതന്നെയാവണം. എന്തെങ്കിലും അസാധാരണ കാഴ്ച കണ്ടാലുടൻ ഭയപ്പെട്ടു പ്രേതമാണെന്നു വരുത്തിതീർക്കാതെ സ്വന്തം മനസുണ്ടാക്കുന്ന ഇത്തരം സൈക്കിക്ക് വൈബ്രേഷനുകളെ നാം തിരിച്ചറിയണം. പ്രേതം,ആത്മാവ്, ഭൂതം എന്നിവയൊക്കെ ശാസ്ത്ര ദൃഷ്ടിയിയിൽ വെറും കെട്ടുകഥകൾ മാത്രമാണ്.

ചാർലി ചാർലി ചലഞ്ചും

ഒരു തമാശക്ക്വേണ്ടി ഓജോബോർഡ് കളിക്കാം. പക്ഷേ അതിന് അഡിക്റ്റാവരുത്. അത് വിശ്വസിക്കരുത്. ഓജോ പരീക്ഷിച്ച് പേടിച്ച് മാനസികരോഗികൾ വരെയായ സംഭവങ്ങൾ ലണ്ടനിലും അമേരിക്കയിലും ഉണ്ടായിട്ടുണ്ട്. മാത്രമല്ല സിഗരറ്റുവലിയും ബിയർ കുടിയുമാണ് വലിയ ലഹരിയിലേക്കുള്ള തുടക്കം എന്ന് പറയുന്നപോലെ വലിയ അന്ധവിശ്വാസങ്ങളിലേക്കുള്ള തുടക്കം കൂടിയാണ് ഇത്.

എതാനും വർഷങ്ങൾക്ക് മുമ്പ് ഓജോബോർഡിന്റെ മാതൃകയിൽ ഇന്റർനെറ്റിൽ ചാർലി ചാർലി ചലഞ്ച് പ്രചരിച്ചത് യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും സ്‌കുളുകൾക്ക് വലിയ തലവേദനയായിരുന്നു. ബ്രിട്ടൻ. അമേരിക്ക, സ്വീഡൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ ഇത് വ്യാപകമാണ്. കുട്ടികളാണ് ചാർലി ചലഞ്ചിൽ അധികവും പങ്കെടുക്കുന്നത്.

വെള്ളക്കടലാസോ അല്ലെങ്കിൽ വരയുള്ള കടലാസോ നാല് തുല്യഭാഗങ്ങളായി വരയ്ക്കും. ഇനി കടലാസിന്റെ ഒത്തനടുക്ക് രണ്ട് പെൻസിലുകൾ, നെടുകെയും കുറുകേയും വയ്ക്കും. ഒരു പെൻസിലിന് മുകളിൽ മറ്റൊന്നിനെ തുലനം ചെയ്ത് വയ്ക്കും. പെൻസിൽ ക്രമപ്പെടുത്തുന്നതിന് മുൻപ് തന്നെ നാലായി വരച്ച പേപ്പറിൽ യെസ് എന്നും നോ എന്നും എഴുതി ചേർത്താണ് ചാർലി ബോർഡ് തയ്യാറാക്കുന്നത്. പ്രേതത്തെ വിളിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യും. പ്രേതത്തിന്റെ ഉത്തരത്തിന് അനുസരിച്ച് പെൻസിൽ നീങ്ങും. പക്ഷേ ഇങ്ങനെ കളിച്ച് കളിച്ച് കുട്ടികൾക്ക് മാനസിക പ്രശ്നങ്ങൾ മാസ് ഹിസ്റ്റീരിയപോലെ പ്രത്യക്ഷപ്പെട്ടപ്പോൾ കൊളംബിയയിൽ അധികൃതർക്ക് നടപടി എടുക്കേണ്ടിവന്നു.

ഇതുപോലെയുള്ള ചെറിയ കളികളിലൂടെ വലിയ അന്ധവിശ്വാസ മസ്തിഷ്‌ക്കമാണ് തുറക്കപ്പെടുന്നത്. സാത്താൻ ആരാധനയടക്കമുള്ള വലിയ 'കളികളിലേക്ക്' ഒരു വിഭാഗം പോവുന്നതിന്റെ തുടക്കം ആയിരിക്കും ഇത്. അതുകൊണ്ട് ഓജോയുടെ ശാസ്ത്രം അറിഞ്ഞുകൊണ്ട്, അഡിക്ഷൻ ആവാതെ സമയത്തിന് നിർത്താൻ കഴിയുന്നവർ മാത്രമേ ഈ കളിക്ക് ഇറങ്ങാവൂ. കുട്ടികൾ ഇത്തരം കളികളിൽ ഏർപ്പെടുന്നത് നിർബന്ധമായു നിരുൽസാഹപ്പെടുത്തണം.

വാൽക്കഷ്ണം: ഓജോ ബോർഡ് ഉപയോഗിക്കുന്നത് പ്രേതബാധ കൂടാൻ ഇടയാക്കുമെന്ന മുന്നറിയിപ്പോടെ ചില ക്രിസ്തീയ വിഭാഗങ്ങൾ ഇത് നിരോധിച്ചിട്ടുണ്ട്. അതും തെറ്റായ കാര്യമാണ്. എവിടെ വിലക്കുണ്ടാവുന്നോ അവിടേക്ക് ചലിക്കാനുള്ള ത്വര യുവാക്കൾക്ക് ഉണ്ടാവും. പ്രേതവും ഭൂതവും ഒന്നുമില്ലെന്നും, ഓജോബോർഡിലെ 'ആത്മാവ്', നിങ്ങൾ തന്നെയാണെന്നുമുള്ള ശാസ്ത്രീയ അറിവ് കൊടുക്കുകയാണ് ഇതിൽ പ്രധാനം.