രു നടന്റെ ചിത്രത്തിന് ആദ്യദിനം ടിക്കറ്റ് കിട്ടാത്തത്, ആരാധകൻ ട്രെയിനിന് തലവെച്ച് ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ! പക്ഷേ 1993ൽ ഉഴൈപ്പാളി എന്ന രജനീകാന്ത് സിനിമ ഇറങ്ങിപ്പോൾ മധുരയിൽ അത് സംഭവിച്ചു. സ്വന്തമായി പ്രൈവറ്റ് ഡിറ്റക്റ്റീവുകളെവെച്ച് അന്വേഷിപ്പിപ്പാണ് രജനി ഇത് സ്ഥിരീകരിച്ചത്. മരിച്ച ആരാധകന്റെ വീട്ടിലെത്തി വികാരപരമായി സംസാരിച്ച സൂപ്പർതാരം, കുടുംബത്തിന് എല്ലാ സഹായവും നൽകി. ഇനി ഇതുപോലെ കടുംകൈ ആരും ചെയ്യരുതെന്ന് സിനിമയെ ജീവിതമായി കാണരുതെന്നും, അദ്ദേഹം പറഞ്ഞത് മറക്കാനാവില്ല. മൂന്നരപ്പതിറ്റാണ്ടിന്റെ അഭിനനയ ജീവിത്തിൽ ആദ്യമായി, ബാബ എന്ന ഒരു ചിത്രം പരാജയപ്പെട്ടപ്പോൾ, വിതരണക്കാരെ മൊത്തം തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി, അവരുടെ മുടക്കമുതലിനേക്കാൾ ഒരു രുപ കൂടുതൽ കൊടുത്ത് പറഞ്ഞുവിടാൻ വേറെ ആർക്കും കഴിയും.

ഇന്ത്യയുടെ അല്ല, ലോക സിനിമയുടെ ചരിത്രം തന്നെയെടുത്താൽ ഇത്രമേൽ ആരാധകരുള്ള ഒരു നടൻ വേറെയുണ്ടാവില്ല. ഇന്ത്യൻ വ്യവസായ സിനിമയുടെ നട്ടെല്ല് കൂടിയാണ് ഈ നടൻ. അമേരിക്കയിലും, ചൈനയിലും, ശ്രീലങ്കയിയിലും, മലേഷ്യയിലും, സിങ്കപ്പൂരിലും, യൂറോപ്പിലുമൊക്കെ രജനി പടങ്ങൾ റിലീസ് ചെയ്യപ്പെടുന്നു.

കർണ്ണാടകത്തിലെ ബസ് കണ്ടക്ടറായ ശിവാജി റാവു ഗേയ്ക്ക്വാദ,് തമിഴ് സിനിമയുടെ പ്രിയപ്പെട്ട രജനീകാന്ത് ആയത് ഏറെ കഷ്ടപ്പെട്ടിട്ടാണ്. കഴിഞ്ഞ നാലരപ്പതിറ്റാണ്ടായി തന്റെ സൂപ്പർ താര പദവി നിലനിർത്തിപ്പോവുകയായിരുന്ന ഈ നടന് പക്ഷേ സമീപകാലത്തായി ചില തിരിച്ചടികൾ കിട്ടി. 2016ലെ കബാലിക്ക് ശേഷം ഇറങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഒന്നും പഴയതുപോലെ ഹിറ്റായിരുന്നില്ല. അവസാനം 2021ൽ ഇറങ്ങിയ അണ്ണാത്തെ എന്ന സിനിമയൊക്കെ വെറുപ്പിക്കലിന്റെ ഭയാനക വേർഷൻ ആയിരുന്നു. അതുകൊണ്ടുതന്നെ ഒരു വിഭാഗം മാധ്യമങ്ങൾ രജനി എന്ന താരത്തിന് ചരമക്കുറിപ്പ് എഴുതിയിരുന്നു. പ്രായാധിക്യവും അനാരോഗ്യവുംമൂലം രജനി ഫാൻസിനുപോലം അദ്ദേഹത്തിലുള്ള പ്രതീക്ഷ ഏറെക്കുറെ നഷ്ടമായിരുന്നു. രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള തീരുമാനം പോലും അദ്ദേഹം ഉപേക്ഷിച്ചത് അനാരോഗ്യം മൂലമായിരുന്നു. അതുകൊണ്ടുതന്നെ ഈ 73ാം വയസ്സിൽ ജയിലർ എന്ന പുതിയ സിനിമയുമായി രജനി എത്തുമ്പോൾ ആശങ്കപ്പെട്ടവരും ഏറെയാണ്.

പക്ഷേ രജനി ആരാധകരെ തൃപ്തിപ്പെടുത്തുന്ന മരണ മാസ് തന്നെയാണ് ചിത്രമെന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 'തലൈവർ തിരുമ്പിവന്താച്ച്' എന്നാണ് യൂടുബർമാർ ഒരു പോലെ പറയുന്നത്. വീണ്ടും ഒരു രജനി തരംഗം പൊട്ടിവിടുരുകയാണെന്ന് നിസ്സംശം പറയാം. ഇന്ത്യ വീണ്ടും പഴയ രജനി സ്റെറൽ ഘോഷിക്കയാണ്. പക്ഷേ അങ്ങേയറ്റം അതിശയകരമാണ് ആ നടന്റെ ജീവിതവും. പത്തുപൈസക്ക് ഗതിയില്ലാത്ത ഊരുതെണ്ടിയിൽനന്ന്, ഈ താരസാമ്രാജ്യത്തിലേക്ക് ഉയർന്ന ആ ജീവിതകഥയാവട്ടെ സിനിമയെ വെല്ലുന്നതുമാണ്.

ദരിദ്രബാല്യം, മോശം കൂട്ടുകെട്ട്

കർണ്ണാടക-തമിഴ്‌നാട് അതിർത്തിയിലുള്ള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മറാഠ കുടുംബങ്ങളിലൊന്നിലാണ് രജനീകാന്തിന്റെ പിതാവായ റാണോജിറാവു ഗെയ്ക്വാദ് ജനിച്ചത്. റാണോജി റാവുവിന് കോൺസ്റ്റബിൾ ആയി ജോലി കിട്ടിയതിനെ തുടർന്ന് കുടുംബം ബാംഗ്ലൂർ നഗരത്തിലെ ഹനുമന്ത് നഗർ എന്ന സ്ഥലത്ത് വന്ന് താമസമാക്കി. കുടുംബത്തിലെ നാലാമത്തെ മകനായി ജനിച്ച ശിവാജി റാവുവിന്റെ ഏഴാമത്തെ വയസ്സിൽ അമ്മ റാംബായി മരിച്ചു.

ബാംഗ്ലൂരിലെ ആചാര്യ പാഠശാലയിലും വിവേകാനന്ദ ബാലക് സംഘിലുമായിരുന്നു പഠനം. ബാല്യത്തിലും കൗമാരത്തിലും ഏറെ ദാരിദ്ര്യം രജനിക്ക് നുഭവിക്കേണ്ടി വന്നു. അമ്മയുടെ അഭാവത്തിൽ കാര്യമായ നിയന്ത്രണങ്ങളില്ലാത്ത ബാല്യകാലം ശിവാജിയെ മോശമായ കൂട്ടുകെട്ടുകളിലേക്കും ദുഃശ്ശീലങ്ങളിലേക്കും വഴി നടത്തി. ഒപ്പം വീട്ടിൽ നിന്നും പണം മോഷ്ടിച്ച് സിനിമകൾ കാണുന്ന പതിവും തുടങ്ങിയിരുന്നു. ഇളയ മകനായ ശിവാജിയെ തന്നെപ്പോലെ ഒരു പൊലീസ് കോൺസ്റ്റബിളാക്കണമെന്ന ആഗ്രഹമുണ്ടായിരുന്ന പിതാവിനെ ഇത് പലപ്പോഴും വിഷമിപ്പിച്ചിരുന്നു. പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ ശിവാജി, കോളേജിൽ പ്രവേശനം നേടണമെന്ന പിതാവിന്റെ നിർദ്ദേശത്തിന് വിരുദ്ധമായി മദ്രാസിലേക്ക് പുറപ്പെട്ടു. എങ്ങനെയെങ്കിലും സിനിമയിൽ മുഖം കാണിക്കുക എന്ന ലക്ഷ്യത്തോടെ മദ്രാസിൽ അലഞ്ഞെങ്കിലും അദ്ദേഹത്തിന് അവസരങ്ങൾ ലഭിച്ചില്ല. കിട്ടിയ ചെറിയ ജോലികൾ ചെയ്തു പിടിച്ചു നിൽക്കുവാനുള്ള ശ്രമങ്ങളും നടത്തി. ഒടുവിൽ കൈയിലുണ്ടായിരുന്ന തുക ചെലവായിത്തീർന്നപ്പോൾ ബാംഗ്ലൂരിലേക്ക് തന്നെ മടങ്ങി വരേണ്ടി വന്നു.

ഒരു സ്ഥിരം തൊഴിൽ ലഭിച്ചാൽ ശിവാജിയുടെ സ്വഭാവം മെച്ചപ്പെടുമെന്നുള്ള ധാരണയിൽ മൂത്ത സഹോദരൻ സത്യനാരായണ റാവു മുൻകൈയെടുത്ത് കർണ്ണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ കണ്ടക്ടറായി ജോലി വാങ്ങി നൽകി. അന്ന് രജനിക്ക് പ്രായം വെറും 22 വയസ്സായിരുന്നു. കണ്ടക്ടറായി ജോലി ചെയ്യുമ്പോഴും ശിവാജി റാവു നാടകങ്ങളിൽ അഭിനയിക്കാൻ സമയം കണ്ടെത്തി. ഓടുന്ന ബസിലും ചിലപ്പോൾ ശിവാജി പിൽക്കാലത്ത് ലോക കൈയടിച്ച തന്റെ നമ്പറേകൾ പുറത്തെടുക്കും. ടിക്കറ്റ് റാക്കറ്റ് തലക്കുമുകളിൽ ആഞ്ഞു വീശും. സിഗരറ്റ് കറക്കി വായിലുടുന്ന പതിവ് നമ്പർ വേറെയും. അതുകൊണ്ടെല്ലാം യാത്രക്കാരുടെ പ്രിയപ്പെട്ടവനുമായിരുന്നു അദ്ദേഹം.

സിനിമയെ വെല്ലുന്ന പ്രണയ ജീവിതം

അങ്ങനെ ഒരു ദിവസമാണ് ശിവാജി റാവു തന്റെ ജീവിതം മാറ്റിമറിച്ച പെൺകുട്ടിയെ പരിചയപ്പെടുന്നത്. എല്ലാ പൈങ്കിളി സിനിമകളിലും ഉള്ളപോലെ നായകനും നായികയും ഉടക്കിയാണ് അദ്യം അടുത്തത്. അക്കാലത്ത് സ്ത്രീകൾ ബാക്ക്‌ഡോറിലൂടെയായിരുന്ന ബസിൽ കയറേണ്ടിയുരുന്നത്. എന്നാൽ ഒരു പെൺകുട്ടി മാത്രം മുന്നിലൂടെ കയറി. ഇത് എതിർത്ത് ശിവാജി റാവു കൈവെച്ചെങ്കിലും അവൾ അത് തട്ടിക്കളഞ്ഞു കയറി. അന്നുതന്നെ ഒരു കാന്താരി നിലയിൽ അവളെ നോട്ട് ചെയ്തതാണെന്ന് രജനീകാന്ത് പിന്നീട് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന അവൾ ബസിലെ സ്ഥിരം യാത്രികയായിരുന്നു. അവളെ കാണിക്കാനായും ശിവാജി തന്റെ കൈയിലുള്ള അൽപ്പം സിനിമാ നമ്പുറകൾ എടുത്തു. ക്രമേണെ അവർ പരിചയപ്പെട്ടു. അടുപ്പത്തിലുമായി.

ആ സമയത്തും തൻെ സ്വപ്നം അഭിനയമാണെന്ന് ശിവാജി അവളോട് പറഞ്ഞിരുന്നു. അങ്ങനെ ഒരു ദിവസം തന്റെ വീടിന്റെ അടുത്തുള്ള പ്രദേശിക സമിതിയുടെ നാടകത്തിൽ താൻ അഭിനയുക്കുന്നുണ്ടന്നും അത് കാണാൻ വരണമെന്നും രജനി യുവതിയെ ക്ഷണിച്ചു. അവൾ വന്നു. രജനിയുടെ അതിഗംഭീരമായ പ്രകടനം കണ്ട് അത്ഭുദപ്പെട്ടാണ് അവൾ മടങ്ങിയത്.

ഏതാനും ദിവസങ്ങൾ കഴിഞ്ഞ് മദ്രാസിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള, രണ്ടുവർഷ പ്രവേശനത്തിനുള്ള അഡ്‌മിഷൻ കിട്ടിയെന്ന ഒരു കാർഡാണ് ശിവാജി റാവുവിനെ തേടിയെത്തുന്നത്. താൻ അപേക്ഷിക്കകപോലും ചെയ്യാതെ ഇത് എങ്ങനെ വന്നുവെന്ന് അമ്പരന്നു നിൽക്കവേ അവൾ സത്യം പറഞ്ഞു. ശിവാജിക്കുവേണ്ടി അപേക്ഷിച്ചത് അവളാണ്. 'നിങ്ങളുടെ മേഖല അഭിനയമാണ്. അതിൽ ഉറച്ചു നിൽക്കണം. വലിയ നടൻ ആവണം. ബാനറും പോസ്റ്റും എവിടെയും ഉയരുന്നത് കാണണം.'- അവൾ നിർബന്ധിച്ചപ്പോൾ ശിവാജി സമ്മതിച്ചു. പഠിക്കാനുള്ള കാശും അവൾ അയച്ചുതാരമെന്ന് സമ്മതിച്ചു. സുഹൃത്തായ രാജ് ബഹാദൂർ സ്‌നേഹപൂർവ്വം നിർബന്ധിച്ചു. 1973-ൽ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന ശിവാജിക്ക് രണ്ടു വർഷത്തെ പഠനകാലത്ത് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ചെയ്തു കൊടുക്കുവാനും രാജ് ബഹാദൂർ ശ്രദ്ധിച്ചിരുന്നു.

അന്ന് അഡയാറിൽ രജീനകാന്തിന്റെ ജൂനിയർ ആയിരുന്നു നടൻ ശ്രീനിവാസൻ. രജനിയുടെ അക്കാലത്തെ ദയനീയ ജീവിതത്തെ കുറിച്ച് ശ്രീനിവാസൻ എഴുതിയിട്ടുണ്ട്. തനിക്കുള്ള മണിയോഡർ വന്നാൽ രജനി പോസ്റ്റുമാനെ കെട്ടിടത്തിന്റെ പുറകുവശത്തേക്ക് കൂട്ടിക്കൊണ്ടുപോയി ആരും കാണാതെയാണ് പണം വാങ്ങുക. കാരണം അതിൽ ഒരു രൂപയും രണ്ടുരൂപയുമൊക്കെ കാണും. അദ്ദേഹത്തിന്റെ വിവിധ സുഹൃത്തുക്കൾ അയച്ചുകൊടുക്കുന്നത്. കൂട്ടത്തിൽ തന്റെ പ്രണയിനിയുടെ പണവും ഉണ്ടായിരുന്നു.

ഇൻസ്‌ററിറ്റിയൂട്ടിൽ ഇടക്ക് ഒരു ഇടവേള കിട്ടിയപ്പോൾ, അവളെ കാണാനായി രജനി ബാംഗ്ലൂരിലേക്ക് കുതിച്ചു. പതിവ് മീറ്റിങ്ങ് പ്ലേസിൽ ഒന്നും അവളെ കാണാഞ്ഞതിനാൽ അദ്ദേഹം അവളുടെ വീട്ടിലേക്ക് തിരിച്ചു. എന്നാൽ വീട് അടഞ്ഞു കിടക്കയായിരുന്നു. ആ കുടുംബം മറ്റൊരു സ്ഥലത്തേക്ക് പോയി എന്നല്ലാതെ ഒരു വിവരവും അയൽവാസികൾക്ക് അറിയില്ലായിരുന്നു.

കാമുകിയെ ഒരുനോക്കുകാണാൻ അലയുന്നു

ഹതാശനായ രജനി ഇനി അന്വേഷിക്കാൻ സ്ഥലങ്ങളൊന്നും ബാക്കിയുണ്ടായിരുന്നില്ല. ആ അന്വേഷണം പത്ത് നാൽപ്പത്തെട്ട് വർഷം കഴിഞ്ഞിട്ടും അദ്ദേഹം ഇന്നും തുടരുകയാണെന്നാണ് അടുത്ത സുഹൃത്ത്കൂടിയായ ശ്രീനിവാസൻ പറയുന്നത്. ശിവാജി റാവു പിന്നീട് രജനീകാന്ത് എന്ന സൂപ്പർ മെഗാ താരമായി. അവൾ ആഗ്രഹിച്ചപോലെ ഇന്ത്യയിലെ ഓരോ മുക്കിലും മൂലയിലും രജനിയുടെ പോസ്്റ്ററുകളും കട്ടൗട്ടുകളും നിരന്നു. ഇപ്പോൾ അവൾക്ക് ഏത് സമയത്തും രജനീകാന്തിനെ കണ്ടുപടിക്കാം. പക്ഷേ അവൾ ഒരിക്കലും അദ്ദേഹത്തിന്റെ മുന്നിൽ വന്നില്ല. ഇതു പറയുമ്പോൾ ഇപ്പോഴും രജനിയുടെ കണ്ണ് നിറയുമെന്ന് ശ്രീനിവാസൻ പറയുന്നു. മാത്രമല്ല ലോകത്തിന്റെ ഏത് കോണിൽ പോയാലും രജനി തന്റെ പ്രിയപ്പെട്ടവൾ ഈ ആൾക്കുട്ടത്തിൽ ഉണ്ടോ എന്ന് ഇപ്പോഴും അന്വേഷിക്കുമത്രേ. 1981ലാണ് രജനി ലതതെ വിവാഹം ചെയ്യുന്നത്. ഈ പ്രണയകഥ ലതയോടും ആദ്യമേ രജനി പറഞ്ഞിട്ടുണ്ട്. തന്നെ താനാക്കിയ പ്രിയപ്പെട്ടവളെ ഇന്നും ആൾക്കൂട്ടത്തിൽ തിരയാറുണ്ടെന്നാണ് അദ്ദേഹം അടുത്ത സുഹൃത്തുക്കളോട പറഞ്ഞത്. പക്ഷേ വർഷം 50 കഴിഞ്ഞു. അവളെ കണ്ടുകിട്ടിയിട്ടില്ല.

'കഥപറയുമ്പോൾ' എന്ന സിനിമ തമഴിലേക്ക് റീമേക്ക് ചെയ്യാനായി കണ്ടപ്പോൾ രജനീകാന്ത് ശരിക്കും വികാരധീനനായെന്നും ശ്രീനിവാസൻ പറയുന്നു. സിനിമയിൽ മമ്മൂട്ടി ചെയ്ത സൂപ്പർ സ്റ്റാർ അശോക്രാജ് എവിടെപ്പോയാലും തേടിയത് തന്റെ വളർച്ചക്ക് വിത്തിട്ട സുഹൃത്തായ ബാർബർ ബാലനെ ആയിരുന്നു. അതുപോലെ രജനി തേടുന്നത് തന്റെ ജീവിതം മാറ്റിമറിച്ച പ്രണയിനെയെ ആണ്. എല്ലാ തിരക്കുകൾക്ക് ഇടയിലും ഈ ചിത്രം 'കുസേലൻ' എന്നപേരിൽ എടുക്കുന്നതിനും ഒരുപക്ഷേ രജനിയെ പ്രേരിപ്പിച്ചത് ഈ സാമ്യത ആയിരിക്കണം.

ഇതേ അനുഭവം രജീനാകാന്ത് തന്നോട് പങ്കുവെച്ച വിവരം മലയാളത്തിന്റെ പ്രിയ നടൻ ദേവനും വെളിപ്പെടുത്തുന്നുണ്ട്. ഒരിക്കൽ ഒരു സൗഹൃദ സദസ്സിൽ, ഫസ്‌ററ് ലൗവിനെ കുറിച്ച് ചോദിച്ച് തുടങ്ങിയ രജനി പിന്നെ തന്റെ നഷ്ടനായികയെ ഓർത്ത് അക്ഷരാർഥത്തിൽ പൊട്ടിക്കരയുകയായിരുന്നെന്നും, ഇത്രയും വർഷം കഴിഞ്ഞിട്ടുമുള്ള ആ സ്‌നേഹത്തിന്റെ കാഠിന്യം ഓർത്ത് തന്റെ കണ്ണുകളും നിറഞ്ഞുപോയെന്നും നടൻ ദേവൻ അനുസ്മരിക്കുന്നു. ഒടുവിൽ ഒരു ദിവസം സാർ അവളെ കാണും എന്ന് ദേവൻ പറഞ്ഞപ്പോൾ ആ മഹാനടന്റെ മുഖത്തുണ്ടായ തിളക്കും മറക്കാനാവില്ലെന്നും ദേവൻ പറയുന്നു.

ആയിരം രൂപ അഡ്വാൻസ് കിട്ടാത്ത കാലം

ഒരുപാട് തിക്താനുഭവങ്ങളിലുടെയും കടന്നുപോയ നടനാണ് രജനി. പലപ്പോഴും കോടമ്പോക്കത്തെ പെപ്പുവെള്ളം കുടിച്ചാണ് അദ്ദേഹം വിശപ്പടക്കിയത്. ഈയിടെ ഭാരതിരാജയുടെ 16 വയതിനിലെ എന്ന ചിത്രം ഇറങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോഴുള്ള ഒരു സംഭവം രജനീകാന്ത് തുറന്ന് പറഞ്ഞിരുന്നു. ''അതിനുമുമ്പ് ഞാൻ ഒരുപിടി സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും 16 വയതിനിലെ എന്ന ചിത്രത്തിലെ പരട്ടായി എന്ന കഥാപാത്രമാണ് തമിഴ്‌നാട്ടിലുടനീളമുള്ള ആളുകൾ എന്നെ ശ്രദ്ധിക്കാൻ കാാരണമായത്,'' രജനീകാന്ത് ഓർക്കുന്നു. ആ ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ച കഴിഞ്ഞപ്പോൾ മറ്റൊരു വേഷവുമായി ഒരു പ്രൊഡ്യൂസർ രജനീകാന്തിനെ സമീപിച്ചു.

''അതൊരു നല്ല കഥാപാത്രമായിരുന്നു, ഭാഗ്യവശാൽ ആ സമയത്തേക്ക് എനിക്ക് ഡേറ്റും ഉണ്ടായിരുന്നു. ഞാൻ സമ്മതിക്കുകയും എന്റെ പ്രതിഫലം ചർച്ച ചെയ്യുകയും ചെയ്തു. 10,000 രൂപയാണ് ഞാനാദ്യം ആവശ്യപ്പെട്ടത്, ഒടുവിൽ 6,000 രൂപയ്ക്ക് സമ്മതിച്ചു. ഞാൻ അദ്ദേഹത്തോട് 100 അല്ലെങ്കിൽ 200 രൂപ ടോക്കൺ അഡ്വാൻസ് ചോദിച്ചു. തന്റെ കയ്യിൽ ഇപ്പോൾ പണമില്ലെന്നും 1,000 രൂപ പിന്നീട് നൽകാമെന്നും നിർമ്മാതാവ് പറഞ്ഞു. എന്നാൽ ഷൂട്ടിങ് ദിവസം പ്രൊഡക്ഷൻ മാനേജർ അഡ്വാൻസ് നൽകിയില്ല.''

രജനീകാന്ത് ഒരു ടെലിഫോൺ ബൂത്തിൽ പോയി നിർമ്മാതാവിനെ വിളിച്ച് തന്റെ അഡ്വാൻസിനെ കുറിച്ച് അന്വേഷിച്ചു. ''ഷൂട്ടിങ് സ്ഥലത്തേക്ക് വരാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു, എന്റെ മേക്കപ്പ് ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം എനിക്ക് അഡ്വാൻസ് നൽകാമെന്നു പറഞ്ഞു. അടുത്ത ദിവസം ഞാൻ ഷൂട്ടിംഗിന് പോയി, എന്നിട്ടും എനിക്ക് അഡ്വാൻസ് ശമ്പളം ലഭിച്ചില്ല. ചിത്രത്തിലെ നായകൻ എത്തിയിട്ടുണ്ട്, വേഗം മേക്കപ്പിനായി ഇരിക്കൂ എന്ന് പ്രൊഡക്ഷൻ മാനേജർ എന്നോട് പറഞ്ഞു. ഞാൻ നിരസിച്ചു. 1,000 രൂപ ലഭിക്കാതെ മുന്നോട്ട് പോകില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ''രജനീകാന്ത് കൂട്ടിച്ചേർത്തു.

പിന്നീട് ചെന്നൈയിലെ എവി എം സ്റ്റുഡിയോയിൽ വെച്ച് നിർമ്മാതാവിനെ കണ്ടപ്പോൾ അദ്ദേഹം തന്നോട് രോഷാകുലനായി സംസാരിക്കുകയും അപമാനിക്കുകയും ചെയ്തെന്ന് താരം പറഞ്ഞു. ''അദ്ദേഹം പ്രകോപിതനായിരുന്നു. അദ്ദേഹം എന്നോട് കയർത്തു, നീയൊരു വലിയ കലാകാരനാണോ?കുറച്ച് സിനിമകൾ ചെയ്തതുകൊണ്ട് അഡ്വാൻസ് ഇല്ലാതെ മേക്കപ്പിനായി ഇരിക്കില്ലേ? നിനക്കൊരു കഥാപാത്രവുമില്ല, പുറത്തു പോവൂ.''

നിർമ്മാതാവിന്റെ അംബാസഡർ കാറിൽ വീട്ടിൽ ഡ്രോപ്പ് ചെയ്യാവോ എന്നു ചോദിച്ചപ്പോൾ നിർമ്മാതാവ് നിരസിച്ചുവെന്നും താരം ഓർക്കുന്നു. ''എന്റെ പക്കൽ പണമില്ലായിരുന്നു, ഞാൻ വീട്ടിലേക്ക് നടന്നു. ഞാൻ നടക്കുമ്പോൾ, ബസ്സുകളിൽ നിന്നും തലയിട്ട് ആളുകൾ 'പരട്ടായി, ഇത് എപ്പടി ഇര്ക്ക്? (16 വയതിനിലിലെ രജനീകാന്തിന്റെ ശ്രദ്ധേയ ഡയലോഗ്) എന്നു ചോദിക്കുന്നുണ്ടായിരുന്നു. ആളുകൾ എന്നെ പരിഹസിക്കുകയാണെന്ന് ഞാൻ കരുതി. പക്ഷേ, അവർ യഥാർത്ഥത്തിൽ എന്റെ ഡയലോഗ് ആവർത്തിക്കുകയായിരുന്നു. അപ്പോഴാണ് എവി എം സ്റ്റുഡിയോയിലേക്ക് ഒരു വിദേശ കാറിൽ തിരിച്ചെത്തിയില്ലെങ്കിൽ ഞാൻ രജനീകാന്ത് ആവില്ലെന്നു എനിക്കു തോന്നിയത്,'' -തന്നിൽ വാശിയും നിശ്ചയദാർഢ്യവും നിറച്ച ആ അനുഭവം താരം പങ്കിട്ടു.

രണ്ടര വർഷം കൊണ്ട് തമിഴകത്തെ സൂപ്പർസ്റ്റാറായി രജനീകാന്ത് വളർന്നു. നാലര ലക്ഷം രൂപയോളം ചെലവഴിച്ച് ഒരു ഇറ്റാലിയൻ നിർമ്മിതമായ ഫിയറ്റ് കാർ രജനീകാന്ത് സ്വന്തമാക്കി. ''എനിക്ക് അഭിമാനം തോന്നി. ആ സമയത്ത്, ഞാൻ താമസിച്ചിരുന്ന തെരുവിന് കാറിനെ ഉൾക്കൊള്ളാൻ പോലും കഴിഞ്ഞിരുന്നില്ല. എങ്ങനെയൊക്കെയോ ഞങ്ങൾ കാർ വീട്ടിലെത്തിച്ചു, ഒരു വിദേശ ഡ്രൈവറെ നിയമിക്കാൻ ഞാൻ ആഗ്രഹിച്ചു. വിദേശ കാറിന് ഒരു വിദേശി ഡ്രൈവർ തന്നെയുണ്ടാകണമെന്ന് ഞാൻ കരുതി. ഏതാനും ആഴ്ചകൾക്കുശേഷം, റോബിൻസൺ എന്ന ആംഗ്ലോ-ഇന്ത്യൻ ഡ്രൈവറെ ഞങ്ങൾ കണ്ടെത്തി. അദ്ദേഹത്തിന് 6 അടി ഉയരമുണ്ടായിരുന്നു, അദ്ദേഹം എത്തിയ ഉടനെ ഞാൻ ഒരു തയ്യൽക്കാരനോട് വീട്ടിലെത്തിച്ച് യൂണിഫോമിനായി അളവുകൾ എടുക്കാൻ ആവശ്യപ്പെട്ടു.''

''റോബിൻസൺ എനിക്ക് ഇരിക്കാനായി പിൻവാതിൽ തുറന്നുതന്നു. കാലിനു മുകളിൽ കാൽ കയറ്റിവച്ച് ഞാൻ രാജകീയമായി ഇരിക്കുകയായിരുന്നു. എന്റെ കാർ എവി എം സ്റ്റുഡിയോയിൽ പ്രവേശിച്ചു, നിർമ്മാതാവ് കാർ പാർക്ക് ചെയ്യാറുള്ള സ്ഥലത്ത് റോബിൻസൺ എന്റെ കാർ പാർക്ക് ചെയ്തു. ഞാൻ ഇറങ്ങി രണ്ട് സിഗരറ്റ് വലിച്ചു.'' രജനീകാന്ത് പറഞ്ഞു. 2020 ജനുവരിയിൽ 'ദർബാർ' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് രജനീകാന്ത് ഈ കഥ സദസ്സുമായി പങ്കുവച്ചത്.

അതുപോലെ ആദ്യകാലത്തൊക്കെ കമൽഹാസന്റെ സ്ഥിരം വില്ലനായ രജനിക്ക് എന്നും അവഗണനായിരുന്നു. നടി ശ്രീദേവിയെപ്പോലുള്ളവർ ഇക്കാര്യം എഴുതിയിട്ടുണ്ട്. വെളുത്തുതുടുത്ത കമലിനൊപ്പം ജനം ആർത്തിരമ്പുമ്പോൾ, കറുത്ത് മെലിഞ്ഞ രജനി ആർക്കുവേണ്ടാതെ ഒരു മൂലക്ക് നിൽക്കയായിരുന്നു. പക്ഷേ ഒരു മേക്കപ്പ് മാൻ ശ്രീദേവിയോട് പറഞ്ഞുവത്രേ. രജനിയാണ് ഭാവിയുടെ താരം. അത് അക്ഷരാർത്ഥത്തിൽ ശരിയായി.

ബ്രേക്ക് നൽകിയത് കെ ബാലചന്ദ്രർ

സിനിമാമോഹിയായ ശിവാജി റാവു ഗെയ്ക്ക്വാദ് എന്ന ചെറുപ്പക്കാരന് അതൊരു ഹീറോയ്ക്ക് പറ്റിയ പേരല്ലെന്ന് പറഞ്ഞ് രജനീകാന്ത് എന്ന പേരു നൽകുന്നത് സംവിധായകൻ കെ ബാലചന്ദർ ആണ്. ബാലചന്ദറിന്റെ തന്നെ ഒരു ചിത്രമായ 'മേജർ ചന്ദ്രകാന്തി'ലെ കഥാപാത്രത്തിന്റെ പേരായിരുന്നു അത്.

കെ. ബാലചന്ദ്രൻ സംവിധാനം ചെയ്ത്, 1975 ഓഗസ്റ്റ് 18ന് റിലീസായ അപൂർവരാഗങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു രജനീകാന്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഒന്നിനു പുറകെ ഒന്നായി ചിത്രങ്ങൾ. ആദ്യ കാലത്ത്, വില്ലൻ വേഷങ്ങളായിരുന്നുവെങ്കിൽ പിന്നീട്, നായകവേഷങ്ങൾ പതിവായി. തമിഴ് സിനിമയിൽ പുതിയ തരംഗമായി രജനി ആസ്വാദകരുടെ സിരകളിൽ രജനി കത്തിക്കയറി. രജനിയുടെ ചലനങ്ങളും, ഭാവങ്ങളും യുവാക്കൾക്ക് ഹരമായി. എസ് പി മുത്തുരാമന്റെ ഭുവാന ഒരു കേൾക്കിവാരി എന്ന ചിത്രം രജനിയുടെ ചലച്ചിത്രജീവിതത്തിലെ വഴിത്തിരിവായി. അരങ്ങേറ്റം കുറിച്ച ആദ്യ നാല് വർഷങ്ങളിൽ നാല് ഭാഷകളിലായി 50 ഓളം സിനിമകളിലാണ് രജനീകാന്ത് അഭിനയിച്ചത്. നാൻ സിഗപ്പുമണിതൻ, പഠിക്കാത്തവൻ, വേലക്കാരൻ, ധർമ്മത്തിൻ തലൈവൻ, നല്ലവനുക്ക് നല്ലവൻ എന്നിവയായിരുന്നു ഇക്കാലത്തെ രജനിയുടെ പ്രധാന ചിത്രങ്ങൾ. 1988 അമേരിക്കൻ ചിത്രമായ ബ്ലഡ്സ്റ്റോണിൽ ഇന്ത്യൻ ടാക്‌സി ഡ്രൈവറായും രജനി അഭിനയിച്ചു. 1978 ൽ ഐ വി ശശി സംവിധാനം ചെയ്്ത അലാവുദ്ദീനും അത്ഭുതവിളക്കും എന്ന മലയാള ചിത്രത്തിലും രജനി അഭിനയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ ദളപതിയിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു. അതിൽ നോക്കുക, രജനിക്ക് മുന്നിൽ മമ്മൂട്ടി ഒന്നുമല്ല. അഭിനയിക്കാൻ അറിയാത്തതല്ല, മലയാളത്തിലെപോലെ നാച്വറലായ കഥാപാത്രങ്ങൾ കിട്ടാത്തതാണ് രജനി അടക്കമുള്ളവരുടെ പ്രശ്നം.

തൊണ്ണൂറുകളിൽ മന്നൻ, പടയപ്പ, മുത്തു, ബാഷ തുടങ്ങിയ ചിത്രങ്ങൾ ആരാധകർക്ക് ഉത്സവമായി. ഇവിടെ രജനിയുടെ താര പരിവേഷം ക്രമേണ വാനോളമുയരുകയായിരുന്നു. 1993-ൽ വള്ളി എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ രജനി താൻ ചലച്ചിത്ര രംഗം വിടുകയാണെന്ന് വാർത്താ സമ്മേളത്തിൽ പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. 1995-ൽ പുറത്തിറങ്ങിയ രജനി ചിത്രമായ മുത്തു ജാപ്പനീസ് ഭാഷയിൽ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന ഖ്യാതി നേടി. ഈ ഒറ്റ ചിത്രത്തോടെ രജനി ജപ്പാനിൽ ജനപ്രിയനായി.

തമിഴിനു പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി, ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള രജനികാന്തിന്റെ സൂപ്പർ താരപദവിയിലേക്കുള്ള വളർച്ച അതിവേഗമായിരുന്നു. ചലച്ചിത്ര രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾക്ക് പത്മഭൂഷൺ, പത്മവിഭൂഷൺ, ദാദസാഹേബ് ഫാൽകേ പുരസ്‌കാരങ്ങൾ ഉൾപ്പെടെ ലഭിച്ചു.അഭിനയത്തിന് പുറമേ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, പിന്നണി ഗായകൻ എന്നീ നിലകളിലും രജനികാന്ത് പ്രവർത്തിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്സ് ഇന്ത്യ മാസികയും അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട്.

ഉന്നതങ്ങളിൽ  ഒരു വിനീതൻ

ആരും അനുകരിക്കാനാഗ്രഹിക്കുന്ന, എന്നാൽ ആരെക്കൊണ്ടും അനുകരിക്കാൻ കഴിയാത്ത സ്റ്റൈൽ കണ്ടു തന്നെയാണ് ഈ മനുഷ്യനെ ആരാധകർ സ്റ്റൈൽ മന്നൻ എന്നു വിളിച്ചത്. കൂലിക്കാരൻ, കർഷകൻ, ഓട്ടോറിക്ഷ ഡ്രൈവർ, ഹോട്ടൽ വെയ്റ്റർ തുടങ്ങിയ വേഷങ്ങളിലൂടെയാണ് രജനികാന്ത് ജനലക്ഷങ്ങളുടെ തലൈവനായത്. സിഗരറ്റ് കറക്കി ചുണ്ടിൽ വച്ച് വലിക്കുന്നതു മുതൽ ചുറുചുറുക്കോടെയുള്ള സ്‌റ്റൈലൻ നടത്തം വരെ... 'നാൻ ഒരു തടവൈ സൊന്നാൽ നൂറ് തടവൈ സൊന്ന മാതിരി, ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേൻ' തുടങ്ങിയ മാസ് ഡയലോഗുകൾ വരെ... രജനികാന്ത് എന്ന ബ്രാൻഡ് ജനിച്ചത് അങ്ങനെയൊക്കെയായിരുന്നു. ആക്ഷനുകളും സംഭാഷണങ്ങളും.. എല്ലായിടത്തുമുണ്ട് ആ രജനി ടച്ച്.

പക്ഷേ ഇതിനേക്കാൾ ഉപരി രജനിയെ പ്രിയപ്പെട്ടവാനാക്കുന്നത് അദ്ദേഹത്തിന്റെ സ്വഭാമാണ്. തീർത്തും വിയനാന്വിതനാണ് അദ്ദേഹം. ആരെക്കണ്ടാലും കൈകൂപ്പി വണങ്ങുന്ന സെറ്റിൽ ഒരു മൂലക്ക് ഇരിക്കുന്ന മനുഷ്യൻ. നമ്മുടെ സച്ചിൻ ടെണ്ടുൽക്കെറപ്പോലെ ഒക്കെ ഒരു കുറ്റവും പറയാൻ കഴിയാത്ത വ്യക്തിത്വം. അന്തരിച്ച മലയാള നടൻ കലാഭവൻ മണിയൊക്കെ ഇക്കാര്യം എടുത്തുപറയാറുണ്ട്. നല്ല സിനിമകൾ കണ്ടാൽ നേരിട്ട് വിളിച്ച് അഭിനന്ദിക്കുന്ന പ്രകൃതമാണ്. ഈയിടെ പൊന്നിയൻ സെൽവൻ എന്ന സിനിമയുടെ ലോഞ്ചിന് താൻ നടത്തിയ ഒരു മിമിക്രി കണ്ട്് പൊട്ടിച്ചിരിച്ച് വിളിച്ച രജനിയെക്കുറിച്ച് ഈയിടെ പറഞ്ഞത് നടൻ ജയാറാമാണ്. രജനിയെ ഇന്ന് ആഗോള ബ്രാൻഡ് ആക്കി വളർത്തിയതിന് പിന്നിൽ അദ്ദേഹത്തിന്റെ ലളിതമായ ജീവിതത്തിനും ഏറെ പങ്കുണ്ട്.

കമൽഹാസനുമായി ഒരു താരയുദ്ധത്തിനും ഒരിക്കലും അദ്ദേഹം തയ്യാറായിട്ടില്ല. തന്നേക്കാൾ മികച്ച നടൻ കമലാണെന്നും, അദ്ദേഹത്തിന്റെ കഠിനാധ്വാനം അഗീകരിക്കപ്പെടണം എന്നൊക്കെ പരസ്യമായി പറയാൻ രജനിക്കേ കഴിയൂ. കമൽ രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോഴും അദ്ദേഹം പറഞ്ഞത് അങ്ങനെയാണ്. കൈവെച്ച മേഖലകളിലാക്കെ വിജയം വരിച്ച ഈ നടൻ രാഷ്ട്രീയത്തിലും വിജയിക്കുമെന്ന്.

രാഷ്ട്രീയ സ്വപ്നം ഉപക്ഷേിക്കുന്നു

രജനി ഒന്ന് വിരൽ ഞൊടിച്ചിരുന്നെങ്കിൽ തമിഴ്‌നാട് മുഖ്യമന്ത്രിയാവാമായിരുന്നു. കാരണം തമിഴ്‌നാട്ടിൽ ഏത് രാഷ്ട്രീയ പാർട്ടിയേക്കാളും അംഗങ്ങളും പിന്തുണയുമുണ്ട് രജനി ഫാൻസ് അസോസിയേഷന്. പക്ഷേ കത്തിനിൽക്കുന്ന സമയത്ത് അദ്ദേഹം കക്ഷി രാഷ്ട്രീയത്തിൽനിന്ന് അകന്നുനിന്നു.

സത്യത്തിൽ ജയലളിതയുമായള്ള ശത്രുതയാണ്, രജനിയെ കോൺഗ്രസിലേക്ക് അടുപ്പിച്ചത്. ഈഗോയിസ്റ്റായ മുഖ്യമന്ത്രി ജയലളിക്ക്, തന്റെ വസതിക്ക് അരികിൽ താമസിച്ചിരുന്ന രജനിയുടെ വീട്ടിന് മുന്നിലെ തിരക്ക് പിടിച്ചില്ല. ഒരിക്കൽ അവർ രജനിയുടെ കാർ പൊലീസിനെ കൊണ്ട് തടഞ്ഞിട്ടു. രജനിയാവട്ടെ, കാറിൽ നിന്ന് പുറത്തറിങ്ങി സ്റ്റുഡിയോവിലേക്ക് നടന്നുപോയി. ഫലമോ താരത്തെ കാണാനായി ചെന്നൈ നഗരം മൊത്തം ബ്ലോക്കായി. അതിൽ ഒരടിമുന്നോട്ട് പോവാൻ കഴിയാതെ ജയലളിതയും പെട്ടു. എത്ര മനോഹരമായ പ്രതികാരം!

ആദ്യം രജനി കോൺഗ്രസ് അനുഭാവിയാണെന്നാണ് പൊതുവെ കരുതപ്പെട്ടത്. 1995ൽ പ്രധാനമന്ത്രി പി.വി. നരസിംഹറാവുമായി നടത്തിയ കൂടിക്കാഴ്‌ച്ചയെ തുടർന്ന് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകാൻ സന്നദ്ധനാണെന്ന് രജനി പ്രഖ്യാപിരുന്നു. രജനിയുടെ പിന്തുണയുണ്ടെങ്കിൽ കോൺഗ്രസിന് 130 സീറ്റ്‌വരെ ലഭിക്കുമെന്ന് കുമുദം മാസികയുടെ അഭിപ്രായ സർവേയിൽ കണ്ടെത്തിയിരുന്നു. 1996ൽ കോൺഗ്രസ് എ.ഐ.എ.ഡി.എം.കെയുമായി സഹകരിക്കാൻ തീരുമാനിച്ചപ്പോൾ രജനി ഡി.എം.കെ-ടി.എം.സി മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ സൈക്കിൾ ആയിരുന്നു ടി.എം.സിയുടെ ചിഹ്നം. അണ്ണാമലൈ എന്ന ചിത്രത്തിൽ സൈക്കിളിൽ സഞ്ചരിക്കുന്ന രജനികാന്തിന്റെ ചിത്രമാണ് പാർട്ടി പോസ്റ്ററുകളിൽ ഉപയോഗിച്ചത്. എ.ഐ.എ.ഡി.എം.കെ അധികാരത്തിലെത്തിയാൽ ദൈവത്തിനു പോലും തമിഴ്‌നാടിനെ രക്ഷിക്കാനാവില്ലെന്ന് രജിനി പ്രഖ്യാപിച്ചു. പടയപ്പ എന്ന രജനിയുടെ സൂപ്പർ ഹിറ്റ് ചിത്രത്തിൽ രമാകൃഷ്ന്റെ കഥാപാത്രം ഫലത്തിൽ ജയലളിതയെ പരിഹസിക്കുന്നതാണെന്നും പലരും ചൂണ്ടിക്കാട്ടിയിരുന്നു.

1998ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലും രജനി ഡി.എം.കെ - ടിഎംസി മുന്നണിക്കൊപ്പമായിരുന്നു. പക്ഷേ കോയമ്പത്തൂർ ബോംബ് സ്ഫോടനത്തെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഐ.ഐ.എ.ഡി.എം.കെ-ബിജെപി മുന്നണി ഭൂരിഭാഗം സീറ്റുകളിലും വിജയിച്ചു. 2002ൽ കാവേരി നദീജല തർക്കത്തിൽ കർണാടകത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് രജനികാന്ത് ഉപവാസ സമരം നടത്തി. നദീ ബന്ധന പദ്ധതിക്ക് ഒരു കോടി രൂപ നൽകാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച താരരാജാവ് പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയെ കണ്ട് നദീ-ബന്ധന പദ്ധതിക്ക് പിന്തുണ അറിയിച്ചു. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രജനി ബിജെപി-എ.ഐ.എ.ഡി.എം.കെ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. രജനിയുടെ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും ഏറെ വിമർശനങ്ങൾക്കും ഇടയാക്കി. അപ്പോഴേക്കും അദ്ദേഹം ആത്മീയ രാഷ്ട്രീയത്തിലേക്ക് മാറിയിരുന്നു.

2017 രജനികാന്ത് ബി ജെപിയിൽ ചേർന്നേക്കും എന്ന വാർത്ത നിരവധി രാഷ്ട്രീയ പ്രതികരണങ്ങൾക്ക് വഴി തെളിച്ചു. പക്ഷേ അദ്ദേഹം അതിന് തയ്യാറായില്ല. പിന്നീടാണ് സ്വന്തമായി പാർട്ടി ഉണ്ടാവുന്നത്. അത്മീയ രാഷ്ട്രീയം ആണ് തന്റെ പാർട്ടിയുടെ ലക്ഷ്യം എന്നാണ് അദ്ദേഹം പറഞ്ഞത്. രജനിയുടെ പാർട്ടി വന്നാൽ തമിഴക രാഷ്ട്രീയം മൊത്തം മാറിമറിയും എന്ന് വിലയിരുത്തലുണ്ടായി. പക്ഷേ തന്റെ അനാരോഗ്യംമൂലം
2021 ജൂലൈ 12-ന് തന്റെ പാർട്ടിയായ രജനി മക്കൾ മന്ദ്രം (ആർഎംഎം) പിരിച്ചുവിടുകയും ഭാവിയിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തനിക്ക് പദ്ധതിയില്ലെന്നും പറഞ്ഞു. അതോടെ പലരും ആരോഗ്യസ്ഥിതി മുൻ നിർത്തി രജനിയെ എഴുതിത്ത്ത്ത്തള്ളിയിരുന്നു. പക്ഷേ അവിടെ നിന്നാണ് പുതിയ ചിത്രത്തിലൂടെ അദ്ദേഹം ഉയർത്തെഴൂനേറ്റത്.

വീണ്ടും  രജനി തരംഗം!

പണ്ടൊക്കെ തമിഴ്‌നാട്ടിൽ ഒരു രജനി പടം വരിക എന്ന് പറഞ്ഞാൽ സ്‌കൂളുകൾക്കും കോളജുകൾക്കും അവധിയായിരുന്നു. അവധി ആരും ഔദ്യോഗികമായി കൊടുക്കേണ്ട കാര്യമില്ല. കുട്ടികൾ ക്ലാസിൽ വന്നാൽ അല്ലേ അധ്യയനം നടക്കൂ! ഇന്ന് ജയിലറിലൂടെ വീണ്ടും അതേ അവസ്ഥ വന്നിരിക്കയാണ്. രണ്ട് വർഷത്തിനു ശേഷമാണ് ഒരു രജനി ചിത്രം തിയറ്ററുകളിലെത്തുന്നത്. തമിഴ്‌നാട്ടിലെമ്പാടും ഇന്ന് സ്‌കൂളുകളിലും കോളജുകളിലും കുട്ടികൾ തീരെ കുറവാണെന്നാണ് റിപ്പോർട്ട്. ചെന്നൈയിലും , ബംഗളൂരിലും ജയിലർ റിലീസ് പ്രമാണിച്ച് പല സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാർക്ക് അവധി നൽകിയിട്ടുണ്ട്. ആദ്യ ഷോയ്ക്ക് പിന്നാലെ എല്ലായിടത്തും രജനി ആരാധകർ ആഘോഷ പ്രകടനങ്ങൾ തുടങ്ങിയിട്ടുണ്ട്.

വേൾഡ് വൈഡായി 4000 സ്‌ക്രീനുകളിലാണ് ചിത്രം ആദ്യ ദിനം പ്രദർശിച്ചത്. ബാംഗ്ലൂർ മൾട്ടിപ്ലെക്‌സുകളിൽ 800 മുതൽ 1400 രൂപ വരെ ടിക്കറ്റ് നിരക്കിലാണ് പുലർച്ചെ 6 മണിക്കുള്ള ഷോയുടെ ടിക്കറ്റുകൾ വിറ്റുപോയത്. തമിഴ്‌നാട്ടിൽ ചിത്രം ഗംഭീര ഓപ്പണിങ്ങാണ് രേഖപ്പെടുത്തിയത്. കൂടാതെ ലോകമെമ്പാടുമുള്ള ഓപ്പണിങ് 50 - 60 കോടി രൂപയിൽ വരുമെന്നും ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നുണ്ട്. 225 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ഇതിൽ 110 കോടി രൂപ രജനിയുടെ മാത്രം പ്രതിഫലമാണ്. അതിന് കാര്യവുമുണ്ട്. രജനിയുടെ ഒറ്റപേരിലാണ് ചൈനയിലും, മേലേഷ്യയിലും അടക്കം ചിത്രം ആഗോള വ്യാപകമായി പ്രദർശിപ്പിക്കുന്നത്. വെങ്കി റിവ്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച്, ചിത്രത്തിന്റെ യുഎസ്എ പ്രീമിയർ അഡ്വാൻസ് ബുക്കിംഗിൽ 17,919 ടിക്കറ്റുകൾ വിറ്റഴിച്ച് മൂന്ന് കോടിയിലേറെ രൂപ കളക്റ്റ് ചെയ്തിട്ടുണ്ട്. അതായത് രജനീകാന്ത് എന്ന താരത്തെ വീണ്ടും ലോകംമുഴവൻ ആരാധിക്കയാണ്.

ഇപ്പോൾ ജെയിലറുടെ വിജയം ആഘോഷിക്കാൻ നിൽക്കാതെ അദ്ദേഹം ഹിമാലയത്തിലേക്ക് പോയിരിക്കയാണ്. ഇനിയുള്ള കുറച്ചുകാലം രജനി ഹിമാവാന്റെ മടിത്തട്ടിലായിക്കും. ചലച്ചിത്രത്തിന്റെ പകിട്ടിനേക്കാൾ ഹിമാവാന്റെ ശാന്തതയാണ് ഈ താരം ഇഷ്ടപ്പെടുന്നതും.

വാൽക്കഷ്ണം: നമ്മുടെ നാട്ടിലെ നടന്മാർക്ക് നേരെ ഉയർന്നവുന്നതുപോലെ, നികുതി വെട്ടിക്കൽ പരിപാടിയിലും രജനിയെ കിട്ടില്ല. തമിഴ്‌നാട് ആദായനികുതി വകുപ്പ് പലതവണ മികച്ച ടാക്സ്പേയർ ആക്കി ആദരിച്ച വ്യക്തികൂടിയാണ് ഈ നടൻ. എവിടെയും സമാനകളില്ലാത്ത മാതൃക.