80-കളുടെ മധ്യത്തിലും 90-കളുടെ തുടക്കത്തിലുമൊക്കെ, അൽപ്പം വായിക്കുകയും, ചിന്തിക്കുകയും, ചെയ്യുന്ന ചെറുപ്പക്കാർ ഒരു തീർത്ഥാടന കേന്ദ്രം പോലെ പോയിരുന്ന സ്ഥലമാണ് ഊട്ടിയിലെ ഫേൺ ഹിൽസ്. അവിടെയാണ് 'അറിവിന്റെ അവധൂത ജന്മമെന്ന്' ആരാധകർ വിശേഷിപ്പിച്ചിരുന്ന ആ സന്യാസി ജീവിച്ചിരുന്നത്്. ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകർ ഉണ്ടായിരുന്നിട്ടും, പോകുന്നിടത്തെല്ലാം കാണാൻ ആളുകൂടിയിട്ടും അയാൾ അവരെയാക്കെ ഒറ്റവാക്കുകൊണ്ട് നിരാശനാക്കി. ' ഞാൻ വെറുമൊരു സാധാരണ മനുഷ്യനാണ്. നിങ്ങൾക്കില്ലാത്ത സിദ്ധികൾ ഒന്നും എനിക്കില്ല. സ്നേഹമാണ് എന്റെ മതം. ശാസ്ത്രബോധമാണ് നമുക്ക് വേണ്ടത്''.

ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ നടരാജഗുരുവിന്റെ ശിഷ്യൻ, ലോകം എമ്പാടും ആരാധകരുള്ള സന്യാസി, തത്ത്വജ്ഞാനി, കവി, ഗ്രന്ഥകർത്താവ്, മനഃശ്ശാസ്ത്രജ്ഞൻ. മലയാളത്തിൽ 120 പുസ്തകങ്ങളും ഇംഗ്ലീഷിൽ 80 പുസ്തകങ്ങളുമായി 200 പുസ്തകങ്ങളാണ് അദ്ദേഹം എഴുതിയത്്. കുമാരനാശാന്റെ 'നളിനി'യുടെ അവലോകനമായ 'നളിനി എന്ന കാവ്യശില്പ'ത്തിന് 1977-ൽ നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും നേടി. ബൃഹദാരണ്യ ഉപനിഷത്തിനും പതഞ്ജലിയുടെ യോഗസൂത്രത്തിനും ഭാഷ്യങ്ങൾ എഴുതുമ്പോഴും, ഡാർവിനെയും, ന്യുട്ടനെയും, ഐൻസ്റ്റീനെയും ഉദ്ധരിച്ച് പ്രഭാഷണങ്ങൾ നടത്തുന്ന സന്യാസി!

ഒറ്റ ജീവിതത്തിൽ എന്തെല്ലാം വേഷങ്ങളിലുടെയും അനുഭവങ്ങളിലുടെയുമാണ് ഈ മനുഷ്യൻ കടന്നുപോയത്. സന്യാസിയായി ഗുഹകളിൽ, ഗാന്ധിജിയുടെ സേവകനായി, രമണമഹർഷിയുടെയും നടരാജഗുരുവിന്റെയും ശിഷ്യനായി, ആർമി ഉദ്യോഗസ്ഥനായി സൈനിക മേഖലയിൽ, അദ്ധ്യാപകനായി കോളജിൽ, പത്രാധിപരായി, എഴുത്തുകാരനായി, പ്രഭാഷകനായി, വിദേശ യൂണിവേഴ്സിറ്റിയിലെ വിസിറ്റിങ്ങ് പ്രെഫസറായി.... ആർക്കുണ്ട് ഇതുപോലെ വ്യത്യസ്തമായ ജീവിത അനുഭവങ്ങൾ. നൂറാം ജന്മദിന വർഷത്തിൽ എത്തിനിൽക്കുന്നു, പൂർവാശ്രമത്തിൽ ജയചന്ദ്രൻ എന്ന് അറിയപ്പെട്ട ഗുരു നിത്യ ചൈത്യന്യ യതിയുടെ ജീവിതം ശരിക്കുമൊരു വല്ലാത്ത കഥയാണ്.

മെട്രിക്കുലേഷനുശേഷം ഭാരത പര്യടനം

ഗുരു നിത്യചൈതന്യ യതിയുടെ യാഥർത്ഥ പേര് കെ.ആർ.ജയചന്ദ്രൻ എന്നാണ്. പത്തനംതിട്ട ജില്ലയിലെ വകയാറിനടുത്തുള്ള മുറിഞ്ഞകല്ലിൽ 1923 നവംബർ 2നാണ് ജയചന്ദ്രപ്പണിക്കർ ജനിച്ചത്. പിതാവ് പന്തളം രാഘവപ്പണിക്കർ കവിയും അദ്ധ്യാപകനുമായിരുന്നു. ചെറുപ്പത്തിൽ തന്നെ ജയചന്ദ്രൻ മറ്റുകൂട്ടികളിൽ നിന്ന് വ്യത്യസ്തനായിരുന്നു. നിരന്തരമായ വായനും അന്വേഷണവുമായിരുന്നു അവന്റെ രീതി. ഈ പ്രപഞ്ചം എങ്ങനെയുണ്ടായി, ഈ ലോകത്തിന് അപ്പുറം എന്താണ്, എന്തിനാണ് മനുഷ്യർ ഇങ്ങനെ മത്സരിക്കുന്നത്, ജീവിതത്തിന്റെ ആന്ത്യന്തികമായ അർത്ഥമെന്താണ് തുടങ്ങിയ നിരവധി കാര്യങ്ങൾ അവന്റെ മനസ്സിനെ അലട്ടി.

കുഞ്ഞായിരിക്കുമ്പോഴേ ഹിമാലയൻ യതിയെപോലെ ആർക്കും പിടികൊടുക്കാതെ ഒരു അത്ഭുതജീവിയായി കഴിയണമെന്ന ആഗ്രഹം ഉണ്ടായിരുന്നു യതിക്കെന്ന് അദ്ദേഹത്തിന്റെ അത്മകഥ പറയുന്നു. ഏഴു വയസ്സുള്ളപ്പോൾ മുതൽ ശ്രീനാരായണഗുരുവിന്റെയും നടരാജ ഗുരുവിന്റെയും ആരാധകനായിരുന്നു അവൻ. ഹൈസ്‌കൂൾ മെട്രിക്കുലേഷനു ശേഷം അദ്ദേഹം വീടുവിട്ട് ഭാരതം മുഴുവൻ അലഞ്ഞു തിരിഞ്ഞു. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. ഈ സഞ്ചാരത്തിനിടെ ഗാന്ധിജിയുമായും പ്രശസ്തരായ മറ്റുപല വ്യക്തികളുമായും അടുത്ത് ഇടപഴകാൻ അദ്ദേഹത്തിനു കഴിഞ്ഞു. സൂഫി ഫക്കീറുമാർ, ജൈന സന്ന്യാസികൾ, ബുദ്ധമത സന്യാസിമാർ, രമണ മഹർഷി തുടങ്ങി വളരെപ്പേരുമായി അദ്ദേഹത്തിനു അടുത്ത ബന്ധമുണ്ടായിരുന്നു.

ആ കാലത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതുന്നു. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണ വചനത്തെ ജീവിതത്തിന്റെ ആധാരശിലയായി കണ്ട ആ കാലം ആത്മീയാനുഭവങ്ങൾ തേടിയുള്ള യാത്രയിലായിരുന്നു. ആദ്യമൊക്കെ കാലത്തെയും ദേശത്തെയും സ്പർശിച്ചിരുന്ന യാത്രകൾ. പിന്നെപ്പിന്നെ കാലത്തെയും ദേശത്തെയും മറന്നുകൊണ്ട് അകമെയുള്ള യാത്രകൾ... ഏറെ നാൾ മൗനവ്രതത്തിൽ കഴിഞ്ഞു. ഇടക്കെപ്പോഴോ വിവാഹജീവിതത്തെക്കുറിച്ചും ഭൗതിക ജീവിതത്തെക്കുറിച്ചും തോന്നിയ വിരക്തിയും സന്യാസത്തിലേക്കു തിരിയാൻ ഇടയായി.''

പക്ഷേ എന്തായാലും അദ്ദേഹം ഇന്ത്യ മുഴുവൻ കറങ്ങിയതിനുശേഷം ഒടുവിൽ നാട്ടിൽ തിരിച്ചെത്തി. അപ്പോൾ മനസ്സിൽ അനുഭവങ്ങളുടെ കടൽ ആയിരുന്നു.

വൈവിധ്യങ്ങളുടെ ജീവിതം

എന്നും വിദ്യാർത്ഥിയായി ജീവിക്കാൻ ആഗ്രഹിച്ച് മനസ്സായിരുന്നു അദ്ദേഹത്തിന്. കേരളത്തിൽ തിരിച്ചെത്തിയ അദ്ദേഹം 1947-ൽ ആലുവ യൂ സി കോളേജിൽ തത്ത്വശാസ്ത്ര പഠനത്തിനായി ചേർന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നു തത്ത്വചിന്തയിൽ ബിഎ ഓണേഴ്സ് നേടിയ യതി, അന്ധരുടെ മാനസികപ്രശ്നങ്ങൾ എന്ന വിഷയത്തിൽ മുംബൈ യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തിയിട്ടുണ്ട്. പഠനത്തിനു ശേഷം അദ്ദേഹം കൊല്ലം ശ്രീനാരായണാ കോളേജ്, ചെന്നൈ, (മദ്രാസ്സ് )വിവേകാനന്ദാ കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. ഈ കാലയളവിൽ അദ്ദേഹം വേദാന്തം, സാംഖ്യം, യോഗം വിദ്യ, മീമാംസ, പുരാണങ്ങൾ, സാഹിത്യം എന്നിവ പഠിച്ചു. പിന്നെയാണ് സന്യാസത്തിലേക്ക് കടക്കുന്നത്.

ബെംഗളൂരുവിലെ റോയൽ എയർഫോഴ്സിലും പുണെയിലെ ഇന്ത്യൻ ആർമിയിലും സേവനമനുഷ്ഠിച്ചു. ഓസ്ട്രേലിയ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പ്രഫസർ. ഗാന്ധിജിയുടെ കൂടെ ഹരിജൻ സേവാ സംഘത്തിൽ പ്രവർത്തിച്ചു. വർക്കലയിലെ ശ്രീനാരായണഗുരുവിന്റെ ശിവിഗിരി മഠത്തിലും ഡോ.ജി.എച്ച്.മീസിന്റെ കണ്വാശ്രമത്തിലും കഴിഞ്ഞിട്ടുണ്ട്. ഗുരുകുലം മാസികയുടെ പത്രാധിപത്യം വഹിച്ചു.

ഗാന്ധിജിയുടെ ആശ്രമത്തിൽ കഴിഞ്ഞ ദിനത്തിന്റെ അനുഭവങ്ങൾ എല്ലാംവെച്ച് അദ്ദേഹം 'എന്റെ ഹൃദയത്തിലെ ഗാന്ധി' എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. വളരെ പ്രസാദവാനായി കാണപ്പെടുന്ന ഗാന്ധി തന്റെ ആദർശങ്ങളിൽ നിന്ന് ശിഷ്യരോ, കസ്തൂർബാ ഗാന്ധിയോ മാറുന്നത് കണ്ടാൽ ഉടനടി ശാഠ്യക്കാരനായി മാറും എന്നാണ് യതി ഗാന്ധിജിയെ കുറിച്ച് അനുസ്മരിക്കുന്നത്. ഗാന്ധിജിയുടെ നിരാഹാര സത്യാഗ്രഹങ്ങൾ ചൂണ്ടിക്കാട്ടി യതി പറയുന്നത്, സാധാരണ മനുഷ്യന് മനസിലാക്കുന്നതിനപ്പുറമായിരുന്നു ഇങ്ങനെയുള്ള ശരീരത്തെ പീഡിപ്പിക്കുന്ന പ്രക്രിയ എന്നാണ്. മനഃശാസ്ത്രം നന്നായി പഠിച്ചിട്ടുള്ള ഗുരു നിത്യ ചൈതന്യ യതി 'മസോക്കിസം' അതല്ലെങ്കിൽ സ്വന്തം ശരീരത്തെ പീഡിപ്പിക്കുകയും അതിലൂടെ ആനന്ദം കണ്ടെത്തുന്ന ഒരുതരം പ്രക്രിയയായിട്ടാണ് ഗാന്ധിജിയുടെ നിരാഹാര സത്യാഗ്രഹങ്ങളെ വിലയിരുത്തന്നത്. പക്ഷെ അങ്ങനെ വിലയിരുത്തുമ്പോഴും ഗുരു ചോദിക്കുന്നത് ക്രിസ്തുവിലും ഇത്തരം ഒരു 'മസോക്കിസ്റ്റ്' സവഭാവം ഇല്ലേ എന്നുള്ള ചോദ്യമാണ്. ക്രിസ്തുവിന്റെ കുരിശിലെ മരണവും, പീഡാനുഭവവും ചൂണ്ടിക്കാട്ടിയാണ് ഗുരുവിന്റെ ഈ ചോദ്യം. അവസാനം ഗുരുവിന്റെ 'കൺക്ലൂഷൻ' ക്രിസ്തുവും ഗാന്ധിയുമൊന്നും മനഃശാസ്ത്രജ്ഞന്മാർക്കും, സാധാരണക്കാർക്കും അത്ര എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്ന വ്യക്തിത്ത്വങ്ങളല്ല എന്നാണ്.

ജയചന്ദ്രനിൽ നിന്ന് യതിയിലേക്ക്

ഹോളണ്ടുകാരനായ ഡോ. ജി.എച്ച്. മീസ് സ്ഥാപിച്ച വർക്കല ശ്രീനിവാസപുരത്തെ കണ്വാശ്രമത്തിലാണ് ആത്മീയാന്വേഷണത്തിന്റെ ഭാഗമായി ജയചന്ദ്രൻ ആദ്യമെത്തിയത്. എങ്കിലും അവിടെനിന്ന് തൃപ്തി വരാതെ ഗുരുവിനെ തേടിയുള്ള യാത്രകൾക്ക് തുടർന്നു. അത്തരമൊരു യാത്രക്കിടയിലാണ് ഊട്ടി ഫേൺഹില്ലിൽ വച്ച് നടരാജ ഗുരുവിനെ കണ്ടുമുട്ടുന്നത്. 1951-ൽ നടരാജഗുരുവിനെ തന്റെ ആത്മീയ ഗുരുവായി സ്വീകരിക്കുകയും ശിഷ്യനാവുകയും ചെയ്തു.

ഏഴു വയസ്സുള്ളപ്പോൾ മുതൽ നടരാജഗുരുവിന്റെ ചിത്രം സൂക്ഷിച്ചിരുന്ന യതി പതിനേഴാം വയസ്സിൽ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചതും മറ്റൊരു നിയോഗം. തിരുവണ്ണാമലയിൽ രമണമഹർഷിയുടെ ആശ്രമത്തിൽവച്ചാണ് നിത്യചൈതന്യ യതി എന്ന പേരിൽ സന്യാസം സ്വീകരിക്കുന്നത്. തന്റെ സന്ന്യാസ ജീവിതം അറിയുമ്പോൾ അമ്മയുടെ കണ്ഠമിടറും കണ്ണുനിറയും എന്നൊക്കെയായിരുന്നു അദ്ദേഹം കരുതിയത്. പക്ഷേ, ചിരിച്ചു കൊണ്ട് ആ അമ്മ പറഞ്ഞു. 'ഞാൻ ഈ ദിവസത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. നീ ജനിക്കുന്നതിനു മുന്മ്പുതന്നെ ഞാൻ ആഗ്രഹിച്ചിരുന്നതാണ് എന്റെ ആദ്യപുത്രൻ സന്യാസിയായിത്തീരണമെന്ന്. അവൻ ശ്രീനാരായണഗുരുവിനുവേണ്ടി ജീവിക്കണമെന്നും.'

1963-67 കാലത്ത് ഡൽഹിയിലെ സൈക്കിക് ആൻഡ് സ്പിരിച്വൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, ഓസ്ട്രേലിയ, യുഎസ്, ഇംഗ്ലണ്ട്, യൂറോപ്പ് സർവകലാശാലകളിൽ വിസിറ്റിങ് പ്രഫസർ എന്നിങ്ങനെ പല തരത്തിലുള്ള പദവികളും വഹിച്ചു. നടരാജഗുരു 1973 മാർച്ച് 19ന് സമാധിയായതിനെത്തുടർന്ന് ഗുരുകുലത്തിന്റെ ചുമതലയേറ്റെടുത്തു. ശ്രീനാരായണ ഗുരുവിന്റെയും നടരാജ ഗുരുവിന്റെയും പിൻഗാമിയായി, നാരായണ ഗുരുകുലത്തിന്റെ അധിപസ്ഥാനം അങ്ങനെ അദ്ദേഹത്തിന്റെ കൈയിലെത്തി. പിന്നെയും പല യാത്രകൾ അതിനിടെയും തുടർന്നു. 84 ൽ ഫേൺഹില്ലിൽ തിരിച്ചെത്തി. ലോകത്തിന്റെ നാനാഭാഗങ്ങളിലും സഞ്ചരിക്കുമ്പോഴും യതിയുടെ കേന്ദ്രം ഊട്ടിയിലെ ഫേൺഹില്ലായിരുന്നു. തത്വചിന്തയായിരുന്നു ഇഷ്ടവിഷയം. അവസാന ദിനംവരെ അദ്ദേഹം ഇവിടെ കർമ്മ നിരതനായിരുന്നു.

അദ്വൈത വേദാന്തത്തിന്റെയും ഭാരതീയ തത്വശാസ്ത്രത്തിന്റെയും ഒരു പ്രമുഖ വക്താവായിരുന്നു യതി. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ശൃംഖലയിൽ മൂന്നാമനായ കണക്കാക്കപ്പെടുന്ന ഇദ്ദേഹം, ശ്രീനാരായണ ഗുരു, നടരാജ ഗുരു, നിത്യ ചൈതന്യ യതി, എന്നീ മൂന്നു ദാർശനികർ ഇന്ത്യയുടെ ആത്മാവ്, ചിന്ത എന്നിവയെ സാധാരണക്കാരനു മനസ്സിലാവുന്ന ഭാഷയിൽ പ്രകാശിപ്പിച്ചതായി എഴുതിയ വിദേശ ചിന്തകർ പോലുമുണ്ട്.

ശാസ്ത്രത്തെ പുണർന്ന സന്യാസി

'ആജ്ഞാപിക്കുകയും അനുസരിക്കുകയും അരുത്, മനസ്സിലാക്കുകയും അംഗീകരിക്കുകയുമാണ് വേണ്ട' തെന്ന നടരാജഗുരുവിന്റെ ഉപദേശമാണ് നിത്യ ചൈതന്യ യതിയും സന്യാസ ജീവിതത്തിലുടനീളം പുലർത്തിയത്. വിശ്വാസങ്ങളേക്കാൾ ശാസ്ത്രത്തെ പുണർന്ന സന്യാസിയായിരുന്നു യതി എന്നാണ് അദ്ദേഹത്തിന്റെ ആരാധകർ വിലയിരുത്തുന്നത്.

ശ്രീനാരായണ ദർശനങ്ങൾ വ്യാപിപ്പിക്കുക എന്ന ദർശനത്തോടെയാണ് യതി നിയമിക്കപ്പെട്ടതെങ്കിലും, പിന്നീട് സ്വയം പ്രഭാവത്തിന്റെ തീക്ഷ്ണത കൊണ്ട് ഗുരു എന്ന തലത്തിലേയ്ക്ക് ഉയർന്നു വരാൻ അദ്ദേഹത്തിന് കഴിഞ്ഞു. 'ഗുരു എന്നാൽ സ്വന്തമായി ഹൃദയത്തിൽ നിന്ന് ചുറ്റും ഉള്ളവർക്ക് നൽകുവാൻ ഉള്ളയാൾ ആയിരിക്കണം. സന്യാസ ദീക്ഷ സ്വീകരിച്ചവർ എല്ലാവരും ഒരിക്കലും ഗുരുക്കന്മാർ ആകുന്നുമില്ല, പക്ഷേ ഗുരു എന്ന സ്ഥാനത്തിനു അർഹനായിരുന്നു പറയുന്ന വാക്കുകളിൽ തന്നെ ജീവിച്ച നിത്യ. അദ്ദേഹത്തോടുള്ള പ്രണയം തന്നെയാണ് പലരെയും അദ്ദേഹത്തിന്റെ ശിഷ്യത്വത്തിലേയ്ക്കുയർത്തിയത്.''- യതിയുടെ ശിഷ്യൻ കൂടിയായ മാധ്യമ പ്രവർത്തകൻ ഭാസ്്ക്കർ വിജയ് ഇങ്ങനെ നിരീക്ഷിക്കുന്നു. യതി ഒരിക്കൽ പറഞ്ഞു. 'സയൻസായിരിക്കണം നമ്മുടെ മതം. ശാസ്ത്രീയമായ അറിവിന്റെ വെളിച്ചത്തിൽ പരിശോധിച്ചശേഷമേ ഏതു കാര്യവും ഉറപ്പിക്കാവൂ''.

വ്യത്യസ്ത ആശയങ്ങളിലൂടെ നടക്കുന്നവരുടെ ഒത്തുചേരലായിരുന്നു നിത്യ ചൈതന്യ യതിയുടെ സൗഹൃദങ്ങൾ. മതങ്ങൾ വരച്ചിടാത്ത ആത്മീയതയിലും ശ്രീനാരായണ ദർശനത്തിലും അഗാധമായ അറിവുണ്ടായിരുന്ന ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്നു അദ്ദേഹം. അങ്ങനെയാണ് ലോകത്തിന്റെ നാനാഭാഗത്തും ശിക്ഷ്യന്മാരുടെ നീണ്ട നിരയുണ്ടായത്. മതാതീതമായ ആത്മീയത ഒരു വികാരമായി പടർന്നു.

മോഷ്ടിക്കുന്നവരോട് പോലും പൊറുത്തു

വ്യക്തിജീവിതത്തിലും തീർത്തും നിസ്വനായ മനുഷ്യനായിരുന്നു യതി. ഫേൺഹിൽസ് ആശ്രമം പടുത്തുയർത്താനായി അദ്ദേഹം നടത്തിയ യാത്രകൾ, ആശ്രമം വിട്ട് സ്വതന്ത്രചിന്തയിലേക്ക് വന്നതെന്നും ശിഷ്യന്മാർ പറയുന്നു. 'കിട്ടുന്ന ഓരോ പൈസയും അദ്ദേഹം ഫേൺഹിൽ ആശ്രമത്തിലേക്ക് അപ്പോൾ തന്നെ അയച്ചുകൊടുക്കും. ഒരു കാപട്യവും അദ്ദേഹത്തിന് ഇല്ലായിരുന്നു. ആശ്രമത്തിന്റെ സ്പോൺസർ ഷിപ്പിനുവേണ്ടി ബോംബെയിലെ ഒരു വ്യവസായിയെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത്, മറ്റു സമുദായക്കാരായ കുട്ടികളെ ഒഴിവാക്കിയാൽ ഇതിനുവേണ്ട മുഴുവൻ ചെലവും തരാമെന്ന് ആയിരുന്നു. പക്ഷേ ഇസ്ലാമിനും ക്രിസ്റ്റാനിറ്റിക്കും എന്തെങ്കിലും കുറവുള്ളതായി എനിക്ക് തോന്നിയിട്ടുണ്ടെങ്കിൽ അത് ഈ മതം മാറ്റാനുള്ള പ്രവണതയാണെന്നും, ഹൈന്ദവ ദർശനം അത് അംഗീകരിക്കുന്നില്ല എന്നും പറഞ്ഞ് അദ്ദേഹം ആ ഓഫർ തള്ളുകയായിരുന്നു.'

വാതിലുകൾ അടച്ചിടാതെ കിടക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. തന്റെ വിലപ്പെട്ട വസ്തുക്കൾ മോഷ്ടിച്ചുകൊണ്ടുപോകുന്നതിനുപോലും പലപ്പോഴും മൗനസമ്മതമേകി. ജീൻ വാൽജീനിന്റെ കഥയിൽ അല്ലാതെ ഇത്തരം കഥാപാത്രങ്ങളെ നമുക്ക് കാണാൻ കഴിയില്ല! യതിയെക്കുറിച്ച് അബ്ദുസമദ് സമാദാനി എം പി ഇങ്ങനെ എഴുതുന്നു.- 'പാശ്ചാത്യരാജ്യങ്ങളിലും ഗുരു ഗീതാഭാഷ്യകാരനായി. ബൈബിളിനുമുന്നിൽ നമ്രശിരസ്‌കനായി അദ്ദേഹം. തന്റെ വിശിഷ്ടകൃതികളിലൊന്ന് ഖുർ ആനിനുള്ള ഹൃദയാഞ്ജലിയായി സമർപ്പിച്ചു. ശ്രീബുദ്ധന്റെ ബോധോദയവും യേശുവിന്റെ സ്നേഹവായ്പും തിരുനബിയുടെ കാരുണ്യാതിരേകവും ഗുരുവിനെ വികാരാധീനനാക്കി. മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും അദ്ദേഹത്തിന്റെ നിത്യപ്രചോദകരായി. വാല്മീകിയും വ്യാസനും കപിലനും കണാദനും ശങ്കരനും മാധ്വനും നാമദേവനും ജയദേവനും തുക്കാറാമും തുളസീദാസും ആ ചിന്താപഥങ്ങളിൽ നിറഞ്ഞുനിന്നു. അതോടൊപ്പം റൂമിയും സഅദിയും അത്താറും ഫിർദൗസിയും നിനവിലും കനവിലും നിത്യനോട് സല്ലപിച്ചു. സോക്രട്ടീസിനും അരിസ്റ്റോട്ടിലിനും പ്ലാറ്റോയ്ക്കുമൊപ്പം കാന്റും ഹെഗലും ഷേക്‌സ്പിയറും ഷെല്ലിയും മൈക്കലാഞ്ജലോയും ഡാവിഞ്ചിയും ഗോയ്‌ഥെയും ബിഥോവനും ദക്കാർത്തെയും ബർഗ്‌സണും മാർക്‌സും സാർത്രും മാത്രമല്ല ന്യൂട്ടണും ഐൻസ്‌റ്റൈനും ആ ചിദാകാശത്തിൽ പ്രഭചൊരിയുകയായിരുന്നു.''- സമദാനി ചൂണ്ടിക്കാട്ടുന്നു.

സ്‌നേഹവും ഭക്തിയും തമ്മിലുള്ളബന്ധം അന്വേഷിച്ച ആദ്ധ്യാത്മിക ഗുരുവായിരുന്നു യതി. ഹെന്ദവ സന്ന്യാസിയായിരുന്നെങ്കിലും ഇതരമതസ്ഥരുടെ ഇടയിലും യതി ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു മതങ്ങൾക്ക് അതീതമായ ആത്മീയതയിലായിരുന്നു അദ്ദേഹത്തിന്റെ അന്വേഷണം. സാഹിത്യം, സംഗീതം ,ചിത്രകല, തുടങ്ങി സാധാരണ വേദാന്തികൾക്ക് പിടിക്കാത്ത മേഖലകളിൽ അദ്ദേഹം നിരന്തരം ഇടപ്പെട്ടു.

ഒരു ദിവസം ഗീത വായിക്കുന്ന ഗുരു അടുത്ത ദിവസം ബൈബിളോ ഖുറാനോ ആകും വായിക്കുക. അറിവിന്റെ ലോകം ഒരു ഇതിഹാസത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന എന്നാണ് അദ്ദേഹം പറയാറുള്ളത്. കുട്ടികളോട് വളരെ അടുപ്പം സ്ഥാപിച്ചിരുന്ന നിത്യ താൻ എന്താണോ പറയുന്നത് അതേ പ്രകാരം ജീവിതവും നയിച്ചിരുന്ന വ്യക്തിയായിരുന്നു. പറഞ്ഞത് പ്രവൃത്തിയിലും കണ്ടിരുന്ന ആളായതിനാൽ തന്നെ ശിഷ്യർക്ക് നിത്യയെ ശ്രദ്ധിക്കുക മാത്രമേ ചെയ്യാനും ഉണ്ടായിരുന്നുള്ളൂ. പ്രകൃതിയിൽ നിന്ന് പോലും പാഠങ്ങൾ പഠിക്കാനും പഠിപ്പിക്കാനും ഉണ്ടെന്ന് അദ്ദേഹം തന്റെ ശിഷ്യരെ എപ്പോഴും ഉപദേശിക്കാറുമുണ്ടായിരുന്നു.

എഴുത്തുകാരൻ, പ്രാംസംഗികൻ

ബാല്യകാലത്ത് ആലുവാപ്പുഴയുടെ തീരത്ത് ആറ്റിലെ ഒഴുക്ക് ശ്രദ്ധിച്ചിരിക്കാറുണ്ടായിരുന്ന ജയചന്ദ്രൻ പിൽക്കാലത്ത് ഗുരു നിത്യചൈതന്യ തിയായപ്പോഴും സംഗീതവുമായി ബന്ധം വിട്ടില്ല. ലോകത്തിലെ ഏതു ദേശത്തെ സംഗീയവും അദ്ദേഹം ആസ്വദിക്കും. കർണ്ണാട്ടിക്കും ഹിന്ദുസ്ഥാനിയും മാത്രമല്ല ഗസലും പാശ്ചാത്യസംഗീതവുമെല്ലാം ഏറെ പ്രിയതരമായിരുന്നു. ആ നിലയിൽ ഇന്ത്യയിലെ ആത്മീയ ആചാര്യന്മാരിൽനിന്ന് ഏറെ വ്യത്യസ്തനായിരുന്നു അദ്ദേഹം. യാത്രകൾ ഏറെ ഇഷ്ടമായിരുന്നു. 'യാത്ര' എന്ന ഏറെ വായിക്കപ്പെട്ട തന്റെ ആത്മകഥ ഇങ്ങനെയാണ് തുടങ്ങുന്നത്: 'ഇതൊരു വെറും യാത്രയുടെ കഥയാണ്. എന്നിരുന്നാലും ഇതെഴുതുന്നത് ഒരു പരിവ്രാജകനായതുകൊണ്ട് ജീവിതയാത്രയിൽ കുടുങ്ങിയിരിക്കുന്ന ഒട്ടേറെ പഥികരുടെ, മുസാഫിർമാരുടെ ജീവിതത്തെക്കൂടി ഇത് ദൃഷ്ടാന്തീകരിക്കാതിരിക്കുകയില്ല.'- യതി എഴുതുന്നു.

'ഞാൻ അക്ഷരമാണ്. ഏതെങ്കിലും അച്ചടിയന്ത്രത്തിൽ കയറി അതിൽകൂടി ഞെരുങ്ങിപ്പോകുന്ന കടലാസിൽ പറ്റിയിരുന്നു ഞാൻ നിങ്ങളുടെ വീട്ടിലെത്തും ''- ഇങ്ങനെ എഴുതാൻ യതിക്ക് മാത്രമേ കഴിയൂ. ആരെയും അമ്പരിപ്പിക്കുന്ന വാഗ്മികൂടിയായിരുന്നു അദ്ദേഹം. യതിയുടെ എഴുത്തും പ്രസംഗവും കേട്ട് ആയിരങ്ങൾ കാന്തക്കല്ലുപോലെ ഫേൺഹിൽസിലേക്ക് ഒഴുകിയെത്തി.

ഇംഗ്ലിഷിലും മലയാളത്തിലുമുള്ള ഒട്ടേറെ കൃതികളിലൂടെ അദ്ദേഹം വായനക്കരുടെ അരുമമായി. ലൗവ് ആൻഡ് ബ്ലെസിങ് എന്ന പേരിലാണ് ഇംഗ്ലിഷിലുള്ള ആത്മകഥ. മലയാളത്തിൽ യതിചരിതം. നാടരാജഗുരുവും ഞാനും, ഗുരുവും ശിഷ്യനും, മറക്കാനാവാത്തവർ, യാത്ര, യതിചര്യ, ഇറങ്ങിപ്പോക്ക് എന്നീ പുസ്തകങ്ങളും ആത്മകഥാ സംബന്ധികളാണ്. 'നെരൂദയുടെ ഓർമ്മ കുറിപ്പുകൾ' എന്ന പുസ്തകത്തിന്റെ അവസാനം യതി പറയുന്നുണ്ട്. 'ഞാനൊരിക്കലും മദ്യപിച്ചിട്ടില്ല എന്നാലും ഇതായിരിക്കണം മൂക്കറ്റം കുടിച്ചവന്റെ സ്ഥിതി. നെരൂദയുടെ വാക്കിനേക്കാൾ ആത്മാവിനെ ഉന്മത്തമാക്കുന്ന മദ്യമില്ല' - എത്ര കാൽപ്പനികമാണ് അദ്ദേഹത്തിന്റെ വരികൾ എന്നുനോക്കുക.

വേദാന്ത കൾട്ട് തന്നെയോ?

മരണ സമയത്തൊക്കെ പ്രശസ്തിയുടെ കൊടുമുടിയിൽ ആയിരുന്നു അദ്ദേഹം. ഒറ്റ ദിവസം തന്നെ ഇരുനൂറ് കത്തുകൾ അദ്ദേഹത്തിന് അക്കാലത്ത് കിട്ടിയിരുന്നു. ദീർഘകാലം രോഗബാധിതനായിരുന്ന അദ്ദേഹം, 1999 മെയ്‌ 14-നു ഊട്ടിയിലെ തന്റെ ആശ്രമത്തിൽ 75ാം വയസ്സിൽ അന്തരിച്ചു. ഭൗതികശരീരം ഊട്ടിയിൽ തന്നെ സമാധിയിരുത്തി. ഇന്നും ഫേൺ ഹിൽസിലേക്ക് ലോകമെമ്പടുമുള്ള ആരാധകരും അനുയായികളും എത്താറുണ്ട്.

പക്ഷേ ജീവിച്ചിരുന്ന കാലത്തുതന്നെ, ആരാധകരെപ്പോലെ വിമർശകരും അദ്ദേഹത്തിന് ഉണ്ടായിരുന്നു. സയൻസിനെവെച്ച് മതത്തെ വെളുപ്പിച്ച് എടുക്കയാണ് അദ്ദേഹം ചെയ്യുന്നത് എന്ന് പലരും വിമർശനം ഉന്നയിച്ചിട്ടുണ്ട്. ദൈവം ഒരു നാമമല്ല, ക്രിയയാണെന്നതായിരുന്നു നിത്യചൈതന്യ യതിയുടെ ഏറ്റവും വലിയ ഉപദേശം. ക്രിയയാകാത്ത ദൈവം നുണ. അനുഷ്ഠിക്കാത്ത തത്ത്വം നുണ. സാഹിത്യവും ചിത്രരചനയും ധ്യാനവും പ്രാർത്ഥനയും സംഗീതവും പൂന്തോട്ടനിർമ്മാണവുമെല്ലാം വെറും ടൈംപാസ് ആണെന്നും ആത്യന്തിക ലക്ഷ്യം ആത്മതത്ത്വത്തിൽ ഉറയ്ക്കുകയാണെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.

ഇത് വിശകലനം ചെയ്താൽ തീർത്തും മത സങ്കൽപ്പം തന്നെയാണെന്ന് വ്യക്തമാവുമെന്നാണ് വിമർശനം. ആന്ത്യന്തിക ലക്ഷ്യം ആത്മതത്ത്വത്തിൽ ഉറയ്ക്കുക എന്നത് പരോക്ഷമായി ഹിന്ദു മിത്തോളിയിലേക്കാണ് പോകുന്നത്. യോഗ, ആയുർവേദം, തുടങ്ങിയ പുരാതന ചരക്കുകളെ ശാസ്ത്രത്തിന്റെ മേമ്പൊടിയിട്ട് അവതരിപ്പിക്കയാണ്, യതി ചെയ്തയെന്ന് ജോസഫ് ഇടമറുകിനെപ്പോലുള്ള യുക്തിവാദികൾ എഴുതിയിട്ടുണ്ട്. വേദാന്തത്തിലും, വ്യാഖ്യാനത്തിലുമൊക്കെ എന്താണ് യുക്തിയും ശാസ്ത്രവും കിടക്കുന്നത് എന്നും, ഇവയെ ആധുനിക സയൻസുമായി കൂട്ടിയിണക്കുന്ന പരമ അബദ്ധമാണെന്നും ഇടമറുക് എഴുതിയിട്ടുണ്ട്.

ഏതാണ്ട് ഇതേ കാര്യമാണ്, ദീർഘകാലം യതിയുടെ കൂടെ ജീവിച്ച്, പിന്നീട് ആശ്രമം വിട്ട് പുറത്ത് വന്ന് ശാസ്ത്രപ്രചാരകനായും സ്വതന്ത്രചിന്തകനായും മാറിയ മൈത്രേയനും പറയാറുള്ളത്. പക്ഷേ അപ്പോഴും മൈത്രേയനൊക്കെ യതിയുടെ ലാളിത്യത്തെയും, നന്മയെയും, സത്യസന്ധതയെയും എടുത്തു പറയുന്നുണ്ട്. പക്ഷേ എന്നും സ്നേഹത്തിനും, സൗഹാർദത്തിനും, സഹിഷ്ണുതയക്കും വേണ്ടിയാണ് അദ്ദേഹം ജീവിച്ചതും പ്രവർത്തിച്ചതും. ഒരു ഉറുമ്പിനുപോലും ദോഷം ഉണ്ടാക്കരുത് എന്ന ദർശനം യതി വ്യക്തി ജീവിതത്തിൽ ഉടനീളം പുലർത്തി. വ്യത്യസ്തമായ ലോക വീക്ഷണം ആഗ്രഹിക്കുന്നവർ നിർബന്ധമായും വായിക്കേണ്ടതാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ.

വാൽക്കഷ്ണം: യതി വിചാരിച്ചിരുന്നെങ്കിൽ നിഷ്പ്രയാസം അദ്ദേഹത്തിന് ഒരു ആൾദൈവം ആവാമായിരുന്നു. 80കളുടെ അവസാനത്തിലൊക്കെ ലക്ഷക്കണക്കിന് ആരാധകർ ആണ് അദ്ദേഹത്തിന് ലോകമെമ്പാടും ഉണ്ടായിരുന്നത്. പക്ഷേ തന്നോട് സംശയം തീർക്കാനെത്തുന്ന ഓരോ കുഞ്ഞിനോടും താൻ ഒരു സാധാരണ മനുഷ്യൻ മാത്രമാണെന്ന് അദ്ദേഹം ആവർത്തിച്ചു. ദൈവത്തിന്റെ പ്രതിപുരുഷൻ ആവാനോ, അമാനുഷിക സിദ്ധിയുള്ളതായി അഭിനയിക്കാനോ അദ്ദേഹം കൂട്ടാക്കിയില്ല. പകരം എല്ലാവരെയും സ്നേഹിക്കാൻ പഠിപ്പിച്ചു. ആ അർത്ഥത്തിൽ ശരിക്കും ഗുരു എന്ന പേരിന് അർഹനാണ് അദ്ദേഹം.