സ്വന്തം വീട്ടിൽ നിന്ന് നോക്കിയാൻ കാണുന്ന പാടത്തേക്ക് അഞ്ചുആറും മണിക്കൂർ സഞ്ചരിച്ച് എത്തേണ്ട ജനങ്ങൾ ഉള്ള നാടാണ് ഇത്. ബോംബാക്രമണത്തിൽ മരിച്ചാൽ ശരീരം തിരിച്ചറിയുന്നതിനായി കൈ കാലുകളിൽ ജനം പച്ചകുത്തുന്ന നാട്. റോക്കറ്റുകൾ കത്തിപ്പടരുമ്പോൾ കുട്ടികൾ ചിത്രം വരച്ചിരിക്കയും, ഓടിക്കളിക്കയും ചെയ്യുന്ന നാട്. ലോകത്തിലെ ഏറ്റവും ഭാഗ്യംകെട്ട ആ നാടുതന്നെയാണ്, ലോകത്തെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശവും. അതാണ് ഗസ്സ!

41 കിലോമീറ്റർ നീളവും 6 മുതൽ 12 കിലോമീറ്റർ വരെ വീതിയുമുള്ള, ചെറിയൊരു മേഖല. 365 ചതുരശ്ര കിലോ മീറ്ററിൽ 23 ലക്ഷത്തോളം ജനങ്ങൾ കഴിയുന്ന ഇടം. ഇതിൽ പകുതിയോളം അഭയാർഥികൾ. തൊഴിലില്ലായ്മ 46.4 ശതമാനം. ജനസംഖ്യയുടെ ഭൂരിപക്ഷവും സുന്നി മുസ്ലീങ്ങൾ. ചെറിയൊരു വിഭാഗം ക്രിസ്ത്യൻ ന്യൂനപക്ഷവും. ഇതാണ് ഗസ്സയുടെ പൊതുസ്ഥിതി.

ഹമാസും, ഇസ്രയേലും ഒരുപോലെ ഇവിടുത്തെ സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കുകയാണ്. മരണം ഇവർക്ക് പുത്തരിയല്ല. ഉറ്റവർ കൊല്ലപ്പെടാത്ത ഒരു കുടുംബം പോലും ഇവിടെയില്ല. ചെറുപ്പത്തിലെ ചാവേറുകൾ ആവുന്ന കുട്ടികൾ അടക്കമുള്ളവരാണ് ഞെട്ടിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമാക്കുന്ന നാട്. 'നിങ്ങൾ ജീവിതത്തെ സ്നേഹിക്കുന്നതുപോലെ ഞങ്ങൾ മരണത്തെും സ്നേഹിക്കുന്നുവെന്നാണ്' ഹമാസിന്റെ ഒരു മുദ്രാവാക്യം തന്നെ. ബങ്കറുകൾക്കും, ചെക്ക്പോസ്റ്റുകൾക്കും, കൂറ്റൻ മതിൽക്കെട്ടിനും അകത്താണ് ഗസ്സയിലെ ജനജീവിതം. ഒരു ചലിക്കുന്ന മൃഗശാല പോലെ!

വീടിന് തൊട്ടുമുന്നിലെ പാടത്തേക്ക് ഇറങ്ങാൻ പോലും, ഇസ്രയേൽ സ്ഥാപിച്ച മതിൽ മൂലം അവർക്ക് മണിക്കുറുകൾ ചുറ്റിവളഞ്ഞ് സഞ്ചരിക്കണം. ഇസ്രയേലി ചെക്ക്പോസ്റ്റുകളിൽ കെട്ടിക്കടന്ന് പ്രസവിച്ച സ്ത്രീകൾ നിരവധിയുണ്ട്. പ്ലേസ് ഓഫ് ബർത്ത് എന്നത് ചെക്ക്പോസ്റ്റ് എന്നത് ഇവിടുത്തെ സർട്ടിഫിക്കേറ്റിൽ പതിവാണ്. വികസനമില്ല, പുരോഗതിയില്ല. ശരിക്കും ഒരു തുറന്ന ജയിൽ.

ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിൽ

ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ഗസ്സയെ വിശേഷിപ്പിക്കുന്നു. കിഴക്ക് ഇസ്രയേൽ. പടിഞ്ഞാറ് മെഡിറ്ററേനിയൻ കടൽ. തെക്കുപടിഞ്ഞാറ് ഈജിപ്ത്. ഫലസ്തീൻ രാജ്യത്തിന്റെ ചിതറിക്കിടക്കുന്ന രണ്ടു ഭാഗങ്ങളിലൊന്നായ ഇസ്രയേലിനുള്ളിൽ ഒരു ദ്വീപുപോലെ അവശേഷിക്കുന്ന ഗസ്സാ മുനമ്പിന്റെ ഭൂമിശാസ്ത്രമിങ്ങനെയാണ്.

ഗസ്സയുടെ കടലും കരയും ആകാശവുമെല്ലാം ഇസ്രയേൽ പ്രത്യക്ഷമായും പരോക്ഷമായും നിയന്ത്രിച്ചുപോന്നു. ഗസ്സയിൽ ആരു വരണം, പോവണം എന്നെല്ലാം ഒരർഥത്തിൽ ഇസ്രയേൽ തീരുമാനം പോലെയായിരുന്നു. ഗസ്സക്കാർക്ക് ഇവിടെ നിന്ന് പുറത്തുകടക്കാൻ രണ്ടു വഴിയേയുള്ളൂ. ഒന്ന് ഗസ്സയുടെ വടക്കേയറ്റത്തുള്ള ബെയ്ത് ഹനൂൺ (ഇറെസ്) അതിർത്തി. ഇസ്രയേലിലേക്ക് കടക്കാൻ നിലവിലുള്ള ഒരേയൊരു കവാടമാണിത്. ഫലസ്തീന്റെ പ്രധാന ടെറിട്ടറിയായ വെസ്റ്റ്ബാങ്കിലേക്ക് കരമാർഗം പോകാനുള്ള ഒരേയൊരു മാർഗവും. വടക്കൻ ഗസ്സയിൽനിന്ന് വെസ്റ്റ്ബാങ്കിലെ ഹീബ്രൂണിലേക്ക് 50 കിലോ മീറ്ററേ ദൂരമുള്ളൂ. പക്ഷേ, ഇസ്രയേലിലൂടെയുള്ള ഈ യാത്ര ഗസ്സക്കാർക്ക് അത്രയെളുപ്പമല്ല. ബെയ്ത് ഹനൂൺ അതിർത്തിയൊഴിച്ച് ബാക്കി ഭാഗങ്ങളിലെല്ലാം ഇസ്രയേൽ കോൺക്രീറ്റ് ഭിത്തിയും ഇരട്ട വയർ ഫെൻസിങ്ങും തീർത്തിട്ടുണ്ട്. അനധികൃതമായി ഇതിന്റെ ഒരു കിലോമീറ്റർ പരിധിയിൽ പോലും പ്രവേശിക്കുന്നവരെ ഇസ്രയേൽ സൈന്യം വെടിവെച്ചിടും. ഈയൊരു കിലോ മീറ്റർ പ്രദേശം ഗസ്സയുടെ മണ്ണിലേക്ക് കയറ്റിയെടുത്താണ് ഇസ്രയേൽ പ്രതിരോധം തീർത്തിരിക്കുന്നത്.

ഈജിപ്താണ് രണ്ടാമത്തെ വഴി. പട്ടിണിയും സംഘർഷവും നിറഞ്ഞ ഗസ്സ വിട്ട് ഇസ്രയേലിന്റെ തോക്കിന്മുനയിൽ പെടാതെ മറ്റു രാജ്യങ്ങളിലേക്ക് പോവണമെങ്കിൽ ഈജിപ്തു മാത്രമാണ് പിന്നെയവർക്കു മുമ്പിലുള്ളത്. പക്ഷേ, ഒന്നരപ്പതിറ്റാണ്ടോളം ഗസ്സ ജനതയോട് അത്ര കണ്ട് അലിവൊന്നും ഈജിപ്തും കാട്ടിയില്ല. ഈജിപ്തിന്റെ സഹായത്തോടെ ഇസ്രയേൽ ഗസ്സയെ ഒരു തുറന്ന ജയിലാക്കി മാറ്റിയെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ആരോപിക്കുന്നു. പിന്നെ മുമ്പിലുള്ളത് മെഡിറ്ററേനിയൻ കടൽ മാത്രം.

മെഡിറ്ററേനിയൻ കടലിൽ ഗസ്സനിവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം ഇസ്രയേൽ നാവികസേന 12 നോട്ടിക്കൽ മൈലിനുള്ളിൽ നിയന്ത്രിച്ചിരിക്കുകയാണ്. തുറമുഖം അനുവദിച്ചിട്ടുമില്ല. ആകാശമാർഗം പോവാൻ ശ്രമിച്ചാൽ പ്രവർത്തനക്ഷമമായ വിമാനത്താവളങ്ങളൊന്നുമില്ല. ഗസ്സയിലും വെസ്റ്റ്ബാങ്കിലുമായി നാല് വിമാനത്താവളങ്ങളുണ്ടായിരുന്നെങ്കിലും ഒന്നും പ്രവർത്തനക്ഷമമല്ല. പല തവണയായി വന്ന യുദ്ധങ്ങളിൽ ഇസ്രയേൽ തകർത്തതും അടച്ചുപൂട്ടിയതുമാണിതെല്ലാം. 1998-ൽ ഗസ്സയിൽ തുറന്ന യാസർ അറഫാത്ത് അന്താരാഷ്ട്ര വിമാനത്താവളം 2001-ലാണ് ഇസ്രയേൽ ബോംബിട്ട് തകർത്തത്. ഇസ്രയേൽ അധിനിവേശത്തിനെതിരേ ഫലസ്തീനിൽ പ്രക്ഷോഭമുയർന്ന (രണ്ടാം ഇൻതിഫാദ) സമയമായിരുന്നു ഇത്. ബുൾഡോസറുകൾ കൊണ്ട് റൺവേകൾ തകർത്തെറിഞ്ഞു. ചുരുക്കിപ്പറഞ്ഞാൽ പുറത്തുകടക്കാൻ കഴിയാത്ത ഒരു തുരുത്ത് തന്നെയാണ് ഗസ്സ. പക്ഷേ ഇസ്രയേിന്റെ കാര്യം നോക്കുക. ഇങ്ങനെയൊക്കെ ചെയ്തിട്ടും, ഗസ്സയിൽനിന്നാണ് ഞങ്ങളെ ആക്രമിച്ചത് എന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇസ്രയേലിൽ നിരപരാധികൾ കൊല്ലപ്പെട്ടപ്പോൾ ഗസ്സയിൽ വ്യാപകമായി ഉണ്ടായ ആഹ്ലാദ പ്രകടനങ്ങളും അവർ ചൂണ്ടിക്കാട്ടുന്നു.

അവസരങ്ങൾ ഇല്ലാതെ ഒരു സമൂഹം

ഇസ്രയേലിന്റെ അടച്ചുപൂട്ടൽ നയങ്ങളിൽ വീർപ്പുമുട്ടിയവരേറെയാണ്. ഗസ്സയിലെ പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, കലാകാരന്മാർ, കായികതാരങ്ങൾ എന്നിവർക്ക് സ്വന്തം രാജ്യത്ത് അവസരങ്ങളുണ്ടായിരുന്നില്ല. ഇറെസ് (ബെയ്ത് ഹനൂൺ) അതിർത്തി കടന്ന് വെസ്റ്റ് ബാങ്കിലേക്കും അതുവഴി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും മത്സരങ്ങളിൽ പങ്കെടുക്കാനും ജോലിക്കായും പോവാനുള്ള ഇവരുടെ അഭ്യർത്ഥനകൾ ഇസ്രയേൽ ഭരണകൂടം മുഖവിലയ്ക്കെടുത്തില്ല. ഇക്കാര്യങ്ങൾ പലരും മനുഷ്യാവകാശ സംഘടനയ്ക്കു നൽകിയ അഭിമുഖങ്ങളിൽ തുറന്നുപറഞ്ഞിട്ടുണ്ട്.

പുറംരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനോ പഠനത്തിനു പോവാനോ ആവാതെ ലോകമവർക്ക് ഗസ്സ മാത്രമായി ചുരുങ്ങി. ഒരു പെട്ടിക്കുള്ളിൽ അടച്ചിട്ട പോലത്തെ ജീവിതം. പല അർഥത്തിലുമത് ജയിൽ തന്നെയായിരുന്നു. ഇറെസ് അതിർത്തി തുറന്നാൽ ഇസ്രയേൽ വഴി ഫലസ്തീൻ ടെറിട്ടറിയായ വെസ്റ്റ്ബാങ്കിലേക്ക് (കിഴക്കൻ ജറുസലേമും ജോർദാനും ചാവുകടലുമായി വെസ്റ്റ്ബാങ്ക് അതിർത്തി പങ്കിടുന്നു) പോകാമെന്നും അവിടെ നിന്ന് ജോർദാനിലേക്കു കടന്ന് വ്യോമമാർഗം വിദേശത്തേക്കും പോകാമെന്നും പലരും കണക്കുകൂട്ടി. പക്ഷേ, ഇസ്രയേൽ അനുമതി നൽകിയില്ല. അടിയന്തര വൈദ്യചികിത്സയ്ക്കായി ജറുസലേമിലേക്കോ വെസ്റ്റ് ബാങ്കിലേക്കോ പോവാൻ ശ്രമിക്കുന്ന ചുരുക്കം ചിലർക്കുവേണ്ടിമാത്രമാണ് ഒന്നരപ്പതിറ്റാണ്ടിനിടെ ഇസ്രയേൽ അതിർത്തി തുറന്നത്.

ജറുസലേമിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ മാത്രമാണ് ഗസ്സയിലേക്ക്. എന്നാൽ, കർശനമായ സുരക്ഷാ നടപടികൾ കാരണം യാത്രാസമയം മണിക്കൂറുകളോളം നീളും. 2015-നും 2018-നുമിടെ പ്രതിദിനം ശരാശരി 373 ഫലസ്തീനികൾ ഇറെസ് വഴി ഗസ്സ വിട്ടിട്ടുണ്ട്. 2000 സെപ്റ്റംബറിലെ പ്രതിദിന ശരാശരി 26,000 ആണെന്നിരിക്കെയാണിത്. ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനുമായി ഒപ്പുവെച്ച 1995-ലെ ഓസ്ലോ കരാറിന്റെ ലംഘനമാണ് യാത്രാനിഷേധത്തിലൂടെ ഇസ്രയേൽ നടത്തുന്നതെന്ന് മനുഷ്യവകാശസംഘടനകൾ ആരോപിക്കുന്നു. എന്നാൽ, രാജ്യത്ത് ആരു പ്രവേശിക്കാമെന്ന് തീരുമാനിക്കാനുള്ള പരമാധികാരം തങ്ങൾക്കു മാത്രമാണെന്ന് ഇസ്രയേൽ തിരിച്ചടിച്ചു.

2007 ജൂണിൽ ഫലസ്തീനിലെ ഫത്ത പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിൽ നിന്ന് ഗസ്സയുടെ രാഷ്ട്രീയ നിയന്ത്രണം തീവ്രസ്വഭാവമുള്ള ഹമാസ് പിടിച്ചെടുത്തു. അന്നുമുതൽ ലോക്ഡൗണിനു സമാനമായ അവസ്ഥയിലായിരുന്നു ഗസ്സ. ഹമാസിന്റെ നീക്കം മാറി നിന്ന് നിരീക്ഷിച്ച ഇസ്രയേൽ മറുഭാഗത്ത് കരുക്കൾ നീക്കി. തീവ്രസ്വഭാവമുള്ള ഹമാസിന്റെ വിജയം അംഗീകരിക്കില്ലെന്നു കാട്ടി ഇസ്രയേൽ, അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിവർ ഫലസ്തീനുമേൽ ഉപരോധമേർപ്പെടുത്തി. ഈ രാജ്യങ്ങളെല്ലാം ഹമാസിനെ തീവ്രവാദ ഗ്രൂപ്പുകളുടെ പട്ടികയിൽ നേരത്തേ ഉൾപ്പെടുത്തിയതാണ്. 100,000-ലധികം ഗസ്സക്കാർ ഇസ്രയേലിൽ തൊഴിലെടുക്കുന്ന സമയമായിരുന്നു അത്. ഇതോടെ ഗസ്സക്കാർക്ക് വർക്ക് പെർമിറ്റ് നൽകുന്നത് ഇസ്രയേൽ നിർത്തുകയും അതിർത്തികളടയ്ക്കുകയും ചെയ്തു.

സുരക്ഷാ കാരണത്താൽ ഒരു രാജ്യത്തിന്റെ തന്നെ രണ്ടു ഭാഗങ്ങളായ ഗസ്സയെയും വെസ്റ്റ്ബാങ്കിനെയും ഇസ്രയേൽ വേർപെടുത്തി. ഇരുപ്രദേശങ്ങളും തമ്മിലുള്ള ആശയവിനിമയവും ആളുകൾ തമ്മിൽ കാണാനുള്ള സാഹചര്യവും പൂർണമായും നിർത്തിച്ചു.

തുരങ്കത്തിലൂടെ ഭക്ഷണവും മരുന്നുമെത്തുന്നു

വൈദ്യുതിക്കും വെള്ളത്തിനും ഇസ്രയേലിനെയാണ് ഗസ്സ നിവാസികൾ ആശ്രയിച്ചിരുന്നത്. ഹമാസ് ആക്രമണം കടുപ്പിച്ചതോടെ അതും നിലച്ചു. ഒപ്പം ഗസ്സയിലേക്കുള്ള ചരക്കുകളുടെ വരവുംപോക്കും. പട്ടിണിയും മരണഭയവും മാത്രം മുതൽക്കൂട്ടായ ഗസ്സയിലെ സാധാരണക്കാർ ദുരന്തമുഖത്ത് വലഞ്ഞു.

നേരായ മാർഗത്തിലൂടെയുള്ള അതിർത്തി അടയ്ക്കപ്പെട്ടപ്പോൾ രഹസ്യമായി പ്രവർത്തിച്ച ഭൂഗർഭതുരങ്കങ്ങളായിരുന്നു പിന്നീട് ഗസ്സനിവാസികളെ ഊട്ടിയത്. മനുഷ്യാവകാശ സംഘടനകളെത്തിച്ച ചെറിയ അളവിലുള്ള ഭക്ഷണം ഗസ്സക്കാർക്ക് തികയുമായിരുന്നില്ല. അതിനാൽ ഈജിപ്ഷ്യൻ അതിർത്തിയിൽ നിന്ന് ഗസ്സയിലേക്കും ഗസ്സയിൽനിന്ന് ഇസ്രയേലിലേക്കും രഹസ്യമായി ഭൂഗർഭ തുരങ്കങ്ങൾ നിർമ്മിക്കപ്പെട്ടു. 2007 മുതൽ 2013 വരെയുള്ള കാലയളവിൽ റഫാ അതിർത്തിമേഖലയിൽ 1600-ഓളം തുരങ്കങ്ങൾ പ്രവർത്തിച്ചെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. തുരങ്കത്തിന്റെ പ്രവേശനമുഖം പലപ്പോഴും അതിർത്തിയിലെ വീടുകൾക്കുള്ളിലായിരിക്കും.

ഭക്ഷണം, ഇന്ധനം, മരുന്ന്, ഇലക്ട്രോണിക്‌സ്, നിർമ്മാണസാമഗ്രികൾ തുടങ്ങിയവ ഫലസ്തീനികൾക്ക് ലഭ്യമായത് ഇങ്ങനെയാണ്. ഒരു കള്ളക്കടത്തുശൃംഖല പോലെ തുരങ്കവ്യാപാരം ശക്തി പ്രാപിക്കുകയും ചെയ്തു. ചരക്കുകൾക്കുപുറമെ, ഇറാൻ, സിറിയ എന്നിവിടങ്ങളിൽനിന്ന് റോക്കറ്റുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും തുരങ്കങ്ങൾ വഴിയെത്തി. ഇപ്പോൾ ഇസായലിന്റെ ഞെട്ടിച്ച ഒക്്േടാബർ ആക്രമണത്തിന് വഴിയിട്ടതും തുരങ്കങ്ങളിലൂടെ എത്തിയ ആധുധങ്ങളാണ്.

അതേസമയം, ഇസ്രയേലും ഈജിപ്തും തുരങ്കങ്ങൾ തകർക്കാൻ പലവിധ ശ്രമങ്ങൾ നടത്തി. 2009-ൽ റഫാ അതിർത്തിയിൽ ഇസ്രയേൽ ബോംബാക്രമണങ്ങൾ നടത്തി. 2010-ൽ തുരങ്കത്തിലൂടെ ഈജിപ്ത് രഹസ്യവാതകം കടത്തിവിട്ടത് ഏതാനും ഫലസ്തീനികളുടെ മരണത്തിലേക്ക് നയിച്ചു. 2013-ഓടെ 1600-ഓളം ടണലുകൾ ഈജിപ്തിലെ അൽ സീസി സർക്കാർ നശിപ്പിച്ചു. ഇസ്രയേലിന്റെ ശുപാർശപ്രകാരം മെഡിറ്ററേനിയൻ കടലിൽനിന്ന് ടണലുകളിലേക്ക് വെള്ളം പമ്പ് ചെയ്യുകയായിരുന്നു സൈന്യം സ്വീകരിച്ച മറ്റൊരു വഴി. ഇത് മേഖലയെ വലിയ പാരിസ്ഥിതികപ്രശ്‌നങ്ങളിലേക്ക് നയിച്ചു. ഇതിനെല്ലാം പുറമെ, ടണലുകൾ പ്രവർത്തിച്ച റഫാ അതിർത്തിയിൽ ഈജിപ്തും കിലോ മീറ്ററോളം ബഫർസോണുണ്ടാക്കി. എന്നിട്ടും ഈ തുരങ്കത്തിലൂടെ ഭക്ഷണവും മരുന്നുമാത്രമല്ല, ആയുധവും എത്തി. ഇസ്രയേൽ പറയുന്നത് അതാണ്.

ഹൻഡാല എന്ന കാർട്ടൂൺ പ്രതിരോധം

ഗസ്സയിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് കുട്ടികളാണ്. കളിചിരി ബാല്യം അവർക്ക് നിഷേധിക്കപ്പെടുന്നു. ഫൈറ്റർ വിമാനങ്ങൾ ചീറിപ്പായുമ്പോഴും താഴേ കൂളായി ചിത്രം വരക്കുന്ന കുട്ടികളെ നിങ്ങൾക്ക് ഗസ്സയിൽ മാത്രമേ കാണാൻ കഴിയു. ഫലസ്തീൻ കുട്ടികളുടെ നിസ്സഹായതയുടെ പ്രതീകമാണ് ഹൻഡാല എന്ന കാർട്ടൂൺ.

ഒരു പത്ത് വയസുള്ള കുഞ്ഞ്. ചിലപ്പോൾ നാലാം ക്ലാസിലെത്തിക്കാണും. ആ സമയത്തൊരു യുദ്ധമുണ്ടാകുന്നു. പ്രീയപ്പെട്ടവരിൽ പലരും നാട്ടിലെ പരിചയക്കാരിൽ ഒട്ടുമിക്കവരും മരിച്ചുപോകുന്നു. എന്താണ് സംഭവിക്കുന്നതെന്ന് പറഞ്ഞുതരാൻ മനസാന്നിധ്യമുള്ള ആരും എവിടെയുമില്ല. ഇതുവരെ വളർന്ന വീടും നാടും സ്വന്തമല്ലാതാകുന്നു. കയ്യിൽകിട്ടാവുന്നതൊക്കെ പെറുക്കിക്കെട്ടി തിക്കുംതിരക്കും അനുഭവിച്ച് സൗകര്യങ്ങളേതുമില്ലാത്ത ഒരു അഭയാർത്ഥി ക്യാമ്പിൽ പലയാളുകളോടൊപ്പം താമസിക്കേണ്ടി വരുന്നു. ഇനി ഇതാണ് നമ്മുടെ വീടെന്ന് അറിയേണ്ടി വരുന്നു. ഈ ഒരു മുറിവ് ഒരു പത്തുവയസുകാരന്റെ മനസിൽ നിന്ന് എത്ര കാലമെടുത്താലാണ് മാഞ്ഞുപോകുക? അങ്ങനെയൊരു പത്തുവയസുകാരന്റെ മുറിവാണ് ഫലസ്തീന്റെ ദേശീയപ്രതിരോധത്തിന്റെ പ്രതീകമായി മാറിയ ഹാൻഡാല. വളർച്ചയില്ലാത്ത, മരണമില്ലാത്ത, മുഖമില്ലാത്ത, വീടില്ലാത്ത പത്തുവയസുകാരൻ ഹാൻഡാല ലോകപ്രസിദ്ധമായ ഒരു കാർട്ടൂണാണ്. ഫലസ്തീനിലെ ഏറ്റവും പ്രശസ്തനായ കാർണൂണിസ്റ്റ് നാജി അൽ അലി സൃഷ്ടിച്ച ഹാൻഡല ഫലസ്തീൻ കുഞ്ഞുങ്ങളുടെ മുഖമില്ലാത്ത ഒരു മുഖമായി പതിറ്റാണ്ടുകൾ നിലനിൽക്കുകയായിരുന്നു.

നാജി അൽ അലി തന്നെയാണ് പത്തുവയസുകാരനായ ഹാൻഡല. ഫലസ്തീനികൾക്ക് 1948ലെ നക്‌ബയിൽ സ്വന്തം മണ്ണിൽ നിന്ന് കുടിയിറങ്ങേണ്ടി വന്നപ്പോൾ നാജി അൽ അലിക്ക് പത്ത് വയസായിരുന്നു പ്രായം. താൻ വേരുറപ്പിച്ച് പയ്യെ വളർന്നുവന്ന അൽ ഷാർജ ഗ്രാമത്തിൽ നിന്ന് ലെബനനിലെ അയ്ൻ അൽ ഹിൽവ അഭയാർത്ഥി ക്യാമ്പിലേക്ക് ബലമായി പറിച്ചുനടപ്പെട്ട ബാല്യത്തിന്റെ ട്രോമയാണ് ഹാൻഡല. 1963 മുതൽ 1987 ൽ കൊല്ലപ്പെടുന്നതുവരെ അൽ അലി ഹാൻഡാല കാർട്ടൂൺ വിവിധ പത്രങ്ങളിലായി വരച്ചു.

ഹാൻഡാലയെക്കുറിച്ച് പറഞ്ഞാൽ, കുറ്റിത്തലമുടിയും വളരെ പ്ലെയിനായ വസ്ത്രങ്ങളും ധരിച്ച പരുക്കനെന്ന് തോന്നുന്ന ഒരു കുട്ടിയാണ് അവൻ. ഫലസ്തീൻ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന എല്ലാ കുട്ടികളേയും പോലെ നഗ്നപാദനായിട്ടാണ് അവന്റെ നിൽപ്പ്. ഒരു പ്രതിഷേധം പോലെ കൈകൾ കോർത്ത് പുറകിൽ കെട്ടി പുറംതിരിഞ്ഞാണ് അവൻ നിൽക്കുന്നത്. അവൻ നല്ല രീതിയിൽ ഭക്ഷണം കഴിച്ചിട്ടില്ലെന്നും അവൻ സന്തോഷമോ ഉത്സാഹമോ ഉള്ള ഒരു കുട്ടിയല്ലെന്നും ആരും അവനെ ഓമനിക്കാറില്ലെന്നും കാർട്ടൂണിന്റെ സൃഷ്ടാവ് തന്നെ വിശദീകരിക്കുന്നുണ്ട്. ആഴത്തിൽ വേരുകളും തൊട്ടാൽ കയ്ക്കുന്ന പഴങ്ങളും വെട്ടിമുറിച്ചാൽ അവിടുന്ന് വളരുന്ന സ്വഭാവവുമുള്ള ഒരു ഫലസ്തീൻ മരമായ ഹാൻഡാല എന്ന പേര് ഈ കുഞ്ഞിനിട്ടത് മനഃപൂർവം തന്നെയാണ്.

നാട്ടിൽ നടക്കുന്ന, സംഭവവവികാസങ്ങളെ വെറുതെ നോക്കിനിൽക്കുകയാണ് ഹാൻഡാലയെന്ന കുട്ടി. ഗസ്സയിൽ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളേന്തേണ്ടി വരുന്ന അച്ഛന്മാരുടേയും, കത്തിയെരിയുന്ന ഗ്രാമങ്ങളേയും, മഴവില്ലുകൾ കാണേണ്ട ആകാശത്ത് മിസൈലുകൾ വന്നെത്തുന്നതും കണ്ടുനിൽക്കുന്ന കുട്ടി.

1960ൽ ഫലസ്തീൻ അഭയാർത്ഥി ക്യാമ്പിലെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ പേരിൽ ലബനീസ് രഹസ്യാന്വേഷണ വിഭാഗം തടവിലാക്കുന്ന സമയത്താണ് നാജി അൽ അലി ഹാൻഡാലയെ ജയിൽ ചുമരുകളിൽ വരച്ചുതുടങ്ങുന്നത്. പിന്നീട് 1962ൽ അൽ-ഹുറിയ മാസികയിൽ അൽ-അലിയുടെ ചിത്രങ്ങൾ ആദ്യമായി പ്രസിദ്ധീകരിച്ചത് ഫലസ്തീനിയൻ എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഗസ്സാൻ കൻഫാനിയാണ്. ലെബനനിലെ അൽ-സഫീർ, കുവൈത്തിലെ അൽ-താലിയ, അൽ-സിയാസ എന്നിവയുൾപ്പെടെ നിരവധി പത്രങ്ങളിൽ പിന്നീട് ഈ കാർട്ടൂണുകൾ അച്ചടിച്ചുവന്നു. ഇസ്രയേൽ-ഫലസ്തീൻ സംഘർഷത്തിന്റെ ഓരോ സംഭവവികാസങ്ങളും വീട്ടിലേക്ക് മടങ്ങിപ്പോകാനുള്ള കൊതിയും കാർട്ടൂൺ പ്രതിനിധീകരിക്കാൻ തുടങ്ങിയതോടെ ഹാൻഡാല ഫലസ്തീനിയൻ അതിജീവനത്തിന്റെ പ്രതീകം തന്നെയായി മാറി.

1987ലാണ് കാർട്ടൂണിസ്റ്റ് നാജി അൽ അലി അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. അന്ന് ഹാൻഡാല പരമ്പര അവസാനിച്ചതാണെങ്കിലും കാലമിത്രയും കഴിഞ്ഞിട്ടും ഫലസ്തീൻ കുട്ടികളുടെ കണ്ണീരായി ഈ കാർട്ടുൺ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു.

ഹമാസും ജീവിതം നരകതുല്യമാക്കുന്നു

ഗസ്സക്കാരുടെ ജീവിതം നരകതുല്യമാക്കിയതിൽ വലിയൊരു പങ്ക് ഹമാസിനുമുണ്ട്. യാസർ അറഫാത്തിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട പിഎൽഒ സമാധാനത്തിന്റെ പാതയിലേക്ക് നീങ്ങിയതോടെയാണ്, പശ്ചിമേഷ്യയിൽ ഹമാസ്് പിടിമുറക്കുന്നത്. ഗസ്സയിൽനിന്ന് തീവ്രാദത്തിൽനിന്ന് വിട്ടുവന്നവരുടെ അഭിമുഖവും അനുഭവസാക്ഷ്യവും ഞെട്ടിപ്പിക്കുന്നതാണ്. ഹമാസ് സ്ഥാപക നേതാവ് ഷേക്ക് ഹസൻ യൂസഫിന്റെ മകനും പിൽക്കാലത്ത് ക്രിസ്തുമതം സ്വീകരിക്കുകയും, സൺ ഓഫ് ഹമാസ് എന്ന പുസ്തകം എഴുതുകം ചെയ്ത മൊസാബ് യൂസഫ് പറയുന്നത് ഗസ്സയിൽ കുട്ടികൾക്ക് അഞ്ചു വയസ്സാകുമ്പോൾ മുതൽ മത പഠനം തുടങ്ങുമെന്നാണ്. 'ഈ മത പഠനം ഒരു 'മോറൽ കോൺഷ്യസ്നെസ്' ഉണർത്തുന്ന പ്രക്രിയ ആണെങ്കിൽ അത് തീർച്ചയായും നല്ലതാണ്. അതിനു പകരം പിഞ്ചു കുട്ടികളായിരിക്കുമ്പോൾ തന്നെ അവരിൽ യഹൂദ വിരോധവും, ഇസ്രയേൽ വിരുദ്ധ വികാരവുമൊക്കെ കുത്തി വെക്കപ്പെടുകയാണെന്നാണ് അദ്ദേഹം പറയുന്നത്. ഇങ്ങനെ പത്തിരുപതു വർഷം കഴിയുമ്പോൾ, മത പഠനം ഉൾക്കൊള്ളുന്ന യുവാക്കൾ 'ചാവേറുകളായി' പരിണമിക്കുകയാണ്. 'സ്യൂയിസൈഡ് സ്‌ക്വാഡ് മൈൻഡ്‌സെറ്റ്' വളരെ വർഷങ്ങളായുള്ള 'ബ്രെയിൻ വാഷിങ്' മൂലം മാത്രം സംഭവിക്കുന്നതാണ്. ഹമാസിലുള്ളവർക്ക് ഇസ്രയേലുകാരോടോ, യഹൂദരോടോ മാത്രമല്ല, ഫലസ്തീൻകാരുടെ ജീവനോട് പോലും യാതൊരു മമതയുമില്ലാതെ ആവുകയാണ്. അവർക്ക് 'ശഹീദാവുക' എന്നത് മാത്രമാണ് ലക്ഷ്യം. ഗസ്സയിൽ നിന്ന് പുറത്തുകടന്നപ്പോൾ മാത്രമാണ് എനിക്കും ഇതിനെ കുറിച്ച് ബോധോദയം വന്നത്-''- മൊസാബ് പറയുന്നു.

പിഎൽഒ ഒരു പരിപൂർണ മതസംഘടന ആയിരുന്നില്ല. അവരുടെ രക്തത്തിൽ കൂടുതൽ ഉള്ളത് മാർക്‌സിസ്റ്റ് ലെനിനിസവും ഫലസ്തീൻ ദേശീയതയും ആയിരുന്നു. പക്ഷേ ഇസ്രയേലിനെതിരെ അവർക്ക് പിടിച്ചുനിൽക്കാനായില്ല. അതുപോല , ഈജിപ്ത് ഏകാധിപതി നാസറിന്റെ പാൻ അറേബ്യൻ ശ്രമങ്ങളും വിജയിച്ചില്ല. നാസറിന്റെയും പിഎൽഒ യുടെയും ശ്രമങ്ങൾ പരാജയപെടുകയും അതേസമയം ഇറാനിൽ ആയത്തുള്ള ഖൊമേനിയുടെ ഇസ്ലാമിക് വിപ്ലവം വിജയിക്കുകയും ചെയ്തപ്പോൾ അതിന്റെ ആവേശത്താർ നാസറിന്റെ അനുയായി ഫാത്തി അൽ ഷക്യാക്വി ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് എന്നൊരു സംഘടന രൂപീകരിച്ചു. ഇറാനിലെ ഷായെ പോലുള്ള ശക്തരെ വരെ അട്ടിമറിക്കാം എങ്കിൽ നിശ്ചയദാർഡ്യമുള്ള പോരാളികളുടെ ജിഹാദിന് എല്ലാ തടസങ്ങളെയും നേരിടാൻ കഴിയും എന്ന് ഷക്വാക്വി കരുതി.

മിഡിൽ ഈസ്റ്റിൽ മുഴുവൻ ശക്തി പ്രാപിച്ച ഇസ്ലാമിസം വൈകാതെ ഫലസ്തീനിലും എത്തി. 1967 നും 1987 നും ഇടയ്ക്ക് വെസ്റ്റ് ബാങ്കിലും ഗസ്സയിലും പള്ളികളുടെ എണ്ണം മൂന്ന് ഇരട്ടി വർദ്ധിച്ചു.ഈ മത തീയിൽ നിന്നാണ് ഹമാസ് ഉണ്ടാകുന്നത്. ഫലസ്തീനിലെ മറ്റു മിലിറ്റന്റ് ഓർഗനൈസേഷനെക്കാൾ മെച്ചമാണ് തങ്ങൾ എന്ന് കാണിക്കാൻ ഹമാസ് നിരന്തരം സൂയിസഡ് ബോംബുകളുമായി ഇസ്രയേലനെ ആക്രമിക്കാൻ തുടങ്ങി.

ഹമാസിന്റെ ഒരു നേതാവ് കലേദ് മിഷലിന്റെ അഭിപ്രായം ഇങ്ങനെ ആയിരുന്നു. 'ഹമാസ് ഒരു ലോക്കൽ സംഘടന അല്ല. അറബ്, ഇസ്ലാമിക് , അന്തർദേശീയ ലക്ഷ്യങ്ങൾ ഉള്ള ഒരു സംഘടന ആണ്. ഹമാസിന്റെ ഫൗണ്ടിങ് ഡോക്യുമന്റിൽ ഇങ്ങനെ രേഖപെടുത്തിയിരിക്കുന്നു. ' ലോകത്തിലെ തന്നെ ഏറ്റവും വലിയ മുസ്ലിം സംഘടന ആയ മുസ്ലിം ബ്രദർഹുഡിന്റെ ഫലസ്തീൻ വിഭാഗം ആണ് ഹമാസ്. ഇസ്ലാമിക വിശ്വാസത്തിന്റെയും നിയമത്തിന്റെയും ആഴത്തിൽ ഉള്ള അറിവും കൃത്യമായ മനസിലാക്കലും സംസ്‌കാരത്തിലും പ്രവർത്തിയിലും രാഷ്ട്രീയത്തിലും ജീവിതത്തിലും എക്കണോമിയിലും സമൂഹത്തിലും നിയമത്തിലും വിദ്യാഭ്യാസത്തിലും വിശ്വാസ പ്രമാണം സ്വീകരിക്കുന്നവരും ആണ് ഹമാസ്'.

ഇസ്രയേലിനെ തകർക്കാനായി ചാവേർ ബോംബർമാർ ആയവരുടെ കുടുംബത്തിന് പെൻഷൻ കൊടുത്താണ് ഹമാസ് ജനപ്രീതി വർദ്ധിപ്പിച്ചത്. ഹമാസിന്റെ നിയന്ത്രണത്തിൽ ഉള്ള ടി വി ചാനലിൽ കുട്ടികൾക്ക് വേണ്ടി ഉള്ള പരിപാടിയിലും കുട്ടികളുടെ മാഗസിനിൽ പോലും എങ്ങനെ ഇസ്രയലിനെ നശിപ്പിക്കണം എന്നും ജിഹാദ് നടത്തണം എന്ന പരിപാടികൾ ആണ് സംപ്രേഷണം ചെയ്യുന്നത്. പിഎൽഒയും ആയി ഹമാസിനുള്ള പ്രശ്‌നം അവർ ഇസ്രയേലിനെ വേണ്ട രീതിയിൽ ആക്രമിക്കുന്നില്ല എന്നതായിരുന്നില്ല. ഇസ്രയേലിനെ നശിപ്പിച്ച ശേഷം അവിടെ ഒരു ഇസ്ലാമിക രാജ്യം സ്ഥാപിക്കുന്നതിനെ പറ്റി പിൽഒ പറയുന്നില്ല എന്നതും ഭിന്നതകൂട്ടി. ഹമാസിന്റെ ഔദ്യോഗിക മുദ്രവാക്യം ഇതാണ്- ' അള്ളാ ആണ് ലക്ഷ്യം , പ്രവാചകൻ ആണ് മോഡൽ, ഖുർ ആൻ ആണ് ഭരണ ഘടന , ജിഹാദ് ആണ് വഴി'.

അന്ത്യനാൾ വരെ ഒരു മുസ്ലിം രാജ്യമായി ഫലസ്തീൻ മാറണം എന്നാണ് അവരുടെ ഫൗണ്ടിങ് ഡോക്യുമെന്റിലെ മറ്റൊരു ലക്ഷ്യം. മതം വിതറി ഹമാസ് ശക്തി പ്രാപിച്ചു. തങ്ങളെ എതിർക്കാത്തവരെ കാലപുരിക്ക് അയച്ചു. അത് പോലെ ,ഹമാസും മറ്റ് സംഘടനകളും തമ്മിൽ വരെ പോരാട്ടങ്ങൾ ഉണ്ടായി. ഹമാസ് അതിൽ വിജയം കണ്ടു. 2007 മുതൽ ഗസ്സ ഹമാസ് നിയന്ത്രണത്തിൽ ആയി. പിഎൽഒയെ യും മറ്റ് സംഘടനകളെയും നേതാക്കളെ വധിക്കാനും ഉന്മൂലനം ചെയ്യാനും ഹമാസ് ഒരു മടിയും കാണിച്ചില്ല. ഇപ്പോഴത്തെ ഗസ്സ വാർ തുടങ്ങുന്നതിന് മുമ്പ് ജയിലിലുണ്ടായ സംഘട്ടനത്തിൽ തടവുകാരായ നിരവധി ഫത്ത പാർട്ടിക്കാരെ ഹമാസുകാർ കൊന്നിരുന്നു.

മറ്റ് മതസ്ഥർക്കും മത രഹിതർക്കും ഹോമോസെക്ഷ്വൽസിനും സ്ത്രീകൾക്കും ഒക്കെ ഗസ്സയിൽ അതിനകം തന്നെ ജീവിതം ദുരിതമായിരുന്നു. ഹമാസിന്റെ ഇസ്ലാമൈസേഷൻ പീഡനങ്ങൾ അവിടെനിന്ന് രക്ഷപ്പെട്ടവർക്ക് ഏറെ പറയാനുണ്ട്. 'സെക്കുലറിസത്തിന്റെ അവസാനം ' എന്നാണ് ഹമാസ് പ്രഖ്യാപിച്ചത്. ഗസ്സയിലെ ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെട്ടു. ഹമാസിന്റെ മീഡിയ ഒഴിച്ച് മറ്റെല്ലാം നിരോധിച്ചു . ശരിയാ കോടതികൾ നിലവിൽ വന്നു.

ഗസ്സയിലെ അധികാരം കിട്ടിയ ശേഷം ഇസ്രയലിന് നേരെ ഹമാസിന്റെ ജിഹാദ് ആക്രമണം പതിൻ മടങ്ങ് വർദ്ധിച്ചു . നിരന്തരം റോക്കറ്റുകൾ ഇസ്രയലിന് നേരെ പാഞ്ഞു ചെന്നു. അതിന് ഇസ്രയൽ തിരിച്ചടിക്കുന്നത് അനുഭവിക്കുന്നത് പാവം ഫലസ്തീനികളും. ഹമാസിന്റെ പ്രതിരോധം തന്നെ ഈ പാവങ്ങളുടെ മനുഷ്യ കവചം ആണ്. ഗസ്സയിലെയും ഇസ്രയലിലും ജനങ്ങളോട് സമാനതയില്ലാത്ത ക്രൂരത ആണ് ഹമാസ് നടത്തുന്നത്. നിരവധി നിരപരാധികൾ മരിച്ചു വീണു. ഫലസ്തീൻ രാജ്യം സ്ഥാപിക്കൽ അല്ല, ഇസ്രയേലിന്റെ നാശമാണ് ഹമാസ് ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാണ്. ഇതുകൊണ്ട് നരകമാവുന്നത സാധാരണക്കാരായ ഗസ്സക്കാരുടെ ജീവിതമാണ്. ഹമാസ് ഒരു റോക്കറ്റ് അയച്ചാൽ ഇസ്രയേൽ പത്തെണ്ണം തരിച്ചുവിടും. ഒരാളെ തട്ടിയാൽ നൂറുപേരെ തട്ടും.

പാലുകൊടുത്ത കൈയ്ക്ക് കൊത്തിയെന്ന്

അതിനിടെ ഗസ്സക്കാരുമായി അടുക്കാൻ ഇസ്രയേൽ നടത്തിയ ശ്രമവവും പൊളിഞ്ഞു. 2021-ൽ, ഹമാസുമായുള്ള 11 ദിവസത്തെ യുദ്ധത്തിനുശേഷം ഇസ്രയേൽ തങ്ങളുടെ നയങ്ങളിൽ ചില ഇളവുകൾ വരുത്തിയിരുന്നു. ഗസ്സയിലെ ഫലസ്തീനികൾക്ക് 2007-ന് മുമ്പെന്നപോലെ ഇസ്രയേലിൽ തൊഴിലെടുക്കാനുള്ള വഴിതുറന്നു. നിർമ്മാണമേഖലയിലും കാർഷിക മേഖലയിലുമടക്കം ജോലി ചെയ്യുന്നതിന് ഗസ്സക്കാർക്ക് 20,000 പെർമിറ്റുകൾക്ക് നൽകുമെന്ന് അന്നത്തെ ഇസ്രയേലി പ്രതിരോധമന്ത്രി ബെന്നി ഗാന്റ്‌സ് 2022 മാർച്ചിൽ പ്രഖ്യാപിച്ചു. പക്ഷേ, പ്രഖ്യാപിച്ച അത്രയും പെർമിറ്റുകൾ ഇല്ലെങ്കിലും 17,000ത്തോളം പേർക്ക് ദിവസവും ഗസ്സയിൽവന്ന് ജോലിചെയ്തുപോവാൻ, ഇസ്രയേൽ പെർമിറ്റ് നൽകി. പക്ഷേ ഫലത്തിൽ ഇത് ആ രാജ്യത്തിന് വലിയ പാരയായി.

ഗസ്സയിൽ ശമ്പളം തീരെ കുറവാണ്. എന്നാൽ ഇസ്രയേലിൽ അതിന്റെ അഞ്ച് ഇരട്ടിയാണ് ശമ്പളം. അതിനാൽ തന്നെ ഇങ്ങനെ വന്ന് പണിയെടുത്ത് പോവുന്നവർക്ക് നല്ല ജീവിതം സാധ്യമാവുമായിരുന്നു. മാത്രമല്ല ഇത് ഗസ്സക്കാർക്ക് യഹൂദരോടുള്ള മനോഭാവത്തിൽ മാറ്റം വരുത്തുമെന്നും, സൗഹൃദത്തിന്റെ ഒരു സോഷ്യൽ എഞ്ചിനീയറിങ്ങ് സൃഷ്ടിക്കാൻ കഴിയമെന്നും, ഇസ്രയേൽ കരുതി. പക്ഷേ മത വൈരാഗ്യത്തിന് മുകളിൽ പരുന്തും പറക്കില്ല എന്ന് അവർ അറിഞ്ഞില്ല. ഇങ്ങനെ ഇസ്രയേലിൽ വന്ന പണി ചെയ്ത് പോകുന്നവരിൽ ഒരു വിഭാഗം ആണ് രാജ്യത്തിന് ശരിക്കും പണി കൊടുത്തത്. അവർ ഒക്ടോബർ 7ന്റെ ആക്രമണത്തിൽ ഹമാസിന് ഒപ്പം ചേർന്നു. എവിടെ എന്തെല്ലാം ഉണ്ട് എന്ന കൃത്യമായ വിവരം കൊടുത്തത് അവരാണ്. മാത്രമല്ല, ഇത്തരക്കാരിൽ ഒരു വിഭാഗം ആക്രമണത്തിൽ ഹമാസിന് ഒപ്പം നേരിട്ട് ആക്രമണത്തിൽ ചേരുകയും ചെയ്തുവെന്ന് യെരുശലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഇതോടെ ഇനി ഉണ്ടാവാൻ പോവുന്നത് ഈ ലൈസൻസ് കൂട്ടമായി ഇസ്രയേൽ റദ്ദ് ചെയ്യുകയാണ്. ഒരു ഗസ്സക്കാരനും ഇനി ജോലി ചെയ്യുന്നതിനായി ഇസ്രായലിൽ കാലുകുത്താൻ കഴിയാത്ത അവസ്ഥയുണ്ടാവും. മര്യാദക്ക് ഈ നാട്ടിൽ വന്ന് ജോലി ചെയ്യുന്നവർക്കും ഇത് പാരയാവും. പക്ഷേ ഹമാസിനെ സംബന്ധിച്ച് സ്വന്തം പൗരന്മാർ മരിക്കുന്നതും, സാമ്പത്തികമായി തകരുന്നതും ഒന്നും ഒരു പ്രശ്നമല്ല. മത പ്രചോദിതമായ സ്വർഗം മുൻനിർത്തി ചാവേറാവാൻ തുനിഞ്ഞ് ഇറങ്ങിയവരാണ് അവർ.

അതിനിടെ അതിഗുരുതരമായ ഒരു രാഷ്ട്രീയ ആരോപണവും ന്യൂയോർക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങൾ ഉന്നയിക്കുന്നുണ്ട്. ഫലസ്തീൻ അഥോറിറ്റിയെ മര്യാദ പഠിപ്പിക്കാനായി ഹമാസിനെ ഉപയോഗിക്കാം എന്നത് ഒരു നാഷണൽ പോളിസിയായി ഇസ്രയേൽ ഈയിടെ എടുത്തുവെന്നതാണ് അത്. ഫത്ത പാർട്ടിയെ ഒതുക്കാൻ ഹമാസ് നല്ലതാണ് എന്ന് നെതന്യാഹു ഒരു പാർട്ടി യോഗങ്ങളിൽ പറഞ്ഞിരുന്നു. പക്ഷേ ദ്വി രാഷ്ട്രാ വാദം അംഗീകരിക്കുന്നവരാണ് ഫത്ത പാർട്ടിയെന്നും, ഹമാസ് ഐസിസിന് സമാനമായ മതരാഷ്ട്ര വാദമാണ് മുന്നാട്ട് വെക്കുന്നത് എന്നും ഇവർ മറന്നുപോയി.

അവസാന ജൂതനെയും തുരത്തണം എന്ന് പറയുന്ന മത വചനങ്ങളിൽ വിശ്വസിക്കുന്നവർ ആണ് അവർ. ഹമാസിന്റെ ഡിഎൻഎ അക്രമം നിറഞ്ഞതാണ്. ചാവേറുകളായി ഇസ്ലാമിക സ്വർഗം തന്നെയാണ് അവർ ലക്ഷ്യമിടുന്നത്. ഇടക്ക് ഇതു മറന്നുപോയതിന് വലിയ വിലയാണ് ഈ യഹൂദരാജ്യം കൊടുക്കേണ്ടി വന്നത്. എന്തൊക്കെയായാലും ഗസ്സക്കാരുടെ ദുരിതം അടുത്തകാലത്തൊന്നും തീരില്ല എന്ന് ഉറപ്പാണ്. ഒരു ഭാഗത്ത് ഹമാസ്, മറുഭാഗത്ത് ഇസ്രയേൽ. ശരിക്കും ചെകുത്താനും കടലിനും ഇടയിലാണ് ഒരു ജനത.

വാൽക്കഷ്ണം: ഒരു അർത്ഥത്തിൽ നമ്മുടെ നേതാക്കൾക്കും ഹമാസ് നേതാക്കൾക്കും നല്ല ബന്ധമുണ്ട്. മക്കളെ ഖത്തറിലെയും, സൗദിയിലെയും വലിയ സ്‌കൂളുകളിൽ അയച്ച് രാജ്യത്തിന് പുറത്ത് സസുഖം വാഴുകയാണ്, ഭൂരിഭാഗം ഹമാസ് നേതാക്കളുടെയും രീതി. വിദേശരാജ്യങ്ങളിൽ ഹമാസ് നേതാക്കൾ സുഖിച്ച് കഴിയുമ്പോൾ ഗസ്സക്കാർ പട്ടിണിയും പരിവെട്ടവുമായി കഴിയുകയാണ്! മക്കളെ ഒരുപോറലും എൽക്കാതെ സേഫ് ആക്കുകയാണല്ലോ നമ്മുടെ നേതാക്കളുടെയും രീതി.