'ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക '- ഈ കാമ്പയിൻ നടത്തിയതിന് പത്തുവർഷത്തെ ജയിൽ ശിക്ഷയും, ആയിരം ചാട്ടവാറടിയും, ലക്ഷക്കണക്കിന് റിയാൽ പിഴയും ഏറ്റുവാങ്ങിയ ഒരു മനുഷ്യനുണ്ട് ഈ ലോകത്ത്. അയാളുടെ പേരാണ് റൈഫ് ബദാവി. 'ഇലക്ട്രോണിക് ചാനലുകളിലൂടെ ഇസ്ലാമിനെ അപമാനിച്ചു' എന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട സൗദി പൗരൻ.

ശിക്ഷിച്ചതാവട്ടെ, ഇന്ന് ശരീയത്ത് നിയമങ്ങൾ പോലും അവഗണിച്ച്, തിയേറ്റർ തുറക്കുകയും, സ്ത്രീകൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് അനുവദിക്കുകയും, പുരുഷ രക്ഷിതാക്കൾക്ക് ഒപ്പമല്ലാതെ സ്ത്രീകൾക്ക് പുറത്തിറങ്ങാനുള്ള അനുമതിയും കൊടുത്ത്, പരിഷ്‌ക്കരണവാദിയെന്ന് അറിയപ്പെടുന്ന മുഹമ്മദ് ബിൻ സൽമാൻ എന്ന സൗദി കിരീടവകാശിയും. സെക്കുലറിസത്തിലൂടെ സൗദി പോലത്തെ മൂന്നാം ലോക രാജ്യങ്ങൾക്ക്, ഒന്നാം ലോക രാജ്യമായി മാറാൻ പറ്റും എന്ന് റൈഫ് ബദാവി തന്റെ ബ്ലോഗിൽ ഒരിക്കൽ എഴുതി. മറ്റൊരിക്കൽ റൈഫ് മത നിയമങ്ങൾക്ക് പകരം ശാസ്ത്രത്തെ സ്വീകരിക്കുന്ന ശാസ്ത്രജ്ഞരെ ശിക്ഷിക്കണം എന്ന് പറഞ്ഞ ഒരു പുരോഹിതനെ തന്റെ ബ്ലോഗിൽ കളിയാക്കി. അതുപോലെ മതത്തിന്റെ പേരിൽ നടക്കുന്ന മോറൽ പൊലീസിംഗിനെയും ലിംഗവിവേചനങ്ങളെയും വിമർശിച്ചു. വാലന്റയിൻസ് ഡേയിൽ ഫ്ളവർ ഷോപ്പുകൾ തല്ലിപൊളിക്കുന്ന സദാചാര പൊലീസിനെ വിമർശിച്ചു.

അതി ശക്തമായ സെൻഷർഷിപ്പ് നിലവിൽ ഉള്ള സൗദിയിൽ 'ഫ്രീ സൗദി ലിബറൽ നെറ്റ് വർക്ക്' എന്ന പേരിൽ ഒരു ഓൺലൈൻ ഫോറത്തിലൂടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും സെക്കുലറലിസത്തിനും വേണ്ടി ആ ധീരൻ നിരന്തരം ബ്ലോഗുകൾ എഴുതി. ഒടുവിൽ മതഭരണകൂടം അവനെ പിടികൂടി. അവനു മേൽ ആരോപിച്ച കുറ്റം മത വർജനം ആണ്. പക്ഷേ അത് തെളിയിക്കാൻ അവർക്കായില്ല. ഇന്റർനെറ്റിലൂടെ ഇസ്ലാമിനെ ആക്ഷേപിച്ചു എന്ന കുറ്റം ചാർത്തി അവനെ ശിക്ഷിച്ചു. പത്ത് വർഷം ജയിൽ ജീവിതം. ആയിരം ചാട്ടവറടികൾ. പക്ഷേ അത്രയും അടികൾ ഒരുമിച്ച് ഒരാൾക്ക് താങ്ങില്ല. അതുകൊണ്ട് ഇരുപത് തവണയായി പൊതു വേദിയിൽ വെച്ച് അടികൾ നൽകാൻ തീരുമാനം. ഒരു തവണ അവനെ പള്ളിക്ക് മുന്നിൽ ആർത്തു വിളിക്കുന്ന മതജീവികൾക്ക് മുന്നിൽ വച്ച് ചാട്ടവാറിന് അടിച്ചു. ബാക്കി തവണകൾ അവന്റെ അനാരോഗ്യം കാരണവും അന്തർദേശീയ തലത്തിലുള്ള മനുഷ്യാവകാശ പ്രവർത്തകരുടെ പ്രതിഷേധം കാരണവും നിരന്തരം മാറ്റി വെക്കപ്പെട്ടു.

അവന്റെ ഭാര്യ കാനഡയിൽ അഭയാർത്ഥി ആയി ജീവിച്ച് അവന്റെ സ്വാതന്ത്ര്യത്തിനായി ശ്രമിക്കുന്നു. റൈഫിന് വേണ്ടി വാദിച്ച അവന്റെ വക്കീലിനെയും റൈഫിന്റെ സഹോദരിയെയും അറസ്റ്റ് ചെയ്തു. പത്ത് വർഷത്തെ ശിക്ഷ കഴിഞ്ഞ് കഴിത്ത വർഷം റൈഫ് ജയിൽ മോചിതനായി. പക്ഷേ സൗദിയിൽ നിന്ന് പുറത്തു പോകാൻ ആവില്ല. പത്തുകൊല്ലം പാസ്പോർട്ട് കിട്ടില്ല. ഇത്ര ക്രൂരമായി ശിക്ഷിക്കപെടാൻ എന്താണ് ഈ ചെറുപ്പക്കാരൻ ചെയ്ത കുറ്റം. ലിബറലിസവും സെക്കുറലിസവും പറഞ്ഞുമാത്രം.

ഇന്ന് റൈഫ് ബദാവി വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുന്നത്, ഇസ്രയേൽ- ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്. എല്ലാ പ്രശ്നങ്ങൾക്കും കാരണം ഇസ്രയേൽ അധിനിവേശമാണെന്ന് സൗദി ഈയിടെ ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. അപ്പോഴാണ് ലോകമെമ്പാടുമുള്ള സ്വതന്ത്രചിന്തകർ റൈഫ് ബദാവിയുടെ ജീവിത കഥ സൗദിയെ ഓർമ്മിപ്പിക്കുന്നത്. 'ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക 'എന്ന് റൈഫ് ബദാവി പറഞ്ഞത്, യഹൂദനും ബാധകമാണെന്നും മതകഥകളുടെ പേരിൽ ആരും പീഡിപ്പിക്കരുത് എന്നും സ്വതന്ത്രചിന്തകർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ വീണ്ടും റൈഫ് ബദാവിയെന്ന പോരാളി പുനർജ്ജനിച്ചിരിക്കയാണ്.

ചോദ്യം ചോദിച്ചതിന് ചാട്ടവാറടി

1984 ജനുവരി 13 ന് സൗദി അറേബ്യയിലെ ഖോബറിൽ ലെബനൻ ക്രിസ്ത്യാനിയായ നജ്വയുടെയും, സൗദി മുസ്ലീമായ മുഹമ്മദ് ബദാവിയുടെയും മകനായാണ് റൈഫ് ബദാവി ബദാവി ജനിച്ചത്. ഒരു ലിബറൽ കുടുംബമായിരുന്നു അവരുടെത്. ചരിത്രപരമായി സൗദി സമൂഹം അത്ര കർക്കശക്കാരല്ലെന്നും പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് വയലിൽ ജോലി ചെയ്യാറുണ്ടെന്നും ചെറുപ്പത്തിൽ തന്നെ സൗദി മുത്തശ്ശി തന്നോട് പറഞ്ഞതായി റൈഫ് പിന്നീട് എഴുതിയിട്ടുണ്ട്.

ബദാവിയുടെ അമ്മ ചെറുപ്പത്തിൽ മരിച്ചു. കുറഞ്ഞ വരുമാനമുള്ള അച്ഛനും, അച്ചമ്മയുമാണ് അവനെ വളർത്തിയത്. പതിമൂന്നാം വയസ്സ് വരെ ബദാവി സ്‌കൂളിൽ നന്നായി പഠിച്ചു. ചെറുപ്പത്തിലെ അവൻ സംശയാലുവായിരുന്നു. മതനിയമങ്ങളെയും പൗരോഹിത്യത്തെക്കുറിച്ചുമൊക്കെ ആ കുഞ്ഞു മനസ്സിൽ രൂപപ്പെട്ട സംശയങ്ങൾക്കും വലിയ വിലകൊടുക്കേണ്ടി വന്നു. മാതാപിതാക്കളുടെ അനുസരണക്കേട് സൗദി അറേബ്യയിൽ ഒരു കുറ്റകൃത്യമാണ്. പിതാവ് അത് റിപ്പോർട്ട് ചെയ്തതോടെ ആറ് മാസം, നമ്മുടെ നാട്ടിലെ ദുർഗുണ പരിഹാര പാഠശാലപോലെയുള്ള, കൗമാര തടങ്കൽ കേന്ദ്രത്തിൽ അവന് കഴിക്കേണ്ടജവന്നു. അവിടുത്തെ ചീത്തവിളിയും, ചാട്ടവാറടിയും, വഹാബി എന്ന പരിഹാസവുമൊക്കെ തന്നെ വല്ലാതെ മുറിവേൽപ്പിച്ചുവെന്ന് റൈഫ് പിന്നീട് എഴുതിയിട്ടുണ്ട്. നോക്കണം, കൗമരകാലത്തിലുണ്ടാവുന്ന ചില നിഷേധ സ്വഭാവത്തിനുപോലും സൗദി കൊടുക്കുന്നത് ചാട്ടവാറടിയാണ്!

കള്ളന്മാർക്കും കൊലപാതികൾക്കുമൊക്കെ കിട്ടുന്ന ശിക്ഷ ചെറുപ്പത്തിലേ തനിക്ക് കിട്ടിയത് കുറേ ചോദ്യങ്ങൾ ചോദിച്ചതുകൊണ്ടാണെന്ന് അദ്ദേഹം പറയുന്നു. ഇതോടെ ബദാവി 'നന്നാവുമെന്നാണ്' ഇവർ കരുതിയത്. പക്ഷേ വളർന്നപ്പോൾ അയാൾ കൂടുതൽ അഗ്രസീവായി. 2006 ഓഗസ്റ്റ് 13-ന് 'സൗദി ലിബറൽ നെറ്റ്‌വർക്ക്' എന്ന പേരിൽ ഒരു ഓൺലൈൻ ഫോറം തുടങ്ങി.

ഇസ്ലാലിമിന് പകരം ലിബറലിസം

ഒരു ഇസ്ലാമിക രാഷ്ട്രമായ സൗദിയിൽ ലിബറലിസത്തെക്കുറിച്ച് സംസാരിക്കുക തന്നെ എത്രമാത്രം അപകടകരമാണെന്ന്, ബദാവിയുടെ ജീവിതം തെളിയിക്കുന്നു. മതപരമായ കാഴ്ചപ്പാടിൽ ലോകത്തെ കാണാൻ വിസമ്മതിച്ച അറബ് എഴുത്തുകാരുടെ പുസ്തകങ്ങളാണ് ബദാവിയെ സ്വാധീനിച്ചത്. അബ്ദുല്ല അൽ- ഖാസെമിയുടെ 'ദി യൂണിവേഴ്സ് ജഡ്ജസ് ഗോഡ്', തുർക്കി അൽ-ഹമദിന്റെ 'ആഗോളവൽക്കരണ കാലഘട്ടത്തിലെ അറബ് സംസ്‌കാരം' എന്നീ പുസ്തകങ്ങൾ ബദാവിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. അദ്ദേഹം അവയുടെ പ്രചാരകനായി. സൗദി അറേബ്യയിൽ കൂടുതൽ സഹിഷ്ണുത, മതേതര ലിബറൽ സമൂഹം ഉണ്ടാവുക എന്ന സ്വപ്നം പങ്കിടുകയും ചർച്ച ചെയ്യുകയും ചെയ്തു. ഈ ലക്ഷ്യത്തിനായി പത്രപ്രവർത്തകർ, കവികൾ, ചിന്തകർ, തത്ത്വചിന്തകർ, എഴുത്തുകാർ എന്നിവരുടെ പരമ്പരാഗത സായാഹ്ന യോഗമായ ദിവാനിയ അദ്ദേഹത്തെ സ്വാധീനിച്ചു. ഒരു തുറന്ന പുരോഗാമന സമൂഹത്തിനായും, മതത്തിന്റെ പേരിലുള്ള അടിച്ചമർത്തലുകൾ കുറയ്ക്കുന്നതിനായി പ്രചാരണം നടത്തുന്ന ഈ യോഗങ്ങളിൽ റൈഫ് ബദാവി പതിവായി പങ്കെടുത്തു. സൗദി പൗരന്മാരെ അവരുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ബോധവാന്മാരാക്കാൻ അദ്ദേഹം ശ്രമിച്ചു.

ബദാവിയുടെ ബ്ലോഗ് തലക്കെട്ടുകൾ സൃഷ്ടിച്ചു. മതമൗലികാവാദികളും യാഥാസ്ഥികരും അദ്ദേഹത്തിനെതിരെ വാളെടുത്തു. ബദാവി ഭയന്നില്ല. അദ്ദേഹം എഴുതി 'എന്നെ സംബന്ധിച്ചിടത്തോളം ലിബറലിസം എന്നാൽ ജീവിക്കുകയും ജീവിക്കാൻ അനുവദിക്കുകയും ചെയ്യുക എന്നതാണ്.' വളരെ കുറച്ച് സൗദികൾ മാത്രമേ ലിബറലിസത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ ധൈര്യപ്പെട്ടിരുന്നുള്ളൂ, കാരണം അത് പരോക്ഷമായ വിശ്വാസത്യാഗമാണ്. അത് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

തന്റെ ബ്ലോഗിൽ ബദാവി മുതവ്വയുടെ ( സൗദി മത പൊലീസ്) നടപടികളിൽ പ്രതിഷേധിച്ചു, അദ്ദേഹം ഒരിക്കലും സൗദി സർക്കാരിനെ നേരിട്ട് വിമർശിച്ചിട്ടില്ല. സ്വയം ഒരു രാജ്യസ്നേഹിയായി കണക്കാക്കുകയും, സൗദി അറേബ്യയിലെ രാജാവിനെ അംഗീകരിക്കുകയും ചെത്തു. പക്ഷേ സ്ത്രീകൾക്ക് തെരുവിലൂടെ നടക്കാൻ ഒരു പുരുഷ രക്ഷാധികാരിയെ ആവശ്യമായി വരുന്നത്, അടക്കമുള്ള പ്രാകൃത നിയമങ്ങളെ അദ്ദേഹം ബ്ലോഗിലൂടെ ചോദ്യം ചെത്തു. താൻ ഒരു വിശ്വാസി തന്നെയാണെന്നും മതപരിഷ്‌ക്കരണമാണ് ലക്ഷ്യമിടുന്നത് എന്നും ബദാവി പലതവണ പറഞ്ഞിട്ടുണ്ട്.

പക്ഷേ, എല്ലാ സൗദികളും ഇസ്ലാമിൽ വിശ്വസിക്കണമെന്നതിന്റെ യുക്തിയെയും ബദാവി ചോദ്യം ചെയ്തു. ഇസ്ലാമിന് എല്ലാം വിശദീകരിക്കാൻ കഴിയില്ലെന്നും, ആളുകൾക്ക് അവർ ഇഷ്ടപ്പെടുന്ന ഏത് മതത്തിലും വിശ്വസിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. അമുസ്ലീങ്ങൾ എന്ന് പറയുന്നവരും മനുഷ്യരാണെന്നും, അവരുടേതായ രീതിയിൽ ജീവിക്കാൻ അവർക്ക് അവകാശമുണ്ടെന്നും ദിവാനിയ യോഗത്തിൽ അദ്ദേഹം വിശദീകരിച്ചു. ഇവയെല്ലാം സമൂഹത്തിൽ വലിയ കോളിളക്കങ്ങളാണ് ഉണ്ടാക്കിയത്.

മതപൊലീസ് പിടിമുറുക്കുന്നു

2007 അവസാനത്തോടെ, ബദാവിയുടെ ബ്ലോഗിൽ കുറഞ്ഞത് 2,000 അംഗങ്ങളെങ്കിലും ഉണ്ടായിരുന്നു. ബദാവിയുടെ രചനകൾ മതപൗരോഹിത്യത്തിന് തീരെ ദഹിച്ചില്ലെങ്കിലും, അബ്ദുള്ള രാജാവ് താരതമ്യേന ലിബറൽ ആയതിനാൽ നടപടി ഉണ്ടായില്ല. പക്ഷേ മതപൊലീസും പൗരോഹിത്യവും, സമ്മർദം ശക്തമാക്കിയപ്പോൾ അദ്ദേഹത്തിന് ഇടപെടേണ്ടിവന്നു. അബുദുല്ല രാജവിന്റെ മകനും കിരീട അവകാശിയുമായ എംബിഎസ് എന്ന മുഹമ്മദ് ബിൽ സൽമാനെയാണ് അവർ ഇതിനായി കരുവാക്കിയത് എന്നാണ് ദ ഇൻഡിപെൻഡൻഡ് പോലുള്ള മാധ്യമങ്ങൾ പറയുന്നത്. പക്ഷേ ബദാവി തന്റെ ബ്ലോഗിൽ ഉന്നയിച്ച സ്ത്രീകൾക്ക് പുരുഷ രക്ഷിതാവിന് ഒപ്പമല്ലാതെ പുറത്തിറങ്ങാൻ കഴിയാത്തും, സ്ത്രീകൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് അനുവദിക്കാത്തതുമെല്ലാം, പിന്നീട എംബിഎസിന് തന്നെ പിൻവലിക്കേണ്ടി വന്നു എന്നതും കാലത്തിന്റെ കാവ്യ നീതി!

2007-ന്റെ അവസാനത്തിൽ പൊലീസ് ബദാവിയെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തു, പക്ഷേ ആരോപിക്കപ്പെട്ട കുറ്റത്തിന് തെളിവ് കിട്ടാത്തതിനാൽ വെറുതെ വിട്ടു. പക്ഷേ ഇത് ഒരു ടെസ്റ്റ് ഡോസ് മാത്രമായിരുന്നു. പൊലീസ് കുറച്ച് ദിവസങ്ങൾക്ക് ശേഷം ബദാവിയുടെ വീട്ടിൽ അപ്രതീക്ഷിത റെയ്ഡ് നടത്തി. അവിടെ നിന്ന മതനിന്ദാപരമായ പുസ്തകങ്ങൾ പിടിച്ചെടുത്തുവെന്നാണ് പറയുന്നത്. പക്ഷേ ഈ സംഭവവും അറസ്റ്റിലേക്ക് നീങ്ങിയില്ല. കാരണം ഇത്തരം പുസ്തകങ്ങൾ അക്കാലത്ത് സൗദിയിൽ വ്യാപകമായിരുന്നു.

അതുകൊണ്ടുതന്നെ അവസാനത്തെ അടവ് പുറത്തെടുക്കാൻ അവർ തീരുമാനിച്ചു. അതാണ് മതനിന്ദ, അല്ലെങ്കിൽ വിശ്വാസ ത്യാഗം. ഇത് സൗദിയിൽ വധശിക്ഷവരെ കിട്ടാവുന്ന കുറ്റമാണ്. 2008-ൽ വിശ്വാസത്യാഗം ആരോപിച്ച് ആദ്യം കസ്റ്റഡിയിലെടുത്ത ബദാവിയെ ഒരു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. പക്ഷേ സൗദി അറേബ്യ വിട്ടുപോകുന്നതിൽ നിന്ന് തടഞ്ഞു. 2009-ൽ അദ്ദേഹത്തിന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ഈ സമയത്ത് ബദാവി ഇസ്ലാം വിട്ടു എന്ന് ആരോപിച്ച്, ദമ്പതികളെ നിർബന്ധിതമായി വിവാഹമോചനം ചെയ്യാൻ ബദാവിയുടെ ഭാര്യയുടെ കുടുംബം കേസ് കൊടുത്തു. പക്ഷേ ഭാര്യ വഴങ്ങിയില്ല. താൻ ഇസ്ലാം വിട്ടുവെന്ന് ബദാവിയും സമ്മതിച്ചില്ല.

ഇസ്ലാമിനെ അവഹേളിച്ചതിന് അറസ്റ്റ്

2007 മുതൽ തുടർച്ചയായി പല രീതിയിലും അദ്ദേഹത്തെ കുടുക്കാൻ നോക്കിയെങ്കിലും, നീണ്ട അഞ്ചുവർഷത്തെ പരിശ്രമത്തിനുശേഷമാണ് അത് ലക്ഷ്യം കണ്ടത്. 2012 ജൂൺ 17-ന്, 'ഇലക്ട്രോണിക് ചാനലുകളിലൂടെ ഇസ്ലാമിനെ അവഹേളിച്ചു' എന്നാരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഷഹാദ ചൊല്ലിയതിന് ശേഷം താൻ മുസ്ലീമാണെന്ന് ബദാവി സ്ഥിരീകരിച്ചു. കൂടാതെ ആളുകൾക്ക് അവരുടെ വിശ്വാസം തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടായിരിക്കണമെന്നും പ്രസ്താവിച്ചു. എന്നാൽ ബദാവിയുടെ വെബ്‌സൈറ്റിൽ 'മുതിർന്ന മതവ്യക്തികളെ' വിമർശിക്കുന്ന കാര്യങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നായിരുന്നു ആരോപണം. ഇമാം മുഹമ്മദ് ബിൻ സൗദ് ഇസ്ലാമിക് യൂണിവേഴ്‌സിറ്റി 'ഭീകരരുടെ താവളമായി' മാറിയെന്നും ബദാവി അഭിപ്രായപ്പെട്ടിരുന്നു.

ബദാവിയൂടെ അറസ്റ്റ് ആഗോള വ്യാപകമായി പ്രതിഷേധമുയർത്തി. ആംനസ്റ്റി ഇന്റർനാഷണൽ, ബദാവിയെ മനസ്സാക്ഷിയുടെ തടവുകാരനായി പ്രഖ്യാപിച്ചു. 'അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം സമാധാനപരമായി വിനിയോഗിച്ചതിന് മാത്രം ഒരാൾ തടവിലാക്കപ്പെട്ടിരിക്കുന്നു' എന്നാണ് ആംനസ്റ്റി പറഞഞത്. 'മതത്തെയും മതവിശ്വാസികളെയും കുറിച്ച് സമാധാനപരമായ ചർച്ചകൾക്കായി ഒരു വെബ്‌സൈറ്റ് സ്ഥാപിക്കുന്നതാണോ വധശിക്ഷ ലഭിക്കാവുന്ന കുറ്റം' എന്നാണ് ഹ്യൂമൻ റൈറ്റ് വാച്ച് ചോദിച്ചത്. റിപ്പോർട്ടേസ് ബിയോണ്ട് ബോഡേഴസ് അടക്കമുള്ള നിരവധി സംഘടനകളും ബദാവിക്ക് പിന്തുണയുമായി എത്തി.

ബദാവി 2012 ഡിസംബർ 17 ന് ജിദ്ദയിലെ ഒരു ജില്ലാ കോടതിയിൽ ഹാജരായപ്പോൾ 'വിശ്വാസത്യാഗ കേസിൽ തനിക്ക് വിധി പറയാൻ കഴിയില്ല' എന്ന് പറഞ്ഞ് ഒരു ഉയർന്ന കോടതിയിലേക്ക് ജഡ്ജി കേസ് മാറ്റി. ഡിസംബർ 22-ന്, ജിദ്ദയിലെ ജനറൽ കോടതി വിശ്വാസത്യാഗം സംബന്ധിച്ച ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. പിന്നീട് അത് കീഴ്ക്കോടതിയിലേക്ക് കേസ് റഫർ ചെയ്തു,

2013 ജൂലൈ 30ന് , ഇസ്ലാമിക മൂല്യങ്ങൾ ലംഘിക്കുകയും ലിബറൽ ചിന്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു ഇന്റർനെറ്റ് ഫോറം സ്ഥാപിച്ചതിന് ബദാവിയെ ഏഴ് വർഷത്തെ തടവിനും 600 ചാട്ടയടിക്കും സൗദി കോടതി ശിക്ഷിച്ചു. വെബ്‌സൈറ്റ് അടച്ചുപൂട്ടാനും കോടതി ഉത്തരവിട്ടു. പ്രശ്നം അവിടെ തീർന്നില്ല. 2014 മെയ് 7 ന്, 'ഇസ്ലാമിനെ അപമാനിച്ചതിന്' ബദാവിയുടെ ശിക്ഷ 1000 ചാട്ടയടി, 10 വർഷം തടവ്, എന്നിങ്ങനെ വർദ്ധിപ്പിച്ചു. സാധാരണ കീഴ്ക്കോടതിയുടെ ശിക്ഷ മേൽക്കോടതി കുറയ്ക്കുകയാണ് ചെയ്യുക. പക്ഷേ ഇവിടെ തിരിച്ചായിരുന്നു.

ഭാര്യ കാനഡയിലേക്ക് രക്ഷപ്പെടുന്നു

ബദാവിയുടെ ഭാര്യ എൻസാഫ് ഹൈദറിനെ കുടുക്കാൻ സൗദി അധികൃതർ ആവുന്നത്ര ശ്രമിച്ചിരുന്നു. അജ്ഞാതരുടെ വധഭീഷണി ലഭിച്ചു തുടങ്ങിയതോടെ അവർ മൂന്ന് കുട്ടികളുമായി കാനഡയിലേക്ക് പലായനം ചെയ്തു. ബദാവിയുടെ അഭിഭാഷകൻ വലീദ് അബുൽഖൈറിനെലും സൗദി ജയിലിലടച്ചു. 'ലൈസൻസ് ഇല്ലാത്ത ഒരു സ്ഥാപനം സ്ഥാപിച്ചു', 'ഭരണാധികാരിയുമായുള്ള കൂറ് തകർത്തു' എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. അബുൽഖൈറിന് 15 വർഷത്തെ തടവും തുടർന്ന് 15 വർഷത്തെ യാത്രാ വിലക്കും വിധിച്ചു.

ബദാവിയും ഭാര്യ എൻസാഫ് ഹൈദറും തമ്മിലെ പ്രണയവും ഏറെ വിചിത്രമാണ്. ബദാവി ഫോൺ തെറ്റായി ഡയൽ ചെയ്തതുവഴിയാണ് അവർ പരിചയപ്പെടുന്നത്. മദ്രസയിൽ അദ്ധ്യാപക സ്ഥാനം വാഗ്ദാനം ചെയ്യുന്ന ഒരു ജോബ് ഏജൻസിയിൽ നിന്നുള്ള വിളിയാണെന്ന അനുമാനത്തിൽ ഹൈദർ തിരികെ വിളിച്ചത്. അവളുടെ മനോഹരമായ ശബ്ദം കാരണം ബദാവി തുടരെ തിരിച്ചു വിളിച്ചു. ആദ്യം ദേഷ്യപ്പെട്ടെങ്കിലം ഹൈദർ ഒടുവിൽ ബദാവിയോട് സംസാരിക്കാൻ തുടങ്ങി. അങ്ങനെ മൊട്ടിട്ട പ്രണയം വിവാഹത്തിലേക്ക് നീങ്ങി.

2002-ൽ അവർ വിവാഹിതരായി. മൂന്ന് കുട്ടികൾ ഉണ്ട്. .ബദാവിയുടെ ഭാര്യയ്ക്കും കുട്ടികൾക്കും കാനഡ സർക്കാർ 2013-ൽ രാഷ്ട്രീയ അഭയം നൽകി. ബദാവിയുടെ മോചനത്തിനായി ആഗോളതലത്തിൽ പോരാടിയതും ഭാര്യയാണ്. അവനെ ഉപേക്ഷിക്കാനായി ബന്ധുക്കളുടെ നിർദ്ദേശവും അവൾ തള്ളി. 'ബദാവി മുസ്ലീമാണ്, മൂന്ന് കുട്ടികളുമായി അദ്ദേഹം ഉംറ ചെയ്തിട്ടുണ്ട്. പക്ഷേ അദ്ദേഹം എല്ലാ വിശ്വാസികൾക്കും വേണ്ടി സംസാരിക്കുന്നു. മത പരിഷ്‌ക്കണത്തിന് വേണ്ടി വാദിക്കുന്നു. അതാണ് പ്രശ്നം''- ഹൈദർ ഒരു അഭിമുഖത്തിൽ പറയുന്നത് ഇങ്ങനെയാണ്.

പൊതു ചാട്ടവാറടി

ചാട്ടവാറടി എന്ന പ്രാകൃത ശിക്ഷക്കെതിരെ സമൂഹ മനസാക്ഷിയെ ഉണർത്തുവാൻ കഴിഞ്ഞതും ബദാവി മൂലമാണ്. 2015 ജനുവരി 9 ന്, ജിദ്ദയിലെ ഒരു പള്ളിക്ക് മുന്നിൽ, നൂറുകണക്കിന് ആർത്തലയ്ക്കുന്ന കാണികൾക്ക് മുന്നിൽ ബദാവിക്ക് 50 ചാട്ടവാറടി ലഭിച്ചു. അതിന്റെ വാർത്തകൾ സൗദിയെ പ്രതിക്കൂട്ടിലാക്കി. ഒരു ആശയവിമർശനം നടത്തിയതിന് ഇതുപോലെ ഒരു ശിക്ഷ നടപ്പാക്കിയത് ലോക രാഷ്ട്രങ്ങൾ അപലപിച്ചു.

പക്ഷേ 50 അടിയിൽ തീരുന്നത് ആയിരുന്നില്ല അത്. ഇരുപത് ആഴ്ചയ്ക്കുള്ളിൽ മൊത്തം 1,000 ചാട്ടവാറടികളിൽ ആദ്യത്തേതാണ് അത്. അതോടെ മനുഷ്യാവകാശ സംഘടനകൾ വലിയ പ്രതിഷേധമുയർത്തി. ആദ്യത്തെ മുറിവുകൾ ഭേദമാകാത്തതിനാലും ബദാവിയുടെ ആരോഗ്യനില മോശമായതിനാലും കൂടുതൽ ചാട്ടവാറടികൾ മാറ്റിവച്ചു. മെലിഞ്ഞ ശരീരഘടനയുള്ള ഒരു പ്രമേഹരോഗിയാണ് ബദാവി . ശിക്ഷാവിധി പൂർത്തിയാകുന്നതുവരെ 20 ആഴ്ചകളിൽ എല്ലാ വെള്ളിയാഴ്ചയും ഒരേസമയം 50 ചാട്ടവാറടി അയാൾക്ക് ലഭിക്കണം എന്നായിരുന്നു കോടതി വിധി. പക്ഷേ ലോക മനസാക്ഷി ഒന്നിച്ചതോടെ സൗദിക്കുപോലും ആ ശിക്ഷാവിധി നടപ്പാക്കാനായില്ല.

ബദാവി വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഐക്കൺ ആയത്. ജസ്റ്റീസ് ഫോർ റൈഫ് എന്ന ഹാഷ്ടാഗ് കാമ്പയിൻ ശക്തമായി. തരുവ് പ്രതിഷേധങ്ങൾ, നിവേദനങ്ങൾ, കത്തുകൾ, എന്നിവയെല്ലാം ലോകത്തിന്റെ നാനാഭാഗത്തുമുണ്ടായി. ചാട്ടവാറടിക്ക് മുമ്പ് റൈഫിന്റെ ശരീരം പരിശോധിക്കാനുള്ള കൃത്യത്തിൽനിന്ന് ഡോക്ടർമാർ പിന്മാറി. യുകെ വിദേശകാര്യ സെക്രട്ടറി ഫിലിപ്പ് ഹാമണ്ട് സൗദി അംബാസഡറോട് ഈ വിഷയം ഉന്നയിച്ചു, ബദാവിയെ ചമ്മട്ടിയടിച്ചതിനെ അപലപിക്കാൻ സൗദി അക്കാദമിക് വിദഗ്ധരോട് ആവശ്യപ്പെട്ട്, 18 നൊബേൽ സമ്മാന ജേതാക്കൾ തുറന്ന കത്തെഴുതി. 2015 ജനുവരി 22 വരെ, ബദാവിയെ ജയിലിൽ നിന്ന് മോചിപ്പിക്കാനുള്ള ആംനസ്റ്റി ഇന്റർനാഷണലിന്റെ ഹർജിയിൽ ഏകദേശം 800,000 ഒപ്പുകളുണ്ട്. ഒരാഴ്ചയ്ക്ക് ശേഷം ബദാവി ട്വിറ്ററിൽ വീണ്ടും ഒരു ട്രെൻഡിങ് വിഷയമായി മാറി.

സൗദി അധികാരികളുമായി ഇടപെടാൻ കനേഡിയൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ തയ്യാറായി. 2015 ജനുവരി 30-ന് മൂന്നാം തവണയും ചാട്ടവാറടിയുടെ രണ്ടാം പരമ്പര മാറ്റിവവെച്ചു. 2015 ഫെബ്രുവരി 5-ന്, അടുത്ത ഷെഡ്യൂൾ ചെയ്ത ചാട്ടവാറടിയുടെ തലേദിവസം അദ്ദേഹം കോടതിയിൽ ഹാജരായപ്പോൾ ജനം ഇളകി. സൗദിയിലും വൻ പ്രതിഷേധം ഉയർന്നു. അതോടെ അതു മാറ്റിവെച്ചു. ഫെബ്രുവരി അവസാനത്തോടെ, തുടർച്ചയായി ഏഴുതവണയാണ് ചാട്ടവാറടി ശിക്ഷ മാറ്റിവെച്ചത്.

അതിനിടെ യുഎന്നിലെ അറുപത്തിയേഴ് അംഗങ്ങൾ സൗദി രാജാവിന് കത്തയച്ചു. അമേരിക്കയും, ബ്രിട്ടനും അടക്കമുള്ള ലോക രാഷ്ട്രങ്ങൾ പ്രശ്നത്തിൽ ഇടപെട്ടു. ബദാവിയുടെ കുടുംബത്തിന് അഭയം കൊടുത്ത കാനഡയും സൗദിയും തമ്മിലുള്ള ബന്ധവും ഇനിനിടെ വഷളായി. 2018 ഓഗസ്റ്റ് 6-ന് സൗദി അറേബ്യ കനേഡിയൻ അംബാസഡർ ഡെന്നിസ് ഹൊറക്കിനെ പുറത്താക്കുകയും ഒട്ടാവയുമായുള്ള എല്ലാ വ്യാപാരങ്ങളും മരവിപ്പിക്കുകയും ചെയ്തു. റൈഫ് ബദാവിയുടെ സഹോദരി സമർ ബദാവിയുടെ അറസ്റ്റിൽ കാനഡയുടെ വിദേശകാര്യ മന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് ആശങ്ക പ്രകടിപ്പിക്കുകയും സമറിനെയും റൈഫിനെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണിത്. 2019 ജൂലൈയിൽ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ബദാവിയെ മോചിപ്പിക്കാൻ സൗദി അറേബ്യയോട് ആവശ്യപ്പെട്ടു.

ഒടുവിൽ മോചനം

2022 മാർച്ച് 11 ന്, ബദാവി ജയിലിൽ നിന്ന് മോചിതനായെന്നും എന്നാൽ രാജ്യം വിടാൻ അനുവദിച്ചില്ലെന്നും അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. ജിയോർഡാനോ ബ്രൂണോ ഫൗണ്ടേഷന്റെയും മറ്റ് സംഘടനകളുടെയും പിന്തുണയോടെ ഫണ്ട് സ്വരൂപിച്ചാണ് കോടതി വിധിച്ച വൻ പിഴ ഒടുക്കിയത്. പക്ഷേ അപ്പോഴേക്കും കാലം മാറി. അന്ന് ബദാവി ഉന്നയിച്ച കാര്യങ്ങളെല്ലാം പിൽക്കാലത്ത് സൗദിയിൽ എംബിഎസ് തന്നെ നടപ്പാക്കി.

ചാട്ടവാറടി ശിക്ഷയും ഇപ്പോൾ സൗദി മരവിപ്പിച്ചിരിക്കയാണ്. ചുരക്കിപ്പറഞ്ഞാൽ സൗദി ഇന്നുകാണുന്ന എല്ലാ പരിഷ്‌ക്കാരങ്ങളുടെ അടിസ്ഥാന കാരണമായി പ്രവർത്തിക്കാൻ ബദാവിക്ക് കഴിഞ്ഞു.

നിരവധി അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങളും ബദാവിയെ തേടിയെത്തി. റിപ്പോർട്ടേസ് ബിയോണ്ട് ബോർഡേഴ്സിന്റെ പ്രസ് ഫ്രീഡം അവാർഡ് ജയിലിൽ കഴിയവേ തന്നെ അദ്ദേഹത്തിന് കിട്ടി. യൂറോപ്യൻ ജേണലിസം ഒബ്സർവേറ്ററിയുമായി പങ്കിട്ട 2019-ലെ ജേർണലിസത്തിനുള്ള ഗുണ്ടർ വാൾറാഫ് അവാർഡ്, ഇന്റർനാഷണൽ ലെയ്‌സിറ്റെ അവാർഡ് 2018, തുടങ്ങി നാൽപ്പതോളം പ്രമുഖ അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചു. 2015ൽ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. അദ്ദേഹം എഴുതിയ പുസ്തങ്ങളും ബെസ്റ്റ് സെല്ലറാണ്.

പക്ഷേ എന്നിട്ടും റൈഫ് ബദാവിയുടെ പാസ്പോർട്ട് ഇപ്പോഴും സൗദിയുടെ കൈയിലാണ്. രാജ്യം വിട്ടുപോവാൻ അദ്ദേഹത്തിന് അവകാശമില്ല. ഭാര്യ താമസമാക്കിയ കാനഡയിൽ എത്തിയാൽ അദ്ദേഹം കൂടുതൽ രുക്ഷമായി വിമർശിക്കുമെന്ന് അവർ ഭയക്കുന്നുണ്ട്.

വാൽക്കഷ്ണം: എംബിഎസ് എന്ന സൗദി കിരീടാവകാശി ഒരുപാട് പരിഷ്‌ക്കരണങ്ങൾ സൗദിയിൽ കൊണ്ടുവന്ന വ്യക്തിയാണ്. പക്ഷേ വിമർശകരോട് അദ്ദേഹത്തിന്റെ സമീപനം എന്താണ്. ജമാൽ ഘഷോഗിയുടെ കൊലപാതകത്തിൽ ലോകം അത് കണ്ടതാണ്. ഇപ്പോൾ റൈഫ് ബദാവിയോടുള്ള തീരാത്ത പകയുടെ കാര്യത്തിലും, എംബിഎസ് സ്വയം ചെറുതാകുകയാണ്.