സാലദോശക്ക് ഉഴുന്നുവടയെന്നോണം, മോദിക്കൊപ്പം ഇന്ത്യക്ക് വെറുതെ കിട്ടിയതാണ് ഗൗതം അദാനി എന്ന ഗുജറാത്തി വ്യവസായിയെന്നാണ് സോഷ്യൽ മീഡിയിൽ ഉയരുന്ന ട്രോൾ. ഇപ്പോൾ ഹിൻഡൻബർഗ് എന്ന സാമ്പത്തിക വിശകലന സ്ഥാപനത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് ഓഹരിവിപണികളിൽ വൻ തിരിച്ചടിയും, കള്ളപ്പണം വെളുപ്പിക്കലും, ഷെൽ കമ്പനി രൂപീകരണവും അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് അദാനിയെ നേരിടുന്നത്. അതേസമയം, മോദിക്കൊപ്പം കിട്ടിയ മറ്റൊരു 'ഉഴുന്നുവടയും' സമാനമായ പ്രതിസന്ധി നേരിടുകയാണ്. പക്ഷേ അത് അധികം വാർത്തയായില്ലെന്ന് മാത്രം. അതാണ് സാക്ഷാൽ ബാബാ രാംദേവ് എന്ന ഇന്ത്യയുടെ ആഗോള യോഗാ-ആയുർവേദ ബ്രാൻഡ്.

16 ശതമാനം ഇടിവാണ് രണ്ടാഴ്ചയ്ക്കിടെ രാംദേവിന്റെ സ്ഥാപനങ്ങൾക്ക് ഉണ്ടായിരിക്കുന്നത്. നാല് മാസം മുമ്പ് 1,495 രൂപയുണ്ടായിരുന്ന ഓഹരി വില 700 രൂപയിലെത്തി. അദാനിക്ക് സംഭവിച്ചപോലെ പതഞ്ജലിയുടെ ഓഹരികളും അസാധാരണമായ നിലയിൽ ഉയർന്നുവെന്നും, അതുകൊണ്ടാണ് ഈ തകർച്ചയെന്നുമാണ് വിപണി വിദഗ്ദ്ധർ വിലയിരുത്തുന്നത്. വിവിധ കേസുകളും പഠനങ്ങളും മൂലം പതഞ്ജലി ഉൽപ്പന്നങ്ങളുടെ വിശ്വാസ്യത ഇടിഞ്ഞതും, ഓഹരി വിലയിൽ കുറവുണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അദാനിയെ പോലെ തന്നെ ബിജെപിയുമായി ചേർന്നായിരുന്നു, രാംദേവിന്റെയും വളർച്ച.

ഇപ്പോൾ സത്യത്തിൽ സംഘപരിവാറിനുപോലും ബാധ്യതയായിരിക്കയാണ്, വയറുതൊട്ട് ജനനേന്ദ്രിയംവരെ വെച്ച് യോഗാകസർത്തുകൾ കാണിച്ച്, പേരെടുത്ത ഈ ആത്മീയ ആചാര്യൻ. കോവിഡ് കാലത്ത് ആധുനികവൈദ്യത്തെ അധിക്ഷേപിച്ചപ്പോൾ കേന്ദ്ര സർക്കാറിന് പോലും ബാബക്കെതിരെ തിരിയേണ്ടിവന്നു. നിരന്തരം ഹേറ്റ് സ്പീച്ചുകളും കേസുകളുമായി ഒരു അത്മീയ ആചാര്യന്റെ പരിവേഷം രാംദേവ് കളഞ്ഞു കുളിച്ചു. ഏറ്റവും ഒടുവിലായി രാംദേവിന് ഭാരതരത്നം കൊടുക്കണം എന്ന് അണികളെകൊണ്ട് കാമ്പയിൻ നടത്തിച്ചതും അർഎസ്എസിനടക്കം വലിയ അപ്രതീതിയാണ് ഉണ്ടാക്കിയത്. ഫലത്തിൽ സംഘപരിവാർ ഇപ്പോൾ രാംദേവിനെ കൈയൊഴിഞ്ഞ നിലയിലാണ്.

ജനനം ഒരു ദരിദ്രകുടുംബത്തിൽ

വിമാനവേഗത്തിലായിരുന്നു, ഹരിയാനയിലെ ഒരു കുഗ്രാമത്തിൽനിന്ന് അയാളുടെ വളർച്ച.1965 ൽ അലി സയ്ദ്പൂർ ഗ്രാമത്തിൽ രാം നിവാസ് യാദവിന്റെയും ഗുലാബ് ദേവിയുടേയും മകനായി ജനനം. മാതാപിതാക്കൾ നൽകിയ പേര് രാം കിഷൻ യാദവ്. 8ാം ക്ലാസിൽ പഠിക്കുമ്പോൾ തന്റെ സ്‌കൂൾ പുസ്തകങ്ങൾ കാട്ടിൽ വലിച്ചെറിഞ്ഞ്, രാംകിഷൻ അടുത്തുള്ള ഖാൻപൂരിലെ തിരക്കേറിയ ആര്യസമാജ പഠനകേന്ദ്രമായ ആർഷ് ഗുരുകുലത്തിലെത്തി. ഈ ഗുരുകുലം ഇപ്പോൾ പതഞ്ജലിയുടെ രക്ഷാകർതൃത്വത്തിലാണ്. കൂടാതെ ഒരു വലിയ പതഞ്ജലി ഗോഡൗൺ അവിടെ ഉണ്ട്.

ഝജ്ജറിലെ കൽവ ആശ്രമത്തിലേക്ക് പോകുന്നതിനുമുമ്പ് രാംദേവ് രണ്ട് വർഷം ഗുരുകുലത്തിൽ ചെലവഴിച്ചു. ഒടുവിൽ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ സ്ഥിരതാമസമാക്കി. 1993-ൽ, ഹരിദ്വാറിലെ കൻഖൽ ക്ഷേത്രത്തിൽ വെച്ച്, ഹിന്ദു സന്യാസിമാർക്കുള്ള ദീക്ഷ രാംദേവ് സ്വീകരിച്ചു. കൃപാലു ബാഗ് ആശ്രമത്തിലെ ശങ്കർ ദേവിന്റെ ശിഷ്യനായി. ഇവിടൊയണ് പതഞ്ജലി കൂട്ടായ്മയുടെ വിത്ത് പാകുന്നത്.പിന്നീട് യോഗയിലേക്ക് കടന്നപ്പോൾ സ്വന്തമായി പേരിനുമുന്നിൽ ഒരു ബാബകുടി ചേർത്തു. സംസ്‌കൃതവും യോഗയും പഠിച്ച് പുറത്തിറങ്ങുമ്പോൾ ഗുരുവിൽ നിന്ന് കിട്ടിയ ചില ഒറ്റമൂലി പ്രയോഗങ്ങളും സ്വന്തമായുണ്ടായിരുന്നു. ഉത്തരേന്ത്യയിലെ പാവങ്ങൾക്കിടയിൽ ഒറ്റമൂലികളും യോഗയും പെട്ടെന്ന് പ്രചാരത്തിലായി.

ഗുരുകുലത്തിൽ കണ്ടുമുട്ടിയ സമാനസ്ഥിതിയിലുള്ള ബാലകൃഷ്ണയുമായി ചേർന്ന് 2006ലാണ് രാംദേവ് വ്യാപാരത്തിന് തുടക്കമിടുന്നത്. പതഞ്ജലിയെ വളർത്തുന്നതിൽ സ്വാമി കർമ്മവീറിനെപ്പോലുള്ളവർ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കർമ്മവീറിന്റെ സാത്വികമായ പബ്ലിക്ക് ഇമേജ് അവർ നന്നായി ഉപയോഗിച്ചു. രാംദേവിനെയും ബാലകൃഷ്ണനെയും പോലെ ശങ്കർ ദേവിന്റെ ശിഷ്യനായ കർമ്മവീർ തനിക്ക് കഴിയുന്നിടത്തെല്ലാം യോഗ ക്യാമ്പുകൾ നടത്തുകയും ഔഷധങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. അങ്ങനെ പാർശ്വഫലങ്ങൾ ഇല്ലാത്ത തീർത്തും ഭാരതീയമായ ചികിത്സാരീതിയുടെ വക്താവായി രാംദേവ് മാറി. പക്ഷേ ഇതും തട്ടിപ്പായിരുന്നു. രാംദേവിന്റെ പല മരുന്നുകൾക്കും അതി ശക്തമായ പാർശ്വഫലങ്ങൾ ഉണ്ടെന്ന് പിന്നീട് തെളിഞ്ഞു.

ഓരോ ആഴ്ചയും ഒരുകോടി രൂപ

രാംദേവ് ഒടുവിൽ ഔഷധ സസ്യങ്ങൾ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ട് തന്റെ ആദ്യത്തെ നഴ്സറി തുറന്നു. ഉൽപ്പന്നങ്ങൾ ഉണ്ടാക്കി. ഭരിക്കുന്ന ബിജെപി സർക്കാറുകളുടെ വലിയ പിന്തുണ കൂടി ആയതോടെ പതിനായിരം കോടിയലധികം ടേൺ ഓവറുള്ള ആയുർവേദ വ്യവസായമായി അത് വളർന്നു.

അഴിമതിക്കെതിരെ ജനലോക്പാൽ ബിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ അണ്ണാഹസാരെയുടെ പാത പിൻതുടർന്നാണ് രാംദേവ് ഇന്ത്യയൊട്ടാകെ ശ്രദ്ധേയനാവുന്നത്. വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെ കൊണ്ടുവരണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് അനിശ്ചിതകാല നിരാഹാരസമരവുമായി ഇദ്ദേഹം രംഗത്തു വന്നു.

അണ്ണാഹസാരെയുടെ സമരകാലത്ത് വയറുകൊണ്ട് വേദിയിൽ കസർത്ത് കാണിച്ചാണ് രാംദേവ് ശ്രദ്ധിക്കപ്പെടുന്നത്. പക്ഷേ ഡൽഹിയിലെ രാംലീല മൈതാനത്ത് പൊലീസ നടപടിയുണ്ടായപ്പോൾ സ്ത്രീവേഷത്തിലാണ് രക്ഷപ്പെട്ടത്. വെള്ള സൽവാർ ധരിച്ച്, ദുപ്പട്ട കൊണ്ട് തല മറച്ച് കണ്ടംവഴി ഓടിയ ഇദ്ദേഹത്തെ പ്രതിഷേധസ്ഥലത്തിനു പുറത്ത് പൊലീസ് പിടികൂടിയിരുന്നു.

യോഗാചാര്യൻ എന്ന നിലയിലും, ബാബ രാംദേവിന് ലക്ഷങ്ങളുടെ വരുമാനം ഉണ്ട്. ഇന്ത്യൻ യോഗയുടെ അനൗദ്യോഗിക ബ്രാൻഡ് അംബാസഡർ കൂടിയാണ് അദ്ദേഹം. ഹസാരെ സമരക്കാലത്തുതന്നെ, ഒരു യോഗാധ്യാപകൻ എന്ന നിലയിലുള്ള രാംദേവിന്റെ ജനപ്രീതിയും വർദ്ധിച്ചു. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത യോഗാ ക്യാമ്പുകളിൽ നിന്ന് അദ്ദേഹം ഉടൻ തന്നെ ഓരോ ആഴ്ചയും ഒരു കോടിയോളം രൂപ നേടാൻ തുടങ്ങിയെന്നാണ് ഔട്ട് ലുക്ക് മാസിക പറയുന്നത്.

രാംദേവിന്റെ യോഗ, ഔഷധവ്യവസായം എന്നിവയിൽ നിന്നും കോടികളുടെ വരുമാനമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഔട്ട്ലുക്ക് വാരിക പ്രസിദ്ധീകരിച്ച ആസ്തികൾ താഴെ കാണുംവിധമാണ്. സ്‌കോട്ട്ലന്റിലെ ലിറ്റിൽ കുംബ്രൈ ദ്വീപിൽ 300 ഏക്കർ ഭൂമി (17 കോടി രൂപ, മതിപ്പ് വില), ഹരിദ്വാറിൽ 1000 ഏക്കർ ഭൂമി (1,115 കോടി രൂപ, മതിപ്പ് വില), ഹരിദ്വാറിലെ ഫുഡ്പാർക്കിൽ 500 കോടി രൂപയുടെ നിക്ഷേപം, ഝാർഖണ്ഡിലെ ഫുഡ്പാർക്കിൽ 40 കോടി രൂപയുടെ നിക്ഷേപം, ഹരിദ്വാറിലെ പതഞ്ജലി യൂണിവേഴ്സിറ്റി (100 കോടി രൂപ), ഹരിയാനയിൽ 90 കോടി വില വരുന്ന 38 ഏക്കർ ഭൂമി... ഇങ്ങനെ പോകുന്ന ബാബയുടെ സ്വത്തുക്കൾ.

ഒരു ട്രസ്റ്റ് ആയാണ് രാംദേവ് പതഞ്്ജലിയുടെ പ്രവർത്തനം തുടങ്ങിയത്. പക്ഷേ തെഹൽക്ക നടത്തിയ അന്വേഷണത്തിൽ ഈ ട്രസ്റ്റിൽ ഉണ്ടായിരുന്നവർ എല്ലാം രാംദേവിന് വേണ്ടപ്പെട്ടവർ ആണെന്നാണ്. രാംദേവുമായി ഉടക്കുന്നവർ ട്രസ്റ്റിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്യും.

ഒപ്പമുള്ളവർ ദുരൂഹമായി കൊല്ലപ്പെടുന്നു

രാംദേവിനെ കുറിച്ച് പുറത്ത് വരുന്ന പല വിവരങ്ങളും ഞെട്ടിപ്പിക്കുന്നതാണ്. മാധ്യമ പ്രവർത്തകയായ പ്രിയങ്ക പഥക് നരെയ്ൻ ഇതേക്കുറിച്ച് 'ഗോഡ് മാൻ ടു ടൈക്കൂൺ' എന്ന ഒരു പുസ്തകം എഴുതിയത്. പുറത്തിറങ്ങിയപ്പോൾ തന്നെ പുസ്തകം വിവാദം സൃഷ്ടിച്ചു. രാംദേവിന്റെ അനുയായികൾ തന്നെ ആയിരുന്നു പുസ്തകത്തിനെതിരെ രംഗത്ത് വന്നത്. ഏറെ ദുരൂഹതകൾ നിറഞ്ഞതാണ് രാംദേവിന്റെ വിജയവഴികൾ എന്നാണ് പ്രിയങ്ക തന്റെ പുസ്തകത്തിൽ പറയുന്നത്. അതിൽ പല ദുരൂഹ മരണങ്ങളും തിരോധാനങ്ങളും കടന്നുവരുന്നുണ്ട്.

ബാബ രാംദേവിന്റെ മാർഗ്ഗദർശി എന്ന് അറിയപ്പെടുന്ന ആളാണ് സ്വാമി ശങ്കർ ദേവ്. എന്നാൽ ഒരു സുപ്രഭാതത്തിൽ ശങ്കർ ദേവ് അപ്രത്യക്ഷനായി. 2007 ജൂലായ് മാസത്തിൽ ഒരു ദിവസം രാവിലെ പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു സ്വാമി ശങ്കർ ദേവ്. പിന്നീട് അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. ഈ സമയം ബാബ രാംദേവ് വിദേശത്തായിരുന്നു. വിവരം അറിഞ്ഞിട്ടും രാം ദേവ് ഉടൻ നാട്ടിലേക്ക് തിരിച്ചെത്തിയില്ലെന്നും പ്രിയങ്ക തന്റെ പുസ്തകത്തിൽ ആരോപിക്കുന്നു. രാംദേവിന്റെ ദിവ്യ മന്ദിർ ട്രസ്റ്റിന് കോടിക്കണക്കിന് രൂപയുടെ ഭൂമി സംഭാവന ചെയ്ത ആളായിരുന്നു സ്വാമി ശങ്കർ ദേവ്. ഈ തിരോധാനം സംബന്ധിച്ച് പൊലീസ് കേസ് എടുത്തിരുന്നു. എന്നാൽ അന്വേഷണം എവിടേയും എത്തിയില്ല. ഒടുവിൽ കേസ് സിബിഐ ഏറ്റെടുത്തു. ആ അന്വേഷണവും എവിടേയും എത്തിയിട്ടില്ലെന്നാണ് പ്രിയങ്ക പറയുന്നത്.

രാംദേവിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു സ്വാമി യോഗാനന്ദ്. ആയുർവേദ രംഗത്തും അതി പ്രശസ്തൻ. ആയുർവേദ മരുന്നുകൾ ഉത്പാദിപ്പിക്കാനുള്ള തന്റെ ലൈസൻസ് പോലും യോഗാനന്ദ രാംദേവിന് നൽകിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എട്ട് വർഷത്തോളം (1995 മുതൽ 2003 വരെ) സ്വാമി യോഗാനന്ദിന്റെ ലൈസൻസ് ഉപയോഗിച്ചായിരുന്നത്രെ രാംദേവ് ആയുർവേദ മരുന്നുകൾ ഉത്പാദിപ്പിച്ചിരുന്നത്. എന്നാൽ 2003 ൽ ഈ കരാർ റദ്ദാക്കി. ഒരു വർഷത്തിന് ശേഷം യോഗാനന്ദിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നും പുസ്തകത്തിൽ പറയുന്നുണ്ട്. വീട്ടിൽ രക്തത്തിൽ കുളിച്ച നിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ആ സംഭവത്തിൽ പൊലീസ് അന്വേഷണം 2005 ൽ അവസാനിപ്പിച്ചു എന്നും പ്രിയങ്ക ആരോപിക്കുന്നു.

രാംദേവിന്റെ വഴികാട്ടി എന്ന് അറിയപ്പെട്ട രാജീവ് ദീക്ഷിതിനും സമാന അനുഭവം ആയിരുന്നു. രാംദേവിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ ബ്ലൂപ്രിന്റ് പോലും തയ്യാറാക്കിയത് രാജീവ് ദീക്ഷിത് ആയിരുന്നു എന്നാണ് പുസ്‌കത്തിൽ പറയുന്നത്. എന്നാൽ ഒരു ദിവസം ദീക്ഷിത് അപ്രതീക്ഷിതമായി മരിച്ചു. ഒരു പരിപാടി നടക്കുന്നതിനിടെ ആയിരുന്നു രാജീവ് ദീക്ഷിതിന്റെ മരണം എന്നാണ് പറയപ്പെടുന്നത്. പരിപാടിക്ക് ശേഷം വാഷ് റൂമിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതം എന്നായിരുന്നു ഡോക്ടർമാർ വിധിയെഴുതിയത്.എന്നാൽ ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും മൃതദേഹം നീലനിറമായി മാറി. ഇതോടെ അനുയായികൾ പോസ്റ്റ് മോർട്ടം നടത്തണം എന്ന ആവശ്യം ഉന്നയിച്ചു. പക്ഷേ, പോസ്റ്റ് മോർട്ടം നടത്താതെ രാജീവ് ദീക്ഷിതിന്റെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു എന്നാണ് പുസ്തകത്തിലെ മറ്റൊരു ആരോപണം.പുസ്തകം പുറത്തിറങ്ങിയിട്ട് അഞ്ചുവർഷത്തിലേറെ കഴിഞ്ഞിട്ടും ഇതിനൊന്നും കൃത്യമായി മറുപടി പറയാൻ ബാബാ രാംദേവിന് കഴിയുന്നില്ല.

സ്വവർഗരതിക്കും കോവിഡിനും വരെ മരുന്ന്

ഏതാനും വർഷങ്ങൾക്് മുമ്പ് 'ന്യൂസ് ലോൺഡ്രി ഡോട്ട് കോം' നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. പക്ഷേ ഹിൻഡൻ ബർഗ് റിപ്പോർട്ടുപോലെ അത് ആഗോളവാർത്ത ആയില്ലെന്ന് മാത്രം. സ്വവർഗരതി മുതൽ കോവിഡ് വരെയുള്ള എല്ലാറ്റിനും 'രോഗശാന്തി' വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തുകയാണ് അദ്ദേഹമെന്ന് ന്യൂസ് ലോൺഡ്രി ആരോപിക്കുന്നു. യോഗയിലൂടെയും മരുന്നിലൂടെയും സ്വവർഗരതി മാറ്റിയെടുക്കാമെന്ന് രാംദേവ് പരസ്യം പോലും ചെയ്തു. ഇതെല്ലാം വ്യാജമാണെന്ന് ന്യൂസ് ലോൺഡ്രി അന്വേഷണത്തിൽ കണ്ടൈത്തി.

2006ൽ സിപിഎം നേതാവ് ബൃന്ദ കാരാട്ട് രാംദേവിന്റെ മരുന്നുകളിൽ മനുഷ്യന്റെയും മൃഗങ്ങളുടെയും അസ്ഥികൾ കലർത്തുന്നതായി ആരോപിച്ചിരുന്നു. ഇതേതുടർന്ന അവർ ബാബയുടെ ഓഫീസിനുമുന്നിൽ വലിയ പ്രതിഷേധവും നടത്തി. ചരിത്രത്തിൽ ആദ്യമായി ബാബ പ്രതിഷേധം നേരിട്ട സമയം. മാധ്യമങ്ങളിൽ വിവാദം കത്തിപ്പടരുമ്പോഴും പതഞ്ജലി ആരോപണങ്ങൾ നിഷേധിച്ചു. എന്നാൽ ഏകദേശം ഒരു ദശാബ്ദത്തിന് ശേഷം, പശ്ചിമ ബംഗാളിലെ ഒരു പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് സൈനിക കാന്റീനുകൾ പതഞ്ജലി അംല ജ്യൂസ് പിൻവലിച്ചു.

പതഞ്ജലിയുടെ പല 'മരുന്നുകളെക്കുറിച്ചും', ഫുഡ് സപ്ലിമെന്റികൾക്കും നേരത്തെയും പരാതികൾ ഉണ്ടായിട്ടുണ്ട്. പതഞ്ജലിയുടെ നെല്ലിക്ക ജ്യൂസ് കുടിച്ച് വൃക്ക തകരാറുകൾ അടക്കം ഉണ്ടായതായും നിരവധി പരാതികൾ ഉണ്ടായിരുന്നു. 2018ൽ പതഞ്ജലി നെയ്യിന്റെ ഗുണനിലവാരത്തെ കുറിച്ച്, അതിന് അടിത്തറയിട്ട കർമ്മവീർപോലും ചോദ്യങ്ങൾ ഉന്നയിച്ചു. 'ആരെങ്കിലും ഒരു പശുവിൽ നിന്ന് ശുദ്ധമായ നെയ്യ് നിർമ്മിക്കുകയാണെങ്കിൽ, അതിന് ഏകദേശം 1,200 രൂപ വരും. -പതഞ്ജലി നെയ്യ് കിലോക്ക് 600 രൂപക്കാണ് ഇന്ന് വിൽക്കുന്നത്. ' ഇത് എങ്ങനെയാണെന്നാണ് കർമ്മവീറിന്റെ ചോദ്യം. അതായത് പതഞ്ജലിയുടെ നെയ്യ് ഡ്യൂപ്ലിക്കേറ്റ് ആണെന്ന് വ്യക്തം. പക്ഷേ ആയുർവേദം പുനരുജ്ജീവിപ്പിച്ചത് പതഞ്ജലി ആണെന്നാണ് ബിജെപി അടക്കമുള്ള ഹിന്ദുത്വ ശക്തികൾ പ്രചരിപ്പിച്ചത്. ബിജെപിയുടെ ഹിന്ദു ദേശീയ ആവാസവ്യവസ്ഥക്ക് കീഴിൽ അത് തഴച്ചുവളർന്നുവെന്നും ന്യൂസ് ലോൺഡ്രി ചൂണ്ടിക്കാട്ടുന്നു.

അദാനിയെക്കുറിച്ച് ഹിൻഡൻബർഗ് കണ്ടെത്തിയതിന് സമാനമായി, പതഞ്ജലിയും ഒരു കടുംബ ബിസിനസ് മാത്രമാണെന്ന് ന്യൂഡ് ലോൺഡ്രി പറയുന്നു. തുടക്കം മുതൽ പതഞ്ജലിയിൽ പ്രവർത്തിച്ച രാംദേവിന്റെ സഹോദരൻ രാംഭരത് ഇപ്പോൾ സാമ്രാജ്യവുമായി ബന്ധപ്പെട്ട 20 സ്ഥാപനങ്ങളുടെ ഡയറക്ടറാണ്. 17 പതഞ്ജലി കമ്പനികളിൽ ബാൽകൃഷ്ണ ഡയറക്ടറായി. രാംദേവും രാംഭരതും അവരുടെ ബന്ധുക്കളും കൂടെയുണ്ട്. എന്നാൽ ഹരിദ്വാറിലെ പദാർഥ ഗ്രാമത്തിലെ പതഞ്ജലി ഫുഡ് പാർക്കിൽ കൂടുതൽ സമയവും ചെലവഴിക്കുന്ന രാംഭരതിനെ കണ്ടവർ ചുരുക്കം. ഫുഡ് പാർക്കിൽ ജോലി തേടി പതഞ്ജലി തൊഴിലാളികളും പ്രാദേശിക ട്രക്ക് യൂണിയനിൽ നിന്നുള്ള പ്രതിഷേധക്കാരും തമ്മിൽ 2015-ൽ നടന്ന ഏറ്റുമുട്ടലിൽ ട്രക്ക് ഡ്രൈവർ ദൽജീത് സിങ് മരിച്ചതിനെ തുടർന്ന് ഇയാളിൽ കൊലപാതകക്കുറ്റവും ചുമത്തപ്പെട്ടിരുന്നു. മറ്റുള്ള അനുബന്ധ കമ്പനികളിലും സ്വന്തക്കാരും ബന്ധുക്കാരുമാണ്. മെറിറ്റിന് യാതൊരു വിലയും ഇവിടെയില്ലെന്നും ന്യൂസ് ലോൺഡ്രി ചുണ്ടിക്കാട്ടുന്നു.

https://www.newslaundry.com/2022/08/13/from-ramkishan-yadav-to-swami-ramdev-through-enterprise-and-nepotism

വിദ്വേഷ പ്രസംഗങ്ങളിലൂടെ ആചാര്യൻ

ഒരു യോഗാചാര്യൻ, ആത്മീയ ആചാര്യൻ എന്ന നിലയിലൊക്കെ പ്രശസ്തിയുണ്ടെങ്കിലും, അതിന് നിരക്കുന്ന വാക്കുകളല്ല, രാംദേവിന്റെ നാവിൽനിന്ന് വരിക. സ്വവർഗ്ഗരതിക്ക് അനുകൂലമായ കോടതിവിധി വന്നപ്പോൾ, അത് കുറ്റകൃത്യം വർദ്ധിപ്പിക്കുമെന്നും ചികിൽസിച്ചു മാറ്റേണ്ട രോഗമാണെന്നാണ് രാംദേവ് പറഞ്ഞത്. ലൈംഗികവിദ്യാഭ്യാസം വേണ്ടെന്നു വച്ച് പകരം യോഗ പഠിപ്പിക്കണമെന്നാണ് രാംദേവിന്റെ അഭിപ്രായം. നിയമം അനുവദിച്ചിരുന്നെങ്കിൽ ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം മുഴക്കാത്തവരുടെ തല വെട്ടുമായിരുന്നുവെന്ന് രാംദേവ് പറയുകയുണ്ടായി. മറ്റ് സമുദായങ്ങൾക്ക് നേരെയും ബാബ നിർദയം വിഷം ചീറ്റി. നമാസ് ചെയ്ത് കഴിഞ്ഞൽ നിയമം ലംഘിച്ച് എന്ത് മോശം കാര്യങ്ങളും ചെയ്യാമെന്നാണ് മുസ്ലീങ്ങൾ കരുതന്ന് എന്ന് അദ്ദേഹം ഒരിക്കൽ ചോദിക്കയുണ്ടായി.

'ചില മുസ്ലിം സഹോദരങ്ങൾ ഹീനകരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നു. എന്നാലും അവർ നമസ്‌കരിക്കാൻ ഒരിക്കലും മറക്കില്ല. കാരണം അവരെ അതാണ് പഠിപ്പിച്ചിരിക്കുന്നത്. അവരിൽ പലരും തീവ്രവാദികളാണ്, ചിലർ കൊടും കുറ്റവാളികളും. നമാസ് ചെയ്യുക മാത്രമാണ് ഏറ്റവും പ്രധാന ആവശ്യം എന്നാണ് അവർ കരുതുന്നത്.'- രാദേവ് പറഞ്ഞു. 'മറ്റുള്ളവരെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന തിരക്കിലാണ്്ര്ര കിസ്ത്യാനികൾ. അവർ കുരിശ് ധരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഒരു കൂട്ടർ ലോകത്തെ മുഴുവൻ ക്രിസ്തു മതത്തിലേക്കും മറ്റൊരു കൂട്ടർ ഇസ്ലാം മതത്തിലേക്കും മാറ്റുന്ന തിരക്കിലാണ്. '- ഇങ്ങനെയുള്ള അടച്ച ആക്ഷേപമായിരുന്നു രാംദേവിന്റെ രീതി.

സ്ത്രീവിരുദ്ധ പ്രസ്താവനയുടെ പേരിലും ബാബ വിവാദത്തിലായി. ഒന്നും ധരിച്ചില്ലെങ്കിലും സ്ത്രീകൾ സുന്ദരികളാണെന്ന രാദേവിന്റെ പ്രസ്താവനക്കെതിരെ വനിതാ സംഘടനകൾ വാളെടുത്തു. മഹാരാഷ്ട്രയിലെ താനെയിൽ നടത്തിയ യോഗ ക്യാംപിൽ ബാബ രാംദേവ് വിവാദപ്രസ്താവന നടത്തുമ്പോൾ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ് വേദിയിൽ ഉണ്ടായിരുന്നു. 'സാരിയിൽ സ്ത്രീകൾ സുന്ദരികളാണ്. അമൃതാജിയെ പോലെ സൽവാറിലും അവർ സുന്ദരികളാണ്. എന്റെ അഭിപ്രായത്തിൽ ഒന്നും ധരിച്ചില്ലെങ്കിലും സ്ത്രീകൾ സുന്ദരികളാണ്' എന്നായിരുന്നു രാംദേവിന്റെ പരാമർശം. രാംദേവിന്റെ പ്രസ്താവനയ്ക്ക് എതിരെ ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മാലിവാലും രംഗത്തെത്തി. പരാമർശത്തിൽ മഹാരാഷ്ട്ര വനിതാ കമ്മിഷനും രാംദേവിന് നോട്ടിസ് അയച്ചിരുന്നു.

അതിനെിടെ ബോളിവുഡ് താരങ്ങളെ അധിക്ഷേപിച്ചും അദ്ദേഹം വിവാദത്തിൽ പെട്ടു. 'സൽമാൻ ഖാൻ ലഹരിമരുന്ന് ഉപയോഗിക്കും. ആമീർ ഖാന്റെ കാര്യം എനിക്കറിയില്ല. ഷാരൂഖ് ഖാന്റെ മകൻ ലഹരിമരുന്ന് കേസിൽ ജയിലിലായി. നടിമാരിൽ ആരൊക്കെ ഉപയോഗിക്കുന്നുണ്ടെന്ന് ദൈവത്തിനറിയാം. സിനിമയിലും രാഷ്ട്രീയത്തിലും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുണ്ട്. തിരഞ്ഞെടുപ്പിന് മദ്യം വിളമ്പുന്നു. ഇതെല്ലാം തടഞ്ഞെങ്കിൽ മാത്രമേ രാജ്യത്തെ ലഹരിയിൽനിന്ന് മോചിപ്പിക്കാനാകൂ''- ഒരു ലഹരി ബോധവത്ക്കരണ യോഗത്തിൽ ഇങ്ങനെയൊക്കെ പറയാൻ ബാബക്കേ കഴിയൂ.

കോവിഡിന് നിർമ്മിച്ചത് വ്യാജ മരുന്ന്

ഇങ്ങനെയൊക്കെയാണെങ്കിലും ബാബയുടെ അടപ്പിളകിപ്പോയത് കോവിഡ് കാലത്താണ്. ആധുനിക വൈദ്യത്തെ നിരന്തരം അപഹസിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം. കോവിഡ്-19 രോഗബാധയുണ്ടോ എന്നറിയാൻ ഒരാൾ 30 സെക്കൻഡ് നേരം ശ്വാസം പിടിച്ചിരുന്നാൽ മതിയെന്നും, മൂക്കിലൂടെ കടുകെണ്ണ ഒഴിക്കുന്നത് വഴി വൈറസ് നശിപ്പിക്കപ്പെടുമെന്നും രാംദേവ് പറഞ്ഞത് വൻ വിവാദമായി. ഒരാൾക്ക് ബുദ്ധിമുട്ടുകളില്ലാതെ 30 സെക്കൻഡ് നേരമോ ഒരുമിനിറ്റ് നേരമോ ശ്വാസം പിടിച്ചുനിൽക്കാൻ സാധിച്ചാൽ അയാൾക്ക് കോവിഡ് ബാധിച്ചിട്ടില്ലെന്ന് സ്വയം അറിയാൻ സാധിക്കുമെന്നും രാംദേവ് പറഞ്ഞു. പക്ഷേ ഇവയെല്ലാം ശുദ്ധ വിഡ്ഡിത്തങ്ങൾ ആയിരുന്നു. ഡോക്ടർമാരുടെ സംഘടനകളും കേന്ദ്ര ആരോഗ്യമന്ത്രാലയവും വരെ ഇതിനെതിരെ രംഗത്ത് എത്തി.

പക്ഷേ ബാബ കുലുങ്ങിയില്ല. അയാൾ വീണ്ടും വ്യാജപ്രചാരണങ്ങൾ തുടർന്നുകൊണ്ടിരുന്നു. അലോപ്പതി മരുന്നു കഴിച്ച ലക്ഷക്കണക്കിന് കോവിഡ് രോഗികളും രണ്ട് ഡോസ് വാക്‌സീൻ സ്വീകരിച്ച 10,000 ഡോക്ടർമാരും മരിച്ചുവെന്ന് രാംദേവ് പ്രസ്താവന നടത്തിയിരുന്നു. ഇതേതുടർന്ന് രാജ്യദ്രോഹക്കുറ്റത്തിന് രാംദേവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഐഎംഎ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

രാംദേവ് 1000 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഐ.എം.എ നോട്ടീസ് അയച്ചു. എത് ആയുർവേദ ആശുപത്രിയിലാണ് പതഞ്ജലിയുടെ മരുന്നുകൾ നൽകുന്നതെന്ന് ബാബാ രാംദേവ് വ്യക്തമാക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനും ബാബാ രാംദേവ് കോവിഡ് പേരാളികളെ അപാമനിച്ചുവെന്ന കടുത്ത വാക്കിൽ പറഞ്ഞു. രാജ്യം കോവിഡിനെതിരെ വലിയ പോരാട്ടം നടത്തുന്ന സമയത്തെ ബാബയുടെ ഇത്തരം ചെയ്തികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽവരെ അപ്രീതിയുണ്ടാക്കി. കേസിൽ കോടതിയും ബാബയെ നിശിതമായി വിമർശിച്ചു. അതോടെ അയാൾ തീർത്തും ഒറ്റെപ്പെട്ട അവസ്ഥയിലായി. ഏറെ സമ്മർദങ്ങൾക്ക് ശേഷമാണ് അയാൾ കോവിഡ് വാക്സിൻ പോലും എടുത്തത്.

അതിനിടെ സ്വന്തമായി കൊറോണിൽ എന്ന കോവിഡ് വാക്സിൻ ഉണ്ടാക്കിയെന്ന് പറഞ്ഞും രാദേവ് രാജ്യത്തെ പറ്റിച്ചു. കഴിഞ്ഞ വർഷം കോവിഡ് മഹാമാരിയുടെ മധ്യത്തിൽ, രണ്ട് കേന്ദ്രമന്ത്രിമാർ രാംദേവിന്റെയും ബാലകൃഷ്ണയുടെയും അരികിൽ ഇരുന്നു 'കൊറോണിൽ' പുറത്തിറക്കി. ഇത് 'കൊറോണ വൈറസിനുള്ള ആദ്യത്തെ തെളിവ് അടിസ്ഥാനമാക്കിയുള്ള മരുന്ന്' എന്ന് പതഞ്ജലി പ്രഖ്യാപിച്ചു. പക്ഷേ ഈ മരുന്നിന് ഒരു ശാസ്ത്രീയ അടിത്തറയും ഉണ്ടായിരുന്നില്ല. പതഞ്ജലി പുറത്തിറക്കിയ കൊറോണിലിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ടെന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും പിന്നീട് വെളിപ്പെട്ടു.

ഇതോടെ സാമൂഹ്യമാധ്യമങ്ങളിൽ 'അറസ്റ്റ് രാംദേവ്' എന്ന ഹാഷ്ടാഗ് ട്രെൻഡിങ്ങായി. പക്ഷേ തന്നെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുന്നവരുടെ പിതാക്കന്മാർക്ക് പോലും തന്നെ അറസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്നാണ് രാംദേവിന്റെ വെല്ലുവിളി. പക്ഷേ ഈ സംഭവത്തോടെ സംഘപരിവാറിന്റെ പോലും പിന്തുണയില്ലാതെ രാംദേവ് ഒറ്റപ്പെട്ടുപോയി എന്നതാണ് യാഥാർഥ്യം.

വഞ്ചകനെന്ന് നാട്ടുകാർ

ഇന്ന് സ്വന്തം നാട്ടുകാർക്കും രാംദേവിനെക്കുറിച്ച് മതിപ്പൊന്നുമില്ല. ന്യൂഡ് ലോൺഡ്രി പോർട്ടലിന്റെ പ്രതിനിധികൾ ബാബയുടെ ജന്മനാട് സന്ദർശിച്ചപ്പോൾ നാട്ടുകാർ വഞ്ചകൻ എന്നാണ് അയാളെ വിശേഷിപ്പിച്ചത്. ആ റിപ്പോർട്ടിന്റെ പ്രസ്തകഭാഗങ്ങൾ ഇങ്ങനെ.

'ഹരിയാനയിലെ മഹേന്ദ്രഗഡിലെ സെയ്ദാലിപൂർ ഗ്രാമത്തിലെ ആരവല്ലികൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന ഒരു സ്‌കൂളുണ്ട്. അതിന്റെ പ്രവേശന കവാടത്തിൽ ഗ്രാമത്തിന്റെ 'മഹാ വ്യക്തിത്വങ്ങളെ' പ്രകീർത്തിക്കുന്ന ഗ്രാനൈറ്റ് ബോർഡുകൾ ഉണ്ട്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് പതഞ്ജലി സ്ഥാപകനും യോഗ ഗുരുവുമായ രാംദേവാണ്. രാംദേവ് ഒരിക്കൽ രാംകിഷൻ യാദവ് എന്ന പേരിൽ പഠിച്ച സ്ഥലമാണ് സ്‌കൂൾ .'അദ്ദേഹം രാജ്യത്തിന് വേണ്ടി എന്ത് ചെയ്താലും ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ഗ്രാമപഞ്ചായത്തിന്റെ ഭൂമി തട്ടിയെടുക്കാൻ ഇയാളുടെ കുടുംബാംഗങ്ങൾ ശ്രമിച്ചിട്ടുണ്ട്. അവർ ഒരു സർക്കാർ കുളം കൈയടക്കി, അവിടെ നിന്ന് മണ്ണ് പോലും എടുക്കാൻ ആരെയും അനുവദിച്ചില്ല' -രാംദേവിന്റെ കുടുംബത്തെ കുറിച്ച് അയൽവാസി ദീപക് സിങ് (24) പറയുന്നു.

മൂവായിരത്തോളം ജനസംഖ്യയുള്ള സൈദാലിപൂരിലെ വിദ്യാസമ്പന്നരായ ഭൂരിഭാഗം ആളുകളും തൊഴിൽരഹിതരാണെന്നും എന്നാൽ ആരും പതഞ്ജലിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും ഒരു മുതിർന്ന ഗ്രാമീണൻ പറഞ്ഞു. 'ആരും അവരെ തങ്ങളുടേതായി കണക്കാക്കുന്നില്ല. രാംദേവിന്റെയും കുടുംബത്തിന്റെയും രീതികൾ വളരെ മോശമാണ്. അവർ തെരഞ്ഞെടുപ്പിൽ സർപഞ്ച് സ്ഥാനത്തേക്ക് മത്സരിച്ചാൽ, അവരുടെ കുടുംബമല്ലാതെ മറ്റാരും അവർക്ക് വോട്ട് ചെയ്യില്ല'' -അയൽവാസി പറഞ്ഞു.

സർവകലാശാല തുടങ്ങാനെന്ന പേരിൽ ഭൂമി വിട്ടുനൽകാത്തതിന് രാംദേവ് ഇപ്പോൾ തങ്ങളോട് ദേഷ്യപ്പെട്ടിരിക്കുകയാണെന്നും അതിനുശേഷം ഈഗ്രാമത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ഗ്രാമവാസികൾ പറയുന്നു. രാംദേവും കുടുംബവും നടത്തിയ ചൂഷണത്തിന്റെ കഥകൾ സൈദാലിപൂരിൽ ധാരാളമാണ്.

പതഞ്ജലിയിൽ ജോലി ചെയ്യാൻ തങ്ങളിൽ പലരെയും രാംദേവ് കൊണ്ടുപോയിരുന്നുവെങ്കിലും ജോലിയിൽ നിന്ന് പിരിച്ചുവിടുകയോ മോശം പ്രകടനമോ മോഷണമോ ആരോപിച്ച് കുറ്റപ്പെടുത്തുകയോ ചെയ്തതായി നിരവധി ഗ്രാമീണർ പറഞ്ഞു. അവർ കമ്പനിയിൽ ജോലിനോക്കുമ്പോൾ, നാട്ടിലുള്ള അവരുടെ ബന്ധുക്കളോട് ഗ്രാമത്തിലെ രാംദേവിന്റെ കുടുംബത്തിന് വേണ്ടി ജോലി ചെയ്യാൻ പറഞ്ഞതായി അവർ ആരോപിച്ചു. സുരേന്ദ്ര വൈദിയെന്ന നാട്ടുകാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിക്കുകയും പതഞ്ജലി നിർമ്മാണ യൂനിറ്റിലെ സൂപ്പർവൈസർ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. രാംദേവിന്റെ അമ്മക്കും ഭാര്യാ സഹോദരിക്കും വേണ്ടി ജോലി ചെയ്യരുതെന്ന് അമ്മയോട് പറഞ്ഞതിനാണ് പിരിച്ചുവിട്ടത്.

അർദ്ധസൈനിക വിഭാഗത്തിൽ നിന്ന് വിരമിച്ച് ഉപജീവനത്തിനായി കൃഷി ചെയ്യുന്ന രാംദേവിന്റെ മൂത്ത സഹോദരൻ ദേവദത്ത് ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. 'ഇവരെല്ലാം മടിയന്മാരാണ്. അവർ കുറച്ച് ജോലി ചെയ്യുകയും പിന്നീട് മോഷ്ടിക്കുകയും ചെയ്യുന്നു. ആരെങ്കിലും അവർക്ക് എങ്ങനെ ജോലി നൽകും?. കുളത്തെ സംബന്ധിച്ചിടത്തോളം അത് എന്റെ മുത്തച്ഛൻ ഉണ്ടാക്കിയതാണ്. ഗ്രാമവാസികൾക്ക് അതിൽ അവകാശമില്ല'' -അദ്ദേഹം ഗ്രാമീണരെക്കുറിച്ച് പറഞ്ഞു. ''- ന്യുസ് ലോൺഡ്രി റിപ്പോർട്ട് പ്രകാരം ബാബ നാട്ടുകാരെ ചൂഷണം ചെയ്യുകയാണെന്ന് വ്യക്തമാണ്.

ഇങ്ങനെ തുടർച്ചയായി വരുന്ന നെഗറ്റീവ് റിപ്പോർട്ടുകളം, പതഞ്ജലിയുടെ ഓഹരിവില കുത്തനെ ഇടിയുന്നതിന് ഇടയാക്കിയിരിക്കയാണ്. എന്നും ഒപ്പമുണ്ടായിരുന്ന സംഘപരിവാർ കൂടി കൈവിടുന്നതോടെ വലിയ പ്രതിസന്ധിയിലേക്കാണ് ബാബ നീങ്ങുന്നത്.

വാൽക്കഷ്ണം: ബാബാ രാംദേവിനെക്കുറിച്ച് ഏറ്റവും അനുയോജ്യമായ കമന്റ് നടത്തിയതും ഒരു ബിജെപി നേതാവാണ്. ആധുനിക മരുന്നുകൾക്കെതിരെ രാംദേവ് നടത്തുന്ന വിമർശനങ്ങളാണ് ബിഹാർ ബിജെപി അധ്യക്ഷനായിരുന്ന ഡോ. സഞ്ജയ് ജയ്‌സ്വാളിനെ പ്രകോപിപ്പിച്ചത്. 'യോഗാ ഗുരുവാണെങ്കിലും രാംദേവ് യോഗിയല്ല. യോഗയെ കുറിച്ചു രാംദേവിനു നല്ല ജ്ഞാനമുണ്ട്. പക്ഷേ, യോഗിയാകണമെങ്കിൽ ഇന്ദ്രിയ നിയന്ത്രണമുണ്ടാകണം. പാനീയങ്ങളിൽ കോക്കകോള പോലെയാണു രാംദേവ്. ഇന്ത്യക്കാർ കാലങ്ങളായി രുചിച്ചിരുന്ന ശീതളപാനീയങ്ങൾ ഉണ്ടായിരുന്നെങ്കിലും കോക്കകോള വന്നതോടെ വീടുകളിൽ കോള കുപ്പികൾ സ്റ്റോക്ക് ചെയ്യാൻ തുടങ്ങി. യോഗ കാലങ്ങളായുണ്ടെങ്കിലും രാംദേവ് രംഗപ്രവേശം ചെയ്തതോടെ യോഗ വീട്ടുപടിക്കലെത്തിയത്.' -ഡോ. സഞ്ജയ് ജയ്‌സ്വാൾ ചൂണ്ടിക്കാട്ടുന്നു.