രു വിഭാഗത്തിന് അദ്ദേഹം കർണ്ണാടക സിംഹവും, ബ്രിട്ടീഷുകാർക്കെതിരെ പൊരുതിയ മരിച്ച ധീരനുമാണ്. മറുവിഭാഗത്തിന് അദ്ദേഹം ക്രൂരനായ മതഭ്രാന്തനും, ഹിന്ദുക്കളെ അതിനിഷ്ഠൂരമായി വംശഹത്യചെയ്യാൻ ശ്രമിച്ചയാളുമാണ്. ടിപ്പു സുൽത്താൻ എന്ന 18 ാം നൂറ്റാണ്ടിലെ മൈസൂർ ഭരണാധികാരിയെ ചൊല്ലി സംഘർഷങ്ങളും വർഗീയകലാപങ്ങളുംവരെ ഉണ്ടായിട്ടുള്ള നാടാണിത്. ഇപ്പോഴിതാ, കർണാടക മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ സംസ്ഥാനത്തെയാകെ ഇളക്കി മറിക്കുന്നത് ടിപ്പു സുൽത്താന്റെ വധമാണ്. ടിപ്പുവിനെ തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാക്കി മാറ്റിയിരിക്കുന്നത് കർണാടക ഭരിക്കുന്ന ബിജെപി തന്നെയാണ്. അദ്ദേഹത്തെ കൊലപ്പെടുത്തിയത് ബ്രിട്ടീഷുകാരോ നൈസാമിന്റെ സേനയോ അല്ലെന്നും, രണ്ടു വൊക്കലിംഗ പോരാളികളായിരുന്നുവെന്ന വാദമാണ് സംഘപരിവാർ ഉന്നയിക്കുന്നത്.

ടിപ്പു കൊല്ലപ്പെട്ടത് വൊക്കലിംഗ വിഭാഗത്തിലെ രണ്ടു നേതാക്കളായ ഉറി ഗൗഡ, നെഞ്ചേ ഗൗഡ എന്നിവരുടെ കൈ കൊണ്ടാണെന്നാണ് വാദം. അദ്ദാനന്ദ കരിയപ്പ് എന്നയാൾ രചിച്ച 'ടിപ്പു നിജാകനാശുഗല' എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ അവകാശവാദം. ഇതിനെതിരെ കോണഗ്രസ്- ജെഡിഎസ് നേതാക്കൾ രംഗത്തെത്തി. ടിപ്പുവിനെ വർഗീയവാദിയാക്കി തിരിച്ചടിച്ച് കടുത്തഭാഷയിൽ ബിജെപി നേതാക്കളും രംഗത്തെത്തി. ഇതോടെ ആസന്നമായ കർണ്ണാടക തെരഞ്ഞെടുപ്പിൽ ടിപ്പു ഒരു പ്രധാന ചർച്ചാവിഷയം എന്നും വ്യക്തമായിരിക്കയാണ്. കർണാടകയിൽ 224 സീറ്റുകളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ- മെയ് മാസങ്ങളിലായിട്ടാണ് നടക്കുക.

കന്നടയിലും 'പുഴ മുതൽ പുഴവരെ'

ടിപ്പുസൂൽത്താന്റെ കഥയെന്ന പേരിൽ നാം പഠിക്കുന്നത് കേവലം ബ്രിട്ടീഷ് ചരിത്രമാണെന്ന പ്രചാരണമാണ് സംഘപരിവാർ നടത്തുന്നത്. ബിജെപി ജനറൽ സെക്രട്ടറി സി ടി രവി, മന്ത്രിമാരായ അശ്വനാഥ് നാരായണൻ, ഗോപാലയ്യ എന്നീ വൊക്കലിംഗ സമുദായത്തിലെ ബിജെപി നേതാക്കളും, ഉറി ഗൗഡ, നെഞ്ചേ ഗൗഡ എന്നിവരാണ് ടിപ്പുവിനെ കൊന്നത് എന്ന വാദത്തെ പിന്തുണയ്ക്കുന്നു. ബിജെപി നേതാക്കളായ കേന്ദ്രമന്ത്രി ശോഭാ കരാൻഡ്‌ലജേ, അശ്വനാഥ് നാരായണൻ എന്നിവരും ഇതിന് ചരിത്രപരമായ തെളിവ് ഉണ്ടെന്നാണ് പറയുന്നത്.

എന്നാൽ ഉറി ഗൗഡ, നെഞ്ചേ ഗൗഡ എന്ന രണ്ടുപേർ പോലുമില്ലെന്നും അത് കേവലം സാങ്കൽപ്പിക കഥാപാത്രങ്ങൾ മാത്രമാണെന്നാണ് കോൺഗ്രസ്- ജനതാദൾ നേതാക്കൾ പറയുന്നത്. ഈ വിഷയം ആശയമാക്കി പുതിയൊരു സിനിമ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് കർണാടകയിലെ ഹോർട്ടികൾച്ചർ മന്ത്രിയും സിനിമാ നിർമ്മാതാവുമായ മുനിരത്‌ന. ഉറി ഗൗഡ, നെഞ്ഞേ ഗൗഡ എന്ന പേര് ഇയാൾ സിനിമയ്ക്കായി രജിസ്റ്റർ ചെയ്തു കഴഞ്ഞു. ഇതോടെ കേരളത്തിലെ വാരിയൻ കുന്നൻ വിവാദവും, രാമസിംഹന്റെ 'പുഴമുതൽ പുഴവരെ' സിനിമയുമാണ് ഓർമ്മവരുന്നത്. ഇവിടെയും തമസ്‌ക്കരിക്കപ്പെട്ട ചരിത്രമാണ് തങ്ങൾ പറയുന്നത് എന്നതാണ് സംഘപരിവാറിന്റെ അവകാശവാദം.

വൊക്കലിംഗ സമുദായത്തിലെ ഏറ്റവും പരമോന്നതനായി കണക്കാക്കുന്ന ശ്രീ ആദിചുഞ്ചനഗിരി മഹാസംസ്ഥാന മഠത്തിലെ മുഖ്യാധികാരി നിർമലാനന്ദനാഥ സ്വാമിജിയും പ്രശ്‌നത്തിൽ ഇടപെട്ടു. ടിപ്പുവിന്റെ ഘാതകരുമായി ബന്ധപ്പെട്ട ചരിത്രരേഖയിൽ തീരുമാനം എടുക്കും മുമ്പ് കണ്ടെത്തലുകൾ മഠത്തിന് സമർപ്പിക്കണമെന്ന് അവർ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഗവേഷണങ്ങൾ നടക്കട്ടെ എന്ന് പറഞ്ഞ് വിവാദങ്ങളിൽ നിന്ന് അകന്നു നിൽക്കാനാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ശ്രമിച്ചത്. തനിക്ക് അറിയാവുന്ന ഏക ഗൗഡ മൂൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയാണെന്നായിരുന്നു, ഉറി ഗൗഡയേയും നെഞ്ഞേ ഗൗഡയേയും അറിയാമോ എന്ന ചോദ്യത്തിന് സംസ്ഥാന ആരോഗ്യമന്ത്രി ഡോ. സുധാകർ പ്രതികരിച്ചത്.

ടിപ്പുവിനെ മൈസൂർ ഭരണാധികാരി എന്ന് വിശേഷിപ്പിച്ച കോൺഗ്രസിനെ ലക്ഷ്യമിട്ട് അനേകം പ്രകോപനപരമായ കമന്റുകളാണ് ബിജെപി നേതാക്കൾ നടത്തിയത്.
ടിപ്പുസുൽത്താനെ തീവ്രമായി പിന്തുണയ്ക്കുന്ന എല്ലാവരെയും ജനങ്ങൾ കൊല്ലണമെന്ന വിവാദ പ്രസ്താവനയാണ് ബിജെപി നേതാവ് നളിൻ കടീൽ നേരത്തെ നടത്തിയത്. ടിപ്പുവിനെ കൊലപ്പെടുത്തിയത് ബ്രിട്ടീഷുകാരല്ലെന്നും ഇത്തരം ചരിത്ര വാദങ്ങൾ വെറും കെട്ടുകഥയും ടിപ്പുവിനെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാക്കാനും ഉള്ള ഗൂഢാലോചനയുമാണ് അവർ പറയുന്നു. ടിപ്പുവിന്റെ യഥാർഥ കൊലയാളികളും മരണവും ചൂണ്ടിക്കാട്ടി ചരിത്രം തിരുത്തുന്ന സിനിമയായിരിക്കും വരാൻ പോകുന്നത് എന്നും ബിജെപി നേതാക്കൾ പറയുന്നു.

സ്വാതന്ത്ര്യസമര സേനാനിയായി വിലയിരുത്തി തുടർച്ചയായി രണ്ടു വർഷം ടിപ്പുവിന്റെ ജന്മവാർഷികം സിദ്ധരാമയ്യയുടെ കോൺഗ്രസ് സർക്കാർ ആഘോഷിച്ചിരുന്നു. ഇതാണ് ബിജെപി ഉയർത്തിക്കാട്ടുന്നതും. കോൺഗ്രസും ജനതാദളും, ടിപ്പു അനുകുലികൾ, ബിജെപി ടിപ്പുവിനെ എതിർക്കുന്നവർ എന്ന രീതിയിൽ കാര്യങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു. അതിനിടെ കേരളത്തിലെ സോഷ്യൽ മീഡിയയിലും ഇതും സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കയാണ്. ടിപ്പു ശരിക്കും, മതഭ്രാന്തനായിരുന്നോ, അതോ, ബ്രിട്ടീഷ് സാമ്രാജ്യത്തോട് പൊരുതിയ മഹാനായ ഭരണാധികാരി ആയിരുന്നോ എന്ന ചോദ്യങ്ങൾ സോഷ്യൽ മീഡിയയിലും ഉയരുകയാണ്.

ടിപ്പു അനുകൂലികൾ പറയുന്നത്

അപദാനങ്ങൾ ഏറെയുള്ള ചക്രവർത്തിയാണ് ടിപ്പു സുൽത്താൻ. അദ്ദേഹം ഒരു ഹൈന്ദവ വിരോധിയായിരുന്നില്ലെന്ന് ഡോ ഇർഫാൻ ഹബീബിനെപ്പോലുള്ള ചരിത്രകാരന്മാർ നിരവധി ഉദാഹരണങ്ങൾ വെച്ച് ചൂണ്ടിക്കാട്ടുന്നുണ്ട്. ടിപ്പുവിന് അധികാരം കിട്ടിയ അന്ന് മുതൽ അദ്ദേഹത്തിന്റെ മരണം വരെ 'പൂർണയ്യ' എന്ന ബ്രാഹ്‌മണൻ അയിരുന്നു പ്രധാനമന്ത്രി. മന്ത്രിസഭയിലെ മറ്റു പ്രമുഖ മന്ത്രിമാർ കൃഷ്ണറാവു , അപ്പറാവു എന്നിവരായിരുന്നു. 9 മന്ത്രിമാരിൽ 6 പേരും ഹിന്ദുക്കൾ ആയിരുന്നു. ടിപ്പുവിന്റെ കരം പിരിവുകാരും നവാബുമാരും 95 ശതാമനം ഹിന്ദുക്കൾ ആയിരുന്നു. ടിപ്പു സുൽത്താന്റെ സൈന്യത്തിൽ 70 ശതമാനവും ഹിന്ദുക്കൾ ആയിരുന്നു.

ഗുരുവായൂർ അമ്പലം ഉൾപെടെ 56 ക്ഷേത്രങ്ങൾക്ക് ടിപ്പു സുൽത്താൻ വാർഷിക വരിസംഖ്യ നൽകിയിരുന്നു. ഗുരുവായൂര് ക്ഷേത്രത്തിനു ഏക്കര് കണക്കിന് ഭൂമി ഇനാം കൊടുത്തിരുന്നു.താഴ്ന്ന ജാതിക്കാർക്ക് മാറ് മറക്കാനുള്ള അവകാശവും ക്ഷേത്ര പ്രവേശനവും ആദ്യമായി ഒർഡിനൻസ് വഴി കൊണ്ടുവന്നത് ടിപ്പുവാണ്. മറാട്ടി രാജാക്കന്മാർ ശൃംഗേരി ശാരദാ മഠം അക്രമിച്ചു നശിപ്പിച്ചപ്പോൾ പുനർ നിർമ്മാണം നടത്തിയത് ടിപ്പു സുൽത്താന്റെ പേരിൽ മൂകാംബിക ഹിന്ദു ക്ഷേത്രത്തിൽ ഇന്നും പൂജ നടത്തുന്നു. ശ്രീ രംഗനാഥ സ്വാമി ക്ഷേത്രത്തിലേക്ക് ടിപ്പു സംഭാവന ചെയ്ത പൂജാ ഉപകരണങ്ങൾ ഇന്നും അവിടേ ഉപയോഗിക്കുന്നു. നഞ്ചൻ കോട് കാൻതെശ്വര ക്ഷേത്രത്തിൽ പ്രതിഷ്ട്ടിച്ചിരിക്കുന്ന ശിവ ലിഗം ടിപ്പു സംഭാവന ചെയ്തതാണ് മലബാറിലെ ഒട്ടു മിക്ക റോഡുകളും ടിപ്പു നിർമ്മിച്ചതാണ് ബാംഗ്ലൂരിലെ ലാല്ബാഗ് ഗാർഡൻ അടക്കമുള്ളവ ഉദാഹരണം.

മൈസൂരിലെ അണകെട്ടിന് തറകല്ലിട്ടു. ഇങ്ങനെ എത്രയെത്ര ഭരണനേട്ടങ്ങൾ. പക്ഷേ ഇത് ടിപ്പുവിന്റെ ഒരു വശം മാത്രമാണ്. ഇതിന് മറുവശവുമുണ്ട്. അത് പക്ഷേ കേരളത്തിലടക്കം വലിയ തോതിൽ ചർച്ചയായിട്ടില്ല.

ദക്ഷിണേന്ത്യയുടെ ഔറംഗസീബ്

പക്ഷേ ടിപ്പുസുൽത്താൻ നടത്തിയ കൊള്ളയുടെയും കൊലയുടെയും ക്രൂരമായ കഥകൾ ചരിത്ര സാക്ഷ്യങ്ങളിൽനിന്നുതന്നെ ഉദ്ധരിച്ചുകൊണ്ട് എതിരാളികൾ സമർത്ഥിക്കാറുണ്ട്. 'ടിപ്പു സുൽത്താൻ വില്ലനോ നായകനോ' എന്ന ഒരു പുസ്തകംപോലും ഇതിനായി രചിക്കപ്പെട്ടിട്ടുണ്ട്. കൂർഗിലെ യുദ്ധത്തിൽ ആയിരക്കണക്കിന് ആളുകളെ തടവുകാരായി പിടിച്ച് മതം മാറ്റി. പേർഷ്യൻ ഭാഷയെ ഔദ്യോഗിക ഭാഷയാക്കി. ബ്രിട്ടീഷുകാരെ തോൽപ്പിക്കാൻ പേർഷ്യ, അഫ്ഘാനിസ്ഥാൻ, തുർക്കി എന്നീ മുസ്ലിം രാജ്യങ്ങളുടെ സഹായം തേടി. മലബാറിൽ ധാരാളം ഹിന്ദു ക്ഷേത്രങ്ങളും ക്രിസ്ത്യൻ ദേവാലയങ്ങളും നശിപ്പിച്ചു, ചില ക്ഷേത്രങ്ങളെ മുസ്ലിം പള്ളികളാക്കിയെന്നും പുസ്തകം പറയുന്നു.

നിർബന്ധിത മതം മാറ്റം നടത്തിയതിനു തെളിവായി ടിപ്പു മറ്റുള്ളവർക്കയച്ച കത്തുകൾ പുസ്തകത്തിൽ ചേർക്കപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് സൈന്യത്തിലുണ്ടായിരുന്ന വില്യം കിർക്ക്പാട്രിക്ക് എന്ന സൈനിക ഉദ്യോഗസ്ഥൻ ശേഖരിച്ച് 1811-ൽ പ്രസിദ്ധീകരിച്ച 'ടിപ്പുസുൽത്താന്റെ തിരഞ്ഞെടുത്ത കത്തുകൾ' എന്ന പുസ്തകത്തിൽ നിന്നുള്ളവയാണ് ഇവ. ദക്ഷിണേന്ത്യ മുഴുവൻ പിടിച്ചെടുത്ത ശേഷം, ബ്രിട്ടീഷുകാരെ തുരത്തി ഇന്ത്യയുടെ സുൽത്താനാകാമെന്നല്ലാതെ, ദേശസ്നേഹ വിചാരങ്ങളൊന്നും ടിപ്പുവിനില്ലായിരുന്നുവെന്നും, ടിപ്പുവിന്റെ സൈന്യം നശിപ്പിച്ച നിരവധി പ്രധാന ക്ഷേത്രങ്ങളുടെ പേരും പുസ്തകത്തിന്റെ ആമുഖത്തിൽ പി.സി.എൻ. രാജ എഴുതിയിട്ടുണ്ട്. ടിപ്പുവിന്റെ പടയോട്ടകാലത്ത് ആലുവായിലും അതിനു വടക്കുമുണ്ടായിരുന്ന സിറിയൻ കത്തോലിക്കരുടെ പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൃഷിഭൂമിയും നശിപ്പിക്കപ്പെട്ടിരുന്നു. ഗുരുവായൂരിനും പരിസരപ്രദേശത്തുമുള്ള പള്ളികളും അമ്പലങ്ങളും കൊള്ളയടിക്കപ്പെട്ടുവെന്നും പറയപ്പെടുന്നു. വില്യം ലോഗൻ തന്റെ മലബാർ മാനുവലിൽ കേരളത്തിൽ ടിപ്പുവും സൈന്യവും നശിപ്പിച്ച ക്ഷേത്രങ്ങളുടെ കുറിപ്പ് കൊടുത്തിട്ടുണ്ട്.

1784ൽ മംഗലാപുരത്തു നടത്തിയ യുദ്ധത്തിൽ ടിപ്പു 23 ക്രിസ്ത്യൻ പള്ളികൾ നശിപ്പിച്ചിട്ടുണ്ട്. നിരവധി പേരെ ബലമായി മതമാറ്റത്തിനു വിധേയമാക്കി. കത്തോലിക്കരായ വളരെയധികം ആൾക്കാരെ തടവിലാക്കി. അവർ പതിനാറു വർഷങ്ങൾ കഴിഞ്ഞ് ടിപ്പുവിന്റെ മരണത്തിനു ശേഷമാണ് സ്വതന്ത്രരായതെന്നും ഈ പുസ്തകം പറയുന്നു. ടിപ്പുവിനെ യുദ്ധങ്ങളിൽ സഹായിക്കാനെത്തിയ എന്നാൽ പിന്നീട് ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയിൽ മനംമടുത്ത് പിന്മാറിയതെന്ന് പറയപ്പെടുന്ന ഫ്രഞ്ച് നാവികനായ ഫ്രാൻകോയിസ് റിപ്പോഡിന്റെ ഡയറിക്കുറിപ്പുകളിൽ മംഗലാപുരത്തും ഉത്തരകേരളത്തിലും ടിപ്പു ഇസ്ലാമിതര മതങ്ങളോട് കൈക്കൊണ്ട ക്രൂരസമീപനത്തെ രേഖപ്പെടുത്തിയിരിക്കുന്നുണ്ട്.

ടിപ്പു, സെയ്ദ് അബ്ദുൽ ദുലായി എന്ന വ്യക്തിക്ക് എഴുതിയ കത്തും വിവാദത്തിലാണ്. കോഴിക്കോട്ടുള്ള ഹിന്ദുക്കളെ മിക്കവാറും പൂർണ്ണമായും മതം മാറ്റിയെന്നും, ഇനിയും മതം മാറാത്തവരെ മാറ്റുമെന്നും, ഇത് ജതിഹാദായാണ് കരുതുന്നതെന്നും കത്തിൽ പറയുന്നു. തൊട്ടടുത്ത ദിവസം ബുർദുസ് സമൗൻ ഖാന് അയച്ച, മലബാറിൽ നാലുലക്ഷം പേരെ മതം മാറ്റിയതായി പറയുന്നുണ്ട്. ഇതെല്ലാം ടിപ്പുവിന്റെ അസഹിഷ്ണുതയ്ക്ക് തെളിവായി കാണിക്കപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാൽ ദക്ഷിണേന്ത്യയിലെ ഔറഗസീബ് എന്നാണ് പരിവാറുകാർ ടിപ്പുവിന് കൊടുക്കുന്ന വിശേഷണം.

കോഴിക്കോട് ഇസ്ലാമാബാദ് ആയ കാലം

ടിപ്പുവിന്റെ മരണശേഷം ഇംഗ്ലീഷുകാർ ഏർപ്പാടാക്കിയ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പ്രകാരം, ടിപ്പുവിന്റെ ഭരണകാലത്ത് പതിനായിരത്തോളം നായന്മാർക്കും 30,000ത്തോളം ബ്രാഹ്‌മണർക്കും, നിരവധി ക്രിസ്ത്യാനികൾക്കും അവരുടെ സമ്പത്ത് മുഴുവൻ ഉപേക്ഷിച്ച് മലബാറിൽ നിന്നും തിരുവിതാംകൂറിലേക്ക് നാടുവിടേണ്ടിവന്നതായി കണ്ടെത്തിയിരുന്നു. മൈസൂർ സൈന്യം കടത്തനാട് കയ്യേറിയപ്പോൾ ആഴ്ചകളായി ആവശ്യത്തിനു ആയുധങ്ങളോ ഭക്ഷണമോ ഇല്ലാതെ ചെറുത്തുനിൽക്കുകയായിരുന്ന നായർ പടയാളികളെ നിർബന്ധപൂർവ്വം ഇസ്ലാമിലേക്ക് മതംമാറ്റിയതായി ഈ വിവരണത്തിൽ പറയുന്നുണ്ട്. നാലിലൊന്നോളം നായർ ജനതയെ ഇല്ലായ്മ ചെയ്തു. നമ്പൂതിരി നായർ പ്രാമണിമാർ നാടുവിട്ട് തിരുവിതാകൂറിലേക്ക് ഓടി. അങ്ങനെ അവരെ സ്വീകരിച്ചതുകെണ്ടാണ് ധർമ്മരാജാവ് എന്ന പേര്പോലും തിരുവിതാംകുർ രാജാവിന് കിട്ടിയത്.

മലബാറിലെങ്ങും സ്ഥലങ്ങളുടെ പേരുകൾ ടിപ്പു പേർഷ്യൻ ഭാഷയിലേക്ക് മാറ്റി. മംഗലപുരം ജലാലാബാദ് ആക്കി മാറ്റി. കൂടാതെ കണ്ണൂർ (കണ്വപുരം) കുസനബാദ് എന്നും, ബേപ്പൂർ (വായ്‌പ്പുര) സുൽത്താൻപട്ടണം അല്ലെങ്കിൽ ഫാറൂക്കി എന്നുമാക്കി. കോഴിക്കോടിനെ ഇസ്ലാമാബാദ് എന്നും പുനർനാമകരണം ചെയ്തു. ടിപ്പുവിന്റെ മരണശേഷമേ നാട്ടുകാർ ഈ സ്ഥലങ്ങൾക്ക് പഴയ പേരിലേക്ക് മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞുള്ളൂ എന്ന് പറയപ്പെടുന്നു. ഫറോക്ക് എന്ന പേരുമാത്രമേ ഇന്നും തിരിച്ചുപോവാതെ നിൽക്കുന്നുള്ളൂ

ഹെർമൻ ഗുണ്ടർട്ട്. തന്റെ 'കേരളപ്പഴമ' എന്ന ഗ്രന്ഥത്തിൽ ടിപ്പു സുൽത്താൻ കോഴിക്കോട് 1789-ൽ നടത്തിയ ക്രൂരകൃത്യങ്ങൾ വിവരിക്കാനാവാത്തത്രയുമാണെന്ന് പറയുന്നുണ്ട്. മലബാറിലെ അന്നത്തെ അവസ്ഥയെപ്പറ്റി ഇളംകുളം കുഞ്ഞൻപിള്ള ഇങ്ങനെ പറയുന്നു: 'അന്ന് കോഴിക്കോട് ബ്രാഹ്‌മണരുടെ കേന്ദ്രമായിരുന്നു. കോഴിക്കോടു മാത്രം 7000 ത്തോളം നമ്പൂതിരി കുടുംബങ്ങൾ ഉള്ളതിൽ 2000ത്തോളവും ടിപ്പുവും സൈന്യവും നശിപ്പിച്ചു. സുൽത്താൻ കുട്ടികളെയും സ്ത്രീകളെയും പോലും വെറുതേവിട്ടില്ല. അടുത്തുള്ള നാട്ടുരാജ്യങ്ങളിലെക്കോ കാടുകളിലേക്കോ ആണുങ്ങൾ രക്ഷപ്പെട്ടു. നിർബന്ധിത മതപരിവർത്തനം മൂലം മാപ്പിളമാരുടെ എണ്ണം വളരെയധികം വർദ്ധിച്ചു. ഹിന്ദുക്കളെ നിർബന്ധമായി ചേലാകർമ്മം ചെയ്തു മുസൽമാന്മാരാക്കി. ടിപ്പുവിന്റെ അതിക്രൂരമായ ഇത്തരം നടപടികൾ മൂലം നായന്മാരുടെയും ചേരമന്മാരുടെയും നമ്പൂതിരിമാരുടെയും എണ്ണത്തിൽ വലിയതോതിലുള്ള കുറവ് ഉണ്ടായി ''. ടി കെ വേലു പിള്ളയുടെ ട്രാവൺകൂർ സ്റ്റേറ്റ് മാനുവലും ഇത്തരംകാര്യങ്ങൾ പറയുന്നുണ്ട്.

പോർച്ചുഗീസ് ചരിത്രകാരനും എഴുത്തുകാരനുമായ ഫാദർ ബർടോലോമാചോ, എഴുതിയത ഇങ്ങനെയാണ്; ''ഏറ്റവും മുന്നിൽ കാപാലികന്മാരായ 30,000 -ഓളം പടയാളികൾ കണ്ണിൽക്കണ്ടവരെയെല്ലാം കശാപ്പു ചെയ്തുകൊണ്ട് മുന്നേറും. തൊട്ടുപിന്നാലെ ഫ്രഞ്ചു കമാണ്ടറായ എം ലാലിയുടെ നേതൃത്വത്തിൽ ഒരു ഫീൽഡ് ഗൺ യൂണിറ്റ്. ആനപ്പുറത്ത് എഴുന്നള്ളുന്ന ടിപ്പുവിന്റെ പിന്നാലെ മറ്റൊരു 30,000 പടയാളികൾ. മിക്ക ആൾക്കാരെയും കോഴിക്കോട്ടു വച്ചാണ് തൂക്കിലേറ്റിയത്. അമ്മമാരുടെ കഴുത്തിൽ കുട്ടികളെയും ചേർത്തു കെട്ടി തൂക്കിലേറ്റും. നഗ്നരായ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ആനകളുടെ കാലുകളിൽ കെട്ടി ശരീരം കീറിപ്പറിയുന്നതു വരെ വലിപ്പിക്കും. അമ്പലങ്ങളും പള്ളികളും മലിനപ്പെടുത്തി കത്തിക്കാനും നശിപ്പിക്കാനും ടിപ്പു ഉത്തരവ് നൽകി. ഹിന്ദു-ക്രിസ്ത്യൻ സ്ത്രീകളെ നിർബന്ധപൂർവ്വം മുസൽമാന്മാരെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. തിരിച്ച് മുസ്ലിം സ്ത്രീകളെ ഹിന്ദു-ക്രിസ്ത്യൻ പുരുഷന്മാരെക്കൊണ്ടും വിവാഹം ചെയ്യിച്ചു. ഇസ്ലാമിനെ ബഹുമാനിക്കാൻ തയ്യാറാവാത്ത ക്രിസ്ത്യാനികളെ അപ്പോൾത്തന്നെ തൂക്കിലേറ്റി. ടിപ്പുവിന്റെ സേനയുടെ കയ്യിൽ നിന്നും രക്ഷപെട്ട് എന്റെയടുത്ത് വരാപ്പുഴ അതിരൂപതയുടെ ആസ്ഥാനമായ വരാപ്പുഴയിൽ എത്തിയവരാണ് എന്നോട് ഇക്കാര്യമെല്ലാം പറഞ്ഞത്. വരാപ്പുഴ നദി ബോട്ടിൽ കടക്കാൻ ഞാൻ തന്നെ പലരെയും സഹായിച്ചിട്ടുണ്ട്.''-ഫാദർ ബർടോലോമാചോയുടെ ഈ കുറപ്പുകൾ അടക്കം കേരളത്തിലെ വാരിയൻ കുന്നന് സമാനമായ പ്രതിഛായായാണ് ടിപ്പുവിന് നൽകുന്നത്.

ടിപ്പുവിന്റെ കൊലക്ക് പിന്നിൽ

പക്ഷേ ടിപ്പുവിന്റെ കൊന്നത്, ഉറി ഗൗഡ, നെഞ്ചേ ഗൗഡയുമാണെന്ന വാദത്തിനശാസ്ത്രീയ തെളിവുകളുടെ പിൻബലം ഇല്ല. വെക്കാലിംഗ സമുദായവും ടിപ്പുവും തമ്മിൽ ഏറ്റുമുട്ടലുകൾ നടന്നിരുന്നെങ്കിലും, അന്നത്തെ സൈനിക ടിപ്പുവിന്റെ സൈനിക ശക്തിക്കുമുന്നിൽ ഇവരെല്ലാം വെറും ശിശുക്കൾ മാത്രമാണ്. മാത്രമല്ല, ടിപ്പുവിന്റെ മൃതദേഹം, നേരിട്ട് കണ്ട് ബോധ്യപ്പെട്ട ബ്രിട്ടീഷ് ജനറൽമാർ എഴുതിയ ഓർമ്മക്കുറിപ്പുകൾ ഇന്ന് ചരിത്രരേഖകൾ ആയിട്ടുണ്ട്.

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും, ടിപ്പുവും തമ്മിൽ നടന്ന നാലം മൈസൂർ യുദ്ധത്തിൽ ടിപ്പു കൊല്ലപ്പെട്ടത് നാം പാഠപുസ്തകങ്ങളിൽ പഠിച്ചതാണ്. ശ്രീരംഗപട്ടണം ഉപരോധം (1799) എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. 50,000ഓളം പടയാളികളുമായി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും കൂട്ടരും, 30,000- ഓളം പടയാളികളുമായി ടിപ്പുവിന്റെ മൈസൂർ രാജ്യവും 1799 ഏപ്രിൽ - മെയ് മാസത്തിൽ ശ്രീരംഗപട്ടണത്ത് ഏറ്റുമുട്ടി. ടിപ്പുവിന്റെ തോൽവിയോടെയും മരണത്തോടെയുമാണ് നാലാം ആംഗ്ലോ-മൈസൂർ യുദ്ധം അവസാനിച്ചത്.

ജനറൽ ജോർജ്ജ് ഹാരിസിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്ക് രണ്ടു വലിയ കോളം സേനകളായിരുന്നു ഉണ്ടായിരുന്നത്. 4000 യൂറോപ്യന്മാരും, ഇന്ത്യക്കാരായ 26,000 ശിപ്പാതിമാരും അടങ്ങിയതായിരുന്നു ഒരു സേന. ഹൈദരാബാദ് നിസാം നൽകിയ രണ്ടാം വിഭാഗത്തിൽ 16,000 കുതിരപ്പട്ടാളവും പത്തു ബറ്റാലിയനുകളുമുണ്ടായിരുന്നു. മൂന്നാം മൈസൂർ യുദ്ധത്തോടെ വൻ സേനാനാശവും രാജ്യത്തിന്റെ പകുതിയും നഷ്ടമായ ടിപ്പുവിന്റെ സൈന്യത്തിൽ ഏതാണ്ട് 30,000 ആൾക്കരാണ് ഉണ്ടായിരുന്നത്.

1799 ഏപ്രിൽ 5 ന് ബ്രിട്ടീഷ് സേന ശ്രീരംഗപട്ടണം കോട്ട ഉപരോധിച്ചു. വടക്കു-പടിഞ്ഞാറുഭാഗത്തുകൂടിയുള്ള ആക്രമണത്തിന്റെ പദ്ധതി തയ്യറാക്കിയത് സർ റിച്ചാഡ് വെല്ലസ്ലിയായിരുന്നു. 1799 മെയ് ഒന്നിനു രാത്രി മുഴുവൻ പരിശ്രമിച്ച് രണ്ടാം തിയതി പുലർച്ചയോടെ നിസാമിന്റെ സേനയും കോട്ടയ്ക്ക് ഒരു വിള്ളലുണ്ടാക്കുന്നതിൽ വിജയിച്ചു. 20 വർഷം മുമ്പ് 44 മാസത്തോളം ടിപ്പുവിന്റെ തടവിൽ കിടക്കേണ്ടി വന്ന് ടിപ്പുവിനോട് കൊടും പകയുള്ള ജനറൽ ഡേവിഡ് ബെയ്ഡ് ആയിരുന്നു ബ്രിട്ടീഷ് സൈന്യത്തെ നയിച്ചിരുന്നത്. പടയാളികൾ ഭക്ഷണത്തിനു ശേഷം വിശ്രമിക്കുന്ന, ദിവസത്തിൽ ഏറ്റവും ചൂടുള്ളതായ നട്ടുച്ചയ്ക്ക് ഒരു മണിക്ക് ആക്രമണം നടത്താനാണ് പദ്ധതിയിട്ടത്. ആർതർ വെല്ലസ്ലിയുടെ നേതൃത്ത്വത്തിൽ മൂന്നാമതൊരു കരുതൽ സൈന്യം വേണ്ടിവന്നാൽ ഇടപെടാൻ തയ്യാറായും നിന്നു.

1977 മെയ് മാസം നാലാം തിയതി പകൽ 11 മണിക്ക് ബ്രിടീഷ് സൈന്യം തയ്യാറായി. 76 അംഗങ്ങളുള്ള മുന്നണിപ്പട ആക്രമണത്തിനു നേതൃത്വം നൽകി. ബയണറ്റുമേന്തി 4 അടി ആഴമുള്ള കാവേരിയിലൂടെ നീങ്ങിയ സൈന്യം 16 മിനിട്ടുകൊണ്ട് അപ്പുറത്തെത്തി എതിരാളികളെ കീഴ്‌പ്പെടുത്തി. അതോടെ ടിപ്പുവിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു.
വടക്കുപടിഞ്ഞാറു ഭാഗത്തെത്തിയ സൈന്യം. തടിച്ച് കുറിയ ഒരു ഓഫീസറിന്റെ നേതൃത്വത്തിലുള്ള മൈസൂർ സേനയോടു പോരാടേണ്ടിവന്നു. അയാൾ ബ്രിട്ടീഷുകാർക്കു നേരേ അതിവേഗം നിറയൊഴിച്ചുകൊണ്ടിരുന്നു. സൈന്യവും തിരിച്ചടിച്ചു. വൈകുന്നേരത്തോടെ ടിപ്പുവിന്റെ ശരീരം തിരഞ്ഞുപോയ ബ്രിട്ടീഷുകാർക്കു മനസ്സിലായി നേരത്തെ തങ്ങൾക്കുനേരേ നിറയൊഴിച്ചുകൊണ്ടിരുന്ന ആൾ ആണ് ടിപ്പു എന്ന്. പിറ്റേന്ന് ഉച്ചകഴിഞ്ഞ് പിതാവിന്റെ ശവകുടീരത്തിനടുത്തുള്ള ഗുമാസിൽ സംസ്‌കരിച്ചു.

ഈ ചരിത്രസംഭവത്തിൽ എവിടെയും വെക്കാലിംഗ പോരാളികൾക്ക് യാതൊരു പങ്കുമില്ല. പക്ഷേ ഉറി ഗൗഡ, നെഞ്ചേ ഗൗഡയുമാണ് നിസാമിന്റെ സൈന്യത്തിൽ ഉണ്ടായിരുന്നത് എന്നും, അവരുടെ വെടിയേറ്റാണ് ടിപ്പു വീണതുമെന്നാണ് സംഘപരിവാറിന്റെ പുതിയ വാദം. പക്ഷേ ഇതിനുള്ള തെളിവുകൾ കൊണ്ടുവരേണ്ട ബാധ്യതയും അവർക്കാണ്. നിലവിലുള്ള ചരിത്രതെളിവുകൾ വെച്ച് ഈ കഥ വെറും കെട്ടുകഥ മാത്രമാണ്.

ടിപ്പു രാഷ്ട്രീയം?

ടിപ്പുസുൽത്താന്റെ പേരിൽ ഏറെ ചോര ഒഴുകിയ മണ്ണാണ് കർണ്ണാടക. കേരളത്തിൽ ഇരുന്ന് സംസാരിക്കുന്നതുപോലെയല്ല, കന്നട മണ്ണിൽ ഇത്തരം പ്രചാരണങ്ങൾ തീക്കളിയാണ്. 1999 ൽ ടിപ്പുവിന്റെ മരണത്തിന്റെ ഇരുനൂറാം വാർഷികം ആചരിക്കാനുള്ള തയ്യാറെടുപ്പുകൾക്കുള്ളിൽ കർണ്ണാടകയിൽ വൻ വിവാദമുണ്ടായി. അതിനു മുമ്പേ 'ടിപ്പു സുൽത്താന്റെ വാൾ' എന്ന ദൂരദർശൻ പരമ്പരയെ തുടർന്നും സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്.

2014 ജനുവരി 26-നു അറുപത്തഞ്ചാം റിപ്പബ്ലിക് ദിന പരേഡിൽ കർണ്ണാടക, ടിപ്പു സുൽത്താന്റെ ഫ്ളോട്ട് അവതരിപ്പിച്ചതും വിവാദക്കൊടുങ്കാറ്റുയർത്തി. 2015 നവംബറിൽ ടിപ്പു സുൽത്താൻ ജയന്തി ആഘോഷിക്കാനുള്ള കർണ്ണാടക സർക്കാരിന്റെ തീരുമാനം, കർണ്ണാടകയിൽ കലാപത്തിനിടയാക്കി. ഹൈന്ദവ സംഘടനകൾ നടത്തിയ പ്രതിഷേധത്തിനിടെ വിശ്വഹിന്ദു പരിഷത്തിന്റെ നേതാക്കളിലൊരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

നാലുപേരാണ് അന്നത്തെ അക്രമങ്ങളിൽ കൊല്ലപ്പെട്ടത്. ഹൈന്ദവ സംഘടകൾക്ക് പുറമേ ഇതര സംഘടനകളും പ്രധാനമായും മംഗലാപുരത്തെയും പടിഞ്ഞാറൻ തീരപ്രദേശങ്ങളിലേയും ക്രിസ്ത്യൻ വിഭാഗങ്ങളും പ്രതിഷേധത്തിൽ പങ്ക് കൊണ്ടു. കർണ്ണാടകയിൽ തന്നെ കൊടക് ജില്ലയിലാണ് ഏറ്റവും ശക്തമായ പ്രതിഷേധമുണ്ടായത്. ഇവിടെ രണ്ട് പേർ പ്രതിഷേധത്തിനിടെ മരിച്ചു.

ടിപ്പു സ്വാതന്ത്ര്യസമര പോരാളി ഒന്നുമല്ലായിരുന്നുവെന്നും, ബ്രിട്ടീഷുകാരോട് പോരാടിയത് ഫ്രഞ്ച്കാർക്ക് വേണ്ടിയായിരുന്നുവെന്നും സുബ്രഹ്‌മണ്യൻ സ്വാമി അന്ന് ആരോപിച്ചത്. പ്രതിഷേധങ്ങളെ തുടർന്ന് 2019ൽ കർണ്ണാടക സർക്കാർ ടിപ്പുജയന്തി ആഘോഷം നിർത്തിവെക്കാൻ തീരുമാനിച്ചു.

രാഷ്ട്രീയമായി നോക്കിയാൽ ടിപ്പുവിനെക്കൊണ്ട് നേട്ടമുണ്ടാക്കിയത് ബിജെപി തന്നെയാണ്. അത് കൃത്യമായ സാമുദായിക ധ്രുവീകരണത്തിനാണ് വളം വെക്കുമെന്നും, കൃത്യമായി ഹുന്ദുവോട്ടുകളുടെ ഏകീകരണം ഉണ്ടാക്കുമെന്നും ബിജെപി നേതക്കാൾക്ക് നന്നായി അറിയാം. എപ്പോഴോക്കെ ടിപ്പു വിഷയം എടുത്തിടുന്നുവോ അപ്പോഴോക്കെ ബിജെപിക്ക് അനകൂലമായി ഹിന്ദുവോട്ടുകൾ ഒന്നിക്കയാണ് പതിവ്. പശുരാഷ്ട്രീയവും, ശ്രീരാമനും, ബാബറി മസ്ജിദും പോലെ കൃത്യമായ വോട്ട് രാഷ്ട്രീയം തന്നെയാണ് ബിജെപിക്ക് ടിപ്പുവും. ഇത് മനസ്സിലാക്കാതെ പ്രതിപക്ഷം ടിപ്പു പൊളിറ്റിക്സിൽ തലവെച്ചുകൊടുത്തുവെന്നാണ് രാമചന്ദ്രഗുഹയെപ്പോലുള്ള ചരിത്രകാരന്മാർ പറയുന്നത്. തെരഞ്ഞെടുപ്പ് വിഷയമാക്കാതെ ടിപ്പുവിനെ അവഗണിക്കയാണ് വേണ്ടിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ടിപ്പുവിന്റെ ചരിത്രം പരിശോധിക്കുമ്പോൾ നല്ലതും ചീത്തയും ഉണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മാനകങ്ങളുപയോഗിച്ച് ഒരു ഫ്യൂഡൽ രാജാവിന്റെ ജനാധിപത്യം, മതേതരത്വം, ദേശീയത എന്നിവ അളക്കുന്നതിൽ ഒരു അർത്ഥവുമില്ല. ഈ മുന്നു വാക്കുകളും അന്ന് ചിന്തിക്കാൻ പോലും കഴിയില്ല. ടിപ്പുവിനെ മഹാനാക്കി ചിത്രീകരിക്കുന്നതും, പിശാചാക്കി ഇകഴ്‌ത്തുന്നതും ഒരുപോലെ തെറ്റാണ്. വികസനവും, പുരോഗതിക്കുള്ള പദ്ധതികളും, അഞ്ചുവർഷത്തെ ഒരുകക്ഷിയുടെ ഭരണവുമൊക്കെ വിലയിരുത്തി വോട്ട് ചെയ്യുന്നതിന് പകരം, വികാരങ്ങളിലേക്ക് ഇലക്ഷൻ അജണ്ട മാറുന്നത് ഒരു നാടിന്റെ അധ:പ്പധനം തന്നെയാണ് സൂചിപ്പിക്കുന്നത്.

വാൽക്കഷ്ണം: ടിപ്പുവിനെ മഹാനാക്കി ചിത്രീകരിക്കുക എന്നത് പത്ത് ന്യുനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് കോൺഗ്രസ് തുടങ്ങിയ കളിയാണ്. ഇപ്പോൾ അതേ സാധനം തിരിച്ചിട്ട് അതിലും വലിയ കളി സംഘപരിവാർ കളിക്കുമ്പോൾ കോൺഗ്രസിന് പ്രതിരോധിക്കാനും ആവുന്നില്ല. അതുപോലെ തന്നെ ഇടതുപക്ഷ ചരിത്രകാരന്മാരുടെ ഏകപക്ഷീയ രചനകളും ഈ ധ്രുവീകരണം വർധിപ്പിക്കയാണ് ചെയ്യുന്നത്.