'കർമ്മ ഈസ് എ ബൂമറാങ്, വാളെടുത്തവൻ വാളാൽ' എന്നിങ്ങനെയുള്ള നിരവധി കമന്റുകൾ കൊണ്ട്, കേരളത്തിലെ സോഷ്യൽ മീഡിയയിൽ അടക്കം ആഘോഷിക്കപ്പെടുകായാണ്, യുപിയിലെ മാഫിയാ തലവൻ, ആതിഖ് അഹമ്മദിന്റെ കൊലപാതകം. 2017ൽ യോഗി അദിത്യനാഥ് അധികാരത്തിലേറിയ ശേഷം യുപിയിൽ നടന്നത്, 11,000ത്തോളം ചെറുതും വലുതുമായ എൻകൗണ്ടറുകളാണ്. ഇതിൽ മരിച്ചത് ഇരുനൂറോളം ക്രിമിനലുകളാണ്. കണ്ടുകെട്ടിയത് 25,000 ത്തോളം കോടിരൂപയുടെ സ്വത്തുവകകളും. മിക്ക ഗുണ്ടകളുടെയും വീടുകൾ ബുൾഡോസർ വെച്ച് പൊളിച്ച് കളഞ്ഞു! ഈ ഏറ്റുമുട്ടലിന്റെ ഭാഗമായി 23,300 കുറ്റവാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. 5,046 പേർക്ക് പരിക്കേറ്റു. ഇതിൽ 1,443 പൊലീസുകാർക്ക് പരിക്കേറ്റതായും 13 പേർ കൊല്ലപ്പെട്ടതായും കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ യോഗിയും മോദിയും ഇന്ത്യയിലെ ഗുണ്ടകളെയും മാഫിയകളെയും അമർച്ച ചെയ്ത് രാജ്യം ക്ലീൻ ആക്കുകയാണെന്നാണ് സംഘപരിവാർ സൈബർ വിങ്ങ് വലിയതോതിൽ പ്രചരിപ്പിക്കുന്നത്.

ഇതിൽ ഒരു പരിധിവരെ ശരിയുണ്ട്. മുലായത്തിന്റെയും മായവതിയുടെയും കാലത്ത് ശരിക്കും ജംഗിൾ രാജ് ആയിരുന്നു യുപിയിൽ. മാഫിയാ സംഘങ്ങൾ കുടിൽ വ്യവസായം പോലെ തഴച്ചുവളർന്ന കാലം. പക്ഷേ യോഗി വന്നതോടെ അതിന് ഒരു അറുതിവന്നു എന്നത് യാഥാർത്ഥ്യമാണ്. അത് അഭിനന്ദനം അർഹിക്കുന്നതാണ്. പക്ഷേ അപ്പോഴും മറ്റൊരു വിഷയമുണ്ട്. ഈ ക്രിമിനലുകളിൽ ഹിന്ദുത്വ ഭീകരർ എന്ന് പറയുന്ന എത്രപേർക്ക് ശിക്ഷ കിട്ടിയിട്ടുണ്ട്. കൊള്ളയും, കൊലയും, ബലാത്സംഗവും നടത്തിയ ക്രിമിനൽ സന്യാസിമാർ പോലും നിഷ്പ്രയാസം രക്ഷപ്പെടുന്നുണ്ട്. മോദി- യോഗി ഭരണം ഹിന്ദുത്വ ഭീകരതയെ എന്തുകൊണ്ട് തൊടുന്നില്ല എന്ന ചോദ്യം, യുപിയിലെ എൻകൗണ്ടർ വാർത്തകൾക്ക് പിന്നാലെ ഉയരുന്നുണ്ട്.

ജയ് ശ്രീറാം വിളിച്ച് വെടി

ഇപ്പോൾ യുപിയിലെ യോഗി ആദിത്യനാഥ് ഭരണത്തിൽ ഗുണ്ടകളെ ഒതുക്കുന്നതിന്റെ വാർത്തകളും, അതിനോട് അനുബന്ധിച്ച് വരുന്ന ഏറ്റുമുട്ടൽ കൊലകളും വലിയ ചർച്ചയാവുകയാണ്. 1400 കോടി ആസ്തിയുള്ള വൻ ബിസിനസ് സാമ്രാജ്യം തീർത്ത, മാഫിയാ തലവൻ, ആതിഖ് അഹമ്മദിനെയും സഹോദരനെയും വെടിയുതിർത്തുകൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ലവ്ലേഷ് തിവാരി ബജ്രംഗ്ദൾ നേതാവാണ്. ലവ്ലേഷിന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിലെ വിവരങ്ങൾ ചൂണ്ടിക്കാണിച്ച് ഹിന്ദുസ്ഥാൻ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അറസ്റ്റിലായ മറ്റൊരു യുവാവ് സണ്ണി ഹമീർപുർ ജില്ലയിലെ 17 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പെൺകുട്ടിയെ ശല്യം ചെയ്ത കേസിൽ മൂന്നു വർഷം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. 15 വർഷങ്ങൾക്ക് മുൻപ് നാട് വിട്ട വ്യക്തിയാണ് പിടിയിലായ മൂന്നാമൻ അരുൺ മൗര്യ. കാസ്ഗഞ്ച് സ്വദേശിയാണ് ഇയാളെന്നും റിപ്പോർട്ടിൽ പറയുന്നു.

മൂന്നു പേരുടെയും ചോദ്യം ചെയ്യൽ തുടരുകയാണ്. പ്രശസ്തരാകാൻ വേണ്ടിയാണ് ആതിഖ് അഹമ്മദിനെ കൊന്നതെന്ന് ഇവർ പറഞ്ഞതായും പൊലീസ് സൂചിപ്പിച്ചു. മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയാണ് മൂവർ സംഘം ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹമ്മദിനെയും വെടിവച്ച് കൊന്നത്. ഇരുവരെയും വെടിയുതിർത്തുകൊന്ന ശേഷം സംഘം ജയ് ശ്രീറാം വിളിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. യുപിയിൽ പ്രത്യേകിച്ചും, ഉത്തരേന്ത്യയിൽ വ്യാപകമായും ഗോഹത്യയുടെ പേരിലും, ഇന്ത്യൻ സംസ്‌ക്കാരത്തെ നിലനിർത്താനെന്ന പേരിൽ സദാചാര പൊലീസായും, ജിഹാദികളെ ചെറുക്കാനെന്ന പേരിലുമൊക്കെ തീവ്ര ഹിന്ദുത്വ അജണ്ടയുമായി പലരും സംഘടിക്കുന്നുണ്ട്. എന്നാൽ ക്രമിനലുകളെ ഒതുക്കി യുപി ക്ലീനാക്കി എന്ന് പറയുന്ന, യോഗി ആദിത്യനാഥ് സർക്കാർ ഒക്കെ ഹിന്ദുത്വ തീവ്രവാദികൾക്കെതിരെ കണ്ണടയ്ക്കയാണ് ചെയ്യുന്നത്. സാക്ഷി മഹാരാജും, സാധ്വി പ്രാചിയും, പ്രജ്ഞാസിങ് താക്കൂറും അടക്കമുള്ള നിരവധി വിദ്വേഷ പ്രചാരകരുടെ ജീവിതം അതാണ് തെളിയിക്കുന്നത്.

കാഷായ ക്രിമിനൽ സാക്ഷി മഹാരാജ്

സ്വാമി സച്ചിതാനന്ദ് ഹരി സാക്ഷി മഹാരാജ് എന്ന് പൂർണ്ണനാമമുള്ള സാക്ഷി മഹാരാജ് എന്ന ബിജെപി എം പി കൂടിയായ സന്യാസി ഇടക്കിടെ വാർത്തകളിൽ നിറയാറുള്ളത്, മുസ്ലീങ്ങൾക്കുനേരെയുള്ള കടുത്ത വിദ്വേഷ പ്രസംഗങ്ങളിലുടെയാണ്. യോഗി ആദിത്യനാഥിനെപ്പോലെ തന്നെ അവിവാഹിതനും സസ്യാഹാരിമാണ് ഇദ്ദേഹവും. പക്ഷേ ബലാത്സഗക്കേസ് അടക്കം ഒരു ഡസൻ കേസുകളാണ് ഈ 'സർവസംഗപരിത്യാഗിയുടെ' പേരിലുള്ളത്.

1990ൽ തന്റെ 36ാമത്തെ വയസ്സിലാണ് സാക്ഷി മഹാരാജ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. ആദ്യം ബിജെപി.യിൽ പ്രവർത്തിച്ചു. പിന്നിട് സമാജ്വാദി പാർട്ടിയിൽ ചേർന്നു. സമാജ്വാദി പാർട്ടിയിൽ നിന്ന് രാജി വെച്ച് കല്യാൺ സിങ് രൂപീകരിച്ച രാഷ്ട്രീയ ക്രാന്തി പാർട്ടിയിൽ ചേർന്നു. രാഷ്ട്രീയ ക്രാന്തി പാർട്ടി ബിജെപി.യിൽ ലയിച്ചപ്പോൾ മഹാരാജും താമരയിൽ ലയിച്ചു.

നരേന്ദ്ര മോദി അധികാരത്തിൽ വരുന്നതിന് തൊട്ടു മുന്നത്തെ വർഷം 2013-ൽ ഇദ്ദേഹത്തെയും സഹോദരനേയും യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2012-ൽ യു.പി വനിതാ കമ്മീഷൻ അംഗം സുജാത വർമ്മയെ വെടിവെച്ച് കൊന്നുവെന്നാണ് കേസ്. ആശ്രമത്തിലെ ലൈഗീക പീഡനങ്ങളെ കുറിച്ചുള്ള പരാതിയെ തുടർന്നെടുത്ത നടപടിയാണത്രേ കൊലയിൽ കലാശിച്ചത്. ഇതിനും പതിമൂന്ന് വർഷങ്ങൾക്ക് മുന്നേ 2000 ത്തിൽ മറ്റൊരു കേസിൽ കുപ്രസിദ്ധമായ തീഹാർ ജയിലിൽ കുറച്ച് കാലം സാക്ഷി മഹാരാജിന് കിടക്കേണ്ടി വന്നിട്ടുണ്ട്. ഉത്തർപ്രദേശിലെ എത്തെയിലെ ഒരു കോളെജ് പ്രിൻസിപ്പലിനെ ബന്ധുക്കൾക്കൊപ്പം കൂട്ടബലാത്സംഗം ചെയ്തെന്നായിരുന്നു കേസ്. എന്നാൽ ഇതിൽ മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ ഈ 'ബ്രഹ്‌മചാരിയെ' വെറുതെ വിടപ്പെട്ടു.

ഫറൂക്കാബാദിലെ ആശ്രമത്തിലെ അന്തേവാസിയായ ഒരു മണിപ്പൂരി യുവതിയെ ബലാത്സംഗം ചെയ്തുവെന്ന മറ്റൊരു കേസുമുണ്ടായായിരുന്നു. കുറേ കാലം ആശാൻ സമാജ് വാദി പാർട്ടി നേതാവായിരുന്നല്ലേ. ആ കാലത്ത് 1997 ൽ ബ്രംദത്ത് ദ്വിവേദിയെന്ന ബിജെപി. നേതാവിന്റെ കൊലയുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനയിലും സാക്ഷി മഹാരാജിനെതിരെ പരാതി ഉയരുകയും കേസെടുക്കുകയും ചെയ്തിരുന്നു.

മുപ്പത്തിനാലിലെറെ കേസുകൾ

2006-ൽ രാജ്യസഭാ അംഗമായിരുന്ന കാലത്ത് പാർലിമെന്റിൽ അയോഗ്യനാക്കപ്പെട്ടു. എംപി ഫണ്ട് തിരിമറി നടത്തിയതാണ് സംഭവം. സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങിപ്പോവുകയാണ് ഉണ്ടായത്. പാർലിമെന്റ് എത്തിക്സ് കമ്മറ്റി അന്വേഷിച്ച്, രാജ്യസഭ ഐകണ്ഠ്യേന അംഗീകരിച്ച് സാക്ഷി മഹാരാജിനെ പുറത്താക്കി. ആകെ മൊത്തം കൊല പാതകങ്ങൾ, ബലാത്സംഗം, തട്ടിക്കൊണ്ട് പോകൽ, കലാപം, വിദ്വേഷ പ്രസംഗം എന്നിങ്ങനെ മുപ്പതിനാലോ മറ്റോ ക്രിമിനൽ കേസുകൾ സ്വന്തമായുണ്ട്. ബാബറി മസ്ജിദ് തകർക്കൽ കേസിലെ പ്രതിയാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇനി സാക്ഷിയുടെ ഹേറ്റ് സ്പീച്ചിന്റെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. 'രാജ്യത്തെ ജനസംഖ്യാ വർധനവിന് കാരണം ഹിന്ദുക്കളല്ല. ഇന്ത്യയിൽ ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുന്നത് നാലു ഭാര്യമാരും നാൽപതു കുട്ടികളും വേണമെന്ന ആശയത്തെ പിന്തുണക്കുന്നവർ ഉള്ളതുകൊണ്ടാണ്.' സാക്ഷി മഹാരാജ് ഒരിക്കൽ പറഞ്ഞു. ഹിന്ദുമതം നിലനിൽക്കണമെങ്കിൽ എല്ലാ ഹിന്ദു സ്ത്രീകൾക്കും കുറഞ്ഞത് നാലു കുട്ടികൾ വേണമെന്ന് മീററ്റിൽ സംഘടിപ്പിച്ച സാന്ത് സംഗമ മഹോത്സവത്തിൽ പ്രസംഗിക്കുമ്പോൾ സാക്ഷി മഹാരാജ് ആവശ്യപ്പെട്ടതും വിവാദമായി.

ഗോഡ്സെ ദേശീയവാദിയാണെന്നും ഗാന്ധിജിയോടൊപ്പം ആദരിക്കേണ്ട വ്യക്തിയാണെന്നും പറഞ്ഞത് വിവാദമായപ്പോൾ പിൻവലിച്ച് പാർലമെന്റിൽ ഖേദ പ്രകടനം നടത്തി. മതപരിവർത്തനത്തോടും ഗോവധത്തോടും ശക്തമായ എതിർപ്പുള്ള വ്യക്തിയാണ് മഹാരാജ്. അവർക്ക് വധശിക്ഷ നൽകണമെന്നാണ് സാക്ഷിയുടെ അഭിപ്രായം. ഈ പ്രസംഗങ്ങളിൽ പലതും കേസായി.

ഏത് മീറ്റർ വച്ച് നോക്കിയാലും ഒന്നാം തരം ക്രിമിനൽ, ഗൂണ്ടാ - മാഫിയാ നേതാവ് തന്നെയാണ് സാക്ഷി മഹാരാജ്. പക്ഷേ ഉത്തരേന്ത്യൻ മാധ്യമങ്ങൾക്കുപോലും ഇയാൾ ഒരു ആത്മീയ നേതാവാണ്. ഹിന്ദു മത സമ്മേളനങ്ങളിൽ വലിയ മത നേതാക്കളോടൊപ്പമാണ് ഇങ്ങേർക്ക് സ്ഥാനം. ഇത്രയും കേസുകൾ ഉണ്ടായിട്ടും ഒരു കേസിൽ പോലും, ആയളെ പൂട്ടാൻ ഉത്തർപ്രദേശിലെ കൊട്ടിഘോഷിക്കപ്പെടുന്ന യോഗിയുടെ പൊലീസിനും കഴിഞ്ഞിട്ടില്ല.

പ്രജ്ഞ എന്ന ക്രിമിനൽ സന്യാസിനി

സാക്ഷിമഹാരാജ് ഒരു ക്രിമിനൽ സന്യാസിയാണെങ്കിൽ, പ്രജ്ഞാസിങ് താക്കുർ എന്ന മധ്യപ്രദേശിൽനിന്നുള്ള ബിജെപി എം പി ശരിക്കും ക്രിമിനൽ സന്യാസിനിയാണ്. മാലേഗാവ് സ്ഫോടന കേസ്, സുനിൽ ജോഷി കേസ്, അജ്മീർ ദർഗ സ്ഫോടനം, ഹേറ്റ് സ്പീച്ചുകൾ തുടങ്ങിയവയായി ഒരു ഡസനോളം കേസുകൾ ആണ് അവർ നേരിടുന്നത്.

മഹാരാഷ്ട്രയിലെ മലേഗാവിൽ 2008ൽ നടന്ന സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും, നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് ആദ്യമായി ഈ പേർ കേൾക്കുന്നത്. മഹാരാഷ്ട്രയിലെ എ.ടി.എസ് വിഭാഗം തലവൻ ഹേമന്ത് കർക്കരെ സ്ഫോടനത്തിനുപയോഗിച്ച ബൈക്ക് കണ്ടുപിടിച്ചതോടെ പ്രജ്ഞ സിങ് താക്കൂറിൽ ചെന്ന് അന്വേഷണം അവസാനിക്കുകയായിരുന്നു.

2008 ഒക്ടോബർ 24 നാണ് പ്രജ്ഞ അറസ്റ്റ് ചെയ്യപ്പെട്ടത്. നിരവധി കേസുകളിൽ കുറ്റാരോപിതയാണെങ്കിലും മലേഗാവ് കേസിലാണ് പിടിക്കപ്പെടുന്നത്. അതും അവരുടെ പേരിലുള്ള ഇരുചക്ര വാഹനം തെളിവായതിനാൽ. എ.ടി.എസ് കുറ്റപത്ര പ്രകാരം മുസ്ലിംകളെ ലക്ഷ്യം വെച്ച് 2006 മുതൽ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തരുടെ യോഗങ്ങളിൽ സജീവ പങ്കാളിയായിരുന്നു പ്രജ്ഞ. 2008 ൽ ഏപ്രിൽ 11 ന് ഭോപ്പാലിൽ നടന്ന രണ്ട് യോഗങ്ങളിലും ഇവർ പങ്കെടുത്തു എന്ന സംഘപരിവാർ വക്താവ് യാഷ്പാൽ ബാധാനയുടെ പ്രസ്താവനയാണ് പ്രധാന തെളിവായത്. പിന്നീട് മലേഗാവ് സ്‌ഫോടനത്തിൽ പ്രജ്ഞ ഉൾപ്പടെയുള്ള പ്രതികളെ എൻ.ഐ.എ കുറ്റവിമുക്തരാക്കി. ഇതിന് പിന്നിൽ സംഘപരിവാർ ഇടപടലാണെന്ന് ന്യൂസ് ലോൺഡ്രിയടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.



സുനിൽ ജോഷി കേസിലും ആരോപിത

2007 ഡിസംബർ 29നാണ് മുൻ ആർഎസ്എസ് പ്രചാരക് സുനിൽ ജോഷി വെടിയേറ്റ് മരിക്കുന്നത്. സംഘപരിവാർ പ്രവർത്തകനായിരിക്കേ, നിരവധി തീവ്രവാദ കേസുകളിൽ പ്രതിയായിരുന്നു സുനിൽ ജോഷി. ഇയാൾ മാപ്പ് സാക്ഷിയാകുമെന്ന ഭയത്തെ തുടർന്ന്, പ്രജ്ഞാസിങ് ഉൾപ്പെടെയുള്ള പ്രതികളുടെ ഗുഡാലോചനയിൽ ജോഷിയെ കൊലപ്പെടുത്തി എന്നായിരുന്നു ആരോപണം. സംഝോതാ സ്‌ഫോടനത്തിന്റെയും അജ്മീർ സ്‌ഫോടനത്തിന്റെയും ഗൂഢാലോചന സുനിൽ ജോഷിക്ക് അറിയാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. നിരവധി കേസുകളിൽ ഉൾപ്പെട്ട സുനിൽ ജോഷി ദേവദാസ് ടൗണിൽ ഒളിവിൽ കഴിയവെയായാണ് വെടിയേറ്റ് മരിച്ചത്. 2007ലെ സംഝോതാ എക്സ്പ്രസ് സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ ജോഷി പ്രതിയായിരുന്നു.

2007 ഒക്ടോബർ 11-നാണ് രാജ്യത്തെ ഞെട്ടിച്ച അജ്മീർ ദർഗ സ്‌ഫോടനം ഉണ്ടായത്. രാജസ്ഥാനിലെ അജ്മീറിലുള്ള സൂഫി സന്യാസിയുടെ ദർഗയ്ക്ക് പുറത്താണ് സ്‌ഫോടനമുണ്ടായത്. മൂന്ന് പേർ കൊല്ലപ്പെട്ട സ്‌ഫോടനത്തിൽ 17 പേർക്ക് പരിക്കേറ്റു. ലഷ്‌കർ-ഇ-ത്വയിബയാണ് സ്‌ഫോടനത്തിന് പിന്നിൽ എന്നായിരുന്നു അന്വേഷണസംഘം ആദ്യം പറഞ്ഞിരുന്നത്. ആർഎസ്എസ്സാണ് സ്‌ഫോടനത്തിൽ എന്ന് പിന്നീടാണ് തെളിഞ്ഞത്. ഇതിലും പ്രജ്ഞാസിംഗിന്റെ പേര് ഉയർന്നുകേട്ടു. പക്ഷേ അന്വേഷണം ഉണ്ടായില്ല.

ഇവരുടെ നിരവധി വിദ്വേഷ പ്രസംഗങ്ങൾ കേസായിട്ടുണ്ട്. 'ഹിന്ദുക്കൾ കത്തികൾ മൂർച്ച കൂട്ടി വെക്കണം, മിഷനറിമാരുടെ സ്ഥാപനങ്ങളിൽ കുട്ടികളെ പഠിപ്പിക്കരുത്' എന്ന പ്രജ്ഞ സിംഗിന്റെ പ്രസ്താവന നേരത്തെ വൻ വിവാദം ആയിരുന്നു. ആക്രമണമുണ്ടായാൽ പ്രയോഗിക്കാൻ ഹിന്ദുക്കൾ കത്തികൾ മൂർച്ച കൂട്ടി വെക്കണമെന്നായിരുന്നു അവർ പറഞ്ഞത്. ആത്മാഭിമാനത്തിന് ക്ഷതമേൽക്കുമ്പോൾ പ്രതികരിക്കണം, പച്ചക്കറി അരിയുന്ന കത്തിയാണെങ്കിലും മൂർച്ച കൂട്ടി വെക്കണം, -പ്രജ്ഞ പറഞ്ഞു. ഹിന്ദുജാഗരണ വേദിയുടെ ദക്ഷിണമേഖല വാർഷിക സമ്മേളനത്തിലാണ് പ്രജ്ഞ പ്രസ്താവനനടത്തിയത്. ഇതാദ്യമായല്ല പ്രജ്ഞ സിങ് താക്കൂർ വിദ്വേഷ പ്രസംഗം നടത്തുന്നത്. നിരവധി തവണ ന്യൂനപക്ഷങ്ങൾക്കെതിരെ പ്രസ്താവന നടത്തിയിട്ടുണ്ടെങ്കിലും കാര്യമായ നടപടിയുണ്ടായിട്ടില്ല.

അതുപോലെ തന്നെയാണ് സ്വാധി പ്രാചിയും. എത്രയെത്ര വിദ്വേഷ പ്രസ്താവനകളാണ് അവർ നടത്തിയത്. പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട സാധ്വി പ്രാചിയുടെ പ്രസ്താവന വലിയ വിവാദം ഉണ്ടാക്കിയിരുന്നു. 'പ്രധാനമന്ത്രി നരേന്ദ്ര മോദി, താങ്കളോട് ഞാൻ കൂപ്പുകൈയോടെ അപേക്ഷിക്കുകയാണ്. പാക്കിസ്ഥാനിൽ മറ്റൊരു ഗോധ്ര കലാപം താങ്കൾക്ക് നടത്താൻ സാധിച്ചാൽ ഈ രാജ്യം താങ്കളുടെ മുന്നിൽ തല കുനിക്കും.''- അതായത് ഗോധ്രകലാപം ഉണ്ടാക്കിയത് നരേന്ദ്ര മോദിയാണെന്ന് പരോക്ഷമായി സമ്മതിക്കയാണ് പ്രാചി ഇവിടെ ചെയ്യുന്നത്! വിദ്വേഷ പ്രസ്താവനകൾക്കെതിരെ നമ്മുടെ രാഹുൽ ഈശ്വർ പോലും, പ്രാചിക്കെതിരെ കേസ് കൊടുത്തു. പക്ഷേ ഒന്നും എവിടെയും എത്തിയിട്ടില്ല.

കൽബുർഗി മുതൽ പൻസാര വരെ

ഉത്തരേന്ത്യയിൽ ഗോ രക്ഷാ സമിതിയും, അഖാഡകളും, പ്രാദേശിക ആയുധ പരിശീലന കേന്ദ്രങ്ങളുമെക്കെയായി ഹിന്ദുത്വ ശക്തികൾക്ക് അക്രമം അഴിച്ചുവിടാനുള്ള ഒരു സംവിധാനം കൃത്യമായി ഉണ്ടായിരുന്നു. എന്നാൽ ദക്ഷിണേന്ത്യയിലേക്ക് അത് അത്രയൊന്നും എത്തിയിരുന്നില്ല. പക്ഷേ ഈ ഹൈന്ദവ തീവ്രവാദത്തെ ദക്ഷിണേന്ത്യയിൽ ഇറക്കിയത് സനാതൻ സൻസ്തയാണ്. കൽബുർഗി, ധബോൽക്കർ, ഗൗരിലങ്കേഷ്, ഗോവിന്ദ് പൻസാരെ, തുടങ്ങിയവരുടെ കൊലയിൽ ആരോപിതരായ അതേ സംഘടന തന്നെ.

'ശാസ്ത്രീയമായ ആത്മീയതയ്ക്കുള്ള സനാതന സമൂഹം' എന്നാണ് സനാതൻ സൻസ്ത സ്വയം വിശേഷിപ്പിക്കുന്നത്. എക്കാലത്തും തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ പേരിൽ അറിയപ്പെട്ടിട്ടുള്ള സംഘടനയായാണിത്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയെന്ന ആശയത്തിൽ പ്രവർത്തിക്കുന്ന 'ഹിന്ദു ജനജാഗൃതി സമിതി' സനാതൻ സൻസ്തയുടെ സഹോദര സംഘടനയാണ്. സനാതൻ സൻസ്ത 1999ലും ഹിന്ദു ജനജാഗൃതി സമിതി 2002ലുമാണ് സ്ഥാപിക്കപ്പെടുന്നത്.

ഈ നാലുകൊലപാതങ്ങളിലും ഗോവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സനാതൻ സൻസ്ത എന്ന സംഘടനയുമായി ബന്ധമുള്ളവരാണ്. സനാതൻ സൻസ്ത പ്രസിദ്ധീകരിച്ച 'ക്ഷത്ര ധർമ സാധന' എന്ന പുസ്തകത്തിലെ ആശയങ്ങളും മാർഗനിർദ്ദേശങ്ങളും മുൻനിർത്തിയായിരുന്നു കൊലപാതകമെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അന്ധവിശ്വാസങ്ങൾക്കെതിരായി പ്രവർത്തിക്കുകയും നിയമപ്രകാരം പല അന്ധവിശ്വാസങ്ങളെയും നിരോധിക്കുവാനും പ്രവർത്തിച്ചവരാണ് കൊല്ലപ്പെട്ട കൽബുർഗിയും, പൻസാരെയും, ധബോൽക്കറും, ഗൗരീലങ്കേഷുമെല്ലാം. ഇവരെല്ലാം. ഹിന്ദുവായി ജനിച്ച ഇവരുടെ ഇടപെടലുകൾ ഹിന്ദുവിരുദ്ധമാണ്, 'ദുർജനം' ആണ് എന്നാണ് ക്ഷത്ര ധർമ സാധന പറയുന്നത്. കാൽബുർഗി ഒരു പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങൾ തങ്ങളുടെ ആശയങ്ങളോട് യോജിക്കാത്തതായും പ്രതി ഗണേശ് മിസ്‌കിന് സമ്മതിക്കുന്നു. ഇതാണ് കൽബുർഗിയുടെ കൊലപാതകത്തിലേക്ക് നയിച്ചത്

.

ഗണേശിന് പുറമേ പ്രതികളായ അമോൽ കാലേ, പ്രവീൺ പ്രകാശ് ചതുർ, വാസുദേവ് ഭഗവാൻ സൂര്യവംശി, ശരദ് കലാസ്‌കർ, അമിത് രാമചന്ദ്ര ബഡ്ഡി എന്നിവരെല്ലാം ഇതേ ആശയത്തിൽ ആകൃഷ്ടരായവരാണ്. കൽബുർഗിയെ കൊന്ന അതേ രീതിയിലാണ് ഗൗരി ലങ്കേഷിന്റെയും കൊലപാതകം. ഇതിനായുള്ള ആയുധപരിശീലനവും ആസൂത്രണവും സമാനരീതിയിലാണ് നടത്തിയത്. രണ്ട് ഓപ്പറേഷനും നേതൃത്വം കൊടുത്തത് അമോൽ കാലെയാണ്. പൂണെയിൽ നിന്നുള്ള ഈ എഞ്ചിയറിങ് ബിരുദധാരിയാണ് കേസിലെ ഒന്നാംപ്രതി.

യുക്തിവാദിയും കന്നഡ എഴുത്തുകാരനുമായ കെഎസ് ഭഗവാനെ വധിക്കാൻ ശ്രമിച്ച കേസിലാണ് അമോൽ കാലെയെ അറസ്റ്റ് ചെയ്യുന്നത്. കുറ്റാരോപിതരുടെ പക്കൽനിന്ന് ഒരു ഡയറിയും അന്വേഷണസംഘം കണ്ടെത്തുകയുണ്ടായി. ഗിരീഷ് കർണാട്, ബിടി ലളിത നായിക്, വീരഭദ്ര ചേന്നമല സ്വാമിജി, യുക്തിവാദി സി എസ് ധ്വാരകനാഥ് എന്നിവരുടെ പേരും അതിലുണ്ടായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തെ നിശിതമായി എതിർക്കുന്നവരാണ് ഇവരെല്ലാവരും. കോഡായി രേഖപ്പെടുത്തിയ ചില പേരുകൾ തിരിച്ചറിയാൻ അന്വേഷണസംഘത്തിനായില്ല. ദേവനാഗരി ലിപിയിലാണ് ഇതെഴുതിയിരിക്കുന്നത്.

'നാമം ജപിച്ച് വെടിവെക്കുക'

സനാതൻ സൻസ്തയുടെ ചരിത്രം പറഞ്ഞു തുടങ്ങേണ്ടത് സ്ഥാപകൻ ഡോ ജയന്ത് ബാലാജി അത്തെവാലയുടെ ജീവിതത്തിൽ നിന്നാണ്. മഹാരാഷ്ട്രയിലെ റായ്ഗഡിൽ ജനിച്ച അതവാലെ എംബിബിഎസ് പഠനത്തിന് ശേഷം തീരുമാനിച്ചത് മനഃശാസ്ത്രം പഠിക്കാനാണ്. മനഃശാസ്ത്രത്തിൽ അതവാലെയെ ആകർഷിച്ച വിഷയം 'ഹിപ്‌നോസിസ്' ആയിരുന്നു. ക്ലിനിക്കൽ ഹിപ്‌നോസിസിൽ വിദഗ്ധനായറിയപ്പെട്ട അതവാലെ ഇന്ത്യയിലും ബ്രിട്ടനിലുമായി മുപ്പത് വർഷത്തോളം പ്രാക്റ്റിസ് ചെയ്തു. ഇതിനിടയിലാണ് അതവാലെ ആത്മീയതയിലേക്കെത്തുന്നത്.

രോഗികളായെത്തുന്നവരോട് ഹിപ്‌നോസിസിനിടയിൽ ആത്മീയ ദർശനങ്ങൾ പങ്കുവയ്ക്കുകയാണ് അത്തെവാല ചെയ്തത്. ഇത് രോഗശാന്തി നൽകുമെന്ന് പറഞ്ഞ അദ്ദേഹം താൻ ദൈവത്തോട് സംസാരിക്കുന്നുണ്ട് എന്നും അവകാശപ്പെട്ടു. അങ്ങനെയാണ് അയാൾ അനുയായികളെ ഉണ്ടാക്കിയത. മുംബൈയിലെ തന്റെ വീട്ടിലാണ് അത്തെവാല സനാതൻ ഭാരതീയ സംസ്‌കൃതി സൻസ്ത ആരംഭിക്കുന്നത്. പിന്നീടത് സനാതൻ സൻസ്തയായി ചുരുക്കി. സമൂഹത്തിൽ നിന്ന് 'ദുർജനങ്ങളെ' ഉന്മൂലനം ചെയ്യുക ഈശ്വരീയ രാജ്യം സൃഷ്ടിക്കുക' എന്നതാണ് പ്രഖ്യാപിത ആശയം. അതവാലെ എഴുതിയ 'ക്ഷത്ര ധർമ സാധന' സനാതൻ സൻസ്തയുടെ മാനിഫെസ്റ്റോയും വിശുദ്ധ ഗ്രന്ഥവുമാണ്.

ജയന്ത് ബാലാജി അത്തെവാലയുടെ സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് ക്ഷത്ര ധർമ സാധന. സമൂഹത്തിൽ ദുർജനങ്ങളും സാധകരും ഉണ്ട് എന്നാണ് പുസ്തകം പറയുന്നത്. ദുർജനങ്ങളെ കൊല്ലാനാണ് പുസ്തകം ആഹ്വാനം ചെയ്യുന്നത്. സനാതൻ സൻസ്തയുടെ ലക്ഷ്യമായ ഈശ്വരരാജ്യം സ്ഥാപിക്കുന്നതിനെ കുറിച്ചും ക്ഷത്ര ധർമ സാധനയിൽ പറയുന്നുണ്ട്. 'ശരിയായ സമയത്ത് സൻസ്തയുടെ സാധകർക്ക് ദൈവം ആയുധമെത്തിക്കും,' എന്ന് പറയുന്ന അത്തെവാലെ നാമജപം നടത്തുന്നവർ വെടിവെക്കുമ്പോൾ ലക്ഷ്യം കൃത്യമായിരിക്കുമെന്നും സമർത്ഥിക്കുന്നു. ഇത്തരം ആശയങ്ങിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടാവണം യുപിയിലെ ജയ് ശ്രീറാം വിളികൾ എന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്.

അതായത് കൃത്യമായ ഹിന്ദുത്വ ആശയധാരതന്നെയാണ് ഈ കൊലകൾക്ക് പിന്നിലുള്ളത്. പക്ഷേ പൊലീസ് ഇവയുടെ വേരുകൾ ഒന്നും തന്നെ കൃത്യമായി പരിശോധിച്ചിട്ടില്ല. അതായത് ജിഹാദി ഭീകരവാദത്തോട്, വിട്ടുവീഴ്ചയില്ലാതെ പ്രതികരിക്കുന്ന മോദി- അമിത്ഷാ കൂട്ടുകെട്ട്, ഹിന്ദുത്വ ഭീകരവാദികളോട് പലപ്പോഴും മൃദു സമീപനമാണ് സ്വീകരിക്കുന്നത്. തങ്ങൾക്ക് വേണ്ടപ്പെട്ടവരെ സംരക്ഷിച്ച് കഴിഞ്ഞ ശേഷം ബാക്കിയുള്ള ക്രിമിനലുകളെ പിടികൂടുക എന്നതാണ്, സർക്കാർ നയമെങ്കിൽ ഈ രാജ്യത്തെ ആർക്കും രക്ഷിക്കാനാവില്ല.

വാൽക്കഷ്ണം: സന്യാസിമാർ എന്ത് പറഞ്ഞാലും അത് അനുവദിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നാണ് പറയുക. തീർത്ഥാടന ടൂറിസം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി നേരത്തെ രാമായൺ എക്സ്പ്രസിലെ ജീവനക്കാർക്ക് കാവി വസ്ത്രവും രുദ്രാക്ഷവും റെയിൽവേ അനുവദിച്ചിരുന്നു. എന്നാൽ ട്രെയിനിൽ ഭക്ഷണം വിളമ്പുന്നവർക്ക് കാവി വസ്ത്രം യൂണിഫോം ആക്കിയത് ഹിന്ദു മതത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഉജ്ജയിൻ അഖാഡ പരിഷത്ത് ആരോപിച്ചു. ഈ ആവശ്യം മണിക്കൂറുകൾകൊണ്ട് കേന്ദ്രസർക്കാർ അംഗീകരിച്ചു. ജീവനക്കാരുടെ യൂണിഫോം മാറ്റി. മാസങ്ങൾക്ക് ശേഷം, 750 കർഷകരുടെ ജീവൻ പാലിഞ്ഞപ്പോഴാണ് കാർഷിക ബിൽ പിൻവലിച്ചതെന്ന് ഓർക്കണം.