124പേരെ കൊന്നതള്ളിയ ക്രുരൻ, ആയിരത്തോളം ആനകളെ വെടിവെച്ചിട്ട് കൊമ്പെടുത്ത കൊള്ളക്കാരൻ, 18 കോടിയോളം വിലമതിക്കുന്ന പതിനായിരത്തോളം ടൺ ചന്ദനത്തടി മുറിച്ചു കടത്തിയ കാട്ടുകള്ളൻ, 40 വർഷത്തോളം ഒളിവിൽ കഴിഞ്ഞ ഇയാളെ പിടിക്കാനായി സർക്കാർ ചെലവിട്ടത് 200 കോടിയിലേറെ രൂപ. ഒടുവിൽ 2004-ൽ പ്രത്യേക ദൗത്യസംഘത്തിന്റെ വെടിയേറ്റ് മരിച്ചപ്പോളും അയാൾ ഹീറോയായി. ലോക ചരിത്രത്തിലെ സമാനകളില്ലാത്ത ക്രമിനലാണ്, കൂസു മുനിസ്വാമി വീരപ്പൻ. കുറേക്കാലത്തിനുശേഷം ഈ വനം കൊള്ളക്കാരൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇതിന് കാരണമായതാവട്ടെ, നെറ്റ്ഫ്ളിക്സിൽ വന്ന ഒരു ഡോക്യു സീരിസാണ്. സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത 'ദ ഹണ്ട് ഫോർ വീരപ്പൻ' തമിഴ് മാധ്യമങ്ങളിടക്കം വലിയ ചർച്ചയാവുകയാണ്.

വീരപ്പൻ എങ്ങനെയാണ് ഉദയംകൊണ്ടതെന്നും, അയാൾ എങ്ങനെ ഹീറോ ആയി എന്നും ഈ ഡോക്യസീരീസ് സമഗ്രമായി അവലോകനം ചെയ്യുന്നുണ്ട്. സംവിധായകൻ സെൽവമണി പറയുന്നു. ''ആരാണ് വീരപ്പൻ, എന്തുകൊണ്ടാണ് അയാൾ ഉണ്ടായത്, എന്തുകൊണ്ടാണ് അയാളെ പിടിക്കാൻ ഇത്രയും വൈകിയത് എന്ന് അന്വേഷിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. ഇതിനായി, ഇതിനെ ഞങ്ങൾ നാല് പ്രമേയപരമായ ഭാഗങ്ങളായി വിഭജിച്ചു. ആദ്യം അവൻ എങ്ങനെ കാടിന്റെ രാജാവായി ജീവിച്ചു, പിന്നെ പൊലീസുമായുണ്ടായ ഏറ്റുമുട്ടൽ , മൂന്നാമത്തേത് എങ്ങനെ രാഷ്ട്രീയമായി മാറി, ഒടുവിൽ പിടിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളും പാളിച്ചകളും.''- വീരപ്പന്റെ ജീവിതം ഇത്ര സമഗ്രമായി പറയുന്ന ഡോക്യുഫിക്ഷൻ വിലിയ കാഴ്ചക്കാരെ ആകർഷിക്കുന്നുണ്ട്.

വീരപ്പന്റെ വിധവ മുത്തുലക്ഷ്മി, വീരപ്പന്റെ സഹായികൾ, മുൻ സംഘാഗങ്ങൾ, തമിഴ്‌നാട് ലിബറേഷൻ ആർമിയിലെ അംഗങ്ങൾ, നാട്ടുകാർ, അന്വേഷണാത്മക പത്രപ്രവർത്തകരരും ഫോട്ടോ ജേണലിസ്റ്റും ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർ, പ്രത്യേക ടാസ്‌ക് ഫോഴ്‌സ് അംഗങ്ങൾ തുടങ്ങിയവർ ഈ ഡോക്യുഫിക്ഷനിൽ കഥാപാത്രങ്ങളാണ്. ഒരേസമയം വീരപ്പന്റെ ക്രുരതകളും, വീരപ്പൻ വേട്ടയുടെ പേരിൽ ദൗത്യസേന നടത്തിയ ക്രൂരതകളും ചിത്രം എടുത്തു പറയുന്നുണ്ട്. സെൽവമണിയും സംഘവും ഈ ഡോക്യുസീരീസ് നിർമ്മിക്കാൻ നാല് വർഷമാണ് ചെലവഴിച്ചത്. രണ്ട് വർഷം ഗവേഷണത്തിനായും, രണ്ടുവർഷം ഷൂട്ടിങ്ങിനും.

ലൈഫ് ഓഫ് പൈയിൽ ആങ് ലീയുടെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച വ്യക്തിയാണ് സംവിധായകൻ സെൽവമണി സെൽവരാജ്. അതിനുശേഷം അദ്ദേഹം നിള എന്ന സിനിമ ചെയ്തു. ''ഫെസ്റ്റിവൽ സർക്യൂട്ടിൽ ആദരിക്കപ്പെട്ടി സിനിമായിരുന്നു ഇത്. പക്ഷേ നെറ്റ്ഫിളിക്സ് ഞങ്ങളുടെ ചെറിയ ബജറ്റ് സിനിമ വാങ്ങിയപ്പോൾ കാര്യങ്ങൾ മാറി. നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്ത ആദ്യത്തെ മൂന്ന് തമിഴ് സിനിമകളിൽ ഒന്നാണിത്. 2019-ൽ നെറ്റ്ഫ്ലിക്സ് എന്നോട് ഒരു കഥ ചോദിച്ചപ്പോൾ, വീരപ്പനെക്കുറിച്ച് ഒരു സാങ്കൽപ്പിക സീരീസ് ചെയ്യാനുള്ള ആശയം ഞാൻ മുന്നോട്ടുവച്ചു. പക്ഷേ അവർ പറഞ്ഞത് ഡോക്യു ഫിക്ഷൻ ഉണ്ടാക്കാനാതിരുന്നു. അങ്ങനെയാണ് ഇതിലെക്ക് എത്തുന്നത്''- സെൽവമണി സെൽവരാജ് പറയുന്നു. പക്ഷേ അതിന് കാര്യവുവുണ്ടായി. പത്തുസിനിമകൾ ചെയ്യുന്ന പേരാണ് ഒറ്റ സീരീസ് കൊണ്ട് സെൽവമണിക്ക് ഉണ്ടായത്. തമിഴകമെങ്ങും ഇപ്പോൾ വെബ്സീരീസിനെ പുകഴ്‌ത്തുകയാണ്. ഇതുവരെ പറയാത്ത ശ്രദ്ധേയമായ ചില കണ്ടെത്തലുകളും, ഡോക്യഫിക്ഷനിലുണ്ട്.


ലഹരി രഹിത ജീവിതം

ഇത്രയും കാലം കാട്ടിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞത് വീരപ്പന്റെ ചിട്ടയായ ജീവിതംമൂലമാണെന്നാണ് ഡോക്യമെന്റിയിലെ ഒരു കണ്ടെത്തിൽ. വീരപ്പന്റെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരും ഞെട്ടിയിരുന്നു. ''ചുവന്നു തുടുത്ത സ്പോഞ്ചു പോലെയുള്ള ശ്വാസകോശം. ഒരു പുകയിലക്കറ പോലും ഇല്ല. ഒരു രോഗത്തിന്റെയും ലക്ഷണങ്ങൾ ആ ശരീരത്തിൽ ഇല്ല. കൊളസ്ട്രോൾ തീർത്തും ഇല്ല. ഒട്ടും കൊഴുപ്പ് അടിയാത്ത രക്തധമനികൾ''. പോസ്റ്റ്മോർട്ടം ചെയ്യാനെടുത്ത മൃതദേഹത്തിന്റെ ആന്തരികാവയവങ്ങൾ കണ്ട് പൊലീസ് സർജന്മാർ അമ്പരന്നു. ഈ മൃതദേഹം ഒരു കുറ്റവാളിയുടേതാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. അതെ, വീരപ്പന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടാണിത്.


ആനയെ വെടിവയ്ക്കുമ്പോൾ വീരപ്പന് ഉന്നം പിഴയ്ക്കില്ല. അതേ ഉന്നവും നിഷ്ഠയും ചിട്ടയും ജീവിതത്തിലും പാലിച്ചു. അതാണ് ഇത്രയും കാലം ഒളിച്ചു ജീവിക്കാൻ കാരണം. ഒരു തരത്തിലുള്ള മലിനീകരണം പോലും ബാധിക്കാത്ത ശ്വാസകോശം വീരപ്പന് എങ്ങനെ ലഭിച്ചു? ഉത്തരം ലളിതം. ശുദ്ധമായ വായു ശ്വസിച്ചു, കാട്ടിലെ വെള്ളം കുടിച്ചു, ദിവസവും 40 കിലോമീറ്ററെങ്കിലും നടന്നു. അതായത്, പൊലീസും ഡോക്ടർമാരും കരുതിയതു പോലെ കുറ്റവാളിയുടെ ജീവിതരീതി ആയിരുന്നില്ല വീരപ്പന്റേത്. മദ്യത്തിനും ലഹരിക്കും അടിമപ്പെട്ടില്ല. പാചകം ചെയ്യുന്ന ഭക്ഷണം മാത്രമാണു കഴിച്ചത്. അത്രയും ശ്രദ്ധയായിരുന്നു വീരപ്പന് ജീവിതത്തിൽ.

ശരീരം ശ്രദ്ധിക്കാൻ വേണ്ടി മാത്രമല്ലെന്നാണ് അധികൃതരുടെ നിഗമനം. എതിരാളികളുടെ കണ്ണിൽ പെടാതിരിക്കാനും വേണ്ടി കൂടിയായിരുന്നു അത്. രണ്ടു സംസ്ഥാനങ്ങളിലെ ദൗത്യ സംഘങ്ങൾ തന്റെ പിന്നാലെയുണ്ട്. 220 കോടി രൂപയാണ് ഇതുവരെ വീരപ്പൻ വേട്ടയ്ക്കായി ചിലവഴിച്ചത്. രണ്ടായിരത്തിലേറെ വിദഗ്ധരായ ദൗത്യ സേനാംഗങ്ങൾ, ഹെലികോപ്റ്ററും തെർമൽ സ്‌കാനറും പോലുള്ള ഉപകരണങ്ങളും. എന്നിട്ടും അവർക്ക് വീരപ്പനെ കാട്ടിൽ പിടിക്കാനായില്ല. കാരണം, തന്റെ ശ്രദ്ധ നഷ്ടപ്പെടുന്ന ഒന്നിലും വീരപ്പൻ ഇടപെട്ടില്ല. പുകവലിച്ചാൽ ആ മണം എതിരാളികൾ തിരിച്ചറിയും, വഴികാട്ടും.

കന്നഡ നടൻ രാജ് കുമാറിനെ ബന്ദിയാക്കിയപ്പോൾ മാത്രമാണ് പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കാൻ തുടങ്ങിയത്. വിറകടുപ്പിൽ പാചകം ചെയ്താൽ പുക പുറത്തു വരുമെന്ന് ഭയന്നായിരുന്നു അന്ന് ആ കരുതൽ. വിസർജന ശേഷം അവ മൂടിയിടുന്ന ചില മൃഗങ്ങളുണ്ട്. ശത്രുക്കൾ തങ്ങളെ കണ്ടെത്താതിരിക്കാനാണ്. അതാണ് കാട്ടിലെ നിയമം. ആ നിയമം പാലിച്ചിരുന്നെങ്കിൽ ദൗത്യസംഘം വീരപ്പന്റെ ക്യാംപ് കണ്ടെത്താൻ കഴിയില്ലായിരുന്നു.


വഴിത്തിരുവായത് കറുത്ത മലം

വീരപ്പന്റെ പതനത്തിലേക്ക് നയിച്ച പിഴവുകൾ ഡോക്യമെന്റി പറയുന്നത് ശ്രദ്ധേയാമണ്. ദൗത്യ സേനയിലെ എസ്‌പി മോഹൻ നവാസ് ഇങ്ങനെ വിലയിരുത്തുന്നു.
''ഒന്നല്ല, ഏതാനും പിഴവുകൾ. അതാണ് നാലു പതിറ്റാണ്ട് രണ്ടു സംസ്ഥാനങ്ങളിലെ ദൗത്യസംഘങ്ങളെ വിദഗ്ധമായി കബളിപ്പിച്ചുള്ള വീരപ്പന്റെ ജീവിതത്തിന് അന്ത്യമാകാൻ കാരണം. 1993 ൽ മിഞ്ചിക്കുഴിയിൽ കുടിൽ കെട്ടി താമസിച്ചു, കൂട്ടാളികൾക്കൊപ്പംനിന്ന് ഫോട്ടോയും വിഡിയോയും എടുത്തു പുറത്തു വിട്ടു, ഒടുവിൽ കാടിനു പുറത്തു പോയി ചികിത്സ തേടാമെന്ന വാഗ്ദാനം വിശ്വസിച്ചു. ജനവാസ മേഖലയിൽനിന്നു 25 കിലോമീറ്റർ അകലെയാണ് മിഞ്ചിക്കുഴി എന്ന കൊടുംകാട്. മൂന്ന് മല കയറി ഇറങ്ങണം. ഇതുവരെ ആരും അവിടെ എത്തിയിട്ടില്ല.
1993ൽ മിഞ്ചിക്കുഴിയിൽ നടന്ന ഓപറേഷനിൽ മോഹൻ നവാസ്. അന്ന് മിഞ്ചിക്കുഴിയിൽ വീരപ്പന്റെ താവളം ദൗത്യ സംഘം തകർത്തിരുന്നു. ഇതോടെ 137 പേരുണ്ടായിരുന്ന സംഘം എട്ടു പേരായി ചുരുങ്ങി.

കാട്ടിൽ വീരപ്പന്റെ രീതി വേറിട്ടതാണ്. സാധാരണ ഒരു സ്ഥലത്തും അധികസമയം വീരപ്പൻ തങ്ങില്ല. ദിവസം 40 കിലോമീറ്റർ വരെ നടക്കും. അക്കാലത്ത് വീരപ്പന്റെ സംഘത്തിൽ 137 പേരുണ്ട്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന കൊള്ള സമൂഹം. ആരും വരില്ലെന്ന വിശ്വാസത്തിൽ അവിടെ കുടിൽ കെട്ടി താമസിച്ചു തുടങ്ങി. ഒരു ദിവസം വനത്തിൽ ദൗത്യസംഘം നടത്തിയ പരിശോധനയിൽ മനുഷ്യ വിസർജ്യം ഞങ്ങൾ കണ്ടു. കറുത്ത മലം. റാഗി കഴിക്കുന്നവരുടേത്. അരി കഴിക്കുന്ന നായാട്ടുകാർക്ക് മഞ്ഞ നിറമുള്ള മലമാണ്. അതോടെ പരിസരത്ത് വീരപ്പൻ സംഘം ഉണ്ടെന്നു സംശയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഞാൻ കുടിലുകൾ കണ്ടെത്തിയത്.

ഇപ്പുറത്തെ മലയിൽനിന്ന് ബൈനോക്കുലറിലൂടെ അവരെ കണ്ടു. എന്റെ കൂടെ 3 പേർ മാത്രമേയുള്ളൂ. ആക്രമിച്ചാൽ വിജയിക്കില്ല. അന്നുതന്നെ തിരിച്ചു പുറത്തു വന്നു. തമിഴ്‌നാട്, കർണാടക ദൗത്യസംഘങ്ങളും ബിഎസ്എഫും ചേർന്ന് പിറ്റേന്നുതന്നെ തിരച്ചിൽ നടത്തി. കടുത്ത ഏറ്റുമുട്ടലിൽ കുറച്ചു പേർ കൊല്ലപ്പെട്ടു. മറ്റുള്ളവരെ പിടിച്ചു. ആ സമയം വീരപ്പൻ അവിടെ ഇല്ലായിരുന്നു. വേട്ടയ്ക്ക് പോയതാണ്. ആക്രമണത്തിൽ സംഘം ചിതറി. 137 അംഗ സംഘം എട്ടായി ചുരുങ്ങി. പിന്നീട് അഞ്ചായും രണ്ടായും ഒതുങ്ങിയ സംഘം ഒടുവിൽ പൂജ്യത്തിലേക്കും വീണു. വീരപ്പൻ വേട്ടയിൽ വഴിത്തിരിവായത് മിഞ്ചിക്കുഴിയിലെ ഈ നീക്കമാണ്.

ക്രൂരരിൽ ക്രുരൻ

ക്രൂരനായ ആനക്കള്ളൻ, അതായിരുന്നു വീരപ്പനെന്ന് ഈ ഡോക്യുഫിക്ഷൻ അടിവരയിടുന്നു. പലവട്ടം ഞങ്ങൾ വീരപ്പന്റെ താവളത്തിൽ എത്തിയ ദൗത്യസേനാംഗങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. വെറും 5000 രൂപയ്ക്ക് വരെ വീരപ്പൻ ആനക്കൊമ്പ് വിൽക്കുമായിരുന്നു. ആനകളെ കൊല്ലുന്നതിൽ അയാൾ ആനന്ദം കണ്ടിരുന്നു. അത്രയും ക്രൂരമായാണ് കൊല. ആനയെ വെടിവച്ചിടും. ആന വീണു കഴിയുമ്പോൾ അതിന്റെ മുകളിൽ കയറിയിരുന്ന് ഹുങ്കാര ശബ്ദം മുഴക്കും. ആർത്തട്ടഹസിക്കും. അതിനു ശേഷം ആനയുടെ തുമ്പിക്കൈ മുറിക്കും. പ്രാണ വേദനയോടെ ആന അലറും. അതിലും ഉച്ചത്തിൽ വീരപ്പനും. അതിനു ശേഷം കോടാലികൊണ്ട് കൊമ്പിന് സമീപം വെട്ടിപ്പൊളിക്കും. കൊമ്പെടുക്കും. അത്ര ക്രൂരനാണെന്നാണ് ദൗത്യസേനാംഗങ്ങൾ പറയുന്നത്.

മനുഷ്യരോടും സമാനകൾ ഇല്ലാത്ത ക്രുരതായാണ് വീരപ്പൻ നടത്തിയത്. ഒരു റേഞ്ചറെ വെടിവെച്ചിട്ട് ജീവനോടെ പുഴുങ്ങിയത് അടക്കമുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കടുത്ത വിശ്വാസിയായ വീരപ്പൻ ആയുധപൂജക്ക് ശേഷമേ ആക്രമണത്തിന് ഇറങ്ങുമായിരുന്നുള്ളൂ. ഒറ്റുകാർ എന്ന് സംശമുള്ള നാട്ടുകാരെ വെടിവെച്ചകൊന്ന് കെട്ടിത്തൂക്കിയും അയാൾ ഭീതി പരത്തി. ഔദ്യോഗികമായി 124 കൊലകളാണ് വീരപ്പന്റെ പേരിലുള്ളത്. പക്ഷേ അനൗദ്യോഗികമായി ഇത് ഇരുനൂറിന് മുകളിൽ വരും.

''ഞങ്ങളേക്കാൾ കാട് വീരപ്പന് അറിയാം. ദൗത്യ സംഘം അടുത്തെത്തുമ്പോഴേക്ക് വീരപ്പനും കൂട്ടാളികളും രക്ഷപ്പെടും. പലവട്ടം ഞങ്ങൾ അയാളുടെ താവളത്തിൽ എത്തിയിരുന്നു. ഞങ്ങൾ എത്തും മുൻപ് അവർ രക്ഷപെട്ടെന്നും മനസ്സിലായി. സാമ്പാറും ചോറും മറ്റും അവിടെനിന്നു പിടിച്ചെടുത്തിട്ടുണ്ട്. ധർമപുരിക്ക് സമീപം ഹൊഗനക്കൽ മുതൽ പാലക്കാട് വാളയാർ അതിർത്തിയിലെ സെമന്തി മല വരെ നീണ്ടതായിരുന്നു വീരപ്പന്റെ സാമ്രാജ്യം. 2002 ൽ ദൗത്യ സംഘം തന്ത്രം മാറ്റി. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിയിൽ വ്യാപിച്ചു കിടക്കുന്ന വിശാലമായ കാടാണ് വീരപ്പന്റെ വിഹാര മേഖല. ഇതിനുള്ളിൽ വച്ച് അവരെ പിടികൂടുക എളുപ്പമല്ല. അതോടെയാണ് ചെറിയ കാട്ടിലേക്ക് വീരപ്പനെ ഒതുക്കാനുള്ള ശ്രമം നടത്തിയത്. ''- ഒരു ദൗത്യസേനാംഗം പറയുന്നു.

തുടർച്ചയായി വീരപ്പനെ പിന്തുടർന്നു. അങ്ങനെ കാവേരി നദിക്കു സമീപം പാലാർ വനത്തിലേക്ക് വീരപ്പൻ മാറി. തെക്ക് പാലാർ വനവും പടിഞ്ഞാറ് കാവേരി നദിയും. ഇതിനിടെ കണ്ണിനും അസുഖം വന്നു. രാത്രി യാത്ര ദുഷ്‌കരം, പകൽ മാത്രം കഷ്ടി സഞ്ചരിക്കാം. ഈ സമയത്താണ് വീരപ്പന് ചികിത്സ തേടണമെന്ന് തോന്നിത്തുടങ്ങിയത്. തിമിര ശസ്ത്രക്രിയ നടത്താമെന്ന് വിശ്വസിപ്പിച്ച് ദൗത്യ സംഘം വിരിച്ച വലയിൽ വീരപ്പൻ വീഴുകയും ചെയ്തു.

സേത്തുക്കുളിയെന്ന മാസ്റ്റർ ബ്രെയിൻ

വീരപ്പനെക്കാൾ കഴിവുള്ളയാളായാണ് അയാളുടെ സഹായിയും ബന്ധുവും, സന്തത സഹചാരിയമായ സേത്തുക്കുളി ഗോവിന്ദനെ ഡോക്യഫിക്ഷൻ വിശേഷിപ്പിക്കുന്നത്.
വീരപ്പനിൽ ആകൃഷ്ടനായി അദ്ദേഹത്തിന്റെ സംഘത്തിൽ ചേരുകയും കാട്ടിൽ അദ്ദേഹത്തിനൊപ്പം ജീവിക്കുകയും ചെയ്തശേഷം പതിനെട്ടുവർഷം തടവുശിക്ഷ അനുഭവിച്ച അൻപുരാജ് പറയുന്നത് സേത്തുക്കുളിയാണ് വീരപ്പന്റെ മാസ്റ്റർ ബ്രയിൻ എന്നാണ്.

''വീരപ്പൻ ചിന്തിക്കുന്ന മാത്രയിൽ സേത്തുക്കുളി ഗോവിന്ദൻ പ്രവർത്തിച്ചിരിക്കും. ഒരർത്ഥത്തിൽ വീരപ്പന്റെ മാസ്റ്റർ ബ്രെയിൻ ഗോവിന്ദനായിരുന്നു. ഓരോ വ്യക്തിയെയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന അപസർപ്പക പാടവം. നിരീക്ഷണങ്ങളിലെ കൃത്യത ഉന്നം തെറ്റാത്ത ഷാർപ്പ് ഷൂട്ടറാക്കി ഗോവിന്ദനെ മാറ്റി. പക്ഷികളുടെ ശബ്ദമനുകരിക്കാൻ എന്നെ പഠിപ്പിച്ചത് സേത്തുക്കുളിയാണ്. അയാൾക്ക് മുപ്പതോളം പക്ഷി-മൃഗാദികളുടെ ശബ്ദമനുകരിക്കാൻ അറിയാമായിരുന്നെന്നത് അതിശയോക്തിയല്ല. പാറക്കൂട്ടങ്ങൾക്കിടയിൽ മറഞ്ഞിരിക്കാനും തോക്കുകൾ ഉപയോഗിക്കാനും എന്നെ പഠിപ്പിച്ചത് വീരപ്പനും സേത്തുക്കുളി ഗോവിന്ദനുമായിരുന്നു. പുതുതായി സംഘത്തിലെത്തുന്നവർക്ക് ട്രെയിനിങ് നൽകുന്നതും സേത്തുക്കുളിയാണ്.''-അൻപുരാജ് പറയുന്നു.

''ഒരിക്കൽ ധിംഭത്തിലെ ഉൾക്കാട്ടിൽനിന്ന് മുതുമലയിയിലെ പുതിയ താവളത്തിലേക്ക് പോവുകയായിരുന്നു ഞങ്ങൾ. വീരപ്പനും സേത്തുക്കുളി ഗോവിന്ദനും ഞാനുമടങ്ങുന്ന ആറംഗ സംഘം. മുന്നിൽ വീരപ്പൻ, തൊട്ടുപിന്നാലെ ഞാൻ, എനിക്ക് പിറകിലായി സേത്തുക്കുളി ഗോവിന്ദനും. ആനത്താരയിലൂടെ ഞങ്ങൾ സഞ്ചരിച്ചുകൊണ്ടിരുന്നു. മുതുമലക്കാട് എത്തിത്തുടങ്ങുന്നതേയുള്ളൂ. തോളിൽ നാൽപതുകിലോയോളം വരുന്ന ഭാണ്ഡവും. എല്ലാവരുടെയും കയ്യിൽ തോക്കുകളുമുണ്ടായിരുന്നു. പെട്ടന്നാണ് ഞങ്ങളെ ഭീതിയിലാഴ്‌ത്തിക്കൊണ്ട് വനത്തിനുള്ളിൽ പതുങ്ങിയിരുന്ന അജാനുബാഹുമായ ഒരു കരടി മുന്നിലെത്തിയത്. ചിന്തിക്കാൻപോലുമുള്ള സമയമില്ലായിരുന്നു. ചെറിയ കുന്നിൻപുറമായതുകൊണ്ട് തോളത്തെ ഭാരം ഇറക്കിവെക്കാതെ വെടിവെക്കുക ദുഷ്‌കരമായിരുന്നു.

ഞാൻ തോക്ക് കൈയിലെടുക്കുന്ന മാത്രയിൽ മുന്നിലുണ്ടായിരുന്ന വീരപ്പൻ കരടിക്കുനേരെ ഉന്നംപിടിക്കുന്നത് ഒരുമിന്നായംപോലെ കണ്ടു. അതേനിമിഷത്തിൽ, വെടിപൊട്ടുകയും ഭീമൻകരടി നിലംപതിക്കുകയും ചെയ്തു. ഞാൻ അമ്പരന്നുനിൽക്കേ എല്ലാവരോടുമായി സേത്തുക്കുളി പറഞ്ഞു. 'ആ കരടിയുടെ ചെവിയുടെ കീഴേനോക്കൂ. ഞങ്ങൾ ചെന്നുനോക്കുമ്പോൾ സേത്തുക്കുളി പറഞ്ഞതുപോലെ കരടിയുടെ ചെവിഭാഗത്തിന് താഴെ 30 എം.എം തോക്കിൽനിന്ന് ചീറിപ്പാഞ്ഞ വെടിയുണ്ട ആഴ്ന്നിറങ്ങിയ ഭാഗത്തുനിന്നും ചോരയിറ്റിറ്റുവീഴുന്നുണ്ടായിരുന്നു. വീരപ്പനും എനിക്കും പിന്നിലായി നടന്ന സേത്തുക്കുളിയുടെ കൃത്യതയെ അളക്കാൻ ഇതിൽകൂടുതലായുള്ള ഉദ്ദാഹരണം ആവശ്യമില്ലായിരുന്നു. എനിക്കുറപ്പുണ്ട് വീരപ്പനെക്കാൾ ഷാർപ്പ് ഷൂട്ടർ സേത്തുക്കുളി ഗോവിന്ദൻ തന്നെയാണ്.

ഒരുദിവസം ഉച്ചമയക്കത്തിലേക്ക് വഴുതി വീഴുകയായിരുന്നു ഞാൻ. നല്ല വെയിലുള്ള കാലാവസ്ഥ. പെട്ടെന്ന് സേത്തുക്കുളി വേഗം വിറക് കൊണ്ടുവരാൻ പറഞ്ഞു. ഞാൻ അദ്ഭുതപ്പെട്ടു. ഭക്ഷണമുണ്ടാക്കുന്ന സമയത്ത് മാത്രമേ ഞങ്ങൾ വിറക് ശേഖരിക്കുകയുള്ളൂ. ഞാൻ കാട്ടിലേക്ക് മറഞ്ഞ് വിറക് കൊണ്ടുവരുന്ന മാത്രയിൽ തന്നെ മഴപെയ്യാൻ തുടങ്ങിയിരുന്നു. മഴപെയ്താൽ ഭക്ഷണം പാകം ചെയ്യാൻ നനഞ്ഞ വിറകുകൊണ്ട് കഴിയില്ലല്ലോ!. ഞങ്ങളുടെ ടെന്റിനോട് ചേർന്നുള്ള മൺപുറ്റിനുള്ളിലേക്ക് ഉറുമ്പിൻ കൂട്ടങ്ങൾ ധൃതിയിൽ കടന്നുപോകുന്നത് ഗോവിന്ദൻ വീക്ഷിക്കുകയായിരുന്നു.

ആറുപേരടങ്ങുന്ന രാണ്ടോ മൂന്നോ ഗ്രൂപ്പുകളായി തിരിച്ച് വീരപ്പൻ തങ്ങിയ താവളങ്ങളുടെ വിവിധ ഭാഗങ്ങളിൽ വിന്യസിക്കും. പുറത്തുനിന്ന് ആരെങ്കിലും വരുന്നുണ്ടോയെന്ന് വിവരം കൃത്യമായി വീരപ്പൻ അറിയും. വിവിധയിടങ്ങളിൽ വിന്യസിച്ചിരുന്ന സംഘാംഗങ്ങളെ സേത്തുക്കുളി രഹസ്യമായി നിരീക്ഷിച്ചിരുന്നുവെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുസംഭവമുണ്ടായി. വീരപ്പന്റെ ഗ്രൂപ്പിലുണ്ടായിരുന്ന രംഗസ്വാമിക്ക് ഗ്രാമത്തിൽ ഒരുപെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. ആർക്കുമറിയാത്ത രഹസ്യം. വീരപ്പൻപോലും അറിഞ്ഞിരുന്നില്ല. വേട്ടയ്ക്കെന്ന് പറഞ്ഞ്, രംഗസ്വാമി ചിലപ്പോൾ അപ്രത്യക്ഷനാകുന്നത് ഞാൻ ശ്രദ്ധിച്ചു. ആരുമറിയാതെ അന്തിയൂരിലെ ഗ്രാമത്തിലെത്തി രംഗസ്വാമി ആ പെൺകുട്ടിയോട് സംസാരിച്ചിരുന്നു. അമ്പതിലേറെ കിലോമീറ്ററുകൾ താണ്ടിയാണ് രംഗസ്വാമി പെൺകുട്ടിയെകണ്ട് തിരിച്ചെത്തിയിരുന്നത്. ഒരുസ്ഥലം നേരത്തെ നിശ്ചയിച്ച് അവിടെവച്ചായിരുന്നു ഓരോതവണയും അവർ കണ്ടുമുട്ടിയിരുന്നത്. പക്ഷേ, ആരുമറിയാത്ത ആ രഹസ്യം സേത്തുക്കുളി ഗോവിന്ദൻ മനസ്സിലാക്കി. ഒരിക്കൽ അന്തിയൂരിലെ ഗ്രാമത്തിൽനിന്നും തിരിച്ചെത്തിയ രംഗസ്വാമിയുടെ മുന്നിൽ സേത്തുക്കുളി നിന്നു. കാര്യം തിരക്കി. വീരപ്പന്റെ സംഘത്തിൽ സ്ത്രീ സംസർഗം പാടില്ലെന്നത് അലിഖിത നിയമമായിരുന്നല്ലോ!. പിന്നീടാരും രംഗസ്വാമിയെ കണ്ടിട്ടില്ല. ആരും അതേക്കുറിച്ച് ചോദിച്ചിട്ടുമില്ല. പൊലീസിനും രംഗസ്വാമി കൊല്ലപ്പെട്ടിരുന്നുവെന്ന് വിവരം ലഭിച്ചിരുന്നു.''- അൻപുരാജ് നേരതെ ്മാധ്യമങ്ങൾ മുന്നിൽ ഇക്കാര്യം പറഞ്ഞിരുന്നു.

വീരപ്പൻവേട്ടയുടെ മറവിൽ കൂട്ടബലാത്സഗം

വീരപ്പൻ വേട്ടയുടെ മറവിൽ ദൗത്യസേന നടത്തിയ മനുഷ്യാവാകാശ ലംഘനങ്ങൾ ഈ ഡോക്യുഫിക്ഷൻ എടുത്തു പറയുന്നു. താൻ അനുഭവിച്ച പീഡനങ്ങൾ വീരപ്പന്റെ ഭാര്യ വീരമുത്തുലക്ഷ്മി വിശദീകരിക്കുന്നത് മുതൽ നല്ലൂരിൽ നിരപരാധികളുടെ വീടുകൾ കത്തിച്ചതും, മുൻ ഡിജിപിയും പൊലീസ് കമ്മീഷണറുമായ ശങ്കർ എം ബിദാരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സേനയുടെ കസ്റ്റഡി പീഡനങ്ങൾ വരെ ചിത്രം പറയുന്നുണ്ട്.

വീരപ്പനെ പിടിക്കാൻ തമിഴ്‌നാട്- കർണാടക സർക്കാറുകൾ ചേർന്ന് സ്‌പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ച് വർഷങ്ങൾ കഴിഞ്ഞട്ടും അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒടുവിൽ ഗ്രാമീണർ വീരപ്പനെ സഹായിക്കയാണ് എന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. അതോടെ അവർ പ്രാപ്പനൻപ്പെട്ടി ഗ്രാമം വളഞ്ഞു. ആ ഗ്രാമത്തിലുള്ളവരാണ് വീരപ്പനെ? സംരക്ഷിക്കുന്നത് എന്ന് സ്‌ക്വാഡ് കണ്ടെത്തുന്നു. വീരപ്പന്റെ കൂട്ടുകാരെയും ബന്ധുക്കളെയും സ്‌പെഷ്യൽ സ്‌ക്വാഡ് ടാർജറ്റ് ചെയ്യുന്നു. ഗ്രാമീണരെ വേട്ടയാടുകയും സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുകയും ചെയ്യുന്നു. ചൂഷണത്തിനിരയായത് മുപ്പതിൽപരം സ്ത്രീകൾ എന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. എന്നാൽ, നൂറുകണക്കിന് സ്ത്രീകൾ എന്നാണ് ഗ്രാമീണർ പറയുന്നത്. വീരപ്പനെ പിടിക്കാനുള്ള അധികാരം വളരെ ഹീനമായി അവിടത്തെ സാധാരണ മനുഷ്യരുടെ മേൽ പ്രയോഗിക്കുകയായിരുന്നുവെന്ന് നക്കീരൻ ഗോപാൽ എന്ന തമിഴ് മാധ്യമപ്രവർത്തകൻ നേരത്തെ പറഞ്ഞിട്ടുണ്ട്.

വീരപ്പനെ കണ്ടെത്താനും ഇന്റർവ്യൂ എടുക്കാനും സത്യമംഗലം കാട്ടിൽ കയറിയ ആദ്യ ജേണലിസ്റ്റ് ആയ നക്കീരൻ ഗോപാൽ സൺ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ വർഷങ്ങൾക്കു മുമ്പേ ഇത് സൂചിപ്പിച്ചിരുന്നു. പിന്നീട് വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി മാധ്യമങ്ങളോട് ഇക്കാര്യം പറയുകയും ചെയ്തു. എന്നിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ആ സ്ത്രീകൾക്ക് നീതി ലഭിച്ചില്ല. പലപ്പോഴും വീരപ്പൻ അധികാരികളോട് പറഞ്ഞത്, സ്ത്രീകളെ ആക്രമിക്കരുത്, നമുക്ക് നേരിട്ട് ഏറ്റുമുട്ടാം എന്നാണ്. നക്കീരൻ ഗോപലന് നൽകിയ അഭിമുഖത്തിൽ വീരപ്പൻ ഇങ്ങനെ പറയുന്നുണ്ട്. വീരപ്പൻ ചെയ്തത് നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് എങ്കിലും വീരപ്പന് ശക്തമായ ജനപിന്തുണ ഉണ്ടായിരുന്നു എന്നും നക്കീരൻ ഗോപാൽ പറയുന്നു. വീരപ്പന്റെ അനിയനായ അർജുനനെയും ഉറ്റ സുഹൃത്തുക്കളേയും പൊലീസ് വധിക്കുന്നതോടുകൂടി വീരപ്പൻ പൊലീസുമായി നേരിട്ട് ഏറ്റുമുട്ടാൻ തയ്യാറാവുന്നു. ഈ കാലഘട്ടത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡിൽ സ്‌പെഷൽ ഇൻസ്‌പെക്ടറായിരുന്ന അശോക് കുമാറാണ് വീരപ്പനെ കിട്ടാത്ത ദേഷ്യത്തിന്? മുത്തുലക്ഷ്മിക്കും പാപ്പനപ്പെട്ടി ഗ്രാമത്തിലെ സ്ത്രീകൾക്കെതിരായും ലൈംഗിക ആക്രമണം അഴിച്ചുവിടുന്നത്. ആ സമയത്ത് തമിഴ്‌നാട് എസ്.ബി ആയിരുന്നു റാംബോ ഗോപാലകൃഷ്ണൻ.

1993-ൽ ആക്രമണം സഹിക്കാനാകാതെ വീരപ്പൻ ഗോപാലകൃഷ്ണന് ഒരു മെസ്സേജ് അയക്കുന്നുണ്ട്: 'ധൈര്യം ഇരുന്താ നേരിൽ വാടാ, പാക്കലാം പൊമ്പളങ്ക കിട്ടെ ഓ വീരത്തക്കാട്ടതെ' എന്നതായിരുന്നു ആ സന്ദേശം. പിന്നീട് റാംബോ ഗോപാലകൃഷ്ണൻ സ്‌പെഷ്യൽ പൊലീസുമായി വീരപ്പൻ പറഞ്ഞ കൊള്ളിമല കാട്ടിലേക്ക് ചെല്ലുന്നു. വീരപ്പൻ എറിഞ്ഞ ബോംബ് സ്‌പെഷൽ ഫോഴ്‌സിന്റെ വാൻ തകർത്തു, 22 പൊലീസ് ഓഫീസർമാർ കൊല്ലപ്പെട്ടു. തലനാരിലക്കാണ് റാംബോ രക്ഷപ്പെട്ടത്.

വീരപ്പനെ പിടികൂടാനുള്ള തിരച്ചിലിനിടെ മൂന്നുപതിറ്റാണ്ടുമുമ്പ് അരങ്ങേറിയ കൊടും ക്രൂരതകളെക്കുറിച്ച് നേരിട്ടന്വേഷിക്കാൻ മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. വേൽമുരുകൻ നേരിട്ട് വാച്ചാത്തി എന്ന ഗ്രാമത്തിലെത്തി അന്വേഷിച്ച കാര്യവും ഡോക്യമെന്റി പറയുന്നുണ്ട്. ധർമപുരി ജില്ലയിലെ വാച്ചാത്തിയെന്ന ആദിവാസി ഊരിലേക്ക് 1992 ജൂൺ 20-നാണ് 269 ഉദ്യോഗസ്ഥരടങ്ങുന്ന സംഘം കടന്നുകയറിയത്. ഗ്രാമീണർ വീരപ്പനെ സഹായിക്കുന്നെന്നും മുറിച്ചുകടത്തിയ ചന്ദനം സൂക്ഷിക്കുന്നെന്നും വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലുള്ള തിരച്ചിലാണെന്നാണ് പറഞ്ഞിരുന്നത്. രണ്ടുദിവസമെടുത്ത് വനപാലകരും പൊലീസും നടത്തിയ വേട്ടയിൽ 154 കുടിലുകൾ ചാമ്പലായി. 18 സ്ത്രീകൾ കൂട്ട ബലാത്സംഗത്തിനിരയായി. നൂറോളംപേരെ തല്ലിച്ചതച്ചു. വളർത്തുമൃഗങ്ങളെ കൊന്നുതിന്നു. 133 പേരെ കള്ളക്കേസ് ചുമത്തി ജയിലിലടച്ചു. ഈ രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങളും ഈ ഡോക്യുഫിക്ഷൻ തുറന്ന് കാട്ടുന്നുണ്ട്.

വീരപ്പൻ റോബിൻ ഹുഡ് അല്ല

വീരപ്പന് പൊതുവെ കിട്ടിക്കൊണ്ടിരിക്കുന്ന റോബിൻഹുഡ് പരിവേഷത്തെ ഈ ഡോക്യഫിക്ഷൻ തള്ളിക്കളയുന്നുണ്ട്. വീരപ്പൻ വല്ലപ്പോഴും ജനങ്ങളെ സഹായിച്ചിട്ടുണ്ട് എന്ന് മാത്രം. ചില്ലറ സഹായങ്ങൾ നൽകി എന്നല്ലാതെ അയാൾ ഒരു നാടിന്റെ രക്ഷകൻ ആയിരുന്നില്ല എന്ന് പലരും കൃത്യമായി പറയുന്നുണ്ട്. പാവപ്പെട്ടവരെ സഹായിക്കുന്ന മനസ്സോടെ പ്രവർത്തിച്ച റോബിൻ ഹുഡല്ല വീരപ്പൻ. മറിച്ച് വീരപ്പൻ പ്രതികാരരൂപിയായിരുന്നു. തനിക്കെതിരെ പ്രവർത്തിക്കുന്നുവെന്നു തോന്നിയവരെ അയാൾ ശിക്ഷിച്ചു. കൊന്നു. താളവാടിക്കു സമീപം തിമ്പം എന്നൊരു ഗ്രാമമുണ്ട്. അവിടെ ഒരു ക്ഷേത്രവും. ജടയൻ എന്നാണ് പ്രതിഷ്ഠയുടെ പേര്. ജടയൻ ശിവനാണ്. അവിടെയുള്ള ആളുകളുടെ പേരും ജടയൻ എന്നാണ്.

ഗ്രാമത്തലവന്റെ പേരും ജടയൻ എന്നാണ്. ഇദ്ദേഹം ദൗത്യസംഘത്തിലെ ഒരു പൊലീസുകാരനുമായി സൗഹൃദത്തിലായി. ഇതോടെ തന്റെ വിവരങ്ങൾ ചോരുമെന്ന് വീരപ്പൻ ഭയന്നു. ഒരു ദിവസം വൈകിട്ട് വീരപ്പൻ ഗ്രാമത്തിൽ വന്നു. ഗ്രാമത്തലവനായ ജടയൻ അവിടെ ഇല്ലായിരുന്നു. ദേഷ്യം മൂലം നിരപരാധികളായ സ്ത്രീകൾ ഉൾപ്പടെ 5 ഗ്രാമവാസികളെ വീരപ്പൻ കൊന്നു. അവരുടെ ജഡം ക്ഷേത്രത്തിൽ ഇട്ടു. കടുത്ത ദുഃഖത്തിലായ ഗ്രാമവാസികൾ അന്ന് ക്ഷേത്രം അടച്ചിട്ടു. 1994 ലാണ് സംഭവം. പിന്നീട് വീരപ്പന്റെ വധത്തിനു ശേഷമാണ് അവർ ക്ഷേത്രം വീണ്ടും തുറന്നത്. വീരപ്പൻ റോബിൻ ഹുഡല്ല പ്രതികാരരൂപിയാണെന്നു പറയാൻ കാരണങ്ങളിലൊന്ന് ഇതാണ്.

ഇത്തരക്കാർ വല്ലപ്പോഴും ഒരു നല്ല കാര്യം ചെയ്താൽ അതിനെ പെരുപ്പിച്ചു കാണിക്കുന്നത് സ്വാഭാവികമാണ്. കർണാടക സർക്കാർ നല്ലൂർ മേഖലയിലെ മാർബിൾ ക്വാറികൾ അടച്ചു പൂട്ടുന്നതിന് ഇടയാക്കിയത് വീരപ്പനാണ്. ക്വാറി ഉടമകളിൽനിന്ന് വീരപ്പൻ പണവും സ്ഫോടക വസ്തുക്കളും വാങ്ങുമായിരുന്നു. ഇത് പൊലീസിനെതിരെ ഉപയോഗിച്ചു. അതോടെ സർക്കാർ ക്വാറി അടച്ചു പൂട്ടി. അതോടെ ഗ്രാമവാസികൾക്ക് ജോലി നഷ്ടപ്പെട്ടു. കാരണം വീരപ്പനാണ്. പക്ഷേ ക്വാറി പൂട്ടിയതു മൂലം തൊഴിൽ നഷ്ടപ്പെട്ടുവെന്ന തരത്തിൽ പ്രചാരണം അഴിച്ചു വിടാൻ വീരപ്പന് കഴിഞ്ഞു. വീരപ്പൻ ഒറ്റുകാരനാണെന്ന് പറഞ്ഞ് നിരവധി നാട്ടുകാരെയാണ് തീർത്തത്. അയാളെ പേടിച്ച് ആഗ്രാമങ്ങളിലേക്ക് വിവാഹം പോലും നടക്കാതെയായി. സാമൂഹികമായു സാമ്പത്തികമായും ഒറ്റപ്പെട്ടു.

അയാൾ ഒരു മനുഷ്യമൃഗം

എന്തൊകൊണ്ടാണ് വീരപ്പനെ പിടിക്കാൻ ഇത്രയും വൈകിയത് എന്ന ചോദ്യത്തിനും കൃത്യമായ ഉത്തരം ഈ ഡോക്യുഫിക്ഷൻ നൽകുന്നുണ്ട്. കാരണം വനത്തിൽ കയറി ഒരു ഉടുമ്പിനെ പിടിക്കുന്നതുപോലെ ബുദ്ധിമുട്ടാണ് അയാളെ പിടിക്കാൻ. മനുഷ്യന്റെ മസ്തിഷ്‌കവും വന്യമൃഗത്തിന്റെ സ്വഭാവവുമുള്ള ഒരു ജീവി എന്നാണ് ഡോക്യമെന്റിൽ ഒരു സൈനിക ഉദ്യോഗസ്ഥൻ വീരപ്പനെ വിശേഷിപ്പിക്കുന്നത്. അയാൾ സ്വന്തം ഉൾവിളികളുടെയും ഊഹങ്ങളുടെയും അടിസ്ഥാനത്തിൽ ജീവിച്ചു. പെട്ടെന്നായിരിക്കും തീരുമാനം മാറ്റുന്നത്.

ഹ്യൂമൻ വിത്ത് ഫോക്സ് ബ്രെയിൻ' എന്നാണ് വീരപ്പനെ പലരും വിശേഷിപ്പിക്കുന്നത്.തന്ത്രശാലി, കൗശലക്കാരൻ, സമർഥൻ അതായിരുന്നു വീരപ്പൻ. കാട്ടിലാണ് ജനിച്ചതും ജീവിച്ചതും. ജന്മനാ വേട്ടക്കാരൻ. സേവി ഗൗണ്ടർ എന്ന നായാട്ടുകാരന്റെ സംഘത്തിലായിരുന്നു തുടക്കം. നായാട്ടിൽ മിടുക്കനായ വീരപ്പൻ പെട്ടെന്നുതന്നെ സംഘത്തിൽ പ്രധാനിയായി. നായാട്ടുകാരൻ പതിയിരുന്ന് ആക്രമിക്കാൻ മിടുക്കനാണ്. മൃഗങ്ങൾ തന്നെ കാണുന്നതിനു മുൻപ് അവരെ കീഴ്പ്പടുത്തണം. അതാണ് നായാട്ടുകാരന്റെ കഴിവ്. മൃഗങ്ങൾക്കാണ് മനുഷ്യരേക്കാൾ ഇന്ദ്രിയശക്തിയുള്ളത്. ശത്രുക്കളെ തിരിച്ചറിയാൻ മൃഗങ്ങൾക്കാണ് മനുഷ്യരേക്കാൾ കഴിവുള്ളത്.

ജന്തുലോകത്ത് രണ്ടു വിഭാഗമേയുള്ളൂ. ഇരകളും ഇരപിടുത്തക്കാരും. രണ്ടു കൂട്ടർക്കും തങ്ങളുടെ ശത്രുവിനെ തിരിച്ചറിയാൻ കഴിവുണ്ട്. പുല്ലു തിന്നുമ്പോഴും മാൻ ശത്രുവിന്റെ സാന്നിധ്യം തിരിച്ചറിയും. കുട്ടിവേട്ടക്കാരനായിരുന്നു വീരപ്പൻ. അന്നു മുതൽ ഈ ഗുണമുണ്ട്. ആനകൾക്കാണ് മനുഷ്യസാമീപ്യം അറിയാൻ കൂടുതൽ കഴിവ്. തുമ്പിക്കൈ ആട്ടി കാറ്റിന്റെ ഗതി പിടിച്ച് ആന മനുഷ്യന്റെ വരവ് ദൂരെ നിന്ന് അറിയും. ആന അറിയാതെ ആനയുടെ അടുത്ത് ചെല്ലാൻ വീരപ്പന് അറിയാം. കാറ്റടിക്കുന്നതിന്റെ എതിർദിശയിലൂടെയാണ് കുട്ടിയായിരുന്ന വീരപ്പൻ ആന അറിയാതെ അടുത്ത് എത്തുക. എന്നിട്ട് വെടിവയ്ക്കും. വീരപ്പൻ വലുതായപ്പോൾ ഈ കഴിവുകളും വളർന്നു. ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയും. തന്ത്രങ്ങളുടെ രാജാവായിരുന്നു വീരപ്പൻ. അതുകൊണ്ടാണ് അയാൾ ഇത്രലും കാലം ജീവിച്ചുപോന്നത്. ദൗത്യസംഘം തലവനായിരുന്ന കെ. വിജയകുമാർ അതുപോലെ കാടിന്റെ രീതികൾ പഠിച്ച് തന്റെ ഫോഴ്സിനെ വളർത്തിയെടുത്തു. അങ്ങനെ വീരപ്പനെ ഒരു ചെറിയ പ്രദേശത്തേക്ക് ഒതുക്കി. സമർത്ഥമായി പുറത്തിറക്കി കെണിയിലാക്കി. കാട്ടിൽവച്ചാണെങ്കിൽ, അയാൾ ഒരു മൃഗത്തെപ്പോലെ വഴുതി മാറുമായിരുന്നു.

വിഷം നൽകിയാണ് വീരപ്പനെ കൊന്നത് എന്ന സിദ്ധാന്തങ്ങളെയും ഡോക്യമെന്റി വിലയിരുത്തുന്നുണ്ട്. വീരപ്പനെ എങ്ങനെയാണു പിടിച്ചതെന്നും വധിച്ചതെന്നും വ്യക്തമായും കൃത്യമായും ദൗത്യസംഘം വിശദീകരിച്ചിട്ടുണ്ട് തർക്കങ്ങൾ നിലനിൽക്കയാണ്. പക്ഷേ ഒരു കാര്യത്തിൽ ദൗത്യസംഘത്തിന് ആശ്വസിക്കാം. പിൻഗാമികൾ ഇല്ലാതെ വീരപ്പൻ സംഘത്തെ തുടച്ചു നീക്കാൻ അവർക്കായി. വീരപ്പന്റെ സ്വത്തുകൾ പോലും ആർക്കും കിട്ടിയില്ല. വീരപ്പൻ മരിച്ചതോടെ വനന്താരങ്ങളിൽ പല ഭാഗത്തും വീരപ്പൻ തന്റെ സമ്പാദ്യം പ്ലാസ്റ്റിക് കൂടുകളിൽ പൊതിഞ്ഞ് കുഴിച്ചിട്ടിട്ടുണ്ടെന്നും കഥയിറങ്ങി. അതന്വേഷിച്ചു പലരും കാടു കയറി. ആർക്കും ഒന്നും കിട്ടിയില്ല. ഇന്ന് ഈ കാടുകളിൽ സംഘടിതമായ ആനവേട്ടയും ചന്ദന വേട്ടയും ഇല്ലാതായി. വീരപ്പൻ വേട്ടയ്ക്കു ശേഷം ദൗത്യസംഘം മാവോ വേട്ടയുമായി സത്യമംഗലം മേഖലയിൽ തുടരുകയും ചെയ്തു.

വാൽക്കഷ്ണം: വീരപ്പന്റെ യഥാർഥ പിൻഗാമികൾ ആനകളാണ്. വീരപ്പന്റെ പതനശേഷം വളർന്നത് ഇവരാണ്. 40 വർഷംകൊണ്ട് ആയിരത്തിലേറെ കൊമ്പനാനകളെയാണ് വീരപ്പൻ കൊന്നത്. ഇനി കാട്ടിൽ ഒരു കൊമ്പനും ഇല്ലെന്നും ഉള്ളത് തള്ളയാനയുടെ ഗർഭത്തിലാണെന്നും വീരപ്പൻ വീമ്പു പറയുമായിരുന്നു. അക്കാലത്ത് 200 പിടിയാനകൾക്ക് ഒരു കൊമ്പൻ എന്നതായിരുന്നു കണക്ക്. 2004 നു ശേഷം സ്ഥിതി മാറി. ഇന്നു 10 പിടിയാനകൾക്ക് ഒരു കൊമ്പൻ എന്ന നിലയിലേക്ക് അത് വളർന്നിരിക്കുന്നു.