രുഗ്ലാസ് ചായകുടിക്കാൻ ഒരു ചാക്ക് പണം കൊടുക്കേണ്ടി വരുന്ന രാജ്യം. ഒരു ബ്രഡ് വാങ്ങാൻ രണ്ടുചാക്ക് പണം കൊടുക്കണം. ഓരോ മണിക്കൂറിലും വില കൂടുകയാണ്. രാവിലെ ഒരു സ്ഥലത്തേക്ക് നിങ്ങൾ ടിക്കറ്റ് എടുത്ത് ബസിൽ പോയി എന്നിരിക്കട്ടേ. വൈകീട്ട് തിരിച്ചുവരുമ്പോൾ ടിക്കറ്റ് ചാർജ് ഇരട്ടിയായിരിക്കും. നോട്ടിന് വിലയില്ലാതായതോടെ ആ രാജ്യം വലിയ വലിയ തുകയുടെ ഒറ്റനോട്ട് അടിച്ചിരുന്നു. ആയിരത്തിനും രണ്ടായിരത്തിനുമൊന്നും ഒരു വിലയില്ലാതായതോടെ ഒരു ലക്ഷത്തിന്റെയും പത്തുലക്ഷത്തിന്റെയും ഒറ്റനോട്ട് അവർ അടിച്ചു! എന്നിട്ടും വില വർധന പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. പിന്നെ ഒരു ബില്യണിന്റെ ഒറ്റ നോട്ട് അടിക്കയാണ്. ഒരു ബില്യൺ എന്നാൽ നൂറുകോടിയാണെന്ന് ഓർക്കണം. പിന്നെ നൂറു ബില്യണിന്റെ ഒറ്റനോട്ട് അടിച്ചു. പക്ഷേ എന്നിട്ടും രക്ഷയില്ല, ഒരുവിൽ അടിച്ചടിച്ച്, നൂറ് ട്രില്ല്യന്റെ ഒറ്റനോട്ട് അടിച്ചു!

2007-2008 കാലത്ത് സിംബാബ്വേ എന്ന ആഫ്രിക്കൻ രാജ്യത്തിന്റെ അവസ്ഥ അതായിരുന്നു. ഇപ്പോൾ സ്വർണ്ണ കോയിൻ അടക്കം ഇറക്കി വിലക്കയറ്റം പിടിച്ചു നിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും, ആ രാജ്യത്തിന്റെ അവസ്ഥ അത്രയൊന്നും മെച്ചപ്പെട്ടിട്ടില്ല. ഹൈപ്പർ ഇൻഫ്ളേഷന്റെ ഭയാനകമായ അവസ്ഥ മാറിയെന്ന് മാത്രം. പക്ഷേ ഇപ്പോൾ സിംബാബ്വേ വീണ്ടും വാർത്തകളിൽ നിറയുന്നത്, ഈ വർഷത്തെ ലോക ദുരിത സൂചികയിൽ മുന്നിലെത്തിയതോടെയാണ്. ഓരോ രാജ്യത്തും നിലനിൽക്കുന്ന സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി രാജ്യങ്ങളെ വിലയിരുത്തുന്ന, പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ സ്റ്റീവ് ഹാങ്കെയുടെ വാർഷിക ദുരിത സൂചിക പ്രകാരമാണ് ലോകത്തെ ഏറ്റവും ദയനീയ രാജ്യമായി സിംബാബ്വെ തെരഞ്ഞെടുക്കപ്പെട്ടത്.

1980ൽ ബ്രിട്ടീഷുകാരിൽ നിന്ന് സ്വതന്ത്ര്യം കിട്ടുമ്പോൾ ആഫ്രിക്കയിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രമായിരുന്ന സിംബാബ്വെയെ ഈ രീതിയിൽ തകർത്തത് ആരാണ്? ഭരണാധികാരികളുടെ തെറ്റായ നയങ്ങളും സോഷ്യലിസ്റ്റ് വിഭ്രാന്തികളും എന്ന് ഒറ്റവാക്കിൽ ഉത്തരം പറയാം. സോഷ്യലിസത്തിന് വലിയ വളക്കൂറുള്ള കേരളവും, രണ്ടായിരത്തിന്റെ നോട്ട് അടക്കം നിരോധിച്ച് കളിക്കുന്ന ഇന്ത്യൻ ഭരണാധികാരികളും ഒരുപോലെ, മനസ്സിലാക്കേണ്ടവയാണ് സിംബാബ്വെയുടെ അനുഭവം.

വില്ലനും നായകനും ഒരാൾ

സിംബാബ്വെക്ക് സ്വതന്ത്ര്യം നേടിക്കൊടുത്തതും ആ രാജ്യത്തെ തകർത്തതുമെല്ലാം റേബാർട്ട് മുഗാബെ എന്ന സ്വയം ലെനിനിസ്റ്റ് എന്നും സോഷ്യലിസ്റ്റ് എന്നും വിശേഷിപ്പിക്കുന്ന നേതാവ് ആണ്. സിംബാബ്വെയുടെ നായകനും വില്ലനും ആ വ്യക്തിയാണ്. 1921 ഫെബ്രുവരി 24ന് ജനിച്ച മുഗാബെ, 1950 കളിൽ ഘാനയിൽ അദ്ധ്യാപകനായാണ് ആദ്യം ജോലി നോക്കിയിരുന്നത്. 1960 ൽ നാഷണൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രചാരണ സെക്രട്ടറിയായാണ് അദ്ദേഹം രാഷ്ട്രീയ രംഗത്തേക്കെത്തുന്നത്.

1963 ൽ സിംബാബ്വെ ആഫ്രിക്കൻ നാഷണൽ യൂണിയൻ രൂപീകരിച്ചു. ബ്രിട്ടനിൽ നിന്നുള്ള സ്വാതന്ത്ര്യമായിരുന്നു അവരുടെ ആവശ്യം. ടാൻസാനിയ കേന്ദ്രമാക്കിയായിരുന്നു പ്രവർത്തനം. 1964ൽ അറസ്റ്റിലായതിനെ തുടർന്ന് മുഗാബെയ്ക്ക് പത്ത് വർഷം ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നു. 1974 ൽ ജയിൽ മോചിതനായ ശേഷം മൊസാംബിക് ആസ്ഥാനമായി ഗറില്ലാ മുന്നേറ്റത്തിന് നേതൃത്വം നൽകി. അതിരൂക്ഷമായ പോരാട്ടത്തിൽ നിരവധി പേർ രക്തസാക്ഷികളായി. അങ്ങനെ ചോര ചിന്തിയാണ് അവർ രാജ്യം പിടിച്ചുവാങ്ങുന്നത്. മൊഗാബെയും അദ്ദേഹത്തിന്റെ സാനു പിഎഫ് എന്ന പാർട്ടിയും നാഷണൽ ഹീറോകളായി.

1980 ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ട റെഡോഷ്യയെ റിപ്പബ്ലിക്ക് ഓഫ് സിംബാബ്വെ എന്ന് നാമകരണം ചെയ്യപ്പെട്ടു. പുതിയ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായി മുഗാബെ മാറി. പക്ഷേ അപ്പോഴും മുഗാബെയെ അംഗീകരിക്കാത്ത ഒരു വിഭാഗം ഉണ്ടായിരുന്നു. ജോഷ്വോ നക്കോബയുടെ നേതൃത്വത്തിൽ അവർ രാജ്യത്തിനെതിരെ യുദ്ധം തുടങ്ങി. പക്ഷേ ഇവരെ അതിക്രൂരമായാണ് മുഗാബെ അടിച്ചമർത്തിയത്. കമ്യൂണിസ്റ്റ് ആയതുകൊണ്ട് ഉത്തരകൊറിയയുമായി നല്ല അടുപ്പമുണ്ടായിരുന്നു മുഗാബെക്ക്. തന്റെ സൈന്യത്തെ അവിടെ കൊണ്ടുപോയി പരിശീലിപ്പിച്ച് മുഗാബെ എതിർശബ്ദങ്ങളുടെ ചിറകരിഞ്ഞു. ഇരുപതിനായിരത്തോളം പേരെയാണ് അക്കാലത്ത് കശാപ്പു ചെയ്തതത്.

പക്ഷേ 80മുതൽ 87വരെ വലിയ കുഴപ്പമില്ലാതെയാണ് രാജ്യത്തെ സാമ്പത്തിക രംഗം മുന്നേറിയത്. 87ൽ മുഗാബെ ഒരു ഭരണഘടനാ ഭേദഗതി കൊണ്ടുവന്ന് രാജ്യത്തിന്റെ പ്രസിഡന്റായി. ജോഷ്വോ നക്കോബയുമാലി സന്ധി ചെയ്തു. തുടർന്ന് 2017 വരെ ആ സ്ഥാനത്ത് തുടർന്നു. അതിനിടയിൽ അദ്ദേഹം നടത്തിയ ചില സോഷ്യലിസ്റ്റ് വിഡ്ഡിത്തങ്ങളാണ് രാജ്യത്തിന്റെ അടപ്പിളക്കിയത്.

സോഷ്യലിസ്റ്റ് വിഭ്രാന്തികൾ

93 വരെ സിംബാബ്‌വെയുടെ സാമ്പത്തിക രംഗം വലിയ തകർച്ചയില്ലാതെ മുന്നോട്ട് പോവുകയായിരുന്നു. അപ്പോഴാണ് മുഗാബെക്ക് ഒരു സോഷ്യലിസ്റ്് ഉൾവിളിയുണ്ടായത്. അങ്ങേർ എക്കണോമിക്കൽ സട്രക്ച്ചറൽ അഡ്ജസ്റ്റ്മെന്റ് പ്രോഗ്രാം എന്ന പുതിയ ഭൂപരിഷ്‌ക്കരണ നടപടികൾ തുടങ്ങി. അതായത് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷവും സിംബാബവേയിൽ, കറുത്തവർഗക്കാർ പിന്നാക്ക അവസ്ഥയിലായിരുന്നു. സ്വന്തമായി സ്വത്തുക്കൾ ഇല്ല. വെള്ളക്കാർ താരമമ്യേന സമ്പന്നരായിരുന്നു. ഈ അവസ്ഥ മാറ്റാനായി വെളുത്തവരിൽ നിന്ന് ഭൂമി പിടിച്ചെടുത്ത് കറുത്തവർക്ക് വിതരണം ചെയ്യുമെന്ന് മുഗാബെ പ്രഖ്യാപിച്ചു. വെളുത്തവർഗക്കാരായ ഭൂ ഉടമകൾ സ്വമേധയാ സ്ഥലം വിട്ടുനൽകണമെന്നും കൂട്ടാക്കാത്തവരെ രാജ്യത്തിനു പുറത്താക്കുമെന്നും പ്രഖ്യാപനം വന്നു. നാലായിരത്തോളം കർഷകർക്കു ഭൂമി നഷ്ടമായി. അതോടെ ഒരുപാട് വെള്ളക്കാർ രാജ്യം വിട്ടുപോയി.

പക്ഷേ അതോടെ മറ്റൊരു പ്രശ്നമുണ്ടായി. രാജ്യത്തിന്റെ കാർഷിക വ്യവസ്ഥ തകരാറിലായി. ഇങ്ങനെ വെള്ളക്കാരിൽനിന്ന് പിടിച്ചെടുത്ത ഭൂമി കിട്ടിയത് യഥാർത്ഥ കർഷകർക്കായിരുന്നില്ല, മുഗാബെയുടെ പാർട്ടിക്കാർക്കും ശിങ്കിടികൾക്കും ആയിരുന്നു. ഇനി കറുത്തവർഗക്കാരിൽ ഭൂരിഭാഗത്തിനും ആവട്ടെ ആധുനികമായ ശാസ്ത്രീയ കൃഷി അറിയുമായിരുന്നില്ല. അതോടെ ഭൂമി തരിശായി കിടന്നു. അതോടെ ഉത്പാദനം കുത്തനെ ഇടിഞ്ഞു. സിംബാബ്വെയുടെ സാമ്പത്തിക തകർച്ച ഇവിടെ തുടങ്ങുകയാണ്. 2001 ഒക്ടോബർ 15 സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമ്പദ് വ്യവസ്ഥയിലേക്കു മാറകയാണെന്ന പ്രഖ്യാപനം മുഗാബെ നടത്തി.

ഇതോടൊപ്പം വലിയ അഴിമതി ആരോപനങ്ങളും മനുഷ്യാവകാശലംഘനങ്ങളുടെ മുഗാബെ ഭരണകൂടത്തിനുനേര ഉയർന്നു. ജന്മനാട്ടിൽനിന്ന് ആട്ടിയോടിക്കപ്പെട്ട മനുഷ്യരുടെ പരാതികൾ കൂടിയായതോടെ അമേരിക്കയും ബ്രിട്ടനും സിബാംബ്വെയെ സാമ്പത്തികമായി ഉപരോധിച്ചു. വലിയ ബിസിനസ് ഗ്രൂപ്പുകൾ രാജ്യം വിട്ടു. കയറ്റുമതിയും ഇറക്കുമതിയും കുത്തനെ ഇടിഞ്ഞു. നാണയപ്പെരുപ്പവും വിലക്കയറ്റവും തുടങ്ങി. പക്ഷേ അപ്പോഴും മുഗാബെ ജനപ്രിയനായിരുന്നു. ഒരോ തെരഞ്ഞെടുപ്പിലും അയാൾ വലിയ ഭൂരിപക്ഷത്തിന് ജയിച്ച് കയറി.

നൂറു ബില്യണിന്റെ ഒറ്റനോട്ട്

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ദീർഘവീക്ഷണമുള്ള ആരുംതന്നെ മുഗാബെക്ക് ഒപ്പം ഉണ്ടായിരുന്നില്ല. വിലക്കയറ്റവും നാണയപ്പെരുപ്പവും വർധിക്കാൻ തുടങ്ങി. അതിനിടെ 98മുതൽ 2003വരെ രണ്ടാം കോംഗോ യുദ്ധം നടന്നു. ഈ പാപ്പരായി തുടങ്ങുന്ന അവസ്ഥയിലും മുഗാബെ കോംഗോയിലെ പ്രശ്നത്തിൽ കക്ഷിചേർന്നു. അങ്ങോട്ട് പട്ടാളത്തെ അയച്ച് കോംഗോയെ സഹായിച്ചു. പട്ടാളക്കാർ രണ്ടു വർഷം അവിടെ സേവനം അനുഷ്ഠിക്കുന്നു. അവർ തിരിച്ചുവന്നപ്പോഴാണ് മറ്റൊരു പ്രശ്നം ഉണ്ടായത്. ശമ്പളം കൊടുക്കാൻ പണമില്ല. അപ്പോഴാണ് മുഗാബെ നോട്ട് അടിച്ചിറക്കാൻ ഉത്തരവിടുന്നത്.

രാജ്യത്തെ സെൻട്രൽ ബാങ്ക് ഇഷ്ടംപോലെ നോട്ടടിച്ചുകൂട്ടി പട്ടാളക്കാർക്ക് ശമ്പളം ശകാടുത്തു. മാർക്കറ്റിൽ പണം ഇറങ്ങി. പക്ഷേ പണത്തിന്റെ ആവശ്യം വീണ്ടും വന്നു. ആയുധങ്ങൾ വാങ്ങണം. സിംബാബ്വെയിൽ അടിക്കടി, ഗോത്രയുദ്ധങ്ങളും, ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളും നടക്കുന്ന സമയമാണ്. അതിനും മുഗാബെക്ക് ഒരു പോംവഴിയെ ഉണ്ടായിരുന്നുള്ളൂ. നോട്ടടിക്കുക. അങ്ങനെ വീണ്ടും നോട്ടടിച്ച് ആധുധങ്ങൾ വാങ്ങി. നോട്ടുകൾ ഒരുപരിധിയുമില്ലാതെ ഇറങ്ങിയതോടെ നാണയപ്പെരുപ്പവും വിലക്കയറ്റവും വർധിച്ചു. 2002ൽ 199 ശതമാനം, 2003ൽ 599 ശതമാനം, 2006ൽ 1281 ശതമാനം,... വാണം വിട്ടപോലെ വില കയറി. 2007 ആയപ്പോഴേക്കും ഒരു ബ്രഡിന് രണ്ടോ മൂന്നോ ചാക്കിൽ പണം കൊണ്ടുപോണം എന്ന അവസ്ഥയായി.

നാണയപ്പെരുപ്പം കൂടിയതോടെ ചെറിയ നോട്ടുകൾ ഒന്നും ആരും എടുക്കാതെ ആയി. അപ്പോഴാണ് വലിയ തുകകളുടെ നോട്ട് അടിക്കാൻ മുഗാബെ ഭരണകുടം തീരുമാനിക്കുന്നത്. ഒരു ലക്ഷത്തിന്റെയും പത്തുലക്ഷത്തിന്റെയും ഒറ്റനോട്ട് അടിക്കുന്നു. അവിടെയും വില വർധന പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. പിന്നെ ഒരു ബില്യണിന്റെ ഒറ്റ നോട്ട് അടിക്കയാണ്. നൂറു ബില്യണിന്റെ ഒറ്റനോട്ട് അടിക്കുന്നു ഒരുവിൽ അടിച്ചടിച്ച്, നൂറ് ട്രില്ല്യന്റെ ഒറ്റനോട്ട് അടിക്കുന്നു. 2007-2008 ആഗോള സാമ്പത്തിക മാന്ദ്യം കൂടിവന്നതോടെ എല്ലാം കൈവിട്ടു. 786ന്റെ കൂടെ 8 പൂജ്യം ഇട്ടാൽ അത്രയും വലിയ നാണയപ്പെരുപ്പമായി. വിലക്കയറ്റം 98 ശതമാനമായി. അതായത്. ഇന്ന് ഒരു രൂപക്ക് വാങ്ങിയ സാധനത്തിന് നാളെ രണ്ടുരൂപ. ഇന്ന് കിട്ടിയ ശമ്പളം നാളെയാവുന്നതോടെ പകുതിയാവും. അതോടെ ജനം ജോലിക്ക് പോവാതെ ആയി.

ബാർട്ടർ സമ്പ്രദായത്തിലേക്ക്

ഇതോടെ ജനം സിംബാബ്വേയുടെ കറൻസിയായ സിംബാബ്വെ ഡോളർ ഉപയോഗിക്കുന്നത് നിർത്തി. അവർ മറ്റ് ആഫ്രിക്കൻ രാജ്യങ്ങളുടെ കറൻസിയും യുഎസ് ഡോളറും ഉപയോഗിക്കാൻ തുടങ്ങി. എന്നാൽ അത് സർക്കാർ നിരോധിച്ചു. പക്ഷേ മറ്റ് കറൻസികളുടെ ബ്ലാക്ക് മാർക്കറ്റ് സജീവമായി. ബിസിസിയുടെ ഒരു റിപ്പോർട്ട് പ്രകാരം ബസ് ഓടിക്കുന്നവരൊക്കെയാണ് ഏറെ കുടുങ്ങിയത്. അപ്പോൾ കിട്ടുന്ന കളക്ഷൻ ഉടൻ തന്നെ മറ്റ് രാജ്യങ്ങളിലെ കറൻസികളിലേക്ക് മാറ്റുകയാണ് അവർ ചെയ്തത്. ഓടിക്കൊണ്ട് ഇരിക്കെവേ ചാർജ്കൂടുമെന്നും അവർക്ക് അനൗൺസ് ചെയ്യേണ്ടിവന്നു.

പക്ഷേ ജനം മറ്റൊരു പരിപാടി തുടങ്ങി. അതായിരുന്നു ബാർട്ടർ സമ്പ്രദായം. ലോകത്ത് കറൻസി കണ്ടുപടിക്കുന്നതിന് മുമ്പുണ്ടായിരുന്നു അതേ രീതി. എന്റെ രണ്ട് ആടുകളെ താരം എനിക്ക് ഒരു ചാക്ക് അരി തരൂ എന്ന രീതി. അതുപോലെ മറ്റ് കറൻസികളുടെ കരിഞ്ചന്തയും അവർ ഉപയോഗപ്പെടുത്തി. രാജ്യം 80ൽ ഉണ്ടായപ്പോൾ, ഒരു സിംബാബ്വേ ഡോളർ ഒരു യുഎസ് ഡോളറിന് തുല്യമായിരുന്നു.

എന്നിട്ടും മുഗാബെ പേടിച്ചില്ല. അയാൾ പിന്നെയും നോട്ട് അടിച്ച് കൂട്ടാൻ ഉത്തരവിട്ടു. അങ്ങനെ നൂറ് ട്രില്ല്യന്റെ ഒറ്റനോട്ട് അടിച്ചു! ഒടുവിൽ നോട്ടടി നിർത്തിയത്, മഷിക്കും കടലാസിനും നോട്ടിനേക്കാൾ വില ആയതോടെയാണ്. അതോടെ അച്ചടി നിർത്തി. ഇനി വിദേശ കറൻസികൾ ഉപയോഗിച്ചോളൂ എന്ന് ഭരണകൂടം പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. അതോടെ ജനം ജോലിക്കുപോയി തുടങ്ങി. പക്ഷേ ഈ ദുരിതം ജനത്തിന്റെ അടിതെറ്റിച്ചു. മുഗാബെക്ക് എതിരെ രാജ്യവ്യാപകമായി വലിയ പ്രക്ഷോഭങ്ങൾ ഉണ്ടായി.

മുഗാബെ പുറത്താവുന്നു

2007 ജൂലൈ 16 എഡിൻബറോ യൂണിവേഴ്സിറ്റി മുഗാബെയ്ക്കു നൽകിയ ഓണററി ബിരുദം പിൻവലിച്ചു. 2008 ഏപ്രിൽ ഇലക്ടറൽ കമ്മിഷൻ പൊതുതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ മുഗാബെ പുറത്താവുമെന്നാണ് ലോകം കരുതിയത്. പക്ഷേ വ്യാപകമായ അക്രമവും, അറസ്റ്റുകളും ഉണ്ടായി. ക്രമസമാധനപ്രശ്നം രൂക്ഷമായതോടെ, മുഗാബെയുടെ എതിർസ്ഥാനാർത്ഥി മോർഗൻ സ്വൻഗിറായ് മൽസരത്തിൽനിന്നു പിന്മാറി. അതോടെ വീണ്ടും അധികാരം മുഗാബെയുടെ കയ്യിൽ. 2008ൽ തുടർച്ചയായ ആറാംതവണയും പ്രസിഡന്റായി ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.

പക്ഷേ രാഷ്ട്രീയ എതിരാളിയായ മോർഗൻ സ്വൻഗിറായുമായി അധികാരം പങ്കിടാൻ മുഗാബെ തയ്യാറായി. മോർഗൻ പധാനമന്ത്രിയായി നിയമിക്കപ്പെട്ടു. 2009 ഫെബ്രുവരി 28 മുഗാബെയുടെ 85ാം പിറന്നാളോഘോഷം നടക്കുമ്പോൾ രാജ്യം വലിയ സാമ്പത്തികത്തകർച്ചയിലായിരുന്നു. പക്ഷേ എന്നിട്ടും വർഷങ്ങളോളം മുഗാബെ തുടർച്ചയായി തെരഞ്ഞെടുപ്പുകൾ ജയിച്ചു. അതിലെല്ലാം വലിയ കൃത്രിമം ഉണ്ടായിരുന്നതായാണ് പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നത്.

നാല് പതിറ്റാണ്ടോളം സിംബാബ്വെ ഭരിച്ച മുഗാബെ 2017 നവംബറിലാണ് അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ടത്. 2017 സെപ്റ്റംബറിൽ മുഗാബെയ്‌ക്കെതിരെ രാജ്യത്ത് പ്രക്ഷോഭം ശക്തമാകുകയും അക്രമങ്ങൾ അരങ്ങേറുകയും ചെയ്തതോടെ സൈന്യം അധികാരം പിടിച്ചെടുക്കുകയായിരുന്നു. അഴിമതി കൈയോടെ പിടിച്ചതോടെ സ്വന്തം പാർട്ടിയായ സനു പിഎഫ്, തൊണ്ണൂറ്റിമൂന്നുകാരനായ മുഗാബയെ അധ്യക്ഷസ്ഥാനത്തുനിന്നു പുറത്താക്കി. തുടർന്ന് എമേഴ്സൻ നൻഗാഗ്വയെ പാർട്ടി നേതാവായി തിരഞ്ഞെടുത്തു. അദ്ദേഹമാണ് ഇപ്പോഴും രാജ്യത്തെ നയിക്കുന്നത്. അറസ്റ്റ് പേടിച്ച് സിങ്കപ്പൂരിലേക്ക് കടന്ന മുഗാബെ പിന്നെ ജന്മനാട്ടിലേക്ക് വന്നിട്ടില്ല. 2019 സെപ്റ്റംബർ 6ന് സിങ്കപ്പൂരിൽ വെച്ചുതന്നെ അദ്ദേഹം മരിക്കുകയും ചെയ്തു.

ആനക്കൊമ്പ് മാഫിയയായ രണ്ടാം ഭാര്യ

റോബർട്ട് മുഗാബെയെ ഈ രീതിയിൽ ജനവിരുദ്ധനാക്കിയതിന് പിന്നിൽ, അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയുടെ ആർത്തിയാണെന്ന് പൊതുവെ വിലയിരുത്തലുകളുണ്ട്. റോബർട് മുഗാബെയുടെ ഓഫിസിൽ സെക്രട്ടറിയായി വന്ന്, ഒടുവിൽ പ്രഥമവനിതയായ ഗ്രെയ്സ് മുഗാബെ (56) സിംബാബ്വെയിലെ കരുത്തുറ്റ കഥാപാത്രമായിരുന്നു. 40 വയസ്സിന് ഇളയ ഗ്രെയ്സുമായി മുഗാബെയുടെ പ്രണയബന്ധം ഔദ്യോഗികമാകുമ്പോൾ, ആദ്യഭാര്യ സാലി വൃക്കരോഗിയായി മരണക്കിടക്കയിലായിരുന്നു. നേരത്തേ വിവാഹിതയായിരുന്ന ഗ്രെയ്സ് ആ ബന്ധം വേർപെടുത്തി 1996 ൽ മുഗാബെയുടെ ഭാര്യയായി.

ആഡംബരജീവിതവും വിവാദ ഇടപെടലുകളുംകൊണ്ടു ഗ്രെയ്സ് വാർത്ത സൃഷ്ടിച്ചു.. ലക്ഷങ്ങൾ വിലമതിക്കുന്ന ആനക്കൊമ്പ് വിദേശത്തേക്കു കടത്തിയ കേസിൽ ഗ്രേസിനെതിരെ പൊലീസ് അന്വേഷണം നടത്തിയിരുന്നു. ചൈന, യുഎഇ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ ഭരണത്തലവന്മാർക്കുള്ള ഉപഹാരമെന്ന വ്യാജേനയായിരുന്നു ആനക്കൊമ്പു കയറ്റുമതി. വിദേശത്ത് എത്തുന്നതോടെ 'സമ്മാന'പ്പൊതികളെല്ലാം കരിഞ്ചന്തയിലേക്കു വഴിതിരിച്ചുവിടും. സർക്കാർ ഉദ്യോഗസ്ഥരിലാരോ വിവരം ചോർത്തിയതോടെയാണു ഗ്രേസ് മുഗാബെയുടെ തട്ടിപ്പു വെളിച്ചത്തായത്. 2013നും 2015നും ഇടയിൽ സിംബാബ്വെ ദേശീയോദ്യാനത്തിലെ നാനൂറോളം ആനകൾ സയനൈഡ് വിഷബാധ മൂലം ചരിഞ്ഞെന്നാണു കണക്കുകൾ. റോബർട് മുഗാബെയെ പുറത്താക്കി എമേഴ്സൻ നൻഗഗ്വ സിംബാബ്വെ പ്രസിഡന്റായതോടെ ആനവേട്ടയിൽ കുറവുവന്നിട്ടുണ്ടെന്നും അധികൃതർ പറയുന്നു.

സിംബാബ്വെ മുൻ പ്രഥമവനിത ഗ്രേസ് മുഗാബെയ്ക്കു പിഎച്ച്ഡി ലഭിക്കാൻ ഒത്താശ ചെയ്തു കൊടുത്ത സർവകലാശാല വൈസ് ചാൻസലറും അതിനിടെ അറസ്റ്റിലായി. വർഷങ്ങൾ നീണ്ട ഗവേഷണപഠനങ്ങൾ നിർബന്ധമാണെന്നിരിക്കെ, ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ പ്രഥമവനിത പിഎച്ച്ഡി ഒപ്പിച്ചെടുത്തതിന്റെ പേരിലാണ് പ്രഫ. ലെവി നയാഗുരയെ അറസ്റ്റു ചെയ്തത്. സർവകലാശാല സമിതിയുടെ അംഗീകാരമില്ലാതെ വിസി നേരിട്ട് ഇടപെടുകയായിരുന്നു. 2014ൽ, അന്ന് പ്രസിഡന്റായിരുന്ന ഭർത്താവ് റോബർട് മുഗാബെ നേരിട്ടെത്തിയാണു ഗ്രേസിനു പിഎച്ച്ഡി സമ്മാനിച്ചത്. ഇത് വ്യാജമാണെന്ന് അന്നേ വിവാദമുണ്ടായിരുന്നു. ഇങ്ങനെ മുഗാബെ കടുംബത്തിന്റെ ഉഡായിപ്പുകൾ അടിമുടി പിടിക്കപ്പെട്ടു.

ഒടുവിൽ സ്വർണ്ണനാണയം

സാമ്പത്തിക പ്രതിസന്ധി മാറികടക്കാൻ സിംബാബ്വേ പല ശ്രമങ്ങളും നടത്തി. അതിൽ പ്രധാനമായിരുന്നു ആന വിൽപ്പന. ഒന്നും രണ്ടുമല്ല 30,000 ആനകളെയാണ് അവർ വിറ്റത്. ആനകളുടെ വംശവർദ്ധനവാണ് അവയെ വിൽക്കാനുള്ള മുഖ്യ കാരണം. സിംബാബ്വേയിൽ ഇപ്പോൾ 8,40,000 ത്തിലധികം ആനകളുണ്ടെന്നാണ് കണക്ക്.ലോകത്തുള്ള മുഴുവൻ ആനകളുടെയും കണക്കെടുത്താൽ അതിന്റെ പകുതിയിയോളം ആഫ്രിക്കൻ രാജ്യങ്ങളായ സിംബാബ്വേ, നമീബിയ, ബോസ്വാന, സാംബിയ എന്നീ രാജ്യങ്ങളിലാണുള്ളത്. പക്ഷേ ഈ പണം ഒന്നും കടുത്ത സാമ്പത്തിക പ്രതിസദ്ധിക്ക് മുന്നിൽ ഒന്നുമല്ലായിരുന്നു.

അതിനിടെ സഹായിക്കാനായി കുറക്കൻ കണ്ണുമായി എത്തി ചൈനയെയും ജനം സംശയത്തോടെയാണ് നോക്കിയത്. ഖനന മേഖല ചൈനക്ക് തുറന്ന് കൊടുക്കാനായിരുന്നു സർക്കാറിന്റെ ശ്രമം. സിംബാബ്വേയിലെ ഗ്രാമീണർ ചൈനീസ് കമ്പനികളുടെ ഖനന പദ്ധതിക്ക് എതിരെ ശക്തമായ പ്രതിഷേധങ്ങൾ നടത്തി. ചൈനീസ് കമ്പനിയുടെ അത്യാർത്തി ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഉടനീളം വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമായി മാറിയിരിക്കുന്നു. ചൈന സിംബാബ്വേയെ വികസിപ്പക്കുകയല്ല മറിച്ച് സമ്പത്ത് കവർന്ന് കൊണ്ട് പോവുക എന്നായി വിമർശനം. പക്ഷേ എന്നിട്ടും സർക്കാർ പിന്മാറിയില്ല.

ഈ പ്രതിസന്ധിക്കിടയിലും സിംബാബ്വെയുടെ അഭിമാനം ഉയർത്തിയത്, ക്രിക്കറ്റിൽ അടക്കം മികച്ച നേട്ടങ്ങൾ കൈവരിച്ച കായികതാരങ്ങൾ ആയിരുന്നു. 2021 മെയ് 23 സിംബാബ്വേയുടെ ക്രിക്കറ്റ് താരം റയൻ ബേൾ ഒരു ട്വീറ്റ് ചെയ്തു. 'ഒരു സ്പോൺസറെ കിട്ടാൻ എന്തെങ്കിലും സാധ്യതയുണ്ടോ, ഓരോ സീരിസിന് ശേഷവും ഷൂ ഒട്ടിക്കേണ്ട ആവശ്യമുണ്ടാവാതിരിക്കാൻ.''- ട്വീറ്റിനൊപ്പം പാച്ച് വർക്ക് ചെയ്തുകൊണ്ടിരുന്ന ഒരു ജോടി ഷൂവിന്റെ ചിത്രവുമുണ്ടായിരുന്നു. ഒരു ഷൂപോലുമില്ലാതെ വിഷമിക്കുന്ന സമയത്താണ് അവർ വലിയ വിജയങ്ങൾ കൊയ്തിരുന്നത്. ഒരു ഇന്ത്യൻ ക്രിക്കറ്റർ വീടിന് പുറത്തേക്ക് കാൽ വച്ചാൽ ചുറ്റും ഫാൻസ് പൊതിയുമെങ്കിൽ, ഒരു സാധാരണക്കാരനെപ്പോലെ ജീവിക്കാവുന്ന സാഹചര്യമാണ് ഒരു സിംബാബ്വേ ക്രിക്കറ്ററുടേത്. പ്രശ്നം സാമ്പത്തികം തന്നെ.

മുഗാബെക്ക് ശേഷം വന്ന പ്രസിഡന്റ് എമേഴ്സൻ നൻഗാഗ്വ 2018ൽ പുതിയ കറൻസി കൊണ്ടുവന്നു. അതുവരെ അയൽ രാജ്യങ്ങളുടെ കറൻസിയും യുഎസ് ഡോളറുമാണ് അവർ ഉപയോഗിച്ച്. പക്ഷേ എന്നിട്ടും പ്രശ്നം തീർന്നില്ല. ഹൈപ്പർ ഇൻഫ്ളേഷൻ തുടർന്നു. അതിന് പരിഹാരമായി കഴിഞ്ഞ വർഷം സ്വർണ്ണകോയിനുകൾ നാണയമായി ഇറക്കാൻ തുടങ്ങി. സ്വർണ്ണത്തിന്റെ വില എന്തായാലും ഇടിയില്ലല്ലോ എന്ന് കണ്ടാണ് ഈ നീക്കം. നിലവിൽ 190 ശതമാനത്തിനും മേലേയാണ് ഈ രാജ്യത്തെ പണപ്പെരുപ്പനിരക്ക്. മൂൻ കാലത്തെ വെച്ചുനോക്കുമ്പോൾ ഇത് എത്രയോ മെച്ചപ്പെട്ട അവസ്ഥയാണെങ്കിലും, പ്രശ്നങ്ങൾ ഇനിയും ബാക്കിയാണ്. അതുകൊണ്ട് തന്നെയാണ് ലോകത്തിലെ ഏറ്റവും ദുരിതമുള്ള രാജ്യമായി ഈ നാട് തുടരുന്നതും.

വാൽക്കഷ്ണം: ഇഷ്ടം പോലെ നോട്ടടിച്ച് ഇറക്കണം എന്ന് ചാനൽ ചർച്ചകളിൽ ചിരിച്ചുകൊണ്ട് വാദിക്കുന്ന ഡോ തോമസ് ഐസക്കിനെപ്പോലുള്ളവർ നിർബന്ധമായും വായിക്കേണ്ടതാണ് സിംബാബ്വേയുടെ അനുഭവം. അതുപോലെ ഉള്ളവന്റെ കൈയിൽ നിന്ന് ബലപൂർവം പിടിച്ചെടുത്ത് ഇല്ലാത്തവന് കൊടുക്കുന്ന സ്യൂഡോ സോഷ്യലിസ്റ്റ് രീതികൾ അവസാനം എവിടെ എത്തുമെന്നും ഈ അനുഭവം ഓർമ്മിപ്പിക്കുന്നു. കേരളത്തിലും ഈ ആഫ്രിക്കൻ നാട്ടിൽനിന്ന് ഒരുപാട് പഠിക്കാനുണ്ട്.