ഗാനഗന്ധര്‍വന്‍ എന്നും ഗന്ധര്‍വഗായകന്‍ എന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന മലയാളത്തിന്റെ സ്വന്തം യേശുദാസിന്റെ മകനും സിനിമയില്‍ നിന്ന് നിരന്തരം അവഗണനകള്‍ നേരിട്ടുവെന്ന് പറഞ്ഞാല്‍ ആര്‍ക്കാണ് വിശ്വസിക്കാന്‍ കഴിയുക! മലയാളത്തില്‍ മാത്രമല്ല, ഇന്ത്യന്‍ ചലച്ചിത്ര ലോകത്തുതന്നെ നെപ്പോട്ടിസം വലിയ ചര്‍ച്ചയായ ഈ സമയത്ത്, വിജയ് യേശുദാസ് എന്ന ഗായകനും നടനുമായ യുവാവിന്റെ ജീവിതം പറയുന്നത് മറിച്ചുള്ള അനുഭവമാണ്. തുടക്ക കാലത്ത് 'ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേ ഉള്ളോ' എന്ന ചോദ്യമാണ് അയാള്‍ നിരന്തരം നേരിട്ടത്. പിതാവും പുത്രനും രണ്ട് വ്യക്തികളാണെന്നുള്ള അടിസ്ഥാന കാര്യം പോലും പരിഗണിക്കാതെ, പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും വലിയൊരു ശുദ്ധിവാദമാണ് സമൂഹം അയാളുടെ തലയില്‍ വെച്ചുകൊടുത്തത്.

പക്ഷേ അവിടെയാണ് വിജയ് യേശുദാസിന്റെ വ്യക്തിത്വത്തിന്റെ വിജയം. യേശുദാസിന്റെ മകന്‍ എന്ന നിഴലില്‍ നിന്ന് കുതറിച്ചാടി സിനിമയില്‍ അയാള്‍ തന്റേതായ സ്‌പേസ് ഉണ്ടാക്കി. അപ്പന്റെ കാലടികള്‍ പിന്തുടരാതെ പാട്ടിലടക്കം അയാള്‍ സ്വന്തമായി ഒരു സ്്‌റ്റെല്‍ ഉണ്ടാക്കി. യേശുദാസ് ജീന്‍സിനെതിരെ വിവാദ പ്രസംഗം നടത്തുമ്പോള്‍, മകന്‍ വിജയ് സ്റ്റെലിഷ് ജീന്‍സും ടീ ഷര്‍ട്ടുമായി ഗാനമേള നടത്തുകയായിരിക്കും. കട്ട ദൈവവിശ്വാസിയായ, കേരളത്തിലെ ദൈവങ്ങളെ പാടിയുറക്കുകയും, ഉണര്‍ത്തുകയും ചെയ്യുന്ന ദാസേട്ടന്റെ മകന്‍ ക്ഷേത്രത്തിലോ പള്ളിയിലോ പോകാത്ത അവിശ്വാസിയാണ്!

ഗായകന്‍ എന്ന നിലയില്‍ മാത്രമല്ല, നടനായും വിജയ് വെള്ളിത്തിരയില്‍ തിളങ്ങിയിട്ടുണ്ട്. തമിഴ് ചിത്രം മാരിയിലെ വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് തമിഴ് ചിത്രമായ പടൈവീരനിലും വിജയ് പ്രധാന വേഷത്തിലെത്തി. 2010 അവന്‍ എന്ന മലയാള ചിത്രത്തിലും വിജയ് അഭിനയത്തിലേക്ക് കടന്നത്. സാല്‍മണ്‍ ത്രീ ഡി, കോളാമ്പി തുടങ്ങിയ ഏതാനും ചിത്രങ്ങളില്‍ തുടര്‍ന്ന് അദ്ദേഹം വേഷമിട്ടു.

മലയാളത്തില്‍ ഭാവാര്‍ദ്രമായ മെലഡി ഗാനങ്ങള്‍ കുറയുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടയിലും വിജയ് യേശുദാസിന്റെ സ്വരത്തില്‍ അത്തരത്തിലുള്ള ഒരുപിടി നല്ല ഗാനങ്ങള്‍ മലയാളി കേട്ടു. 2000-ത്തില്‍ മില്ലേനിയം സ്റ്റാര്‍സ് എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചുകൊണ്ടാണ് പിന്നണി ഗാനരംഗത്തേക്ക് വിജയ് യേശുദാസ് എത്തുന്നത്. 2007-ല്‍ നിവേദ്യത്തിലെ കോലക്കുഴല്‍ വിളി കേട്ടോ, 2012-ല്‍ ഗ്രാന്‍ഡ് മാസ്റ്ററിലെ അകലെയോ നീ, സ്പിരിറ്റിലെ മഴകൊണ്ട് മാത്രം എന്നീ ഗാനങ്ങള്‍ക്കും, 2018-ല്‍ ജോസഫിലെ പൂമുത്തോളെ എന്ന ഗാനത്തിനും വിജയ്ക്ക് മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തുളു , തെലുഗു എന്നീ ഭാഷകളില്‍ പാടിയിട്ടുണ്ട്.

ഇപ്പോള്‍ മനോരമ ന്യൂസിന് നല്‍കിയ വിജയ് യേശുദാസിന്റെ ഒരു അഭിമുഖം വൈറല്‍ ആവുകയാണ്. അതില്‍ തനിക്കും ഒന്നും തളികയില്‍ വെച്ച് കിട്ടിയിട്ടില്ലെന്നും, ശക്തമായി പൊരുതിയാണ് നേടിയെടുത്തതെന്നും വിജയ് പറയുന്നു. ഈ ആധുനിക കാലത്ത് കുടുംബം, പരാമ്പര്യം എന്നിവയെന്നും നിങ്ങളെ രക്ഷിക്കില്ലെന്നും, ചിലപ്പോള്‍ അത് ബാധ്യതയാവുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

യേശുദാസിന്റെയും പ്രഭയുടെയും രണ്ടാമത്തെ മകനാണ് വിജയ്. അദ്ദേഹത്തിന് ഒരു ജ്യേഷ്ഠനും, ഒരു അനുജനും ഉണ്ട്. യേശുദാസിന്റെ മൂന്ന് ആണ്‍മക്കളില്‍ വിജയ് മാത്രമാണ് സംഗീത ലോകത്തേക്ക് എത്തുന്നത്. പക്ഷേ ചേട്ടനും അനിയനും അവരുടെ ലോകത്ത് സന്തുഷ്ടരാണെന്നാണ് താരമിപ്പോള്‍ പറയുന്നത്. നടുക്കുള്ള ആളായതുകൊണ്ടും മറ്റും വീട്ടിലെ കുസൃതി താന്‍ തന്നെയായിരുന്നെന്ന് വിജയ് പറയുന്നു.

ഒരു അഭിമുഖത്തില്‍ വിജയ് ഇങ്ങനെ പറയുന്നു. -"ചേട്ടന്‍ ആള് ഭയങ്കര സൈലന്റ് ആണ്. അനിയനും ആവശ്യമുള്ള കാര്യങ്ങള്‍ സംസാരിക്കുമെങ്കിലും വാചാലനല്ല. വീട്ടില്‍ ഒരു വില്ലന്‍ മതിയല്ലോ. അത് ഞാനാണ്. ഒരിക്കല്‍ പോലും അപ്പന്‍ തല്ലിയിട്ടില്ല. അമ്മയാണ് തല്ലിയത്. അപ്പന്റെ നോട്ടം മതി, മൂന്ന് പേരും ഐസ് വെള്ളം തലവഴി ഒഴിച്ചത് പോലെ നില്‍ക്കും. ചേട്ടന് ടെന്നീസിനോടുള്ള താത്പര്യം കാരണമാണ് ഞങ്ങളെല്ലാവരും അമേരിക്കയിലേക്ക് പോകുന്നത്. അമേരിക്കയില്‍ നിന്ന് കീബോര്‍ഡും, വെസ്റ്റേണ്‍ മ്യൂസിക്കും ഒക്കെ പഠിച്ചു. അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷമാണ് കര്‍ണാട്ടിക് സംഗീതം പഠിച്ചത്. ചേട്ടനും അനിയനുമൊക്കെ നല്ല സൗണ്ട് ഉണ്ട്. ഇടയ്ക്ക് അപ്പയുടെ സൗണ്ടില്‍ അമ്മയെ പറ്റിക്കും. അവരും ഒന്ന് പഠിച്ചാല്‍ പാടാവുന്നതേയുള്ളു. പക്ഷേ രണ്ടാളുടെയും താല്‍പ്പര്യം വേറെയാണ്. എന്റെ കാര്യത്തില്‍ ചെറുപ്പത്തിലെ ഞാന്‍ ഭക്തിഗാനമൊക്കെ പാടി തുടങ്ങിയിരുന്നു. അപ്പ ഞങ്ങളെയും കൊണ്ട് പ്രോഗ്രാമുകള്‍ക്ക് പോകുമായിരുന്നു. പക്ഷേ എന്റെ കുട്ടികളെ എനിക്കങ്ങനെ കൊണ്ട് പോകാന്‍ പറ്റിയിട്ടില്ല. പഠനത്തോടല്ല നിനക്ക് പാട്ടിനോടാണ് താല്‍പ്പര്യമെങ്കില്‍ അതില്‍ ശ്രദ്ധിക്കാനാണ് അപ്പനോട് അപ്പാപ്പന്‍ ചെറുപ്പത്തില്‍ പറഞ്ഞത്. പക്ഷേ എന്റെ അപ്പന് ഞങ്ങളോട് പഠനത്തെ മാറ്റി നിര്‍ത്താന്‍ പറയാന്‍ പറ്റില്ലായിരുന്നു.

എന്നാല്‍ ഞങ്ങളുടെ താല്‍പ്പര്യം മനസ്സിലാക്കുകയും അതില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ അവസരം നല്‍കി. പ്ലസ് ടു വില്‍ പഠിക്കുന്നതിന് മുന്‍പെ കുട്ടികളുടെ വോയിസിന് വേണ്ടി ഭക്തി ഗാനങ്ങള്‍ പാടിയിട്ടുണ്ട്. അപ്പ ആറ് വയസില്‍ കച്ചേരിക്ക് പാടിയിരുന്നത് പോലെ അഭിമാനത്തോടെ പറയാന്‍ മാത്രം ഒന്നുമില്ല. അപ്പയും താനും തമ്മില്‍ വലിയ സ്നേഹ പ്രകടനമില്ലെങ്കിലും അദ്ദേഹത്തിന് സ്നേഹത്തിന് പിശുക്കൊന്നുമില്ല. ഞാന്‍ ഒരു റിബല്‍ ആണെന്നും അത് നന്നായി എല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തിന് ഒത്തിരി സ്നേഹമുണ്ട്. പക്ഷെ അധികം പ്രകടിപ്പിക്കാറില്ല. വഴക്ക് ഒക്കെ പറയാറുണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലോ വിഷമം ഉണ്ടെങ്കിലോ, അതിനുള്ള പാലം അമ്മയാണെങ്കിലും ഞാന്‍ എല്ലാം പറയുന്നത് അപ്പയുടെ അടുത്ത് തന്നെയായിരിക്കും."- വിജയ് പറയുന്നു.

കരിയറിന്റെ തുടക്കകാലത്ത് വിജയ് യേശുദാസ് നേരിട്ട എറ്റവും വലിയ വെല്ലുവിളി, 'ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേ ഉള്ളോ' എന്ന തരത്തില്‍ വന്ന ചോദ്യങ്ങളായിരുന്നു. 'ഈ ചോദ്യം അമേരിക്കയില്‍ നിന്ന് ആ സമയത്ത് വന്നേ ഉണ്ടായിരുന്നുള്ളു. അത് ഒരു എക്സ്‌ക്യൂസ് ഒന്നുമല്ല. പക്ഷെ ആ സമയത്താണ് മില്ലേനിയം സ്റ്റാര്‍സിലേക്ക് കോള്‍ വരുന്നതും അതില്‍ പാടുന്നതും. അങ്ങനെ ഒരു തുടക്കം കിട്ടുന്നത് വലിയ ഭാഗ്യമാണ്"- വിജയ് യേശുദാസ് പറയുന്നു.

'യേശുദാസിന്റെ മകനായതുകൊണ്ട് പൊക്കി പിടിക്കേണ്ട എന്ന തരത്തിലുള്ള വര്‍ത്തമാനങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. പക്ഷെ എന്നെ ആരും പൊക്കിപ്പിടിച്ചിട്ടില്ല. ഇനി അങ്ങനെ അല്ലാതെ പറഞ്ഞവരെ പോലും ഞാന്‍ അങ്ങനെ ചിന്തിച്ചിട്ടില്ല. എവിടെ നിന്നാണ് അങ്ങനെ ഒരു മാനസിക നില എനിക്ക് കിട്ടിയതെന്ന് അറിയില്ല. ചിലപ്പോള്‍ അപ്പയുടെ അടുത്ത് നിന്ന് തന്നെയാകണം. അപ്പ നിഷ്‌ക്കളങ്കനാണ്. റെക്കോര്‍ഡിങ് സ്റ്റുഡിയോയിലൊക്കെ ആണെങ്കിലും ചിലര്‍ എന്തെങ്കിലും പറഞ്ഞാലും അദ്ദേഹം അപ്പോള്‍ എന്തെങ്കിലും പറയുമെന്നല്ലാതെ ഒന്നും മനസ്സില്‍ വെച്ച് പെരുമാറാറില്ല.

സംസ്ഥാന അവാര്‍ഡ് ലഭിച്ച് ഒന്നര വര്‍ഷം ഒക്കെ കഴിഞ്ഞപ്പോഴാണ് 'ഈ പുഴയും സന്ധ്യകളും' എന്ന ഗാനം ഒക്കെ എനിക്ക് കിട്ടിയത്. പക്ഷെ നമ്മളെ പ്രൂവ് ചെയ്യാതെ അവസരങ്ങള്‍ വരില്ല എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. തുടക്ക കാലത്ത് പൊളിഷ്ഡ് ആയി വരുന്നതേ ഉണ്ടായിരുന്നുള്ളു. ജോലിയെടുക്കാന്‍ പറ്റുന്നില്ലല്ലോ എന്ന ഫ്രസ്ട്രേഷന്‍ ആയിരുന്നു ആ സമയത്ത്. എന്നാല്‍ എന്റെ കഴിവില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു.

അപ്പയ്ക്ക് തുടക്ക കാലത്ത് ഒരു ക്രിസ്ത്യാനി എന്തിനാണ് പാട്ട് പാടുന്നത് എന്ന തരത്തിലുള്ള കാര്യങ്ങള്‍ കേട്ടിട്ടുണ്ട്. പക്ഷെ എനിക്ക് അത്തരത്തിലുള്ള കാര്യങ്ങളല്ല അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. എന്നോട് ചോദിച്ചത് എന്തിനാണ് അച്ഛനെപ്പോലെ അനുകരിക്കുന്നത് എന്നാണ്. അത് ഞാന്‍ മനഃപൂര്‍വ്വം ചെയ്യുന്നതല്ല. അതുകൊണ്ട് തന്നെ വേറെ പോലെ പാടാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ജന്മനാ അങ്ങനെ ഒന്ന് വരുന്നുണ്ട്. എനിക്ക് തോന്നുന്നത് ചെറുപ്പം തൊട്ട് ആ ശബ്ദം കേട്ട് വളര്‍ന്നതുകൊണ്ടാകാം."- വിജയ് പറയുന്നു.

'യേശുദാസിന്റെ മകന്‍ ആയതുകൊണ്ട് അവസരങ്ങള്‍ ചോദിച്ച് പോകാന്‍ ചെറിയ ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്. അത് ദുരഭിമാനം കൊണ്ടൊന്നുമല്ല, നമ്മള്‍ അങ്ങനെ പോയി ചോദിക്കുന്നത് അവര്‍ക്ക് ഒരു ബുദ്ധിമുട്ട് ആണ്. സുഹൃത്തായിട്ടുള്ള കമ്പോസറുടെ അടുത്ത് പോലും ഈ പാട്ട് ഞാന്‍ പാടട്ടെ എന്ന രീതിയില്‍ ചോദിച്ചിട്ടില്ല. ഈ ജനറേഷനില്‍ യുവന്‍ ശങ്കര്‍ രാജയായാലും അനിരുദ്ധ് ആയാലും തമാശയ്ക്ക് പോലും അവസരങ്ങള്‍ ചോദിച്ചിട്ടില്ല."- വിജയ് പറയുന്നു.

യേശുദാസിന്റെ ജീവിതത്തില്‍ നിന്ന് താന്‍ പകര്‍ത്തിയത്് ലാളിത്യം ആണെന്നാണ് മകന്‍ പറയുന്നത്. 'എത്ര ഉന്നത നിലയില്‍ എത്തിയാലും ഒന്നും നമ്മുടെ കൈയിലല്ല. അപ്പ അതിനെ ദൈവികമായ രീതിയില്‍ സമീപിക്കുമ്പോള്‍ ഞാന്‍ ഒരു സാധാരണ മനുഷ്യനെ പോലെ കാണുന്നു എന്ന് മാത്രം. യേശുദാസിന്റെ മകന്‍ എന്ന വിലാസം ഏറ്റവും കൂടുതല്‍ ഗുണം തന്നെയാണ് തന്നത്. ദോഷമായി കണ്ടാല്‍ മാത്രമേ അങ്ങനെ മാറുന്നുള്ളൂ. ചിന്താഗതി പോലെയായിരിക്കും ഗുണവും ദോഷവും. തുടക്കകാലത്ത് എനിക്ക് നിരാശ അനുഭവപ്പെട്ടു. പിന്നെ അതിനെ പോസിറ്റീവായി മാറ്റാന്‍ സാധിച്ചു. ഇതെല്ലാം അപ്പയില്‍നിന്ന് പഠിച്ചതാണ്. അച്ഛനും ഗുരുവും ഒരാള്‍ തന്നെയാകുന്നത് നല്ലതാണ്."- വിജയ് പറയുന്നു.

ആധികാരികമായി സാവധാനത്തില്‍ ചിട്ടയോടെ പാടിയാല്‍ മാത്രമേ യേശുദാസ് എന്ന ഗുരു തൃപ്തനാകൂ. ശബ്ദത്തെ ചിട്ടയോടെ കാത്തുസൂക്ഷിക്കാന്‍ പിതാവ് ശ്രദ്ധിക്കുന്ന കാര്യങ്ങളില്‍ ചിലത് മകനും പിന്തുടരാറുണ്ട്. 'എപ്പോഴെങ്കിലും ഐസ്‌ക്രീമോ ചോക്ളേറ്റോ കഴിക്കുന്നത് കണ്ടാല്‍, അമിതമായി വ്യായാമം ചെയ്താല്‍, സാധകം മുടങ്ങിയാല്‍ വഴക്ക് പറയാതെ അപ്പ വിമര്‍ശിക്കാറുണ്ട്. അപ്പ വലിയ ശ്രദ്ധയും കണിശതയും സമര്‍പ്പണവും നടത്തുന്നു. അതേപോലെ പുതിയ കാലത്ത് ഒരു ഗായകന് സാധിക്കില്ല. ശബ്ദത്തിന് വേണ്ടി പ്രത്യേകമായി ഒന്നും ചെയ്യാതെ ഞാന്‍ കൊണ്ടുപോകുന്നു. എട്ട് തവണ ഇന്ത്യയിലെ ഏറ്റവും മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതാണ് ഏറ്റവും വലിയ ബഹുമതിയായി ഞാന്‍ കാണുന്നത്. അത് റെക്കോര്‍ഡാണ്. എന്നാല്‍ ആളുകള് വന്നു അപ്പയുടെ കാര്യം അന്വേഷിക്കുമ്പോഴും സ്‌നേഹം അറിയിക്കണമെന്ന് പറയുമ്പോഴും അപ്പ എന്റെ മാത്രം സ്വന്തമല്ലെന്ന തോന്നല്‍ അനുഭവപ്പെടാറുണ്ട്."- വിജയ് പറയുന്നു.

പക്ഷേ താന്‍ എടുക്കുന്നതെല്ലാം തന്റെ തീരുമാനങ്ങള്‍ മാത്രമാണ് എന്നും വിജയ് പറയുന്നു. പാട്ടും അഭിനയവും ബിസിനസുമെല്ലാം ഞാന്‍ ഇഷ്ടപ്പെട്ടു ചെയ്യുന്നതാണ്. ഈ പ്രായത്തിലും അച്ഛന്റെ സമ്മതം ചോദിച്ച് തീരുമാനങ്ങളെടുക്കാന്‍ പറ്റുമോ എന്നും 45കാരനായ വിജയ് ചോദിക്കുന്നു. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളാറുണ്ട്. പക്ഷേ, എല്ലാത്തിനും അനുവാദം ചോദിക്കുന്ന മകനല്ല താനെന്നും വിജയ് വ്യക്തമാക്കി.

ശബ്ദത്തിലും ലുക്കിലും സാമ്യത ഉണ്ടാകും. പക്ഷെ ഞാന്‍ മറ്റൊരു വ്യക്തിയാണ്. നേരത്തെ അപ്പയ്ക്കും അമ്മയ്ക്കും ഞാന്‍ അഭിനയിക്കുന്നതില്‍ താല്‍പര്യം ഇല്ലായിരുന്നു. പക്ഷെ പിന്നീട് ചാന്‍സ് വന്നപ്പോള്‍ ഇനിയിപ്പോള്‍ ഞാന്‍ ആരോടും ചോദിക്കോനൊന്നും നില്‍ക്കേണ്ട, എന്ന് ഞാന്‍ തീരുമാനിച്ചു. അത് പോലെ അപ്പയുണ്ടാക്കിയ ലെഗസി അദ്ദേഹത്തിന്റേതാണ്. എനിക്കത് നശിപ്പിക്കാനോ ഇനിയും മുന്നോട്ട് കൊണ്ട് പോകാനോ പറ്റില്ല. ആ ഉത്തരവാദിത്തം 2010 ഓടെ ഞാന്‍ മാറ്റി വെച്ചു. എനിക്കത് ചുമക്കാന്‍ പറ്റില്ല. എന്റെ ഉത്തരവാദിത്തം തന്നെ എനിക്ക് കൊണ്ട് പോകാന്‍ ബുദ്ധിമുട്ടാണ്. മൂന്നാമതൊരാള്‍ എന്ത് ചിന്തിക്കുന്നു എന്നതില്‍ ആശങ്കപ്പെടാതിരിക്കാനും താന്‍ പഠിച്ചെന്ന് വിജയ് യേശുദാസ് പറയുന്നു.

അതിനിടെ മലയാളത്തിലെ ചലച്ചിത്രപ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടുള്ള ഒരു വാര്‍ത്തയും വിജയ് യേശുദാസിന്റെതായി പുറത്തവുന്നു. മലയാളത്തില്‍ ഇനി പാടില്ലെന്ന വിജയ് യേശുദാസ് പറഞ്ഞുവെന്നത് ഞെട്ടിക്കുന്നതായിരുന്നു. എന്നാല്‍ ഈ വാര്‍ത്തക്ക് പിന്നാലെ വിജയുടെ തിരുത്തുമെത്തി. പാട്ട് നിര്‍ത്തുകയാണെന്നോ മലയാള സിനിമയില്‍ പാടിയിട്ടില്ലെന്നോ താന്‍ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 'അത് ഞാന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യമാണ്. അതിന്റെ തലക്കെട്ട് ഇട്ടിരിക്കുന്നത് അവരുടെ രീതിയിലാണ്. അത് വായനക്കാരെ ആകര്‍ഷിക്കാന്‍ ചെയ്തതായിരിക്കാം. ആ ലേഖനം പോയി വായിച്ചാല്‍ ഞാന്‍ പറഞ്ഞത് എന്താണെന്ന് മനസിലാക്കാം.ആ തലക്കെട്ട് മാത്രം എടുത്ത് ബാക്കി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഞാന്‍ പാട്ട് നിര്‍ത്തുകയാണ് എന്ന് രീതിയില്‍ വാര്‍ത്തകൊടുത്തു. ഞാന്‍ പാട്ട് നിര്‍ത്തുകയാണെന്ന് പറഞ്ഞിട്ടുമില്ല. മലയാളത്തില്‍ പാടില്ലാന്ന് പറഞ്ഞിട്ടുമില്ല."- വിജയ് പറഞ്ഞു.

'മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കുമൊന്നും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്‌നമില്ല. പ്രതിഫല കാര്യത്തിലുള്ള വിയോജിപ്പ് രേഖപ്പെടുത്താനാണ് താന്‍ ശ്രമിച്ചത്. മ്യൂസിക് ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്ക് പ്രതിഫലം കുറച്ചുനല്‍കുന്ന രീതിയാണ് മലയാള സിനിമയിലുള്ളത്. സമത്വം എന്നൊന്ന് ഇവിടെയില്ല. താന്‍ ജോലിക്കുള്ള പ്രതിഫലം മാത്രമെ ആവശ്യപ്പെടുന്നുള്ളു. ചില സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച ഗായകരും, അത് ചിട്ടപ്പെടുത്തിയ സംഗീത സംവിധായകരുമൊക്കെ ഇപ്പോള്‍ വളരെയധികം കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. തട്ടുകടകളുടെ പിന്നില്‍ താമസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. കുറച്ചുകൂടി മെച്ചപ്പെട്ട സാഹചര്യം മ്യൂസിക് ഇന്‍ഡസ്ട്രിയിലുള്ളവര്‍ അര്‍ഹിക്കുന്നുണ്ട്"- വിജയ് പറയുന്നു.

തനിക്ക് കൂടുതല്‍ പ്രതിഫലം വേണമെന്ന വാദമല്ല ഉയര്‍ത്തിയതെന്ന് വിജയ് യേശുദാസ് പറഞ്ഞു. മ്യൂസിക് ഇന്‍ഡസ്ട്രീസിലുള്ള എല്ലാവര്‍ക്കും വേണ്ടി കൂടിയാണ് താന്‍ അത് പറഞ്ഞത്. എന്ന് വെച്ച് ആ വിഭാഗത്തിന്റെ തലവനായല്ല ഇതു പറഞ്ഞതെന്നും വിജയ് യേശുദാസ് പറഞ്ഞു. താന്‍ പറഞ്ഞത് മനസിലാക്കാന്‍ പറ്റുന്നവര്‍ മനസിലാക്കട്ടെ, അല്ലാത്തവര്‍ മനസിലാക്കണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരുപാട് തിരസ്‌ക്കാരത്തിന്റെ അനുഭവങ്ങള്‍ കൂടി വിജയ്ക്ക് പറയാനുണ്ട്. സൂപ്പര്‍ഹിറ്റ് ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ നിന്നും തന്നെ ഒഴിവാക്കിയതിനെക്കുറിച്ച് ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ അദ്ദേഹം തുറന്ന് പറഞ്ഞതും വാര്‍ത്തയായിരുന്നു. തമിഴ് ചിത്രമായ പടൈവീരന്റെ സംവിധായകന്‍ ധന ശേഖരന്‍ വഴിയാണ് വിജയ് പൊന്നിയിന്‍ സെല്‍വനില്‍ എത്തുന്നത്. നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രമുണ്ടെന്ന് ധനശേഖരന്‍ പറഞ്ഞിരുന്നെന്നും എന്നാല്‍ അത് തനിക്ക് കിട്ടുമോ എന്ന് അറിയില്ലായിരുന്നു എന്നുമാണ് വിജയ് യേശുദാസ് പറയുന്നത്. ഒരിക്കല്‍ അദ്ദേഹം വിളിച്ചിട്ട് മണിസാറിനോട് എന്റെ കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞു. നേരിട്ട് സംവിധായകനെ വിളിക്കാനും പറഞ്ഞു.

'ഞാന്‍ നേരെ രാജാമുന്‍ഡ്രിയിലേക്ക് ചെന്നു. ഗോദാവരി നദിയിലായിരുന്നു ആ സമയത്ത് ചിത്രീകരണം. പ്രൊഡക്ഷന്‍ ടീമില്‍ നിന്ന് വിളിച്ച് തല മൊട്ടയടിക്കേണ്ടിവരുമെന്ന് പറഞ്ഞു. ഞാന്‍ സമ്മതിച്ചു. കോസ്റ്റ്യൂമില്‍ നിര്‍ത്തി ചിത്രങ്ങളെടുത്ത് മണിരത്‌നം സാറിന് കൊടുത്തു. അദ്ദേഹത്തിനും ഓ.കെ ആയതോടെ പിറ്റേന്ന് രാവിലെ ഒരു ബോട്ട് രംഗം ചിത്രീകരിച്ചു. അതിനുശേഷം ഞാന്‍ തിരിച്ചുപോന്നു. ഒരുമാസത്തിനുശേഷം അവരെന്നെ ഹൈദരാബാദിലേക്ക് ചിത്രീകരണത്തിന് വിളിപ്പിച്ചു. കുതിരസവാരി നടത്തുന്ന രംഗമായിരുന്നു ചിത്രീകരിക്കേണ്ടത്. വിക്രം സാറിനും കുതിരസവാരി രംഗം തന്നെയായിരുന്നു അന്നുണ്ടായിരുന്നത്.'- വിജയ് വ്യക്തമാക്കി. എന്നാല്‍ സിനിമയില്‍ തന്റെ രംഗങ്ങള്‍ ഒഴിവാക്കിയെന്നും അത് ധനശേഖരനെ അസ്വസ്ഥനാക്കിയെന്നുമാണ് വിജയ് പറയുന്നത്.

ബോളിവുഡിലെ ഒരു പാട്ടില്‍ നിന്ന് ഒഴിവാക്കിയ വിവരവും അദ്ദേഹം പങ്കുവച്ചു. അക്ഷയ് കുമാര്‍ നായകനായി എത്തിയ റൗഡി റാഥോര്‍ എന്ന ചിത്രത്തിനുവേണ്ടിയാണ് ഹിന്ദിയില്‍ ഗാനം ആലപിച്ചത്. ചെന്നൈയില്‍ ഒരു ഗാനം റെക്കോഡ് ചെയ്തുകൊണ്ടിരിക്കവേ സഞ്ജയ് ലീല ബെന്‍സാലി പ്രൊഡക്ഷന്‍സില്‍ നിന്ന് ഒരു ഫോണ്‍കോള്‍ വന്നു. ഹിന്ദിയിലെ കുറച്ചുകൂടി ജനപ്രീതിയുള്ള വേറൊരാളെവെച്ച് ഞാന്‍ പാടിയ പാട്ട് മാറ്റി റെക്കോര്‍ഡ് ചെയ്തു എന്നാണ് അവര്‍ അറിയിച്ചത്. ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നെന്നും അതുകൊണ്ട് കുഴപ്പമില്ല എന്ന അവസ്ഥയിലായിരുന്നു താനെന്നും വിജയ് യേശുദാസ് വ്യക്തമാക്കി. ഇവിടെയാണ് സിനിമയിലെ നെപ്പോട്ടിസം ആരോപണങ്ങള്‍ പറയുന്നവര്‍, ശ്രദ്ധിക്കേണ്ടത്. പിതാവ് പ്രശസ്തനായതുകൊണ്ട് നിങ്ങള്‍ക്ക് എല്ലാം തളികയില്‍ വെച്ച് കിട്ടില്ല.

വിശ്വാസകാര്യത്തിലും യേശുദാസും മകനും രണ്ട് തട്ടിലാണ്. അത് ഒരു കുഴപ്പമോ കുറ്റമോ അല്ല. അപ്പന്റെ സ്റ്റീരിയോടൈപ്പ് ആകണം മകന്‍ എന്നത് നമ്മുടെ ചിന്താ വൈകല്യമാണ്. സര്‍വമതങ്ങളെയും അംഗീകരിക്കുന്ന, എല്ലാറ്റിലെയും നന്മകള്‍ ഉള്‍ക്കൊള്ളണമെന്ന് പറയുന്ന, വ്യക്തിയാണ് യേശുദാസ്. അദ്ദേഹം പതിവായി പറയാറുള്ള 'ജഗദീശ്വരന്റെ അനുഗ്രഹം' എന്ന വാക്കുപോലും പ്രശസ്തമാണ്. എന്നാല്‍ താന്‍ ഇപ്പോള്‍ വിശ്വാസിയല്ല എന്ന് മുമ്പ് ഒരു അഭിമുഖത്തില്‍ വിജയ് വെളിപ്പെടുത്തിയിരുന്നു.

'പണ്ടൊക്കെ വീട്ടിലെ പൂജാമുറിയിലാണ്, എന്റെ ഒരു ദിവസം തുടങ്ങിയിരുന്നത്. പക്ഷേ ഇപ്പോള്‍, ഞാന്‍ ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട് അഞ്ചു വര്‍ഷമായി.അപ്പയുടെ ദൈവവിശ്വാസം പ്രശസ്തമല്ലേ. എല്ലാ ജന്മനാളിലും അപ്പ മൂകാംബികയിലാകും. ശബരിമല അയ്യപ്പനെ പാടി ഉണര്‍ത്തുന്നതും ഉറക്കുന്നതും അപ്പയാണ്. കച്ചേരിക്കു മുമ്പ് പ്രത്യേക വ്രതചിട്ടയും ഉണ്ട്. എല്ലാ ദൈവങ്ങളെയും ബഹുമാനിക്കണം എന്നാണ് അപ്പയും അമ്മയും പഠിപ്പിച്ചത്."- വിജയ് പറയുന്നു.

"പക്ഷേ കൈയില്‍ ധാരാളം പണം വരാന്‍ വേണ്ടി ദിവസവും പ്രാര്‍ത്ഥിക്കണം എന്നൊക്കെ പറയുന്നത് എന്തു ലോജിക്കാണ്. പോസിറ്റീവും നെഗറ്റീവുമായ എനര്‍ജി ഉണ്ടെന്നു വിശ്വസിക്കുന്നു, നമ്മളെ പോസിറ്റീവാക്കുന്ന എനര്‍ജിയാണ് എന്റെ ദൈവം. നമ്മുടെ പ്രശ്‌നങ്ങള്‍ നമ്മള്‍ തന്നെ വേണം പരിഹരിക്കാന്‍. ഒരു പൂജ ചെയ്തതുകൊണ്ടോ നേര്‍ച്ച നേര്‍ന്നതുകൊണ്ടോ ആണ് കാര്യങ്ങള്‍ നടന്ന് പോകുന്നതെന്ന് വിശ്വസിക്കാറില്ല.വീട്ടില്‍ എന്തെങ്കിലും കാണാതെ പോയാല്‍ ഉടനെ നേര്‍ച്ച നേരും. കുറച്ച് കഴിയുമ്പോള്‍ പ്രത്യക്ഷപ്പെടും. അത് അങ്ങനെയല്ലല്ലോ. നമ്മള്‍ നന്നായി തിരയുമ്പോള്‍ വെക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ഓര്‍ക്കുമ്പോള്‍ കാണാതായ സാധനം കിട്ടും. അത്രയേ ഉള്ളു. അത് ചര്‍ച്ചയ്ക്കെടുക്കേണ്ട വിഷയമാണ്."- വിജയ് തുറന്നടിക്കുന്നു.

നേരത്തെ വിവാഹ മോചനത്തിന്റെ പേരിലും വിജയ് വാര്‍ത്തയില്‍ ഇടം പിടിച്ചു. പക്ഷേ അവിടെയും ടോക്‌സിക്കാവാതെ അയാള്‍ വ്യത്യസ്തനായി. നാളുകള്‍ക്ക് മുന്‍പാണ് വിജയും ഭാര്യ ദര്‍ശനയും വിവാഹബന്ധം വേര്‍പിരിയുന്നത്. 2007 ജനുവരിയിലായിരുന്നു വിജയ് യേശുദാസും ദര്‍ശന ബാലഗോപാലും വിവാഹിതരാവുന്നത്. ദുബായില്‍ വച്ച് കണ്ടുമുട്ടിയ താരങ്ങള്‍ ഏറെ കാലം പ്രണയത്തിലായിരുന്നു. ദര്‍ശനയ്ക്ക് 16 വയസ്സുള്ളപ്പോഴാണ് വിജയ് യേശുദാസുമായി പരിചയപ്പെടുന്നത്. അന്ന് വിജയ് മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയില്‍ ദര്‍ശനയും പങ്കെടുത്തിരുന്നു. ആ കൂടിച്ചേരലിന് ശേഷമാണ് ഇരുവരും സൗഹൃദത്തിലാവുന്നതും വിവാഹം കഴിക്കുന്നതും.

വിവാഹ ശേഷം വിജയിയുടെ ഉയര്‍ച്ച താഴ്ചകളിലെല്ലാം ഭാര്യയുടെ പങ്കാളിത്തമുണ്ടായിരുന്നു. ഇരുവര്‍ക്ക് അമേയ, അവ്യന്‍ എന്നീ രണ്ടുമക്കളുണ്ട്. മകള്‍ അമേയ 2013ല്‍ നാലാം വയസ്സില്‍ 'സാന്ധ്യരാഗം' എന്ന ചിത്രത്തിനുവേണ്ടി ഒരു ഗാനം ആലപിച്ചിരുന്നു. വി. ദക്ഷിണാമൂര്‍ത്തി സ്വാമിയായിരുന്നു സംഗീതസംവിധായകന്‍. ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ അവസാന ചലച്ചിത്രമായിരുന്നു ഇത്.

പിന്നീട് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുകയും ഒരുമിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന അവസ്ഥ വന്നതോടെയാണ് ഇരുവരും വേര്‍പിരിയാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്.ഭാര്യയുമായിട്ടുള്ള ഡിവോഴ്സിനെ കുറിച്ചും വിജയ് പറഞ്ഞിരുന്നു. 'യേശുദാസിന്റെ മകനെന്ന നിലയിലും അല്ലാതെയും സെലിബ്രിറ്റി ആയതുകൊണ്ട് പേഴ്സണല്‍ ജീവിതത്തിലെ പ്രത്യേകിച്ച് വിവാഹമോചനമടക്കമുള്ള എല്ലാ കാര്യങ്ങളും തുറന്ന് പറയേണ്ടതായി വരാറുണ്ട്. എല്ലാം ഹാന്‍ഡില്‍ ചെയ്യാന്‍ സാധിച്ചു എന്ന് പറയാം. ഞങ്ങളുടെ കുടുംബത്തിലുള്ള ആരെയും വിഷമിപ്പിക്കാതെ മാക്സിമം നല്ല രീതിയില്‍ തന്നെയാണ് ബന്ധം അവസാനിപ്പിച്ചത്. ഞങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടി നല്ല പേരന്‍സായിരിക്കാനും ശ്രമിച്ചിരുന്നു. അതിന്റേതായ രീതിയില്‍ അത് പോയി കൊണ്ടിരിക്കുകയാണ്.

വിവാഹമോചനം ഒരു ട്രോമാറ്റിക് ഫിലിങ് ആണെന്ന് പറയാനൊന്നും എനിക്ക് സമയമില്ല. ഒരു പക്ഷേ ഞാനതിനെ ക്രോസ് ചെയ്തുവെന്ന് വേണമെങ്കില്‍ പറയാം. ഞാനാണ് അതില്‍ വിക്ടിം ആയതെന്നോ ഞാനാണ് ട്രോമയിലായതെന്നോ ഇല്ല. എന്നെക്കാളും വീട്ടുകാരായിരിക്കും ഇത് കാരണം കൂടുതല്‍ മോശം അവസ്ഥയിലൂടെ പോയിട്ടുണ്ടാവുക. അതുകൊണ്ട് എനിക്ക് കൂടുതല്‍ ഉത്തരവാദിത്തം ഉണ്ടായെന്ന് പറയാം. ഞാനതുമായിട്ടും പൊരുത്തപ്പെടണം. ഭാര്യയില്‍ നിന്നും പിരിഞ്ഞു എന്നതുകൊണ്ട് ജീവിതം നിര്‍ത്താന്‍ പറ്റുമോ പിള്ളേരുടെ സന്തോഷം ഇക്കാരണത്താല്‍ നഷ്ടപ്പെടാനും പാടില്ല.ഞങ്ങള്‍ക്കിടയില്‍ എന്തൊക്കെ നടന്നിട്ടുണ്ടെങ്കിലും കുടുംബത്തില്‍ സന്തോഷം കണ്ടെത്താന്‍ ഞങ്ങള്‍ രണ്ടാള്‍ക്കും സാധിക്കുന്നുണ്ട്. അത് തന്നെ വലിയ കാര്യമാണ്. "- വിജയ് പറയുന്നു.

ദര്‍ശന ബാലഗോപാലുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയശേഷവും അവരുടെ ബിസിനസ് സംരംഭത്തിന് വിജയ് പരസ്യമായി ആശംസ നേര്‍ന്നിരുന്നു. ഡയമണ്ടുമായി ബന്ധപ്പെട്ടുള്ള ബിസിനസാണ് ദര്‍ശന ചെയ്യുന്നത്. സ്ത്രീകള്‍ അധികം കടന്നു വന്നിട്ടില്ലാത്ത ഈ മേഖലയില്‍ കഴിവ് തെളിയിക്കാനും ഉയര്‍ച്ചയിലേക്ക് എത്താനും അവര്‍ക്ക് സാധിച്ചിരുന്നു. മാത്രമല്ല ലാബില്‍ വികസിപ്പിച്ച വജ്രങ്ങള്‍ വില്‍ക്കുന്ന ബ്രാന്‍ഡിന്റെ ഉടമയാണ് ദര്‍ശന. അവരുടെ പുത്തന്‍ സംരംഭത്തിന് പ്രോത്സാഹനവുമായിട്ടാണ് വിജയ് യേശുദാസും എത്തിയിരിക്കുന്നത്. ദര്‍ശനയ്ക്ക് ആശംസ അറിയിച്ചു കൊണ്ടുള്ള വിജയ് യേശുദാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി വെറലായിരുന്നു. അതാണ് വിജയ് യേശുദാസിനെ വ്യത്യസ്തനാക്കുന്നതും.

വാല്‍ക്കഷ്ണം: വ്യത്യസ്ത ആശയക്കാര്‍ ആയതുകൊണ്ട് യേശുദാസും മകനും തമ്മില്‍ അടിയാണ് അന്ന് കരുതുന്നതും ശുദ്ധ അസംബന്ധമാണ്. അവര്‍ തമ്മില്‍ നല്ല സ്‌നേഹവും ബന്ധവും സൂക്ഷിക്കുന്നു. നേരത്തെ നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ യേശുദാസിന്റെ ദേഷ്യത്തെക്കുറിച്ച് വിജയ് സംസാരിച്ചിരുന്നു. 'കുറെയേറെ തിരക്കുകള്‍ക്കിടയിലാണ് കുടുംബവും സുഹൃത്തുക്കളുമെല്ലാമായി മുന്നോട്ട് പോകുന്നത്. അതിനിടയ്ക്ക് തട്ട് കിട്ടുമ്പോഴോ ചൊറിയാന്‍ വരുമ്പോഴോ ആണ് അദ്ദേഹത്തിന് ദേഷ്യംവരുന്നത്. ഞാനും അങ്ങനെയാണ്. യേശുദാസിന്റെ മകനായി പിറക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്".