ന്യൂഡൽഹി: ഝാർഖണ്ഡിലെ ജംതാരയിൽ എക്സ്‌പ്രസ് ട്രെയിൻ ഇടിച്ച് 12 യാത്രക്കാർ മരിച്ചതായി അനൗദ്യോഗിക റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു. കലജ്ഹരിയ റെയിൽവെ സ്‌റ്റേഷനിലാണ് സംഭവം. ട്രെയിനിൽ തീപിടിത്തമെന്ന് കേട്ട് ആംഗ എക്‌സപ്രസിൽ നിന്ന് യാത്രക്കാർ പെട്ടെന്ന് ചാടി ഇറങ്ങിയപ്പോഴാണ് അപകടം. ട്രാക്കിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു ട്രെയിൻ ഇവരുടെ മേൽ പാഞ്ഞുകയറിയെന്നാണ് പ്രാഥമിക റിപ്പോർട്ട്.

തീപിടിത്തമുണ്ടായെന്ന് കരുതിയാണ് ആദ്യ ട്രെയിനായ ഭഗൽപൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ആംഗ എക്സ്പ്രസ് നിർത്തിയത്. ജംതാരയിലെ കലജാരിയ റെയിൽവേ സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് റെയിൽവേ ലൈനിന്റെ അരികിൽ നിന്ന് പൊടി ഉയരുന്നത് ലോക്കോ പൈലറ്റ് ശ്രദ്ധിച്ചത്. തുടർന്ന് തീപിടിത്തമുണ്ടായെന്ന് കരുതി ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി, ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി ഇറങ്ങി. അതേസമയം, മറ്റൊരു പാസഞ്ചർ ട്രെയിനായ ഝഝാ-അസൻസോൾ മെമു സമാന്തര പാതയിൽ നിന്ന് വന്നു, ഇതോടെ ആദ്യ ട്രെയിനിൽ ഇറങ്ങിയ യാത്രക്കാർ അതിനടിയിൽപ്പെടുകയായിരുന്നു. കൂടുതൽ പേർക്ക് അപകടം സംഭവിച്ചിരിക്കാമെന്നാണ് റിപ്പോർട്ടുകൾ.

കിഴക്കൻ റെയിൽവെ സംഭവം അന്വേഷിക്കാൻ മൂന്നംഗ ടീമിനെ നിയോഗിച്ചു. അപകടത്തിന് ഇരയായവർ യാത്രക്കാരല്ലെന്നും ട്രാക്കിലൂടെ നടന്നവരാണെന്നും കിഴക്കൻ റെയിൽവെ പറഞ്ഞു. തീപിടുത്തമുണ്ടായെന്ന റിപ്പോർട്ടുകളും നിഷേധിച്ചു. 12254 നമ്പർ ട്രെയിനിൽ നിന്ന് രണ്ടുകിലോമീറ്റർ അകലെ ട്രാക്കിലൂടെ നടന്നവരാണ് അപകടത്തിൽ പെട്ടതെന്നും രണ്ടുപേരാണ് മരിച്ചതെന്നുമാണ് റെയിൽവെയുടെ ഭാഷ്യം.

എന്തായാലും, രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.ജില്ലാ ആസ്ഥാനത്ത് നിന്ന് 15 കിലോമീറ്റർ അകലെയാണ് അപകടം നടന്ന സ്ഥലം. സംഭവത്തിൽ മുഖ്യമന്ത്രി ചംപായി സോറൻ ദുഃഖം രേഖപ്പെടുത്തി.