പുനെ: എഴുത്തുകാരൻ നാംദേവ് ജാദവിന്റെ മുഖത്ത് എൻസിപിയിലെ ശരദ് പവാർ അനുകൂലികൾ കരിയോയിലൊഴിച്ചു. പവാറിനെതിരെ നടത്തിയ പരാമർശത്തിന് പിന്നാലെയാണ് നാംദേവ് ജാദവിനെതിരെ എൻസിപി പ്രവർത്തകർ തിരിഞ്ഞത്. മുഖ്യമന്ത്രിയായിരിക്കെ ശരദ് പവാർ മറാത്ത വിഭാഗത്തിന് സംവരണം നൽകിയില്ലെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് നാംദേവ് ജാദവ് ആക്രമിക്കപ്പെട്ടത്.

സംഭവത്തിൽ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. വേണ്ടത്ര സുരക്ഷാ സംവിധാനം ഉണ്ടായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നുവെന്ന് സംഭവത്തിന്റെ വിഡിയോ ഷെയർ ചെയ്തുകൊണ്ട് അദ്ദേഹം പ്രതികരിച്ചു.

ശനിയാഴ്ചയായിരുന്നു സംഭവം. പത്രകാർ സംഘിന് സമീപം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന സമയത്താണ് പവാർ അനുകൂലികൾ ജാദവിന്റെ മുഖത്ത് കരിയോയിൽ ഒഴിച്ചത്. ശരദ് പവാറിന് അനുകൂലമായി മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് പ്രവർത്തകർ അക്രമം നടത്തിയത്. പൊലീസുകാർ പ്രവർത്തകരിൽ നിന്ന് രക്ഷപ്പെടുത്തി കാറിൽ കയറ്റുകയായിരുന്നു.

എൻസിപി നേതാവ് പ്രശാന്ത് ജഗ്തപ് ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തി. ശരദ് പവാറിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനാണ് പാർട്ടി പ്രവർത്തകർ നാംദേവ് ജാദവിന്റെ മുഖത്ത് കരിയോയിൽ ഒഴിച്ചതെന്ന് അദ്ദേഹം പറഞ്ഞു.