അലഹാബാദ്: ബാബരി മസ്ജിദ് ഗൂഢാലോചന കേസിൽ എൽകെ അഡ്വാനി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ വെറുതെ വിട്ട വിചാരണക്കോടതി വിധിക്കെതിരായ അപ്പീൽ അലഹാബാദ് ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ രമേശ് സിൻഹ, സരോദ് യാദവ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. അഡ്വാനി, മുരളീ മനോഹർ ജോഷി, ഉമാ ഭാരതി, കല്യാൺ സിങ് എന്നിവർ ഉൾപ്പെടെ 32 പേരെയാണ് ലക്നൗവിലെ സിബിഐ പ്രത്യേക കോടതി വെറുതെ വിട്ടത്. 1992 ഡിസംബർ ആറിന് മസ്ജിദ് തകർത്തത് മുൻകൂട്ടി തീരുമാനിച്ചല്ലെന്നും ഇതിൽ ഗൂഢാലോചന ഇല്ലെന്നും വിലയിരുത്തിയാണ് പ്രത്യേക ജഡ്ജി എസ്‌കെ കേശവ് വിധി പറഞ്ഞത്.

വിചാരണക്കോടതി വിധിക്കെതിരെ അയോധ്യാ നിവാസികളായ ഹാജി മഹമ്മൂദ് അഹമ്മദ്, സയിദ് അഖ്ലാഖ് അഹമ്മദ് എന്നിവരാണ് അപ്പീൽ നൽകിയത്. മസ്ജിദ് തകർക്കുന്നതിന് തങ്ങൾ ദൃക്സാക്ഷികളാണെന്നും ഇരകളാക്കപ്പെട്ടവരിൽ തങ്ങളും ഉൾപ്പെടുമെന്നും ഇവർ ഹർജിയിൽ പറഞ്ഞു. കേസിൽ കഴിഞ്ഞ മാസം 31ന് വാദം കേൾക്കൽ പൂർത്തിയായിരുന്നു.