ബംഗളുരു: ബംഗളൂരു യൂനിവേഴ്‌സിറ്റി കാമ്പസിൽ ഗണേശ ക്ഷേത്രം നിർമ്മിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. സർവകലാശാലയെ കാവിവത്കരിക്കുകയാണ് അധികൃതരെന്ന് വിദ്യാർത്ഥികൾ കുറ്റപ്പെടുത്തി.

രജിസ്ട്രാർ, വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവരുടെ എതിർപ്പ് മറികടന്നാണ് ബംഗളൂരു മഹാനഗരെ പാലികെ (ബി.ബി.എംപി) കാമ്പസിനകത്ത് ക്ഷേത്ര നിർമ്മാണവുമായി മുന്നോട്ടുപോകുന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. എന്നാൽ, നേരത്തെ ഇവിടെ ക്ഷേത്രം ഉണ്ടായിരുന്നെന്നും റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി പൊളിച്ചുനീക്കിയതാണെന്നുമാണ് ബി.ബി.എംപി പറയുന്നത്.

യുജിസി മാർഗനിർദേശ പ്രകാരം സർവകലാശാല വിദ്യാഭ്യാസം നേടാനുള്ള സ്ഥലമാണെന്നും മതാചാരത്തിനുള്ള സ്ഥലമല്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ബി.ബി.എംപി സർവകലാശാലയെ കാവിവത്കരിക്കുകയാണെന്നും ക്ഷേത്രത്തിനായി പണം ചെലവഴിക്കുകയാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.