ഹൈദരാബാദ്: പ്രവാചകനെ അധിക്ഷേപിച്ച കേസിൽ തെലങ്കാനയിലെ ബിജെപി എംഎൽഎ ടി രാജാസിങ് വീണ്ടും അറസ്റ്റിൽ. ഇതേ കേസിൽ അറസ്റ്റിലായ രാജാസിങിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഹൈദരാബാദിൽ എംഎൽഎയ്ക്ക് എതിരെയുള്ള പ്രതിഷേധം തുടരുന്നതിനിടെയാണ് വീണ്ടും അറസ്റ്റ്.

റിമാൻഡ് ചെയ്യണമെന്ന പൊലീസിന്റെ ആവശ്യം തള്ളിയാണ് രണ്ടുദിവസം മുമ്പ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പൊലീസ് സുപ്രീംകോടതിയുടെ മാർഗനിർദ്ദേശം പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ചീഫ് മെട്രൊപൊളീറ്റൻ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിലും ഏപ്രിലിലും രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ രാജ സിങ്ങിനെതിരെ തെലങ്കാന പൊലീസ് നോട്ടീസ് അയച്ചിരുന്നു. ഓഗസ്റ്റ് 24ന് പുറപ്പെടുവിച്ച നോട്ടീസ് വ്യാഴാഴ്ച രാവിലെ 11നാണ് കൈമാറിയത്. ചാർമിനാർ അടക്കമുള്ള മേഖലയിലാണ് ചൊവ്വാഴ്ച അർധരാത്രിയോടെ പ്രതിഷേധം വീണ്ടും ശക്തമായത്. തുടർന്ന് ഹൈദരാബാദിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു.

പരാമർശം വിവാദമായതോടെ ബിജെപി രാജാ സിങ്ങിനെ സസ്‌പെൻഡ് ചെയ്തിരുന്നു. അതേസമയം, ജാമ്യത്തിലിറങ്ങയ രാജക്ക് ബിജെപി ഓഫിസിൽ സ്വീകരണം നൽകിയതും വിവാദമായി. എംഎ‍ൽഎയ്‌ക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് തെരുവിൽ പ്രതിഷേധിച്ചത്. ചാർമിനാറിലെ ഷഹലിബന്ദ റോഡിൽ ബുധനാഴ്ച വൈകീട്ടും വൻ തോതിൽ പ്രതിഷേധം നടന്നു.