ന്യൂഡൽഹി:പണ്ടൊക്കെ അസുഖം വന്നാൽ ഡോക്ടറെ കാണുന്നതായിരുന്നു പതിവെങ്കിൽ ഇപ്പോൾ യൂട്യൂബ് അടക്കമുള്ള സമൂഹമാധ്യമങ്ങൾക്കാണ് വൈദ്യരുടെ റോൾ. സ്വയം സംശയനിവാരണം നടത്തുന്നതും ചികിത്സ നേടുന്നതുമൊക്കെ സർവ്വസാധാരണമായിക്കഴിഞ്ഞു.എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ വ്യാജന്മാരുടെ വാക്കുകേട്ട് അപകടത്തിൽ ചാടാനുള്ള സാധ്യത ഏറെയാണ്.ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്.

ഡോക്ടർമാർക്കും നഴ്സുമാർക്കും ആരോഗ്യവിദഗ്ദ്ധർക്കും സർട്ടിഫൈഡ് യൂട്യൂബ് ചാനൽ എന്നതാണ് പുതിയ നീക്കം. തെറ്റായ വിവരങ്ങൾ ആളുകളിലേക്കെത്തിക്കുന്ന ചാനലുകൾക്ക് തടയിടാൻ ലക്ഷ്യമിട്ടാണ് യൂട്യൂബിന്റെ ഈ ചുവടുവയ്‌പ്പ്. ആരോഗ്യ സംബന്ധമായ വിവരങ്ങൾക്ക് ശരിയായ ഉറവിടം കണ്ടെത്താൻ കാഴ്ചക്കാർക്ക് അവസരം നൽകുന്നതാണ് ഇത്.

ഡോക്ടർമാർ നഴ്സുമാർ മാനസികാരോഗ്യവിദഗ്ദ്ധർ, ആരോഗ്യരംഗത്ത് മറ്റ് സേവനങ്ങൾ ചെയ്യുന്നവർക്കാണ് യൂട്യൂബ് വേരിഫിക്കേഷന് അപേക്ഷിക്കാനാകുക. വൈദ്യ രംഗത്തെ കൂടുതൽ ആളുകൾ യൂട്യൂബിലേക്ക് കടന്നുവരുന്നതിനും വ്യാജന്മാരെ തിരിച്ചറിയുന്നതിനും ഈ ചുവടുവയ്‌പ്പ് ഗുണകരമാകും.