ലക്നൗ: ഉത്തർപ്രദേശിൽ മുൻ ഇന്ത്യൻ പേസ് ബൗളർ പ്രവീൺ കുമാറും മകനും വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരുവരും സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

മീററ്റിൽ ഇന്നലെ രാത്രി പത്തുമണിക്കാണ് സംഭവം. പാണ്ഡവ് നഗറിൽ നിന്ന് പ്രവീൺ കുമാർ കാറിൽ മടങ്ങി വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. മീററ്റ് മുൾട്ടാൻ നഗറിലാണ് പ്രവീൺ കുമാർ താമസിക്കുന്നത്. പ്രവീൺ കുമാർ സഞ്ചരിച്ചിരുന്ന ലാൻഡ് റോവറിലേക്ക് അമിത വേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. പ്രവീൺ കുമാറും മകനും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാറിന് കാര്യമായി കേടുപാടുകൾ സംഭവിച്ചു.

ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു. 2007ലും പ്രവീൺ കുമാർ അപകടത്തിൽപ്പെട്ടിരുന്നു. ഇന്ത്യൻ ടീമിൽ എടുത്തതിന് പിന്നാലെ നാട്ടിലേക്ക് വന്ന പ്രവീൺ കുമാറിന് നാട്ടുകാർ നൽകിയ ഗംഭീര സ്വീകരണത്തിനിടെ, തുറന്ന ജീപ്പിൽ നിന്ന് ക്രിക്കറ്റ് താരം താഴെ വീഴുകയായിരുന്നു.