ഹരിയാന: ഇന്ത്യൻ നാഷ്ണൽ ലോക്ദൾ പ്രസിഡന്റും മുൻ എംഎൽഎയുമായ നഫെ സിങ് റാത്തി വെടിയേറ്റ് മരിച്ചു. ഹരിയാനയിലെ ജജ്ജാർ ജില്ലയിലെ ബഹാദുർഗഡ് ടൗണിൽ വച്ചാണ് വെടിയേറ്റത്.

കാറിലെത്തിയ അക്രമികൾ മറ്റൊരു വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു നഫെ സിങ് റാത്തിക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ റാത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നു പൊലീസ് അറിയിച്ചു. സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിളിലിൽ യാത്ര ചെയ്യുന്നതിനിടെ വെടിയേറ്റാണ് മുൻ നിയമസഭാംഗം മരിച്ചതെന്ന് ഐഎൻഎൽഡി വക്താവ് രാകേഷ് സിഹാഗ് പറഞ്ഞു.

2023 ജനുവരിയിൽ മുൻ മന്ത്രി മംഗേ റാം നമ്പർദാറിന്റെ മകനും ബിജെപി നേതാവുമായ ജഗദീഷ് നമ്പർദാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹരിയാന പൊലീസ് നഫെ സിങ് റാത്തിക്കും മറ്റ് അഞ്ച് പേർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഐപിസി സെക്ഷൻ 306 ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തത്.