അഹമ്മദാബാദ്: രാജ്യത്തെ പ്രമുഖ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിയുടെ മകൻ ജീത് അദാനി വിവാഹിതനാകുന്നു. വജ്രവ്യാപാരി ജയ്മിൻഷായുടെ മകൾ ദിവ ജെയ്മിൻഷായുമായുള്ള വിവാഹനിശ്ചയം ഞായറാഴ്ച നടന്നു. ഗുജറാത്തിലെ അഹമ്മദാബാദിൽ ലളിതമായ ചടങ്ങാണ് നടന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബവും മാത്രമാണ് പങ്കെടുത്തത്.

ചടങ്ങിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ജീത്തും ദിവയും ഒന്നിച്ചുനിൽക്കുന്ന ഒരു ചിത്രം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. പരമ്പരാഗത വസ്ത്രമണിഞ്ഞാണ് ഇരുവരും നിൽക്കുന്നത്. കുർത്തയും ജാക്കറ്റുമണിഞ്ഞ് ജീത്തും ലഹങ്കയണിഞ്ഞ് ദിവയും നിൽക്കുന്നതാണ് ചിത്രം.

യു.എസിലെ പെൻസിൽവാനിയ യൂണിവേഴ്‌സിറ്റിയിൽനിന്ന് എൻജിനീയറിങ് ആൻഡ് അപ്ലൈഡ് സയൻസസ് പഠനം പൂർത്തിയാക്കിയ ജീത്, പിന്നീട് 2019-ൽ അദാനി ഗ്രൂപ്പിൽ ചേർന്നു. നിലവിൽ അദാനി ഫിനാൻസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റാണ് അദ്ദേഹം. അദാനി ഗ്രൂപ്പിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായാണ് ജീത് ആദ്യം ചുമതലയേറ്റത്.

അദാനി എയർപോർട്ട് ബിസിനസിന്റെയും അദാനി ഡിജിറ്റൽ ലാബുകളുടെയും മേൽനോട്ടച്ചുമതലയും ജീത് വഹിക്കുന്നുണ്ടെന്നാണ് അദാനി ഗ്രൂപ്പ് വെബ്‌സൈറ്റ് പറയുന്നത്. അദാനി ബിസിനസ് ഗ്രൂപ്പിന്റെ എല്ലാ ഉപഭോക്താക്കളെയും ലക്ഷ്യംവെച്ച് ഒരു ആപ്പ് നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് അദാനി ഡിജിറ്റൽ ലാബ്.

രണ്ട് ആൺമക്കളാണ് ഗൗതം അദാനിക്ക്. അദാനി പോർട്ട്സ് ആൻഡ് സെസ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ മകൻ കരൺ പരിധി ഷ്രോഫിനെയാണ് വിവാഹം കഴിച്ചത്. നിയമ സ്ഥാപനമായ സിറിൽ അമർചന്ദ് മംഗൾദാസിന്റെ മാനേജിങ് പാർട്ണറായ സിറിൽ ഷ്രോഫിന്റെ മകളാണ് പരിധി.

ഹിഡൻബർഗ് റിപ്പോർട്ടിനെത്തുടർന്നുണ്ടായ വിശ്വാസത്തകർച്ചയിൽനിന്ന് കരകയറാൻ അദാനി ഗ്രൂപ്പ് 21,720 കോടി രൂപ കടം തിരിച്ചടച്ചിരുന്നു. ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി പണയം വെച്ച വായ്പയെടുത്ത തുകയാണ് തിരിച്ചടച്ചത്. ഇതിനിടെയാണ് മകന്റെ വിവാഹനിശ്ചയം സംബന്ധിച്ച വാർത്തകൾ വരുന്നത്.