നെടുമ്പാശേരി: നെടുമ്പാശ്ശേരിയിൽ വീണ്ടും വൻ സ്വർണ്ണക്കടത്ത് പിടികൂടി. കാപ്‌സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചു കൊണ്ടുവന്ന 33 ലക്ഷം രൂപയുടെ സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടി. ദുബൈയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി അൻസാർ എന്ന യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. നാല് കാപ്‌സ്യൂളുകളുടെ രൂപത്തിലാക്കിയാണ് സ്വർണം ഒളിപ്പിച്ചത്. 902 ഗ്രാം സ്വർണം കണ്ടെടുത്തു.

കഴിഞ്ഞ ദിവസവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മലദ്വാരത്തിൽ ഒളിപ്പിച്ച 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. ദുബൈയിൽനിന്ന് എത്തിയ ആബിദ് എന്നയാളിൽനിന്നാണ് സ്വർണം പിടികൂടിയത്. സ്വർണം പേസ്റ്റാക്കി ഗുളികയുടെ രൂപത്തിൽ മലദ്വാരത്തിലൊളിപ്പിച്ചാണ് കൊണ്ടുവന്നത്. അഞ്ച് കാപ്‌സ്യൂളുകളാണ് ഉണ്ടായിരുന്നത്. സ്വർണകള്ളക്കടത്ത് തടയുന്നതിന്റെ ഭാഗമായി സ്ഥിരമായി യാത്ര ചെയ്യുന്നവരുടെ ദേഹപരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.