ഗുവഹത്തി:സഹപ്രവർത്തകരായ അദ്ധ്യാപകരുമായുണ്ടായ തർക്കത്തെ തുടർന്ന് സ്‌കൂളിൽ വടിവാൾ പ്രകടനവുമായി പ്രഥമാധ്യാപകൻ.അദ്ധ്യാപകരെ ഭീഷണിപ്പെടുത്തുന്നതിനായി സ്‌കൂൾ വരാന്തയിൽ വടിവാളുമായി ഉലാത്തിയായിരുന്നു രാധാമാധവ് ബുനിയാധി സ്‌കൂളിലെ പ്രധാനാധ്യാപകനായ ദ്രിതിമേധ ദാസിന്റെ വിരട്ടൽ.അസമിലെ കച്ചാർ ജില്ലയിലുണ്ടായ സംഭവം സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്.ഇതിന് പിന്നാലെ അദ്ധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് പൊലീസ് അടക്കം ആവശ്യപ്പെട്ടിരുന്നു.

വിവാദമായതോടെ അദ്ധ്യാപകനെതിരെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തു.എൽപി സ്‌കൂൾ പ്രധാനാധ്യാപകനായ ദാസിനെ വടിവാൾ പ്രകടനം നടത്തിയതിന്റെ പേരിൽ വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു.സിൽച്ചറിലെ താരാപൂർ മേഖലയിലാണ് ദാസ് താമസിക്കുന്നത്. കഴിഞ്ഞ 11 വർഷമായി രാധാമാധവ് ബുനിയാധി സ്‌കൂളിലാണ് ദാസ് ജോലി ചെയ്യുന്നത്.

ശനിയാഴ്ചയാണ് അദ്ധ്യാപകൻ വടിവാളുമായി സ്‌കൂളിലെത്തിയത്.സഹ അദ്ധ്യാപകരുമായി നിലനിന്നിരുന്ന തർക്കത്തെ തുടർന്ന് ദാസ് ക്ഷുഭിതനായിരുന്നുവെന്നും ഇവരെ ഭയപ്പെടുത്താനായി വടിവാൾ കൊണ്ടുവന്നുവെന്നുമാണ് ഇയാൾ പൊലീസിന് നൽകിയ വിശദീകരണം.അതേ സമയം സഹ അദ്ധ്യാപകരാരും തന്നെ ഇതുവരെ ദാസിനെതിരെ പരാതി നൽകിയിട്ടില്ല.