ന്യൂഡൽഹി: രാജ്യത്ത് ഐക്യം നിലനിർത്തുന്നതിൽ ഹിന്ദി ഭാഷ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹിന്ദി എല്ലാ ഇന്ത്യൻ ഭാഷകളുടെയും സുഹൃത്താണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ബുധനാഴ്ച 'ഹിന്ദി ദിവസ്' ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ ട്വീറ്റ്.

'ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദി രാജ്യത്തെ ഐക്യത്തിന്റെ ഇഴയിൽ ബന്ധിപ്പിക്കുന്നു. ഹിന്ദി എല്ലാ ഇന്ത്യൻ ഭാഷകളുടെയും സുഹൃത്താണ്. ഹിന്ദി ഉൾപ്പെടെ എല്ലാ പ്രാദേശിക ഭാഷകളുടെയും വികസനത്തിന് മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഹിന്ദിയുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനും സംഭാവന നൽകിയ മഹത് വ്യക്തികളെ അഭിവാദ്യം ചെയ്യുന്നു' - അമിത് ഷാ ട്വീറ്റ് ചെയ്തു.

എല്ലാ ഇന്ത്യൻ ഭാഷകൾക്കും തനതായ ചരിത്രമുണ്ടെങ്കിലും ഹിന്ദിക്ക് പ്രത്യേക സ്ഥാനമുണ്ടെന്നും അമിത് ഷാ മറ്റൊരു പ്രസംഗത്തിൽ പറഞ്ഞു. സ്വാതന്ത്ര്യ സമര കാലത്ത് മഹാത്മാഗാന്ധി, സർദാർ പട്ടേൽ, വിനോബ ഭാവെ, ജവഹർലാൽ നെഹ്റു എന്നിവരുൾപ്പെടെ നിരവധി സ്വാതന്ത്ര്യ സമരസേനാനികൾ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര വേഗത്തിലാക്കുന്നതിൽ ഹിന്ദിയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞിരുന്നു എന്നതാണ് ഇതിനുകാരണമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

1949 സെപ്റ്റംബർ 14-നാണ് ഭരണഘടനാ സമിതി ദേവനാഗരി ലിപിയിൽ എഴുതിയ ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചത്. ഈ ദിവസത്തിന്റെ ഓർമക്കായി സെപ്റ്റംബർ 14 ന് ഹിന്ദി ദിവസായി പ്രഖ്യാപിക്കുകയായിരുന്നു.