ന്യൂഡൽഹി: പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള 6 ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലളിതമാക്കുന്നു.

ഈ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ബുദ്ധ, ജെയ്ൻ, പാർസി മതക്കാർ പൗരത്വത്തിനായി നൽകുന്ന ഓൺലൈൻ അപേക്ഷയിൽ കാലാവധി തീർന്ന പാസ്‌പോർട്ട്, വീസ എന്നിവ തിരിച്ചറിയൽ രേഖയായി സമർപ്പിക്കാമെന്ന് മന്ത്രാലയം അറിയിച്ചു.

പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് നാടുകടത്തപ്പെട്ട് 2014 ഡിസംബർ 31നു മുൻപ് പ്രവേശിച്ച 6 മതവിഭാഗത്തിൽപെട്ടവർക്ക് നിയമാനുസൃതമായി ഇന്ത്യയിൽ താമസിക്കാൻ അനുമതി നൽകി 2015 ലാണു പൗരത്വ നിയമം കേന്ദ്രം ഭേദഗതി ചെയ്തത്.

ഇതിൽ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ് മതാംഗങ്ങളെ മാത്രമാണു കാലാവധി തീർന്ന രേഖകൾ സമർപ്പിക്കാൻ ഇതുവരെ അനുവദിച്ചിരുന്നത്. ഇളവ് നൽകുന്നതോടെ, 3 രാജ്യങ്ങളിൽ നിന്നുള്ള 6 മതവിഭാഗങ്ങളിൽ പെട്ടവർക്കും കാലാവധി തീർന്ന രേഖകൾ നൽകാം. ഇതിനായി ഓൺലൈൻ അപേക്ഷാ നടപടിക്രമങ്ങളിൽ മാറ്റം വരുത്തുമെന്ന് മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.