ന്യൂഡൽഹി: ലിബിയയിൽ ആയുധധാരികൾ ബന്ദികളാക്കിയ 17 യുവാക്കൾ നാട്ടിൽ തിരിച്ചെത്തി. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് മാസങ്ങളായി ലിബിയയിലെ സവാറ സിറ്റിയിൽ ബന്ദികളാക്കപ്പെട്ടിരുന്നത്. ഇവരെ ഞായറാഴ്ച അവിടെ നിന്നും മോചിപ്പിക്കുകയും വൈകുന്നേരത്തോടെ ഡൽഹിയിലെത്തിക്കുകയും ചെയ്തു.

മെയ്‌ 26നാണ് ബന്ദികളാക്കപ്പെട്ടവരുടെ കുടുംബം ടുണീസിലെ ഇന്ത്യൻ എംബസിയിൽ വിഷയം അറിയിച്ചത്. അന്നു മുതൽ എംബസി ഇവരുടെ കുടുംബങ്ങളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇറ്റലിയിൽ ജോലി വാഗ്ദാനം ചെയ്താണ് യുവാക്കളെ ട്രാവൽ ഏജന്റുമാർ കൊണ്ടുപോയത്. 13 ലക്ഷം രൂപ വീതം ഈടാക്കിയായിരുന്നു ആളുകളെ കൊണ്ടുപോയത്.

എന്നാൽ ഇവരെ ലിബിയയിലേക്ക് അയക്കുകയും അവിടെ മാഫിയ ബന്ദികളാക്കുകയായിരുന്നുവെന്ന് എംബസി ട്വിറ്ററിനോട് വ്യക്തമാക്കി. ഈ വർഷം ഫെബ്രുവരി മുതൽ സംഘം ലിബിയയിൽ തടവിലായിരുന്നു. ഇന്നലെ രാത്രി 8.30ന് ഗൾഫ് എയർ വിമാനത്തിൽ ഇവർ ഡൽഹിയിലെത്തിയെന്നും എംബസി അറിയിച്ചു.

ഇവരുടെ മോചനത്തിനായി പഞ്ചാബ്, ഹരിയാന മുഖ്യമന്ത്രിമാരും എഎപി രാജ്യസഭാംഗം വിക്രംജിത് സിങ് സാഹ്നിയും നിർണായകമായ പങ്ക് വഹിച്ചിരുന്നു.