കൊൽക്കത്ത: രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങൾ വെല്ലുവിളികൾ നേരിടുകയാണെന്ന് ആശങ്ക പ്രകടിപ്പിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.ജനാധിപത്യ സ്ഥാപനങ്ങളെ അടിച്ചമർത്തുന്ന പ്രവണതകളാണ് ഇന്ന് നടക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് കൂടി സന്നിഹിതനായ ചടങ്ങിൽ വെച്ച് മമത പറഞ്ഞു.രാജ്യത്തെ ജനങ്ങൾക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല.അതിനാൽ തന്നെ ജനാധിപത്യത്തെ സംരക്ഷിക്കാൻ ചീഫ് ജസ്റ്റിസ് ഇടപെടണമെന്നും മമത ആവശ്യപ്പെട്ടു.നിലവിലെ പ്രവണത തുടർന്നാൽ രാജ്യം രാഷ്ട്രപതി ഭരണത്തിന് സമാനമായ അവസ്ഥയിലേക്ക് പോകുമെന്നും ജുറിഡിക്കൽ സയൻസസ് സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കവേ മമത പറഞ്ഞു.

ജനാധിപത്യ അവകാശങ്ങളെ സമൂഹത്തിലെ ചില വിഭാഗങ്ങൾ പിടിച്ചെടുക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്.ഇപ്പോൾ എവിടെയാണ് ജനാധിപത്യം നിലനിൽക്കുന്നതെന്നും അവർ ചോദിച്ചു.മാധ്യമങ്ങൾ കാട്ടുന്ന പക്ഷപാതത്തെയും മമത നിശിതമായി വിമർശിച്ചു.മാധ്യമങ്ങൾക്ക് ആരെയും അധിക്ഷേപിക്കാനും കുറ്റവാളിയാക്കാനുമുള്ള അവകാശമുണ്ടോയെന്ന് മമത ചോദിച്ചു.ഒരാളുടെ സൽപേരിന് ഒരു തവണ കളങ്കമുണ്ടായാൽ അത് ഒരിക്കലും തിരികെ ലഭിക്കില്ലെന്നും മാധ്യമങ്ങളെ വിമർശിച്ചുകൊണ്ട് മമത കൂട്ടിച്ചേർത്തു.

തന്റെ പ്രസംഗത്തിലൂടെ ജസ്റ്റിസിനെ അഭിനന്ദിക്കാനും ബംഗാൾ മുഖ്യമന്ത്രി മറന്നില്ല.നീതിന്യായ സംവിധാനത്തിന് എന്ത് ചെയ്യാനാവുമെന്ന് രണ്ട് മാസത്തെ കാലയളവിനിടയിൽ ജസ്റ്റിസ് യു.യു ലളിത് കാട്ടിത്തന്നെന്നും അദ്ദേഹത്തെ പുകഴ്‌ത്തിക്കൊണ്ട് മമത വ്യക്തമാക്കി.