ഭോപ്പാൽ: ലോകത്തെ ഒന്നാകെ പിടിച്ചുലച്ച കോവിഡ് വ്യാപനത്തിന്റെ ഭീതി ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. വീണ്ടും കോവിഡ് തംരഗത്തിന്റെ ആശങ്കൾ ഉയർന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. കോവിഡ് ബാധിച്ച് അനേകം പേർക്കാണ് ഇതിനോടകം ജീവൻ നഷ്ടമായത്.

എന്നാൽ, രണ്ട് വർഷം മുമ്പ് കോവിഡ് രണ്ടാം തരംഗത്തിൽ മരിച്ചു പോയി എന്ന് അധികൃതർ വിധിയെഴുതിയ ഒരാൾ ഇപ്പോൾ ജീവനോടെ വീട്ടിൽ തിരികെ എത്തിയ സംഭവമാണ് നാട്ടുകാരെയും ബന്ധുക്കളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുന്നത്. മധ്യപ്രദേശിലാണ് സംഭവം.

മുപ്പതുകാരനായ യുവാവാണ് ഇപ്പോൾ ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നും സ്വന്തം നാടായ മധ്യ പ്രദേശിലെ ധറിൽ തിരികെ എത്തിയിരിക്കുന്നത്. കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ് 30 -കാരനായ കംലേഷ് മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ, മരിച്ചു എന്ന് അറിയിച്ചു എങ്കിലും കംലേഷിന്റെ മൃതദേഹം അന്ത്യകർമ്മങ്ങൾ നടത്താൻ വേണ്ടി വീട്ടുകാർക്ക് വിട്ടു കൊടുത്തിരുന്നില്ല.

ഇന്ത്യ ടുഡേയിലെ റിപ്പോർട്ട് അനുസരിച്ച് മുനിസിപ്പൽ അധികൃതർ കംലേഷിന്റെ മൃതദേഹം സംസ്‌കരിച്ചതായി അയാളുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. അതോടെ കംലേഷ് മരിച്ചതായി വീട്ടുകാരും കരുതി. എന്നാൽ, ഇപ്പോൾ രണ്ട് വർഷങ്ങൾക്ക് ശേഷം ഒരു മുന്നറിയിപ്പുമില്ലാതെ മരിച്ചു എന്ന് കരുതിയ കംലേഷ് അപ്രതീക്ഷിതമായി വീട്ടിലെത്തിയത് വീട്ടുകാരേയും നാട്ടുകാരേയും ആകെത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ, അതിനേക്കാൾ അവരെ ഞെട്ടിച്ചത് കംലേഷ് പറഞ്ഞ കാര്യങ്ങളാണ്.

ഇത്രയും കാലം എവിടെ ആയിരുന്നു എന്ന വീട്ടുകാരുടെ ചോദ്യത്തിന് കംലേഷിന്റെ മറുപടി താൻ അഹമ്മദാബാദിലെ ഒരു ഗാങ്ങിന്റെ പിടിയിലായിരുന്നു. എല്ലാ ദിവസവും അവർ തനിക്ക് മയക്കുമരുന്ന് തരുമായിരുന്നു എന്നുമാണ്. ഇങ്ങനെ ഒക്കെ ആണെങ്കിലും കംലേഷ് ജീവനോടെ തിരികെ വന്നതിൽ വീട്ടുകാർ സമാധാനത്തിലാണ്.

എന്നാൽ, ശരിക്കും യുവാവിന്റെ കാര്യത്തിൽ സംഭവിച്ചത് എന്താണ് എന്നത് ഇതുവരെയും വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. യുവാവ് മരിച്ചെന്ന് വിധിയെഴുതിയ അധികൃതർക്കും സംഭവം പൊല്ലാപ്പായി മാറിയിട്ടുണ്ട്.