ബെംഗളൂരു: കർണാടകയിൽ മിക്സി പൊതിഞ്ഞ് സൂക്ഷിച്ച പാഴ്സൽ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരുക്ക്. ഹാസൻ ജില്ലയിലെ കൊറിയർ ഷോപ്പിനുള്ളിലാണ് അപകടം ഉണ്ടായത്. ഡിടിഡിസി കൊറിയർ ഷോപ്പ് ഉടമ ശശിക്കാണ് സംഭവത്തിൽ പരുക്കേറ്റത്. പാഴ്‌സൽ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ശശിയുടെ കൈക്കാണ് ഗുരുതരമായി പരുക്കേറ്റതെന്ന് പൊലീസ് അറിയിച്ചു.

ശശിക്ക് മിക്‌സിയുടെ ബ്ലേഡ് കൊണ്ട് കൈയിലും വയറിലും നെഞ്ചിലും പരുക്കേറ്റതായി പൊലീസ് പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. പാഴ്സൽ അയച്ചയാളുടെ വിലാസവും വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊറിയർ ഷോപ്പിൽ ഷോർട്ട് സർക്യൂട്ട് സംഭവിച്ചോ എന്നതിനെക്കുറിച്ചും അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

'സ്ഫോടന വസ്തുക്കളൊന്നും തന്നെ കടയിൽ നിന്ന് കണ്ടെത്തിയിട്ടില്ല. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഗ്ലാസ് കൊണ്ട് നിർമ്മിച്ച കടയുടെ വാതിൽ തകർന്നു. ഞങ്ങൾ അപകട സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. മിക്സി പൊട്ടിത്തെറിക്കാനുള്ള കാരണം, എങ്ങനെയാണ് പൊട്ടിത്തെറിച്ചത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ട്', ഹാസൻ പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ പറഞ്ഞു. മൈസൂരിൽ നിന്നുള്ള ഫോറൻസിക് സയൻസ് ലബോറട്ടറി സംഘം തെളിവെടുപ്പിനായി സ്ഥലത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.