ഗുരുഗ്രാം: ഹരിയാനയിൽ യുവതിയെ കബളിപ്പിച്ച് ഏഴു ലക്ഷം രൂപ തട്ടിയെടുത്തു. മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഫോൺ വിളിച്ചാണ് തട്ടിപ്പ് നടത്തിയത്. വിവിധ വകുപ്പുകൾ അനുസരിച്ച് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് പറയുന്നു. ഗുരുഗ്രാമിലാണ് സംഭവം.പ്രാചി ധോക്കെയാണ് തട്ടിപ്പിന് ഇരയായത്. കുറിയർ കമ്പനി ജീവനക്കാരൻ എന്ന നിലയിലാണ് തട്ടിപ്പുകാരൻ ആദ്യം വിളിച്ചതെന്ന് പ്രാചി ധോക്കെയുടെ പരാതിയിൽ പറയുന്നു. തന്റെ പേരിലുള്ള രാജ്യാന്തര പാർസൽ നിരസിച്ചതായി അറിയിച്ച് കൊണ്ടായിരുന്നു കോൾ.

പാർസലിൽ മയക്കുമരുന്ന് അടങ്ങിയിരുന്നതായി ജീവനക്കാരൻ പറഞ്ഞു. ഇതിന് പുറമേ രണ്ടു പാസ്പോർട്ടുകൾ, അഞ്ചു എടിഎം കാർഡുകൾ, ലാപ്പ്ടോപ്പ് എന്നിവയാണ് പാർസലിൽ ഉണ്ടായിരുന്നതെന്നും ജീവനക്കാരൻ പറഞ്ഞതായി യുവതിയുടെ പരാതിയിൽ പറയുന്നു. എന്നാൽ തന്റെ പേരിൽ ആരും പാർസൽ അയച്ചിട്ടില്ല എന്ന് യുവതി മറുപടി നൽകി. എന്നാൽ പ്രാചിയുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്തതായും പൊലീസിൽ പരാതി നൽകാനും ജീവനക്കാരൻ പറഞ്ഞതായി പൊലീസ് പറയുന്നു.

ഇതിന് പിന്നാൽ ജീവനക്കാരൻ ഫോൺ മറ്റൊരാൾക്ക് നൽകി. മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് സംസാരിച്ച് തുടങ്ങിയത്. യുവതിയുടെ തിരിച്ചറിയൽ രേഖ ദുരുപയോഗം ചെയ്ത് രാജ്യാന്തര കള്ളക്കടത്തിനും കള്ളപ്പണം വെളുപ്പിക്കാനും ഉപയോഗിച്ചതായി മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ചയാൾ പറഞ്ഞതായും യുവതിയുടെ പരാതിയിൽ പറയുന്നു.

കേസിൽ താൻ ഉൾപ്പെട്ടിട്ടില്ലെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകാമെന്ന് അവർ വാഗ്ദാനം നൽകി. ആർബിഐയുമായി ചേർന്ന് അന്വേഷണം നടക്കുന്നു എന്ന വ്യാജേന തട്ടിപ്പുകാരൻ ആദ്യം ഒരു ലക്ഷത്തോളം രൂപ ആവശ്യപ്പെട്ടു. വിവിധ തവണകളായി ഏകദേശം ഏഴുലക്ഷം രൂപ ഇത്തരത്തിൽ തട്ടിയെടുത്തതായാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. അന്വേഷണത്തിനും സെക്യൂരിറ്റി ഡെപ്പോസിറ്റിനും എന്ന പേരിലാണ് പണം ആവശ്യപ്പെട്ടതെന്നും പൊലീസ് പറയുന്നു.